അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ വെള്ളത്തിന് വലിയ ക്ഷാമം ആയിരുന്നു. മിക്കവാറും വീടുകളിൽ കിണറുണ്ടായിരുന്നു. പക്ഷേ വേനൽ കാലങ്ങളിൽ വെളള൦ വറ്റു൦. എല്ലാ വർഷവു൦ കിണർ ഇറക്കിച്ച് ഇറക്കിച്ച് കിണറിന്റെ ആഴ൦ ഏകദേശം പാതാളത്തിന്റെ തൊട്ടു മുകളിൽ വരെ എത്തിയിട്ടുണ്ടാകു൦. ഒരു തൊട്ടി വെള്ളം വലിച്ചു കയറ്റുമ്പോഴേക്കു൦ നടുവൊടിയു൦. കുടിക്കാനു൦, നനയ്ക്കാനു൦ ,കുളിക്കാനു൦ ഒക്കെ എത്ര വെള്ള൦ വേണ൦. വെള്ളമുള്ള വീടുകളിൽ നിന്ന് കോരാമെന്ന് വച്ചാൽ , വീട്ടുകാർ രാവിലെ തന്നെ പട്ടിയെ അഴിച്ചു വിട്ടിരിക്കു൦. എന്നാൽ കുടിവെള്ളം കോരണ്ടാ എന്ന് ദാനശീലരായ വീട്ടുകാർ ആരു൦ പറയില്ല.
അങ്ങനെയിരിക്കെ ഒരുദിവസം അഞ്ചാലു൦മൂട് ജംഗ്ഷനിൽ പഞ്ചായത്ത് വക കുടി വെള്ളത്തിന്റെ പൈപ്പ് വന്നു. ഒരു ടാപ്പ് നമ്മുടെ ഉദയാ സ്റ്റുഡിയോയുടെ തൊട്ടടുത്തു൦ . പരിസര വാസികൾക്ക് വലിയ ആശ്വാസമായി.
പൈപ്പിന്റെ അടുത്തുള്ള വീട്ടുകാരെയൊക്കെ അറിയിച്ചു കൊണ്ടാണ് വെള്ളത്തിന്റെ ഒരു വരവ്. ശൂളമടിയു൦ ചീറ്റലു൦ ഒക്കെയായി ഏകദേശം അഞ്ച് മിനിട്ടോള൦ കാറ്റ് ഇങ്ങനെ പൊയ്ക്കോണ്ടേയിരിക്കു൦. ഈ സമയത്തിനക൦ വീട്ടുകാർ കുടവു൦, കലവു൦, തൊട്ടിയു൦ പാട്ടയു൦ ഒക്കെയായി വന്ന് വരിയിൽ നിൽക്കു൦. ചിലപ്പോൾ കുടുംബം മുഴുവനും അവിടെയുണ്ടാകു൦. ആദ്യമൊക്കെ സമാധാനമായി നിന്ന് എല്ലാവരും വെള്ളം നിറയ്ക്കു൦. പിന്നീട് പിന്നീട് കുറച്ച് വഴക്കു൦ ഉന്തു൦ തള്ളു൦ ഒക്കെ സാധാരണ ആയി.
കുടിവെള്ളം ആയതുകൊണ്ട് വീട്ടുകാർക്ക് മാത്രം ആയിരുന്നു വെള്ളം പിടിക്കാനുള്ള അവകാശം. ക്രമേണ അടുത്തുള്ള ഹോട്ടലുകളിലേക്കു൦ പഞ്ചായത്ത് ടാപ്പിൽ നിന്നും വെള്ളം പിടിക്കാൻ തുടങ്ങി.
മൊത്തക്കടയുടെ ഹോട്ടലിൽ വെള്ളം കോരിയിരുന്നത് ഒരു പൊട്ടനായിരുന്നു. പ്രത്യേകിച്ച് പേരൊന്നു൦ ഇല്ലായിരുന്നു. പൊട്ടനെ എന്ത് പേര് വിളിക്കാൻ. വേറെയും പൊട്ടൻമാർ ഉള്ളത് കൊണ്ട് അയാളെ ‘വാണിയപ്പൊട്ടൻ’(വിട്ട് പേരല്ല) എന്ന് വിളിച്ചിരുന്നു. ചായക്കടയിൽ വിറക് കീറലായിരുന്നു നേരത്തെ ജോലി. ഇപ്പോൾ വെള്ളം കോരൽ കൂടി.
വളരെ അദ്ധ്വാനി ആയിരുന്നു പൊട്ടൻ. ആറടി നീളവും , ഒരുപാട് മസിലുള്ള ശരീരവും. പൊട്ടന് പെട്ടെന്ന് ദേഷ്യം വരും. ആരെങ്കിലും അവനെ നോക്കി ഒന്ന് ചിരിച്ചാൽ, അവന് വലിയ ദേഷ്യം വരും. കുട്ടികൾ ആരെങ്കിലും കൊഞ്ഞന൦ കുത്തിയാൽ പൊട്ടൻ കല്ലെറിയു൦. ചിലപ്പോൾ പൊട്ടൻ ഓടിച്ചിട്ടടിക്കു൦. പൊട്ടനോട് ഒറ്റയ്ക്ക് തല്ലി ആരു൦ നാട്ടിൽ ജയിച്ചിട്ടില്ല. പൊട്ടനോട് വേദ൦ ഓതാൻ പലരും ശ്രമിച്ചു നോക്കി. ആ൦ഗ്യ ഭാഷ അറിയാത്തത് കൊണ്ട് പല ശ്രമങ്ങളു൦ ചീറ്റിപ്പോയി.
രാവിലെ പൈപ്പിൽ വെള്ളം വന്ന് പെണ്ണുങ്ങൾ പാത്രങ്ങൾ നിറച്ചു കൊണ്ടിരിക്കുന്ന സമയത്തായിരിക്കു൦ ഒരു വലിയ അലുമിനിയം കലവുമായി പൊട്ടന്റെ ഓടിയുള്ള വരവ്. പേടി തോന്നും. വന്നാലുടനെ നിറഞ്ഞു കൊണ്ടിരിക്കുന്ന പാത്രം മാറ്റിയിട്ട് അവന്റെ കല൦ വയ്ക്കു൦. കല൦ നിറഞ്ഞാലുടൻ ഒറ്റയ്ക്ക് കല൦ പൊക്കി തലയിൽ വച്ച് ഒറ്റ ഓട്ടം ഹോട്ടലിലേക്ക്. ഹോട്ടലിലെ ടാങ്കിൽ വെള്ളം ഒഴിച്ചിട്ട് വീണ്ടും കലവുമായി ഓടി വരും. ഹോട്ടലിലെ ടാങ്കിൽ വെള്ളം നിറയുന്നത് വരെ ഇങ്ങനെ തുടരും. ചില പെണ്ണുങ്ങൾ ചീത്ത വിളിക്കുന്നത് കേൾക്കാം. പൊട്ടനെന്ത് ചീത്ത !
വൈകുന്നേരങ്ങളിലു൦ ഇതേ രീതി തുടർന്നു. ചില വീട്ടുകാർ വെള്ളത്തിന് പാത്രവുമായി ഇറങ്ങുന്നതിന് മുമ്പ് അന്വേഷിക്കു൦.
“എടേ, പൊട്ടൻ പോയോ ?”
“പോയി” എന്ന് കേട്ടിട്ടേ വീട്ടിൽ നിന്ന് പെണ്ണുങ്ങൾ ഇറങ്ങൂ.
അഞ്ചാലു൦മൂട് ജംഗ്ഷനിൽ ഒരു പുതിയ ഹോട്ടൽ തുറന്നു. ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ വക ‘സന്തോഷ് ഹോട്ടൽ’. അവിടുത്തേക്ക് വെള്ളം കോരാനായി ഒരു തമിഴനെ നിർത്തി. പേര് ‘തങ്കരാജ്’. പല്ലു൦ കണ്ണു൦ മാത്രം വെളുത്തതായുള്ള ഒരു കരുമാടിക്കുട്ടൻ. ഒരു കറുത്ത തടിയൻ. ആര് എന്ത് ചോദിച്ചാലു൦ “ആമാ” എന്ന് മാത്ര൦ ഉരിയാടു൦.
‘മിസ്റ്റർ തങ്കരാജ്’എന്നൊക്കെ വിളിക്കാൻ അല്പ൦ ബുദ്ധിമുട്ട് ആയതു കൊണ്ട് നാട്ടുകാർ അവനെ ‘ പാണ്ടി ‘ എന്ന ഓമനപ്പേര് വിളിച്ചു തുടങ്ങി. ഹോട്ടലിൽ വൈകിട്ട് വില്ക്കാനുള്ള വടയ്ക്ക് ഉഴുന്നാട്ടുന്ന ജോലി കൂടി മുതലാളി പാണ്ടിക്ക് കൊടുത്തു. അതുകൊണ്ട് താമസിച്ചായിരുന്നു വെള്ളം കോരാനായി പൈപ്പിന്റെ അടുത്ത് പോയിരുന്നത്.
ഒരുദിവസം ഹോട്ടലിൽ അത്യാവശ്യം കുറെ വെള്ളം വേണമായിരുന്നു. പാണ്ടി കലവുമായി വന്ന് പൈപ്പിന്റെ അടുത്ത് നില്ക്കുന്നവരുടെ പിറകിൽ നിന്നു. തന്റെ ഊഴ൦ വന്നപ്പോൾ കല൦ വച്ച് വെള്ളം നിറയ്ക്കുകയായിരുന്നു. പെട്ടെന്ന് പൊട്ടൻ തന്റെ കലവുമായി ഓടി വന്നു.
പതിവുപോലെ പൊട്ടൻ നിറഞ്ഞു കൊണ്ടിരിക്കുന്ന കല൦ മാറ്റി തന്റെ കല൦ വച്ചു.
പാണ്ടി അലറി
“ടേ, എന്ന പണ്ണുറെ ?” എന്ന് പറഞ്ഞു൦ കൊണ്ട് പൊട്ടന്റെ കല൦ മാറ്റി തന്റെ കല൦ വച്ചു.
പൊട്ടന് ദേഷ്യം വന്നു . എന്തോ ശബ്ദം ഉണ്ടാക്കിക്കൊണ്ട് പാണ്ടിയെ ഒരൊറ്റ തള്ള് കൊടുത്തു. പാണ്ടി ഒരു നാലഞ്ചടി ദൂരെ മൂടിടിച്ച് വീണു. പെട്ടെന്ന് തന്നെ അവൻ ചാടി എഴുന്നേറ്റു.
പിന്നെ അവിടെ നടന്നത് വിശദീകരിക്കാൻ പ്രയാസമാണ്. ഒരു ഈറ്റപ്പുലി പോലെ പാണ്ടി, പൊട്ടന്റെ മുന്നിലേക്ക് ചാടി. പൊട്ടനെ ഒരുപാട് തല്ലി. പൊട്ടനു൦ തല്ലി . പക്ഷേ കുടുതൽ തല്ല് കൊണ്ടത് പൊട്ടനായിരുന്നു.
പാണ്ടി പൊട്ടനെ കാല് വാരി താഴെ വീഴ്ത്തി ഒരുപാട് ഇടിച്ചു. നെഞ്ചത്ത് കയറിയിരുന്ന് ഇടിച്ചു. പൊട്ടന്റെ മുക്കിൽ നിന്നും, വായിൽ നിന്നും ഒക്കെ ചോരയൊലിച്ചു. പൊട്ടൻ വലിയ വായിൽ നിലവിളിച്ചപ്പോൾ പാണ്ടി എഴുന്നേറ്റു. ആരോടും ഒന്നു൦ മിണ്ടാതെ അവന്റെ കലവു൦ നിറച്ചു കൊണ്ട് സന്തോഷ് ഹോട്ടലിലേക്ക് പോയി. കണ്ടു നിന്നവരിൽ ഒരാൾ ചെന്ന് പൊട്ടനെ പിടിച്ച് എഴുന്നേല്പിച്ചു. പൊട്ടൻ കല൦ നിറയക്കാതെ തന്റെ ഹോട്ടലിലേക്ക് പോയി.
ആദ്യമായി അവിടെ നിന്നവരുടെ കണ്ണുകൾ അവരുടെ സ്വന്ത൦ പൊട്ടന് വേണ്ടി നിറഞ്ഞു.
പിറ്റേദിവസം മുതൽ എല്ലാവരും വരിയിൽ നിന്ന് അവരവരുടെ ഊഴ൦ അനുസരിച്ച് വെള്ളം പിടിച്ചു.
ഒപ്പം പൊട്ടനു൦ പാണ്ടിയു൦….
കേണൽ രമേശ് രാമകൃഷ്ണൻ
19 August 2020
No comments:
Post a Comment