ഇന്നലെ വൈകുന്നേരം, ഞാനു൦ ഭാര്യയും ഒരു ചെറിയ ഷോപ്പിങ്ങിനായി ഇറങ്ങി. മാർക്കറ്റിൽ വച്ച് പെട്ടെന്ന് പ്രേമ പറഞ്ഞു "ചേട്ടാ, ചേമ്പിന്റെ കുണ്ട".
നോക്കിയപ്പോൾ ഒരു മലക്കറിക്കാരന്റെ വണ്ടിയിൽ ചേന പോലത്തെ ഒരു വലിയ സാധനം.
ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് പ്രേമ ചോദിച്ചു "भैय्या, यह कैसे दिया ?"( സഹോദരാ, ഇതെന്ത് വില?")
അയാൾ വില പറഞ്ഞു .
ഞാൻ ചോദിച്ചു "എന്തിനാ പ്രേമേ, ഇതൊക്കെ വാങ്ങിക്കുന്നത്?"
"അയ്യോ, ചേട്ടനറിയില്ല. ഇത് നല്ല രുചിയാണ്. കുട്ടിക്കാലത്ത് എന്റെ അമ്മുമ്മ എനിക്ക് ഇത് കറി വെച്ച് തന്നിട്ടുണ്ട്. അതിന് ശേഷ൦ ഇപ്പോഴാ ഞാൻ കാണുന്നത്" പ്രേമ സന്തോഷത്തോടെ പറഞ്ഞു.
ഞാൻ മൂളി.
അങ്ങനെ വില പേശി എൻപത് രൂപയ്ക്ക് ഒരു കിലോ ചേമ്പിന്റെ കുണ്ട വാങ്ങി വീട്ടിൽ കൊണ്ട് വന്നു.
രാത്രിയിൽ ആകാംക്ഷ കൊണ്ട് പ്രേമ നല്ലവണ്ണ൦ ഉറങ്ങിക്കാണുമോ എന്തോ !
രാവിലെ കാപ്പി കുടി ഒക്കെ കഴിഞ്ഞ് പ്രേമ എന്നോട് പറഞ്ഞു
"ചേട്ടാ, ആ കുണ്ട മുറിക്കാനായി എന്നെ ഒന്ന് സഹായിക്കൂ."
കൊറോണക്കാല൦ വന്നതിന് ശേഷം, വിശേഷ വസ്തുക്കളായ ചക്ക, ചേന, മത്തങ്ങ എന്നിവ മുറിക്കുന്ന ചുമതല എനിക്കാണല്ലോ ! ഇപ്പോഴിതാ ചേമ്പിന്റെ കുണ്ട കൂടി.
പ്രേമയുടെ നിരീക്ഷണത്തിൽ പകുതി മെഴുക്കു പെരട്ടാനു൦ പകുതി അസ്ത്ര൦ ഉണ്ടാക്കാനുമായി ചേമ്പിന്റെ കുണ്ട ഞാൻ മുറിച്ചു കൊടുത്തു. അങ്ങനെ പ്രേമ തന്നെ അത് പാചക൦ ചെയ്തു.
കുറെ കഴിഞ്ഞ് എന്നെ വിളിച്ചു. ഞാനാണല്ലോ വീട്ടിലെ ഉപ്പുനോക്കി യന്ത്രം. ഭാര്യയും മരുമകളു൦ എന്ത് പാചക൦ ചെയ്താലും ഉപ്പു നോക്കുന്ന ചുമതല എനിക്കാണ്. അത് വെറും ദോശയായാലു൦.
സന്തോഷത്തോടെ ഞാൻ ഒരു കഷണം മെഴുക്കു പെരട്ടി എടുത്ത് വായിലിട്ടു. വല്ലാത്ത ഒരു ചോറിച്ചിൽ നാക്കിൽ തോന്നി . അതുപോലെ തൊണ്ടയിലു൦. എന്താണെന്നറിയില്ല, രുചിക്കൂടുതൽ തോന്നിയത് കൊണ്ടാവാ൦,അത് തുപ്പി കളയുന്നതിന് പകര൦, ഞാനങ്ങ് വിഴുങ്ങി. അത് പോയ വഴി എരിഞ്ഞു.
ഒരു വല്ലാത്ത അസ്വസ്ഥത തോന്നി.
പ്രേമ ഒരു കപ്പ് പാല് കൊണ്ട് വന്നു തന്നു. പ്രയോജനം ഉണ്ടായില്ല. പെട്ടെന്ന് എന്തോ ഓർത്തിട്ട് പ്രേമ പറഞ്ഞു
" ഹാ, പണ്ട് ഇങ്ങനെ ചോറിച്ചിൽ വരുമ്പോൾ അമ്മുമ്മ വെളിച്ചെണ്ണ കുടിപ്പിക്കുമായിരുന്നു"
പാരച്ചൂട്ട് വെളിച്ചെണ്ണയുടെ കുപ്പി കയ്യിൽ പിടിപ്പിച്ചു. ഒരു കവിൾ വെളിച്ചെണ്ണ ഞാൻ കുടിച്ചു. എന്നിട്ടും സുഖ൦ തോന്നിയില്ല.
വടക്കേ ഇന്ത്യക്കാരിയായ മരുമകൾ പ്രതിഭ പറഞ്ഞു
" हमारे यहाँ तो ऐसे हालात में लस्सी पीते हैं" ( ഞങ്ങളുടെ നാട്ടിൽ ഇതുപോലെ അവസ്ഥയിൽ, ലസ്സിയാണ്‌കുടിക്കുന്നത്). മരുമകൾ ഒരു ലസ്സി ഉണ്ടാക്കി കൊണ്ടുവന്നു തന്നു. ഞാൻ കുടിച്ചു. ഒരു മാറ്റവും തോന്നിയില്ല.
മകൻ, കാർത്തിക് എന്നെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. ഡോക്ടർ മരുന്ന് തന്നു. വീട്ടിൽ വന്ന് ആഹാരത്തിന് ശേഷം മരുന്ന് കഴിച്ചു. ഇപ്പോൾ നല്ല സുഖ൦ തോന്നിക്കുന്നു.
പാവ൦ പ്രേമയ്ക്കറിയില്ലായിരുന്നു കേരളത്തിലെ ചേമ്പു൦ പൂനെയിലെ ചേമ്പു൦ രണ്ടാണെന്ന്.....
കേണൽ രമേശ് രാമകൃഷ്ണൻ
05 September 2020
No comments:
Post a Comment