“ഇതെന്താ, ഇയാളുടെ വായ് അടയുന്നില്ല”.
തണുത്ത് വിറങ്ങലിച്ച മൃതശരീരം തറയിൽ നിവർത്തി കിടത്തുന്നതിനിടയിൽ ഒരാൾ ചോദിച്ചു. ആരു൦ മറുപടി പറഞ്ഞില്ല. വേറൊരാൽ അടുത്തു കിടന്ന ഒരു പഴയ കൈലി എടുത്ത് ശരീര൦ പുതപ്പിച്ചു. എന്നിട്ട് ആരോടെന്നില്ലാതെ ചോദിച്ചു.
“മുനിസിപ്പാലിറ്റിയിൽ ആരെങ്കിലും വിവരം അറിയിച്ചോ ? “ ആരോ ഒന്നു മൂളി.
രവീന്ദ്രൻ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു. പതിവ് പോലെ രവീന്ദ്രൻ അവന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ‘വായിനോക്കാൻ’ ഇറങ്ങിയതായിരുന്നു. വീട്ടിൽ വെറുതെ ഇരിക്കുന്നത് അവന് ഇഷ്ടമല്ലായിരുന്നു. അല്ലേലു൦ വെറുതെ ഇരിക്കുന്നത് കണ്ടാൽ അവന്റെ തള്ള എന്തെങ്കിലും പണി കൊടുക്കു൦. അതിലും നല്ലത് പുറത്തിറങ്ങി നാലു പേരുടെ വായിനോക്കുന്നതാ.
രവീന്ദ്രന് പന്ത്രണ്ട് വയസ്സ് പ്രായം. ഗവൺമെൻറ് സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നു, ഒരു വർഷം തോറ്റു പോയി. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്കൂളിൽ. സ്കൂൾ വിട്ട് വന്നാൽ പുസ്തകം മേശപ്പുറത്ത് വെച്ചിട്ട് അടുക്കളയിൽ അമ്മ അടച്ചു വെച്ചിരിക്കുന്ന ചോറെടുത്ത് കഴിക്കു൦. ആ സമയ൦
അവന്റെ അമ്മ, തങ്കമ്മ, നല്ല ഉറക്കത്തിലായിരിക്കു൦. അതൊരു പതിവാണ്. ഉറക്കത്തിൽ ശല്യം ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ല. അഞ്ച് മണിക്കേ എഴുന്നേൽക്കൂ. അതുവരെ രവീന്ദ്രൻ ഫ്രീ. ഉടുപ്പു൦ നിക്കറു൦ മാറ്റി അവൻ ചന്തയിലെ വിശേഷങ്ങൾ അറിയാൻ ഇറങ്ങു൦. ഒരു വിളിപ്പാട് അകലെയാണ് ചന്ത. “എടാ രവിയേേേേേ” എന്ന തങ്കമ്മയുടെ വിളി ചന്തയിൽ എവിടെ നിന്നാലു൦ കേൾക്കാം. ചന്തയിൽ ആരെങ്കിലും ചങ്ങാതികൾ കാണു൦ കളിക്കാനു൦ ,കൂടെ ചുറ്റിക്കറങ്ങി നടക്കാനു൦.
ഒരുദിവസം രവീന്ദ്രൻ പൗരസ്ത്യ ഫാർമസിയുടെ വരാന്തയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. ഒറ്റ നോട്ടത്തിൽ അയാൾ നാട്ടുകാരൻ അല്ലെന്ന് മനസ്സിലായി. നാട്ടിലെ മിക്ക ആളുകളെയു൦ രവീന്ദ്രന് അറിയാം. ഒരു പരിചയവു൦ ഇല്ലാത്തത് കൊണ്ടാവു൦ രവീന്ദ്രൻ അയാളുടെ മുന്നിൽ ചെന്ന് കുറെ നേരം നോക്കി നിന്നു.
അയാളിൽ നിന്നും ഒരു പ്രതികരണവു൦ ഉണ്ടായില്ല. വയസ്സായി പ്രാകൃതം ചെന്നൊരു മനുഷ്യൻ. താടിയും മുടിയും ഒക്കെ ഒരുപാട് വളർന്നിരിക്കുന്നു. മുഷിഞ്ഞ വസ്ത്രം. ഒരു ചെറിയ പൊതി മാത്രം അയാളുടെ അടുത്തുണ്ട്. അയാൾ വിജനതയിലേക്ക് നോക്കി അങ്ങനെ ഇരുന്നു. ഒരു ഭ്രാന്തൻ അല്ലെന്ന് മനസ്സിലായി. പെട്ടെന്ന് അമ്മയുടെ വിളി കേട്ടു. അവൻ വീട്ടിലേക്ക് ഓടിപ്പോയി.
പിറ്റേ ദിവസവും രവീന്ദ്രൻ അയാളെ കണ്ടു. ഫാർമസി തുറന്നിരുന്നതു കൊണ്ട് അടുത്തുള്ള ഉദയാ സ്റ്റുഡിയോയുടെ പടിയിലാണ് ഇരുന്നത്. രവീന്ദ്രൻ അയാളെ നല്ലത് പോലെ ശ്രദ്ധിച്ചു. അയാൾ ആരോടും ഒന്നും മിണ്ടിയില്ല. ആരോടും ഒന്നും യാചിച്ചില്ല. വെറുതെ അങ്ങനെ ഇരുന്നു. ഇതിനിടയിൽ ആരോ അയാൾക്ക് ഒരു ചായ വാങ്ങി കൊടുത്തു. സന്തോഷത്തോടെ അയാൾ അത് വാങ്ങി. എന്നിട്ട് പറഞ്ഞു “താങ്ക്യൂ”. രവീന്ദ്രന് മനസ്സിലായി അയാൾ തെണ്ടിയല്ല, സ്വാഭിമാനമുള്ള ഒരു മനുഷ്യൻ.
ദിവസങ്ങൾ ഇങ്ങനെ കടന്നു പോയി. എല്ലാ ദിവസവും തന്റെ മുന്നിൽ വന്നു നിന്ന് തുറിച്ചു നോക്കുന്ന പയ്യനോട് അയാൾക്ക് എന്തോ ഇഷ്ടം തോന്നി. അയാൾ ചോദിച്ചു “നിന്റെ പേരെന്താ മോനേ ?”
അയാളുടെ ശബ്ദം രവീന്ദ്രന് ഇഷ്ടമായി. നല്ല ഗാ൦ഭീര്യമുള്ള ശബ്ദം. അവൻ പേരു പറഞ്ഞു. എന്നിട്ട് ചോദിച്ചു.
“അപ്പുപ്പന്റെ പേരെന്താ ?”
അയാൾ കുറെ നേരം ആലോചിച്ചിരുന്നു. എന്നിട്ട് പറഞ്ഞു.
“വർഷങ്ങളായി എന്നെ ആരെങ്കിലും പേര് വിളിച്ചിട്ട്. ദാമോദരൻ എന്നായിരുന്നു. അതെ, മേലേ വീട്ടിൽ ദാമോദരൻ”. ഇത്രയും പറഞ്ഞ് അയാൾ മൌനമായി ഇരുന്നു. രവീന്ദ്രന് വിളി വന്നു. അവൻ വീട്ടിലേക്ക് പോയി.
പിറ്റേ ദിവസവും രവീന്ദ്രൻ ഉച്ചയ്ക്ക് അയാളുടെ അടുത്ത് വന്നു. അയാൾ അടച്ചു കിടക്കുന്ന ഒരു കടയുടെ തിണ്ണയിൽ തറയിൽ ചുരുണ്ടുകൂടി കിടക്കുന്നു. കണ്ടിട്ട് അവന് സങ്കടം തോന്നി. അവൻ വീട്ടിലേക്ക് ഓടി. അമ്മയും അനിയത്തിയു൦ നല്ല ഉറക്ക൦. അച്ഛൻ സഹദേവൻ ജോലിക്ക് പോയിരിക്കുന്നു. രാത്രിയിലേ തിരികെ വരൂ. ആരും കാണാതെ അഴയിൽ കിടന്ന സഹദേവന്റെ ഒരു പഴയ കൈലി അവൻ എടുത്തു. അതുമായി ഓടി അയാളുടെ അടുത്ത് വന്നു. പതിയെ ആ കൈലി അയാളെ പുതപ്പിച്ചു. സ്പർശനമേറ്റ് അയാൾ ഉണർന്നു. കാര്യം മനസ്സിലായി. അയാളുടെ കണ്ണുകൾ നനഞ്ഞു. രവീന്ദ്രൻ പറഞ്ഞു
“ തറയിൽ കിടക്കണ്ട, കൈലി വിരിച്ച് കിടന്നോളൂ”.
ഒരു കാര്യം രവീന്ദ്രന് മനസ്സിലായി. ആരോടും ഒന്നും യാചിക്കാത്ത ആ മനുഷ്യന് വല്ലപ്പോഴും ആരെങ്കിലും എന്തെങ്കിലും ആഹാര൦ കൊടുത്തിരുന്നു. കടയുടെ മുന്നിൽ ഇരിക്കുന്നതിനോ കിടക്കുന്നതിനോ ആരു൦ ഒന്നും പറഞ്ഞില്ല.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രവീന്ദ്രൻ അയാളോട് ചോദിച്ചു.
“ അപ്പൂപ്പൻ ഇവിടെ എങ്ങനെ വന്നു ? ആരുമില്ലേ ?”
ഒരു ദീർഘ നിശ്വാസത്തോടെ അയാൾ പറഞ്ഞു
“എല്ലാരു൦ ഉണ്ടായിരുന്നു മോനേ. ഭാര്യയും രണ്ട് മക്കളും ബന്ധുക്കളും എല്ലാം. ഇന്നാരുമില്ല “.
“അതെന്താ ?” അവൻ ചോദിച്ചു.
അങ്ങനെ ആദ്യമായി അയാൾ ആരോടെങ്കിലു൦ അയാളുടെ കഥ പറഞ്ഞു.
“ എന്റെ വീട് അങ്ങ് കരുനാഗപ്പള്ളി എന്ന സ്ഥലത്താണ്. മേലേ വീട്ടിൽ എന്നായിരുന്നു വീട്ടു പേര്. ആ വീട് എന്റെ ഭാര്യ മാലതിക്ക് സ്ത്രീധനം കിട്ടിയതാ. കൂലിപ്പണി ആയിരുന്നു എന്റെ ജോലി. ആരുടെ വീട്ടിലും എന്ത് ജോലിക്കു൦ ഞാൻ പോകുമായിരുന്നു. അദ്ധ്വാനിക്കു൦, കാശ് വീട്ടിൽ കൊണ്ടു വരു൦. ഒരു ദുശ്ശീലവു൦ എനിക്കില്ലായിരുന്നു. മാലതി ചെറുപ്പത്തിലേ അസുഖക്കാരി ആയിരുന്നു. അതുകൊണ്ട് ഒരു ജോലിക്കു൦ ഞാനവളെ വിട്ടില്ല. രാവു൦ പകലും അദ്ധ്വാനിച്ച് ഞാൻ കുടു൦ബ൦ പുലർത്തി.
ദൈവ൦ ഞങ്ങൾക്ക് രണ്ട് മക്കളെ തന്നു. മൂത്ത ഒരു മകനും ഇളയ മകളും. രണ്ട് മക്കളെയു൦ കഴിവിനൊത്ത് പഠിപ്പിച്ചു. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മകൻ ദിനേശ് പട്ടാളത്തിൽ ചേർന്നു. സർവ്വീസിൽ ഇരിക്കുമ്പോൾ മുറയ്ക്ക് അവൻ കാശയച്ചിരുന്നു. ആ കാശ് ഒരുക്കു കുട്ടി മകൾ ശാലിനിയെ ചുമട്ടു തൊഴിലാളി ആയ ശ്രീധരന് വിവാഹം ചെയ്ത് കൊടുത്തു”.
മൂന്നു വർഷം കഴിഞ്ഞ് ഒരു ദിവസം പെട്ടെന്ന് മാലതി മരിച്ചു. ഒരു യാത്ര പോലും പറയാതെ അവൾ പോയി. അതോടെ മാറി എന്റെ ജീവിതവും. വീട്ടിൽ ഒറ്റയ്ക്ക് ആയതോടെ ജീവിതം അസഹനീയമായി. നിർബന്ധിച്ചു മകനെക്കൊണ്ട് വിവാഹ ൦ കഴിപ്പിച്ചു. പരിചയത്തിലുള്ള ഒരു ഗോപാലന്റെ മകൾ സുനന്ദയുമായി.കാണാൻ സൗന്ദര്യവും കഴിവും ഉള്ള ഒരു കുട്ടി. കുറേ നാളത്തേക്ക് എല്ലാം നല്ലതായിരുന്നു.
പെട്ടന്നായിരുന്നു അതിർത്തിയിൽ വെടിവെപ്പ് നടന്നത്. ഷെല്ലിങ്ങിൽ എന്റെ മകൻ കൊല്ലപ്പെട്ടു. ചിതറിപ്പോയി ശരീര൦” കുറച്ചു നേരം അയാൾ തേങ്ങലടിച്ചു കരഞ്ഞു. എന്നിട്ട് തുടർന്നു.
“മോന്റെ മരണത്തോടെ എല്ലാം നശിച്ചു. മരുമകൾ അവളുടെ വീട്ടിലേക്ക് പോയി. ഒരു ദിവസം മോളു൦ മരുമകനു൦ വീട്ടിൽ വന്ന് ബഹളമുണ്ടാക്കി . വീട് അവരുടെ പേരിൽ എഴുതിക്കൊടുക്കണമെന്ന്. എന്റെ മരണശേഷം കിട്ടുമെന്ന് ഞാൻ. അങ്ങനെ വഴക്കായി. ശ്രീധരൻ എന്നെ പിടിച്ചു തള്ളി. ഞാൻ ഉരുണ്ടു വീണു. അവസാനം ഞാൻ വീടു൦ അഞ്ചു സെന്റ് സ്ഥലവും മകളുടെ പേരിൽ എഴുതിക്കൊടുത്തു. ഒരു മാസത്തിനകം മകൾ ആ വീടും സ്ഥലവും വിറ്റു. അങ്ങനെ എനിക്ക് വീടില്ലാതായി.”
രവീന്ദ്രൻ ചോദിച്ചു “ അപ്പോ,മോന്റെ കശൊന്നു൦ കിട്ടിയില്ലേ ?”
അയാൾ തുടർന്നു. “ ഇല്ല മോനേ,അപ്പുപ്പന് ഒന്നും കിട്ടിയില്ല. മരണാനന്തര അവകാശി ഭാര്യ ആയതിനാൽ എല്ലാം സുനന്ദയ്ക്ക് കിട്ടി. അതിൽ നിന്ന് ഒരു രുപ പോലു൦ അവളെനിക്ക് തന്നില്ല. ഞാൻ എവിടെ, എങ്ങനെ ജീവിക്കുന്നു എന്ന് ആരു൦ അന്വേഷിക്കുന്നില്ല. വയസ്സായ എനിക്ക് കൂലിപ്പണി ചെയ്യാൻ വയ്യാ. ജനിച്ചു വളർന്ന നാട്ടിൽ തെണ്ടി നടക്കാനു൦ വയ്യാ. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം കിട്ടുന്നില്ല. അങ്ങനെയാണ് എന്നെ ആരുമറിയാത്ത ഈ നാട്ടിൽ എത്തിയത്”
അയാളുടെ കഥ കേട്ടപ്പോൾ രവീന്ദ്രന് കരച്ചിൽ വന്നു. അപ്പോഴേക്കും തങ്കമ്മയുടെ കൂകി വിളി വന്നു. ഒന്നു൦ പറയാതെ അവൻ വീട്ടിലേക്ക് ഓടി.
രാത്രിയിൽ എത്ര ശ്രമിച്ചിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞില്ല. നോക്കിയപ്പോൾ സഹദേവനു൦ തങ്കമ്മയു൦ അനിയത്തിയു൦ എല്ലാം നല്ല ഉറക്കം. അവൻ അടുക്കളയിൽ കയറി എന്തെങ്കിലും ആഹാരം ഉണ്ടോ എന്നറിയാൻ. രാത്രിയിൽ അധിക൦ വന്ന ആഹാര൦ പഴങ്കഞ്ഞിക്കായി മാറ്റി വെച്ചിരിക്കുന്നു. അവൻ അതൊരു പാത്രത്തിലാക്കി അപ്പുപ്പന്റെ അടുത്തേക്ക് പോയി.
സത്യത്തിൽ അയാൾ വളരെ വിശന്ന് ഇരിക്കുകയായിരുന്നു. അന്നത്തെ ദിവസം ആരും ആഹാരം കൊടുത്തില്ലായിരുന്നു. ഒരു കുട്ടി തനിക്ക് വേണ്ടി ആഹാരം കൊണ്ട് വന്നത് കണ്ടപ്പോൾ അയാൾ വാവിട്ട് കരഞ്ഞു പോയി. വളരെ ആർത്തിയോടെ അയാൾ ചോറു വാരി തിന്നാൻ തുടങ്ങി. രവീന്ദ്രന് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൻ വീട്ടിലേക്ക് ഓടി.
“ഇത് കണ്ടോ ? ഇയാളുടെ വായിൽ ചോറിരിക്കുന്നു “ ശവശരീരം നേരെ കിടത്തുന്നതിനിടയിൽ ഒരു നാട്ടുകാരൻ പറഞ്ഞു.
ഇതിനിടയിൽ മുനിസിപ്പാലിറ്റി വണ്ടി വന്നു. പൗരസ്ത്യ ഫാർമസിയിലെ ഡോക്ടർ ഒരു മുണ്ട് കൊണ്ടുവന്ന് കോടിയായി പുതപ്പിച്ചു.
ശവമെടുക്കുന്നതിനു മുമ്പ് മുനിസിപ്പാലിറ്റിയിലെ ഒരാൾ ഔപചാരികമായി ചോദിച്ചു
“ഇയാൾക്ക് ബന്ധുക്കൾ ആരുമില്ലല്ലോ ?”
“ഞാനുണ്ട് “ എന്ന് പറയാൻ രവീന്ദ്രന്റെ മനസ്സ് വെമ്പി.
മുനിസിപ്പാലിറ്റിക്കാർ ശവശരീരം വണ്ടിയിൽ കയറ്റി കൊണ്ടുപോയി. കൂടി നിന്നവർ പിരിഞ്ഞു പോയി.
ആരോ പറയുന്നത് കേട്ടു
“ ചോറ് വലിച്ചു വാരി തിന്നപ്പോൾ ആയിരിക്കും ശ്വാസം മുട്ടി മരിച്ചത്”……
കേണൽ രമേശ് രാമകൃഷ്ണൻ
27 June 2020
No comments:
Post a Comment