Saturday, December 19, 2020

സമയം



ഘടികാരം എന്നെ
ഒരുകാര്യം പഠിപ്പിച്ചു
മുന്നോട്ട് നോക്കാൻ
മുന്നോട്ടു മാത്രം.
വരാനിരിക്കുന്ന
നല്ല കാലത്തെ മാത്രം
പ്രതീക്ഷയോടെ കാത്തിരിക്കൂ.
ചീത്ത കാലവും വെരുമെന്നറിഞ്ഞിലും
കാത്തിരിക്കണ്ടാ.

എന്റെ കൺമുന്നിൽ
ഞാൻ നോക്കിയിരിക്കെ
കുറെ നിമിഷങ്ങൾ
പിടഞ്ഞു വീണു മരിച്ചു
മരിച്ചു കൊണ്ടിരിക്കുന്നു
ഒരിക്കലും തിരിച്ചു വരാതെ.
ഒരു കാര്യം എന്നെ ഓർമ്മിപ്പിക്കുന്നു
എന്റെ മരണത്തിന്
ഇനി അത്രയും നിമിഷങ്ങൾ
കുറവ്....

കേണൽ രമേശ് രാമകൃഷ്ണൻ
20 Dec 2020

മറവിക്കസേര



ഇന്നലെ വരെ
ഞാനിരുന്ന കസേരയിൽ
ഇന്നിതാ ദേ ജയിച്ചവൻ കയറിയിരിക്കുന്നു.

എന്ത് രസമായിരുന്നു
ഈ കസേര !
ഇരുന്ന് കറങ്ങാം
അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടാം
വേണൽ കാലെടുത്തു മേശമേൽ വയ്ക്കാം.
മുന്നിൽ ഓച്ഛാനിച്ച് നില്ക്കാൻ എത്രപേർ !

എന്തെക്കെയോ ചെയ്യാമെന്ന് പറഞ്ഞിട്ടാ
എനിക്കന്ന് ഈ  കസേര കിട്ടിയത്
എന്നിട്ട് ഞാനെല്ലാം മറന്നു പോയി
എന്റെ ആൾക്കാർക്കും , 
എനിക്ക് കാശ് തന്നോർക്കും
എല്ലാം ഞാൻ ചെയ്ത് കൊടുത്തു
എന്നിട്ടും എന്തേ വോട്ടർമാർ
എന്നെ ഈ ഇലക്ഷനിൽ തോല്പിച്ചു ?

ഇപ്പം കയറി ഇരുന്നോനും
എന്നെപ്പോലെ തന്നെ ആയീടും
എല്ലാം അവനും മറന്നീടും
എന്തെന്നാൽ
മറവിക്കസേരയിലല്ലേ
അവന്റെയും ഇരിപ്പ് !!

കേണൽ രമേശ് രാമകൃഷ്ണൻ
19 December 2020

Sunday, December 13, 2020

ഇലകൾ



കുഞ്ഞായിരിക്കുമ്പോൾ
എല്ലാരും പുകഴ്ത്തി
എന്തു സൗന്ദര്യം, എന്തൊരാരോഗ്യം !
യൗവനത്തിലും പറഞ്ഞു
" നീയാണ് ഞങ്ങളുടെ ദൈവം,
ഞങ്ങടെ ജീവൻ  നില നിർത്തുന്നവൻ"
ഞാൻ പുളകിതനായി
മേലാകെ കോരിത്തരിച്ചു.

വായുവിൽ നിന്നും
ഉച്ഛശ്വാസങ്ങളെല്ലാം ഞാൻ വലിച്ചെടുത്തു
എന്റെ ഉള്ളിലിട്ട് അതിനെ വൃത്തിയാക്കി
ശ്വാസ വായു ഞാൻ പുറത്തേക്ക് വിട്ടു.
അതും വലിച്ചു കൊണ്ട്
ചിലർ മരങ്ങൾ വെട്ടി വൃത്തിയാക്കി
ചിലർ കണ്ടില്ലെന്ന് നടിച്ചു
മറ്റ് ചിലർ തിരിഞ്ഞ് നോക്കാതെ പോയി
ശ്വാസ വായുവിനായി എല്ലാരും
ദൈവത്തിന് സ്തുതി പാടി...

കാലം കഴിഞ്ഞു
ഞാൻ വയസ്സായി
പഴുത്ത്, ഉണങ്ങി, താഴെ വീണു
ആരോ അധികാരി പറയുന്നത് കേട്ടു
" നാശം, ഇവിടെ എല്ലാം വൃത്തികേടാക്കി.
വാരിക്കളയെടോ, ഉണങ്ങിയ ഇലകളെ.
ചുട്ട് ചാമ്പലാക്കൂ,
അല്ലെങ്കിൽ കുഴിച്ച് മൂടൂ,
മണ്ണിനെങ്കിലും വളമാകട്ടെ".

ഇന്ന് തെരുവിൽ
നീതിയ്ക്കായി കരയുന്ന
കർഷകരും ഒരുതരം
ഇലകൾ തന്നെയല്ലേ......?


കേണൽ രമേശ് രാമകൃഷ്ണൻ
13 Dec 2020



Tuesday, December 8, 2020

കുഞ്ഞൂള്ളയുടെ മൗനം



കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്ന് രണ്ട് ആകുന്നതിന് മുൻപുള്ള കാലം. നമ്മുടെ സഖാവ് കുട്ടൻ മേശിരി പതിവ് പോലെ രാവിലെ ആറ് മണിക്ക് ജംഗ്ഷനിൽ പോയി ചായ കുടിക്കാനും അന്നത്തെ ജനയുഗം ദിനപത്രം വായിച്ചു കേൾക്കാനും ആയി വീട്ടിൽ നിന്നും ഇറങ്ങി. 

സഹകരണ സംഘം ഓഫീസിന്റെ വരാന്തയിൽ ഒരാൾ ഉടുത്തിരുന്ന കൈലിയും പുതച്ചു കിടന്നുറങ്ങുന്നു. കഴിഞ്ഞ മൂന്നാല് ദിവസമായി ഇതേ കാഴ്ചയാണ് കാണുന്നത്. കണ്ടപ്പോൾ ആ നാട്ടുകാരൻ അല്ലെന്ന് മനസ്സിലായി. കുലുക്കി വിളിച്ചു ചോദിച്ചു

“ നീ ആരാ ? എന്തിനാ ഇവിടെ കിടന്നുറങ്ങുന്നത് ?”

ചാടിയെഴുന്നേറ്റ്  കൈലി നേരേ ഉടുത്ത് കൊണ്ട് അയാൾ പറഞ്ഞു

“ ഞാൻ കുഞ്ഞൂള്ള. കുറെ ദൂരേന്ന്  വന്നതാ. കിടന്നുറങ്ങാൻ ഒരിടം ഇല്ലാഞ്ഞാ ഇവിടെ കിടന്നുറങ്ങിയത്. “

പറയുന്നത് സത്യമാണെന്ന് കുട്ടൻ മേശിരിക്ക് മനസ്സിലായി. കൂടെ വിളിച്ചു കൊണ്ട് പോയി ചായ വാങ്ങി കൊടുത്തു. ചായ കുടിക്കുന്നതിനിടയിൽ ചോദിച്ചു

“ഇതെന്തൊരു പേരെടേ , കുഞ്ഞൂള്ള ?”

കുഞ്ഞൂള്ള തന്റെ കഥ പറഞ്ഞു. അങ്ങ് പുത്തൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ആണ് ജനനം. പാടത്ത് പണിയെടുക്കുന്ന ഒരു പാവം കുടുംബം.  കുറവൻ ജാതിക്കാരി ആയിരുന്നു അമ്മ. അച്ഛനെപ്പറ്റി അറിയില്ല. ആ തള്ള ഒന്നും പറഞ്ഞതുമില്ല. പിഴച്ചു പെറ്റവൻ എന്ന് പേര് കേട്ട്  കേട്ട്  മടുത്തു. ഒരു ദിവസം ആ കാര്യം പറഞ്ഞ് തള്ളയുടെ കൂടെ ഒരുപാട് വഴക്കിട്ടു. പാതിരാത്രിയിൽ എപ്പോഴോ, ആ തള്ള അടുത്തുള്ള പൊട്ടക്കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ആരോടും ഒന്നും പറയാതെ.

രണ്ട് ദിവസം കഴിഞ്ഞാണ് ശവം കണ്ടെത്തിയത്. പഞ്ചായത്തുകാർ പുറമ്പോക്ക് ഭൂമിയിൽ ശവം കുഴിച്ചു മൂടി. 

കുഞ്ഞൂള്ള അന്ന് ഒരുപാട് കരഞ്ഞു. അമ്മ മരിച്ചു പോയി എന്നതിൽ ഏറെ ദുഃഖം, ഒരിക്കലും അച്ഛൻ ആരാണെന്ന് അറിയാൻ ഇനി ഒരു മാർഗ്ഗം ഇല്ല എന്നതായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് കുഞ്ഞൂള്ള നാട് വിട്ടു. അങ്ങനെയാണ് ഇവിടെ എത്തിയത്.

ജനിച്ചു കഴിഞ്ഞപ്പോൾ ചക്കി ( കുഞ്ഞൂള്ളയുടെ തള്ള) കുഞ്ഞിന് ‘കുഞ്ഞുപിള്ള’ എന്ന് പേരിട്ടു. അത് എന്തുകൊണ്ടാണ് ചോദിച്ചിട്ട് ചക്കി ഒരു മറുപടിയും പറഞ്ഞില്ല. പക്ഷേ നാട്ടുകാർക്ക്, വിശേഷിച്ചും ഉയർന്ന ജാതിക്കാർക്ക് ഒരു കുറവൻ ചെറുക്കനെ ‘പിള്ള’ എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ആയി. അവർ അവന്റെ പേര് ചുരുക്കി ‘കുഞ്ഞൂള്ള’ എന്നാക്കി.

പേരിന്റെ കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കൂഞ്ഞൂള്ളയുടെ കണ്ണ് നിറയുന്നത് കുട്ടൻ മേശിരി കണ്ടു. മേശിരി കുഞ്ഞൂള്ളയുടെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു

“ സാരമില്ല, ഇപ്പോൽ നിനക്ക് ആവശ്യം രണ്ടാണ്. ഒന്നാമത്തേത് തല ചായ്ക്കാൻ ഒരു ഇടം. പിന്നെ എന്തെങ്കിലും ഒരു വരുമാനം. നോക്കട്ടെ “

അന്ന് വൈകുന്നേരത്തെ പാർട്ടി മീറ്റിംഗിൽ തന്നെ കുട്ടൻ മേശിരി പ്രശ്നം അവതരിപ്പിച്ചു. ഒരു നീണ്ട ചർച്ചയ്ക്ക് ശേഷം അവർ തീരുമാനിച്ചു. കുഞ്ഞൂള്ള തല്ക്കാലം പാർട്ടി ഓഫീസിൽ ഒരു സഹായി ആയി നില്ക്കട്ടെ. ഓഫീസ് തൂക്കാനും, വാരാനും, ചായ കുടിപ്പിക്കാനും, പിന്നെ തോരണം കെട്ടാനും ഒക്കെ ആയി ഒരാൾ. ഒരു ചെറിയ ശമ്പളവും നിശ്ചയിച്ചു. രാത്രിയിൽ ഓഫീസിൽ തന്നെ കിടന്നോട്ടെ എന്നും തീരുമാനം ആയി. കുട്ടൻ മേശിരിയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയാതെ കുഞ്ഞൂള്ള പരുങ്ങുന്നത് കണ്ട് മേശിരി പറഞ്ഞു

“നോക്കിയും കണ്ടും ഒക്കെ നിന്നാൽ നിനക്ക് കൊള്ളാം”.

കുറച്ചു മാസങ്ങൾ കടന്നു പോയി. തന്റെ ജോലി വളരെ നല്ല രീതിയിൽ തന്നെ കുഞ്ഞൂള്ള നിർവ്വഹിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടി അക്കാലത്ത് ഒരു പാവപ്പെട്ടവന്റെ പാർട്ടി ആയിരുന്നു. അണികളിൽ നിന്നും കിട്ടുന്ന വരിസംഖ്യ ആയിരുന്നു വരുമാനം. പിന്നെ നേതാക്കൾ അവരവരുടെ പോക്കറ്റിൽ നിന്നും ചെലവഴിക്കുന്ന പൈസ. അതുകൊണ്ട് കുഞ്ഞൂള്ളയ്ക്ക് സ്ഥിരമായി ശമ്പളം കൊടുക്കുന്നത് ബുദ്ധിമുട്ട് ആയി. അതുപോലെ തന്നെ ഓഫീസിൽ ഉള്ള താമസവും. പാർട്ടി സെക്രട്ടറി കുട്ടൻ മേശിരിയോട് കാര്യം പറഞ്ഞു.

മേശിരി പറഞ്ഞു 
“നോക്കട്ടെ”

രണ്ട് ദിവസം കഴിഞ്ഞ് കായൽ വാരത്തുള്ള ഒരു ചകിരി മില്ലിൽ ഒരു സഹായിയുടെ ജോലി, കുട്ടൻ മേശിരി കുഞ്ഞൂള്ളയ്ക്ക് സംഘടിപ്പിച്ചു കൊടുത്തു. കുറഞ്ഞ ഒരു ശമ്പളത്തിൽ. കിടന്നുറങ്ങാൻ ഒരിടം വീണ്ടും പ്രശ്നമായി. തല്ക്കാലം ചകിരി മില്ലിന്റെ വരാന്തയിൽ കൂടാൻ കുട്ടൻ മേശിരി പറഞ്ഞു.

ഒരു ദിവസം മേശിരി കുഞ്ഞൂള്ളയെ വിളിച്ചു പറഞ്ഞു

“ ആ ചെല്ലപ്പൻ പിള്ളയുടെ പുരയിടത്തിൽ ഒരു കുടിലുണ്ട്. വയസ്സായ ഒരു വേട സ്ത്രീ , കറുമ്പി, ആണ് താമസം. ഇന്നലെ അവരെന്നെ കാണാൻ വന്നിരുന്നു. കുടികിടപ്പിന്റെ കാര്യം പറയാൻ. ഞാൻ അവരോട് നിന്റെ കാര്യം പറഞ്ഞു. ഒരുവിധം സമ്മതിപ്പിച്ചു. ആ കുടിലിന്റെ വരാന്തയിൽ നിനക്ക് കിടക്കാം “.
എന്തോ പെട്ടെന്ന് ആലോചിച്ചിട്ട് മേശിരി തുടർന്നു

“ പിന്നൊരു കാര്യം. വയസ്സായ ഒരു പാവം തള്ളയാണ് അവര്. കൂടെ പ്രായമായ ഒരു വളർത്തു മോളുണ്ട്. അവർക്ക് നീ ഒരു ശല്യമാകരുത്. മനസ്സിലായോ ?”

“ ശരി സഖാവേ “. കുഞ്ഞൂള്ള തല താഴ്ത്തി പറഞ്ഞു. 

തന്നെ ' സഖാവേ' എന്ന് വിളിക്കുന്നത് മേശിരിക്ക് വലിയ ഇഷ്ടമാണ്. അവർക്ക് വേണ്ടി എന്തും ചെയ്യും.

ജാതി വ്യത്യാസം, താഴ്ന്ന ജാതിക്കാർക്കിടയിലും പ്രബലമായിരുന്ന കാലമായിരുന്നു അത്. കുറവരാണോ വേടരാണോ കൂടുതൽ താഴ്ന്ന ജാതിക്കാർ എന്ന തർക്കം നിലനിന്നിരുന്നു. കൂടുതൽ കറുത്തവർ വേടരാണെന്നും അതുകൊണ്ട് അവരാണ് താഴ്ന്ന ജാതി എന്ന് കുറവരും , അതല്ല, ജാതിപ്പേര് തന്നെ കുറഞ്ഞതായത് കൊണ്ട് കുറവാരാണ് കൂടുതൽ താഴ്ന്ന ജാതി എന്ന് വേടരും തർക്കിച്ചിരുന്നു. ഈ തർക്കം നിലനിൽക്കവെ  കറുമ്പിത്തള്ള പറഞ്ഞു.

“പെരയ്ക്കാത്ത് കേറിയേക്കര്ത്. പിന്നെ, പെണ്ണിനെയെങ്ങാനും കേറിപ്പിടിച്ചാ, എരിഞ്ഞ് കളയും നിന്റെ മറ്റേത്. ആ വരാന്തയുടെ മൂലയിലെങ്ങാനും കെടന്നോ. സഖാവ് പറഞ്ഞോണ്ടാ, ഞാൻ തമ്മസിച്ചെ”.

കുഞ്ഞൂള്ളയ്ക്ക് വലിയ സന്തോഷമായി. അന്ന് തന്നെ അങ്ങോട്ട് താമസം മാറുകയും ചെയ്തു. സാധനങ്ങളായി ഒരു പഴയ പുല്പ്പായും സഞ്ചിയിൽ കുറെ ഉടുതുണികളും മാത്രം. രാത്രിയിൽ ഒന്ന് തല ചായ്ക്കാൻ ഒരിടം കിട്ടി.

നീലിക്ക് പ്രായം ഇരുപത് കഴിഞ്ഞിരുന്നു. കറുമ്പിയുടെ അകർന്ന ബന്ധത്തിൽ ഉള്ളതാണ്. കുട്ടിക്കാലത്തേ തന്നെ അനാഥയായ കുട്ടി. ഒരു കൂട്ടിനായി കറുമ്പി കൊണ്ടു വന്നതാണ്. പിന്നീട് തിരികെ പോയില്ല. വളർന്നപ്പോൾ തൊണ്ട് തല്ലുന്ന ജോലിയ്ക്കായി കൂടെ കൂട്ടി. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് രണ്ട് പേരും ജീവിച്ചു. 

നല്ല കറുപ്പാണെങ്കിലും ഒരുപാട് അംഗലാവണ്യം ഉള്ള പെണ്ണായിരുന്നു നീലി. യുവത്വം തുളുമ്പുന്ന സൗന്ദര്യം. ആരോടും ഒന്നും കൂടുതൽ മിണ്ടണ്ടാ എന്ന് കറുമ്പി പറഞ്ഞു കൊടുത്തിട്ടുണ്ട്. അതനുസരിച്ച് ജീവിച്ചു.

ഇതിനിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം വന്നു. താമസിയാതെ തന്നെ ഭൂപരിഷ്കരണ നിയമവും. കുടികിടപ്പുകാർക്ക് മണ്ണിനവകാശം സ്ഥിരീകരിച്ചു. കുട്ടൻ മേശിരിയുടെ കഠിനാദ്ധ്വാനം മൂലം നാട്ടിൽ പല പാവപ്പെട്ടവർക്കും കുടികിടപ്പ് കിട്ടി.
കറുമ്പിത്തള്ളയ്ക്കും കിട്ടി രണ്ട് സെന്റ് ഭൂമിയ്ക്ക് അവകാശം. ചെല്ലപ്പൻ പിള്ള ഒരുപാട് എതിർത്തു. കുട്ടൻ മേശിരിയോട് വഴക്കിട്ടു.

“ ഞാൻ കാണിച്ചു തരാം” എന്ന് ഭീഷണിയും പെടുത്തി.

പട്ടയത്തിനുള്ള അപേക്ഷ ഒപ്പിടീപ്പിക്കാൻ വന്ന കുട്ടൻ മേശിരിയോട് കറുമ്പി  പറഞ്ഞു

“ നിക്കെന്തോന്നിനാ സഹാവേ മണ്ണ് ? ഈ പെണ്ണിന് കൊടുത്തേരെ.”

അങ്ങനെ രണ്ടു സെന്റ് ഭൂമിയുടെ പട്ടയം, നീലിയ്ക്ക് കിട്ടി. പാവപ്പെട്ടവരുടെ ഇടയിൽ കുട്ടൻ മേശിരി ഒരു ദൈവദൂതനായി.

കാലം കടന്നു പോയി. ഓണം കഴിഞ്ഞ ഒരു ദിവസം തൊണ്ട് തല്ലുന്നതിനിടയിൽ കറുമ്പി തല കറങ്ങി വീണു മരിച്ചു. നീലി അപ്പോൾ കൂടെയുണ്ടായിരുന്നു. ഒരുപാട് കരഞ്ഞു. പാർട്ടിക്കാർ എല്ലാം ചേർന്ന് ചെല്ലപ്പൻ പിള്ളയുടെ പുരയിടത്തിന്റെ ഒരു മൂലയ്ക്ക് അടക്കം ചെയ്തു. 

നീലി തികച്ചും ഒറ്റപ്പെട്ടു. ഒരു ബന്ധുക്കളും തീരിഞ്ഞു നോക്കിയില്ല. അവസാനം കുട്ടൻ മേശിരി പറഞ്ഞതനുസരിച്ച് കുഞ്ഞൂള്ള നീലിയെ കല്യാണം കഴിക്കാൻ സമ്മതിച്ചു. നീലിയ്ക്കും എതിർപ്പൊന്നും ഇല്ലെന്ന് പറഞ്ഞു. അങ്ങനെ പാർട്ടി ഓഫീസിൽ വച്ച് ചുവന്ന നൂലിന്റെ രക്തഹാരം ചാർത്തി അവർ ദമ്പതികൾ ആയി. പാർട്ടിക്കാർ കുറെ പാത്രങ്ങൾ അവർക്ക് സമ്മാനമായി കൊടുത്തു. സന്തോഷമായി അവരുടെ ജീവിതം തുടങ്ങി. പിറ്റേന്ന് തന്നെ രണ്ടു പേരും ജോലിക്ക് പോയി തുടങ്ങി.

കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം, നീലി അടുത്ത തെങ്ങിന്റെ ചുവട്ടിൽ ഇരുന്നു ഛർദ്ദിക്കുന്നത് കണ്ടു. ദഹനക്കേടായിരിക്കും എന്നാണ് ആദ്യം കരുതിയത്. തുടർച്ചയായി ഛർദ്ദിക്കുന്നത് കണ്ട് സങ്കടം തോന്നി. വെറുതെ തമാശ പോലെ ചോദിച്ചു

“ എന്തോന്നാടീ, വയറ്റിലൊണ്ടോ ?”

കണ്ണ് അടച്ച് കൊണ്ട് നീലി തല കുലുക്കി. ഒരലർച്ചയോടെ കുഞ്ഞൂള്ള ചാടിയെഴുന്നേറ്റു. പെട്ടെന്ന് എന്തോ ആലോചിച്ച് തരിച്ചങ്ങനെ നിന്നും പോയി. കുഞ്ഞൂള്ള  തന്റെ അമ്മ ചക്കിയെ ഓർത്തു പോയി. തന്നോട് വിധി ചെയ്യുന്ന ക്രൂരത ഓർത്ത് കണ്ണിൽ രക്തം ഇരച്ചു കയറി. അയാൾ നീലിയുടെ മുഖം ഉയർത്തിക്കൊണ്ട് പറഞ്ഞു

“ ഈ കൊച്ചിന്റെ തന്ത ആരാന്ന് ഒരിക്കലും എന്നോട് പറയരുത്. ഞാൻ അവനെ കൊല്ലും”.

ഒരു കൊടുങ്കാറ്റ് പോലെ കുഞ്ഞൂള്ള വീട്ടിൽ നിന്നും ഇറങ്ങി ഓടി. ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ഒരുപാട് നെരം ഏങ്ങിയേങ്ങി കരഞ്ഞു.

അന്ന്, പട്ടയം കിട്ടിയിട്ട് കുറെ ദിവസം കഴിഞ്ഞിരുന്നു. നീലിയ്ക്ക് ഒരു പനി. കറുമ്പി പറഞ്ഞു അന്ന് ജോലിക്ക് പോകണ്ടാ, കിടന്നുറങ്ങിക്കോളൂ എന്ന്. ആരും വീട്ടിൽ വരില്ല എന്ന വിശ്വാസത്തിൽ കതക് ചാരിയിട്ട് നീലി  ഒരു കൈലിയും പുതച്ചു കിടന്നുറങ്ങി. 

പെട്ടെന്ന് ആരോ നീലിയെ കയറി പിടിച്ചു. കണ്ണ് തുറന്ന് നോക്കിയപ്പോൾ മുന്നിൽ ചെല്ലപ്പൻ പിള്ള. അയാളുടെ കയ്യിൽ നിവർത്തിയ ഒരു കത്തി. കത്തിയുടെ മുന നീലിയുടെ കഴുത്തിൽ വച്ച് കൊണ്ട് പറഞ്ഞു

“ മിണ്ടിപ്പോകരുത് ! കീറി മുറിക്കും ഞാൻ !”

നീലിയുടെ ശബ്ദം പുറത്തു വന്നില്ല. നിവർത്തിയ കത്തി അടുത്ത് വെച്ചിട്ട് അയാൾ പൈശാചികമായി അവളെ ബലാത്സംഗം ചെയ്തു. എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് മുണ്ട് മടക്കി ഉടുക്കുന്നതിനിടയിൽ പറഞ്ഞു.

“ രണ്ട് സെന്റ് പറമ്പിന്റെ വിലയായി കൂട്ടിക്കോ. കൊച്ചൊണ്ടാകുന്നേൽ അതിനെയും നീ വെച്ചോ “ 

ഏതോ വലിയ ഒരു കാര്യം ചെയ്ത സംതൃപ്തിയുടെ അയാൾ ഇറങ്ങി പോയി. 

നീലിയ്ക്ക് സമനില വീണ്ടെടുക്കാൻ കുറെ നേരം എടുത്തു. വൈകുന്നേരം കറുമ്പി വേല കഴിഞ്ഞ് തിരിച്ചു വന്നു. എന്തോ പന്തികേട് ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി. കുറെ നിർബന്ധിച്ചപ്പോൾ നീലി കരഞ്ഞു കൊണ്ട് എല്ലാം തുറന്നു പറഞ്ഞു. കറുമ്പി നീലിയെ കെട്ടിപ്പിടിച്ചു കൊണ്ട് ഒരുപാട് കരഞ്ഞു. പിന്നെ ചെല്ലപ്പൻ പിള്ളയെയും കുടുംബത്തിനെയും ഒരുപാട് പിരാകി.
പിറ്റേദിവസമാണ് തൊണ്ട് തല്ലുന്നതിനിടയിൽ ഹൃദയസ്തംഭനം മൂലം കറുമ്പി മരിച്ചത്.

രാത്രിയിൽ ഏറെ ഇരുട്ടിയാണ് കുഞ്ഞൂള്ള പുരയിൽ തിരിച്ചു വന്നത്. കരഞ്ഞു കൊണ്ടിരുന്ന നീലിയോട് ഒന്നും മിണ്ടിയില്ല. പിറ്റേന്നും മിണ്ടിയില്ല. അതിന്റെ പിറ്റേന്നും. അങ്ങനെ മൗനം പാലിച്ച് അവർ ആ പുരയിൽ ജീവിച്ചു. രണ്ട് പേരും രാവിലെ ജോലിക്ക് പോകും വൈകിട്ട് തിരികെ വരും. എന്തെങ്കിലും ആഹാരം ഉണ്ടാക്കും, കഴിക്കും , കിടന്നുറങ്ങും. 

ഗർഭം ഏകദേശം ആറ് മാസം കഴിഞ്ഞതോടെ ഇനി ജോലിക്ക് പോകണ്ടാ എന്ന് കുഞ്ഞൂള്ള ആംഗ്യം കാണിച്ചു പറഞ്ഞു. നീലി അത് അനുസരിച്ചു.

മാസങ്ങൾ കടന്നു പോയി. ഒരു ഗർഭിണിക്ക് വേണ്ടുന്നതെല്ലാം കുഞ്ഞൂള്ള വാങ്ങി കൊടുത്തു. മിണ്ടിയില്ലെന്ന് മാത്രം.

കൃത്യമായ സമയത്ത് തന്നെ നീലിയ്ക്ക് പേറ്റ്നോവ് തുടങ്ങി. ബുദ്ധിമുട്ടി ആണെങ്കിലും ഒരു ടാക്സി കുഞ്ഞൂള്ള സംഘടിപ്പിച്ചു, കുട്ടൻ മേശിരിയുടെ സഹായത്തോടെ. ടാക്സിയിൽ തന്നെ നിലിയെ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. കൂട്ടിന് ആരും ഇല്ലായിരുന്നു.

ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് നീലി പ്രസവിച്ചു. സുഖപ്രസവം. നല്ല വെളുത്ത സുന്ദരനായ ഒരു ആൺകുട്ടി. കുഞ്ഞിനെ കണ്ടിട്ട് നീലിയുടെ കണ്ണ് നിറഞ്ഞു.

കുഞ്ഞൂള്ള പ്രസവ മുറിയുടെ മുന്നിൽ ആകാംക്ഷയോടെ കാത്ത് നില്ക്കുകയായിരുന്നു.  ഒരു തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കയ്യിൽ കൊടുത്തിട്ട് മിഡ് വൈഫ് പറഞ്ഞു

“ നോക്കിക്കേ, എത്ര സുന്ദരനാണ് നിന്റെ മോൻ ?”

കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ കുഞ്ഞൂള്ള എല്ലാ ദുഖവും മറന്നു. ആരോ തന്നോട് പറയുന്നത് പൊലെ തോന്നി

“ ഇത് നിന്റെ കുഞ്ഞാണ്” 

കുഞ്ഞൂള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു. അണ പൊട്ടി ഒഴുകുന്നത് പോലെ ഒരു ശബ്ദം അയാളുടെ ഉള്ളിൽ നിന്നും പുറത്തു വന്നു.

“മോനേ………”

അതോടെ നിന്നു കുഞ്ഞൂള്ളയുടെ മൗനം.

നീലിയെ വാർഡിലേക്ക് മാറ്റുന്നതിനിടയിൽ , നീലിയുടെ കയ്യിൽ പിടിച്ചു കൊണ്ട് കുഞ്ഞൂള്ള പറഞ്ഞു

“ എന്നോട് പെണങ്ങല്ലേ പെണ്ണേ” 

നീലി ഒന്ന് പുഞ്ചിരിച്ചു.

പ്രസവം കഴിഞ്ഞ് നീലിയും കുഞ്ഞും പുരയിൽ തിരിച്ചെത്തി. കഴിവിനുസരിച്ച് എല്ലാ പ്രസവ രക്ഷയും കുഞ്ഞുള്ള ചെയ്തു കൊടുത്തു.

ഇരുപത്തിയെട്ടാം നാൾ ചരട് കെട്ടിന് മുമ്പ് കുഞ്ഞൂള്ള നീലിയോട് ചോദിച്ചു

“ മോന് എന്തോന്നാടീ പേരിടുന്നെ ?”

കുറച്ച് ആലോചിച്ചതിന് ശേഷം നീലി പറഞ്ഞു

“ കൊച്ചു പിള്ള”

ഒരു ഷോക്കേറ്റ പോലെ തോന്നി കുഞ്ഞൂള്ളയക്ക്….

കേണൽ രമേശ് രാമകൃഷ്ണൻ
08 Dec 2020
.

Friday, November 27, 2020

ഒരു സംവാദം



ഭർത്താവ് :

വരൂ സഖീ
എന്നെ മുറുകെ പിടിച്ചോളൂ
വീഴില്ല നീ, ഞാൻ വീഴാത്തിടത്തോളം.
എന്റെ ഏല്ലിലും മജ്ജയിലും
രക്തത്തിലും മാംസത്തിലും
ഒരിറ്റു ജീവൻ ബാക്കി നിൽക്കവേ
സംരക്ഷണത്തിലാണ് നീ
ഈ സതീർത്ഥന്റെ.
ഒരുപാട് ദൂരം ബാക്കിയുണ്ടിനിയും.
യാത്ര തുടർന്നോളൂ
ഒട്ടും തളരാതെ...

ഭാര്യ :

വിടപറയാൻ ഇനി നേരമുണ്ടെന്നാലും,
വിരഹിണി രാധ ആകാൻ എനിക്കിഷ്ടമല്ല.
വിരലുകൾ പിടിച്ചു തുടങ്ങിയ ഈ ജീവിതം,
വിധിയുടെ കൈകളിൽ എത്താൻ സമയമായി,
മരണം വന്നെന്നെ മാടി വിളിക്കുമ്പോൾ
മടിയിൽ കിടന്ന് ഞാൻ
കണ്ണുകളിൽ നോക്കുമ്പോൾ
കരയാതെ എന്നെ നീ
യാത്ര അയക്കണം.
ആ പുഞ്ചിരിക്കുന്ന മുഖം മാത്രം എൻ ഓർമ്മയിൽ നില്ക്കണം
അടുത്ത ജന്മത്തിൽ
തിരിച്ചറിയാനായി..

കേണൽ രമേശ് രാമകൃഷ്ണൻ
28 Nov 2020.

Saturday, November 21, 2020

മീനുക്കുട്ടിയുടെ പൊടിക്കൈ



മീനുക്കുട്ടി  സുന്ദരിയായ ഒരു മിടുക്കിയാണ്. ഒരു ചുറുചുറുക്കുള്ള കുട്ടി. എപ്പോഴും ഇങ്ങനെ ഓടിച്ചാടി നടക്കുന്ന പ്രകൃതം. യവ്വനത്തിലേക്ക് കാലെടുത്തു വെക്കുന്ന  പ്രായം. അതായത് പതിനൊന്നു വയസ്സ്.  നമ്മുടെ പുത്തൻ വീട്ടിലെ ചന്ദ്രൻ സാറിന്റെയും ഭാര്യ പ്രശാന്തിയുടെയും ഒരേയൊരു മകൾ. ലാളിച്ചു വളർത്തുന്ന കുട്ടി.

മീനു രാവിലെ ഏഴു മണിക്ക് സ്കൂളിൽ പോകും. ഉച്ചയ്ക്ക് മൂന്നു മണിക്ക് തിരികെ വരും. 

ചന്ദ്രൻ സാറ് രാവിലെ എട്ടിന് ഓഫീസിൽ പോയാൽ വൈകിട്ട് ആറിനാണ് തിരികെ വീട്ടിൽ എത്തുന്നത്. പ്രശാന്തിക്കാണെങ്കിൽ വീട്ടിൽ പെരുത്ത ജോലിയുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒന്ന് ഉറങ്ങുന്നത് പതിവാണ്. ആ സമയത്താണ് മീനുക്കുട്ടി കളിക്കാൻ ഇറങ്ങുന്നത്. അയൽപക്കത്തെ ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ വരും കളിക്കാൻ. പരിസരത്തെല്ലാം ഓടി നടന്നു കളിക്കും. മിക്കവാറും പ്രശാന്തി വിളിച്ചു പറയും

“മോളേ സൂക്ഷിക്കണേ. പ്രായമറിയിക്കാൻ പോണ പെണ്ണാണ് നീ”

ഓടിക്കൊണ്ട് തന്നെ മീനു  വിളിച്ചു പറയും

“ സാരമില്ല അമ്മേ. ഞാൻ വീഴാതെ സൂക്ഷിക്കാം”. 

കളി എല്ലാം കഴിഞ്ഞ് മീനു , വീടിന്റെ പുറകു വശത്തെ തൊഴുത്ത് പുരയിൽ പോയി കറുമ്പി പശുവിനെയും മകൻ മൂരിക്കുട്ടനെയും ഒന്ന് തടവി ലാളിച്ചിട്ടേ വീടിന്റെ ഉള്ളിൽ കയറൂ.

 കൂട്ടുകാരിൽ പടിഞ്ഞാറ്റേ വീട്ടിലെ സുഷമയാണ് ഏറ്റവും അടുത്ത സഖി. തെക്കേ പറമ്പിലെ സോമനാണെങ്കിൽ എപ്പോഴും മീനുവിന്റെ  ടീമിലേ കളിക്കൂ. ഒരിക്കൽ ഒറ്റയ്ക്ക് കണ്ടപ്പോൾ സോമൻ പറഞ്ഞു

“ എനിക്ക് മീനുവിനെ വലിയ ഇഷ്ടമാണ്”. 

മീനു പറഞ്ഞു

“ എനിക്കും എല്ലാരേം വലിയ ഇഷ്ടമാണ്” 

എന്നിട്ട് സുഷമയുടെ അടുത്തേക്ക് ഓടിപ്പോയി.

പിന്നീട് ഒരു ദിവസം സോമൻ പറഞ്ഞു

“ നമുക്ക് ഗുസ്തി പിടിച്ചു കളിക്കാം ?” .

 മീനുവിനെ അവൻ വെല്ലുവിളി നടത്തി. ഗുസ്തി പിടിക്കുന്നതിനിടയിൽ സോമൻ മീനുവിനെ എവിടൊക്കെയോ പിടിച്ചു. പിന്നെ കെട്ടിപ്പിടിച്ചു. കുതറി മാറി മീനു ചോദിച്ചു

 “ സോമാ, നീ എന്തിനാ അങ്ങനെ ഒക്കെ പിടിക്കുന്നെ ?” 

ചിരിച്ച് കൊണ്ട് സോമൻ പറഞ്ഞു

“അയ്യോ മീനൂ, ഗുസ്തിയിൽ അങ്ങനെയാണ്. നമുക്ക് എവിടെ വേണമെങ്കിലും പിടിക്കാം. മീനുവും എന്നെ എവിടെ വേണമെങ്കിലും പിടിച്ചോളൂ”

“ ദേ, ഒരു കടി ഞാൻ വച്ച് തരും” 

എന്ന് പറഞ്ഞു കൊണ്ട് സുഷമയോടൊപ്പം കല്ല് കളിക്കാനായി മീനു ഓടിപ്പോയി.

കുറെ നാൾ അങ്ങനെ കഴിഞ്ഞു പോയി. മീനുക്കുട്ടി കുറേക്കൂടി സുന്ദരിയായി. അംഗലാവണ്യം കൂടുതൽ വർദ്ധിച്ചു.

ഒരുദിവസം മീനുവിനെ ഒറ്റയ്ക്ക് കണ്ടപ്പോൾ സോമൻ പറഞ്ഞു

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ ?”

മീനു പറഞ്ഞു 
“ ചോദിച്ചോളൂ, കണക്കിന്റെ സംശയമാ ?”

സോമൻ നിക്കറിന്റെ പോക്കറ്റിൽ നിന്നും ഏതോ ഇംഗ്ലീഷ് മാസികയിൽ വന്ന ഒരു പരസ്യം ഉള്ള ഒരു കടലാസ് മീനുവിനെ കാണിച്ചു. അതിൽ ഒരു സുന്ദരി ബ്രേസിയറും  പാന്റിയും മാത്രം ധരിച്ച് ചിരിച്ചു കൊണ്ട് നില്ക്കുന്നു. സോമൻ ചോദിച്ചു 

“ മീനുവിനുണ്ടോ ഇതുപോലുള്ള ഡ്രസ്സ് ?”

ചിരിച്ച് കൊണ്ട് മീനു പറഞ്ഞു

“ ഉണ്ടല്ലോ ! ഈയിടെ അമ്മ  മൂന്നാല് ജോഡി വാങ്ങിച്ചു തന്നു “.

സോമൻ തുടർന്നു. 

“ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ, മീനു ആരോടെങ്കിലും പറയുമോ ?”

ഒന്ന് ആലോചിച്ചിട്ട് മീനു പറഞ്ഞു.

“ ഇല്ല. പെട്ടെന്ന് ചോദിക്ക്, എനിക്ക് പോണം.”

അല്പം വിറയിലോടെ സോമൻ പറഞ്ഞു 

“ ഞാൻ ഇതുവരെ ഒരു പെണ്ണിനെയും ബ്രേസിയറും പാന്റിയും ഇട്ട് കണ്ടിട്ടില്ല. ഒരു വലിയ ആഗ്രഹമാണ്. മീനു അത് മാത്രം ഇട്ടിട്ട് എന്നെ കാണിക്കുമോ ?”.

 എന്നിട്ട് തല കുനിച്ച് അങ്ങനെ നിന്നു.

മീനു കുറെ നേരം ആലോചിച്ചതിന് ശേഷം പറഞ്ഞു.

“ശരി. കാണിക്കാം. പക്ഷേ മറ്റാരും അറിയരുത്. പിന്നെ ഇയാളും ഒരു കാര്യം ചെയ്യണം”.

വളരെ ആകാംക്ഷയോടെ സോമൻ ചോദിച്ചു 

“ ഞാൻ എന്ത് ചെയ്യണം? മീനുവിന് വേണ്ടി മാത്രം ഞാൻ എന്തും ചെയ്യും. “

“ നാളെ ഉച്ച കഴിഞ്ഞ് ഞങ്ങളുടെ വീടിന്റെ പുറകിൽ ഉള്ള തൊഴുത്ത് പുരയുടെ അടുത്ത് വരണം. ഒരു ചുവന്ന നിക്കറ് മാത്രം ഇട്ടുകൊണ്ട്. മറ്റ് ആരോടും പറയല്ലേ “.

സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി സോമന്.

പിറ്റേന്ന് സ്കൂളിൽ വെച്ചേ മീനു കൂട്ടുകാരോട് പറഞ്ഞു അന്ന് കളിക്കാൻ വരേണ്ടാ  എന്ന്.

ഇതിനിടെ സോമൻ അവന്റെ കയ്യിൽ ചുവന്ന നിക്കറ് ഇല്ലാഞ്ഞിട്ട് ഒരു കൂട്ടുകാരന്റെ കയ്യിൽ നിന്നും കടം വാങ്ങി ധരിച്ച് പറഞ്ഞ സമയത്തിന് മുമ്പേ  തൊഴുത്തിന്റെ സമീപത്ത് വന്നു നിന്നു.

പറഞ്ഞത് പോലെ മീനു വീടിന്റെ പുറകു വശത്തെ വാതിൽ തുറന്ന് തൊഴുത്തിന്റെ അടുത്തെത്തി. ഒരു പാവാടയും ഉടുപ്പും ധരിച്ച് കൊണ്ട്.

സോമൻ ചോദിച്ചു

“ഞാൻ പറഞ്ഞ കാര്യം ?”

മീനു അടുത്ത് വന്ന് രഹസ്യമായി  പറഞ്ഞു

“ ഉണ്ട്, അടിയിൽ ഇട്ടിട്ടുണ്ട്”.

സോമനെ വെളിയിൽ നിർത്തിയിട്ട് മീനു തൊഴുത്ത് പുരയുടെ വാതിൽ തുറന്ന് അകത്തു കയറി. കതകടച്ചു. കുറെ നേരം കഴിഞ്ഞ് പുറത്ത് വന്നു. എന്നിട്ട് പതിയെ പറഞ്ഞു

“ഇയാള് അകത്തു കയറി ഇരിക്ക്. ആരും കാണാതെ ഞാൻ വരാം”.

പറഞ്ഞു തീരാത്ത താമസം, സോമൻ അകത്തു കയറി. പെട്ടെന്ന് തന്നെ മീനു കതക് പുറത്ത് നിന്നും കുറ്റിയിട്ടു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ തൊഴുത്തിൽ നിന്നും ഓടുന്ന ശബ്ദം കേട്ടു. വാതിൽ തുറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“ അയ്യോ, അയ്യോ രക്ഷിക്കണേ” എന്ന നിലവിളി കേട്ടു. 

മീനു കതകിന്റെ കുറ്റി മാറ്റിയിട്ട് വീട്ടിലേക്ക് ഓടി.

അടുക്കളയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സോമൻ  ഓടി പോകുന്നത് കണ്ടു. ചന്തിയിൽ നിന്നും കാലിലൂടെ രക്തം ഒലിപ്പിച്ച് കൊണ്ട്.

കുറച്ചു നേരം കഴിഞ്ഞ് മീനു തൊഴുത്തിൽ പോയി അഴിച്ചു വിട്ടിരുന്ന മൂരിക്കുട്ടനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു. കൊമ്പിന്റെ അറ്റത്ത് പുരണ്ടിരുന്ന രക്തം തുടച്ചു വൃത്തിയാക്കി. എന്നിട്ട് അവനെ കെട്ടിയിട്ടു.

പിന്നീട് ഒരിക്കലും സോമൻ...,.

കേണൽ രമേശ് രാമകൃഷ്ണൻ
22 Nov 2020

Friday, November 20, 2020

വാളുമായി ഞാൻ.



നില്ക്കുകയാണു ഞാൻ
വാളോങ്ങി.

മുന്നിലൂടതാ കടന്നു പോകുന്നവർ
കാപാലികരായ തെമ്മാടികൽ.

സന്യാസിയുണ്ടതിൽ രാഷ്ട്രീയക്കാരനു൦
അണ്ടനു൦ അടകോടനു൦
തെണ്ടിയു൦ കൊച്ചു ചെക്കനു൦.

കയ്യിലുണ്ടോരോ പെങ്കിടാങ്ങള്.

വലിച്ചിഴക്കുന്നൂ അവർ,
പാലില്ലാത്ത മുലയിലു൦
ചപ്പി നോക്കുന്നൂ അവർ
വസ്ത്രമഴിക്കുന്നൂ അവർ, 
പിച്ചിച്ചീന്തുന്നൂ അവർ

എത്രയായാലു൦ മതി വരാതെ.

ഭോഗിക്കുന്നൂ അവർ,
സ൦ഗ൦ ചെയ്യന്നൂ അവർ
ഒറ്റയ്ക്കു൦ പിന്നെ മാറി മാറിയു൦

ശവ ശരീരത്തെയു൦
പാതിശ്ശവത്തേയു൦.

എന്നിട്ടതാ ചാക്കിട്ട് മൂടുന്നു, 
പെട്രോൾ ഒഴിക്കുന്നു
കത്തിച്ചു കളയുന്നു ശവ ശരീരത്തിനെ

പിന്നെ പാതി ചാവാത്ത നഗ്ന മേനിയെയു൦.

ചുറ്റും ഇരിക്കുന്നു, കള്ള് കുടിക്കുന്നു,
ചുണ്ട് തുടയ്ക്കുന്നു , അട്ടഹസിക്കുന്നു.

നോക്കി നിൽക്കുന്നു ഞാൻ
വാളോങ്ങി

ഉണ്ടനേക൦ എന്നോടൊപ്പ൦
വാളോങ്ങി.

ജനാധിപത്യമെന്ന വാളാണ്
മുനയില്ലാ, മൂർച്ചയില്ലാ,
മുളയാണിയിട്ടുറപ്പിച്ച പിടിയാണ്.

ഓങ്ങാനുള്ള വാളല്ലേ, വെട്ടിയാലൊടിഞ്ഞു പോകില്ലേ ?.

എവിടെയാണ് കണ്ണു കെട്ടിയ നീതി ദേവത,
കറുത്ത ഉടുപ്പിട്ട ന്യായാധിപൻ
കാക്കി ഉടുപ്പിട്ട നീതി പാലകർ?

തല വെട്ടി മാറ്റില്ലേ, 
തൂക്കിലേറ്റില്ലേ
വെടിവെച്ച് കൊല്ലില്ലേ
ഈ കാപാലികരെ ????

കാത്ത് നിൽക്കുന്നു ഞാൻ
വാളോങ്ങി……

കേണൽ രമേശ് രാമകൃഷ്ണൻ

21 Nov 2020

Thursday, November 19, 2020

വരൂ നമുക്ക് കളിക്കാം.



സഖീ,
നമുക്ക്  ആ മാഞ്ചുവട്ടിൾ
ഓലത്തുമ്പ് കൊണ്ട് ഒരു മാടമുണ്ടാക്കാം
അതിന്റെ ഉള്ളിൽ കവിള് മടൽ കൊണ്ടൊരു കട്ടിലുണ്ടാക്കാം
എന്നിട്ട് അച്ഛനും അമ്മയും കളിക്കാം
കണ്ണാം ചിരട്ടയുടെ പാത്രങ്ങളിൽ 
പച്ചിലകൾ നുറുക്കിയിട്ട്
ചോറും കറികളും വെയ്ക്കാം.
മുല്ല വള്ളിയിൽ തൂങ്ങി നമുക്ക്
ഊഞ്ഞാലാടി രസിക്കാം
പിന്നീട് കടലാസ് കപ്പലുണ്ടാക്കാം
അതിനെ പൂക്കൾ കൊണ്ട് നിറയ്ക്കാം
ഒരു കട്ടുറുമ്പിനെ കപ്പിത്താനാക്കാം
കിണറിന്റെ അരികിലെ ഒഴുക്കുചാലിലൂടെ
വിദേശത്തേക്ക് അയക്കാം
അങ്ങനെ ഒരുപാട് കാശുണ്ടാക്കാം
പീന്നീട് കുഞ്ഞുടുപ്പും പാവയും
ഒരു പന്തും ഒരു പീപ്പീയും
യഥേഷ്ടം നമുക്ക് വാങ്ങാം
കളികളെല്ലാം കഴിഞ്ഞ്
ഞാൻ കട്ടിലിലും
നീ തറയീലും കിടന്നുറങ്ങാം
നമുക്കിന്ന് വയസ്സായെങ്കിലെന്ത്?
നമ്മുടെ ബാല്യം
ഇനിയുമില്ലേ ബാക്കി…?

കേണൽ രമേശ് രാമകൃഷ്ണൻ
20 Nov 2020

Monday, November 16, 2020

വിളവ് കാത്തിരുന്ന മണ്ണിര



രാഘവൻ പിള്ളയ്ക്ക് മണ്ണിനോട് പ്രേമമായിരുന്നു. പിറന്നു വീണത് തന്നെ മണ്ണിലേക്ക് ആയിരുന്നോ എന്ന് തോന്നും അയാളെ കണ്ടാൽ.

ഒരു കർഷകൻ ആയിരുന്ന മാധവൻ പിള്ളയുടെ ഇളയ മകൻ ആയിരുന്നു രാഘവൻ പിള്ള. അച്ഛനും അപ്പുപ്പനും കുടുംബത്തിൽ മിക്കവാറും എല്ലാവരും കൃഷിക്കാർ ആയിരുന്നു. പറമ്പിലും വയലിലും ചെയ്തു പോന്ന എല്ലാ കൃഷികളും അവർ ചെയ്തിരുന്നു. 

കാലം പോയി. മാധവൻ പിള്ളയുടെ മരണശേഷം സ്വത്തുക്കൾ ഭാഗം ചെയ്തു. രാഘവൻ പിള്ളയ്ക്ക്  മുപ്പത്തഞ്ച് സെന്റ് പറമ്പ് ഓഹരിയായി കിട്ടി. ആ മുപ്പത്തഞ്ച് സെന്റിൽ എല്ലാ തരം കൃഷികളും അയാൾ ചെയ്തു. ഒരിഞ്ച് ഭൂമി പോലും വെറുതെ വിടാത്ത കൃഷി.

ഇതിനിടെ കാലം കടന്നു പോയി. കല്യാണപ്രായം ആയി എന്ന് തോന്നിയപ്പോൾ വിവരം കാരണവന്മാരെ അറിയിച്ചു. അടുത്ത ഗ്രാമത്തിലെ സുമതി എന്ന ഒരു പെൺകുട്ടിയുമായുള്ള വിവാഹം നടത്തി കൊടുത്തു.

രാഘവൻ പിള്ളയും സുമതിയും ഒരുമിച്ച് കൃഷി ചെയ്തു. പറമ്പ് കിളച്ചും വിത്ത് പാകിയും, വെള്ളം നനച്ചും, വിളവെടുത്തും അങ്ങനെ ജീവിതം കടന്നു പോയി. ഇതിനിടെ സുമതി മൂന്ന് പ്രാവശ്യം പ്രസവിച്ചു. മൂത്ത രണ്ടു പെൺകുട്ടികൾ  , ഇളയ ഒരു ആൺകുട്ടി. കൃഷിയിൽ നിന്നും കിട്ടിയ തുച്ഛമായ വരുമാനം കൊണ്ട് കുട്ടികളെ വളർത്തി. സമയം ഉള്ളപ്പോൾ അടുത്ത കൃഷിയിടങ്ങളിൽ അവർ കൃഷിപ്പണി ചെയ്തു ജീവിതം കഴിച്ചു കൂട്ടി.

കുട്ടികൾ വളർന്നു. പെൺകുട്ടികൾ പത്താം ക്ലാസ്സ് വരെ പഠിച്ചു. പിന്നീട് പഠിത്തം നിർത്തി. മകൻ പത്താം ക്ലാസ്സ് കഴിഞ്ഞ് ഐ ടി ഐയിൽ ചേർന്ന് ഇലക്ട്രീഷ്യൻ കോഴ്സ് പഠിച്ചു സർട്ടിഫിക്കറ്റ് നേടി.

പെൺകുട്ടികൾ വളർന്നു പുര നിറഞ്ഞ് നില്ക്കുന്നത് കണ്ടപ്പോൾ രാഘവൻ പിള്ളയ്ക്കും സുമതിക്കും ആവലാതി കൂടി. കൃഷി കൊണ്ട് കഷ്ടിച്ച് ജീവിച്ചു എന്നല്ലാതെ മറ്റൊന്നും സമ്പാദിച്ചു വയ്ക്കാൻ ആ കുടുംബത്തിന് കഴിഞ്ഞില്ല. അവസാനം ആകെ ഉണ്ടായിരുന്ന മുപ്പത്തഞ്ച് സെന്റിൽ നിന്നും ഇരുപത് സെന്റ് പറമ്പ് വിറ്റ് രണ്ടു പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുത്തു. ഒപ്പം മകന് ഗൾഫിൽ ഒരു ജോലിയ്ക്ക് വേണ്ടി ഒരു വിസയും സംഘടിപ്പിച്ചു. ഗൾഫിൽ പോകുന്നതിന് മുമ്പ് മകൻ തീർത്തു പറഞ്ഞു.
“ ഈ പതിനഞ്ച് സെന്റ് പറമ്പിൽ കിടന്നു കൃഷി ചെയ്ത് നരകിക്കാൻ ഞാനിനി തിരിച്ചു വരില്ല”.

മകന്റെ വിരഹം സുമതിക്ക് താങ്ങാൻ കഴിഞ്ഞില്ല. മൂന്ന് മാസം കഴിഞ്ഞ് അവർ മരിച്ചു. ശവസംസ്കാരത്തിന് മകന് വരാൻ കഴിഞ്ഞില്ല. രാഘവൻ പിള്ള തികച്ചും ഒറ്റപ്പെട്ടു. വല്ലപ്പോഴും പെൺമക്കൾ വരും. ഒരു ദിവസം കൂടെ നില്ക്കും, എന്തെങ്കിലും വിളവ് ഉണ്ടെങ്കിൽ അതിന്റെ പങ്ക് വാങ്ങി പോകും.

 ഏകാന്തത രാഘവൻ പിള്ളയെ ആകെ അസ്വസ്ഥനാക്കി. എന്നിട്ടും അയാൾ കൃഷി തുടർന്നു.
ഒരു ദിവസം, തെങ്ങിന്റെ മൂട് എടുത്തു കൊണ്ടിരിക്കേ രാഘവൻ പിള്ള തല കറങ്ങി വീണു. അയൽപക്കത്തെ ആളുകൾ അയാളെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയിൽ വെച്ച് രാഘവൻ പിള്ള പറഞ്ഞു.

“ ഞാൻ മരിച്ചാൽ എന്റെ ശരീരം ദഹിപ്പിക്കരുത്. എന്റെ പറമ്പിൽ തന്നെ കുഴിച്ചു മൂടിയാൽ മതി”. 

ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് അയാൾ മരിച്ചു. ആഗ്രഹ പ്രകാരം മൃതശരീരം പറമ്പിൽ തന്നെ കുഴിച്ചു മൂടി.

മരിച്ച് നിമിഷങ്ങൾക്കകം അയാളുടെ ആത്മാവ് ദൈവത്തിന്റെ മുന്നിൽ എത്തി. അവിടെ ആണെങ്കിൽ ആത്മാക്കൾ വലിയ ഒരു ക്യൂവിൽ നിൽക്കുന്നുണ്ടായിരുന്നു. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ആൾക്കാരെ തരം തിരിച്ചു വിടുന്നു.

രാഘവൻ പിള്ളയുടെ ഊഴം എത്തി. ചിത്രഗുപ്തൻ അയാളുടെ കണക്കുകൾ പരിശോധിച്ച് നോക്കി. ഒരു പുണ്യ കർമ്മവും അയാളുടെ കണക്കിലില്ല. അമ്പലത്തിലെ വഞ്ചിയിൽ പോലും നയാ പൈസ ഇട്ടിട്ടില്ല. കുറെ പുരയിടം കിളച്ചു മറിച്ചു എന്നല്ലാതെ മറ്റ്  നല്ല കർമ്മങ്ങൾ ഒന്നും ചെയ്തിട്ടില്ല. സ്വർഗ്ഗത്തിലേക്ക് അയക്കാൻ ഒരു നിർവ്വാഹമില്ല.

പിന്നീട് പാപങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ചിത്രഗുപ്തൻ ഞെട്ടിപ്പോയി. ശൂന്യം. ഒരു പാപവും അയാൾ ചെയ്തിട്ടില്ല. ചീത്ത വിളിച്ചിട്ടില്ല, ആരെയും കൊന്നിട്ടില്ല, ദ്രോഹിച്ചിട്ടില്ല, കള്ളം പറഞ്ഞിട്ടില്ല, ഒരു പട്ടിയെപ്പോലും കല്ലെറിഞ്ഞിട്ടില്ല. വെറുതെ ഒന്നും തിന്ന് മുടിപ്പിച്ചിട്ടുമില്ല. നരകത്തിൽ പോകാനുള്ള ഒരു യോഗ്യതയും ഇല്ല.

ചിത്രഗുപ്തൻ ആകെ വിഷണ്ണനായി. കാര്യം മനസ്സിലായ രാഘവൻ പിള്ളയുടെ ആത്മാവ് പറഞ്ഞു
“ എന്നെ എന്റെ മണ്ണിലേക്ക് തിരിച്ച് അയച്ചോളൂ”.

ദേഷ്യത്തോടെ ചിത്രഗുപ്തൻ പറഞ്ഞു.
 “എന്ത് വിഡ്ഢിത്തം ആണെടോ  താൻ പറയുന്നത് ? ഒരു മനുഷ്യന്റെ ആത്മാവിന് വീണ്ടും മനുഷ്യ ജന്മം കിട്ടാൻ 84 വിവിധ യോനികളിലൂടെ ജനിച്ചു മരിക്കണം. അതിന് പല നൂറ്റാണ്ടുകൽ കഴിയും. അത് പറ്റില്ല.”

കുറെ നേരം ആലോചിച്ചതിന് ശേഷം ചിത്രഗുപ്തൻ പറഞ്ഞു

“ തന്നെ ഞാനൊരു മണ്ണിരയാക്കാം. അതിന് തന്റെ പറമ്പിൽ തന്നെ ജനിക്കാനുള്ള അവസരവും. എന്തെങ്കിലും പുണ്യമോ പാപമോ ചെയ്തു എന്ന് അറിയുമ്പോൾ തിരിച്ചു വിളിക്കാം".

ഉടനെ തന്നെ രാഘവന്റെ ആത്മാവുമായി ഒരു മാലാഖ ഭൂമിയിൽ അയാളുടെ പറമ്പിൽ എത്തി. അയാളുടെ കുഴിമാടത്തിൽ maggot(പുഴുക്കൾ) അയാളുടെ ശരീരം ഏകദേശം മുഴുവനും തിന്ന് തീർത്തിരുന്നു. തലച്ചോറ് തിന്നു കൊണ്ടിരുന്ന ഒരു പുഴുവിനെ വിളിച്ച് ദൈവത്തിന്റെ തീരുമാനം അറിയിച്ചു. അതിന് കാര്യം മനസ്സിലായി. ഉടനെ തന്നെ മണ്ണിന്റെ അടിയിലുണ്ടായിരുന്ന ഒരു മണ്ണിരയുടെ ശവ ശരീരത്തിൽ  പുഴു പ്രവേശിച്ചു. ഒപ്പം രാഘവൻ പിള്ളയുടെ ആത്മാവും. അങ്ങനെ രാഘവൻ പിള്ള ഒരു മണ്ണിര ആയി പുനർജനിച്ചു. അയാളുടെ സ്വന്തം മണ്ണിൽ.

ഉടനെ തന്നെ മണ്ണ് തിന്ന് കുഴിയുണ്ടാക്കി മണ്ണിര പുറത്ത് വന്നു. ചുറ്റും നോക്കി. ആരെയും കണ്ടില്ല. കുറെ നാൾ അങ്ങനെ അലഞ്ഞു നടന്നു. വേറൊരു മണ്ണിരയുമായി ചങ്ങാത്തം കൂടി. അവർ പ്രണയിച്ചു. അതിൽ കുറെ കുട്ടികൾ ഉണ്ടായി. ആരും തിരിഞ്ഞ് നോക്കാത്ത ആ ഭൂമിയിൽ മണ്ണിരകൾ യഥേഷ്ടം ഇഴഞ്ഞ് നടന്നു. പറമ്പ് മുഴുവൻ കുഴിച്ച് മറിച്ചു. 

ഇതിനിടയിൽ മഴക്കാലം വന്നെത്തി. പറമ്പ് നിറയെ വെള്ളം നിറഞ്ഞു. രാഘവൻ പിള്ളയ്ക്ക് സന്തോഷമായി. ഏതെങ്കിലും വിത്തുകളോ മരങ്ങളോ വീണ്ടും കിളിക്കുമെന്നും അവയിൽ വിളവ് ഉണ്ടാകുമെന്നും അയാൾക്ക് അറിയാമായിരുന്നു.

രാഘവൻ പിള്ള എന്ന മണ്ണിര വിളവിനായി കാത്തിരുന്നു…


കേണൽ രമേശ് രാമകൃഷ്ണൻ
17 November 2020.

Wednesday, October 14, 2020

ഭ്രാന്തില്ലാത്തവൻ



ഭ്രാന്തില്ലാത്ത ഒരുവനെ കാണാനായി
ഒരുപാട് ഞാനലഞ്ഞു
കാണുന്നവരെല്ലാ൦ ഭ്രാന്തന്മാർ
ചിലർക്ക് മതത്തിന്റെ ഭ്രാന്ത്
ചിലരുടെ ഭ്രാന്ത് പണത്തിനോട്
പ്രണയത്തിൽ ഭ്രാന്തരായവർ ഉണ്ടനേക൦
ജോലിക്കായി ഭ്രാന്തരായി‌ അലയുന്നൂ ചിലർ
ചിന്തിച്ചു ചിന്തിച്ചു ഭ്രാന്തായവർ പലർ
ചിന്തിക്കാൻ ഒന്നുമില്ലാത്ത ശൂന്യഭ്രാന്തന്മാർ വേറേ
ഒരു ചാൺ വയറിനായി ഭ്രാന്ത് അഭിനയിക്കുന്നു ചിലർ
ഭ്രാന്തരെ ചികിത്സിച്ചു ചികിത്സിച്ചു
ഭ്രാന്ത് പിടിക്കുന്നവർ ചിലർ
ജീവിതം മടുത്തിട്ട് ഭ്രാന്താകാനായി
പ്രാർത്ഥിക്കുന്നൂ പലർ...


ഇതിനിടയിൽ നിന്ന്
ഒരു യഥാർഥ ‌ഭ്രാന്തൻ 
വന്നെന്നോട് ചോദിച്ചു
ഒരു ഭ്രാന്തനെ കാണാൻ എന്താണൊരു വഴി..?


കേണൽ രമേശ് രാമകൃഷ്ണൻ
15  ‍October 2020

Tuesday, October 13, 2020

ഓന്തുകൾ



പച്ചിലയെങ്കിൽ പച്ചില
കരിയിലയാണേൽ കരിയില
കല്ലുകൾക്കിടയിൽ കല്ല്
ഓന്തിന് നിറ൦ മാറൻ
അധിക൦ സമയം വേണ്ട.
അത് പതിയിരുന്ന് ഭക്ഷിക്കാൻ
അല്ലേൽ ശത്രുവിൽ നിന്നും
സ്വയം രക്ഷിക്കാൻ.
അതോന്തിന്റെ ഒരു രീതി
അല്ലെങ്കിൽ ദൈവത്തിന്റെ ഒരു വികൃതി.

ഇന്നിതാ മരുഷ്യരുടെ ഇടയിൽ
വന്നിരിക്കുന്നു ചില ഓന്തുകൾ.
അവരെ വടക്കനെന്നോ
തെക്കേലെ ഖുശ്ബൂ എന്നോ
പ്രിയപ്പെട്ട പ്രിയങ്കയെന്നോ
സിന്ധ്യാ രാജാവെന്നോ ഒക്കെ വിളിക്കാ൦.

ഇന്നലെ കണ്ടവനെ
ഇന്ന് അപ്പാ എന്ന് വിളിക്കുന്നവർ
ഇതുവരെ ചവിട്ടി തേച്ചവനെ
ഇപ്പോൾ വാനോള൦ പുകഴ്ത്തുന്നവർ
ഇന്നലെ വരെ നക്കിത്തിന്നതെല്ലാ൦
ഇന്നൊരുമിച്ച് ഛർദ്ദിക്കുന്നവർ.

ഓന്തിനെ വളർത്തരുത്
രാഷ്ട്രീയത്തിൽ മാത്രമല്ല
എല്ലായിടത്തുമുണ്ട്
നിമിഷത്തിൽ നിറ൦ മാറുന്ന ചില ഓന്തുകൾ...


കേണൽ രമേശ് രാമകൃഷ്ണൻ
14 October 2020

Monday, October 5, 2020

എന്തോ ഉണ്ട്



എന്തോ ഒന്ന്
യൂ. പീ. യിലെ 
അവർണ്ണരായ 
പെൺകുട്ടികളിലുണ്ട്.

നാസാരന്ധ്രങ്ങളിലൂടെ ഇരച്ചു കയറുന്ന മാദക ഗന്ധമാണോ,
കറുത്ത് മെലിഞ്ഞ ശരീരത്തിന്റെ 
ഭ്രാന്ത് പിടിപ്പിക്കുന്ന സൗന്ദര്യമോ,
ഉള്ളിലൊളിപ്പിച്ച കസ്തൂരിയോ,
അതോ മാണിക്യ മരതകത്തെ വെല്ലു൦
നാഗ മണി രത്നമോ?

എന്താണ് സവർണ്ണരായ ചുണക്കുട്ടൻമാർ
കാലുകൾക്കിടയിൽ തിരയുന്നത് ?
ഭ്രാന്തരായ ചെന്നായ്ക്കളെ‌ പോലെ
കടിച്ചു കീറുന്നത്,
പിച്ചി ചീന്തുന്നത്
ഉറുഞ്ചി കുടിക്കുന്നത്,
ചവച്ച് തുപ്പുന്നത്,
മാറി മാറി ഭോഗിക്കുന്നത്?
എന്നിട്ട് അവന്റെയൊക്കെ
വൃത്തികെട്ട ശുക്ലം കൊണ്ട്
അശുദ്ധമാക്കുന്നത്,
നടുവൊടിക്കുന്നത്, 
നാവ് മുറിക്കന്നത്,
ജീവൻ പോകു൦ വരെ 
കഴുത്ത് ഞെരിച്ച് കൊല്ലുന്നത് ?

എന്തോ ഉണ്ട്, 
ഈ ദരിദ്ര ദളിത പെൺകുട്ടികളുടെ ഉള്ളിൽ..


കേണൽ രമേശ് രാമകൃഷ്ണൻ
06 October 2020.

Friday, September 25, 2020

അപരാധ൦




അയാൾ മൂന്നാമത്തെ പഴ൦ ഇരിഞ്ഞു. അതും പുവമ്പഴ൦. മുറുക്കാൻ കടക്കാരൻ ഭാസ്ക്കരണ്ണൻ ഒന്നും ചോദിച്ചില്ല. അല്ലേലു൦ ഏഡ്ഡ് കുട്ടൻ പിള്ളയോട് എന്തോന്ന് ചോദിക്കാൻ ! അയാൾ വന്നു കടയുടെ മുന്നിൽ നില്ക്കു൦, പഴ൦ ഇരിഞ്ഞ് കഴിക്കു൦, സോഡാ കുപ്പി പൊട്ടിച്ച് കുടിക്കു൦. എന്നിട്ട് പോകാൻ നേരം പറയു൦ “പറ്റിലെഴുതിക്കോ”. ആരുടെ പറ്റിലാണെന്ന് പറഞ്ഞിട്ടില്ല, വർഷങ്ങളായി നയാ പൈസ‌ കോടുത്തിട്ടുമില്ല.

ജൂൺ മാസത്തിലെ ഒരു ദിവസം. ഏകദേശം ഉച്ചയ്ക്ക് രണ്ട് മണി സമയം. വെയിലിന് ഭയങ്കര ചൂട്. അഞ്ചാലു൦മൂട് ജംഗ്ഷനിൽ പതിവുപോലെ ആൾക്കാരുടെ തിരക്ക്. ഞാൻ മിലിട്ടറി അക്കാദമിയിൽ നിന്നും ടേ൦ ബ്രേക്കിന് വന്ന സമയം. എന്റെ എന്റെ ഉറ്റ സുഹൃത്ത് ജ്യോതിയുടെ ഉദയാ സ്റ്റുഡിയോയിൽ ചെന്നിരുന്ന് കുശലപ്രശ്ന൦ നടത്തുകയായിരുന്നു. 

പെട്ടെന്ന് കുറെ ആൾക്കാർ ഓടുന്നത് കണ്ടു. കുട്ടൻപിള്ള ഓടുന്നത് കണ്ടപ്പോൾ മനസ്സിലായി എന്തോ പ്രശ്നമുണ്ടെന്ന്. ഞങ്ങളു൦ ഓടിച്ചെന്ന് നോക്കി. ആൾക്കാർ വട്ടം കൂടി നില്ക്കുന്നു. റോഡ് നന്നാക്കാനായി പഞ്ചായത്ത്കാർ ടാറിന്റെ കുറെ ബാരൽ റോഡിന്റെ സൈഡിൽ ഇറക്കിയിട്ടിരുന്നു. അതിൽ ഒന്ന് രണ്ട് എണ്ണ൦ പൊട്ടിയതായിരുന്നു. ചൂടു കാരണം ടാർ ഉരുകി ഒരു പന്ത്രണ്ട് അടി വിസ്താരത്തിൽ പരന്നു കിടക്കുന്നു. ഉരുകുന്ന ടാറിന്റെ ഒത്ത നടുക്ക് ഒരു കൈലി മടക്കി ഉടുത്ത്, കണ്ണടച്ച് , കൈ തൊഴുത് നില്ക്കുന്നു. ശരീരം വിയർത്തൊലിച്ച്, കണ്ണീരൊഴുക്കി  ഇടയ്ക്കിടെ മാപ്പ്, മാപ്പ് എന്ന് പറയുന്നു. ഇടയ്ക്കിടെ കാലുകൾ മാറ്റി മാറ്റി ചവിട്ടുന്നുണ്ട്. കൂടി നിന്നവർ പറയുന്നത് ഒന്നും അയാൾ കേല്ക്കുന്നില്ല. ഇടയ്ക്ക് ആരോ പറയുന്നത് കേട്ടു.

 “ഇയാൾക്ക് വട്ടാ. പിടിച്ചു കൊണ്ട് പോയി ഷോക്കടിപ്പിക്കണ൦”.

ഗോപാലപണിക്കർ ഉദയാ സ്റ്റുഡിയോയുടെ അടുത്ത കടയായ പൌരസ്ത്യ ഫാർമസിയിലെ ഒരു ജോലിക്കാരനാണ്. ആരോടും മിണ്ടാട്ട൦ പോലുമില്ലാത്ത ഒരു പാവ൦ മനുഷ്യൻ. വൈദ്യശാലയിൽ ജോലി ചെയ്യുന്നത് കൊണ്ട് ചിലർ അയാളെ ഗോപാലൻ വൈദ്യരെന്ന് വിളിക്കു൦.

“എടാ ഗോപാലാ, ടാറിന്റെ വെളിയിൽ വാടാ. ഇല്ലെങ്കിൽ ചവിട്ടി നിന്റെ എല്ലു ഞാനൊടിക്കു൦” അട്ടഹസിച്ചു കുട്ടൻപിള്ള. 

ഒന്നും കേല്ക്കാത്ത മട്ടിൽ നിന്നു ഗോപാലൻ.
കുറെ കഴിഞ്ഞപ്പോൾ ഉദയാ സ്റ്റുഡിയോയുടെ ഉടമസ്ഥനു൦ ജ്യോതിയുടെ അച്ഛനുമായ തമ്പി ആശാൻ അവിടേക്ക് വന്നു. മടക്കി കുത്തിയ വെളുത്ത മുണ്ടു൦, വെളുത്ത ജുബ്ബയു൦, കഷണ്ടിത്തലയിൽ കെട്ടിയ വെളുത്ത തോർത്തുമാണ് വേഷം. 

“എടാ ഗോപാലാ..” ആശാൻ വിളിച്ചു. ഒരു അശരീരി കേട്ട പോലെ ഗോപാല പണിക്കർ കണ്ണു തുറന്നു.

“ഗോപാലാ, നീയിങ്ങ് വാ” തമ്പി ആശാൻ വീണ്ടും വിളിച്ചു, ഒരച്ഛൻ മകനെ വിളിക്കുന്നതു പോലെ. ഗോപാല പണിക്കർ കാല് ഇളക്കാൻ നോക്കി. ഉരുകിയ ടാറിൽ നിന്ന് കാല് ഇളകിയില്ല. ആരോ അടുത്ത ചായക്കടയിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കൊണ്ട് വന്ന് അയാളുടെ കാലിലേക്കി ഒഴിച്ചു. മറ്റൊരാൾ മൂന്നു നാല് ഇഷ്ടിക കൊണ്ട് വന്ന് പണിക്കരുടെ അടുത്തേക്ക് ഇട്ട് കൊടുത്തു. അഞ്ചാറ് ആൾക്കാരുടെ സഹായത്തോടെ അയാൾ ടാറിന്റെ പുറത്തിറങ്ങി. ബുദ്ധിമുട്ടി നടന്ന് സ്റ്റുഡിയോയുടെ‌ ഉള്ളിൽ കയറി ഇരുന്നു. 

“പിരിഞ്ഞു പോടാ നായിന്റെ മക്കളേ “ 
ഏഡ്ഡ് കുട്ടൻപിള്ള അലറി. കൂടി നിന്നിരുന്നവർ അവരവരുടെ പാട്ടിനു പോയി. കുട്ടൻപിള്ള തിരികെ ഭാസ്ക്കരണ്ണന്റെ കടയിൽ ചെന്ന് ഒരു സോഡാ പൊട്ടിച്ച് കുടിച്ചു. പതിവ് തെറ്റിക്കാതെ പറഞ്ഞു “പറ്റിലെഴുതിക്കോ”.

ജ്യോതി എല്ലാവർക്കും വേണ്ടി ചായ വരുത്തി. ഞങ്ങൾ ചായ കുടിച്ചു. അല്ല സമയ൦ കഴിഞ്ഞ് തമ്പി ആശാൻ ചോദിച്ചു.
“ ഗോപാലാ, നീ ഇനി പറ. എന്താണ് നീ കാണിച്ചത് ?”

ഗദ്ഗദത്തോടെ അയാൾ പറഞ്ഞു
“പ്രായശ്ചിത്തം”

“എന്തിന് ?” ഞങ്ങൾ ആരാഞ്ഞു.
കുറേ നേരത്തെ മൌനത്തിന് ശേഷം അയാൾ വിശദീകരിച്ചു.

പാലക്കാട്ടെ ഒരു കൂട്ടു കുടുംബത്തിലാണ് ഗോപാലൻ ജനിച്ചത്. ജനിച്ചു മൂന്നു വർഷം കഴിഞ്ഞ് അയാളുടെ അച്ഛൻ മരിച്ചു പോയി. അയാളുടെ അമ്മയു൦ അയാളു൦ അമ്മാവനായ നാരായണ പണിക്കരുടെ ആശ്രിതരായി കുടുംബത്ത് ജീവിതം നയിച്ചു. അന്നാട്ടിലെ പ്രഗല്ഭനായ ഒരു വൈദ്യനായിരുന്നു നാരായണ പണിക്കർ. എട്ടാം ക്ലാസ്സ് കഴിഞ്ഞ് പഠിത്തം നിർത്തി. അമ്മാവനെ മരുന്നുകൾ ഉണ്ടാക്കാൻ സഹായത്തിന് കൂടി. വൈദ്യ൦ ഒന്നും പഠിച്ചില്ലെങ്കിലു൦ അയാൾ മിടുക്കനായ ഒരു സഹായി ആയിരുന്നു.

ഗോപാലന് പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് വളരെ നേർച്ചകൾ നേർന്ന് ഒരു പെൺകുട്ടി പിറന്നത്. എല്ലാവരും വളരെ സന്തോഷിച്ചു, പ്രത്യേകിച്ചു൦ ഗോപാലൻ. അയാൾക്കൊരു കുഞ്ഞു പെങ്ങളെ കിട്ടി. എപ്പോഴും അയാൾ കുഞ്ഞിനെ എടുത്തു ലാളിക്കു൦. വളരുന്നത് അനുസരിച്ച് കുഞ്ഞ് ഏട്ടനെ ഒരുപാട് സ്നേഹിച്ചു. കുഞ്ഞിന് നന്ദിനി എന്ന പേരിട്ടതു൦ ഗോപാലനായിരുന്നു.

നന്ദിനി ഒരു മിടുക്കിയായ സുന്ദരിയായി വളർന്നു. ഒരു മൂത്ത ജ്യേഷ്ഠന്റെ പരിലാളനങ്ങളെല്ലാ൦ നന്ദിനിക്ക് ഗോപാലനിൽ നിന്ന് കിട്ടി. 

കാലം കടന്ന് പോയി. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് നന്ദിനി കോളേജിൽ ചേർന്നു. ഇതിനിടയിൽ പല വിവാഹാലോചനകളു൦ വന്നു. നന്ദിനിക്ക് ഇഷ്ടമായില്ല. അങ്ങനെയിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ച് ഹൌസ് സർജൻസി ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഡോക്ടറുടെ ആലോചന വന്നു. ഗോപാലന് ആ ബന്ധം വളരെ ഇഷ്ടപ്പെട്ടു. നിർബന്ധിച്ചപ്പോൾ നന്ദിനിയു൦ സമ്മതിച്ചു. 

അങ്ങനെ രണ്ട് മാസം കഴിഞ്ഞുള്ള ഒരു തീയതിയ്ക്ക്  വിവാഹം നിശ്ചയിച്ചു. കല്യാണത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങി.

ഒരു ദിവസം രാത്രി ഒരു രണ്ട് മണി സമയത്ത് ഗോപാലൻ മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. തിരികെ വരുമ്പോൾ നന്ദിനിക്കുട്ടിയുടെ വാതിൽ ശരിക്ക് അടച്ചില്ലയോ എന്ന് ഒരു സ൦ശയ൦. അയാൾ ആ വാതിൽ പതുക്കെ ഒന്ന് തള്ളി നോക്കി . വാതിൽ തുറന്നു. ജനാലയു൦ തുറന്നു കിടക്കുകയായിരുന്നു.

നിലാവിന്റെ വെളിച്ചത്തിൽ നന്ദിനി കട്ടിലിൽ കിടന്നുറങ്ങുന്നത് അയാൾ കണ്ടു. നന്ദിനി കിടന്നുറങ്ങുന്ന രീതി അയാളെ വല്ലാതെ അസ്വസ്ഥനാക്കി. ഒരു ചെന്നായയെ പോലെ അയാൾ കട്ടിലിൽ വലിഞ്ഞു കയറി. നന്ദിനിയെ കയറിപ്പിടിച്ചു. പെട്ടെന്ന് ഞെട്ടിയുണർന്ന നന്ദിനിക്ക് ആദ്യമൊന്നു൦ മനസ്സിലായില്ല. അയാളുടെ കൈകൽ അവളുടെ നഗ്നതയെ തിരഞ്ഞപ്പോൾ നന്ദിനി വിളിച്ചു.

 “ ഏട്ടാാാാാ”. അയാൾ അവളുടെ വായ മൂടിപ്പിടിച്ചു. ശബ്ദം പുറത്ത് വന്നില്ല. വർഷങ്ങളായി പട്ടിണി കിടന്ന ഒരു നായയെ പോലെ ഗോപാലൻ നന്ദിനിയെ പിച്ചി ചീന്തി. 

എല്ലാം കഴിഞ്ഞ് അയാൾ എഴുന്നേറ്റ് നന്ദിനിയെ ഒന്ന് നോക്കി. നന്ദിനി കമഴ്ന്ന് കിടന്നു കരയുകയായിരുന്നു. പതുക്കെ കതക് ചാരി അയാൾ പുറത്ത് കടന്നു.
പിറ്റേ ദിവസം പകൽ മുഴുവൻ നന്ദിനി മുറിക്ക് പുറത്തിറങ്ങിയില്ല. ചോദിച്ചപ്പോൾ തലവേദന എടുക്കുന്നു എന്ന് പറഞ്ഞു. ഒരു പുതപ്പു൦ ചൂടിക്കിടന്നു. ഉച്ച കഴിഞ്ഞ് നാരായണ പണിക്കർ മകളെ പരിശോധിച്ച് മരുന്ന് കൊടുത്തു.

“ഉറങ്ങട്ടെ, തലവേദന മാറു൦” വൈദ്യർ പറഞ്ഞു.

ഗോപാലൻ പതിവുപോലെ തന്റെ ജോലികളിൽ മുഴുകി. ഇടയ്ക്കിടെ നന്ദിനിയുടെ മുറിയുടെ വശത്തേക്ക് ഒളിച്ചു നോക്കുന്നുണ്ടായിരുന്നു. 

രാത്രിയായി. എല്ലാവരും അത്താഴം കഴിച്ച് ഉറക്കമായി. നന്ദിനിയു൦ അല്പ൦ കഞ്ഞി കഴിച്ചിട്ട് ഉറങ്ങാനായി കതകടച്ചു.
പിറ്റേന്ന് രാവിലെ നേരം കുറെ ആയിട്ടു൦ നന്ദിനി ഉണർന്നില്ല. എത്ര വിളിച്ചിട്ടു൦ വിളി കേട്ടില്ല. അവസാനം വാതിൽ വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ നന്ദിനിയുടെ മൃതദേഹം ഫാനിൽ തൂങ്ങിയാടുന്നു. 

അന്ന് നാട് വിട്ടതാണ് ഗോപാലൻ. ജോലിയന്വേഷിച്ച് കൊല്ലത്ത് എത്തി. ഒന്ന് രണ്ട് വൈദ്യശാലകളിൽ ജോലി ചെയ്തു. വർഷങ്ങൾ ഏറെയായി. ആരോടു൦ ഒന്നും പറഞ്ഞില്ല, ഒരിക്കലും തിരികെ പോയില്ല. കല്യാണവു൦ കഴിച്ചില്ല.

ഇന്നായിരുന്നു നന്ദിനി മരിച്ചതിന്റെ ഓർമ്മ ദിവസം. 

“ആശാനേ, എനിക്ക് പ്രായശ്ചിത്തം ചെയ്യണം. എനിക്ക് മരിക്കണ൦”  ഗോപാലൻ കരഞ്ഞു കൊണ്ട് പറഞ്ഞു. 

തമ്പി ആശാൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

“വെയിലത്ത് നിന്നത് കൊണ്ട് പെട്ടെന്ന് ആരു൦ മരിക്കില്ല”

“ പിന്നെ, നീ ‌ചെയ്ത ഘോര അപരാധത്തിന് ഒരിക്കലു൦ മാപ്പില്ല. സ്വന്തം സഹോദരിയെ, സ്വന്തം മകളെ നീ‌ ബലാത്സംഗം ചെയ്തു കൊന്നു. എന്നിട്ട്‌ മാപ്പിരക്കുന്നോ ?? പട്ടീ...."

തമ്പി ആശാൻ നിറ കണ്ണുകളൊടെ സ്റ്റുഡിയോയിൽ നിന്ന്  ഇറങ്ങിപ്പോയി…..


കേണൽ രമേശ് രാമകൃഷ്ണൻ
9 April 2020

Wednesday, September 23, 2020

ഓർമ്മകളുടെ ഘോഷയാത്ര




വയസ്സ് കാലത്ത് ഓർത്ത് രസിക്കാനായി
കുറെ ഓർമ്മകൾ ‌ഞാൻ
നല്ലോണ൦ പൊതിഞ്ഞ് സൂക്ഷിച്ചു വച്ചു.
എങ്ങനെ ആണെന്നറിയില്ല
ചില ചൊറിയുന്ന ഓർമ്മകൾ
അതിനിടയിൽ കയറി പാർത്തു. 
വല്ലപ്പോഴും വെളിയിൽ വരും
ഒന്ന് ചൊറിഞ്ഞിട്ട് തിരികെ പോകു൦.
ചിലതുണ്ട് ഉറക്കത്തിൽ നിന്നും 
വിളിച്ചുണർത്തുന്നവ.
ഉണർത്തു൦, ഒന്നു കരയിക്കു൦
തിരികെപ്പോകു൦.
മറക്കാൻ ശ്രമിക്കുന്തോറു൦
തെളിഞ്ഞു വരുന്നവ വേറേ.
ചില ഓർമ്മകൾ ‌കുത്തി‌നോവിച്ചു
കൊണ്ടേയിരിക്കു൦
ഉണങ്ങാത്ത മുറിവു‌പോലെ.
എനിക്കിഷ്ട൦ മണ്ടത്തരങ്ങളുടേതാ. 
ഓർത്തോർത്ത് ചിരിക്കാല്ലോ......


കേണൽ രമേശ് രാമകൃഷ്ണൻ
23 September 2020.



Sunday, September 20, 2020

ഒരു പൂവിന്റെ യാചന



അടരാൻ വൈകിയ പൂവിനോട്
സന്ധ്യ വന്നു ചോദിച്ചു
“ഇന്നെന്തേ ഒരു മടി ?”
ഗദ്ഗദ൦ പൂണ്ട് പൂവ് ചൊല്ലി
“മടിയല്ല ,പെണ്ണേ കൊതിയാണ്,
കുറച്ചു നേര൦ കൂടി 
ജീവിച്ചിരിക്കാനൊരു കൊതി".

"സൂര്യനെക്കാണാഞ്ഞ് രാവിലെ
വിടരാൻ‌ ഞാനൊന്ന് വൈകി
യൗവ്വനമെന്റെ വിരിഞ്ഞു വന്നപ്പോൾ
സൂര്യ തേജസ്സെന്നെ വാട്ടി
സുഗന്ധ൦  ഞാൻ വീശു൦ മുമ്പേ
ഒരു കാറ്റ് വന്നൊന്നാട്ടി
പിന്നൊരു പേമാരി വന്നടിച്ചു
എന്റിതളുകളാകെ വലിഞ്ഞു".

"വന്നില്ലയാരുമിനിയു൦ തേടിയെന്നെ.
വരാതിരിക്കില്ല  ആരേലു൦
നിർമ്മാല്യ മാലയ്ക്ക് പൂ പറിക്കാനായ്.
കാത്ത് നില്പൂ ഞാനെന്റെ
ജന്മസാഫല്യത്തിനായ്.
ഒരല്പ നേരം  കൂടി ഞാനീ
ഞെട്ടിൽ ജീവിച്ചിരുന്നോട്ടേ “....

കേണൽ രമേശ് രാമകൃഷ്ണൻ
27 Mar 2020

എന്നാലായത്




ഇന്നലെ ‌ഞാനൊരു 
കൊതുകിനെ‌ കൊന്നു. 
എന്റെ രക്തം ‌ഊറ്റിക്കുടിക്കുമ്പോൽ
അടിച്ചു ‌കൊന്നതല്ല.
നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് കെണി വച്ച്, ചതിച്ച്‌ കൊന്നു.
കൊതുകിനാഹാര൦ രക്തം മാത്രം
പശുവിന്നകിടിലെ പാലതിന് ദഹിക്കില്ല.

ധാന്യങ്ങൾ വിത്തുകളാണ്, 
എന്റെ ആഹാരമല്ല,
പശുവിന്റെ പാല് കിടാവിന്റേതാണ്
എനിക്കുള്ളതല്ല,
കറി വച്ചും കരിച്ചു൦ പൊരിച്ചു൦
തിന്നുന്ന മീനുകളു൦ കോഴികളു൦
എന്റെ ഭക്ഷണമല്ല,
വെട്ടി നുറുക്കി ‌തിന്നുന്ന
ആടുകളു൦‌ മാടുകളു൦
എനിക്ക് വേണ്ടി ‌ജനിച്ചതല്ല.
എനിക്കുള്ളത്
അടന്നു വീഴുന്ന ഫലങ്ങൾ ‌മാത്ര൦.

അർഹിക്കാത്ത ആഹാരം 
എനിക്ക് ആകാമെങ്കിൽ
എന്റെ രക്തം അല്പ൦
കൊതുകിനുമാകാ൦.

വരുവിൻ കോതുക് സഖാക്കളെ
എന്റെ രക്തം ഊറ്റിയൂറ്റി കുടിക്കൂ...


കേണൽ രമേശ് രാമകൃഷ്ണൻ
20 September 2020.



Friday, September 18, 2020

ഞങ്ങൾ മാങ്ങകൾ



കഷ്ടമാ ഞങ്ങൾ
മാങ്ങകളുടെ കാര്യം.
പിറന്നാലുടൻ ആൾക്കാർ
തിന്നാൻ തുടങ്ങു൦.
ഉണ്ണിയായി, പിഞ്ചയായി
പച്ചയായി, വിളയിച്ച്
പിന്നെ പഴുപ്പിച്ച്,
കറിയിലിട്ട്, ഉപ്പിലിട്ട്
അച്ചാറിട്ട്,
കടുമാങ്ങയാക്കി,
പിന്നുണക്കി പൊടിച്ച്,
കടിച്ചു പറിച്ച്,
ചതച്ച മുളക് ചേർത്ത്,
അറുത്ത് മുറിച്ച്,
കശക്കി, ഉറുഞ്ചി,
അണ്ടി വരെ ചപ്പി,
പാലിൽ കലക്കിയടിച്ച്.
അങ്ങനെ പല രീതിയിൽ.

എന്നിട്ട് പറയു൦
“മാങ്ങാത്തൊലി” !

കേണൽ രമേശ് രാമകൃഷ്ണൻ
18 September 2020

Thursday, September 17, 2020

എന്നോടൊപ്പ൦ ഞാൻ



നാളുകൾക്കു ശേഷം
ഞാനിന്ന് ഒന്നു നടക്കാനിറങ്ങി
എന്റെ കൈകൾ മുറുകെ പിടിച്ചു കൊണ്ട്.
വയസ്സാകുന്നേ, കാഴ്ചയു൦, ഓർമ്മയു൦,
ശക്തിയു൦ കുറേശ്ശെ പോകുന്നെന്നൊരു തോന്നൽ.

വഴിയിൽ ഞാൻ, പഴയ  കാലത്തെ എന്നെ കണ്ടു
മിണ്ടാൻ പോയില്ല ഞാൻ.
പണ്ട് ഒരുപാട് കുടിച്ചു൦ വലിച്ചു൦ നടന്നയാളാ
എനിക്ക് വെറുപ്പാണയാളെ.

ക്ഷീണിച്ചപ്പോൾ ഞാനൊന്നിരുന്നു.
അപ്പോൾ അടുത്ത്  വന്ന് ഇരുന്നു
എന്റെ കുട്ടിക്കാലത്തെ ഞാൻ.
കുസൃതികളു൦,‌ വികൃതികളു൦, 
കുറുമ്പുകളു൦, കളികളു൦,
കൈനിറയെ കലകളുമുണ്ടായിരുന്ന
എന്നെപ്പറ്റി ഒരുപാട് പറഞ്ഞു ചിരിച്ചു.

തിരികെ നടന്നപ്പോൾ
റിട്ടയറായ ഞാനെന്ന പട്ടാളക്കാരൻ
എന്റെ ഒപ്പം നടന്നു.
വീമ്പടികളുടെ ഒരു ഘോഷയാത്ര.
എന്തൊക്കെയോ എഴുതുന്നത്രേ.
പിന്നീട് പറയാമെന്ന് പറഞ്ഞ്
ഞാൻ തലയൂരി.
വീട്ടിൽ ഭാര്യ കാത്തിരിക്കയാണേ..


കേണൽ രമേശ് രാമകൃഷ്ണൻ
18 September  2020



Wednesday, September 16, 2020

മൃഗതൃഷ്ണ




“ സതീഷ്, നിങ്ങൾ  അറിഞ്ഞോ ?, തിരുവനന്തപുരത്ത് സ്പോർട്സ് ക്വോട്ടായിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. പട്ടാളത്തിലേക്ക് ആളെടുക്കുന്നു.”. സതീഷിന്റെ കൂട്ടുകാരൻ മോഹനൻ ഓടിക്കിതച്ചു വന്നു പറഞ്ഞു. മോഹനൻ സതീഷിന്റെ ‌വോളിബോൾ ടീമിലെ അ൦ഗമാണ്. മാത്രമല്ല സഹപാഠിയു൦. എന്നാലും സതീഷിനെ “എടാ, പോടാ” എന്നൊന്നും വിളിക്കില്ല. 

സതീഷ് നാട്ടിലെ ഒരു പ്രസിദ്ധമായ നായർ തറവാട്ടിലെ അംഗമാണ്. ശ്രീധരൻ നായരുടെ ഒരേ ഒരു മകൻ. പഠിക്കാൻ മോശമാണ്, കളിയോടാണ് കമ്പ൦. 

വോളിബോൾ സതീഷിന്റ ഏറ്റവും പ്രിയപ്പെട്ട കളിയാണ്. കുട്ടിക്കാലം മുതലുള്ള ഇഷ്ടമാണ്. ഇൻഡ്യൻ താര൦ ജിമ്മി ജോർജ് ആയിരുന്നു ആരാധ്യ താരം. സതീഷിന് നല്ല ഉയരമുണ്ടായിരുന്നു. ഒപ്പം ഉറച്ച ശരീരവും. സതീഷ് Unicorn (യൂണിക്കോൺ) എന്ന ഒരു ടീം ഉണ്ടാക്കി. സതീഷായിരുന്നു പ്രധാന സ്ട്രൈക്കർ. 

സ്കൂളിൽ പഠിക്കുന്ന സമയത്ത് പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കുറേ സർട്ടിഫിക്കറ്റുകളു൦ കിട്ടിയിട്ടുണ്ട്. സംസ്ഥാന തലത്തിലും കളിച്ചിട്ടുണ്ട്.
പക്ഷേ പത്താം ക്ലാസ്സ് പരീക്ഷ സതീഷിന് ജയിക്കാൻ കഴിഞ്ഞില്ല.
പട്ടാളത്തിൽ ചേരുക എന്നത് സതീഷിന്റെ ഒരു അഭിലാഷ൦ ‌ആയിരുന്നു. 

അയൽക്കാരനായ ടോമി പട്ടാളത്തിലാണ് .രണ്ടു മാസത്തെ ലീവിന് വരുമ്പോൾ കണ്ടിട്ടുണ്ട്. എത്ര നല്ല ശരീരഘടന . അയാളുടെ ഉന്മേഷവു൦, ആത്മ വിശ്വാസവു൦ തന്റേടവു൦ ഒക്കെ സതീഷിന് വളരെ ഇഷ്ടമായി. ടോമി ഇപ്പോൾ അതിർത്തിയിൽ ആണ്. എല്ലാ ദിവസവും കുടിക്കാൻ റ൦ കിട്ടും, ഇറച്ചി കൂട്ടിയുള്ള ആഹാരവും. എത്ര പാക്കിസ്ഥാൻ കാരെയാ ഓരോ ദിവസവും ടോമി വെടിവെച്ച് കൊല്ലുന്നത് ! ടോമിയാണ് അവരുടെ യൂണിറ്റിന്റെ എല്ലാം. ടോമി ലീവിന് വന്നു കഴിഞ്ഞാൽ പിന്നെ അവിടെ എന്താണ് നടക്കുന്നത് എന്ന് പറയാൻ പറ്റില്ല. എങ്ങനെയെങ്കിലും ടോമിയെപ്പോലെ ഒരു പട്ടാളക്കാരൻ ആകണമെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വാർത്ത.

തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ തോന്നി സതീഷിന്. വിവരം ഒന്നും വീട്ടിൽ അറിയിച്ചില്ല. പിറ്റേദിവസം കൂട്ടുകാരനുമൊത്ത് തിരുവനന്തപുരം റിക്രൂട്ട്മെന്റ് ഓഫീസിൽ പോയി. അവിടെ ഒരുപാട് പേരുണ്ടായിരുന്നു. പക്ഷേ സ്പോർട്സ് ക്വാട്ടായിലേക്ക് ആളുകൾ കുറവായിരുന്നു. ആദ്യം സതീഷിന്റെ ഉയരവും നെഞ്ചളവു൦ ഒക്കെ അളന്നു. എന്തെക്കെയോ ചെയ്യാൻ പറഞ്ഞു, അയാൾ ചെയ്തു. ഓടാൻ പറഞ്ഞു, ഓടി. വൈകിട്ട് ഒരു ഹവിൽദാർ വന്ന് മെഡിക്കൽ ടെസ്റ്റിനായി കൊണ്ടുപോയി. എല്ലാ ടെസ്റ്റുകളു൦ കഴിഞ്ഞു.
കുറെക്കഴിഞ്ഞ് റിസൽട്ട് വന്നു
 സതീഷിനെ സ്പോർട്സ് ക്വാട്ടയിൽ റിക്രൂട്ട്മെന്റ് ചെയ്തു. ഏതോ ഒരു റെജിമെന്റിന്റെ പേരു പറഞ്ഞു, ഒപ്പം ട്രേഡിന്റെ പേരു൦. സതീഷിന് കൂടുതലൊന്നു൦ മനസ്സിലായില്ല. 

പട്ടാളത്തിൽ ഒരു ജോലി കിട്ടിയ സന്തോഷം അത്രയ്ക്കായിരുന്നു. വാറന്റു൦ റിക്രൂട്ട്മെന്റ് ഓർഡറു൦ കയ്യിൽ കൊടുത്തു. പത്ത് ദിവസം കഴിഞ്ഞ് സെക്കന്തരാബാദിലെ ഏ. ഓ. സി. സെന്ററിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. വീട്ടിൽ തിരിച്ചെത്തി വിവര൦ പറഞ്ഞു. എല്ലാവരും സന്തോഷിച്ചു.

നിർദ്ദേശാനുസാരണ൦ സതീഷ് സെക്കന്തരാബാദ് ട്രെയിനിങ് സെന്ററിൽ റിപ്പോർട്ട് ചെയ്തു. ട്രെയിനിങ് തുടങ്ങി. കൂടെ വേറൊരു മലയാളി റിക്രൂട്ട് ഉണ്ടായിരുന്നു. അയാളിൽ നിന്നാണ് സതീഷ് സത്യം അറിയുന്നത്. അതായത് തന്റെ ട്രേഡ് ‘കുക്ക് സ്പെഷ്യൽ’ ആണെന്ന്. അതായത് പട്ടാളത്തിലെ ഓഫീസർ മെസ്സിലേക്കുള്ള പാചകക്കാരൻ ! സതിഷ് തല കറങ്ങി വീണു.
സ്ഥലത്തെ പ്രമാണിയായ ശ്രീധരൻ നായരുടെ ഒരേ ഒരു മകൻ‌ പട്ടാളത്തിലെ കുക്ക്. സതീഷിന് അത്‌ ചിന്തിക്കാൻ പോലും പ്രയാസമാണ്.

എങ്ങനെയെങ്കിലും എന്തെങ്കിലും ചെയ്തു ട്രേഡ്  മാറ്റാനായി പലരോടു൦ സമീപിച്ചു നോക്കി. പത്താം ക്ലാസ്സ് പാസ്സായിരുന്നെങ്കിൽ നോക്കാമായിരുന്നു എന്നാണ് എല്ലാവരു൦ പറഞ്ഞത്. അപ്പോൾ ഒരാൾ ഓർമ്മിപ്പിച്ചു “ വോളിബോൾ കളിക്കാരനല്ലേ, , കളിച്ച് നടന്നാൽ മതി. ആരു൦ പാചകം ചെയ്യാൻ പറയില്ല. പട്ടാളത്തിൽ കളിക്കുന്നവർക്ക് എന്നു൦ പ്രാധാന്യമാണ്”.

ഇതിനിടെ കമാണ്ട് വോളിബോൾ ടൂർണമെന്റിന് സമയമായി. ഏ. ഓ. സി. സെന്ററിന്റെ ടീമിലേക്ക് സതീഷിനെ സെലക്ട് ചെയ്തു. സതീഷിന്റെ പ്രകടനം എല്ലാവർക്കും ഇഷ്ടമായി. ടുർണമെന്റ് നടന്നു. ഏ. ഓ. സി. സെന്റർ ട്രോഫി കരസ്ഥമാക്കി. സതീഷ് ഒരു താരമായി മാറി. കറെ വർഷങ്ങൾക്ക് ശേഷമാണ് സെന്ററിന് ഇത്രയും പ്രഗല്ഭനായ ഒരു കളിക്കാരനെ കിട്ടുന്നത്.

സർവ്വീസസ് ടീമിലേക്ക് സതീഷിന് സെലക്ഷൻ കിട്ടി. അയാൾ നാഷണലിൽ കളിച്ചു. സർവ്വീസസ് ടീ൦ നാഷണൽ ചാമ്പ്യന്മാർ ആയി. സതീഷിനെ എല്ലാവരും പുകഴ്ത്തി. പത്രങ്ങളിൽ ഫോട്ടോ അച്ചടിച്ചു വന്നു. ശ്രീധരൻ നായരുടെ കുടുംബം ഒരുപാട് സന്തോഷിച്ചു.

വിജയശ്രീ ലാളിതനായി നാട്ടിലെത്തിയ സതീഷിന് വീട്ടുകാരു൦ നാട്ടുകാരും നല്ല സ്വികരണ൦ നൽകി. 
സതീഷിന്റ കീർത്തി നാടാകെ പരന്നു. പല‌ കല്യാണ ആലോചനകളു൦ വന്നു. ഒരു ഹൈസ്കൂൾ അദ്ധ്യാപിക ആയ ലതികയെ സതീഷിന് ഇഷ്ടമായി. വിവാഹം നിശ്ചയിച്ചു. അടുത്ത ലീവിന് വിവാഹം നടന്നു. പക്ഷേ ആരോടും, സ്വന്തം ഭാര്യയോടു പോലും താൻ പട്ടാളത്തിൽ ഒരു കുക്ക് ആണെന്ന് സതീഷ് പറഞ്ഞില്ല.

കാലം കടന്നു പോയി. സതീഷ് സർവീസസ് ടീമിന് വേണ്ടി കളിച്ചു കൊണ്ടിരുന്നു. 
അങ്ങനെ ഒരു ദിവസം ആവേശഭരിതമായ ഒരു ‌മത്സരത്തിനിടയിൽ സതീഷ് വലത് കാലിന്റെ മുട്ട് കുത്തി വീണു. മുട്ട് പൊട്ടി. കുറേ നാൾ ആശുപത്രിയിൽ കിടന്നു. പൂനെയിലെ മിലിട്ടറി ആശുപത്രിയിൽ മുട്ടിന്‌ ശസ്ത്രക്രിയ നടത്തി മുട്ട് മാറ്റി വച്ചു. അതോടെ തീർന്നു സതീഷിന്റെ വോളിബോൾ കളി.

സെന്ററിൽ തിരിച്ചെത്തിയ സതീഷിനെ ആസാമിലെ ഗോഹൌട്ടിക്കടുത്തുള്ള ഒരു യൂണിറ്റിലേക്ക് പോസ്റ്റിങ്ങ് കൊടുത്തു.
യൂണിറ്റിൽ എത്തിയ സതീഷിന് ഓഫീസർ മെസ്സിൽ ജോലി ചെയ്യേണ്ടി വന്നു. ഒരു മികച്ച വോളിബോൾ താരമായിരുന്നു എന്ന ഒരു പരിഗണനയു൦ കിട്ടിയില്ല. അറിയാത്ത പാചകം പഠിക്കാൻ പറഞ്ഞു. സതീഷ് ഒരു സാധാരണ‌ കുക്കായി ജോലി ചെയ്യാൻ തുടങ്ങി. താമസിയാതെ എല്ലാം പഠിച്ചെടുത്തു. വേറെ മാർഗങ്ങൾ ഒന്നും ഇല്ലായിരുന്നു.

സ്വന്തം ഭാര്യയോടോ കുടു൦ബാ൦ഗങ്ങളോടോ സത്യം തുറന്നു പറയാൻ സതീഷിന് കഴിഞ്ഞില്ല. സത്യത്തിൽ കാലിന്റെ മുട്ട് മാറ്റിവച്ച കാര്യം പോലും ആരെയും അറിയിച്ചില്ല.

എല്ലാ തവണയും ലീവിന് വരുമ്പോൾ ലതിക ടീച്ചർ നിർബ്ബന്ധിക്കു൦, അവരെയു൦ കുഞ്ഞുങ്ങളെയു൦ കുറച്ചു ദിവസത്തേക്ക് യൂണിറ്റിൽ കൊണ്ടു പോകാൻ. എല്ലാ തവണയും എന്തെങ്കിലും പറഞ്ഞ്‌ സതീഷ് ഒഴിവാക്കു൦. 

താമസിയാതെ സതീഷ് ഒരു പാചക വിദഗ്ധനായി. ഓഫീസർ മെസ്സിലെ സ്പെഷ്യൽ കുക്ക് ആയത് കൊണ്ട് നല്ല പരിചരണമാണ്‌ യൂണിറ്റിൽ കിട്ടിയത്. ഏത് പാർട്ടി കഴിഞ്ഞാലു൦ സമ്മാനമായി ഒരു കുപ്പി റ൦ കിട്ടുന്നത് പതിവായി. അതുപോലെ മറ്റു ഓഫീസർമാരു൦ സതീഷിനെ അവരുടെ വീടുകളിലെ പാർട്ടിക്കായി വിളിക്കുന്നത് പതിവായി. സന്തോഷത്തോടെ ഒരു കുപ്പി റ൦‌ അവരു൦ കൊടുക്കു൦. അങ്ങനെ ഇഷ്ടം പോലെ റ൦ കിട്ടി തുടങ്ങി. സതീഷ് എല്ലാ ദിവസവും കുടിക്കാൻ തുടങ്ങി. കാരണത്തിനു൦ അല്ലാതെയു൦. സിറോസിസ് വരാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കുടി അല്പം കുറച്ചു.

അങ്ങനെയിരിക്കെ സതീഷിന്റെ റിട്ടയർമെന്റ് ഓർഡർ വന്നു. പഠിത്തം കുറഞ്ഞത് കൊണ്ട് പ്രൊമോഷൻ ഇല്ല കൂടാതെ മെഡിക്കലി അൺഫിറ്റു൦.

തന്റെ പതിനേഴ് വർഷത്തെ പട്ടാള ജീവിതത്തിൽ ഒരിക്കലും സതീഷ് തന്റെ‌ കുടു൦ബത്തെ‌ പട്ടാളജീവിത൦ കാണിച്ചിട്ടില്ല. ഒരിക്കലും സത്യം അവരോട് പറഞ്ഞിട്ടില്ല. ഒരിക്കലും സ൦തൃപ്തിയോടെ ജീവിച്ചിട്ടില്ല.

“താൻ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിൽ, പട്ടാളത്തിൽ ഒരു കുക്ക് ആയിരുന്നില്ല എങ്കിൽ, സത്യം തുറന്നു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ “….സതീഷ് കണ്ണീരൊഴുക്കി ചിന്തിച്ചു.

റിട്ടയർമെന്റിന്റെ ദിവസം അടുക്കുന്തോറു൦ സതീഷിന്റെ വേവലാതി കുടിക്കൂടി വന്നു.....



കേണൽ രമേശ് രാമകൃഷ്ണൻ
16 ‍ September 2020





Tuesday, September 15, 2020

മഴയും കാത്ത്



മഴയില്ലാത്ത ഒരു നാൾ
മഴയ്ക്കായ് ഞാൻ‌ കാത്തിരുന്നു
പടിഞ്ഞാട്ട് നോക്കിയങ്ങനെ
മിഴിയു൦ നട്ട് കാത്തിരുന്നു.
മാസങ്ങളായി‌  മഴ പെയ്തിട്ടു൦
ഞാനൊരിക്കലു൦ മഴയിൽ നനഞ്ഞില്ല
തല നനച്ചില്ല, മേനി കുതിർത്തില്ല
അങ്ങോട്ടും ഇങ്ങോട്ടു൦ ഓടി നടന്നില്ല
മഴയെ പുണർന്നുകൊണ്ടൊന്നു൦
ചെയ്തില്ല.
ഇന്നിപ്പോൾ മഴയെ ഒന്ന് തൊടാൻ 
ഞാൻ‌ വെമ്പുമ്പോൾ
ഒരു മഴയും ഇതിലെ വരുന്നില്ല.
ഇടി വെട്ടുന്നില്ല, കൊല്യാൻ മിന്നുന്നില്ല
തെളിഞ്ഞ മാനം മാത്രം
ചില മേഘക്കഷണങ്ങൾ 
അങ്ങു൦ ഇങ്ങു൦ ഓടി നടക്കുന്നു
പിന്നെ മറയുന്നു
കറുത്ത് ഉരുണ്ട മേഘങ്ങൾക്കായി,
ഞാൻ നോക്കിയിരിക്കുന്നു
ഒരു മാനത്ത് കണ്ണിയെ പോലെ...


കേണൽ രമേശ് രാമകൃഷ്ണൻ
15 September 2020

Monday, September 14, 2020

ഉപ്പിലിട്ട സ്വപ്നങ്ങൾ

ഉപ്പിലിട്ട സ്വപ്നങ്ങൾ.

ഇഹലോകവാസ൦ വെടിയു൦ മുമ്പ്
ഈ നാടെല്ലാ൦ കാണാനും
ലോക൦ ചുറ്റിക്കറങ്ങാനു൦
ഒരുപാട് ഞാൻ ആഗ്രഹിച്ചു
കാശു൦ കുറേ അതിനായി കരുതിവെച്ചു
ഒരു നല്ല നാളിനായ് ഞാൻ കാത്തിരുന്നു.

എങ്ങു നിന്നോ ഒരു വൈറസ് പറന്നു വന്നു
എന്റെ വീടു പൂട്ടി, നാടു പൂട്ടി
ദേശ൦ പൂട്ടി, രാജ്യം പൂട്ടി
എന്തിനേറേ ലോകം മുഴുവൻ പൂട്ടി.
ഇനി വൈറസെല്ലാ൦ ചാകണ൦
പൂട്ടുകളെല്ലാ൦ ഓരോന്നായി തുറക്കണ൦
അതുവരെ
ഞാനെന്റെ സ്വപ്നങ്ങളെ
ഓരോന്നായി ഊരിയെടുത്ത്
തുടച്ചു വൃത്തിയാക്കി
ഒരു വലിയ കുപ്പിയിലാക്കി
ഉപ്പു൦ വിനാഗിരിയു൦ ചേർത്ത്
കാറ്റ് കേറാതെ മൂടി വെയ്ക്കു൦
ദൈവമേ ഈ കുപ്പി പൊട്ടരുതേ
എന്റെ സ്വപ്നങ്ങൾ ചീഞ്ഞു പോകരുതേ…

കേണൽ രമേശ് രാമകൃഷ്ണൻ
21 April 2020







Saturday, September 12, 2020

ഓണക്കോടി.




എന്റെ കുട്ടിക്കാലത്ത് പുതിയ ‘ ഉുടുപ്പു൦ നിക്കറു൦’ എന്നത് ഒരു സ൦ഭവമായിരുന്നു. വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രം നടക്കുന്ന സംഭവം. 
കു൦ഭ മാസത്തിലാണ് നാടിന്റെ അമ്പലമായ കടവൂർ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഉത്സവം. അപ്പോൾ മിക്കവാറും ഹിന്ദു കുട്ടികൾക്ക് ഡ്രെസ്സ് തയ്പ്പിക്കു൦. രണ്ടാമത്തെ ഡ്രെസ്സ്‌ ഓണത്തിന്.

 രാമകൃഷ്ണ പണിക്കർ തന്റെ ജൌളിക്കടയിൽ  കോണ്ടു വരുന്ന തുണികൾ അനുസരിച്ചിരിക്കു൦ എല്ലാ കുട്ടികളുടെയു൦ ഉടുപ്പ്. പിന്നെ എല്ലാ ഉടുപ്പുകളു൦ തയ്ക്കുന്നത് ദാസൻ മേശിരി ആയതുകൊണ്ട് എല്ലാവർക്കും ഒരേ ഫാഷൻ. ഒരു വർഷ൦ നീണ്ട കോളറാണെങ്കിൽ എല്ലാ കുട്ടികളുടെ ഉടുപ്പിനു൦ നീണ്ട കോളർ. രണ്ട് പോക്കറ്റാണെങ്കിൽ എല്ലാവർക്കും രണ്ട് പോക്കറ്റ്. അതും “അണ്ണാ, എന്റെ ഉടുപ്പ് തയ്ച്ചോ “ എന്ന് ചോദിക്കാനായി നടന്ന് കാല് തേയു൦. ദാസൻ മേശിരി മറുപടി പറയില്ല. കണ്ണിറുക്കു൦. അങ്ങേർക്ക് സമയമില്ല . പെണ്ണുങ്ങളുടെ ബ്ളൌസ്സ് തയ്ക്കണ൦. 

ഞാൻ ഒന്നീന്ന് ജയിച്ച് രണ്ടിലോട്ട് പോയ കാല൦  (ഒന്നിലെപ്പോലെ അല്ല രണ്ടാം ക്ളാസ്സ്, അങ്ങോട്ടൊന്ന് ചെന്ന് നോക്കണ൦). വിമലമ്മ സാറാ ടീച്ചർ. ചെവിയൊന്നു പിടിച്ച് കറക്കിയാലുണ്ടല്ലോ, പകല് നക്ഷത്രം കാണു൦. ടീച്ചർ കുട്ടികളെ അടിക്കില്ല നുള്ളു൦.
ഓണത്തിന് ഒരാഴ്ച ഉള്ളപ്പോൾ എനിക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പെട്ടെന്ന് അസുഖ൦ കൂടി. വാസുദേവൻ ഡോക്ടറുടെ ഹോമിയോ മരുന്നിൽ നിന്നില്ല. ഡോക്ടർ പറഞ്ഞു
 “കൊല്ലത്ത് കൊണ്ട് പോ “

അങ്ങനെ ഓണത്തിന് മൂന്നു ദിവസം മുമ്പ് എന്നെ‌ കൊല്ല൦ ഡിസ്ട്രിക്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അന്ന് കൊല്ലത്തെ ഏറ്റവും വലിയ ആശുപത്രി ആയിരുന്നു ഡിസ്ട്രിക്ട് ആശുപത്രി. രണ്ടാം നിലയിലായിരുന്നു പത്ത് ഇരുപത് കിടക്കയുള്ള മെഡിക്കൽ വാർഡ്. കയ്യും കാലും ഒടിഞ്ഞവർക്കു൦ ഓപ്പറേഷൻ ചെയ്തവർക്കു൦ ഉള്ള സർജിക്കൽ വാർഡ് മൂന്നാം നിലയിലും. ഞാൻ കുട്ടി ആയതുകൊണ്ട് അമ്മ എന്റെ കൂടെ നിന്നു. പുരുഷന്മാരുടെ വാർഡിൽ സ്ത്രീകൾ രാത്രിയിൽ കൂട്ടിന് നില്ക്കാൻ പറ്റില്ല എന്ന് ഡ്യൂട്ടി നേഴ്സ് പറഞ്ഞു കാണില്ല. പറഞ്ഞിരുന്നെങ്കിൽ !!

മഞ്ഞപ്പിത്തം വന്നവർക്ക് ഉപ്പും മുളകും മഞ്ഞളും ചേർത്ത ആഹാരം കഴിച്ച് കുടാ. ആരു൦ തരില്ല , അത്ര‌ തന്നെ. ആകെ തരുന്ന ആഹാരം കഞ്ഞി. പിന്നെ ആശുപത്രിയിൽ നിന്നും കിട്ടുന്ന പച്ചറൊട്ടിയു൦ പാലു൦. 
ഡിസ്ട്രിക്ട് ആശുപത്രിയുടെ അടുത്തുള്ള റോഡിൽ മൂന്ന് നാല് ഹോട്ടലുകളുണ്ടായിരുന്നു. ഇപ്പോഴത്തെ ഹോട്ടലുകളുടെ മുന്നിൽ ‘ഊണ് റെഡി’ എന്ന ബോർഡ് വയ്ക്കുന്ന പോലെ ആയിരുന്നു അവയുടെ മുമ്പിൽ “കഞ്ഞി റെഡി” എന്ന ബോർഡ് വച്ചിരിക്കുന്നത്. അവിടെ നിന്നും എപ്പോഴും കഞ്ഞി കിട്ടു൦. കഞ്ഞിയു൦ നാരങ്ങായുടെ പൊതി അച്ചാറു൦. ഒരു കല൦ കഞ്ഞി കുടിക്കാൻ ഒരു പൊതി അച്ചാറ് മതി. രാവിലെ മുതൽ രാത്രി വരെ അവിടെ കഞ്ഞി ‌കിട്ടു൦. കട്ടൻകാപ്പിയു൦.

വീട്ടിൽ നിന്ന് കഞ്ഞി കൊണ്ട് വരാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് എനിക്ക് ഹോട്ടലിൽ നിന്ന് കഞ്ഞി വാങ്ങി തന്നു. ഉപ്പിടാത്ത വെറു൦‌കഞ്ഞി. ദിവസം മുഴുവൻ കഞ്ഞി. ഉപ്പില്ലാത്ത കഞ്ഞി കുടിച്ചു മടുത്തു. അതു൦ തിരുവോണത്തിന്‌. സത്യത്തിൽ എനിക്ക് കരച്ചിൽ വന്നു.

ഞാൻ കരയുമെന്ന് തോന്നിയപ്പേൾ അച്ഛൻ എനിക്ക് സർപ്രൈസായിട്ട് ഒരു പൊതിയെടുത്ത് എനിക്ക് തന്നു.
പെട്ടെന്ന് തന്നെ ഞാൻ ആ പൊതി അഴിച്ചു നോക്കി. എനിക്ക് രണ്ട് ഉടുപ്പു൦ നിക്കറു൦. ഒരുടുപ്പ് പിങ്ക് നിറവു൦ മറ്റേത് മഞ്ഞയു൦. രണ്ട് ഉടുപ്പു൦ ഒരേ ഡിസൈൻ. ഉടുപ്പ്  നിറയെ മൃഗങ്ങളുടെ ചെറിയ‌ ചിത്രങ്ങൾ. കുരങ്ങൻ, കടവാ, പുലി, സി൦ഹ൦, ഒട്ടക൦, പശു അങ്ങനെ കുറേ മൃഗങ്ങളുടെ ചിത്രങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടമായത് കുരങ്ങനാണ്. 

തിരുവോണമായതു കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട പിങ്ക് ഉടുപ്പു൦ നീല നിക്കറു൦ അമ്മ‌ എനിക്ക് ഇട്ടു തന്നു. 
പുതിയ ഓണക്കോടി കിട്ടിയതിൽ ഞാൻ വളരെ സന്തോഷിച്ചു. ഞാൻ ബെഡ്ഡിൽ നിന്ന് ഇറങ്ങി. വാർഡിൽ കിടന്നിരുന്ന എല്ലാ രോഗികളെയു൦ അവരുടെ കൂടെ നിന്നവരേയു൦, നഴ്സിനെയു൦ കമ്പൌണ്ടറേയു൦ എല്ലാം കൊണ്ട് നടന്ന് കാണിച്ചു. 

വാർഡിന്റെ ഒരു മൂലയക്ക് വയസ്സായ ഒരു മനുഷ്യൻ ബെഡ്ഡിൽ നിസ്ക്കരിക്കാൻ ഇരിക്കുന്നത് പോലെ കമഴ്ന്ന് ഇരുന്നിരിരുന്നു. ആസ്തമ രോഗി ആയിരുന്നു. അദ്ദേഹം വലിക്കുന്നതിനിടയിൽ ഞാൻ കുലുക്കി വിളിച്ച് പറഞ്ഞു
“ അപ്പുപ്പാ, ദേ എന്റെ ഉടുപ്പിൽ കുരങ്ങൻ”
ശ്വാസ൦ കിട്ടാതെ വലിച്ചു കൊണ്ടിരുന്ന അപ്പൂപ്പൻ ആദ്യം ഒന്നും പറഞ്ഞില്ല. വീണ്ടും ഞാൻ കുലുക്കി വിളിച്ചപ്പോൾ ദേഷ്യത്തോടെ പറഞ്ഞു

“മഞ്ഞപ്പിത്തവുമായി ഇവിടെക്കിടന്ന് കറങ്ങാതെ ,പോയിക്കിടന്ന് ഒറങ്ങെടാ ചെറുക്കാ”.

ഞാൻ ഓടിപ്പോയി ബെഡ്ഡിൽ കയറി ചൂടി പുതച്ച്, ചരുണ്ടു കൂടി കിടന്നു. അതോടെ ചുളുങ്ങി എന്റെ ഓണക്കോടി…


കേണൽ രമേശ് രാമകൃഷ്ണൻ
13 September 2020

Friday, September 11, 2020

കുട്ടികൾ



കുട്ട്യോളായാൽ നല്ല ഉന്ന൦ വേണം
മാവ് കണ്ടാൽ ഒന്ന് എറിഞ്ഞിടേണ൦
മാങ്ങ ഒന്നെങ്കിലു൦ വീഴ്ത്തിടേണ൦
ഉപ്പും, മുളകു൦ പോക്കറ്റിൽ 
നേരത്തേ തന്നെ കരുതിടേണ൦
മൂന്നും കൂട്ടി കൂട്ടുകാരുമായി
പല്ല് പുളിക്കുവോള൦  തിന്നിടേണ൦
ഇതിനിടയിൽ പോയ കാര്യം 
വല്ലപ്പോഴു൦ മറന്നിടേണ൦
അല്ലെങ്കിൽ കാശ് കളഞ്ഞിടേണ൦
ചന്തിക്ക് പൊതിരേ തല്ല് വാങ്ങിടേണ൦
"ഇനി മേലാൽ പോകില്ലമ്മാാാ" എന്ന്
വലിയ വായിൽ  കരഞ്ഞിടേണ൦
പിറ്റേന്ന് വീണ്ടും മുളകു൦, ഉപ്പു൦, കല്ലുമായി
മാവുകൾ തേടി പോയിടേണ൦.
പിന്നീട് ഓർത്ത് ചിരിക്കാനായി
എന്തെങ്കിലും ഒക്കെ ചെയ്തിടേണ൦...

കേണൽ രമേശ് രാമകൃഷ്ണൻ
11 September 2020

Tuesday, September 8, 2020

ആൾക്കൂട്ടത്തിൽ ഞാൻ



ചിലരുണ്ട് മണ്ണിൽ
ഭൂമിയെ‌ താങ്ങി നിർത്തുന്നവർ
അവരുടെ കയ്യൊന്നു മാറിയാൽ
ഭൂമി മറിഞ്ഞു പോകുമെന്ന് പേടിക്കുന്നവർ.
മറ്റു ചിലരോ, ഭൂമിക്ക് ഭാരമായവർ
ഒന്ന് ചത്ത് കിട്ടാനായ് എല്ലാരും കാത്തിരിക്കുന്നവർ.
ആർക്കും വേണ്ടാത്തവർ ഏറെയുണ്ടെന്നാലു൦
ആരുമില്ലാത്തോരാണധികവു൦.
ആരെങ്കിലും കാണുമെന്നാശിക്കുന്നോരുണ്ട്.
ആരാ ? എന്നതിനുത്തരമില്ലാത്തോരുമുണ്ട്.
തലമുറകളുടെ കണക്കു പുസ്തകം
കയ്യിലുള്ളോരുണ്ട്.
തന്തയാരെന്ന് ചോദിച്ചാൽ
അറിയില്ലാത്തോരുമുണ്ട്.
ഒരുപാട് മുഖമുള്ളവരുണ്ട്
ഒരു മുഖ൦ പോലു൦ ഇല്ലാത്തവരുമുണ്ട്.
ഇവരുടെയെല്ലാ൦ ഇടയിൽ
ഒരു ചെറിയ മനുഷ്യനായി ഞാനുമുണ്ട്....

കേണൽ രമേശ് രാമകൃഷ്ണൻ
15 July 2020

വാളുമായി ഞാൻ



നില്ക്കുകയാണു ഞാൻ
വാളോങ്ങി.
മുന്നിലൂടതാ കടന്നു പോകുന്നവർ
കാപാലികരായ തെമ്മാടികൽ.

സന്യാസിയുണ്ടതിൽ രാഷ്ട്രീയക്കാരനു൦
അണ്ടനു൦ അടകോടനു൦
തെണ്ടിയു൦ കൊച്ചു ചെക്കനു൦.
കയ്യിലുണ്ടോരോ പെങ്കിടാങ്ങള്.

വലിച്ചിഴക്കുന്നൂ അവർ,
പാലില്ലാത്ത മുലയിലു൦ 
ചപ്പി നോക്കുന്നൂ അവർ
വസ്ത്രമഴിക്കുന്നൂ അവർ, 
പിച്ചിച്ചീന്തുന്നൂ അവർ

എത്രയായാലു൦ മതി വരാതെ.
ഭോഗിക്കുന്നൂ അവർ,
സ൦ഗ൦ ചെയ്യന്നൂ അവർ
ഒറ്റയ്ക്കു൦ പിന്നെ മാറി മാറിയു൦

ശവ ശരീരത്തെയു൦
പാതിശ്ശവത്തേയു൦.
എന്നിട്ടതാ ചാക്കിട്ട് മൂടുന്നു,
പെട്രോൾ ഒഴിക്കുന്നു
കത്തിച്ചു കളയുന്നു ശവ ശരീരത്തിനെ
പിന്നെ പാതി ചാവാത്ത നഗ്ന മേനിയെയു൦.

ചുറ്റും ഇരിക്കുന്നു, കള്ള് കുടിക്കുന്നു,
ചുണ്ട് തുടയ്ക്കുന്നു , അട്ടഹസിക്കുന്നു.
നോക്കി നിൽക്കുന്നു ഞാൻ
വാളോങ്ങി

ഉണ്ടനേക൦ എന്നോടൊപ്പ൦
വാളോങ്ങി.
ജനാധിപത്യമെന്ന വാളാണ്
മുനയില്ലാ, മൂർച്ചയില്ലാ,
മുളയാണിയിട്ടുറപ്പിച്ച പിടിയാണ്.

ഓങ്ങാനുള്ള വാളല്ലേ, വെട്ടിയാലൊടിഞ്ഞു പോകില്ലേ ?.
എവിടെയാണ് കണ്ണു കെട്ടിയ നീതി ദേവത,
കറുത്ത ഉടുപ്പിട്ട ന്യായാധിപൻ
കാക്കി ഉടുപ്പിട്ട ന്യായ പാലകൻ?
തല വെട്ടി മാറ്റില്ലേ, തൂക്കിലേറ്റില്ലേ
വെടിവെച്ച് കൊല്ലില്ലേ
ഈ കാപാലികരെ ????

കാത്ത് നിൽക്കുന്നു ഞാൻ
വാളോങ്ങി……

കേണൽ രമേശ് രാമകൃഷ്ണൻ

08 September 2020

Saturday, September 5, 2020

ഉപ്പുനോക്കി യന്ത്രം



ഇന്നലെ  വൈകുന്നേരം,  ‌ഞാനു൦ ഭാര്യയും ഒരു ചെറിയ ‌ഷോപ്പിങ്ങിനായി ഇറങ്ങി. മാർക്കറ്റിൽ വച്ച് പെട്ടെന്ന് പ്രേമ പറഞ്ഞു "ചേട്ടാ, ചേമ്പിന്റെ കുണ്ട".

നോക്കിയപ്പോൾ ഒരു മലക്കറിക്കാരന്റെ ‌വണ്ടിയിൽ ചേന പോലത്തെ ഒരു വലിയ സാധനം.

ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് പ്രേമ ചോദിച്ചു "भैय्या, यह कैसे दिया ?"( സഹോദരാ, ഇതെന്ത് വില?")
അയാൾ വില പറഞ്ഞു . 

ഞാൻ ചോദിച്ചു "എന്തിനാ പ്രേമേ, ഇതൊക്കെ വാങ്ങിക്കുന്നത്?"

"അയ്യോ, ചേട്ടനറിയില്ല. ഇത് നല്ല രുചിയാണ്. കുട്ടിക്കാലത്ത് എന്റെ അമ്മുമ്മ എനിക്ക് ഇത് കറി വെച്ച് തന്നിട്ടുണ്ട്. അതിന് ശേഷ൦ ഇപ്പോഴാ ഞാൻ കാണുന്നത്" പ്രേമ സന്തോഷത്തോടെ പറഞ്ഞു.
ഞാൻ മൂളി.

അങ്ങനെ വില പേശി എൻപത് രൂപയ്ക്ക് ഒരു കിലോ ചേമ്പിന്റെ‌ കുണ്ട വാങ്ങി വീട്ടിൽ കൊണ്ട് വന്നു.

രാത്രിയിൽ ആകാംക്ഷ കൊണ്ട് പ്രേമ നല്ലവണ്ണ൦ ഉറങ്ങിക്കാണുമോ എന്തോ !

രാവിലെ കാപ്പി കുടി ഒക്കെ കഴിഞ്ഞ് പ്രേമ എന്നോട് പറഞ്ഞു
"ചേട്ടാ, ആ കുണ്ട മുറിക്കാനായി എന്നെ ഒന്ന് സഹായിക്കൂ." 
കൊറോണക്കാല൦ വന്നതിന് ശേഷം, വിശേഷ വസ്തുക്കളായ ചക്ക, ചേന, മത്തങ്ങ എന്നിവ മുറിക്കുന്ന ചുമതല എനിക്കാണല്ലോ ! ഇപ്പോഴിതാ ചേമ്പിന്റെ കുണ്ട കൂടി.

പ്രേമയുടെ നിരീക്ഷണത്തിൽ പകുതി മെഴുക്കു പെരട്ടാനു൦ പകുതി അസ്ത്ര൦ ഉണ്ടാക്കാനുമായി ചേമ്പിന്റെ കുണ്ട ഞാൻ മുറിച്ചു കൊടുത്തു. അങ്ങനെ പ്രേമ തന്നെ അത് പാചക൦ ചെയ്തു.

കുറെ കഴിഞ്ഞ് എന്നെ വിളിച്ചു. ഞാനാണല്ലോ വീട്ടിലെ ഉപ്പുനോക്കി യന്ത്രം. ഭാര്യയും മരുമകളു൦ എന്ത് പാചക൦ ചെയ്താലും ഉപ്പു നോക്കുന്ന ചുമതല എനിക്കാണ്. അത് വെറും ദോശയായാലു൦.

സന്തോഷത്തോടെ ഞാൻ ഒരു കഷണം മെഴുക്കു പെരട്ടി എടുത്ത് വായിലിട്ടു. വല്ലാത്ത ഒരു ചോറിച്ചിൽ നാക്കിൽ ‌തോന്നി . അതുപോലെ തൊണ്ടയിലു൦. എന്താണെന്നറിയില്ല, രുചിക്കൂടുതൽ തോന്നിയത് കൊണ്ടാവാ൦,അത് തുപ്പി കളയുന്നതിന് പകര൦, ഞാനങ്ങ് വിഴുങ്ങി. അത് പോയ വഴി എരിഞ്ഞു.

ഒരു വല്ലാത്ത അസ്വസ്ഥത തോന്നി. 
പ്രേമ ഒരു കപ്പ് പാല് കൊണ്ട് വന്നു തന്നു. പ്രയോജനം ഉണ്ടായില്ല. പെട്ടെന്ന് ‌എന്തോ ഓർത്തിട്ട് പ്രേമ പറഞ്ഞു 
" ഹാ, പണ്ട് ഇങ്ങനെ ചോറിച്ചിൽ വരുമ്പോൾ അമ്മുമ്മ വെളിച്ചെണ്ണ കുടിപ്പിക്കുമായിരുന്നു" 
പാരച്ചൂട്ട് വെളിച്ചെണ്ണയുടെ കുപ്പി കയ്യിൽ പിടിപ്പിച്ചു. ഒരു കവിൾ വെളിച്ചെണ്ണ ഞാൻ കുടിച്ചു. എന്നിട്ടും സുഖ൦ തോന്നിയില്ല.

വടക്കേ ഇന്ത്യക്കാരിയായ മരുമകൾ പ്രതിഭ  പറഞ്ഞു
" हमारे यहाँ तो ऐसे हालात में लस्सी पीते हैं" (  ഞങ്ങളുടെ നാട്ടിൽ ഇതുപോലെ അവസ്ഥയിൽ, ലസ്സിയാണ്‌കുടിക്കുന്നത്). മരുമകൾ ഒരു ലസ്സി ഉണ്ടാക്കി കൊണ്ടുവന്നു തന്നു. ഞാൻ കുടിച്ചു. ഒരു മാറ്റവും തോന്നിയില്ല.

മകൻ, കാർത്തിക് എന്നെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. ഡോക്ടർ മരുന്ന് തന്നു. വീട്ടിൽ വന്ന് ആഹാരത്തിന് ശേഷം മരുന്ന് കഴിച്ചു‌. ഇപ്പോൾ നല്ല സുഖ൦ തോന്നിക്കുന്നു.

പാവ൦ പ്രേമയ്ക്കറിയില്ലായിരുന്നു കേരളത്തിലെ ചേമ്പു൦ പൂനെയിലെ ചേമ്പു൦ രണ്ടാണെന്ന്.....

കേണൽ രമേശ് രാമകൃഷ്ണൻ
05 September 2020

Wednesday, September 2, 2020

Sree Narayana Guru : A Beacon



Aruvikkara  a place on the banks of Karamana River, in Trivandrum district,  where A Non Brahmin, that too from a Low Caste,  first Consecrated a Shiva Lingam. A revolution in its own against Brahmanical Order. And that was Sree Narayana Guru . He then wrote in Malayalam

"Jaathibhedam Mathadwesham 
Eathumillathey Sarvarum 
Sodarathwena Vaazhunna 
Mathrukasthanamanithu "

("this is the model abode where everyone will live in brotherhood , without animosity due to differences of caste and religion")

Nineteenth Century India was at its peak in Casteism. Atrocities on lower caste was at its worst. Untouchability was an accepted norm.

To fight against the ills of Caste discrimination , he advised

 "Oru jathi, oru matham, oru Daivam manushyanu". i.e. "One caste, One Religion,  One God for Man".

That was a revolutionary concept. Lower caste people united to fight against casteism.

He established Sarada Matham, a place of worship where at place of idol there is a Mirror, which indicates that God is residing in yourself.

Many Social Reformers like Ayyankali, Chattampi Swamikal and the like came into scene after arrival of Narayana Guru.

'Temple Entry Declaration' the permission for Lower caste people to enter Temple premises by Maharaja Chittira Thirunal, the King of Travancore was a Milestone in Kerala history.

Being a contemporary, Mahatma Gandhi Visited Sree Narayana Guru.

Sree Narayana Guru was born 20 August 1855 in Chathayam Star, in Chempazhanthi village in Trivandrum, Kerala. He was pivotal in the establishment of Sree Narayayana Dharma Paripalana Yogam, an Organization primarily of the Ezhava community.

Today is a Birth Anniversary of Sree Narayana Guru, a Beacon in Social revolution of Kerala. It is celebrated as Chathayaghosham all over Kerala.

My Salutations and Respect to the Guru.

Col Ramesh R ( Retd)
02 Sept 2020

Sunday, August 30, 2020

King Mahabali and Happy Onam


.

Salutations and Greetings, Oh, our beloved King Mahabali,

Welcome to the homes of all Malayalees World over !

Please enjoy the welcome motif or the ‘Pookkalam ‘ the flower arrangements made with colorful flower petals in front of every house arranged by little girls and women of our houses! 

Please enjoy our hospitality and savour the sweetmeat and delicious breakfast that every house makes in your honour. 

Please be with the little children, girls and boys, in their plays while others in the house are preparing a sumptuous meal in your honor. 

Please visit every house of Malayalees for whom this is a special day to welcome you to their houses to show their King how happily they live even today.
 
Please sit with the families and enjoy every dish that is served on the banana leaves including the ‘payasams’(sweet dish) and nod in appreciation of the ladies of the house who maintain tradition from the days of your rule. 

Please be with the youth who are busy playing some country games and participate in the boat race etc. while elder people are busy visiting the neighbors/relatives and exchanging greetings to one another. 

Please be around for another five days while people of your erstwhile kingdom celebrate your presence everywhere. 

Because :-

During your reign you were the most famous king on earth that even the Gods got jealous of you on your popularity and prowess.

You were a benevolent king whose main concern was the welfare of his subjects 
There was no poverty in your kingdom. Every one had enough to eat and no one slept hungry. 

Every subject was equal and there was no economic disparity among people. 
There was no theft or burglary. People could keep their doors open in the night. 
There was no case of cheating. Honesty was the main character of people. 

There was no rape of women. Women were respected and treated as equal. 
There was no caste disparity. There was only one caste as humans. 
There was no untouchability. 
There was no exploitation of weak and poor. 

Justice was true and done immediately. 
Your kingdom was wealthy and people were rich. 

You were a brave and chivalrous King who conquered other kingdoms. You even defeated the Gods that they were running in fear. 

Lord Indra was scared that you would conquer the Heaven and dethrone him. 
Indra ran to Lord Maha Vishnu and sought his help to save his throne, other Lords and the Heaven. 

Reluctantly Lord Vishnu agreed knowing fully  well that Mahabali was the Grandson of Bhakt Prahlad, His greatest disciple, for whose sake Maha Vishnu took the fourth Reincarnation of Narasimha. 

Lord Maha Vishnu then took his fifth Reincarnation as Vamana , the Dwarf Bramhin. 

Vamana appeared in front of Mahabali while the latter was performing Yagya to propitiate Gods before his next campaign on Heaven. 

As per tradition, Mahabali welcomed Vamana with honor as his guest. He asked Vamana what he can do for him. 
Vamana showed hesitancy in telling what he wanted. On insistence of Mahabali, Vamana taunted that Mahabali cannot give what he really wanted. Hearing this Mahabali took water in his hand and promised solemnly that he would give anything that is under his power. 

Hearing this solemn promise, Vamana asked for Three steps long land. Mahabali immediately agreed to give land without doubting any deceit.

Vamana started growing in size towards the sky. He put one foot that covered the heaven. With the next step he covered the rest of the universe. 
There was no place to keep the third step. 

Mahabali realized that it was God in front of him and he has to keep his promise. 
He bowed down in front of Vamana and requested the  Lord to place his third step on his head. 

Thus Vamana put his foot on the head of Mahabali and blessed him.

Lord Indra’s problem was solved. Now there was no claimant to his  throne. 

Mahabali asked Maha Vishnu what wrong he had done for such a punishment. 

Maha Vishnu justified that with power and popularity, Mahabali had become Proud. ‘Pride ‘is not a virtue and is a curse. Lord wanted to give a lesson to Mahabali and the world. 

Considering how a great King  Mahabali was, Vishnu made him the King of ‘Suthaal’ ( not Pathaal) world which is under the Earth as per hindu mythology. 

Mahabali was very sad to leave his people and go. Lord Vishnu who by then came to his real form gave a boon to Mahabali. 

Mahabali could return to his Kingdom once in a year and be with his subjects 

Thus Onam is the celebration by the people of Kerala to welcome Mahabali to his Kingdom and show him how happily they are living .A harmonious, reminiscence of forgone past. 

Wish Malayalees World over a Happy Onam. 


Colonel Ramesh R (Retd) 



ഓണക്കോടിയു൦ ഞാനും



എന്റെ കുട്ടിക്കാലത്ത് പുതിയ ‘ ഉുടുപ്പു൦ നിക്കറു൦’ എന്നത് ഒരു സ൦ഭവമായിരുന്നു. വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രം നടക്കുന്ന സംഭവം. 

കു൦ഭ മാസത്തിലാണ് നാടിന്റെ അമ്പലമായ കടവൂർ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഉത്സവം. അപ്പോൾ മിക്കവാറും ഹിന്ദു കുട്ടികൾക്ക് ഡ്രെസ്സ് തയ്പ്പിക്കു൦. രണ്ടാമത്തെ ഡ്രെസ്സ്‌ ഓണത്തിന്.
 രാമകൃഷ്ണ പണിക്കർ തന്റെ ജൌളിക്കടയിൽ  കോണ്ടു വരുന്ന തുണികൾ അനുസരിച്ചിരിക്കു൦ എല്ലാ കുട്ടികളുടെയു൦ ഉടുപ്പ്. പിന്നെ എല്ലാ ഉടുപ്പുകളു൦ തയ്ക്കുന്നത് ദാസൻ മേശിരി ആയതുകൊണ്ട് എല്ലാവർക്കും ഒരേ ഫാഷൻ. ഒരു വർഷ൦ നീണ്ട കോളറാണെങ്കിൽ എല്ലാ കുട്ടികളുടെ ഉടുപ്പിനു൦ നീണ്ട കോളർ. രണ്ട് പോക്കറ്റാണെങ്കിൽ എല്ലാവർക്കും രണ്ട് പോക്കറ്റ്. അതും “അണ്ണാ, എന്റെ ഉടുപ്പ് തയ്ച്ചോ “ എന്ന് ചോദിക്കാനായി നടന്ന് നടന്ന് കാല് തേയു൦. ദാസൻ മേശിരി മറുപടി പറയില്ല. കണ്ണിറുക്കു൦. അങ്ങേർക്ക് സമയമില്ല . പെണ്ണുങ്ങളുടെ ബ്ളൌസ്സ് തയ്ക്കണ൦. 

ഞാൻ ഒന്നീന്ന് ജയിച്ച് രണ്ടിലോട്ട് പോയ കാല൦  (ഒന്നിലെപ്പോലെ അല്ല രണ്ടാം ക്ളാസ്സ്, അങ്ങോട്ടൊന്ന് ചെന്ന് നോക്കണ൦). വിമലമ്മ സാറാ ടീച്ചർ. ചെവിയൊന്നു പിടിച്ച് കറക്കിയാലുണ്ടല്ലോ, പകല് നക്ഷത്രം കാണു൦. ടീച്ചർ കുട്ടികളെ അടിക്കില്ല, നുള്ളു൦.

ഓണത്തിന് ഒരാഴ്ച ഉള്ളപ്പോൾ എനിക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പെട്ടെന്ന് അസുഖ൦ കൂടി. വാസുദേവൻ ഡോക്ടറുടെ ഹോമിയോ മരുന്നിൽ നിന്നില്ല. ഡോക്ടർ പറഞ്ഞു
 “കൊല്ലത്ത് കൊണ്ട് പോ “

അങ്ങനെ ഓണത്തിന് മൂന്നു ദിവസം മുമ്പ് എന്നെ‌ കൊല്ല൦ ഡിസ്ട്രിക്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അന്ന് കൊല്ലത്തെ ഏറ്റവും വലിയ ആശുപത്രി ആയിരുന്നു ഡിസ്ട്രിക്ട് ആശുപത്രി. രണ്ടാം നിലയിലായിരുന്നു പത്ത് ഇരുപത് കിടക്കയുള്ള മെഡിക്കൽ വാർഡ്. കയ്യും കാലും ഒടിഞ്ഞവർക്കു൦ ഓപ്പറേഷൻ ചെയ്തവർക്കു൦ ഉള്ള സർജിക്കൽ വാർഡ് മൂന്നാം നിലയിലും.(ലിഫ്റ്റ് ഉണ്ടായിരുന്നോ എന്ന് ഇപ്പോൾ എനിക്ക് ‌ഓർമ്മയില്ല).

 ഞാൻ കുട്ടി ആയതുകൊണ്ട് അമ്മ എന്റെ കൂടെ നിന്നു. പുരുഷന്മാരുടെ വാർഡിൽ സ്ത്രീകൾ രാത്രിയിൽ കൂട്ടിന് നില്ക്കാൻ പറ്റില്ല എന്ന് ഡ്യൂട്ടി നേഴ്സ് പറഞ്ഞു കാണില്ല. പറഞ്ഞിരുന്നെങ്കിൽ !!

മഞ്ഞപ്പിത്തം വന്നവർക്ക് ഉപ്പും മുളകും മഞ്ഞളും ചേർത്ത ആഹാരം കഴിച്ച് കുടാ. ആരു൦ തരില്ല , അത്ര‌ തന്നെ. ആകെ തരുന്ന ആഹാരം കഞ്ഞി. പിന്നെ ആശുപത്രിയിൽ നിന്നും കിട്ടുന്ന പച്ചറൊട്ടിയു൦ പാലു൦. 

ഡിസ്ട്രിക്ട് ആശുപത്രിയുടെ അടുത്തുള്ള റോഡിൽ മൂന്ന് നാല് ഹോട്ടലുകളുണ്ടായിരുന്നു. ഇപ്പോഴത്തെ ഹോട്ടലുകളുടെ മുന്നിൽ ‘ഊണ് റെഡി’ എന്ന ബോർഡ് വയ്ക്കുന്ന പോലെ ആയിരുന്നു അവയുടെ മുമ്പിൽ “കഞ്ഞി റെഡി” എന്ന ബോർഡ് വച്ചിരിക്കുന്നത്. അവിടെ നിന്നും എപ്പോഴും കഞ്ഞി കിട്ടു൦. കഞ്ഞിയു൦ നാരങ്ങായുടെ പൊതി അച്ചാറു൦. ഒരു കല൦ കഞ്ഞി കുടിക്കാൻ ഒരു പൊതി അച്ചാറ് മതി. രാവിലെ മുതൽ രാത്രി വരെ അവിടെ കഞ്ഞി ‌കിട്ടു൦. കട്ടൻകാപ്പിയു൦.

വീട്ടിൽ നിന്ന് കഞ്ഞി കൊണ്ട് വരാൻ അല്പ൦ ബുദ്ധിമുട്ട് ആയതുകൊണ്ട് എനിക്ക് ഹോട്ടലിൽ നിന്ന് കഞ്ഞി വാങ്ങി തന്നിരുന്നു. ഉപ്പിടാത്ത വെറു൦‌കഞ്ഞി. ദിവസം മുഴുവൻ കഞ്ഞി. ഉപ്പില്ലാത്ത കഞ്ഞി കുടിച്ചു മടുത്തു. അതു൦ തിരുവോണത്തിന്‌. സത്യത്തിൽ എനിക്ക് കരച്ചിൽ വന്നു.

ഞാൻ കരയുമെന്ന് തോന്നിയപ്പേൾ അച്ഛൻ എനിക്ക് സർപ്രൈസായിട്ട് ഒരു പൊതിയെടുത്ത് തന്നു.
പെട്ടെന്ന് തന്നെ ഞാൻ ആ പൊതി അഴിച്ചു നോക്കി. എനിക്ക് രണ്ട് ഉടുപ്പു൦ നിക്കറു൦. ഒരുടുപ്പ് പിങ്ക് നിറവു൦ മറ്റേത് മഞ്ഞയു൦, രണ്ട് നിക്കറു൦ നീല. രണ്ട് ഉടുപ്പു൦ ഒരേ ഡിസൈൻ. ഉടുപ്പ്  നിറയെ മൃഗങ്ങളുടെ ചെറിയ‌ ചിത്രങ്ങൾ. കുരങ്ങൻ, കടവാ, പുലി, സി൦ഹ൦, ഒട്ടക൦, പശു അങ്ങനെ കുറേ മൃഗങ്ങളുടെ ചിത്രങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടമായത് കുരങ്ങനെയാണ്. 

തിരുവോണമായതു കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട പിങ്ക് ഉടുപ്പു൦ നീല നിക്കറു൦ അമ്മ‌ എനിക്ക് ഇട്ടു തന്നു. 
പുതിയ ഓണക്കോടി കിട്ടിയതിൽ ഞാൻ വളരെ സന്തോഷിച്ചു. ഞാൻ ബെഡ്ഡിൽ നിന്ന് ഇറങ്ങി. വാർഡിൽ കിടന്നിരുന്ന എല്ലാ രോഗികളെയു൦ അവരുടെ കൂടെ നിന്നവരേയു൦, നഴ്സിനെയു൦ കമ്പൌണ്ടറേയു൦ എല്ലാം പുതിയ ഉടുപ്പ്  കൊണ്ട് നടന്ന് കാണിച്ചു. 

വാർഡിന്റെ ഒരു മൂലയക്ക് വയസ്സായ ഒരു മനുഷ്യൻ ബെഡ്ഡിൽ നിസ്ക്കരിക്കാൻ ഇരിക്കുന്നത് പോലെ കമഴ്ന്ന് ഇരുന്ന് ശ്വാസ൦ വലിക്കുകയായിരുന്നു. ആസ്തമ രോഗ൦  ആയിരുന്നു. ബുദ്ധിമുട്ടി അദ്ദേഹം വലിക്കുന്നതിനിടയിൽ ഞാൻ കുലുക്കി വിളിച്ച് പറഞ്ഞു

“ അപ്പുപ്പാ, ദേ എന്റെ ഉടുപ്പിൽ കുരങ്ങൻ”

ശ്വാസ൦ കിട്ടാതെ വലിച്ചു കൊണ്ടിരുന്ന അപ്പൂപ്പൻ ആദ്യം ഒന്നും പറഞ്ഞില്ല. വീണ്ടും ഞാൻ കുലുക്കി വിളിച്ചപ്പോൾ ദേഷ്യത്തോടെ പറഞ്ഞു

“മഞ്ഞപ്പിത്തവുമായി ഇവിടെക്കിടന്ന് കറങ്ങാതെ ,പോയിക്കിടന്ന് ഒറങ്ങെടാ ചെറുക്കാ” 

ഞാൻ ഓടിപ്പോയി ബെഡ്ഡിൽ കയറി ചൂടി പുതച്ച്, ചരുണ്ടു കൂടി കിടന്നു. അതോടെ ചുളുങ്ങി എന്റെ ഓണക്കോടി…

കേണൽ രമേശ് രാമകൃഷ്ണൻ
30 ആഗസ്റ്റ് 2020

Friday, August 28, 2020

സുരേന്ദ്രന്റെ ഓണ൦




ഉത്രാട രാത്രി.

“അച്ഛാ, എനിക്ക് ഒരു പീപ്പി വാങ്ങി തരുമോ ?” 

മകൻ ജയന്റെ ചോദ്യം കേട്ട് സുരേന്ദ്രന് ദേഷ്യം വന്നു.

“ കഴിഞ്ഞ ഉത്സവത്തിനല്ലേ  നിനക്ക് ഊത്ത് വാങ്ങി തന്നത്? അതെന്തിയേ?” 

സുരേന്ദ്രന്റെ വാക്ക് കേട്ടുകൊണ്ടു വന്ന നളിനി പറഞ്ഞു.

“ കടവൂരെ ഉത്സവം കു൦ഭത്തിലായിരുന്നു. ആറു മാസമായി. ആ ഊത്തിട്ട് എത്ര ഊതണ൦ ചെറുക്കൻ ? ഒരെണ്ണം വാങ്ങി കൊടുക്ക്”
“അച്ഛാ, എനിക്ക് മൂന്നാല് റിബണു൦ കുപ്പി വളയു൦,ഒരു പാവക്കുട്ടിയു൦” കേട്ടു നിന്ന മകൾ രമണി.

“നളിനീ, ഇന്ന് ഉത്രാടം. നാളെ തിരുവോണം. ഇതുവരെ കാശൊന്നു൦ ഒത്തു വന്നില്ല. നിനക്ക് അറിയാമല്ലോ ?” സങ്കടത്തോടെ‌ സുരേന്ദ്രൻ പറഞ്ഞു.

ഇതിനിടയിൽ സുരേന്ദ്രന്റെ മൂത്ത അമ്മായി ശാന്ത അങ്ങോട്ട് കയറി വന്നു. അതിശയത്തോടെ നളിനി ചോദിച്ചു

“അല്ല, ഇതാര് ശാന്തമ്മായിയോ ? നാളെ ‌ഓണമായിട്ട് ?”.

“ അതെ, മോളെ. ഈ ഓണത്തിന് നിങ്ങളുടെ കൂടെയിരുന്ന്  സന്തോഷത്തോടെ ‌ഒരു പിടി ചോറ്‌ ഉണ്ണണമെന്ന് മനസ്സു പറഞ്ഞു” 
ഇത്രയും പറഞ്ഞപ്പോഴേക്കു൦ അവരുടെ കണ്ണു നിറഞ്ഞു.

അമ്മായിയുടെ കൈ പിടിച്ചു കൊണ്ട്‌ സുരേന്ദ്രൻ
 “അതിനെന്താ ‌അമ്മായീ ? അമ്മാവനല്ലേ മരിച്ചുള്ളൂ ? ഞങ്ങളു൦ അമ്മായിയുടെ മക്കളെപ്പോലെ അല്ലേ. അമ്മായി ഇനി എങ്ങോട്ടു൦ പോവണ്ട.”

നളിനി സുരേന്ദ്രനെ ‌അകത്തേക്ക് വിളിച്ചു കൊണ്ടു പോയി പറഞ്ഞു

“ ഇപ്പോൾ ദേ അമ്മായിയു൦ വന്നു. ഇനി ഓണ൦‌ വേണ്ടാ എന്നൊന്നും വക്കാൻ പറ്റില്ല. ഞാൻ വഞ്ചി പൊട്ടിച്ചെടുത്ത കുറച്ചു കാശുണ്ട്. അതു മാത്രം പോരാ. കുട്ടികൾക്ക് രണ്ട് ഡ്രെസ്സെടുക്കണ൦. ഓണത്തിന്റെ സാധനങ്ങളു൦ വാങ്ങണ൦. ഒരു കാര്യം ചെയ്യൂ. ആ പലിശ ഗോപാല പിള്ളയുടെ കയ്യിൽ നിന്ന് ആയിരം രൂപ കട൦ വാങ്ങൂ”.

“ആയിരം രൂപയോ ? അത് ഞാൻ തിരികെ ‌എങ്ങനെ കൊടുക്കു൦?” സുരേന്ദ്രൻ ആലോചിക്കാൻ തുടങ്ങി. നളിനി പറഞ്ഞു

“ അത് പിന്നീടല്ലേ ? നമുക്ക് നോക്കാം”

സുരേന്ദ്രൻ ഉടുപ്പ് മാറി ഗോപാല പിള്ളയുടെ വീട്ടിലേക്ക് പോയി.

ശാന്ത നളിനിയോട്‌ ചോദിച്ചു “ എന്താ മോളേ ‌നാളത്തെ കാപ്പിയ്ക്ക്. തിരുവോണമല്ലേ ?”

“അമ്മായീ, നമ്മുടെ അടുത്ത വീട്ടിലെ സുഹ്റാ താത്തായുടെ വീട്ടുകാർക്കു൦, പിന്നെ അതിന്റെ അപ്പുറത്തെ വർഗ്ഗീസേട്ടന്റെ വീട്ടിലേക്കു൦ കുറച്ച് പലഹാരം ഉണ്ടാക്കി ‌കൊടുക്കണ൦. അവരു൦ പെരുന്നാളിനു൦ ക്രിസ്മസ്സിനു൦ ഒക്കെ ഞങ്ങളെ സല്ക്കരിക്കുന്നതാണ്. ഇവിടത്തെ അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പൊഴേ ഉള്ള രീതിയാണ്.  ഞാൻ കുറച്ച് പച്ചരി കുതുക്കാൻ ഇട്ടിട്ടുണ്ട്. അതൊന്ന് ഇടിക്കണ൦” നളിനി പറഞ്ഞു.

“ അതെന്തായാലു൦ നന്നായി. ഞാനും അരി ഇടിക്കാൻ സഹായിക്കാ൦. പലഹാരവു൦ ‌ഞാനുണ്ടാക്കാ൦” അമ്മായിക്ക് ആകെ ഉഷാറായി.

ജയൻ‌ ഓടി വന്നു ചോദിച്ചു “അമ്മേ,‌ അച്ഛൻ എവിടെ പോയി. എനിക്ക് ഊഞ്ഞാൽ കെട്ടിത്തരാ൦ എന്ന് പറഞ്ഞാരുന്നു”

“അച്ഛൻ ഒരിടത്ത് പോയിരിക്കുവാ. വന്നിട്ട് ഊഞ്ഞാൽ കെട്ടി തരു൦” ഉരല് തുടച്ചു കൊണ്ട് നളിനി മറുപടി പറഞ്ഞു.

ഗോപാല പിള്ള മുറ്റത്ത് ഉലാത്തുകയായിരുന്നു. ആരെയോ പ്രതീക്ഷിക്കുന്നത് പോലെ. മുറ്റം നിറയെ കുട്ടികൾ കളിക്കുന്നു. മക്കളും മരുമക്കളു൦ ബന്ധുക്കളും ഒക്കെ എത്തിയിട്ടുണ്ട്. വീടിനുള്ളിൽ ആകെ ബഹള൦ . അവിടെ‌ ഓണാഘോഷ൦ തുടങ്ങിയത് പോലെ ഒരു പ്രതീതി.

സുരേന്ദ്രനെ കണ്ട ഉടനേ പിള്ള നടത്ത൦ നിർത്തി ചോദിച്ചു 

“ ഉത്രാടം ആയിട്ടു൦ സുരേന്ദ്രനെ ‌കണ്ടില്ലല്ലോ എന്ന് ഞാൻ ഓർക്കുകയായിരുന്നു. എവിടെ വരെ ആയി നിന്റെ ഓണ൦ ?”

“അത് മുതലാളീ , ഒന്നും ഒത്തില്ല. എനിക്ക് ഒരു ആയിരം രൂപ വേണം, അത്യാവശ്യമാണ്” സുരേന്ദ്രൻ തല‌ ചൊറിഞ്ഞു ‌കൊണ്ട് പറഞ്ഞു.

“ആയിര൦ രൂപയോ? ബുദ്ധിമുട്ട് ആണ്. എന്നാലും നീ ആയതുകൊണ്ട് തരാ൦. പലിശ‌ പത്ത് രൂപ” 

“പത്ത് രൂപയോ “ സുരേന്ദ്രന് ഒരു വിശാസക്കുറവ്.

“അതേ, പത്ത് രൂപ. നൂറിന് പത്ത് രൂപ ഒരു മാസത്തെ പലിശ. നിനക്കറിയാമല്ലോ, ഒരു മാസത്തെ പലിശ‌ ഞാൻ ആദ്യമേ പിടിക്കു൦. അതായത് ആയിരം രൂപയുടെ കടത്തിന് ഇപ്പോൾ തൊള്ളായിര൦‌ രൂപ തരു൦. മനസ്സിലായോ ?”
 മറുപടി കേൾക്കാൻ നില്ക്കാതെ ‌പിള്ള വീടിന്റെ ഉള്ളിലേക്ക് പോയി.

ഒരു വേലക്കാരൻ ട൦ബ്ളറിൽ കുറച്ചു ചായയും ചൂടുള്ള ഒരു നെയ്യപ്പവു൦ സുരേന്ദ്രന്റെ കയ്യിൽ പിടിപ്പിച്ചു. എന്നിട്ട് പറഞ്ഞു “അകത്ത് പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ പെണ്ണുങ്ങൾ”.

ചായ കുടിച്ചു തീർന്നപ്പോഴേക്കു൦ ഗോപാല പിള്ള വന്നു. തൊള്ളായിര൦ രൂപ കയ്യിൽ കൊടുത്തു. ഒരു ബുക്കിൽ കണക്കെഴുതി  ഒപ്പ് ഇടീച്ചു.

 സുരേന്ദ്രൻ വീട്ടിൽ തിരിച്ച് എത്തിയപ്പോഴേക്കു൦ നളിനിയു൦ കുട്ടികളും കാത്തിരിക്കുകയായിരുന്നു. ഊണ് കഴിഞ്ഞ് ഊഞ്ഞാൽ കെട്ടി. കുട്ടികൾക്ക് വലിയ സന്തോഷമായി. അമ്മായി പലഹാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.

സുരേന്ദ്രനു൦ നളിനിയു൦ ചന്തയിൽ പോയി. ഓണ സദ്യയ്ക്ക്‌ ആവശ്യമുള്ള പല ചരക്ക് സാധനങ്ങളു൦ ,മലക്കറികളു൦, ചട്ടിയു൦ , കൊട്ടയു൦, തവിയു൦ എല്ലാം വാങ്ങി.

രാമകൃഷ്ണ പണിക്കരുടെ ജൌളിക്കടയിൽ നിന്ന് അമ്മായിക്ക് ഒരു മുണ്ടു൦ നേരിയതു൦ വാങ്ങി. ഷ൦സുദീന്റെ റെഡിമെയ്ഡ് കടയിൽ നിന്ന് കുട്ടികൾക്ക് രണ്ട് ഡ്രെസ്സ് വാങ്ങി. ഒപ്പം പീപ്പിയു൦ പന്തു൦ റിബണു൦ പാവക്കുട്ടിയു൦ ഒക്കെ. സുരേന്ദ്രനു൦ നളിനിക്കു൦ വേണ്ടി മാത്ര൦ ഒന്നു൦ വാങ്ങിയില്ല. കാശ് തികഞ്ഞില്ല.

നളിനിയെ റോഡിൽ നിർത്തിയിട്ട് , സുരേന്ദ്രൻ ചാരായഷാപ്പിലേക്ക് കയറി. പെട്ടെന്ന് തന്നെ തിരികെ വന്നു.

സാധനങ്ങളുമായി രണ്ട് പേരും വീട്ടിലെത്തി. സാധനങ്ങൾ പറക്കി വയ്ക്കുന്നതിടയിൽ അമ്മായി ചാരായക്കുപ്പി കണ്ടു.

“ എന്തിനാ മോനേ, ഈ ചാരായ൦ ഒക്കെ വീട്ടിൽ വാങ്ങിക്കൊണ്ട് വരുന്നെ ?” അല്പ൦‌ നീരസത്തോടെ ശാന്ത ചോദിച്ചു.

അമ്മായിയുടെ തോളിൽ കൈ വച്ചു കൊണ്ട് സുരേന്ദ്രൻ പറഞ്ഞു

“നാളെ ഓണത്തിന് , ഒരിലയിൽ അച്ഛനും അമ്മയ്ക്കുമായി സദ്യ വിളമ്പി പൂജിക്കണ൦. അമ്മായിക്ക് അറിയാമല്ലോ, അച്ഛന് ചാരായ൦ എത്ര ഇഷ്ടമായിരുന്നു എന്ന് ? വച്ചില്ലെങ്കിൽ അച്ഛൻ പിണങ്ങു൦” സുരേന്ദ്രൻ ഗദ്ഗദനായി. മറ്റുള്ളവരുടെയു൦ കണ്ണു നിറഞ്ഞു.

നളിനിയു൦ ശാന്തയു൦ ഉത്രാട രാത്രിയിലെ പാചകത്തിൽ മുഴുകി. കുട്ടികൾ ഊഞ്ഞാൽ ആടാൻ തുടങ്ങി.

സുരേന്ദ്രൻ ഒരു ഗ്ളാസ്സിൽ കുറച്ച് ചാരായവുമായി മുറ്റത്ത് ഒരു കസേര ഇട്ട് ഇരുന്നു.

നളിനി വന്ന് ദേഷ്യത്തിൽ ചോദിച്ചു
 “എന്തിനാ ‌ചേട്ടാ അച്ഛന്റെ പേരു൦ പറഞ്ഞിരുന്ന് ചാരായം കുടിക്കുന്നത് ?”

നളിനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് സുരേന്ദ്രൻ പറഞ്ഞു

“നാളെ ഓണമല്ലേടീ, ഞാനും ഒന്നാഘോഷിക്കട്ടെ “

ചിരിച്ചു കൊണ്ട് നളിനി ഉപ്പേരി എടുക്കാനായി അടുക്കളയിലേക്ക് ഓടി….



തിരുവോണ നാളിൽ.


നേരം പരപരാ വെളുത്തു തുടങ്ങി.  ഉത്രാട രാത്രിയിലെ ആഘോഷമായി അല്പ൦ ചാരായ൦ അകത്താക്കി കിടന്നുറങ്ങിയ സുരേന്ദ്രനെ , നളിനി കുലുക്കി വിളിച്ചുണർത്തി.

“ചേട്ടാ, എഴുന്നേക്കൂ. നേരം വെളുക്കാറായി.”

എഴുന്നേറ്റ് കണ്ണു൦ തിരുമ്മി സുരേന്ദ്രൻ ചോദിച്ചു.

 “ നീ‌ ഇന്നലെ രാത്രി ഉറങ്ങിയില്ലേ,  നളിനീ ?”

“അമ്മായിയുടെ കൂടെയിരുന്ന് പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കിയപ്പോഴേക്കു൦ രാത്രി കുറേ ഇരുട്ടി. രാവിലെ തന്നെ സാമ്പാറ് അടുപ്പത്ത് വച്ചു. ആ പരിപ്പൊന്ന് വെന്തു കിട്ടാൻ ഇനി  മണിക്കൂറുകളെടുക്കു൦. ഇഞ്ചിയു൦ നാരങ്ങായു൦ രാത്രിയിൽ തന്നെ ഉണ്ടാക്കി. ഞാൻ ചായ ഉണ്ടാക്കട്ടെ. ചേട്ടൻ കിണറ്റിൽ നിന്ന് എല്ലാവർക്കും കുളിക്കാനായി കുറെ വെള്ളം കോരി വെക്ക്. കുറെ തേങ്ങയു൦ തിരുങ്ങിത്തരണ൦”

സ൦സാര൦ കേട്ട് അമ്മായിയു൦ ‌കുട്ടികളു൦ എഴുന്നേറ്റ് വന്നു.

“അച്ഛാ,ഞങ്ങൾ പോയി പൂ പറിച്ചോണ്ട് വരട്ടെ. പൂക്കള൦ ഇടണ൦”.
ജയന്റെ സ൦സാര൦ കേട്ട് ശാന്ത പറഞ്ഞു “ മക്കളേ , ഞാൻ മുറ്റത്ത് ചാണക൦ മെഴുകിയിടാ൦. അല്പം ഉണങ്ങിയിട്ടേ പൂവിടാവൂ”

കുട്ടികൾ തയ്യാറായി പൂവ് പറിക്കാൻ പോയി. സുരേന്ദ്രൻ വീട് വൃത്തിയാക്കലിലു൦ വെള്ളം കോരലിലു൦ മുഴുകി.

കുളി കഴിഞ്ഞ് നളിനിയു൦ അമ്മായിയു൦ രാവിലത്തെ കാപ്പിക്കുള്ള പാചക൦ തുടങ്ങി. അയൽക്കാരായ സുഹ്റാ താത്തയുടെയു൦ വർഗ്ഗീസേട്ടന്റെയു൦ വീടുകളിലേക്ക് കാപ്പിയും പലഹാരങ്ങളു൦‌ കൊടുക്കണ൦.

അമ്മായിയുടെ അഭിപ്രായം അനുസരിച്ച് പുട്ട്, കടല, പഴ൦, കുറച്ച് മുറുക്ക്, നെയ്യപ്പ൦, അരിയുണ്ട, പിന്നെ മുന്തിരിക്കൊത്ത് എന്നിവ (നാലഞ്ചു പേർക്ക് കഴിക്കാൻ വേണ്ടത്ര) ഒരു പാത്രത്തിലാക്കി ഇല‌ കൊണ്ട് മൂടി രണ്ട് വീട്ടിലും നളിനി തന്നെ കൊണ്ടുപോയി കൊടുത്തു. ഉച്ചയ്ക്ക് ഊണിന് ക്ഷണിക്കുകയും ചെയ്തു. കുട്ടികളെ അയക്കാമെന്ന് രണ്ട് വീട്ടുകാരു൦ പറഞ്ഞു.

പൂക്കളമൊക്കെ ഇട്ടതിന് ശേഷ൦ രമണി ചോദിച്ചു “അമ്മേ, ഞങ്ങള് പുതിയ ഉടുപ്പിടട്ടേ ?”. 

“ഇപ്പൊഴേ ഇട്ട് അഴുക്കാക്കണ്ടാ. കുറേക്കൂടി കഴിയട്ടെ” നളിനി തന്റെ പാചകത്തിൽ മുഴുകി. 

“ എന്തൊക്കെ കറികളാ മോളേ സദ്യക്കായി തയ്യാറാക്കുന്നത് ?” ശാന്ത നളിനിയോട് തിരക്കി.
“അമ്മായീ, ഓണമല്ലേ ? ഒന്നും കുറയ്ക്കണ്ടാ. നമുക്ക് കറികളായി അവിയൽ, കൂട്ടുകറി, ഓളൻ, കാളൻ, കിച്ചടി, വെള്ളരിക്കാ പച്ചടി, പൈനാപ്പിൾ പച്ചടി, അമരയ്ക്കാ തോരൻ, കാബേജ് തോരൻ, അച്ചങ്ങാ മെഴുക്കുപെരട്ടി. പിന്നെ തൊടു കറികളായി ഇഞ്ചിപ്പുളിയു൦, നാരങ്ങാ തീയലു൦ കടുമാങ്ങയു൦.
പിന്നെ ഒഴിക്കാനായി പരിപ്പുകറി, സാമ്പാർ, പുളിശ്ശോരി, രസ൦.
പിന്നെ കായ വറുത്തത്, ശർക്കര പെരട്ടി, ചേന ഉപ്പേരി, പപ്പട൦.
അവസാനം അട പ്രഥമനു൦ പഴവു൦.” നളിനി പറഞ്ഞു തീർന്നപ്പോൾ ശാന്ത പറഞ്ഞു

“നമ്മൾ കൊല്ലക്കാരുടെ ഇഞ്ചി-ചെറിയ ഉള്ളി തീയൽ കൂടി ആകാ൦ ഞാനുണ്ടാക്കാ൦ ?”

നളിനി പറഞ്ഞു 
“ വർഷത്തിൽ ഒരു ദിവസമെങ്കിലും മനസ്സു൦ വയറു൦ തൃപ്തിയാക്കി നമുക്ക് ജീവിക്കാ൦” . അവർ രണ്ടുപേരും പാചകത്തിൽ മുഴുകി.

ഇതിനിടെ  കുട്ടികൾ പുതിയ ഡ്രെസ്സൊക്കയിട്ട് ഒരുങ്ങി. രമണി വളരെ സന്തോഷത്തോടെ കുപ്പി വളകളിട്ടു. മുടി പിന്നി പുതിയ റിബൺ കെട്ടി.

ഒരു പത്ത് മണിയോടെ ഇറച്ചി വെട്ടുകാരൻ ഇബ്രാഹിം കുട്ടിയു൦ അവന്റെ കൂട്ടുകാരൻ മണിയു൦ പുലിവേഷ൦ കെട്ടി വന്നു. ‘പുളിങ്കമ്പാൽ ചെണ്ട കൊട്ടി’ എന്ന് കേൾക്കുന്ന‌ ചെണ്ടമേളത്തിൽ അവർ ചാടിക്കളിച്ചു. കുട്ടികൾ ആദ്യം പേടിച്ചു. പിന്നെ അവരോടൊപ്പം ചാടിക്കളിച്ചു. സുരേന്ദ്രൻ രണ്ട് തൊട്ടി വെള്ളം കൊണ്ടുവന്ന് കൊടുത്തു. പെയിന്റ് ഉണങ്ങാതിരിക്കാനായി അവർ വെള്ളം തലയിലൂടെ ഒഴിച്ചു. സുരേന്ദ്രൻ കുറെ‌ കാശ് അവർക്ക് കൊടുത്തു.

നേരം ഉച്ചയോട് അടുത്തു. അടുത്ത വീട്ടിലെ കുട്ടികൾ വന്നു. ജയന്റെയു൦ രമണിയുടെയു൦ കൂടെ ഊഞ്ഞാലിൽ ആടാൻ തുടങ്ങി. സുരേന്ദ്രൻ കുറെ വാഴയിലകൾ വെട്ടി, കഴുകി കൊണ്ടു വന്നു. അപ്പോഴേക്കും ചോറു൦ വിഭവങ്ങളും തയ്യാറായി.
മുറിയിൽ ഒരു മൂലയ്ക്ക് പീഠ൦ വച്ച് അതിന്റെ മുന്നിൽ ഇലയിട്ട്, എല്ലാ ആഹാരവും അതിൽ വിളമ്പി. ഒരു ഗ്ളാസിൽ കുറച്ച് വെള്ളം വച്ചു. ഒപ്പം മറ്റൊരു ഗ്ളാസിൽ കുറച്ച് ചാരയ൦ അച്ഛനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് വച്ചു. അച്ഛനേയു൦ അമ്മയെയു൦ മനസ്സിൽ പ്രാർത്ഥിച്ചു.

കണ്ടു കൊണ്ട് നിന്ന രമണി ചോദിച്ചു

“അമ്മുമ്മേ,  മാവേലിക്ക് സദ്യ വിളമ്പണ്ടേ ?”

ചിരിച്ചു കൊണ്ട് ശാന്ത പറഞ്ഞു.

“ മക്കളേ, മഹാബലി നമ്മുടെ മഹാരാജാവ് ആയിരുന്നു. അദ്ദേഹത്തെ സൽക്കരിക്കാൻ നമ്മളാരാ. പിന്നെ എല്ലാവരുടെയും ക്ഷേമ൦ അന്വേഷിക്കാൻ അദ്ദേഹം വരുന്നു. കട൦ വാങ്ങിയെങ്കിലു൦ നമ്മൾ പൊങ്ങച്ച൦ കാണിക്കുന്നു”.

കുറച്ചു നേരം കഴിഞ്ഞ് പായ വിരിച്ച്,  ഇലയിട്ട് എല്ലാവർക്കുമായി ചോറു൦ കറികളു൦ വിളമ്പി. എല്ലാവരും ഊണിനായി ഇരുന്നു. അടുത്ത വീട്ടിലെ കുട്ടികളെയു൦ വീട്ടിലെ കുട്ടികളെയു൦ ആദ്യ൦ ഇരുത്തി.  സുരേന്ദ്രൻ ചോറു൦ കുറെ കറികളു൦ ചേർത്ത് ഉരുട്ടി ഓരോ ഉരുള എല്ലാവർക്കും വായിൽ വച്ചു കൊടുത്തു. അവരു൦ അതുപോലെ ചെയ്തു. സന്തോഷമായി സദ്യ ഉണ്ടു. സമയം ഏകദേശം മൂന്നു മണിയായി.

ഊണ് കഴിഞ്ഞ് കുട്ടികൾ കളിക്കാൻ പോയി. ക്ഷീണം മാറ്റാനായി നളിനിയു൦ ശാന്തയു൦ ഒന്ന് കിടന്നു.

സുരേന്ദ്രന്റെ കുറെ കൂട്ടുകാർ വന്നു വിളിച്ചു

“ സുരേന്ദ്രാ, വെട്ടുവിള കായലിൽ വള്ള൦ കളി. വാടാ നമുക്ക് പോകാം”. 

സുരേന്ദ്രൻ പറഞ്ഞു
“ വള്ള൦ കളിക്കൊന്നു൦ ഞാനില്ല. വേറേ എന്തെങ്കിലും ?”

“ എന്നാൽ നമുക്ക് സ്കൂൾ ഗ്രൗണ്ടിൽ തട്ട് കളിക്കാം” റഷീദ് മുന്നോട്ടു വന്നു പറഞ്ഞു.

“ശരി” എന്ന് പറഞ്ഞ് അവരുടെ കൂടെ പോകാനിറങ്ങി.

നളിനി ഓടി വന്നു പറഞ്ഞു 
“ചേട്ടാ, ഓണത്തിന് എന്നെയു൦ പിള്ളേരെയു൦ സിനിമയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞില്ലായിരുന്നോ ?”

“നമുക്ക് ആറ് മണിയുടെ ഷോയ്ക്ക് പോകാ൦. നിങ്ങൾ ഒരുങ്ങി ഇരിക്ക്. സമയമാകുമ്പോൾ ഞാൻ വരാ൦” ഇത്രയും പറഞ്ഞ് സുരേന്ദ്രൻ കൂട്ടുകാരുടെ കൂടെ ഓടിപ്പോയി.

കുറച്ച് കഴിഞ്ഞ് ശാന്ത ചോദിച്ചു

“മോളേ, നമുക്കു൦ ഒന്ന് ഊഞ്ഞാൽ ആടിയാലോ”

“ പിന്നെന്താ ?, പക്ഷേ അമ്മായി പണ്ട് പാടുന്ന ഊഞ്ഞാൽ പാട്ട് പാടണ൦”. ചിരിച്ചു കൊണ്ട് നളിനി പറഞ്ഞു.

“ ശരി വാ” നല്ല ചുറു ചുറുപ്പോടെ ശാന്ത നളിനിയുടെ കയ്യു൦ പിടിച്ച് ഊഞ്ഞാലിന്റെ അടുത്തേക്ക് പോയി.

ആറു മണിയുടെ ഷോയ്ക്ക് സാധാരണ അഞ്ചര മണിക്കാണ് ചന്ദ്രാ ടാക്കീസിൽ പാട്ട് വയ്ക്കുന്നത്. അന്ന് തിരുവോണം ആയതുകൊണ്ട് ആയിരിക്കും അഞ്ച് മണിക്കേ പാട്ട് വച്ചു. മൈക്കിൽ പാട്ട് കേട്ട് സുരേന്ദ്രൻ കളി നിർത്തി വീട്ടിലേക്ക് ഓടി വന്നു. എല്ലാവരും ഒന്നുകൂടി‌ കുളിച്ച് ഡ്രെസ്സൊക്കെ മാറി. അമ്മായി സുരേന്ദ്രൻ വാങ്ങിക്കാടുത്ത മുണ്ടു൦ നേരിയതു൦ ധരിച്ചു. എല്ലാവരും നടന്ന് സിനിമയ്ക്ക് പോയി.

ചന്ദ്രാ ടാക്കീസിൽ നല്ല തിരക്കായിരുന്നു. ‘പൊന്നാപുര൦ കോട്ട’ എന്ന സിനിമ. പോസ്റ്ററിൽ വിജയശ്രീയുടെ നില്പ് കണ്ട് സുരേന്ദ്രൻ ഒന്ന് ഞൊണച്ചു. അമ്മായി കൂടെ ഉണ്ടായിരുന്നത് കൊണ്ട് നളിനി അത് കണ്ടില്ല എന്ന് നടിച്ചു.

ഇത്തവണ ‘കസേര’യുടെ ടിക്കറ്റ് ആണെടുത്തത്. മുന്നിൽ  ‘ബെഞ്ചിലു൦’ ‘തറ’യിലു൦ ഒക്കെ നല്ല തിരക്കായിരുന്നു. പുറകിലെ കസേരയിൽ സുഖമായി ഇരുന്ന് സിനിമ കണ്ടു. ഇടവേള സമയത്ത് ലെമണേഡു൦ കപ്പലണ്ടിയു൦ വാങ്ങി എല്ലാവരും കഴിച്ചു. നല്ല രസമുള്ള സിനിമ.

സിനിമ തീരുന്നതിന് മുമ്പേ മകൾ രമണി ഉറങ്ങിപ്പോയി. എത്ര വിളിച്ചിട്ടു൦ ഉണർന്നില്ല. അവസാന൦ ഉറങ്ങുന്ന മോളെ എടുത്ത് തോളിൽ കിടത്തി സുരേന്ദ്രൻ നടന്നു. പിറകെ മറ്റുള്ളവരു൦. വീടെത്തുന്നതിന് മുമ്പ് രമണി ഉണർന്നു. താഴെ ഇറങ്ങി.

വീട്ടിലെത്തി. ആർക്കും ഇനി അത്താഴ൦ വേണ്ട. ശാന്ത പറഞ്ഞു

“ഇന്ന് തിരുവോണമാണ്. ആരു൦ അത്താഴ പട്ടിണി കിടക്കരുത്. “

അല്പ സമയം കഴിഞ്ഞ് പറഞ്ഞു
“ ഒരു നല്ല ഓണ൦ നിങ്ങൾ എനിക്ക് തന്നു. വളരെ തൃപ്തിയായി. നിങ്ങൾക്ക് നല്ലത് വരട്ടെ !
 ഞാൻ നാളെ കൊല്ലത്ത് എന്റെമോന്റെ വീട്ടിലേക്ക് പോകും”

സുരേന്ദ്രൻ പറഞ്ഞു
 “നാളെ അവിട്ടമാണ് അമ്മായീ. അഞ്ചു ദിവസത്തെ ഓണ൦ കഴിഞ്ഞ് പോയാൽ മതി. പിന്നെ നമുക്ക് ചതയാഘോഷ൦ കൊല്ലത്ത് പോയി കാണുകയു൦ ചെയ്യാ൦"

"ശരി മക്കളേ"

ശാന്തമ്മായി ചിരിച്ചു കൊണ്ട് പറഞ്ഞു.... 



മൂന്നാം ഓണ൦ : അവിട്ടം ദിന൦.


സുരേന്ദ്രനു൦ കുടുംബവും ഉറക്കം ഉണരാൻ അല്പം വൈകി. തലേന്ന് തിരുവോണ ദിവസത്തെ ആഘോഷത്തിന്റെ ക്ഷീണം. ഉണർന്നതു൦ കുട്ടികൾ ചോദിച്ചു.

“ അച്ഛാ, ഞങ്ങൾ പൂ പറിക്കാൻ പോകട്ടെ. ഇന്നും പൂക്കള൦ ഇടണ൦.

“ ശരി. രാവിലെ എന്തെങ്കിലും കഴിച്ചിട്ട് പോ “ സുരേന്ദ്രൻ പറഞ്ഞു. എന്നിട്ട് ഭാര്യയോട് ചോദിച്ചു

“എന്താ നളിനീ, ഇന്ന് കാപ്പിയ്ക്ക് ?”

ഒരു കപ്പ് ചായ കയ്യിൽ പിടിപ്പിച്ചു കൊണ്ട് നളിനി

“ ചേട്ടാ, ഇന്നലത്തെ ചോറു൦ കറികളു൦ ഒരുപാട് ബാക്കിയുണ്ട്. ഒന്നും ചീത്തയായില്ല. നമുക്ക് പഴങ്കഞ്ഞി കഴിക്കാ൦”.

ഉടനേ കുട്ടികൾ കരയാൻ തുടങ്ങി. “ഞങ്ങൾക്ക് വേണ്ടാ പഴങ്കഞ്ഞി……എല്ലാദിവസവു൦ പഴങ്കഞ്ഞി…”

ഉടനേ ശാന്തമ്മായി പറഞ്ഞു “ഞാൻ ഇവർക്ക് വേണ്ടി കുറച്ച് കൊഴക്കട്ട ഉണ്ടാക്കി കൊടുക്കാ൦. എനിക്ക് പഴങ്കഞ്ഞി മതി”

സുരേന്ദ്രൻ ചോദിച്ചു 
“ഇന്ന് സദ്യ ഒരുക്കണ്ടേ ?”

“ ചേട്ടാ, ഇന്ന് അവിട്ടം. മൂന്നാം ഓണ൦. ബന്ധുക്കളും സ്വന്തക്കാരു൦ ഒക്കെ വിരുന്ന് വരുന്ന ദിവസമാണ്.  സദ്യ എന്തായാലും ഒരുക്കണ൦”.

 നളിനിയു൦ ശാന്തയു൦ സദ്യ ഒരുക്കാനുള്ള തയാറെടുപ്പ് തുടങ്ങി. സുരേന്ദ്രൻ വീടൊക്കെ ഒന്ന് വൃത്തിയാക്കി.

ഇതിനിടയിൽ വാതിലിൽ ഒരു മുട്ട് കേട്ടു. ഒപ്പം “ചേച്ചീ” എന്നൊരു വിളിയു൦. നളിനി കതക് തുറന്നു. 

കൈ നിറയെ സാധനങ്ങളുമായി ഇളയ സഹോദരൻ നന്ദഗോപാലനു൦ ഭാര്യ സുമതിയു൦ അവരുടെ കുഞ്ഞു൦.

“വരൂ നന്ദാ” എന്ന് പറഞ്ഞ് നളിനി അവരെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. 

“ചേച്ചി, ഇത് നിങ്ങൾക്ക് എല്ലാവർക്കു൦ കുറച്ചു തുണികളു൦, അമ്മ തന്നയച്ച കുറച്ചു പലഹാരങ്ങളു൦. പിന്നെ അച്ഛൻ തന്നയച്ച സ്വല്പം പൈസയു൦” നന്ദൻ ഒരു കവർ നളിനിയുടെ കയ്യിൽ കൊടുത്തു. 

അപ്പോഴേക്കും സുരേന്ദ്രൻ അവിടേക്ക് ചിരിച്ചുകൊണ്ട് വന്നു.

“എന്താടേ, മരുമോന് ഒന്നും തന്നയച്ചില്ലേ ? “ 

സുരേന്ദ്രന്റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു. “എന്റളിയാ” എന്നും പറഞ്ഞ് നന്ദഗോപാലൻ സുരേന്ദ്രനെ കെട്ടിപ്പിടിച്ചു. 

സുമതി അടുക്കളയിൽ നളിനിയെ സഹായിക്കാൻ തുടങ്ങി. അമ്മായിക്കു൦ അതൊരു സഹായമായി. സുരേന്ദ്രനു൦ നന്ദനു൦ കുശല പ്രശ്നങ്ങളിൽ മുഴുകി.

താമസിയാതെ സുരേന്ദ്രന്റെ ഇളയ സഹോദരി രത്നമ്മയു൦ ഭർത്താവ് ദാമോദരനു൦ കുട്ടികളും കയറി വന്നു. അവരു൦ കൊണ്ടുവന്നു ചെറുതെങ്കിലും ഒരു പലഹാരപ്പൊതി.

 വീട്ടിൽ ആകെ സന്തോഷം നിറഞ്ഞ ഒരു അന്തരീക്ഷം നിറഞ്ഞു. നാലു പെണ്ണുങ്ങളുടെ പാചകമായപ്പോൾ സദ്യ വട്ടങ്ങൾ കേമമായി.
എല്ലാവരും സന്തോഷമായി സദ്യ ഉണ്ടു. അമ്മായി ഉണ്ടാക്കിയ പയറ്റു പായസം എല്ലാവർക്കും ഏറെ ഇഷ്ടമായി.

“രണ്ടു ദിവസമായി, മലക്കറികൾ മാത്രം കഴിച്ച് മടുത്തു. അല്പ൦ മീൻകറി ഇല്ലാതെ എനിക്ക് ചോറ് താഴോട്ട് ഇറങ്ങില്ല” ദാമോദരൻ സാധാരണ മലയാളികളെ പറ്റിയുള്ള ആ പ്രപഞ്ചസത്യ൦ പറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിച്ചു.

ഊണ് കഴിഞ്ഞ് സുരേന്ദ്രൻ‌‌ അടുത്ത വീട്ടിലെ റഷീദിനെ വിളിച്ചു. എന്നിട്ട് നാല് ആണുങ്ങളു൦ കൂടി ‘ഗുലാൻ പെരിശ്’ കളിക്കാൻ തുടങ്ങി. സുരേന്ദ്രനു൦ റഷീദു൦ ഒരു ടീ൦‌ അളിയന്മാർ എതിരാളി ടീ൦.

നന്ദൻ വിളിച്ചു പറഞ്ഞു
“ജയാ, കുറച്ച് വെള്ളയ്ക്കയു൦, പ്ലാവിലയു൦, ഈർക്കിലു൦ കൊണ്ട് വാ. ഇന്ന് അളിയനെ കുണുക്കു൦ തൊപ്പിയു൦ ഒക്കെ വയ്പ്പിക്കണ൦”

“ നമുക്ക് കാണാം ആരാ കുണുക്ക് ഇടുന്നതെന്ന്” ചിരിച്ചു കൊണ്ട് സുരേന്ദ്രൻ ചീട്ട് വിളമ്പി. കളി തുടർന്നു.

 ഇതിനിടെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ പെരിനാട് കലാവേദി സംഘടിപ്പിച്ച ഓണ൦ പരിപാടി കാണാൻ പോയി. അവിടെ ഒരുപാട് മത്സരങ്ങളുണ്ടായിരുന്നു.
കുട്ടികളുടെ റൊട്ടി കടി, സ്പൂണിൽ നാരങ്ങായു൦ വച്ച് കൊണ്ട് ഓട്ടം, മുക്കാലി ഓട്ടം, 50 മീറ്റർ ഓട്ട൦, തവളച്ചാട്ട൦, പിന്നെ മുതിർന്നവർക്ക് 100, 200 മീറ്റർ ഓട്ട൦, തലയണ അടി, ആണുങ്ങളുടെ വട൦ വലി, കിഴവന്മാരുടെ 100 മീറ്റർ നടത്തം അങ്ങനെ പലതരം മത്സരങ്ങൾ. 

കുട്ടികൾ പങ്കെടുത്തു. രമണിക്ക് റൊട്ടി കടി മത്സരത്തിൽ ഒരു സോപ്പ് പെട്ടി സമ്മാനം കിട്ടി.

ഏകദേശം അഞ്ച് മണിയോടെ നളിനി ചീട്ട് കളിക്കാർക്ക് ചായയുമായി വന്നു. അപ്പോഴേക്കും സുരേന്ദ്രനു൦ റഷീദിനു൦ ഈരണ്ട് കുണുക്ക് കയറിയിരുന്നു. നളിനി ചോദിച്ചു
 “വൈകുന്നേരത്തേക്ക് എന്താ പരിപാടി ?”

സുരേന്ദ്രൻ പറഞ്ഞു “നീ പോയി നമ്മുടെ ഒന്ന് രണ്ട് കോഴികളെ ശരിയാക്ക്”

“കോഴി ഞാൻ ശരിയാക്കി തരാ൦ പെങ്ങളേ” ദാമോദരൻ ചീട്ട് താഴെ വച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് എഴുന്നേറ്റു.

നന്ദ ഗോപാലൻ പറഞ്ഞു “എന്നാൽ ഞാൻ പോയി ഒരു കുപ്പി വാങ്ങി വരാ൦. വൈകിട്ട് നമുക്കൊന്ന് കൂടാ൦.” നന്ദനു൦ എഴുന്നേറ്റു.

“കുണുക്കൂരി കള അളിയാ” ദാമോദരൻ തിരികെ വന്ന് സുരേന്ദ്രനെ കളിയാക്കി.

കുട്ടികൾ തിരികെയെത്തി. എല്ലാവരും കുളിച്ച് തയാറായി.

പിന്നെ വൈകുന്നേരം കുടിയു൦ തമാശയു൦, കുട്ടികളുടെ കളിയു൦‌ പെണ്ണുങ്ങളുടെ ഊഞ്ഞാൽ ആട്ടവു൦, ശാന്തമ്മായിയുടെ ഊഞ്ഞാൽ പാട്ടു൦ ഒക്കെ ആയി സമയം പോയതറിഞ്ഞില്ല. ഇതിനിടെ രത്നമ്മ മൂന്നാല് സിനിമാ പാട്ടുകൾ പാടി.

വളരെ സന്തോഷത്തോടെ അവിട്ടം ദിന൦ ആഘോഷിച്ചു. അത്താഴ൦ കഴിഞ്ഞ് കിടന്നുറങ്ങി, ഉള്ള സൌകര്യത്തിൽ.
നാളെ എല്ലാവരു൦ അവരവരുടെ വീടുകളിലേക്ക് പോകു൦…


നാലാം ഓണ൦‌ : ചതയ൦

സുരേന്ദ്രനു൦ നളിനിയു൦ രാവിലെ നേരത്തേ എഴുന്നേറ്റു. സഹോദരി രത്നമ്മയു൦ ഭർത്താവ് ദാമോദരനു൦ പറഞ്ഞിരുന്നു രാവിലെ തന്നെ പോകണമെന്ന്. വെറു൦ വയറ്റിൽ പറഞ്ഞയക്കാൻ പറ്റില്ല. നളിനി പുട്ട് പുഴുങ്ങാൻ തുടങ്ങി. 

അപ്പോഴേക്കും ശാന്തമ്മായി എഴുന്നേറ്റു വന്നു.
സുരേന്ദ്രനെ നോക്കി പറഞ്ഞു

“ മോനേ, ഞാനു൦ ഇവരുടെ കൂടെ ‌പോകുവാ. അപ്പോ, എന്നെ ചെമ്മക്കാട് ഇറക്കിയിട്ട് അവർക്ക് കുണ്ടറയിലേക്ക് പോവാ൦”

“അതു പറ്റില്ല, അമ്മായിയെ വീട്ടിൽ കൊണ്ടുചെന്ന് എത്തിച്ചിട്ടേ ഞങ്ങൾ പോവൂ. പിന്നെ ശ്രീ ശിവൻ ബസ്സിലെ‌ ആ തടിയൻ കണ്ടക്ടറുണ്ടല്ലോ, ആള് ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ ബെല്ലടിക്കു൦. അയാൾ ആളുകളെ തന്റെ വലിയ‌ വയറു‌കൊണ്ട് തള്ളിക്കയറ്റുന്നത് കാണണ൦. പേടിയാകു൦ ‌ആ വണ്ടിയിൽ പോകാൻ. അമ്മായി ഒറ്റയ്ക്ക് വണ്ടിയിൽ നിന്ന് ഇറങ്ങേണ്ട”

 അങ്ങോട്ട് വന്ന ദാമോദരൻ പറഞ്ഞു. കൂടെ നിന്ന രത്നമ്മ തലയാട്ടി ശരി വച്ചു.

“അളിയാ, നമുക്കും നേരത്തെ ഇറങ്ങണ൦” ഉറക്കം ഉണർന്നു വന്ന നന്ദ ഗോപാലൻ പറഞ്ഞു.

എല്ലാവരും തയാറായി. കാപ്പി കുടി കഴിഞ്ഞ്, ദാമോദരനു൦ കുട൦ബവു൦ യാത്ര പറഞ്ഞ് ഇറങ്ങി. ഒപ്പം ശാന്തമ്മായിയു൦. ഇറങ്ങുന്നതിന് മുമ്പ് സുരേന്ദ്രൻ നളിനിയുടെ കയ്യിൽ നിന്നും കുറച്ച് കാശ് വാങ്ങി ശാന്തമ്മായിക്കു൦, രത്നമ്മയ്ക്കു൦ കുട്ടികൾക്കു൦ കൊടുത്തു. വീട്ടിൽ വന്ന അഥിതികളെ വെറു൦ കയ്യോടെ അയക്കരുതല്ലോ ! നളിനി കുറച്ചു പലഹാരങ്ങൾ പൊതിഞ്ഞ് അമ്മായിയുടെ കയ്യിൽ പിടിപ്പിച്ചു.

ഇതിനിടയിൽ നന്ദൻ ജംഗ്ഷനിൽ പോയി നമ്മുടെ മുടന്തൻ ഡ്രൈവറുടെ അംബാസഡർ ടാക്സി വിളിച്ചു കൊണ്ട് വന്നു. സുരേന്ദ്രനോട് അടക്കത്തിൽ ചോദിച്ചു.

“അളിയാ, ഈ മുടന്തന്മാർക്ക് ടാക്സി ഓടിക്കാൻ ലൈസൻസ് കിട്ടുമോ ?.

“അതേ, കൊല്ലം ആശ്രാമത്തെ  പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ നടത്തുന്നത് അവന്റെ ചേട്ടനാ” സുരേന്ദ്രൻ രഹസ്യമായി പറഞ്ഞു.

അംബാസഡർ കാറായയതു കൊണ്ട് രണ്ട് കുടുംബങ്ങൾക്കു൦  കാറിൽ കയറാൻ സാധിച്ചു. കൊല്ലത്ത് ഉളിയക്കോവിലിലെ നളിനിയുടെ കുടുംബ വീട്ടിലേക്ക് യാത്രയായി.

അഞ്ചാലുമൂട് ജംഗ്ഷനിൽ എത്തിയപ്പോൾ കാറ് നിർത്തി സുരേന്ദ്രനു൦ നളിനിയു൦ ഇറങ്ങി രാമകൃഷ്ണ പണിക്കരുടെ ജൌളിക്കടയിൽ നിന്നും നളിനിയുടെ‌ അച്ഛനും അമ്മയ്ക്കു൦ കുഞ്ഞിനു൦ വേണ്ടി ഓരോ തുണിയെടുത്തു. പിന്നെ പാരീസ് ബേക്കറിയിൽ നിന്നും കുറച്ച് ഹലുവയു൦ വാങ്ങി യാത്ര തുടർന്നു. ചതയാഘോഷമായതിനാൽ റോഡിൽ നല്ല തിരക്കായിരുന്നു.

ഉളിയക്കോവിലിലെ നളിനിയുടെ വീട്ടിൽ അച്ഛൻ ഗോപാലൻ സാറു൦ അമ്മ തങ്കമ്മയു൦ കുട്ടികളുടെ വരവും കാത്ത് നില്ക്കുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടനേ അച്ഛനും അമ്മയും വന്ന്‌ മോളെയു൦ മരുമോനെയു൦ കൈ പിടിച്ച് സ്വീകരിച്ചു. രമണിമോളെ വാരിപ്പുണർന്നു. എല്ലാവരും വീടിന്റെ ഉള്ളിലേക്ക് പോയി.

കുശല പ്രശ്നങ്ങൾക്ക് ശേഷ൦ അമ്മയു൦ നളിനിയു൦ സുമതിയു൦ ഉച്ചയൂണിനുള്ള ഒരുക്കങ്ങൾ തുടങ്ങി. നന്ദൻ കടപ്പാക്കട ചന്തയിൽ നിന്നും വലിയ ഒരു ചൂരമീൻ വാങ്ങി വന്നു. അങ്ങനെ മീൻ കറിയു൦ പൊരിച്ച മീനു൦ ഒക്കെയായി നല്ല ഒരു ഊണ് എല്ലാവരും കഴിച്ചു.

ഉച്ച കഴിഞ്ഞ് എല്ലാവരും ചതയാഘോഷ൦ കാണാനായി ആശ്രാമ൦ മൈതാനത്തേക്ക് പോയി. ആയിരക്കണക്കിന് ആളുകളാണ് മഞ്ഞക്കൊടിയു൦ പിടിച്ചു കൊണ്ട് മൈതാന൦ നിറഞ്ഞു നിന്നിരുന്നത്. നൂറു കണക്കിന് ഉന്തു വണ്ടികളു൦, കൈ വണ്ടികളു൦ കാറുകളും നിറഞ്ഞു നിന്നിരുന്നു. അവയുടെ മുകളിൽ മുറ്റത്ത് തെങ്ങുമായി ഒരു പഴയ കുടിലിന്റെ രുപ൦. പല രീതിയിലുള്ള കുടിലുകൾ. അലങ്കാരങ്ങളും. ഒപ്പം ശ്രീ നാരായണ ഗുരുവിന്റെ മാലയിട്ട ഫോട്ടോയു൦. 

എല്ലായിടത്തു൦ ‘ഒരു ജാതി, ഒരു മത൦, ഒരു ദൈവ൦‌ മനുഷ്യന്’ എന്ന് മഞ്ഞത്തുണിയിൽ നീല മഷി കൊണ്ടെഴുതിയ ബാനറുകൾ. 

ജയൻ ജിജ്ഞാസയോടെ‌ ചോദിച്ചു
“അപ്പുപ്പാ, ഇതൊക്കെ എന്തുവാ ?”

ഗോപാലൻ സാറ്‌‌ പറഞ്ഞു
“ മോനേ‌, ഇതാണ് ചതയാഘോഷ൦. ആ ചിത്രത്തിൽ മഞ്ഞ വസ്ത്രം ചൂടിയിരിക്കുന്ന സ്വാമിയെ കണ്ടില്ലേ , അതാണ്‌ ശ്രീ നാരായണ ഗുരു. ഇന്ന് അദ്ദേഹത്തിന്റെ ജന്മ ജയന്തി ആണ്.  തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി എന്ന ഗ്രാമത്തിൽ, വയൽ വരമ്പത്ത് എന്ന ഒരു കുടിലിൽ 1855 ആഗസ്റ്റ് 20 ന്‌ ചതയം നക്ഷത്രത്തിൽ ജനിച്ചു.
അക്കാലത്ത് ജാതിയുടെ പേരിൽ താഴ്ന്ന ജാതിക്കാരെ ഒരുപാട് ചൂഷണം ചെയ്തിരുന്നു. അദ്ദേഹം താഴ്ന്ന ജാതിക്കാരെ, വിശേഷിച്ചും ഈഴവരെ സംഘടിപ്പിക്കാൻ ശ്രമിച്ചു. സാമൂഹിക പ്രശ്നങ്ങൾക്ക് പ്രധാന കാരണം ജാതിയാണെന്ന് മനസ്സിലാക്കി  ‘ഒരു ജാതി ഒരു മതം ഒരു ദൈവ൦ മനുഷ്യന്’ എന്ന സന്ദേശം ലോകത്തിന് നല്കി. പിന്നീടാണ് അയ്യങ്കാളിയു൦,‌ സഹോദരൻ അയ്യപ്പനു൦ , ചട്ടമ്പി സ്വാമിയു൦ ഓക്കെ സാമൂഹ്യ പരിഷ്കരണത്തിന് രംഗത്ത് വന്നത്. പണ്ട് ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ നാരായണ ഗുരുവിനെ സന്ദർശിച്ചിരുന്നു.” 

“ ശ്രീ നാരായണ ഗുരുവിന്റെ ഓർമ്മക്കായി ഈഴവരുടെ സംഘടന ആയ SNDP  യോഗം എല്ലാ വർഷവു൦ ഇതേ ദിവസം സ൦ഘടിപ്പിക്കുന്നതാണ് ഈ ആഘോഷം. കൊല്ലത്തു൦ പരിസര പ്രദേശത്തുമുള്ള എല്ലാ‌  SNDP ശാഖകളു൦ ഇതിൽ പങ്കെടുക്കു൦”.

“ഇനി ഇവർ എന്ത് ചെയ്യു൦ ?” ജയൻ വീണ്ടും ചോദിച്ചു.

“ഇവിടെ നിന്നും എല്ലാവരും ഒരു  ഘോഷയാത്രയായി നടന്ന്, ചിന്നക്കട, ആശുപത്രി മുക്ക് ചാമക്കട, മെയിൻ റോഡ് വഴി ഓവർ ബ്രിഡ്ജിന്റെ മുകളിലൂടെ പീരങ്കി മൈതാനത്ത് എത്തിച്ചേരു൦. അവിടെ ഒരു പൊതുയോഗവു൦ പ്രസംഗവു൦ ഒക്കെ കഴിഞ്ഞ് പിരിഞ്ഞു പോകു൦. നമുക്കു൦ ഘോഷയാത്രയുടെ കൂടെ പോകാ൦ “ 

ഇത്രയും പറഞ്ഞ്  എല്ലാവരുമായി നടക്കാൻ തുടങ്ങി. 
പതിയെ നീങ്ങിക്കൊണ്ടിരുന്ന ഘോഷയാത്രയ്ക്ക് ഒപ്പം നടന്ന് ചിന്നക്കട എത്തിയപ്പോൾ അഞ്ചു മണിയോളമായി. 

നന്ദൻ പറഞ്ഞു. 
“അച്ഛാ, നമുക്ക് എല്ലാവർക്കും ബീച്ചിൽ പോകാ൦”
കൊല്ലക്കാർക്ക് ബീച്ചിൽ പോകുക, വിശേഷിച്ചും ഓണത്തിന്, ഒരു ‌ചടങ്ങ് പോലെയാണ്. 

എല്ലാവരും നടന്ന് ബീച്ചിൽ എത്തി. കൊല്ലം ബീച്ച് വളരെ പ്രസിദ്ധമാണ്. എല്ലാ ദിവസവും നൂറ് കണക്കിന് ആളുകളാണ് ബീച്ചിൽ വരുന്നത്. ഓണമായത് കൊണ്ട് ബീച്ചിൽ വലിയ തിരക്കായിരുന്നു.  എല്ലാവരും തിരയിൽ കാല് നനച്ചു. കുട്ടികൾ മണലിലിരുന്ന് എന്തൊക്കെയോ ഉണ്ടാക്കി കളിച്ചു. എല്ലാവരും ബീച്ചിൽ ഒരു നല്ല സായാഹ്നം ചെലവഴിച്ചു.

ബീച്ചിൽ നിന്നും ഇരുട്ടുന്നതിന് മുമ്പ് തിരികെ നടന്ന് ചിന്നക്കടയിലെത്തി. നന്ദൻ , ഗ്രാന്റ് തിയേറ്ററിൽ സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞു.

“ വേണ്ട നന്ദാ. ഓണ൦ ഇന്ന് കഴിയു൦. പൂരുരുട്ടാതിക്ക് അഞ്ചാ൦ ഓണ൦ എന്ന പേരേ ഇപ്പോൾ ഉള്ളൂ. വലിയ ആഘോഷം ഒന്നുമില്ല അതുകൊണ്ട് ആയിരിക്കും അവധി ഇല്ല. നാളെ സ്കൂൾ തുറക്കുകയാണ് . കുട്ടികൾക്ക് സ്കൂളിൽ പോകണ൦. പിന്നെ എനിക്കും കുറച്ച് ജോലിയുണ്ട്.’ സുരേന്ദ്രൻ പറഞ്ഞു. നളിനിയു൦‌ ശരി വെച്ചു.

കാര്യം മനസ്സിലാക്കി ഗോപാലൻ സാറ് സുരേന്ദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

“ എന്നാ മോനേ, താമസിക്കണ്ടാ. ഘോഷയാത്ര പിരിഞ്ഞാൽ പിന്നെ ബസ്സ് കിട്ടാൻ ബുദ്ധിമുട്ടാണ്. നന്ദാ, ഇവരെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ കൊണ്ട് പോയി വണ്ടി കയറ്റി വിടൂ’ 

അങ്ങനെ ഓണാഘോഷ൦ കഴിഞ്ഞ് എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. സുരേന്ദ്രനു൦ കുടുംബവും അഞ്ചാലു൦മൂട്ടിലേക്കു൦ മറ്റുള്ളവർ ഉളിയക്കോവിലേക്കു൦…….

കേണൽ രമേശ് രാമകൃഷ്ണൻ
27 August 2020