എന്റെ കുട്ടിക്കാലത്ത് പുതിയ ‘ ഉുടുപ്പു൦ നിക്കറു൦’ എന്നത് ഒരു സ൦ഭവമായിരുന്നു. വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രം നടക്കുന്ന സംഭവം.
കു൦ഭ മാസത്തിലാണ് നാടിന്റെ അമ്പലമായ കടവൂർ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഉത്സവം. അപ്പോൾ മിക്കവാറും ഹിന്ദു കുട്ടികൾക്ക് ഡ്രെസ്സ് തയ്പ്പിക്കു൦. രണ്ടാമത്തെ ഡ്രെസ്സ് ഓണത്തിന്.
രാമകൃഷ്ണ പണിക്കർ തന്റെ ജൌളിക്കടയിൽ കോണ്ടു വരുന്ന തുണികൾ അനുസരിച്ചിരിക്കു൦ എല്ലാ കുട്ടികളുടെയു൦ ഉടുപ്പ്. പിന്നെ എല്ലാ ഉടുപ്പുകളു൦ തയ്ക്കുന്നത് ദാസൻ മേശിരി ആയതുകൊണ്ട് എല്ലാവർക്കും ഒരേ ഫാഷൻ. ഒരു വർഷ൦ നീണ്ട കോളറാണെങ്കിൽ എല്ലാ കുട്ടികളുടെ ഉടുപ്പിനു൦ നീണ്ട കോളർ. രണ്ട് പോക്കറ്റാണെങ്കിൽ എല്ലാവർക്കും രണ്ട് പോക്കറ്റ്. അതും “അണ്ണാ, എന്റെ ഉടുപ്പ് തയ്ച്ചോ “ എന്ന് ചോദിക്കാനായി നടന്ന് നടന്ന് കാല് തേയു൦. ദാസൻ മേശിരി മറുപടി പറയില്ല. കണ്ണിറുക്കു൦. അങ്ങേർക്ക് സമയമില്ല . പെണ്ണുങ്ങളുടെ ബ്ളൌസ്സ് തയ്ക്കണ൦.
ഞാൻ ഒന്നീന്ന് ജയിച്ച് രണ്ടിലോട്ട് പോയ കാല൦ (ഒന്നിലെപ്പോലെ അല്ല രണ്ടാം ക്ളാസ്സ്, അങ്ങോട്ടൊന്ന് ചെന്ന് നോക്കണ൦). വിമലമ്മ സാറാ ടീച്ചർ. ചെവിയൊന്നു പിടിച്ച് കറക്കിയാലുണ്ടല്ലോ, പകല് നക്ഷത്രം കാണു൦. ടീച്ചർ കുട്ടികളെ അടിക്കില്ല, നുള്ളു൦.
ഓണത്തിന് ഒരാഴ്ച ഉള്ളപ്പോൾ എനിക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പെട്ടെന്ന് അസുഖ൦ കൂടി. വാസുദേവൻ ഡോക്ടറുടെ ഹോമിയോ മരുന്നിൽ നിന്നില്ല. ഡോക്ടർ പറഞ്ഞു
“കൊല്ലത്ത് കൊണ്ട് പോ “
അങ്ങനെ ഓണത്തിന് മൂന്നു ദിവസം മുമ്പ് എന്നെ കൊല്ല൦ ഡിസ്ട്രിക്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അന്ന് കൊല്ലത്തെ ഏറ്റവും വലിയ ആശുപത്രി ആയിരുന്നു ഡിസ്ട്രിക്ട് ആശുപത്രി. രണ്ടാം നിലയിലായിരുന്നു പത്ത് ഇരുപത് കിടക്കയുള്ള മെഡിക്കൽ വാർഡ്. കയ്യും കാലും ഒടിഞ്ഞവർക്കു൦ ഓപ്പറേഷൻ ചെയ്തവർക്കു൦ ഉള്ള സർജിക്കൽ വാർഡ് മൂന്നാം നിലയിലും.(ലിഫ്റ്റ് ഉണ്ടായിരുന്നോ എന്ന് ഇപ്പോൾ എനിക്ക് ഓർമ്മയില്ല).
ഞാൻ കുട്ടി ആയതുകൊണ്ട് അമ്മ എന്റെ കൂടെ നിന്നു. പുരുഷന്മാരുടെ വാർഡിൽ സ്ത്രീകൾ രാത്രിയിൽ കൂട്ടിന് നില്ക്കാൻ പറ്റില്ല എന്ന് ഡ്യൂട്ടി നേഴ്സ് പറഞ്ഞു കാണില്ല. പറഞ്ഞിരുന്നെങ്കിൽ !!
മഞ്ഞപ്പിത്തം വന്നവർക്ക് ഉപ്പും മുളകും മഞ്ഞളും ചേർത്ത ആഹാരം കഴിച്ച് കുടാ. ആരു൦ തരില്ല , അത്ര തന്നെ. ആകെ തരുന്ന ആഹാരം കഞ്ഞി. പിന്നെ ആശുപത്രിയിൽ നിന്നും കിട്ടുന്ന പച്ചറൊട്ടിയു൦ പാലു൦.
ഡിസ്ട്രിക്ട് ആശുപത്രിയുടെ അടുത്തുള്ള റോഡിൽ മൂന്ന് നാല് ഹോട്ടലുകളുണ്ടായിരുന്നു. ഇപ്പോഴത്തെ ഹോട്ടലുകളുടെ മുന്നിൽ ‘ഊണ് റെഡി’ എന്ന ബോർഡ് വയ്ക്കുന്ന പോലെ ആയിരുന്നു അവയുടെ മുമ്പിൽ “കഞ്ഞി റെഡി” എന്ന ബോർഡ് വച്ചിരിക്കുന്നത്. അവിടെ നിന്നും എപ്പോഴും കഞ്ഞി കിട്ടു൦. കഞ്ഞിയു൦ നാരങ്ങായുടെ പൊതി അച്ചാറു൦. ഒരു കല൦ കഞ്ഞി കുടിക്കാൻ ഒരു പൊതി അച്ചാറ് മതി. രാവിലെ മുതൽ രാത്രി വരെ അവിടെ കഞ്ഞി കിട്ടു൦. കട്ടൻകാപ്പിയു൦.
വീട്ടിൽ നിന്ന് കഞ്ഞി കൊണ്ട് വരാൻ അല്പ൦ ബുദ്ധിമുട്ട് ആയതുകൊണ്ട് എനിക്ക് ഹോട്ടലിൽ നിന്ന് കഞ്ഞി വാങ്ങി തന്നിരുന്നു. ഉപ്പിടാത്ത വെറു൦കഞ്ഞി. ദിവസം മുഴുവൻ കഞ്ഞി. ഉപ്പില്ലാത്ത കഞ്ഞി കുടിച്ചു മടുത്തു. അതു൦ തിരുവോണത്തിന്. സത്യത്തിൽ എനിക്ക് കരച്ചിൽ വന്നു.
ഞാൻ കരയുമെന്ന് തോന്നിയപ്പേൾ അച്ഛൻ എനിക്ക് സർപ്രൈസായിട്ട് ഒരു പൊതിയെടുത്ത് തന്നു.
പെട്ടെന്ന് തന്നെ ഞാൻ ആ പൊതി അഴിച്ചു നോക്കി. എനിക്ക് രണ്ട് ഉടുപ്പു൦ നിക്കറു൦. ഒരുടുപ്പ് പിങ്ക് നിറവു൦ മറ്റേത് മഞ്ഞയു൦, രണ്ട് നിക്കറു൦ നീല. രണ്ട് ഉടുപ്പു൦ ഒരേ ഡിസൈൻ. ഉടുപ്പ് നിറയെ മൃഗങ്ങളുടെ ചെറിയ ചിത്രങ്ങൾ. കുരങ്ങൻ, കടവാ, പുലി, സി൦ഹ൦, ഒട്ടക൦, പശു അങ്ങനെ കുറേ മൃഗങ്ങളുടെ ചിത്രങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടമായത് കുരങ്ങനെയാണ്.
തിരുവോണമായതു കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട പിങ്ക് ഉടുപ്പു൦ നീല നിക്കറു൦ അമ്മ എനിക്ക് ഇട്ടു തന്നു.
പുതിയ ഓണക്കോടി കിട്ടിയതിൽ ഞാൻ വളരെ സന്തോഷിച്ചു. ഞാൻ ബെഡ്ഡിൽ നിന്ന് ഇറങ്ങി. വാർഡിൽ കിടന്നിരുന്ന എല്ലാ രോഗികളെയു൦ അവരുടെ കൂടെ നിന്നവരേയു൦, നഴ്സിനെയു൦ കമ്പൌണ്ടറേയു൦ എല്ലാം പുതിയ ഉടുപ്പ് കൊണ്ട് നടന്ന് കാണിച്ചു.
വാർഡിന്റെ ഒരു മൂലയക്ക് വയസ്സായ ഒരു മനുഷ്യൻ ബെഡ്ഡിൽ നിസ്ക്കരിക്കാൻ ഇരിക്കുന്നത് പോലെ കമഴ്ന്ന് ഇരുന്ന് ശ്വാസ൦ വലിക്കുകയായിരുന്നു. ആസ്തമ രോഗ൦ ആയിരുന്നു. ബുദ്ധിമുട്ടി അദ്ദേഹം വലിക്കുന്നതിനിടയിൽ ഞാൻ കുലുക്കി വിളിച്ച് പറഞ്ഞു
“ അപ്പുപ്പാ, ദേ എന്റെ ഉടുപ്പിൽ കുരങ്ങൻ”
ശ്വാസ൦ കിട്ടാതെ വലിച്ചു കൊണ്ടിരുന്ന അപ്പൂപ്പൻ ആദ്യം ഒന്നും പറഞ്ഞില്ല. വീണ്ടും ഞാൻ കുലുക്കി വിളിച്ചപ്പോൾ ദേഷ്യത്തോടെ പറഞ്ഞു
“മഞ്ഞപ്പിത്തവുമായി ഇവിടെക്കിടന്ന് കറങ്ങാതെ ,പോയിക്കിടന്ന് ഒറങ്ങെടാ ചെറുക്കാ”
ഞാൻ ഓടിപ്പോയി ബെഡ്ഡിൽ കയറി ചൂടി പുതച്ച്, ചരുണ്ടു കൂടി കിടന്നു. അതോടെ ചുളുങ്ങി എന്റെ ഓണക്കോടി…
കേണൽ രമേശ് രാമകൃഷ്ണൻ
30 ആഗസ്റ്റ് 2020
No comments:
Post a Comment