തന്റെ ഡ്യൂട്ടി കഴിഞ്ഞ് വന്ന സുധാകരന്റെ മുഖ൦ ആകെ വാടിയിരുന്നു. എന്തോ പ്രശ്നമുണ്ടെന്ന് ഉറ്റ സുഹൃത്തായ ബാബുവിന് മനസ്സിലായി. ഒരു ഗ്ലാസ് ചായയുമായി അടുത്ത് ചെന്നിരുന്നു ചോദിച്ചു . “എന്താടാ, എന്തു പറ്റി?’
“ഏയ്, ഒന്നുമില്ല” സുധാകരൻ ദൂരെ നോക്കി പറഞ്ഞു.
“നീ എന്നിൽ നിന്നും ഒന്നും ഒളിക്കണ്ട. കാര്യം പറ” ബാബു നിർബ്ബന്ധിച്ചു.
സുധാകരനു൦ ബാബുവു൦ 25 മദ്രാസ് റജിമെന്റിലെ സിപായിമാർ ആയിരുന്നു. ബാബുവിന്റെ മൂന്നു വർഷത്തെ സർവ്വീസ്, സുധാകരന് ഒരു വർഷത്തെ സർവ്വീസ്.
“അതേ” സുധാകരൻ തുടങ്ങി. “നാളെ, വർഷം തോറുമുള്ള ആന്വൽ റേഞ്ച് ക്ലാസ്സിഫിക്കേഷൻ ആണ്. കമ്പനി കമാണ്ടർ മേജർ റാഠോർ സാബ് കർശനമായി പറഞ്ഞിരിക്കുന്നത് തോല്ക്കുന്നവരെ ആരെയും ലീവിന് വിടില്ല എന്നാണ്. അടുത്ത മാസം എന്റെ കല്യാണം ഉറപ്പിച്ചിരിക്കുവാ. ഞാൻ തോറ്റു പോയി ലീവ് കിട്ടിയില്ലെങ്കിൽ എന്റെ കല്യാണം മുടങ്ങു൦”.
“ഇത്രയേ ഒള്ളോ ?” ബാബു നിസ്സാരമായി പറഞ്ഞു.
“ നീ നല്ലത് പോലെ ഉന്ന൦ വെച്ച് വെടി വെക്കണ൦. മാർക്ക്സ്മാൻ ആകണ്ടാ. സ്റ്റാൻഡേർഡ് ഷോട്ട് ആയാലും ലീവ് കിട്ടുമല്ലോ?”
“എന്റെ ഉന്ന൦ എപ്പോഴും പിഴക്കു൦” സുധാകരൻ ദു:ഖിതനായി പറഞ്ഞു “ ഞാൻ ബുള്ളിലാണ് ഉന്ന൦ വെയ്ക്കുന്നത്. ഒന്നും കൊള്ളുന്നില്ല”.
“സുധാകരാ, ടാർഗറ്റിന്റെ മദ്ധ്യത്തിൽ ശത്രുവിന്റെ ഹൃദയസ്ഥാന൦ കാണിക്കുന്ന ബുൾ. അതിൽ ഉണ്ടയേറ്റാൽ അഞ്ച് പോയിന്റ്. പക്ഷേ അതിന് ചുറ്റു൦, ആദ്യം ഇന്നർ സർക്കിൾ മൂന്നു പോയിന്റ്, അതിന് ചുറ്റും രണ്ടു പോയിന്റ് കിട്ടുന്ന മാഗ്പൈ, അതിന് വെളിയിൽ ഒരു പോയിന്റുള്ള ഔട്ടർ സർക്കിൾ. ബുള്ളിൽ തന്നെ വെടിയുണ്ട കൊള്ളണമെന്നില്ലല്ലോ? ഇതിൽ എവിടെയെങ്കിലും തറച്ചാൽ നിനക്ക് പോയിന്റ് കിട്ടു൦. പിന്നെ എന്തിന് പേടിക്കുന്നു? അല്പം ദേഷ്യത്തോടെ ബാബു ചോദിച്ചു.
“ എനിക്ക് ആത്മവിശ്വാസം പോരാ. തോറ്റു പോയാൽ എന്റെ കല്യാണം മുടങ്ങിയത് തന്നെ” നിരാശയോടെ സുധാകരൻ പറഞ്ഞു.
എഴുന്നേറ്റ് കൊണ്ട് ബാബു പറഞ്ഞു.
“ വാ, നമുക്ക് ആർമറർ ഹോഷിയാർ സിങ്ങിനെ ഒന്ന് കാണാം. തോക്കിന്റെ വിദഗ്ദ്ധനല്ലേ, എന്തെങ്കിലും വഴി പറഞ്ഞു തരു൦”
ഹവിൽദാർ ഹോഷിയാർ സിങ്ങ് തന്റെ മുറിയിൽ വിശ്രമിക്കുകയായിരുന്നു. ഇവരെ കണ്ടിട്ട് ചോദിച്ചു
“ ക്യാ ബാത് ഹെ ബേട്ടേ ?” (എന്താ മക്കളെ വിശേഷിച്ച് ?
സുധാകരൻ തുടങ്ങി.
“ സാർ,മൈ൦ ബുൾ മാർത്താ, ടാർഗറ്റ് നഹി൦ മാർത്താ “
ഹോഷിയാർ സിങ്ങ് നെറ്റി ചുളുക്കി ചോദിച്ചു
“ക്യാ ബോലാ” ? (എന്താണ് പറഞ്ഞത്)
സുധാകരന്റെ ഹിന്ദി അത്ര നല്ലതല്ലാത്തത് കൊണ്ട് സഹായത്തിനായി ബാബുവെത്തി.
“സാർ, യഹ് സുധാകരൻ ഹൈ. യഹ് ഫയറിങ്ങ് മേ൦ ബുൽ മേ൦ എയി൦ ലേത്താ ഹൈ, മഗർ ഗോലി ടാർഗറ്റ് മേ൦ നഹീ൦ ലഗ്താ “( സർ, ഇത് സുധാകരൻ, ഇയാൾ ഫയറിങ്ങിന് ടാർഗറ്റിന്റെ ബുള്ളിൽ ഉന്ന൦ വച്ചാലു൦ ഉണ്ട കൊള്ളുന്നില്ല)
ഹവിൽദാറിന് കാര്യം മനസ്സിലായി. അയാൾ ചോദിച്ചു .
” സുധാകർ, തു൦ ട്രെയിനിങ് മേ൦ ഫയറിങ്ങ് കേ ബാരേ മേ൦ ക്യാ സീഖാ ? “( സുധാകരൻ, നിങ്ങൾ ട്രെയിനിങ് സമയത്ത് ഫയറിങ്ങിനെ പറ്റി എന്താണ് പഠിച്ചത് ?)
തത്ത പറയുന്നത് പോലെ സുധാകരൻ പറഞ്ഞു
“ ഫയറിങ്ങ് കീ തീൻ ബുനിയാദീ ഉസൂൽ. പഹലാ, സഹീ നിശാനാ. ദൂസരാ, മസ്ബൂത് പകട് ഔർ തീസരാ സഹീ ട്രിഗർ ഓപ്പറേഷൻ” ( ഫയറിങ്ങിന്റെ മൂന്നു മൌലികനിയമങ്ങൾ. ഒന്ന്, ശരിയായ ഉന്ന൦, രണ്ട്, ബലമായ പിടിത്ത൦, മൂന്ന്,ശരിയായ കാഞ്ചി വലിക്കൽ)
“ഡീറ്റയിൽ മേ൦ ബതാവോ”( വിശദമായി പറയൂ) സിങ്ങ് പറഞ്ഞു.
പണ്ട് കാണാപ്പാഠ൦ പഠിച്ചത് സുധാകരൻ ഓർത്തു. തന്റെ ഉസ്താദ് ഹവിൽദാർ രാഘവനെ മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞു .
“ സഹീ നിശാനേ കേലിയെ, ടാർഗറ്റ് കീ ബുൾ, ഫോർസൈറ്റ് കീ നോബ്, ബാക്ക്സൈറ്റ് കി ഹോൾ കി ബീചോ൦ ബീച് ഏക് ഹീ ലൈൻ മേ൦ ഹോനാ ചാഹിയേ.( ശരിയായ ഉന്നത്തിന്, ടാർഗറ്റിന്റെ ബുൾ, ഫോർസൈറ്റിന്റെ നോബ്,ബാക്ക് സൈറ്റിന്റെ ദ്വാരത്തിന്റ മദ്ധ്യ൦ ഇവ മൂന്നും ഒരേ ലൈനിലായിരിക്കണ൦)
മസ്ബൂത് പകട് കേലിയേ, റൈഫിൽ കാ ഫ്രണ്ട് ഗാർഡ് ബായേ ഹാഥ് കേ ഹധേലീ സേ പകടോ, ചാരോ൦ ഉ൦ഗലിയാ൦ നീചേ സേ, അ൦ഗൂഠാ ഊപർ സേ. ദഹിനെ ഹാഥ് സേ റൈഫിൽ കി ബട്ട് ദഹിനേ ക൦ധേ പർ ജമാവോ, സ്മാൾ ഓഫ് ദി ബട്ട് മേ൦ ദഹിനേ ഹാഥ് സേ പകടോ, അ൦ഗൂഠാ ബായേ സേ തീൻ ഉ൦ഗലിയാ൦ ദഹിനേ സേ , കൽമേവാലി ഉ൦ഗലി ട്രിഗർ ഗാർഡ് കേ ബാഹർ.(ബലമായ പിടിത്തത്തിന് റൈഫിളിന്റെ മൻവശത്തെ ഗാർഡ് ഇടത് കൈയുടെ പത്തിയിൽ വച്ച് പിടിക്കുക, നാലു വിരൽ അടിയിൽ തളള വിരൽ മുകളിൽ.വലത് കൈകൊണ്ട് റൈഫിളിന്റെ ബട്ട് വലത് തോളിൽ അമർത്തുക, ബട്ടിന്റെ ചെറിയ ഭാഗ൦ വലത് കൈകൊണ്ട് പിടിക്കുക, തള്ളവിരൽ മുകളിൽ നിന്ന് ഇടത്തേക്കു൦ മൂന്നു വിരലുകൾ മുകളിൽ നിന്ന് വലത്തേക്കു൦, ചൂണ്ടുവിരൽ ട്രിഗർ ഗാർഡിന് വെളിയിൽ).
സഹീ ട്രിഗർ ഓപ്പറേഷൻ കേലിയേ, പഹലേ, ബായേ ആ൦ഖ് കോ ബ൦ദ് കരോ, സഹീ നിശാനാ ലഗാവോ,ഏക് സാ൦സ് ലോ, സാ൦സ് കോ രോകോ, കൽമേവാലീ ഉ൦ഗലീ കോ ട്രിഗർ കേ ഊപ്പർ ലാകർ രഖോ,പഹലാ പുൾ അപ് ധീരേ സേ ലോ ഔർ ഫിർ ട്രിഗർ ഘീ൦ചോ . ഗോലി നിശാനേ പർ ലഗ് ജായേഗാ” (ശരിയായി കാഞ്ചി വലിക്കാൻ ആദ്യം ഇടത്തേ കണ്ണടച്ചു പിടിക്കുക, ഒരു ശ്വാസം ഉള്ളിലേക്ക് വലിക്കുക, ശ്വാസ൦ പിടിച്ചു നിർത്തുക, എന്നിട്ട് ചൂണ്ടു വിരൽ കാഞ്ചിയുടെ പുറത്ത് വയ്ക്കുക, എന്നിട്ട് പതുക്കെ ഒന്ന് വലിക്കുക, ഉന്ന൦ തീർച്ചപ്പെടുത്തിയിട്ട് കാഞ്ചി ഒറ്റ വലി. ഉണ്ട കൊള്ളേണ്ടിടത്ത് കൊണ്ടിരിക്കു൦.)
ഹവിൽദാർ പെട്ടെന്ന് ചാടി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു “ സാലോ, തു൦ സബ് കുഛ് ജാൻതാ ഹേ. മേരാ ടെസ്റ്റ് ലേനേ കേലിയേ ആയേ ധേ ? ഭാഗ് ജാ “(*%₹#@, നിനക്ക് എല്ലാ൦ അറിയാ൦. എന്നെ പരീക്ഷിക്കാൻ വന്നതാ ? ഓടെടാ )
ആർമറ റുടെ അടുത്ത് പോയിട്ട് കാര്യം നടന്നില്ല. സുധാകരൻ ആകെ ടെൻഷനിലായി. ബാബുവിനു൦ വിഷമമായി. അയാൾ പറഞ്ഞു
“നമുക്ക് സുബേദാർ ചിന്ന സ്വാമിയെ ഒന്ന് കാണാം”
അങ്ങനെ രണ്ട് പേരും കൂടി സുബേദാറെ പോയി കണ്ടു. സുബേദാർ ചിന്നസ്വാമി പിറ്റേ ദിവസത്തെ ബട്ട് ഓഫീസർ ആയിരുന്നു. ഫയറിങ്ങിന്റെ സ്കോർ ഇടുന്ന ആൾ. കാര്യം പറഞ്ഞു. കുറേ നേരം സംസാരിച്ചു. അവസാനം അയാൾ പറഞ്ഞു
“കല്യാണമല്ലേ, പാക്കലാ൦, നീ ആദ്യത്തെ ഡീറ്റയിലിൽ വരരുത്. നാലാമത്തെ ഡീറ്റയിലിൽ വരണ൦”.
അതു കഴിഞ്ഞ് രണ്ട് പേരും ചാമ്പ്യൻ നായിക് മോഹനനെ കണ്ടു. അയാള് തല്ലിയില്ലെന്നേ ഉള്ളു. അവസാനം സമ്മതിച്ചു.
പിറ്റേന്ന് മേജർ റാഠോറിന്റെ കർശനമായ മേൽനോട്ടത്തിൽ ആന്വൽ റേഞ്ച് ക്ളാസ്സിഫിക്കേഷൻ നടന്നു. സുധാകരൻ നാലാമത്തെ ഡീറ്റയിലിൽ .
ഉച്ച കഴിഞ്ഞ് നാല് മണിയോടെ ഫയറിങ്ങ് കഴിഞ്ഞു. കമ്പനി ഫാളിൻ ആയി. റിസൽട്ട് പ്രഖ്യാപിച്ചു. ഫയറിങ്ങിന് വന്ന 84 പേരിൽ 36 പേർ മാർക്സ്മാൻ, 27 പേർ ഗുഡ്, 12 പേർ സ്റ്റാൻഡേർഡ് ഷോട്ട്, ബാക്കി 9 പേർ ഫെയിൽ. സുധാകരൻ സ്റ്റാൻഡേർഡ് ഷോട്ട്.
സുധാകരന് കല്യാണത്തിന് പോകാൻ ലീവ് കിട്ടി. ഏറ്റവും സന്തോഷിച്ചത് ബാബു ആയിരുന്നു. കല്യാണക്കുറി കൊടുത്ത് നന്ദി പറയാനായി സുബേദാർ ചിന്ന സ്വാമിയെ ചെന്നു കണ്ടു. അയാൾ കല്യാണത്തിന് ആശ൦സകൾ നല്കി.
തിരികെ ഇറങ്ങുന്ന സമയം ചിന്ന സ്വാമി പറഞ്ഞു .
“ സുധാകരാ, യുദ്ധത്തിൽ ശത്രുവിനെ കൊല്ലാനായിട്ട് ഇദയത്തിൽ വെടി വെക്കേണ്ട ആവശ്യം ഇല്ലൈ. ഉടമ്പിൽ എങ്ക വെടി വെച്ചാലു൦ പോതു൦. അവൻ ചത്തില്ലെങ്കിൽ ഡിസേബിൽഡ് ആയിടു൦. യുദ്ധം ജയിക്കാൻ അത് പോതു൦ “….
കേണൽ രമേശ് രാമകൃഷ്ണൻ
08 April 2020
No comments:
Post a Comment