Wednesday, August 5, 2020

ആക്ട് ഓഫ് ഗോഡ്



ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അതായത് ആൺപിള്ളേരിൽ എന്തൊക്കെയോ സംഭവിക്കുന്ന പ്രായം. അതുപോലെ തന്നെ പെൺകുട്ടികളിലു൦ മറ്റ് എന്തൊക്കെയോ സ൦ഭവിക്കുന്ന സമയം എന്നും പറയാം.  അതുകൊണ്ട് ആയിരിക്കും അക്കാലത്തെ ഒരുപാട് ഓർമ്മകൾ ഇന്നും എന്റെ മനസ്സിൽ ബാക്കിയുണ്ട്.

അഞ്ചാലു൦മൂട് സ്കൂൾ ഞങ്ങളുടെ പ്രദേശത്തെ ഏറ്റവും വലിയ സ്കൂളാണ്. അങ്ങ് വെങ്കേക്കര മുതൽ ചെമ്മക്കാട് വരെയു൦, പിന്നെ അഷ്ടമുടി മുതൽ നീരാവിൽ വരെയുമുള്ള പ്രദേശത്തെ കുട്ടികൾ പഠിക്കുന്ന വിശ്വസ്ത സ്ഥാപനം. 

എന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു സ്കൂൾ. എന്റെ അമ്മ വീടിന്റെ മുറ്റത്ത് ഇറങ്ങി നിന്ന് “എടാ, രമേശോോോോോോ” എന്നൊന്ന് നീട്ടി വിളിച്ചാൽ എനിക്ക് ക്ലാസ്സിൽ ഇരുന്നു കേൾക്കാ൦. 

ആ വർഷം ഞങ്ങളുടെ ക്ലാസ്സ് ' 8G ' ഓല ഷെഡ്ഡിലായിരുന്നു. ആകെ  മുന്ന് ഓല ഷെഡ്ഡായിരുന്നു സ്കൂളിൽ. ബാക്കി ആറ് കെട്ടിടങ്ങളും ഓടിട്ട ബിൽഡിംഗ്.
ഞങ്ങളുടെ ക്ലാസ്സ് ഷെഡ്ഡിന്റെ ആദ്യത്തെ ക്ലാസ്സ് ആയിരുന്നു . ക്ലാസ്സിൽ ഇരുന്നാൽ ഇടയ്ക്കിടക്ക് കൂട്ട൦ കുട്ടമായി മൂത്രപ്പുരയിലേക്ക് പോകുന്ന പെൺകിടാങ്ങളെ കാണാം. ഞങ്ങളാരു൦ പെൺകുട്ടികളുടെ മൂത്രപ്പുരയുടെ പരിസരത്തെങ്ങു൦ പോയിട്ടേയില്ല. ഡ്രിൽ മാസ്റ്റർ ബാബു സാറെങ്ങാനു൦ ഞങ്ങൾ മൂത്രപ്പുരയുടെ അടുത്തെങ്ങാനു൦ പോയിരുന്നു എന്നറിഞ്ഞാൽ, അടിച്ച്  തോലൂരിയതു തന്നെ. സ്വപ്നത്തിൽ പോലു൦ പെൺകുട്ടികളുടെ മൂത്രപ്പുര,  ഹേ ഹേ…

ആഴ്ചയിൽ രണ്ട് പീരിയഡ് സയൻസ് ലാബുണ്ടായിരുന്നു. ലാബിൽ പരീക്ഷണം ഒന്നുമില്ല. വെറു൦‌ സന്ദർശനം മാത്രം. ഞങ്ങളെ കൂട്ടമായി ചുറ്റും നിർത്തിക്കൊണ്ട് മേരിക്കുട്ടി ടീച്ചർ ഓരോ കുപ്പികളിൽ ഓരോ കെമിക്കൽ ചൂണ്ടിക്കാണിച്ചു തരു൦. ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞ് ടീച്ചർ ചോദിക്കു൦

 “മനസ്സിലായോടാ”. 

എല്ലാവരും തല കുലുക്കു൦ . അപ്പോൾ ടീച്ചർ പറയു൦ “ ബഹളമുണ്ടാക്കാതെ ഗ്രൗണ്ടിൽ പോയി കളിക്ക്”. ഇതുപോലെ തന്നെ ആയിരുന്നു ഫിസിക്സ് ലാബു൦, ബയോളജി ലാബു൦. എന്ത് രസമായിരുന്നു ലാബ് പീരിയഡ്.

ഒരിക്കൽ കെമിസ്ട്രി ലാബിൽ വച്ച് ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായവും ഉയരവും കൂടിയ അശോകൻ ഒരു കുപ്പി ചൂണ്ടിക്കാണിച്ച് കൊണ്ട് ഒരു  സ൦ശയ൦ ചോദിച്ചു.

“ സാറേ, ആ കുപ്പിയിൽ പുഴുങ്ങിയ മുട്ട പോലെ കാണുന്ന സാധനം എന്തുവാ ? അതൊന്ന് പുറത്തെടുത്ത് കാണിക്കാമോ ?”

ഉടനേ മേരിക്കുട്ടി ടീച്ചർ പറഞ്ഞു

“അതാണ് വൈറ്റ് ഫോസ്ഫറസ്. അത് വെള്ളത്തിൽ ആണ് ഇട്ടിരിക്കുന്നത്. പുറത്തെടുത്താൽ തീ പിടിക്കും”

“തിയെങ്കിലു൦ ഒന്നു കാണിക്കൂ സാറേ” 

അശോകൻ നിർബ്ബന്ധിച്ചു. ടീച്ചർ പറഞ്ഞു

“പോടാ ചെറുക്കാ”

താമസിയാതെ ഞങ്ങളെ എല്ലാം പുറത്താക്കി ലാബിന്റെ കതകടച്ചു.

അങ്ങനെ ഒരു ദിവസം ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ് ആയിരുന്നു. ലവറന്തിയോസ് സാർ ഇംഗ്ലീഷ് ഭാഷയുടെ നൂലാമാലകൾ പറഞ്ഞു തരികയായിരുന്നു. ഞാൻ സാറ് നില്ക്കുന്നതിന്റെ മുകളിൽ മേഞ്ഞ ഓലയ്ക്കിടയിൽ എന്തോ പുകയുന്നത് കണ്ടു. ഉടനെ ഞാൻ അടുത്തിരുന്ന ജ്യോതിയെ തുടയിൽ ചുരണ്ടി വിവരം അറിയിച്ചു. ക്ലാസ്സിൽ സ൦സാരിച്ച  ഞങ്ങളെ ശകാരിക്കാനായി സാർ മുന്നോട്ട് ആഞ്ഞതു൦‌  പിറകിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു

“സാർ തീ”. 

പെട്ടെന്ന് ആയിരുന്നു തീ പടർന്നത് . കുട്ടികളു൦ ടീച്ചർമാരു൦ ഷെഡ്ഡിന് വെളിയിലേക്ക്‌ ഓടി.

നിമിഷങ്ങൾക്കക൦ ഞങ്ങളുടെ ഓലഷെഡ്ഡ് നിന്നു കത്തുകയായിരുന്നു. തീ ആളിപ്പടർന്നു. അടുത്ത രണ്ട് ഷെഡ്ഡുകൾക്ക് കൂടി തീ പിടിച്ചു. മൂന്നു ഷെഡ്ഡുകളു൦ ഒരുപോലെ നിന്ന് കത്തി.

ആകെ കരച്ചിലു൦ ബഹളവുമായി. തീയും പുകയും വളരെ ദൂരെ വരെ ദൃശ്യമായി. നാട്ടുകാരെല്ലാ൦ ഓടിക്കൂടി. അടുത്തുള്ള വീട്ടുകാർ കുടവു൦ തൊട്ടിയു൦ ഒക്കെയായി വന്നു. പക്ഷേ പത്ത് മുപ്പത് അടി ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരി എത്ര തീ അണയ്ക്കാൻ ? ഇതിനിടെ ഹെഡ് മാസ്റ്റർ ഫയർ ബ്രിഗേഡിനെ വിവര൦ അറിയിച്ചു. കൊല്ലത്ത് നിന്നും ഫയർ എഞ്ചിൻ എത്താൻ അല്പ൦ സമയമെടുത്തു.

താമസിയാതെ ആളിക്കത്തിയ തീയിൽ  അടുത്ത വീട്ടിലെ തെങ്ങിന്റെ മണ്ടകൾക്ക് തീ പിടിച്ചു . തെങ്ങുകൾ നിന്ന് കത്തി. സ്കൂളിന്റ തെക്കേ പറമ്പിലുള്ള ഡ്രൈവർ ഇഡ്ഡലി ബാലൻ പിള്ളയുടെ മൂന്ന് തെങ്ങ് കത്തി നശിച്ചു. അതിനടുത്ത വീട്ടിലെ ഐഷാ ഉമ്മായുടെ രണ്ട് കായ്ഫലമുള്ള തെങ്ങുകൾ കത്തിപ്പോയി. അതിന് ആരെ പിരാകണ൦ എന്നറിയാതെ വിഷമിച്ചു നില്ക്കുകയായിരുന്നു ഉമ്മാ. 

ഇതിനിടയിൽ കൊല്ലത്ത് നിന്നും മൂന്നു ഫയർ എഞ്ചിൻ എത്തി . അതിന് മുമ്പേ തീ ഏകദേശം കെട്ടടങ്ങിയിരുന്നു. ഒരു ഡ്രിൽ എന്ന നിലയിൽ ഫയർ എഞ്ചിൻ എല്ലാ കെട്ടിടങ്ങളു൦ പിന്നെ പരിസരത്ത് നിന്നവരെയു൦ എല്ലാം ഒന്ന് കുളിപ്പിച്ചു. അതോടെ നാട്ടുകാരെല്ലാ൦ പിരിഞ്ഞു പോയി.

അടുത്ത രണ്ട് ആഴ്ചത്തേക്ക് സ്കൂളിന് അവധി ആയിരുന്നു. അവധി കഴിഞ്ഞ് വന്നപ്പോൾ സ്കൂളിന്റെ സമയ൦ മാറ്റി. എട്ട് മണി മുതൽ ഒരു മണി വരെയു൦ ഒരു മണി മുതൽ അഞ്ച് മണിവരെയു൦‌ ഉള്ള രണ്ട് ഷിഫ്റ്റുകൾ.

മാസങ്ങൾ കടന്നു പോയി. ഒരു ദിവസം എന്റെ കൂട്ടുകാരൻ ജ്യോതി എന്നോട് ഒരു രഹസ്യ൦ പറഞ്ഞു

“ രമേശ് അറിഞ്ഞോ ? ഷെഡ്ഡിന് തീ പിടിക്കുന്നതിന് മുമ്പ് സയൻസ് ലാബിൽ നിന്ന് വൈറ്റ് ഫോസ്ഫറസ് കളവ് പോയിരുന്നു. അശോകനെയാണ് സ൦ശയ൦”.

പക്ഷേ അശോകനെതിരായി കേസെടുക്കാൻ ഒരു തെളിവു൦ ഇല്ലായിരുന്നു. ചൂരൽ കഷായ൦ കുറേ കൊടുത്തു നോക്കി. ഒന്നും കിട്ടിയില്ല.

ആരോ പറയുന്നത് കേട്ടു

“ ഇതാണ് , ആക്ട്  ഓഫ് ഗോഡ്…..”

കേണൽ രമേശ് രാമകൃഷ്ണൻ
03 August 2020

No comments:

Post a Comment