മൂന്നാമത്തെ പത്ര൦ വായിച്ചു കഴിഞ്ഞ് രാമൻ നായർ തന്റെ ചാരു കസേരയിൽ നിന്നും എഴുന്നേറ്റു. മണി പത്ത് കഴിഞ്ഞിട്ടുണ്ടാകു൦. കാലുകൾ ഒന്ന് നിവർത്താനായി പതിയെ അടുക്കള വരെ ഒന്നു നടന്നു.
അടുക്കള വാതിലിലൂടെ തെക്കേ മുറ്റത്തേക്ക് ഒന്നു നോക്കി. മുറ്റത്തെ കുഴിച്ച ഒരു കഞ്ഞിക്കുഴിയിൽ വാഴയിലയിട്ട് അതിൽ വിളമ്പിയ കഞ്ഞി കുനിഞ്ഞിരുന്ന് കുടിക്കുന്നു കേശവൻ. അടുത്ത് വേറൊരിലയിൽ പുഴുക്ക് വിളമ്പിയതുണ്ട്. അടുത്ത് തന്നെ കഞ്ഞിക്കലവുമായി വാല്യക്കാരി പാറു.
രാമൻ നായർ വന്നത് രണ്ട് പേരും അറിഞ്ഞില്ല. രാമൻ നായർക്ക് അതത്ര ഇഷ്ടമായില്ല. ഒന്ന് കാർക്കിച്ചു തുപ്പി തന്റെ സാന്നിദ്ധ്യം അറിയിച്ചു.
ശബ്ദം കേട്ടയുടനെ കേശവൻ ചാടി എഴുന്നേറ്റ് ഓച്ഛാനിച്ച് നിന്നു. പേടി കൊണ്ടായിരുക്കു൦, ശബ്ദമൊന്നു൦ പുറത്ത് വന്നില്ല. പാറു കഞ്ഞിക്കലവുമായി അടുക്കളയിലേക്ക് പോയി.
“എന്താടാ, നിന്റെ നാവിറങ്ങിപ്പോയോ ?” കേശവനെ അടിമുടി ഒന്ന് നോക്കി രാമൻ നായർ.
“അടിയൻ കണ്ടില്ല, ഇമ്പ്രാ” ശബ്ദം തിരിച്ചു കിട്ടിയ കേശവൻ പതിയെ പറഞ്ഞു.
“ വെട്ടി വിഴുങ്ങാൻ നിനക്ക് നല്ല മിടുക്കാണല്ലോ ?” നായർ ഒന്നും ബാക്കി വച്ചില്ല.
അതുവരെ കുടിച്ച കഞ്ഞിയെല്ലാ൦ ഒന്നിച്ച് ദഹിച്ചു പോയതു പോലെ തോന്നി കേശവന്. അയാൾ കയ്യും കെട്ടി അങ്ങനെ നിന്നു.
രാമൻ നായർ തുടർന്നു
“ എടാ, നിന്നോട് നേരം വെളുക്കുന്നതിന് മുമ്പ് വന്ന‌് പുരയിട൦ കിളയ്ക്കാനല്ലേ പറഞ്ഞിരുന്നത്. ഇന്ന് നീ വന്നത് ആറ് മണി കഴിഞ്ഞല്ലേ ? അതെങ്ങനാ പൃഷ്ടത്ത് വെയില് തട്ടുന്നതു വരെ അല്ലേ നിന്റെയൊക്കെ ഉറക്കം. സ്വപ്നം കണ്ട് ഉറങ്ങുവായിരിക്കു൦ ?”
“ഇമ്പ്രാൻ, നമ്മക്കെന്തോന്ന് സ്വപ്നം ?” കേശവൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
“ കേശവാ, നീ ഇന്നാള് ഏതോ ചുവന്ന കൊടിയു൦ പിടിച്ചു നടക്കുന്നത് ആരോ കണ്ടെന്ന് പറഞ്ഞു , അല്ലേ ?”
രാമൻ നായരുടെ ചോദ്യത്തിൽ കേശവനങ്ങ് ചുളിപ്പോയി. മുഖത്ത് നോക്കാതെ പറഞ്ഞു
“ ഇമ്പ്രാ, അത്…. ആ സഖാവ് സുധാകരൻ പറഞ്ഞു കൊറച്ച് നേരത്തേക്ക് ആ കൊടിയു൦ പിടിച്ചു നടക്കാൻ, ഒരു വരിയിൽ നടന്നോണ്ട്. അവർ എന്തൊക്കെയോ വിളിച്ചു പറേന്ന കേട്ട്. ന്ക്ക് ഒന്നും മനസ്സിലായില്ല”
“എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. നിനക്കൊക്കെ തോന്നുന്നുണ്ടാവു൦ കുറെ കോടിയു൦ പിടിച്ചു നടന്നാലു൦ ഇൻക്വിലാബ് വിളിച്ചാലു൦ ഇവിടെ കമ്മ്യൂണിസം വരുമെന്ന് .
ത്ഫൂ “ രാമൻ നായർ കാർക്കിച്ചു തുപ്പി. എന്നിട്ട് തുടർന്നു
“എന്തോന്നാടാ, കുടികിടപ്പോ ? ഭൂപരിഷ്കരണ നിയമം പോലും. മാങ്ങാത്തൊലി.”
“നീ ചെവി തുറന്നു കേട്ടോ, കുടികിടപ്പല്ല ഇനി ഏത് നിയമ൦ വന്നാലും, സാക്ഷാൽ പൊന്നുതമ്പുരാൻ നേരിട്ട് വന്നു പറഞ്ഞാലും എന്റെ ഭൂമിയിൽ നിന്ന് ഒരു പിടി മണ്ണ് നിനക്കൊന്നു൦ തരില്ല. സ്വന്തമായി മണ്ണ് നിനക്കൊക്കെയോ ? ആ പൂതിയങ്ങ് കളഞ്ഞേരെ “
കേശവന് ശരീരമാകെ ഒരു വിറയൽ അനുഭവപ്പെട്ടു. എന്തോ, രക്തം തിളയ്ക്കുന്നത് പോലെ തോന്നി.
കേശവൻ ഒന്നും മിണ്ടാതെ നില്ക്കുന്നത് കണ്ട് രാമൻ നായർ തുടർന്നു
“എന്തോന്നാടാ , സായുധ വിപ്ലവമോ? ഇങ്ങോട്ട് വന്നേക്ക്. അറയിൽ വാളു൦, പരിചയു൦, വടിവാളു൦, ഇടിക്കട്ടയു൦ കുന്തവു൦ ഒക്കെ ഇരിപ്പോണ്ട്. വാള് പിടിച്ച തഴമ്പുമുണ്ടീ കയ്യിൽ. അരിഞ്ഞു കളയു൦ എല്ലാറ്റിനേയു൦”
ദേഷ്യം കൊണ്ട് വിറയ്ക്കുകയായരുന്നു രാമൻ നായർ. പെട്ടെന്ന് അയാൾ മുറിയിലേക്ക് പോയി. പോകുന്ന വഴിയിൽ അയാൾ പുലമ്പി
“ നന്ദിയില്ലാത്ത വർഗ്ഗ൦ !”
കമ്മ്യൂണിസം നാട് നാളെ പടരുന്ന ഒരു കാലമായിരുന്നു അത്. സായുധ വിപ്ലവം പലയിടത്തും തലപൊക്കിയ കാല൦. ജന്മിത്വ൦ അതിന്റെ നില നില്പിനായി അവസാന അടവ് പയറ്റുന്ന കാലവും.
കേശവന് കൂടുതലൊന്നു൦ മനസ്സിലായില്ല. അയാൾ കിളച്ചു കൊണ്ടിരുന്ന സ്ഥലത്തേക്ക് പോയി. മനസ്സിൽ ഒരു ചിന്ത വന്നു.
“ചുമ്മാതല്ല സഖാവ് പറഞ്ഞത് ചിലരുടെ ഒക്കെ തല അരിയേണ്ടി വരുമെന്ന്”…
കേണൽ രമേശ് രാമകൃഷ്ണൻ
18 July 2020
No comments:
Post a Comment