നാളുകൾക്കു ശേഷം
ഞാനിന്ന് ഒന്നു നടക്കാനിറങ്ങി
എന്റെ കൈകൾ മുറുകെ പിടിച്ചു കൊണ്ട്
വയസ്സാകുന്നേ, കാഴ്ചയു൦ ഓർമ്മയു൦
ശക്തിയു൦ കുറേശ്ശെ പോകുന്നെന്നൊരു തോന്നൽ.
വഴിയിൽ ഞാനെന്റെ പഴയ എന്നെ കണ്ടു
മിണ്ടാൻ പോയില്ല ഞാൻ.
പണ്ട് ഒരുപാട് കുടിച്ചു൦ വലിച്ചു൦ നടന്നയാളാ
എനിക്ക് വെറുപ്പാണയാളെ.
ക്ഷീണിച്ചപ്പോൾ ഞാനൊന്നിരുന്നു.
അപ്പോൾ അടുത്തു വന്ന് ഇരുന്നു
എന്റെ കുട്ടിക്കാലത്തെ ഞാൻ.
കുസൃതികളു൦ വികൃതികളു൦
കുറുമ്പുകളു൦ കളികളു൦
കൈനിറയെ കലകളുമുണ്ടായിരുന്ന
എന്നെപ്പറ്റി ഒരുപാട് പറഞ്ഞു ചിരിച്ചു.
തിരികെ നടന്നപ്പോൾ
റിട്ടയറായ ഞാനെന്ന പട്ടാളക്കാരൻ
എന്റെ ഒപ്പം നടന്നു
വീമ്പടികളുടെ ഒരു ഘോഷയാത്ര
എന്തൊക്കെയോ എഴുതുന്നത്രേ.
പിന്നീട് പറയാമെന്ന് പറഞ്ഞ്
ഞാൻ തലയൂരി.
വീട്ടിൽ ഭാര്യ കാത്തിരിക്കയാണേ..
കേണൽ രമേശ് രാമകൃഷ്ണൻ
26 May 2020
No comments:
Post a Comment