Thursday, June 25, 2020

ഒരു പൂവിന്റെ യാചന എന്ന എന്റെ കവിതയുടെ അവലോകനം

26 / 6 / 20 - വെള്ളി 
( കൊല്ലവര്‍ഷം 1195 - മിഥുനം 12 ) 

🌞പ്രഭാതസ്മൃതി 🌞

സുപ്രഭാതം 🙏

പ്രഭാതസ്മൃതിയുടെ 910 ാം അദ്ധ്യായമാണിന്ന് . ഏവര്‍ക്കും സുസ്വാഗതം ..💐

👌നല്ല ചിന്ത .
*************
നാളെ വരാനിരിക്കുന്ന ദുഃഖത്തെ ഞാന്‍ സഹിക്കാം . എന്നാല്‍ അതിനെ ഇന്ന് കടമായി വാങ്ങില്ല . 
( ബെന്‍സ്കിന്‍ ) 

💥ഒരു ഗുണപാഠകഥ 

ഒരിടത്ത് ഒരു പടുകൂറ്റന്‍ ആലിന്‍െറ തണലില്‍ ഒരു ആനയും ഒരു കുരങ്ങനും ഒരു വവ്വാലും താമസിച്ചിരുന്നു . എല്ലാ കാര്യത്തിലും അവര്‍ തമ്മില്‍ വിയോജിപ്പായിരുന്നു . ആന കുരങ്ങനേയും കുരങ്ങന്‍ വവ്വാലിനേയും വവ്വാല്‍ തിരിച്ചും എപ്പോഴും ശണ്ഠ തന്നെ . സ്നേഹമില്ലാതെ ഒരുമിച്ച് കഴിയുന്നതെങ്ങനെ ? അതുകൊണ്ട് അവരില്‍ മൂത്തയാള്‍ എന്തു പറയുന്നോ അതനുസരിക്കാന്‍ അവര്‍ തയ്യാറായി . പക്ഷേ അപ്പോഴും തര്‍ക്കം . ആരാണ് മൂത്തത് ? 

കുരങ്ങന്‍ ആനയോട് ചോദിച്ചു . 
'' ചങ്ങാതീ .. നിന്‍െറ ചെറുപ്പത്തില്‍ ഈ ആല് എത്ര വലുതായിരുന്നു ? '' 
ആന പറഞ്ഞു . 
'' തീരെ ചെറിയ ചെടിയായിരുന്നു . എന്‍െറ കാല്‍മുട്ടുവരെ ഉയരം കാണും '' 
ഇതേ ചോദ്യത്തിന് കുരങ്ങന്‍ ഇങ്ങനെ മറുപടി പറഞ്ഞു . 
'' ഞാന്‍ പിച്ച വയ്ക്കുന്ന കാലത്ത് തന്നെ ഈ മരമുണ്ട് . അന്നിത് തീരെ ചെറിയ ചെടിയാണ് . ഇതിന്‍െറ കിളുന്നിലകള്‍ ഞാന്‍ പറിച്ചു തിന്നിട്ടുണ്ട് '' 
വവ്വാല്‍ പറഞ്ഞതിങ്ങനെ . 
'' ഈ ആലിന്‍െറ സ്ഥാനത്ത് മറ്റൊരു ആല്‍ ഉണ്ടായിരുന്നു . അതിന്‍െറ കുരുവും കടിച്ച് തൂങ്ങി കിടക്കുമ്പോള്‍ ഒരു ദിവസം ആ വലിയ കൊടുമുടിയുടെ ഒരു ഭാഗം ഇടിഞ്ഞുവന്നു . ആല്‍ അതിലമര്‍ന്നുപോയി . അന്ന് പറന്നു രക്ഷപ്പെട്ട എന്‍െറ വായിലെ വിത്ത് മുളച്ചാണ് ഇൗ കാണുന്ന ആലുണ്ടായത് '' 
ആരാണ് മൂത്തതെന്ന് അതോടെ തീരുമാനമായി . പിന്നീട് കുരങ്ങനും ആനയും വവ്വാല്‍ പറഞ്ഞതനുസരിച്ച് വഴക്കുകളില്ലാതെ ഒരുമയോടെ കഴിഞ്ഞു . 

കഥയിലെ ചിന്ത - മുതിര്‍ന്നവരെ ബഹുമാനിക്കുക . അവരോടുള്ള അനുസരണയും വിനയവും വലിയ വഴക്കുകള്‍ തന്നെ ഒഴിവാക്കും . 

💥സ്മൃതിഗീതം 

ശ്രീ രമേഷ് രാമകൃഷ്ണന്‍ എഴുതിയ ' ഒരു പൂവിന്‍െറ യാചന ' എന്ന കവിതയാണ് ഇന്നത്തെ സ്മൃതിഗീതം . 

ഒരു  പൂവിന്റെ  യാചന.

അടരാൻ വൈകിയ പൂവിനോട്
സന്ധ്യ വന്നു ചോദിച്ചു
“ഇന്നെന്തേ ഒരു മടി ?”
ഗദ്ഗദ൦ പൂണ്ട് പൂവ് ചൊല്ലി
“മടിയല്ല ,പെണ്ണേ കൊതിയാണ്,
കുറച്ചു നേര൦ കൂടി 
ജീവിച്ചിരിക്കാനൊരു കൊതി".

"സൂര്യനെക്കാണാഞ്ഞ് രാവിലെ
വിടരാൻ‌ ഞാനൊന്ന് വൈകി
യൗവ്വനമെന്റെ വിരിഞ്ഞു വന്നപ്പോൾ
സൂര്യ തേജസ്സെന്നെ വാട്ടി
സുഗന്ധ൦  ഞാൻ വീശു൦ മുമ്പേ
ഒരു കാറ്റ് വന്നൊന്നാട്ടി
പിന്നൊരു പേമാരി വന്നടിച്ചു
എന്റിതളുകളാകെ വലിഞ്ഞു".

"വന്നില്ലയാരുമിനിയു൦ തേടിയെന്നെ.
വരാതിരിക്കില്ല  ആരേലു൦
നിർമ്മാല്യ മാലയ്ക്ക് പൂ പറിക്കാനായ്.
കാത്ത് നില്പൂ ഞാനെന്റെ
ജന്മസാഫല്യത്തിനായ്.
ഒരല്പ നേരം  കൂടി ഞാനീ
ഞെട്ടിൽ ജീവിച്ചിരുന്നോട്ടേ “....

കേണൽ രമേശ് രാമകൃഷ്ണൻ

💥കവിതയിലൂടെ .. 

നമ്മുടെ ചുറ്റിലുമുള്ള ഓരോ പൂവിലും ജീവജാലങ്ങളിലും നമ്മെ പോലെത്തന്നെ ജീവനും ജീവിതവും തുടിക്കുന്നുണ്ട് . ഓരോന്നും ശ്രദ്ധിച്ചാല്‍ ഓരോ പാഠങ്ങള്‍ അവ നമുക്കായി കരുതുന്നുമുണ്ട് . ബുദ്ധിയുള്ളതുകൊണ്ട് മാത്രം കാലവും കണക്കും സൂക്ഷിച്ച് മനുഷ്യന്‍ അവന്‍െറ ജീവിതത്തിന് അമിതപ്രാധാന്യം നല്‍കുകയാണ് . 

ശ്രീ രമേഷ് രാമകൃഷ്ണന്‍ എഴുതിയ ' ഒരു പൂവിന്‍റെ യാചന ' വളരെ ആഴമുള്ള ചിന്ത നല്‍കുന്നു . പുലരിയിലുദിച്ച് സന്ധ്യയ്ക്ക് കൊഴിയുന്ന സാധാരണ ഒരു പുഷ്പത്തില്‍ ഒരു ജീവിതം ചേര്‍ത്തു വയ്ക്കുകയാണ് കവി . അടരാന്‍ വെെകിയ പൂവിനോട് സന്ധ്യ വന്ന് 
' ഇന്നെന്തേ ഒരു മടി ? ' 
എന്ന് ചോദിക്കുന്ന സങ്കല്‍പ്പം അതീവഹൃദ്യം . ഒരേയൊരു ദിവസത്തേക്ക് മാത്രം വിടര്‍ന്ന പൂവ് സങ്കടത്തോടെ അല്‍പ്പനേരം കൂടി ജീവിച്ചിരിക്കാനുള്ള കൊതി പറയുന്നു . സൂര്യനെ കാണാത്തതുകൊണ്ടാണ് ഉണരാന്‍ വെെകിയത് . വിരിഞ്ഞൂ വിലസിയ യൗവ്വനത്തില്‍ അതേ സൂര്യതേജസ്സിനാല്‍ മുഖം വാടി . സുഗന്ധം വീശുംമുന്‍പേ കാറ്റിലുലഞ്ഞുപോയി . പിന്നെ വന്ന പേമാരിയില്‍ ഇതളുകളുതിര്‍ന്നു തുടങ്ങി . അനവസരത്തില്‍ വന്നുചേര്‍ന്ന ജീവിതസൗഭാഗ്യങ്ങളില്‍ സന്തോഷിക്കാനാവാതെ മറ്റെന്തോ പരീക്ഷണങ്ങളില്‍ കുരുങ്ങിപ്പിടയുന്ന ഒരു മനുഷ്യജീവനെ കവി കല്‍പ്പിച്ചതാകാം . പക്ഷേ പൂവിന് വീണ്ടും പ്രതീക്ഷയാണ് . നിര്‍മ്മാല്യപൂജയ്ക്കായെങ്കിലും ഇറുത്തൊന്ന് കൊണ്ടുപോകാന്‍ ... 
അങ്ങനെ ജന്‍മസാഫല്യം നേടുവാന്‍ .. 
ഒരല്പനേരം കൂടി ആ ഞെട്ടില്‍ പൂ തങ്ങുകയാണ് . 

ജീവിതാന്ത്യത്തില്‍ സ്വാനുഭവങ്ങളുടെ വെളിച്ചം നിറച്ച കഥകള്‍ പറയുവാന്‍ കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന ഒരു മുത്തയാകാമത് . അവസാനശ്വാസം വരേയും അംഗീകരിക്കപ്പെടാതെപോയ , മറ്റുള്ളവര്‍ക്കായി മാത്രം ചിന്തിച്ച് ജീവിക്കുന്ന ഒരു വ്യക്തിയുമാകാം . 
' നമുക്കായല്ല , മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കുമ്പോഴത്രെ ജന്‍മം  സഫലമാകുന്നത് . പുഷ്പജന്‍മങ്ങള്‍ അങ്ങനെയാണല്ലോ . വിരിഞ്ഞും ചിരിച്ചും സുഗന്ധം പരത്തിയും പൂജാപുഷ്പമായും അല്‍പ്പമായ ആയുസ്സിനെ തേജോമയമാക്കുന്ന പൂക്കളെ കണ്ട് നമുക്കും പഠിക്കാം . കുറഞ്ഞത് ഒരു ചെറുചിരിയെങ്കിലും ....

           **********************************

💥ചിത്രവധം 
  ************

ഈ പദം വളരെയധികം പീഡനമുറകള്‍ കൊണ്ട് ഒരാളെ കൊലപ്പെടുത്തുന്നതിനോ അതുപോലുള്ള മാനസികക്ഷതം ഏല്‍പ്പിക്കുന്നതിനോ നമ്മള്‍ പ്രയോഗിക്കാറുണ്ട് . ശരിക്കും ചിത്രവധം എന്തെന്നറിയുന്നത് വേദനയും ,  മനുഷ്യന്‍ മനുഷ്യനോടുതന്നെ കാണിക്കുന്ന നിന്ദ്യമായ ശിക്ഷാനടപടികളെ കുറിച്ച് ലജ്ജയും ജനിപ്പിച്ചേക്കാം .

പണ്ട് നിലനിന്നിരുന്ന ഒരു ശിക്ഷാവിധിയാണിത് . കുറ്റമാരോപിക്കപ്പെട്ടവന്‍െറ പിന്‍ഭാഗത്തുകൂടെ വാള്‍ കയറ്റി പിന്‍കഴുത്തുവരെ എത്തിച്ച് മരത്തില്‍ കെട്ടിയിടുന്നു . രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇഞ്ചിഞ്ചായാണ് അയാള്‍ മരണപ്പെടുക . അവര്‍ണ്ണജാതിയില്‍പ്പെട്ടവര്‍ക്കായിരുന്നു കൂടുതലും ഈ ശിക്ഷ നേരിടേണ്ടിവന്നത് . 

ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെ കൊണ്ട് കൊത്തി കൊല്ലിക്കുന്ന രീതിയും ഉണ്ട് . പദ്മനാഭപുരം കൊട്ടാരത്തില്‍ ചിത്രവധത്തിന് ഉപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ടത്രെ . 

1343 - ല്‍ കേരളത്തിലെത്തിയ ഇബ്നുബത്തൂത്ത പറയുന്നത് , വഴിയില്‍ വീണുകിടന്ന നാളികേരം പെറുക്കിയെടുത്ത ചില യാത്രക്കാരെ രാജാവ് പലകയില്‍ കിടത്തി ആണിയടിച്ച് കൊന്ന് പ്രദര്‍ശനത്തിന് വച്ചിരുന്നു എന്നാണ് . ബര്‍ത്തലോമിയോയുടെ ലിഖിതങ്ങളില്‍ അഞ്ചുപേരെ ഒരു പശുവിനെ കൊന്ന കുറ്റത്തിന്  മരത്തില്‍ തൂക്കിയിട്ട് കണ്ടിട്ടുണ്ടെന്ന് കുറിച്ചുവച്ചിട്ടുണ്ട് . ജാതിവ്യവസ്ഥ കര്‍ശനമായി നിലനിര്‍ത്തുന്നതിനത്രെ ഈ വിധം ക്രൂരഹത്യകള്‍ അധികാരികള്‍ ചെയ്തുപോന്നിരുന്നത് . 

ചിത്രവധം അന്വേഷിച്ചു ചെന്നപ്പോള്‍ കിട്ടിയ വിവിധങ്ങളായ ശിക്ഷാരീതികള്‍ ചിത്രവധത്തേക്കാള്‍ ഭയാനകമായിരുന്നു . ഒരല്പം ഭക്ഷണത്തിനായി കളവ് നടത്തിയ സഹജീവിയെ ഈ കാലത്തും മനുഷ്യന്‍ കൊന്നതോര്‍ക്കുമ്പോള്‍ എവിടെയാണ് പുരോഗമനമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . 
 തെറ്റിനും ശരിക്കും ഇടവരയിട്ടവരുടെ നീതികള്‍ എന്തായിരിക്കും ? എന്തായാലും തനിക്കു സമം ജീവിക്കാനവകാശമുള്ളവനെ കൊല്ലുന്നത് മാനുഷികഗുണമല്ലെന്ന് തന്നെ തീര്‍ത്തുപറയാം .

           ***********************************

                ❣️ഇന്നത്തെ വിഷയം❣️
                        *************

                       കിട്ടാക്കനികള്‍ 
                         ❣️❣️❣️❣️
        
              
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം
 '' കിട്ടാക്കനികള്‍  "ആണ് . ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം;  കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന തുടങ്ങി......
നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.

25  /  6 /  2020  ലെ  പ്രഭാതസ്മൃതിയിൽ 
'' കനല്‍ക്കിനാക്കള്‍ "  എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ .
തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്                  

ശാലിനി മുരളി      
🔹 മലയാള സാഹിത്യലോകം 🔹

No comments:

Post a Comment