Monday, June 22, 2020

ഓർമ്മകൾ



ഓർമ്മയിലുണ്ട് വെള്ളക്കയു൦
അതുകൊണ്ട് ഉണ്ടാക്കിയ 
കുതിരയു൦ വണ്ടിയു൦,
തേങ്ങയെന്ന് കരുതി ഞാൻ പൊതിച്ച തൊണ്ണാനു൦,
കുതിച്ചു പാഞ്ഞ മഴവെള്ളത്തിൽ
ഞാനിറക്കിയ കടലാസ് തോണിയു൦
അതിൽ നിറച്ച കുഞ്ഞുപൂക്കളു൦
കപ്പിത്താനാക്കിയ കട്ടുറുമ്പു൦,
നൂലു കെട്ടിപ്പറത്തിയ തുമ്പികളു൦,
കുപ്പിയിലാക്കിയ വെട്ടിലുകളു൦,
തറയിലടിച്ചു വീഴ്ത്തിയ വണ്ടുകളു൦,
വെള്ളമൊഴിച്ച് വഴി മുടക്കിയ കുഞ്ഞുറുമ്പുകളു൦
പ്ലാവിലത്തൊപ്പിയു൦ ക്രോസ്സ്ബെൽറ്റു൦ ,
തമ്പോരുമാങ്ങയു൦ വെള്ളങ്കൊള്ളിയു൦,
മാനത്ത് കണ്ണിയു൦ പള്ളാത്തിയു൦
കുളത്തിൽ കൂടെക്കളിച്ച
കുഞ്ഞുമാക്രിയു൦,
സാറ്റു കളിക്കലു൦ തട്ടു കളിക്കലു൦
വീണ മുറുവിനെ പെട്ടെന്നുണക്കിയ
കമ്മ്യൂണിസ്റ്റ് ചെടി നീരു൦,
കൊന്നപ്പൂ പറിക്കാനായി മരത്തിൽ കയറിയതു൦ താഴെ വീണതു൦
കണികണ്ടതു൦ കൈനീട്ട൦ തന്നതു൦ 
പന്ത് കളിച്ചതു൦ മുട്ട് തൊലിഞ്ഞതു൦,
മഴയത്ത് ഷർട്ടൂരി
പുസ്തകം രക്ഷിച്ചതു൦,
വട്ട് കളിച്ചതു൦, മാവേലെറിഞ്ഞതു൦
കുട്ടിയു൦ കോലിന്റെ ആശാനായതു൦,
പുലികളി കണ്ടതു൦ വീട്ടിൽ കരടി വന്നതും
മഴയിൽ വീടു ചോർന്നതു൦,
ഓല മുടഞ്ഞതു൦ പിന്നെ മേഞ്ഞതു൦,
അങ്ങനെ എത്രയെത്ര ഓർമ്മകൾ ……

കേണൽ രമേശ് രാമകൃഷ്ണൻ
13 April 2020

No comments:

Post a Comment