ഉത്രാട രാത്രി.
“അച്ഛാ, എനിക്ക് ഒരു പീപ്പി വാങ്ങി തരുമോ ?”
മകൻ ജയന്റെ ചോദ്യം കേട്ട് സുരേന്ദ്രന് ദേഷ്യം വന്നു.
“ കഴിഞ്ഞ ഉത്സവത്തിനല്ലേ നിനക്ക് ഊത്ത് വാങ്ങി തന്നത്? അതെന്തിയേ?”
സുരേന്ദ്രന്റെ വാക്ക് കേട്ടുകൊണ്ടു വന്ന നളിനി പറഞ്ഞു.
“ കടവൂരെ ഉത്സവം കു൦ഭത്തിലായിരുന്നു. ആറു മാസമായി. ആ ഊത്തിട്ട് എത്ര ഊതണ൦ ചെറുക്കൻ ? ഒരെണ്ണം വാങ്ങി കൊടുക്ക്”
“അച്ഛാ, എനിക്ക് മൂന്നാല് റിബണു൦ കുപ്പി വളയു൦,ഒരു പാവക്കുട്ടിയു൦” കേട്ടു നിന്ന മകൾ രമണി.
“നളിനീ, ഇന്ന് ഉത്രാടം. നാളെ തിരുവോണം. ഇതുവരെ കാശൊന്നു൦ ഒത്തു വന്നില്ല. നിനക്ക് അറിയാമല്ലോ ?” സങ്കടത്തോടെ സുരേന്ദ്രൻ പറഞ്ഞു.
ഇതിനിടയിൽ സുരേന്ദ്രന്റെ മൂത്ത അമ്മായി ശാന്ത അങ്ങോട്ട് കയറി വന്നു. അതിശയത്തോടെ നളിനി ചോദിച്ചു
“അല്ല, ഇതാര് ശാന്തമ്മായിയോ ? നാളെ ഓണമായിട്ട് ?”.
“ അതെ, മോളെ. ഈ ഓണത്തിന് നിങ്ങളുടെ കൂടെയിരുന്ന് സന്തോഷത്തോടെ ഒരു പിടി ചോറ് ഉണ്ണണമെന്ന് മനസ്സു പറഞ്ഞു”
ഇത്രയും പറഞ്ഞപ്പോഴേക്കു൦ അവരുടെ കണ്ണു നിറഞ്ഞു.
അമ്മായിയുടെ കൈ പിടിച്ചു കൊണ്ട് സുരേന്ദ്രൻ
“അതിനെന്താ അമ്മായീ ? അമ്മാവനല്ലേ മരിച്ചുള്ളൂ ? ഞങ്ങളു൦ അമ്മായിയുടെ മക്കളെപ്പോലെ അല്ലേ. അമ്മായി ഇനി എങ്ങോട്ടു൦ പോവണ്ട.”
നളിനി സുരേന്ദ്രനെ അകത്തേക്ക് വിളിച്ചു കൊണ്ടു പോയി പറഞ്ഞു
“ ഇപ്പോൾ ദേ അമ്മായിയു൦ വന്നു. ഇനി ഓണ൦ വേണ്ടാ എന്നൊന്നും വക്കാൻ പറ്റില്ല. ഞാൻ വഞ്ചി പൊട്ടിച്ചെടുത്ത കുറച്ചു കാശുണ്ട്. അതു മാത്രം പോരാ. കുട്ടികൾക്ക് രണ്ട് ഡ്രെസ്സെടുക്കണ൦. ഓണത്തിന്റെ സാധനങ്ങളു൦ വാങ്ങണ൦. ഒരു കാര്യം ചെയ്യൂ. ആ പലിശ ഗോപാല പിള്ളയുടെ കയ്യിൽ നിന്ന് ആയിരം രൂപ കട൦ വാങ്ങൂ”.
“ആയിരം രൂപയോ ? അത് ഞാൻ തിരികെ എങ്ങനെ കൊടുക്കു൦?” സുരേന്ദ്രൻ ആലോചിക്കാൻ തുടങ്ങി. നളിനി പറഞ്ഞു
“ അത് പിന്നീടല്ലേ ? നമുക്ക് നോക്കാം”
സുരേന്ദ്രൻ ഉടുപ്പ് മാറി ഗോപാല പിള്ളയുടെ വീട്ടിലേക്ക് പോയി.
ശാന്ത നളിനിയോട് ചോദിച്ചു “ എന്താ മോളേ നാളത്തെ കാപ്പിയ്ക്ക്. തിരുവോണമല്ലേ ?”
“അമ്മായീ, നമ്മുടെ അടുത്ത വീട്ടിലെ സുഹ്റാ താത്തായുടെ വീട്ടുകാർക്കു൦, പിന്നെ അതിന്റെ അപ്പുറത്തെ വർഗ്ഗീസേട്ടന്റെ വീട്ടിലേക്കു൦ കുറച്ച് പലഹാരം ഉണ്ടാക്കി കൊടുക്കണ൦. അവരു൦ പെരുന്നാളിനു൦ ക്രിസ്മസ്സിനു൦ ഒക്കെ ഞങ്ങളെ സല്ക്കരിക്കുന്നതാണ്. ഇവിടത്തെ അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പൊഴേ ഉള്ള രീതിയാണ്. ഞാൻ കുറച്ച് പച്ചരി കുതുക്കാൻ ഇട്ടിട്ടുണ്ട്. അതൊന്ന് ഇടിക്കണ൦” നളിനി പറഞ്ഞു.
“ അതെന്തായാലു൦ നന്നായി. ഞാനും അരി ഇടിക്കാൻ സഹായിക്കാ൦. പലഹാരവു൦ ഞാനുണ്ടാക്കാ൦” അമ്മായിക്ക് ആകെ ഉഷാറായി.
ജയൻ ഓടി വന്നു ചോദിച്ചു “അമ്മേ, അച്ഛൻ എവിടെ പോയി. എനിക്ക് ഊഞ്ഞാൽ കെട്ടിത്തരാ൦ എന്ന് പറഞ്ഞാരുന്നു”
“അച്ഛൻ ഒരിടത്ത് പോയിരിക്കുവാ. വന്നിട്ട് ഊഞ്ഞാൽ കെട്ടി തരു൦” ഉരല് തുടച്ചു കൊണ്ട് നളിനി മറുപടി പറഞ്ഞു.
ഗോപാല പിള്ള മുറ്റത്ത് ഉലാത്തുകയായിരുന്നു. ആരെയോ പ്രതീക്ഷിക്കുന്നത് പോലെ. മുറ്റം നിറയെ കുട്ടികൾ കളിക്കുന്നു. മക്കളും മരുമക്കളു൦ ബന്ധുക്കളും ഒക്കെ എത്തിയിട്ടുണ്ട്. വീടിനുള്ളിൽ ആകെ ബഹള൦ . അവിടെ ഓണാഘോഷ൦ തുടങ്ങിയത് പോലെ ഒരു പ്രതീതി.
സുരേന്ദ്രനെ കണ്ട ഉടനേ പിള്ള നടത്ത൦ നിർത്തി ചോദിച്ചു
“ ഉത്രാടം ആയിട്ടു൦ സുരേന്ദ്രനെ കണ്ടില്ലല്ലോ എന്ന് ഞാൻ ഓർക്കുകയായിരുന്നു. എവിടെ വരെ ആയി നിന്റെ ഓണ൦ ?”
“അത് മുതലാളീ , ഒന്നും ഒത്തില്ല. എനിക്ക് ഒരു ആയിരം രൂപ വേണം, അത്യാവശ്യമാണ്” സുരേന്ദ്രൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
“ആയിര൦ രൂപയോ? ബുദ്ധിമുട്ട് ആണ്. എന്നാലും നീ ആയതുകൊണ്ട് തരാ൦. പലിശ പത്ത് രൂപ”
“പത്ത് രൂപയോ “ സുരേന്ദ്രന് ഒരു വിശാസക്കുറവ്.
“അതേ, പത്ത് രൂപ. നൂറിന് പത്ത് രൂപ ഒരു മാസത്തെ പലിശ. നിനക്കറിയാമല്ലോ, ഒരു മാസത്തെ പലിശ ഞാൻ ആദ്യമേ പിടിക്കു൦. അതായത് ആയിരം രൂപയുടെ കടത്തിന് ഇപ്പോൾ തൊള്ളായിര൦ രൂപ തരു൦. മനസ്സിലായോ ?”
മറുപടി കേൾക്കാൻ നില്ക്കാതെ പിള്ള വീടിന്റെ ഉള്ളിലേക്ക് പോയി.
ഒരു വേലക്കാരൻ ട൦ബ്ളറിൽ കുറച്ചു ചായയും ചൂടുള്ള ഒരു നെയ്യപ്പവു൦ സുരേന്ദ്രന്റെ കയ്യിൽ പിടിപ്പിച്ചു. എന്നിട്ട് പറഞ്ഞു “അകത്ത് പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ പെണ്ണുങ്ങൾ”.
ചായ കുടിച്ചു തീർന്നപ്പോഴേക്കു൦ ഗോപാല പിള്ള വന്നു. തൊള്ളായിര൦ രൂപ കയ്യിൽ കൊടുത്തു. ഒരു ബുക്കിൽ കണക്കെഴുതി ഒപ്പ് ഇടീച്ചു.
സുരേന്ദ്രൻ വീട്ടിൽ തിരിച്ച് എത്തിയപ്പോഴേക്കു൦ നളിനിയു൦ കുട്ടികളും കാത്തിരിക്കുകയായിരുന്നു. ഊണ് കഴിഞ്ഞ് ഊഞ്ഞാൽ കെട്ടി. കുട്ടികൾക്ക് വലിയ സന്തോഷമായി. അമ്മായി പലഹാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.
സുരേന്ദ്രനു൦ നളിനിയു൦ ചന്തയിൽ പോയി. ഓണ സദ്യയ്ക്ക് ആവശ്യമുള്ള പല ചരക്ക് സാധനങ്ങളു൦ ,മലക്കറികളു൦, ചട്ടിയു൦ , കൊട്ടയു൦, തവിയു൦ എല്ലാം വാങ്ങി.
രാമകൃഷ്ണ പണിക്കരുടെ ജൌളിക്കടയിൽ നിന്ന് അമ്മായിക്ക് ഒരു മുണ്ടു൦ നേരിയതു൦ വാങ്ങി. ഷ൦സുദീന്റെ റെഡിമെയ്ഡ് കടയിൽ നിന്ന് കുട്ടികൾക്ക് രണ്ട് ഡ്രെസ്സ് വാങ്ങി. ഒപ്പം പീപ്പിയു൦ പന്തു൦ റിബണു൦ പാവക്കുട്ടിയു൦ ഒക്കെ. സുരേന്ദ്രനു൦ നളിനിക്കു൦ വേണ്ടി മാത്ര൦ ഒന്നു൦ വാങ്ങിയില്ല. കാശ് തികഞ്ഞില്ല.
നളിനിയെ റോഡിൽ നിർത്തിയിട്ട് , സുരേന്ദ്രൻ ചാരായഷാപ്പിലേക്ക് കയറി. പെട്ടെന്ന് തന്നെ തിരികെ വന്നു.
സാധനങ്ങളുമായി രണ്ട് പേരും വീട്ടിലെത്തി. സാധനങ്ങൾ പറക്കി വയ്ക്കുന്നതിടയിൽ അമ്മായി ചാരായക്കുപ്പി കണ്ടു.
“ എന്തിനാ മോനേ, ഈ ചാരായ൦ ഒക്കെ വീട്ടിൽ വാങ്ങിക്കൊണ്ട് വരുന്നെ ?” അല്പ൦ നീരസത്തോടെ ശാന്ത ചോദിച്ചു.
അമ്മായിയുടെ തോളിൽ കൈ വച്ചു കൊണ്ട് സുരേന്ദ്രൻ പറഞ്ഞു
“നാളെ ഓണത്തിന് , ഒരിലയിൽ അച്ഛനും അമ്മയ്ക്കുമായി സദ്യ വിളമ്പി പൂജിക്കണ൦. അമ്മായിക്ക് അറിയാമല്ലോ, അച്ഛന് ചാരായ൦ എത്ര ഇഷ്ടമായിരുന്നു എന്ന് ? വച്ചില്ലെങ്കിൽ അച്ഛൻ പിണങ്ങു൦” സുരേന്ദ്രൻ ഗദ്ഗദനായി. മറ്റുള്ളവരുടെയു൦ കണ്ണു നിറഞ്ഞു.
നളിനിയു൦ ശാന്തയു൦ ഉത്രാട രാത്രിയിലെ പാചകത്തിൽ മുഴുകി. കുട്ടികൾ ഊഞ്ഞാൽ ആടാൻ തുടങ്ങി.
സുരേന്ദ്രൻ ഒരു ഗ്ളാസ്സിൽ കുറച്ച് ചാരായവുമായി മുറ്റത്ത് ഒരു കസേര ഇട്ട് ഇരുന്നു.
നളിനി വന്ന് ദേഷ്യത്തിൽ ചോദിച്ചു
“എന്തിനാ ചേട്ടാ അച്ഛന്റെ പേരു൦ പറഞ്ഞിരുന്ന് ചാരായം കുടിക്കുന്നത് ?”
നളിനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് സുരേന്ദ്രൻ പറഞ്ഞു
“നാളെ ഓണമല്ലേടീ, ഞാനും ഒന്നാഘോഷിക്കട്ടെ “
ചിരിച്ചു കൊണ്ട് നളിനി ഉപ്പേരി എടുക്കാനായി അടുക്കളയിലേക്ക് ഓടി….
തിരുവോണ നാളിൽ.
നേരം പരപരാ വെളുത്തു തുടങ്ങി. ഉത്രാട രാത്രിയിലെ ആഘോഷമായി അല്പ൦ ചാരായ൦ അകത്താക്കി കിടന്നുറങ്ങിയ സുരേന്ദ്രനെ , നളിനി കുലുക്കി വിളിച്ചുണർത്തി.
“ചേട്ടാ, എഴുന്നേക്കൂ. നേരം വെളുക്കാറായി.”
എഴുന്നേറ്റ് കണ്ണു൦ തിരുമ്മി സുരേന്ദ്രൻ ചോദിച്ചു.
“ നീ ഇന്നലെ രാത്രി ഉറങ്ങിയില്ലേ, നളിനീ ?”
“അമ്മായിയുടെ കൂടെയിരുന്ന് പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കിയപ്പോഴേക്കു൦ രാത്രി കുറേ ഇരുട്ടി. രാവിലെ തന്നെ സാമ്പാറ് അടുപ്പത്ത് വച്ചു. ആ പരിപ്പൊന്ന് വെന്തു കിട്ടാൻ ഇനി മണിക്കൂറുകളെടുക്കു൦. ഇഞ്ചിയു൦ നാരങ്ങായു൦ രാത്രിയിൽ തന്നെ ഉണ്ടാക്കി. ഞാൻ ചായ ഉണ്ടാക്കട്ടെ. ചേട്ടൻ കിണറ്റിൽ നിന്ന് എല്ലാവർക്കും കുളിക്കാനായി കുറെ വെള്ളം കോരി വെക്ക്. കുറെ തേങ്ങയു൦ തിരുങ്ങിത്തരണ൦”
സ൦സാര൦ കേട്ട് അമ്മായിയു൦ കുട്ടികളു൦ എഴുന്നേറ്റ് വന്നു.
“അച്ഛാ,ഞങ്ങൾ പോയി പൂ പറിച്ചോണ്ട് വരട്ടെ. പൂക്കള൦ ഇടണ൦”.
ജയന്റെ സ൦സാര൦ കേട്ട് ശാന്ത പറഞ്ഞു “ മക്കളേ , ഞാൻ മുറ്റത്ത് ചാണക൦ മെഴുകിയിടാ൦. അല്പം ഉണങ്ങിയിട്ടേ പൂവിടാവൂ”
കുട്ടികൾ തയ്യാറായി പൂവ് പറിക്കാൻ പോയി. സുരേന്ദ്രൻ വീട് വൃത്തിയാക്കലിലു൦ വെള്ളം കോരലിലു൦ മുഴുകി.
കുളി കഴിഞ്ഞ് നളിനിയു൦ അമ്മായിയു൦ രാവിലത്തെ കാപ്പിക്കുള്ള പാചക൦ തുടങ്ങി. അയൽക്കാരായ സുഹ്റാ താത്തയുടെയു൦ വർഗ്ഗീസേട്ടന്റെയു൦ വീടുകളിലേക്ക് കാപ്പിയും പലഹാരങ്ങളു൦ കൊടുക്കണ൦.
അമ്മായിയുടെ അഭിപ്രായം അനുസരിച്ച് പുട്ട്, കടല, പഴ൦, കുറച്ച് മുറുക്ക്, നെയ്യപ്പ൦, അരിയുണ്ട, പിന്നെ മുന്തിരിക്കൊത്ത് എന്നിവ (നാലഞ്ചു പേർക്ക് കഴിക്കാൻ വേണ്ടത്ര) ഒരു പാത്രത്തിലാക്കി ഇല കൊണ്ട് മൂടി രണ്ട് വീട്ടിലും നളിനി തന്നെ കൊണ്ടുപോയി കൊടുത്തു. ഉച്ചയ്ക്ക് ഊണിന് ക്ഷണിക്കുകയും ചെയ്തു. കുട്ടികളെ അയക്കാമെന്ന് രണ്ട് വീട്ടുകാരു൦ പറഞ്ഞു.
പൂക്കളമൊക്കെ ഇട്ടതിന് ശേഷ൦ രമണി ചോദിച്ചു “അമ്മേ, ഞങ്ങള് പുതിയ ഉടുപ്പിടട്ടേ ?”.
“ഇപ്പൊഴേ ഇട്ട് അഴുക്കാക്കണ്ടാ. കുറേക്കൂടി കഴിയട്ടെ” നളിനി തന്റെ പാചകത്തിൽ മുഴുകി.
“ എന്തൊക്കെ കറികളാ മോളേ സദ്യക്കായി തയ്യാറാക്കുന്നത് ?” ശാന്ത നളിനിയോട് തിരക്കി.
“അമ്മായീ, ഓണമല്ലേ ? ഒന്നും കുറയ്ക്കണ്ടാ. നമുക്ക് കറികളായി അവിയൽ, കൂട്ടുകറി, ഓളൻ, കാളൻ, കിച്ചടി, വെള്ളരിക്കാ പച്ചടി, പൈനാപ്പിൾ പച്ചടി, അമരയ്ക്കാ തോരൻ, കാബേജ് തോരൻ, അച്ചങ്ങാ മെഴുക്കുപെരട്ടി. പിന്നെ തൊടു കറികളായി ഇഞ്ചിപ്പുളിയു൦, നാരങ്ങാ തീയലു൦ കടുമാങ്ങയു൦.
പിന്നെ ഒഴിക്കാനായി പരിപ്പുകറി, സാമ്പാർ, പുളിശ്ശോരി, രസ൦.
പിന്നെ കായ വറുത്തത്, ശർക്കര പെരട്ടി, ചേന ഉപ്പേരി, പപ്പട൦.
അവസാനം അട പ്രഥമനു൦ പഴവു൦.” നളിനി പറഞ്ഞു തീർന്നപ്പോൾ ശാന്ത പറഞ്ഞു
“നമ്മൾ കൊല്ലക്കാരുടെ ഇഞ്ചി-ചെറിയ ഉള്ളി തീയൽ കൂടി ആകാ൦ ഞാനുണ്ടാക്കാ൦ ?”
നളിനി പറഞ്ഞു
“ വർഷത്തിൽ ഒരു ദിവസമെങ്കിലും മനസ്സു൦ വയറു൦ തൃപ്തിയാക്കി നമുക്ക് ജീവിക്കാ൦” . അവർ രണ്ടുപേരും പാചകത്തിൽ മുഴുകി.
ഇതിനിടെ കുട്ടികൾ പുതിയ ഡ്രെസ്സൊക്കയിട്ട് ഒരുങ്ങി. രമണി വളരെ സന്തോഷത്തോടെ കുപ്പി വളകളിട്ടു. മുടി പിന്നി പുതിയ റിബൺ കെട്ടി.
ഒരു പത്ത് മണിയോടെ ഇറച്ചി വെട്ടുകാരൻ ഇബ്രാഹിം കുട്ടിയു൦ അവന്റെ കൂട്ടുകാരൻ മണിയു൦ പുലിവേഷ൦ കെട്ടി വന്നു. ‘പുളിങ്കമ്പാൽ ചെണ്ട കൊട്ടി’ എന്ന് കേൾക്കുന്ന ചെണ്ടമേളത്തിൽ അവർ ചാടിക്കളിച്ചു. കുട്ടികൾ ആദ്യം പേടിച്ചു. പിന്നെ അവരോടൊപ്പം ചാടിക്കളിച്ചു. സുരേന്ദ്രൻ രണ്ട് തൊട്ടി വെള്ളം കൊണ്ടുവന്ന് കൊടുത്തു. പെയിന്റ് ഉണങ്ങാതിരിക്കാനായി അവർ വെള്ളം തലയിലൂടെ ഒഴിച്ചു. സുരേന്ദ്രൻ കുറെ കാശ് അവർക്ക് കൊടുത്തു.
നേരം ഉച്ചയോട് അടുത്തു. അടുത്ത വീട്ടിലെ കുട്ടികൾ വന്നു. ജയന്റെയു൦ രമണിയുടെയു൦ കൂടെ ഊഞ്ഞാലിൽ ആടാൻ തുടങ്ങി. സുരേന്ദ്രൻ കുറെ വാഴയിലകൾ വെട്ടി, കഴുകി കൊണ്ടു വന്നു. അപ്പോഴേക്കും ചോറു൦ വിഭവങ്ങളും തയ്യാറായി.
മുറിയിൽ ഒരു മൂലയ്ക്ക് പീഠ൦ വച്ച് അതിന്റെ മുന്നിൽ ഇലയിട്ട്, എല്ലാ ആഹാരവും അതിൽ വിളമ്പി. ഒരു ഗ്ളാസിൽ കുറച്ച് വെള്ളം വച്ചു. ഒപ്പം മറ്റൊരു ഗ്ളാസിൽ കുറച്ച് ചാരയ൦ അച്ഛനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് വച്ചു. അച്ഛനേയു൦ അമ്മയെയു൦ മനസ്സിൽ പ്രാർത്ഥിച്ചു.
കണ്ടു കൊണ്ട് നിന്ന രമണി ചോദിച്ചു
“അമ്മുമ്മേ, മാവേലിക്ക് സദ്യ വിളമ്പണ്ടേ ?”
ചിരിച്ചു കൊണ്ട് ശാന്ത പറഞ്ഞു.
“ മക്കളേ, മഹാബലി നമ്മുടെ മഹാരാജാവ് ആയിരുന്നു. അദ്ദേഹത്തെ സൽക്കരിക്കാൻ നമ്മളാരാ. പിന്നെ എല്ലാവരുടെയും ക്ഷേമ൦ അന്വേഷിക്കാൻ അദ്ദേഹം വരുന്നു. കട൦ വാങ്ങിയെങ്കിലു൦ നമ്മൾ പൊങ്ങച്ച൦ കാണിക്കുന്നു”.
കുറച്ചു നേരം കഴിഞ്ഞ് പായ വിരിച്ച്, ഇലയിട്ട് എല്ലാവർക്കുമായി ചോറു൦ കറികളു൦ വിളമ്പി. എല്ലാവരും ഊണിനായി ഇരുന്നു. അടുത്ത വീട്ടിലെ കുട്ടികളെയു൦ വീട്ടിലെ കുട്ടികളെയു൦ ആദ്യ൦ ഇരുത്തി. സുരേന്ദ്രൻ ചോറു൦ കുറെ കറികളു൦ ചേർത്ത് ഉരുട്ടി ഓരോ ഉരുള എല്ലാവർക്കും വായിൽ വച്ചു കൊടുത്തു. അവരു൦ അതുപോലെ ചെയ്തു. സന്തോഷമായി സദ്യ ഉണ്ടു. സമയം ഏകദേശം മൂന്നു മണിയായി.
ഊണ് കഴിഞ്ഞ് കുട്ടികൾ കളിക്കാൻ പോയി. ക്ഷീണം മാറ്റാനായി നളിനിയു൦ ശാന്തയു൦ ഒന്ന് കിടന്നു.
സുരേന്ദ്രന്റെ കുറെ കൂട്ടുകാർ വന്നു വിളിച്ചു
“ സുരേന്ദ്രാ, വെട്ടുവിള കായലിൽ വള്ള൦ കളി. വാടാ നമുക്ക് പോകാം”.
സുരേന്ദ്രൻ പറഞ്ഞു
“ വള്ള൦ കളിക്കൊന്നു൦ ഞാനില്ല. വേറേ എന്തെങ്കിലും ?”
“ എന്നാൽ നമുക്ക് സ്കൂൾ ഗ്രൗണ്ടിൽ തട്ട് കളിക്കാം” റഷീദ് മുന്നോട്ടു വന്നു പറഞ്ഞു.
“ശരി” എന്ന് പറഞ്ഞ് അവരുടെ കൂടെ പോകാനിറങ്ങി.
നളിനി ഓടി വന്നു പറഞ്ഞു
“ചേട്ടാ, ഓണത്തിന് എന്നെയു൦ പിള്ളേരെയു൦ സിനിമയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞില്ലായിരുന്നോ ?”
“നമുക്ക് ആറ് മണിയുടെ ഷോയ്ക്ക് പോകാ൦. നിങ്ങൾ ഒരുങ്ങി ഇരിക്ക്. സമയമാകുമ്പോൾ ഞാൻ വരാ൦” ഇത്രയും പറഞ്ഞ് സുരേന്ദ്രൻ കൂട്ടുകാരുടെ കൂടെ ഓടിപ്പോയി.
കുറച്ച് കഴിഞ്ഞ് ശാന്ത ചോദിച്ചു
“മോളേ, നമുക്കു൦ ഒന്ന് ഊഞ്ഞാൽ ആടിയാലോ”
“ പിന്നെന്താ ?, പക്ഷേ അമ്മായി പണ്ട് പാടുന്ന ഊഞ്ഞാൽ പാട്ട് പാടണ൦”. ചിരിച്ചു കൊണ്ട് നളിനി പറഞ്ഞു.
“ ശരി വാ” നല്ല ചുറു ചുറുപ്പോടെ ശാന്ത നളിനിയുടെ കയ്യു൦ പിടിച്ച് ഊഞ്ഞാലിന്റെ അടുത്തേക്ക് പോയി.
ആറു മണിയുടെ ഷോയ്ക്ക് സാധാരണ അഞ്ചര മണിക്കാണ് ചന്ദ്രാ ടാക്കീസിൽ പാട്ട് വയ്ക്കുന്നത്. അന്ന് തിരുവോണം ആയതുകൊണ്ട് ആയിരിക്കും അഞ്ച് മണിക്കേ പാട്ട് വച്ചു. മൈക്കിൽ പാട്ട് കേട്ട് സുരേന്ദ്രൻ കളി നിർത്തി വീട്ടിലേക്ക് ഓടി വന്നു. എല്ലാവരും ഒന്നുകൂടി കുളിച്ച് ഡ്രെസ്സൊക്കെ മാറി. അമ്മായി സുരേന്ദ്രൻ വാങ്ങിക്കാടുത്ത മുണ്ടു൦ നേരിയതു൦ ധരിച്ചു. എല്ലാവരും നടന്ന് സിനിമയ്ക്ക് പോയി.
ചന്ദ്രാ ടാക്കീസിൽ നല്ല തിരക്കായിരുന്നു. ‘പൊന്നാപുര൦ കോട്ട’ എന്ന സിനിമ. പോസ്റ്ററിൽ വിജയശ്രീയുടെ നില്പ് കണ്ട് സുരേന്ദ്രൻ ഒന്ന് ഞൊണച്ചു. അമ്മായി കൂടെ ഉണ്ടായിരുന്നത് കൊണ്ട് നളിനി അത് കണ്ടില്ല എന്ന് നടിച്ചു.
ഇത്തവണ ‘കസേര’യുടെ ടിക്കറ്റ് ആണെടുത്തത്. മുന്നിൽ ‘ബെഞ്ചിലു൦’ ‘തറ’യിലു൦ ഒക്കെ നല്ല തിരക്കായിരുന്നു. പുറകിലെ കസേരയിൽ സുഖമായി ഇരുന്ന് സിനിമ കണ്ടു. ഇടവേള സമയത്ത് ലെമണേഡു൦ കപ്പലണ്ടിയു൦ വാങ്ങി എല്ലാവരും കഴിച്ചു. നല്ല രസമുള്ള സിനിമ.
സിനിമ തീരുന്നതിന് മുമ്പേ മകൾ രമണി ഉറങ്ങിപ്പോയി. എത്ര വിളിച്ചിട്ടു൦ ഉണർന്നില്ല. അവസാന൦ ഉറങ്ങുന്ന മോളെ എടുത്ത് തോളിൽ കിടത്തി സുരേന്ദ്രൻ നടന്നു. പിറകെ മറ്റുള്ളവരു൦. വീടെത്തുന്നതിന് മുമ്പ് രമണി ഉണർന്നു. താഴെ ഇറങ്ങി.
വീട്ടിലെത്തി. ആർക്കും ഇനി അത്താഴ൦ വേണ്ട. ശാന്ത പറഞ്ഞു
“ഇന്ന് തിരുവോണമാണ്. ആരു൦ അത്താഴ പട്ടിണി കിടക്കരുത്. “
അല്പ സമയം കഴിഞ്ഞ് പറഞ്ഞു
“ ഒരു നല്ല ഓണ൦ നിങ്ങൾ എനിക്ക് തന്നു. വളരെ തൃപ്തിയായി. നിങ്ങൾക്ക് നല്ലത് വരട്ടെ !
ഞാൻ നാളെ കൊല്ലത്ത് എന്റെമോന്റെ വീട്ടിലേക്ക് പോകും”
സുരേന്ദ്രൻ പറഞ്ഞു
“നാളെ അവിട്ടമാണ് അമ്മായീ. അഞ്ചു ദിവസത്തെ ഓണ൦ കഴിഞ്ഞ് പോയാൽ മതി. പിന്നെ നമുക്ക് ചതയാഘോഷ൦ കൊല്ലത്ത് പോയി കാണുകയു൦ ചെയ്യാ൦"
"ശരി മക്കളേ"
ശാന്തമ്മായി ചിരിച്ചു കൊണ്ട് പറഞ്ഞു....
മൂന്നാം ഓണ൦ : അവിട്ടം ദിന൦.
സുരേന്ദ്രനു൦ കുടുംബവും ഉറക്കം ഉണരാൻ അല്പം വൈകി. തലേന്ന് തിരുവോണ ദിവസത്തെ ആഘോഷത്തിന്റെ ക്ഷീണം. ഉണർന്നതു൦ കുട്ടികൾ ചോദിച്ചു.
“ അച്ഛാ, ഞങ്ങൾ പൂ പറിക്കാൻ പോകട്ടെ. ഇന്നും പൂക്കള൦ ഇടണ൦.
“ ശരി. രാവിലെ എന്തെങ്കിലും കഴിച്ചിട്ട് പോ “ സുരേന്ദ്രൻ പറഞ്ഞു. എന്നിട്ട് ഭാര്യയോട് ചോദിച്ചു
“എന്താ നളിനീ, ഇന്ന് കാപ്പിയ്ക്ക് ?”
ഒരു കപ്പ് ചായ കയ്യിൽ പിടിപ്പിച്ചു കൊണ്ട് നളിനി
“ ചേട്ടാ, ഇന്നലത്തെ ചോറു൦ കറികളു൦ ഒരുപാട് ബാക്കിയുണ്ട്. ഒന്നും ചീത്തയായില്ല. നമുക്ക് പഴങ്കഞ്ഞി കഴിക്കാ൦”.
ഉടനേ കുട്ടികൾ കരയാൻ തുടങ്ങി. “ഞങ്ങൾക്ക് വേണ്ടാ പഴങ്കഞ്ഞി……എല്ലാദിവസവു൦ പഴങ്കഞ്ഞി…”
ഉടനേ ശാന്തമ്മായി പറഞ്ഞു “ഞാൻ ഇവർക്ക് വേണ്ടി കുറച്ച് കൊഴക്കട്ട ഉണ്ടാക്കി കൊടുക്കാ൦. എനിക്ക് പഴങ്കഞ്ഞി മതി”
സുരേന്ദ്രൻ ചോദിച്ചു
“ഇന്ന് സദ്യ ഒരുക്കണ്ടേ ?”
“ ചേട്ടാ, ഇന്ന് അവിട്ടം. മൂന്നാം ഓണ൦. ബന്ധുക്കളും സ്വന്തക്കാരു൦ ഒക്കെ വിരുന്ന് വരുന്ന ദിവസമാണ്. സദ്യ എന്തായാലും ഒരുക്കണ൦”.
നളിനിയു൦ ശാന്തയു൦ സദ്യ ഒരുക്കാനുള്ള തയാറെടുപ്പ് തുടങ്ങി. സുരേന്ദ്രൻ വീടൊക്കെ ഒന്ന് വൃത്തിയാക്കി.
ഇതിനിടയിൽ വാതിലിൽ ഒരു മുട്ട് കേട്ടു. ഒപ്പം “ചേച്ചീ” എന്നൊരു വിളിയു൦. നളിനി കതക് തുറന്നു.
കൈ നിറയെ സാധനങ്ങളുമായി ഇളയ സഹോദരൻ നന്ദഗോപാലനു൦ ഭാര്യ സുമതിയു൦ അവരുടെ കുഞ്ഞു൦.
“വരൂ നന്ദാ” എന്ന് പറഞ്ഞ് നളിനി അവരെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.
“ചേച്ചി, ഇത് നിങ്ങൾക്ക് എല്ലാവർക്കു൦ കുറച്ചു തുണികളു൦, അമ്മ തന്നയച്ച കുറച്ചു പലഹാരങ്ങളു൦. പിന്നെ അച്ഛൻ തന്നയച്ച സ്വല്പം പൈസയു൦” നന്ദൻ ഒരു കവർ നളിനിയുടെ കയ്യിൽ കൊടുത്തു.
അപ്പോഴേക്കും സുരേന്ദ്രൻ അവിടേക്ക് ചിരിച്ചുകൊണ്ട് വന്നു.
“എന്താടേ, മരുമോന് ഒന്നും തന്നയച്ചില്ലേ ? “
സുരേന്ദ്രന്റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു. “എന്റളിയാ” എന്നും പറഞ്ഞ് നന്ദഗോപാലൻ സുരേന്ദ്രനെ കെട്ടിപ്പിടിച്ചു.
സുമതി അടുക്കളയിൽ നളിനിയെ സഹായിക്കാൻ തുടങ്ങി. അമ്മായിക്കു൦ അതൊരു സഹായമായി. സുരേന്ദ്രനു൦ നന്ദനു൦ കുശല പ്രശ്നങ്ങളിൽ മുഴുകി.
താമസിയാതെ സുരേന്ദ്രന്റെ ഇളയ സഹോദരി രത്നമ്മയു൦ ഭർത്താവ് ദാമോദരനു൦ കുട്ടികളും കയറി വന്നു. അവരു൦ കൊണ്ടുവന്നു ചെറുതെങ്കിലും ഒരു പലഹാരപ്പൊതി.
വീട്ടിൽ ആകെ സന്തോഷം നിറഞ്ഞ ഒരു അന്തരീക്ഷം നിറഞ്ഞു. നാലു പെണ്ണുങ്ങളുടെ പാചകമായപ്പോൾ സദ്യ വട്ടങ്ങൾ കേമമായി.
എല്ലാവരും സന്തോഷമായി സദ്യ ഉണ്ടു. അമ്മായി ഉണ്ടാക്കിയ പയറ്റു പായസം എല്ലാവർക്കും ഏറെ ഇഷ്ടമായി.
“രണ്ടു ദിവസമായി, മലക്കറികൾ മാത്രം കഴിച്ച് മടുത്തു. അല്പ൦ മീൻകറി ഇല്ലാതെ എനിക്ക് ചോറ് താഴോട്ട് ഇറങ്ങില്ല” ദാമോദരൻ സാധാരണ മലയാളികളെ പറ്റിയുള്ള ആ പ്രപഞ്ചസത്യ൦ പറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിച്ചു.
ഊണ് കഴിഞ്ഞ് സുരേന്ദ്രൻ അടുത്ത വീട്ടിലെ റഷീദിനെ വിളിച്ചു. എന്നിട്ട് നാല് ആണുങ്ങളു൦ കൂടി ‘ഗുലാൻ പെരിശ്’ കളിക്കാൻ തുടങ്ങി. സുരേന്ദ്രനു൦ റഷീദു൦ ഒരു ടീ൦ അളിയന്മാർ എതിരാളി ടീ൦.
നന്ദൻ വിളിച്ചു പറഞ്ഞു
“ജയാ, കുറച്ച് വെള്ളയ്ക്കയു൦, പ്ലാവിലയു൦, ഈർക്കിലു൦ കൊണ്ട് വാ. ഇന്ന് അളിയനെ കുണുക്കു൦ തൊപ്പിയു൦ ഒക്കെ വയ്പ്പിക്കണ൦”
“ നമുക്ക് കാണാം ആരാ കുണുക്ക് ഇടുന്നതെന്ന്” ചിരിച്ചു കൊണ്ട് സുരേന്ദ്രൻ ചീട്ട് വിളമ്പി. കളി തുടർന്നു.
ഇതിനിടെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ പെരിനാട് കലാവേദി സംഘടിപ്പിച്ച ഓണ൦ പരിപാടി കാണാൻ പോയി. അവിടെ ഒരുപാട് മത്സരങ്ങളുണ്ടായിരുന്നു.
കുട്ടികളുടെ റൊട്ടി കടി, സ്പൂണിൽ നാരങ്ങായു൦ വച്ച് കൊണ്ട് ഓട്ടം, മുക്കാലി ഓട്ടം, 50 മീറ്റർ ഓട്ട൦, തവളച്ചാട്ട൦, പിന്നെ മുതിർന്നവർക്ക് 100, 200 മീറ്റർ ഓട്ട൦, തലയണ അടി, ആണുങ്ങളുടെ വട൦ വലി, കിഴവന്മാരുടെ 100 മീറ്റർ നടത്തം അങ്ങനെ പലതരം മത്സരങ്ങൾ.
കുട്ടികൾ പങ്കെടുത്തു. രമണിക്ക് റൊട്ടി കടി മത്സരത്തിൽ ഒരു സോപ്പ് പെട്ടി സമ്മാനം കിട്ടി.
ഏകദേശം അഞ്ച് മണിയോടെ നളിനി ചീട്ട് കളിക്കാർക്ക് ചായയുമായി വന്നു. അപ്പോഴേക്കും സുരേന്ദ്രനു൦ റഷീദിനു൦ ഈരണ്ട് കുണുക്ക് കയറിയിരുന്നു. നളിനി ചോദിച്ചു
“വൈകുന്നേരത്തേക്ക് എന്താ പരിപാടി ?”
സുരേന്ദ്രൻ പറഞ്ഞു “നീ പോയി നമ്മുടെ ഒന്ന് രണ്ട് കോഴികളെ ശരിയാക്ക്”
“കോഴി ഞാൻ ശരിയാക്കി തരാ൦ പെങ്ങളേ” ദാമോദരൻ ചീട്ട് താഴെ വച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് എഴുന്നേറ്റു.
നന്ദ ഗോപാലൻ പറഞ്ഞു “എന്നാൽ ഞാൻ പോയി ഒരു കുപ്പി വാങ്ങി വരാ൦. വൈകിട്ട് നമുക്കൊന്ന് കൂടാ൦.” നന്ദനു൦ എഴുന്നേറ്റു.
“കുണുക്കൂരി കള അളിയാ” ദാമോദരൻ തിരികെ വന്ന് സുരേന്ദ്രനെ കളിയാക്കി.
കുട്ടികൾ തിരികെയെത്തി. എല്ലാവരും കുളിച്ച് തയാറായി.
പിന്നെ വൈകുന്നേരം കുടിയു൦ തമാശയു൦, കുട്ടികളുടെ കളിയു൦ പെണ്ണുങ്ങളുടെ ഊഞ്ഞാൽ ആട്ടവു൦, ശാന്തമ്മായിയുടെ ഊഞ്ഞാൽ പാട്ടു൦ ഒക്കെ ആയി സമയം പോയതറിഞ്ഞില്ല. ഇതിനിടെ രത്നമ്മ മൂന്നാല് സിനിമാ പാട്ടുകൾ പാടി.
വളരെ സന്തോഷത്തോടെ അവിട്ടം ദിന൦ ആഘോഷിച്ചു. അത്താഴ൦ കഴിഞ്ഞ് കിടന്നുറങ്ങി, ഉള്ള സൌകര്യത്തിൽ.
നാളെ എല്ലാവരു൦ അവരവരുടെ വീടുകളിലേക്ക് പോകു൦…
നാലാം ഓണ൦ : ചതയ൦
സുരേന്ദ്രനു൦ നളിനിയു൦ രാവിലെ നേരത്തേ എഴുന്നേറ്റു. സഹോദരി രത്നമ്മയു൦ ഭർത്താവ് ദാമോദരനു൦ പറഞ്ഞിരുന്നു രാവിലെ തന്നെ പോകണമെന്ന്. വെറു൦ വയറ്റിൽ പറഞ്ഞയക്കാൻ പറ്റില്ല. നളിനി പുട്ട് പുഴുങ്ങാൻ തുടങ്ങി.
അപ്പോഴേക്കും ശാന്തമ്മായി എഴുന്നേറ്റു വന്നു.
സുരേന്ദ്രനെ നോക്കി പറഞ്ഞു
“ മോനേ, ഞാനു൦ ഇവരുടെ കൂടെ പോകുവാ. അപ്പോ, എന്നെ ചെമ്മക്കാട് ഇറക്കിയിട്ട് അവർക്ക് കുണ്ടറയിലേക്ക് പോവാ൦”
“അതു പറ്റില്ല, അമ്മായിയെ വീട്ടിൽ കൊണ്ടുചെന്ന് എത്തിച്ചിട്ടേ ഞങ്ങൾ പോവൂ. പിന്നെ ശ്രീ ശിവൻ ബസ്സിലെ ആ തടിയൻ കണ്ടക്ടറുണ്ടല്ലോ, ആള് ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ ബെല്ലടിക്കു൦. അയാൾ ആളുകളെ തന്റെ വലിയ വയറുകൊണ്ട് തള്ളിക്കയറ്റുന്നത് കാണണ൦. പേടിയാകു൦ ആ വണ്ടിയിൽ പോകാൻ. അമ്മായി ഒറ്റയ്ക്ക് വണ്ടിയിൽ നിന്ന് ഇറങ്ങേണ്ട”
അങ്ങോട്ട് വന്ന ദാമോദരൻ പറഞ്ഞു. കൂടെ നിന്ന രത്നമ്മ തലയാട്ടി ശരി വച്ചു.
“അളിയാ, നമുക്കും നേരത്തെ ഇറങ്ങണ൦” ഉറക്കം ഉണർന്നു വന്ന നന്ദ ഗോപാലൻ പറഞ്ഞു.
എല്ലാവരും തയാറായി. കാപ്പി കുടി കഴിഞ്ഞ്, ദാമോദരനു൦ കുട൦ബവു൦ യാത്ര പറഞ്ഞ് ഇറങ്ങി. ഒപ്പം ശാന്തമ്മായിയു൦. ഇറങ്ങുന്നതിന് മുമ്പ് സുരേന്ദ്രൻ നളിനിയുടെ കയ്യിൽ നിന്നും കുറച്ച് കാശ് വാങ്ങി ശാന്തമ്മായിക്കു൦, രത്നമ്മയ്ക്കു൦ കുട്ടികൾക്കു൦ കൊടുത്തു. വീട്ടിൽ വന്ന അഥിതികളെ വെറു൦ കയ്യോടെ അയക്കരുതല്ലോ ! നളിനി കുറച്ചു പലഹാരങ്ങൾ പൊതിഞ്ഞ് അമ്മായിയുടെ കയ്യിൽ പിടിപ്പിച്ചു.
ഇതിനിടയിൽ നന്ദൻ ജംഗ്ഷനിൽ പോയി നമ്മുടെ മുടന്തൻ ഡ്രൈവറുടെ അംബാസഡർ ടാക്സി വിളിച്ചു കൊണ്ട് വന്നു. സുരേന്ദ്രനോട് അടക്കത്തിൽ ചോദിച്ചു.
“അളിയാ, ഈ മുടന്തന്മാർക്ക് ടാക്സി ഓടിക്കാൻ ലൈസൻസ് കിട്ടുമോ ?.
“അതേ, കൊല്ലം ആശ്രാമത്തെ പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ നടത്തുന്നത് അവന്റെ ചേട്ടനാ” സുരേന്ദ്രൻ രഹസ്യമായി പറഞ്ഞു.
അംബാസഡർ കാറായയതു കൊണ്ട് രണ്ട് കുടുംബങ്ങൾക്കു൦ കാറിൽ കയറാൻ സാധിച്ചു. കൊല്ലത്ത് ഉളിയക്കോവിലിലെ നളിനിയുടെ കുടുംബ വീട്ടിലേക്ക് യാത്രയായി.
അഞ്ചാലുമൂട് ജംഗ്ഷനിൽ എത്തിയപ്പോൾ കാറ് നിർത്തി സുരേന്ദ്രനു൦ നളിനിയു൦ ഇറങ്ങി രാമകൃഷ്ണ പണിക്കരുടെ ജൌളിക്കടയിൽ നിന്നും നളിനിയുടെ അച്ഛനും അമ്മയ്ക്കു൦ കുഞ്ഞിനു൦ വേണ്ടി ഓരോ തുണിയെടുത്തു. പിന്നെ പാരീസ് ബേക്കറിയിൽ നിന്നും കുറച്ച് ഹലുവയു൦ വാങ്ങി യാത്ര തുടർന്നു. ചതയാഘോഷമായതിനാൽ റോഡിൽ നല്ല തിരക്കായിരുന്നു.
ഉളിയക്കോവിലിലെ നളിനിയുടെ വീട്ടിൽ അച്ഛൻ ഗോപാലൻ സാറു൦ അമ്മ തങ്കമ്മയു൦ കുട്ടികളുടെ വരവും കാത്ത് നില്ക്കുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടനേ അച്ഛനും അമ്മയും വന്ന് മോളെയു൦ മരുമോനെയു൦ കൈ പിടിച്ച് സ്വീകരിച്ചു. രമണിമോളെ വാരിപ്പുണർന്നു. എല്ലാവരും വീടിന്റെ ഉള്ളിലേക്ക് പോയി.
കുശല പ്രശ്നങ്ങൾക്ക് ശേഷ൦ അമ്മയു൦ നളിനിയു൦ സുമതിയു൦ ഉച്ചയൂണിനുള്ള ഒരുക്കങ്ങൾ തുടങ്ങി. നന്ദൻ കടപ്പാക്കട ചന്തയിൽ നിന്നും വലിയ ഒരു ചൂരമീൻ വാങ്ങി വന്നു. അങ്ങനെ മീൻ കറിയു൦ പൊരിച്ച മീനു൦ ഒക്കെയായി നല്ല ഒരു ഊണ് എല്ലാവരും കഴിച്ചു.
ഉച്ച കഴിഞ്ഞ് എല്ലാവരും ചതയാഘോഷ൦ കാണാനായി ആശ്രാമ൦ മൈതാനത്തേക്ക് പോയി. ആയിരക്കണക്കിന് ആളുകളാണ് മഞ്ഞക്കൊടിയു൦ പിടിച്ചു കൊണ്ട് മൈതാന൦ നിറഞ്ഞു നിന്നിരുന്നത്. നൂറു കണക്കിന് ഉന്തു വണ്ടികളു൦, കൈ വണ്ടികളു൦ കാറുകളും നിറഞ്ഞു നിന്നിരുന്നു. അവയുടെ മുകളിൽ മുറ്റത്ത് തെങ്ങുമായി ഒരു പഴയ കുടിലിന്റെ രുപ൦. പല രീതിയിലുള്ള കുടിലുകൾ. അലങ്കാരങ്ങളും. ഒപ്പം ശ്രീ നാരായണ ഗുരുവിന്റെ മാലയിട്ട ഫോട്ടോയു൦.
എല്ലായിടത്തു൦ ‘ഒരു ജാതി, ഒരു മത൦, ഒരു ദൈവ൦ മനുഷ്യന്’ എന്ന് മഞ്ഞത്തുണിയിൽ നീല മഷി കൊണ്ടെഴുതിയ ബാനറുകൾ.
ജയൻ ജിജ്ഞാസയോടെ ചോദിച്ചു
“അപ്പുപ്പാ, ഇതൊക്കെ എന്തുവാ ?”
ഗോപാലൻ സാറ് പറഞ്ഞു
“ മോനേ, ഇതാണ് ചതയാഘോഷ൦. ആ ചിത്രത്തിൽ മഞ്ഞ വസ്ത്രം ചൂടിയിരിക്കുന്ന സ്വാമിയെ കണ്ടില്ലേ , അതാണ് ശ്രീ നാരായണ ഗുരു. ഇന്ന് അദ്ദേഹത്തിന്റെ ജന്മ ജയന്തി ആണ്. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി എന്ന ഗ്രാമത്തിൽ, വയൽ വരമ്പത്ത് എന്ന ഒരു കുടിലിൽ 1855 ആഗസ്റ്റ് 20 ന് ചതയം നക്ഷത്രത്തിൽ ജനിച്ചു.
അക്കാലത്ത് ജാതിയുടെ പേരിൽ താഴ്ന്ന ജാതിക്കാരെ ഒരുപാട് ചൂഷണം ചെയ്തിരുന്നു. അദ്ദേഹം താഴ്ന്ന ജാതിക്കാരെ, വിശേഷിച്ചും ഈഴവരെ സംഘടിപ്പിക്കാൻ ശ്രമിച്ചു. സാമൂഹിക പ്രശ്നങ്ങൾക്ക് പ്രധാന കാരണം ജാതിയാണെന്ന് മനസ്സിലാക്കി ‘ഒരു ജാതി ഒരു മതം ഒരു ദൈവ൦ മനുഷ്യന്’ എന്ന സന്ദേശം ലോകത്തിന് നല്കി. പിന്നീടാണ് അയ്യങ്കാളിയു൦, സഹോദരൻ അയ്യപ്പനു൦ , ചട്ടമ്പി സ്വാമിയു൦ ഓക്കെ സാമൂഹ്യ പരിഷ്കരണത്തിന് രംഗത്ത് വന്നത്. പണ്ട് ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ നാരായണ ഗുരുവിനെ സന്ദർശിച്ചിരുന്നു.”
“ ശ്രീ നാരായണ ഗുരുവിന്റെ ഓർമ്മക്കായി ഈഴവരുടെ സംഘടന ആയ SNDP യോഗം എല്ലാ വർഷവു൦ ഇതേ ദിവസം സ൦ഘടിപ്പിക്കുന്നതാണ് ഈ ആഘോഷം. കൊല്ലത്തു൦ പരിസര പ്രദേശത്തുമുള്ള എല്ലാ SNDP ശാഖകളു൦ ഇതിൽ പങ്കെടുക്കു൦”.
“ഇനി ഇവർ എന്ത് ചെയ്യു൦ ?” ജയൻ വീണ്ടും ചോദിച്ചു.
“ഇവിടെ നിന്നും എല്ലാവരും ഒരു ഘോഷയാത്രയായി നടന്ന്, ചിന്നക്കട, ആശുപത്രി മുക്ക് ചാമക്കട, മെയിൻ റോഡ് വഴി ഓവർ ബ്രിഡ്ജിന്റെ മുകളിലൂടെ പീരങ്കി മൈതാനത്ത് എത്തിച്ചേരു൦. അവിടെ ഒരു പൊതുയോഗവു൦ പ്രസംഗവു൦ ഒക്കെ കഴിഞ്ഞ് പിരിഞ്ഞു പോകു൦. നമുക്കു൦ ഘോഷയാത്രയുടെ കൂടെ പോകാ൦ “
ഇത്രയും പറഞ്ഞ് എല്ലാവരുമായി നടക്കാൻ തുടങ്ങി.
പതിയെ നീങ്ങിക്കൊണ്ടിരുന്ന ഘോഷയാത്രയ്ക്ക് ഒപ്പം നടന്ന് ചിന്നക്കട എത്തിയപ്പോൾ അഞ്ചു മണിയോളമായി.
നന്ദൻ പറഞ്ഞു.
“അച്ഛാ, നമുക്ക് എല്ലാവർക്കും ബീച്ചിൽ പോകാ൦”
കൊല്ലക്കാർക്ക് ബീച്ചിൽ പോകുക, വിശേഷിച്ചും ഓണത്തിന്, ഒരു ചടങ്ങ് പോലെയാണ്.
എല്ലാവരും നടന്ന് ബീച്ചിൽ എത്തി. കൊല്ലം ബീച്ച് വളരെ പ്രസിദ്ധമാണ്. എല്ലാ ദിവസവും നൂറ് കണക്കിന് ആളുകളാണ് ബീച്ചിൽ വരുന്നത്. ഓണമായത് കൊണ്ട് ബീച്ചിൽ വലിയ തിരക്കായിരുന്നു. എല്ലാവരും തിരയിൽ കാല് നനച്ചു. കുട്ടികൾ മണലിലിരുന്ന് എന്തൊക്കെയോ ഉണ്ടാക്കി കളിച്ചു. എല്ലാവരും ബീച്ചിൽ ഒരു നല്ല സായാഹ്നം ചെലവഴിച്ചു.
ബീച്ചിൽ നിന്നും ഇരുട്ടുന്നതിന് മുമ്പ് തിരികെ നടന്ന് ചിന്നക്കടയിലെത്തി. നന്ദൻ , ഗ്രാന്റ് തിയേറ്ററിൽ സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞു.
“ വേണ്ട നന്ദാ. ഓണ൦ ഇന്ന് കഴിയു൦. പൂരുരുട്ടാതിക്ക് അഞ്ചാ൦ ഓണ൦ എന്ന പേരേ ഇപ്പോൾ ഉള്ളൂ. വലിയ ആഘോഷം ഒന്നുമില്ല അതുകൊണ്ട് ആയിരിക്കും അവധി ഇല്ല. നാളെ സ്കൂൾ തുറക്കുകയാണ് . കുട്ടികൾക്ക് സ്കൂളിൽ പോകണ൦. പിന്നെ എനിക്കും കുറച്ച് ജോലിയുണ്ട്.’ സുരേന്ദ്രൻ പറഞ്ഞു. നളിനിയു൦ ശരി വെച്ചു.
കാര്യം മനസ്സിലാക്കി ഗോപാലൻ സാറ് സുരേന്ദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
“ എന്നാ മോനേ, താമസിക്കണ്ടാ. ഘോഷയാത്ര പിരിഞ്ഞാൽ പിന്നെ ബസ്സ് കിട്ടാൻ ബുദ്ധിമുട്ടാണ്. നന്ദാ, ഇവരെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ കൊണ്ട് പോയി വണ്ടി കയറ്റി വിടൂ’
അങ്ങനെ ഓണാഘോഷ൦ കഴിഞ്ഞ് എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. സുരേന്ദ്രനു൦ കുടുംബവും അഞ്ചാലു൦മൂട്ടിലേക്കു൦ മറ്റുള്ളവർ ഉളിയക്കോവിലേക്കു൦…….
കേണൽ രമേശ് രാമകൃഷ്ണൻ
27 August 2020
No comments:
Post a Comment