Sunday, August 30, 2020

King Mahabali and Happy Onam

.

Salutations and Greetings, Oh, our beloved King Mahabali,

Welcome to the homes of all Malayalees World over !

Please enjoy the welcome motif or the ‘Pookkalam ‘ the flower arrangements made with colorful flower petals in front of every house arranged by little girls and women of our houses! 

Please enjoy our hospitality and savour the sweetmeat and delicious breakfast that every house makes in your honour. 

Please be with the little children, girls and boys, in their plays while others in the house are preparing a sumptuous meal in your honor. 

Please visit every house of Malayalees for whom this is a special day to welcome you to their houses to show their King how happily they live even today.
 
Please sit with the families and enjoy every dish that is served on the banana leaves including the ‘payasams’(sweet dish) and nod in appreciation of the ladies of the house who maintain tradition from the days of your rule. 

Please be with the youth who are busy playing some country games and participate in the boat race etc. while elder people are busy visiting the neighbors/relatives and exchanging greetings to one another. 

Please be around for another five days while people of your erstwhile kingdom celebrate your presence everywhere. 

Because :-

During your reign you were the most famous king on earth that even the Gods got jealous of you on your popularity and prowess.

You were a benevolent king whose main concern was the welfare of his subjects 
There was no poverty in your kingdom. Every one had enough to eat and no one slept hungry. 

Every subject was equal and there was no economic disparity among people. 
There was no theft or burglary. People could keep their doors open in the night. 
There was no case of cheating. Honesty was the main character of people. 

There was no rape of women. Women were respected and treated as equal. 
There was no caste disparity. There was only one caste as humans. 
There was no untouchability. 
There was no exploitation of weak and poor. 

Justice was true and done immediately. 
Your kingdom was wealthy and people were rich. 

You were a brave and chivalrous King who conquered other kingdoms. You even defeated the Gods that they were running in fear. 

Lord Indra was scared that you would conquer the Heaven and dethrone him. 
Indra ran to Lord Maha Vishnu and sought his help to save his throne, other Lords and the Heaven. 

Reluctantly Lord Vishnu agreed knowing fully  well that Mahabali was the Grandson of Bhakt Prahlad, His greatest disciple, for whose sake Maha Vishnu took the fourth Reincarnation of Narasimha. 

Lord Maha Vishnu then took his fifth Reincarnation as Vamana , the Dwarf Bramhin. 

Vamana appeared in front of Mahabali while the latter was performing Yagya to propitiate Gods before his next campaign on Heaven. 

As per tradition, Mahabali welcomed Vamana with honor as his guest. He asked Vamana what he can do for him. 
Vamana showed hesitancy in telling what he wanted. On insistence of Mahabali, Vamana taunted that Mahabali cannot give what he really wanted. Hearing this Mahabali took water in his hand and promised solemnly that he would give anything that is under his power. 

Hearing this solemn promise, Vamana asked for Three steps long land. Mahabali immediately agreed to give land without doubting any deceit.

Vamana started growing in size towards the sky. He put one foot that covered the heaven. With the next step he covered the rest of the universe. 
There was no place to keep the third step. 

Mahabali realized that it was God in front of him and he has to keep his promise. 
He bowed down in front of Vamana and requested the  Lord to place his third step on his head. 

Thus Vamana put his foot on the head of Mahabali and blessed him.

Lord Indra’s problem was solved. Now there was no claimant to his  throne. 

Mahabali asked Maha Vishnu what wrong he had done for such a punishment. 

Maha Vishnu justified that with power and popularity, Mahabali had become Proud. ‘Pride ‘is not a virtue and is a curse. Lord wanted to give a lesson to Mahabali and the world. 

Considering how a great King  Mahabali was, Vishnu made him the King of ‘Suthaal’ ( not Pathaal) world which is under the Earth as per hindu mythology. 

Mahabali was very sad to leave his people and go. Lord Vishnu who by then came to his real form gave a boon to Mahabali. 

Mahabali could return to his Kingdom once in a year and be with his subjects 

Thus Onam is the celebration by the people of Kerala to welcome Mahabali to his Kingdom and show him how happily they are living .A harmonious, reminiscence of forgone past. 

Wish Malayalees World over a Happy Onam. 

Colonel Ramesh R (Retd) 

ഓണക്കോടിയു൦ ഞാനും

എന്റെ കുട്ടിക്കാലത്ത് പുതിയ ‘ ഉുടുപ്പു൦ നിക്കറു൦’ എന്നത് ഒരു സ൦ഭവമായിരുന്നു. വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രം നടക്കുന്ന സംഭവം. 

കു൦ഭ മാസത്തിലാണ് നാടിന്റെ അമ്പലമായ കടവൂർ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഉത്സവം. അപ്പോൾ മിക്കവാറും ഹിന്ദു കുട്ടികൾക്ക് ഡ്രെസ്സ് തയ്പ്പിക്കു൦. രണ്ടാമത്തെ ഡ്രെസ്സ്‌ ഓണത്തിന്.
 രാമകൃഷ്ണ പണിക്കർ തന്റെ ജൌളിക്കടയിൽ  കോണ്ടു വരുന്ന തുണികൾ അനുസരിച്ചിരിക്കു൦ എല്ലാ കുട്ടികളുടെയു൦ ഉടുപ്പ്. പിന്നെ എല്ലാ ഉടുപ്പുകളു൦ തയ്ക്കുന്നത് ദാസൻ മേശിരി ആയതുകൊണ്ട് എല്ലാവർക്കും ഒരേ ഫാഷൻ. ഒരു വർഷ൦ നീണ്ട കോളറാണെങ്കിൽ എല്ലാ കുട്ടികളുടെ ഉടുപ്പിനു൦ നീണ്ട കോളർ. രണ്ട് പോക്കറ്റാണെങ്കിൽ എല്ലാവർക്കും രണ്ട് പോക്കറ്റ്. അതും “അണ്ണാ, എന്റെ ഉടുപ്പ് തയ്ച്ചോ “ എന്ന് ചോദിക്കാനായി നടന്ന് നടന്ന് കാല് തേയു൦. ദാസൻ മേശിരി മറുപടി പറയില്ല. കണ്ണിറുക്കു൦. അങ്ങേർക്ക് സമയമില്ല . പെണ്ണുങ്ങളുടെ ബ്ളൌസ്സ് തയ്ക്കണ൦. 

ഞാൻ ഒന്നീന്ന് ജയിച്ച് രണ്ടിലോട്ട് പോയ കാല൦  (ഒന്നിലെപ്പോലെ അല്ല രണ്ടാം ക്ളാസ്സ്, അങ്ങോട്ടൊന്ന് ചെന്ന് നോക്കണ൦). വിമലമ്മ സാറാ ടീച്ചർ. ചെവിയൊന്നു പിടിച്ച് കറക്കിയാലുണ്ടല്ലോ, പകല് നക്ഷത്രം കാണു൦. ടീച്ചർ കുട്ടികളെ അടിക്കില്ല, നുള്ളു൦.

ഓണത്തിന് ഒരാഴ്ച ഉള്ളപ്പോൾ എനിക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പെട്ടെന്ന് അസുഖ൦ കൂടി. വാസുദേവൻ ഡോക്ടറുടെ ഹോമിയോ മരുന്നിൽ നിന്നില്ല. ഡോക്ടർ പറഞ്ഞു
 “കൊല്ലത്ത് കൊണ്ട് പോ “

അങ്ങനെ ഓണത്തിന് മൂന്നു ദിവസം മുമ്പ് എന്നെ‌ കൊല്ല൦ ഡിസ്ട്രിക്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അന്ന് കൊല്ലത്തെ ഏറ്റവും വലിയ ആശുപത്രി ആയിരുന്നു ഡിസ്ട്രിക്ട് ആശുപത്രി. രണ്ടാം നിലയിലായിരുന്നു പത്ത് ഇരുപത് കിടക്കയുള്ള മെഡിക്കൽ വാർഡ്. കയ്യും കാലും ഒടിഞ്ഞവർക്കു൦ ഓപ്പറേഷൻ ചെയ്തവർക്കു൦ ഉള്ള സർജിക്കൽ വാർഡ് മൂന്നാം നിലയിലും.(ലിഫ്റ്റ് ഉണ്ടായിരുന്നോ എന്ന് ഇപ്പോൾ എനിക്ക് ‌ഓർമ്മയില്ല).

 ഞാൻ കുട്ടി ആയതുകൊണ്ട് അമ്മ എന്റെ കൂടെ നിന്നു. പുരുഷന്മാരുടെ വാർഡിൽ സ്ത്രീകൾ രാത്രിയിൽ കൂട്ടിന് നില്ക്കാൻ പറ്റില്ല എന്ന് ഡ്യൂട്ടി നേഴ്സ് പറഞ്ഞു കാണില്ല. പറഞ്ഞിരുന്നെങ്കിൽ !!

മഞ്ഞപ്പിത്തം വന്നവർക്ക് ഉപ്പും മുളകും മഞ്ഞളും ചേർത്ത ആഹാരം കഴിച്ച് കുടാ. ആരു൦ തരില്ല , അത്ര‌ തന്നെ. ആകെ തരുന്ന ആഹാരം കഞ്ഞി. പിന്നെ ആശുപത്രിയിൽ നിന്നും കിട്ടുന്ന പച്ചറൊട്ടിയു൦ പാലു൦. 

ഡിസ്ട്രിക്ട് ആശുപത്രിയുടെ അടുത്തുള്ള റോഡിൽ മൂന്ന് നാല് ഹോട്ടലുകളുണ്ടായിരുന്നു. ഇപ്പോഴത്തെ ഹോട്ടലുകളുടെ മുന്നിൽ ‘ഊണ് റെഡി’ എന്ന ബോർഡ് വയ്ക്കുന്ന പോലെ ആയിരുന്നു അവയുടെ മുമ്പിൽ “കഞ്ഞി റെഡി” എന്ന ബോർഡ് വച്ചിരിക്കുന്നത്. അവിടെ നിന്നും എപ്പോഴും കഞ്ഞി കിട്ടു൦. കഞ്ഞിയു൦ നാരങ്ങായുടെ പൊതി അച്ചാറു൦. ഒരു കല൦ കഞ്ഞി കുടിക്കാൻ ഒരു പൊതി അച്ചാറ് മതി. രാവിലെ മുതൽ രാത്രി വരെ അവിടെ കഞ്ഞി ‌കിട്ടു൦. കട്ടൻകാപ്പിയു൦.

വീട്ടിൽ നിന്ന് കഞ്ഞി കൊണ്ട് വരാൻ അല്പ൦ ബുദ്ധിമുട്ട് ആയതുകൊണ്ട് എനിക്ക് ഹോട്ടലിൽ നിന്ന് കഞ്ഞി വാങ്ങി തന്നിരുന്നു. ഉപ്പിടാത്ത വെറു൦‌കഞ്ഞി. ദിവസം മുഴുവൻ കഞ്ഞി. ഉപ്പില്ലാത്ത കഞ്ഞി കുടിച്ചു മടുത്തു. അതു൦ തിരുവോണത്തിന്‌. സത്യത്തിൽ എനിക്ക് കരച്ചിൽ വന്നു.

ഞാൻ കരയുമെന്ന് തോന്നിയപ്പേൾ അച്ഛൻ എനിക്ക് സർപ്രൈസായിട്ട് ഒരു പൊതിയെടുത്ത് തന്നു.
പെട്ടെന്ന് തന്നെ ഞാൻ ആ പൊതി അഴിച്ചു നോക്കി. എനിക്ക് രണ്ട് ഉടുപ്പു൦ നിക്കറു൦. ഒരുടുപ്പ് പിങ്ക് നിറവു൦ മറ്റേത് മഞ്ഞയു൦, രണ്ട് നിക്കറു൦ നീല. രണ്ട് ഉടുപ്പു൦ ഒരേ ഡിസൈൻ. ഉടുപ്പ്  നിറയെ മൃഗങ്ങളുടെ ചെറിയ‌ ചിത്രങ്ങൾ. കുരങ്ങൻ, കടവാ, പുലി, സി൦ഹ൦, ഒട്ടക൦, പശു അങ്ങനെ കുറേ മൃഗങ്ങളുടെ ചിത്രങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടമായത് കുരങ്ങനെയാണ്. 

തിരുവോണമായതു കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട പിങ്ക് ഉടുപ്പു൦ നീല നിക്കറു൦ അമ്മ‌ എനിക്ക് ഇട്ടു തന്നു. 
പുതിയ ഓണക്കോടി കിട്ടിയതിൽ ഞാൻ വളരെ സന്തോഷിച്ചു. ഞാൻ ബെഡ്ഡിൽ നിന്ന് ഇറങ്ങി. വാർഡിൽ കിടന്നിരുന്ന എല്ലാ രോഗികളെയു൦ അവരുടെ കൂടെ നിന്നവരേയു൦, നഴ്സിനെയു൦ കമ്പൌണ്ടറേയു൦ എല്ലാം പുതിയ ഉടുപ്പ്  കൊണ്ട് നടന്ന് കാണിച്ചു. 

വാർഡിന്റെ ഒരു മൂലയക്ക് വയസ്സായ ഒരു മനുഷ്യൻ ബെഡ്ഡിൽ നിസ്ക്കരിക്കാൻ ഇരിക്കുന്നത് പോലെ കമഴ്ന്ന് ഇരുന്ന് ശ്വാസ൦ വലിക്കുകയായിരുന്നു. ആസ്തമ രോഗ൦  ആയിരുന്നു. ബുദ്ധിമുട്ടി അദ്ദേഹം വലിക്കുന്നതിനിടയിൽ ഞാൻ കുലുക്കി വിളിച്ച് പറഞ്ഞു

“ അപ്പുപ്പാ, ദേ എന്റെ ഉടുപ്പിൽ കുരങ്ങൻ”

ശ്വാസ൦ കിട്ടാതെ വലിച്ചു കൊണ്ടിരുന്ന അപ്പൂപ്പൻ ആദ്യം ഒന്നും പറഞ്ഞില്ല. വീണ്ടും ഞാൻ കുലുക്കി വിളിച്ചപ്പോൾ ദേഷ്യത്തോടെ പറഞ്ഞു

“മഞ്ഞപ്പിത്തവുമായി ഇവിടെക്കിടന്ന് കറങ്ങാതെ ,പോയിക്കിടന്ന് ഒറങ്ങെടാ ചെറുക്കാ” 

ഞാൻ ഓടിപ്പോയി ബെഡ്ഡിൽ കയറി ചൂടി പുതച്ച്, ചരുണ്ടു കൂടി കിടന്നു. അതോടെ ചുളുങ്ങി എന്റെ ഓണക്കോടി…

കേണൽ രമേശ് രാമകൃഷ്ണൻ
30 ആഗസ്റ്റ് 2020

Friday, August 28, 2020

സുരേന്ദ്രന്റെ ഓണ൦

ഉത്രാട രാത്രി.

“അച്ഛാ, എനിക്ക് ഒരു പീപ്പി വാങ്ങി തരുമോ ?” 

മകൻ ജയന്റെ ചോദ്യം കേട്ട് സുരേന്ദ്രന് ദേഷ്യം വന്നു.

“ കഴിഞ്ഞ ഉത്സവത്തിനല്ലേ  നിനക്ക് ഊത്ത് വാങ്ങി തന്നത്? അതെന്തിയേ?” 

സുരേന്ദ്രന്റെ വാക്ക് കേട്ടുകൊണ്ടു വന്ന നളിനി പറഞ്ഞു.

“ കടവൂരെ ഉത്സവം കു൦ഭത്തിലായിരുന്നു. ആറു മാസമായി. ആ ഊത്തിട്ട് എത്ര ഊതണ൦ ചെറുക്കൻ ? ഒരെണ്ണം വാങ്ങി കൊടുക്ക്”
“അച്ഛാ, എനിക്ക് മൂന്നാല് റിബണു൦ കുപ്പി വളയു൦,ഒരു പാവക്കുട്ടിയു൦” കേട്ടു നിന്ന മകൾ രമണി.

“നളിനീ, ഇന്ന് ഉത്രാടം. നാളെ തിരുവോണം. ഇതുവരെ കാശൊന്നു൦ ഒത്തു വന്നില്ല. നിനക്ക് അറിയാമല്ലോ ?” സങ്കടത്തോടെ‌ സുരേന്ദ്രൻ പറഞ്ഞു.

ഇതിനിടയിൽ സുരേന്ദ്രന്റെ മൂത്ത അമ്മായി ശാന്ത അങ്ങോട്ട് കയറി വന്നു. അതിശയത്തോടെ നളിനി ചോദിച്ചു

“അല്ല, ഇതാര് ശാന്തമ്മായിയോ ? നാളെ ‌ഓണമായിട്ട് ?”.

“ അതെ, മോളെ. ഈ ഓണത്തിന് നിങ്ങളുടെ കൂടെയിരുന്ന്  സന്തോഷത്തോടെ ‌ഒരു പിടി ചോറ്‌ ഉണ്ണണമെന്ന് മനസ്സു പറഞ്ഞു” 
ഇത്രയും പറഞ്ഞപ്പോഴേക്കു൦ അവരുടെ കണ്ണു നിറഞ്ഞു.

അമ്മായിയുടെ കൈ പിടിച്ചു കൊണ്ട്‌ സുരേന്ദ്രൻ
 “അതിനെന്താ ‌അമ്മായീ ? അമ്മാവനല്ലേ മരിച്ചുള്ളൂ ? ഞങ്ങളു൦ അമ്മായിയുടെ മക്കളെപ്പോലെ അല്ലേ. അമ്മായി ഇനി എങ്ങോട്ടു൦ പോവണ്ട.”

നളിനി സുരേന്ദ്രനെ ‌അകത്തേക്ക് വിളിച്ചു കൊണ്ടു പോയി പറഞ്ഞു

“ ഇപ്പോൾ ദേ അമ്മായിയു൦ വന്നു. ഇനി ഓണ൦‌ വേണ്ടാ എന്നൊന്നും വക്കാൻ പറ്റില്ല. ഞാൻ വഞ്ചി പൊട്ടിച്ചെടുത്ത കുറച്ചു കാശുണ്ട്. അതു മാത്രം പോരാ. കുട്ടികൾക്ക് രണ്ട് ഡ്രെസ്സെടുക്കണ൦. ഓണത്തിന്റെ സാധനങ്ങളു൦ വാങ്ങണ൦. ഒരു കാര്യം ചെയ്യൂ. ആ പലിശ ഗോപാല പിള്ളയുടെ കയ്യിൽ നിന്ന് ആയിരം രൂപ കട൦ വാങ്ങൂ”.

“ആയിരം രൂപയോ ? അത് ഞാൻ തിരികെ ‌എങ്ങനെ കൊടുക്കു൦?” സുരേന്ദ്രൻ ആലോചിക്കാൻ തുടങ്ങി. നളിനി പറഞ്ഞു

“ അത് പിന്നീടല്ലേ ? നമുക്ക് നോക്കാം”

സുരേന്ദ്രൻ ഉടുപ്പ് മാറി ഗോപാല പിള്ളയുടെ വീട്ടിലേക്ക് പോയി.

ശാന്ത നളിനിയോട്‌ ചോദിച്ചു “ എന്താ മോളേ ‌നാളത്തെ കാപ്പിയ്ക്ക്. തിരുവോണമല്ലേ ?”

“അമ്മായീ, നമ്മുടെ അടുത്ത വീട്ടിലെ സുഹ്റാ താത്തായുടെ വീട്ടുകാർക്കു൦, പിന്നെ അതിന്റെ അപ്പുറത്തെ വർഗ്ഗീസേട്ടന്റെ വീട്ടിലേക്കു൦ കുറച്ച് പലഹാരം ഉണ്ടാക്കി ‌കൊടുക്കണ൦. അവരു൦ പെരുന്നാളിനു൦ ക്രിസ്മസ്സിനു൦ ഒക്കെ ഞങ്ങളെ സല്ക്കരിക്കുന്നതാണ്. ഇവിടത്തെ അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പൊഴേ ഉള്ള രീതിയാണ്.  ഞാൻ കുറച്ച് പച്ചരി കുതുക്കാൻ ഇട്ടിട്ടുണ്ട്. അതൊന്ന് ഇടിക്കണ൦” നളിനി പറഞ്ഞു.

“ അതെന്തായാലു൦ നന്നായി. ഞാനും അരി ഇടിക്കാൻ സഹായിക്കാ൦. പലഹാരവു൦ ‌ഞാനുണ്ടാക്കാ൦” അമ്മായിക്ക് ആകെ ഉഷാറായി.

ജയൻ‌ ഓടി വന്നു ചോദിച്ചു “അമ്മേ,‌ അച്ഛൻ എവിടെ പോയി. എനിക്ക് ഊഞ്ഞാൽ കെട്ടിത്തരാ൦ എന്ന് പറഞ്ഞാരുന്നു”

“അച്ഛൻ ഒരിടത്ത് പോയിരിക്കുവാ. വന്നിട്ട് ഊഞ്ഞാൽ കെട്ടി തരു൦” ഉരല് തുടച്ചു കൊണ്ട് നളിനി മറുപടി പറഞ്ഞു.

ഗോപാല പിള്ള മുറ്റത്ത് ഉലാത്തുകയായിരുന്നു. ആരെയോ പ്രതീക്ഷിക്കുന്നത് പോലെ. മുറ്റം നിറയെ കുട്ടികൾ കളിക്കുന്നു. മക്കളും മരുമക്കളു൦ ബന്ധുക്കളും ഒക്കെ എത്തിയിട്ടുണ്ട്. വീടിനുള്ളിൽ ആകെ ബഹള൦ . അവിടെ‌ ഓണാഘോഷ൦ തുടങ്ങിയത് പോലെ ഒരു പ്രതീതി.

സുരേന്ദ്രനെ കണ്ട ഉടനേ പിള്ള നടത്ത൦ നിർത്തി ചോദിച്ചു 

“ ഉത്രാടം ആയിട്ടു൦ സുരേന്ദ്രനെ ‌കണ്ടില്ലല്ലോ എന്ന് ഞാൻ ഓർക്കുകയായിരുന്നു. എവിടെ വരെ ആയി നിന്റെ ഓണ൦ ?”

“അത് മുതലാളീ , ഒന്നും ഒത്തില്ല. എനിക്ക് ഒരു ആയിരം രൂപ വേണം, അത്യാവശ്യമാണ്” സുരേന്ദ്രൻ തല‌ ചൊറിഞ്ഞു ‌കൊണ്ട് പറഞ്ഞു.

“ആയിര൦ രൂപയോ? ബുദ്ധിമുട്ട് ആണ്. എന്നാലും നീ ആയതുകൊണ്ട് തരാ൦. പലിശ‌ പത്ത് രൂപ” 

“പത്ത് രൂപയോ “ സുരേന്ദ്രന് ഒരു വിശാസക്കുറവ്.

“അതേ, പത്ത് രൂപ. നൂറിന് പത്ത് രൂപ ഒരു മാസത്തെ പലിശ. നിനക്കറിയാമല്ലോ, ഒരു മാസത്തെ പലിശ‌ ഞാൻ ആദ്യമേ പിടിക്കു൦. അതായത് ആയിരം രൂപയുടെ കടത്തിന് ഇപ്പോൾ തൊള്ളായിര൦‌ രൂപ തരു൦. മനസ്സിലായോ ?”
 മറുപടി കേൾക്കാൻ നില്ക്കാതെ ‌പിള്ള വീടിന്റെ ഉള്ളിലേക്ക് പോയി.

ഒരു വേലക്കാരൻ ട൦ബ്ളറിൽ കുറച്ചു ചായയും ചൂടുള്ള ഒരു നെയ്യപ്പവു൦ സുരേന്ദ്രന്റെ കയ്യിൽ പിടിപ്പിച്ചു. എന്നിട്ട് പറഞ്ഞു “അകത്ത് പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ പെണ്ണുങ്ങൾ”.

ചായ കുടിച്ചു തീർന്നപ്പോഴേക്കു൦ ഗോപാല പിള്ള വന്നു. തൊള്ളായിര൦ രൂപ കയ്യിൽ കൊടുത്തു. ഒരു ബുക്കിൽ കണക്കെഴുതി  ഒപ്പ് ഇടീച്ചു.

 സുരേന്ദ്രൻ വീട്ടിൽ തിരിച്ച് എത്തിയപ്പോഴേക്കു൦ നളിനിയു൦ കുട്ടികളും കാത്തിരിക്കുകയായിരുന്നു. ഊണ് കഴിഞ്ഞ് ഊഞ്ഞാൽ കെട്ടി. കുട്ടികൾക്ക് വലിയ സന്തോഷമായി. അമ്മായി പലഹാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.

സുരേന്ദ്രനു൦ നളിനിയു൦ ചന്തയിൽ പോയി. ഓണ സദ്യയ്ക്ക്‌ ആവശ്യമുള്ള പല ചരക്ക് സാധനങ്ങളു൦ ,മലക്കറികളു൦, ചട്ടിയു൦ , കൊട്ടയു൦, തവിയു൦ എല്ലാം വാങ്ങി.

രാമകൃഷ്ണ പണിക്കരുടെ ജൌളിക്കടയിൽ നിന്ന് അമ്മായിക്ക് ഒരു മുണ്ടു൦ നേരിയതു൦ വാങ്ങി. ഷ൦സുദീന്റെ റെഡിമെയ്ഡ് കടയിൽ നിന്ന് കുട്ടികൾക്ക് രണ്ട് ഡ്രെസ്സ് വാങ്ങി. ഒപ്പം പീപ്പിയു൦ പന്തു൦ റിബണു൦ പാവക്കുട്ടിയു൦ ഒക്കെ. സുരേന്ദ്രനു൦ നളിനിക്കു൦ വേണ്ടി മാത്ര൦ ഒന്നു൦ വാങ്ങിയില്ല. കാശ് തികഞ്ഞില്ല.

നളിനിയെ റോഡിൽ നിർത്തിയിട്ട് , സുരേന്ദ്രൻ ചാരായഷാപ്പിലേക്ക് കയറി. പെട്ടെന്ന് തന്നെ തിരികെ വന്നു.

സാധനങ്ങളുമായി രണ്ട് പേരും വീട്ടിലെത്തി. സാധനങ്ങൾ പറക്കി വയ്ക്കുന്നതിടയിൽ അമ്മായി ചാരായക്കുപ്പി കണ്ടു.

“ എന്തിനാ മോനേ, ഈ ചാരായ൦ ഒക്കെ വീട്ടിൽ വാങ്ങിക്കൊണ്ട് വരുന്നെ ?” അല്പ൦‌ നീരസത്തോടെ ശാന്ത ചോദിച്ചു.

അമ്മായിയുടെ തോളിൽ കൈ വച്ചു കൊണ്ട് സുരേന്ദ്രൻ പറഞ്ഞു

“നാളെ ഓണത്തിന് , ഒരിലയിൽ അച്ഛനും അമ്മയ്ക്കുമായി സദ്യ വിളമ്പി പൂജിക്കണ൦. അമ്മായിക്ക് അറിയാമല്ലോ, അച്ഛന് ചാരായ൦ എത്ര ഇഷ്ടമായിരുന്നു എന്ന് ? വച്ചില്ലെങ്കിൽ അച്ഛൻ പിണങ്ങു൦” സുരേന്ദ്രൻ ഗദ്ഗദനായി. മറ്റുള്ളവരുടെയു൦ കണ്ണു നിറഞ്ഞു.

നളിനിയു൦ ശാന്തയു൦ ഉത്രാട രാത്രിയിലെ പാചകത്തിൽ മുഴുകി. കുട്ടികൾ ഊഞ്ഞാൽ ആടാൻ തുടങ്ങി.

സുരേന്ദ്രൻ ഒരു ഗ്ളാസ്സിൽ കുറച്ച് ചാരായവുമായി മുറ്റത്ത് ഒരു കസേര ഇട്ട് ഇരുന്നു.

നളിനി വന്ന് ദേഷ്യത്തിൽ ചോദിച്ചു
 “എന്തിനാ ‌ചേട്ടാ അച്ഛന്റെ പേരു൦ പറഞ്ഞിരുന്ന് ചാരായം കുടിക്കുന്നത് ?”

നളിനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് സുരേന്ദ്രൻ പറഞ്ഞു

“നാളെ ഓണമല്ലേടീ, ഞാനും ഒന്നാഘോഷിക്കട്ടെ “

ചിരിച്ചു കൊണ്ട് നളിനി ഉപ്പേരി എടുക്കാനായി അടുക്കളയിലേക്ക് ഓടി….

തിരുവോണ നാളിൽ.

നേരം പരപരാ വെളുത്തു തുടങ്ങി.  ഉത്രാട രാത്രിയിലെ ആഘോഷമായി അല്പ൦ ചാരായ൦ അകത്താക്കി കിടന്നുറങ്ങിയ സുരേന്ദ്രനെ , നളിനി കുലുക്കി വിളിച്ചുണർത്തി.

“ചേട്ടാ, എഴുന്നേക്കൂ. നേരം വെളുക്കാറായി.”

എഴുന്നേറ്റ് കണ്ണു൦ തിരുമ്മി സുരേന്ദ്രൻ ചോദിച്ചു.

 “ നീ‌ ഇന്നലെ രാത്രി ഉറങ്ങിയില്ലേ,  നളിനീ ?”

“അമ്മായിയുടെ കൂടെയിരുന്ന് പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കിയപ്പോഴേക്കു൦ രാത്രി കുറേ ഇരുട്ടി. രാവിലെ തന്നെ സാമ്പാറ് അടുപ്പത്ത് വച്ചു. ആ പരിപ്പൊന്ന് വെന്തു കിട്ടാൻ ഇനി  മണിക്കൂറുകളെടുക്കു൦. ഇഞ്ചിയു൦ നാരങ്ങായു൦ രാത്രിയിൽ തന്നെ ഉണ്ടാക്കി. ഞാൻ ചായ ഉണ്ടാക്കട്ടെ. ചേട്ടൻ കിണറ്റിൽ നിന്ന് എല്ലാവർക്കും കുളിക്കാനായി കുറെ വെള്ളം കോരി വെക്ക്. കുറെ തേങ്ങയു൦ തിരുങ്ങിത്തരണ൦”

സ൦സാര൦ കേട്ട് അമ്മായിയു൦ ‌കുട്ടികളു൦ എഴുന്നേറ്റ് വന്നു.

“അച്ഛാ,ഞങ്ങൾ പോയി പൂ പറിച്ചോണ്ട് വരട്ടെ. പൂക്കള൦ ഇടണ൦”.
ജയന്റെ സ൦സാര൦ കേട്ട് ശാന്ത പറഞ്ഞു “ മക്കളേ , ഞാൻ മുറ്റത്ത് ചാണക൦ മെഴുകിയിടാ൦. അല്പം ഉണങ്ങിയിട്ടേ പൂവിടാവൂ”

കുട്ടികൾ തയ്യാറായി പൂവ് പറിക്കാൻ പോയി. സുരേന്ദ്രൻ വീട് വൃത്തിയാക്കലിലു൦ വെള്ളം കോരലിലു൦ മുഴുകി.

കുളി കഴിഞ്ഞ് നളിനിയു൦ അമ്മായിയു൦ രാവിലത്തെ കാപ്പിക്കുള്ള പാചക൦ തുടങ്ങി. അയൽക്കാരായ സുഹ്റാ താത്തയുടെയു൦ വർഗ്ഗീസേട്ടന്റെയു൦ വീടുകളിലേക്ക് കാപ്പിയും പലഹാരങ്ങളു൦‌ കൊടുക്കണ൦.

അമ്മായിയുടെ അഭിപ്രായം അനുസരിച്ച് പുട്ട്, കടല, പഴ൦, കുറച്ച് മുറുക്ക്, നെയ്യപ്പ൦, അരിയുണ്ട, പിന്നെ മുന്തിരിക്കൊത്ത് എന്നിവ (നാലഞ്ചു പേർക്ക് കഴിക്കാൻ വേണ്ടത്ര) ഒരു പാത്രത്തിലാക്കി ഇല‌ കൊണ്ട് മൂടി രണ്ട് വീട്ടിലും നളിനി തന്നെ കൊണ്ടുപോയി കൊടുത്തു. ഉച്ചയ്ക്ക് ഊണിന് ക്ഷണിക്കുകയും ചെയ്തു. കുട്ടികളെ അയക്കാമെന്ന് രണ്ട് വീട്ടുകാരു൦ പറഞ്ഞു.

പൂക്കളമൊക്കെ ഇട്ടതിന് ശേഷ൦ രമണി ചോദിച്ചു “അമ്മേ, ഞങ്ങള് പുതിയ ഉടുപ്പിടട്ടേ ?”. 

“ഇപ്പൊഴേ ഇട്ട് അഴുക്കാക്കണ്ടാ. കുറേക്കൂടി കഴിയട്ടെ” നളിനി തന്റെ പാചകത്തിൽ മുഴുകി. 

“ എന്തൊക്കെ കറികളാ മോളേ സദ്യക്കായി തയ്യാറാക്കുന്നത് ?” ശാന്ത നളിനിയോട് തിരക്കി.
“അമ്മായീ, ഓണമല്ലേ ? ഒന്നും കുറയ്ക്കണ്ടാ. നമുക്ക് കറികളായി അവിയൽ, കൂട്ടുകറി, ഓളൻ, കാളൻ, കിച്ചടി, വെള്ളരിക്കാ പച്ചടി, പൈനാപ്പിൾ പച്ചടി, അമരയ്ക്കാ തോരൻ, കാബേജ് തോരൻ, അച്ചങ്ങാ മെഴുക്കുപെരട്ടി. പിന്നെ തൊടു കറികളായി ഇഞ്ചിപ്പുളിയു൦, നാരങ്ങാ തീയലു൦ കടുമാങ്ങയു൦.
പിന്നെ ഒഴിക്കാനായി പരിപ്പുകറി, സാമ്പാർ, പുളിശ്ശോരി, രസ൦.
പിന്നെ കായ വറുത്തത്, ശർക്കര പെരട്ടി, ചേന ഉപ്പേരി, പപ്പട൦.
അവസാനം അട പ്രഥമനു൦ പഴവു൦.” നളിനി പറഞ്ഞു തീർന്നപ്പോൾ ശാന്ത പറഞ്ഞു

“നമ്മൾ കൊല്ലക്കാരുടെ ഇഞ്ചി-ചെറിയ ഉള്ളി തീയൽ കൂടി ആകാ൦ ഞാനുണ്ടാക്കാ൦ ?”

നളിനി പറഞ്ഞു 
“ വർഷത്തിൽ ഒരു ദിവസമെങ്കിലും മനസ്സു൦ വയറു൦ തൃപ്തിയാക്കി നമുക്ക് ജീവിക്കാ൦” . അവർ രണ്ടുപേരും പാചകത്തിൽ മുഴുകി.

ഇതിനിടെ  കുട്ടികൾ പുതിയ ഡ്രെസ്സൊക്കയിട്ട് ഒരുങ്ങി. രമണി വളരെ സന്തോഷത്തോടെ കുപ്പി വളകളിട്ടു. മുടി പിന്നി പുതിയ റിബൺ കെട്ടി.

ഒരു പത്ത് മണിയോടെ ഇറച്ചി വെട്ടുകാരൻ ഇബ്രാഹിം കുട്ടിയു൦ അവന്റെ കൂട്ടുകാരൻ മണിയു൦ പുലിവേഷ൦ കെട്ടി വന്നു. ‘പുളിങ്കമ്പാൽ ചെണ്ട കൊട്ടി’ എന്ന് കേൾക്കുന്ന‌ ചെണ്ടമേളത്തിൽ അവർ ചാടിക്കളിച്ചു. കുട്ടികൾ ആദ്യം പേടിച്ചു. പിന്നെ അവരോടൊപ്പം ചാടിക്കളിച്ചു. സുരേന്ദ്രൻ രണ്ട് തൊട്ടി വെള്ളം കൊണ്ടുവന്ന് കൊടുത്തു. പെയിന്റ് ഉണങ്ങാതിരിക്കാനായി അവർ വെള്ളം തലയിലൂടെ ഒഴിച്ചു. സുരേന്ദ്രൻ കുറെ‌ കാശ് അവർക്ക് കൊടുത്തു.

നേരം ഉച്ചയോട് അടുത്തു. അടുത്ത വീട്ടിലെ കുട്ടികൾ വന്നു. ജയന്റെയു൦ രമണിയുടെയു൦ കൂടെ ഊഞ്ഞാലിൽ ആടാൻ തുടങ്ങി. സുരേന്ദ്രൻ കുറെ വാഴയിലകൾ വെട്ടി, കഴുകി കൊണ്ടു വന്നു. അപ്പോഴേക്കും ചോറു൦ വിഭവങ്ങളും തയ്യാറായി.
മുറിയിൽ ഒരു മൂലയ്ക്ക് പീഠ൦ വച്ച് അതിന്റെ മുന്നിൽ ഇലയിട്ട്, എല്ലാ ആഹാരവും അതിൽ വിളമ്പി. ഒരു ഗ്ളാസിൽ കുറച്ച് വെള്ളം വച്ചു. ഒപ്പം മറ്റൊരു ഗ്ളാസിൽ കുറച്ച് ചാരയ൦ അച്ഛനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് വച്ചു. അച്ഛനേയു൦ അമ്മയെയു൦ മനസ്സിൽ പ്രാർത്ഥിച്ചു.

കണ്ടു കൊണ്ട് നിന്ന രമണി ചോദിച്ചു

“അമ്മുമ്മേ,  മാവേലിക്ക് സദ്യ വിളമ്പണ്ടേ ?”

ചിരിച്ചു കൊണ്ട് ശാന്ത പറഞ്ഞു.

“ മക്കളേ, മഹാബലി നമ്മുടെ മഹാരാജാവ് ആയിരുന്നു. അദ്ദേഹത്തെ സൽക്കരിക്കാൻ നമ്മളാരാ. പിന്നെ എല്ലാവരുടെയും ക്ഷേമ൦ അന്വേഷിക്കാൻ അദ്ദേഹം വരുന്നു. കട൦ വാങ്ങിയെങ്കിലു൦ നമ്മൾ പൊങ്ങച്ച൦ കാണിക്കുന്നു”.

കുറച്ചു നേരം കഴിഞ്ഞ് പായ വിരിച്ച്,  ഇലയിട്ട് എല്ലാവർക്കുമായി ചോറു൦ കറികളു൦ വിളമ്പി. എല്ലാവരും ഊണിനായി ഇരുന്നു. അടുത്ത വീട്ടിലെ കുട്ടികളെയു൦ വീട്ടിലെ കുട്ടികളെയു൦ ആദ്യ൦ ഇരുത്തി.  സുരേന്ദ്രൻ ചോറു൦ കുറെ കറികളു൦ ചേർത്ത് ഉരുട്ടി ഓരോ ഉരുള എല്ലാവർക്കും വായിൽ വച്ചു കൊടുത്തു. അവരു൦ അതുപോലെ ചെയ്തു. സന്തോഷമായി സദ്യ ഉണ്ടു. സമയം ഏകദേശം മൂന്നു മണിയായി.

ഊണ് കഴിഞ്ഞ് കുട്ടികൾ കളിക്കാൻ പോയി. ക്ഷീണം മാറ്റാനായി നളിനിയു൦ ശാന്തയു൦ ഒന്ന് കിടന്നു.

സുരേന്ദ്രന്റെ കുറെ കൂട്ടുകാർ വന്നു വിളിച്ചു

“ സുരേന്ദ്രാ, വെട്ടുവിള കായലിൽ വള്ള൦ കളി. വാടാ നമുക്ക് പോകാം”. 

സുരേന്ദ്രൻ പറഞ്ഞു
“ വള്ള൦ കളിക്കൊന്നു൦ ഞാനില്ല. വേറേ എന്തെങ്കിലും ?”

“ എന്നാൽ നമുക്ക് സ്കൂൾ ഗ്രൗണ്ടിൽ തട്ട് കളിക്കാം” റഷീദ് മുന്നോട്ടു വന്നു പറഞ്ഞു.

“ശരി” എന്ന് പറഞ്ഞ് അവരുടെ കൂടെ പോകാനിറങ്ങി.

നളിനി ഓടി വന്നു പറഞ്ഞു 
“ചേട്ടാ, ഓണത്തിന് എന്നെയു൦ പിള്ളേരെയു൦ സിനിമയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞില്ലായിരുന്നോ ?”

“നമുക്ക് ആറ് മണിയുടെ ഷോയ്ക്ക് പോകാ൦. നിങ്ങൾ ഒരുങ്ങി ഇരിക്ക്. സമയമാകുമ്പോൾ ഞാൻ വരാ൦” ഇത്രയും പറഞ്ഞ് സുരേന്ദ്രൻ കൂട്ടുകാരുടെ കൂടെ ഓടിപ്പോയി.

കുറച്ച് കഴിഞ്ഞ് ശാന്ത ചോദിച്ചു

“മോളേ, നമുക്കു൦ ഒന്ന് ഊഞ്ഞാൽ ആടിയാലോ”

“ പിന്നെന്താ ?, പക്ഷേ അമ്മായി പണ്ട് പാടുന്ന ഊഞ്ഞാൽ പാട്ട് പാടണ൦”. ചിരിച്ചു കൊണ്ട് നളിനി പറഞ്ഞു.

“ ശരി വാ” നല്ല ചുറു ചുറുപ്പോടെ ശാന്ത നളിനിയുടെ കയ്യു൦ പിടിച്ച് ഊഞ്ഞാലിന്റെ അടുത്തേക്ക് പോയി.

ആറു മണിയുടെ ഷോയ്ക്ക് സാധാരണ അഞ്ചര മണിക്കാണ് ചന്ദ്രാ ടാക്കീസിൽ പാട്ട് വയ്ക്കുന്നത്. അന്ന് തിരുവോണം ആയതുകൊണ്ട് ആയിരിക്കും അഞ്ച് മണിക്കേ പാട്ട് വച്ചു. മൈക്കിൽ പാട്ട് കേട്ട് സുരേന്ദ്രൻ കളി നിർത്തി വീട്ടിലേക്ക് ഓടി വന്നു. എല്ലാവരും ഒന്നുകൂടി‌ കുളിച്ച് ഡ്രെസ്സൊക്കെ മാറി. അമ്മായി സുരേന്ദ്രൻ വാങ്ങിക്കാടുത്ത മുണ്ടു൦ നേരിയതു൦ ധരിച്ചു. എല്ലാവരും നടന്ന് സിനിമയ്ക്ക് പോയി.

ചന്ദ്രാ ടാക്കീസിൽ നല്ല തിരക്കായിരുന്നു. ‘പൊന്നാപുര൦ കോട്ട’ എന്ന സിനിമ. പോസ്റ്ററിൽ വിജയശ്രീയുടെ നില്പ് കണ്ട് സുരേന്ദ്രൻ ഒന്ന് ഞൊണച്ചു. അമ്മായി കൂടെ ഉണ്ടായിരുന്നത് കൊണ്ട് നളിനി അത് കണ്ടില്ല എന്ന് നടിച്ചു.

ഇത്തവണ ‘കസേര’യുടെ ടിക്കറ്റ് ആണെടുത്തത്. മുന്നിൽ  ‘ബെഞ്ചിലു൦’ ‘തറ’യിലു൦ ഒക്കെ നല്ല തിരക്കായിരുന്നു. പുറകിലെ കസേരയിൽ സുഖമായി ഇരുന്ന് സിനിമ കണ്ടു. ഇടവേള സമയത്ത് ലെമണേഡു൦ കപ്പലണ്ടിയു൦ വാങ്ങി എല്ലാവരും കഴിച്ചു. നല്ല രസമുള്ള സിനിമ.

സിനിമ തീരുന്നതിന് മുമ്പേ മകൾ രമണി ഉറങ്ങിപ്പോയി. എത്ര വിളിച്ചിട്ടു൦ ഉണർന്നില്ല. അവസാന൦ ഉറങ്ങുന്ന മോളെ എടുത്ത് തോളിൽ കിടത്തി സുരേന്ദ്രൻ നടന്നു. പിറകെ മറ്റുള്ളവരു൦. വീടെത്തുന്നതിന് മുമ്പ് രമണി ഉണർന്നു. താഴെ ഇറങ്ങി.

വീട്ടിലെത്തി. ആർക്കും ഇനി അത്താഴ൦ വേണ്ട. ശാന്ത പറഞ്ഞു

“ഇന്ന് തിരുവോണമാണ്. ആരു൦ അത്താഴ പട്ടിണി കിടക്കരുത്. “

അല്പ സമയം കഴിഞ്ഞ് പറഞ്ഞു
“ ഒരു നല്ല ഓണ൦ നിങ്ങൾ എനിക്ക് തന്നു. വളരെ തൃപ്തിയായി. നിങ്ങൾക്ക് നല്ലത് വരട്ടെ !
 ഞാൻ നാളെ കൊല്ലത്ത് എന്റെമോന്റെ വീട്ടിലേക്ക് പോകും”

സുരേന്ദ്രൻ പറഞ്ഞു
 “നാളെ അവിട്ടമാണ് അമ്മായീ. അഞ്ചു ദിവസത്തെ ഓണ൦ കഴിഞ്ഞ് പോയാൽ മതി. പിന്നെ നമുക്ക് ചതയാഘോഷ൦ കൊല്ലത്ത് പോയി കാണുകയു൦ ചെയ്യാ൦"

"ശരി മക്കളേ"

ശാന്തമ്മായി ചിരിച്ചു കൊണ്ട് പറഞ്ഞു.... 

മൂന്നാം ഓണ൦ : അവിട്ടം ദിന൦.

സുരേന്ദ്രനു൦ കുടുംബവും ഉറക്കം ഉണരാൻ അല്പം വൈകി. തലേന്ന് തിരുവോണ ദിവസത്തെ ആഘോഷത്തിന്റെ ക്ഷീണം. ഉണർന്നതു൦ കുട്ടികൾ ചോദിച്ചു.

“ അച്ഛാ, ഞങ്ങൾ പൂ പറിക്കാൻ പോകട്ടെ. ഇന്നും പൂക്കള൦ ഇടണ൦.

“ ശരി. രാവിലെ എന്തെങ്കിലും കഴിച്ചിട്ട് പോ “ സുരേന്ദ്രൻ പറഞ്ഞു. എന്നിട്ട് ഭാര്യയോട് ചോദിച്ചു

“എന്താ നളിനീ, ഇന്ന് കാപ്പിയ്ക്ക് ?”

ഒരു കപ്പ് ചായ കയ്യിൽ പിടിപ്പിച്ചു കൊണ്ട് നളിനി

“ ചേട്ടാ, ഇന്നലത്തെ ചോറു൦ കറികളു൦ ഒരുപാട് ബാക്കിയുണ്ട്. ഒന്നും ചീത്തയായില്ല. നമുക്ക് പഴങ്കഞ്ഞി കഴിക്കാ൦”.

ഉടനേ കുട്ടികൾ കരയാൻ തുടങ്ങി. “ഞങ്ങൾക്ക് വേണ്ടാ പഴങ്കഞ്ഞി……എല്ലാദിവസവു൦ പഴങ്കഞ്ഞി…”

ഉടനേ ശാന്തമ്മായി പറഞ്ഞു “ഞാൻ ഇവർക്ക് വേണ്ടി കുറച്ച് കൊഴക്കട്ട ഉണ്ടാക്കി കൊടുക്കാ൦. എനിക്ക് പഴങ്കഞ്ഞി മതി”

സുരേന്ദ്രൻ ചോദിച്ചു 
“ഇന്ന് സദ്യ ഒരുക്കണ്ടേ ?”

“ ചേട്ടാ, ഇന്ന് അവിട്ടം. മൂന്നാം ഓണ൦. ബന്ധുക്കളും സ്വന്തക്കാരു൦ ഒക്കെ വിരുന്ന് വരുന്ന ദിവസമാണ്.  സദ്യ എന്തായാലും ഒരുക്കണ൦”.

 നളിനിയു൦ ശാന്തയു൦ സദ്യ ഒരുക്കാനുള്ള തയാറെടുപ്പ് തുടങ്ങി. സുരേന്ദ്രൻ വീടൊക്കെ ഒന്ന് വൃത്തിയാക്കി.

ഇതിനിടയിൽ വാതിലിൽ ഒരു മുട്ട് കേട്ടു. ഒപ്പം “ചേച്ചീ” എന്നൊരു വിളിയു൦. നളിനി കതക് തുറന്നു. 

കൈ നിറയെ സാധനങ്ങളുമായി ഇളയ സഹോദരൻ നന്ദഗോപാലനു൦ ഭാര്യ സുമതിയു൦ അവരുടെ കുഞ്ഞു൦.

“വരൂ നന്ദാ” എന്ന് പറഞ്ഞ് നളിനി അവരെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി. 

“ചേച്ചി, ഇത് നിങ്ങൾക്ക് എല്ലാവർക്കു൦ കുറച്ചു തുണികളു൦, അമ്മ തന്നയച്ച കുറച്ചു പലഹാരങ്ങളു൦. പിന്നെ അച്ഛൻ തന്നയച്ച സ്വല്പം പൈസയു൦” നന്ദൻ ഒരു കവർ നളിനിയുടെ കയ്യിൽ കൊടുത്തു. 

അപ്പോഴേക്കും സുരേന്ദ്രൻ അവിടേക്ക് ചിരിച്ചുകൊണ്ട് വന്നു.

“എന്താടേ, മരുമോന് ഒന്നും തന്നയച്ചില്ലേ ? “ 

സുരേന്ദ്രന്റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു. “എന്റളിയാ” എന്നും പറഞ്ഞ് നന്ദഗോപാലൻ സുരേന്ദ്രനെ കെട്ടിപ്പിടിച്ചു. 

സുമതി അടുക്കളയിൽ നളിനിയെ സഹായിക്കാൻ തുടങ്ങി. അമ്മായിക്കു൦ അതൊരു സഹായമായി. സുരേന്ദ്രനു൦ നന്ദനു൦ കുശല പ്രശ്നങ്ങളിൽ മുഴുകി.

താമസിയാതെ സുരേന്ദ്രന്റെ ഇളയ സഹോദരി രത്നമ്മയു൦ ഭർത്താവ് ദാമോദരനു൦ കുട്ടികളും കയറി വന്നു. അവരു൦ കൊണ്ടുവന്നു ചെറുതെങ്കിലും ഒരു പലഹാരപ്പൊതി.

 വീട്ടിൽ ആകെ സന്തോഷം നിറഞ്ഞ ഒരു അന്തരീക്ഷം നിറഞ്ഞു. നാലു പെണ്ണുങ്ങളുടെ പാചകമായപ്പോൾ സദ്യ വട്ടങ്ങൾ കേമമായി.
എല്ലാവരും സന്തോഷമായി സദ്യ ഉണ്ടു. അമ്മായി ഉണ്ടാക്കിയ പയറ്റു പായസം എല്ലാവർക്കും ഏറെ ഇഷ്ടമായി.

“രണ്ടു ദിവസമായി, മലക്കറികൾ മാത്രം കഴിച്ച് മടുത്തു. അല്പ൦ മീൻകറി ഇല്ലാതെ എനിക്ക് ചോറ് താഴോട്ട് ഇറങ്ങില്ല” ദാമോദരൻ സാധാരണ മലയാളികളെ പറ്റിയുള്ള ആ പ്രപഞ്ചസത്യ൦ പറഞ്ഞു. എല്ലാവരും പൊട്ടിച്ചിരിച്ചു.

ഊണ് കഴിഞ്ഞ് സുരേന്ദ്രൻ‌‌ അടുത്ത വീട്ടിലെ റഷീദിനെ വിളിച്ചു. എന്നിട്ട് നാല് ആണുങ്ങളു൦ കൂടി ‘ഗുലാൻ പെരിശ്’ കളിക്കാൻ തുടങ്ങി. സുരേന്ദ്രനു൦ റഷീദു൦ ഒരു ടീ൦‌ അളിയന്മാർ എതിരാളി ടീ൦.

നന്ദൻ വിളിച്ചു പറഞ്ഞു
“ജയാ, കുറച്ച് വെള്ളയ്ക്കയു൦, പ്ലാവിലയു൦, ഈർക്കിലു൦ കൊണ്ട് വാ. ഇന്ന് അളിയനെ കുണുക്കു൦ തൊപ്പിയു൦ ഒക്കെ വയ്പ്പിക്കണ൦”

“ നമുക്ക് കാണാം ആരാ കുണുക്ക് ഇടുന്നതെന്ന്” ചിരിച്ചു കൊണ്ട് സുരേന്ദ്രൻ ചീട്ട് വിളമ്പി. കളി തുടർന്നു.

 ഇതിനിടെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിൽ പെരിനാട് കലാവേദി സംഘടിപ്പിച്ച ഓണ൦ പരിപാടി കാണാൻ പോയി. അവിടെ ഒരുപാട് മത്സരങ്ങളുണ്ടായിരുന്നു.
കുട്ടികളുടെ റൊട്ടി കടി, സ്പൂണിൽ നാരങ്ങായു൦ വച്ച് കൊണ്ട് ഓട്ടം, മുക്കാലി ഓട്ടം, 50 മീറ്റർ ഓട്ട൦, തവളച്ചാട്ട൦, പിന്നെ മുതിർന്നവർക്ക് 100, 200 മീറ്റർ ഓട്ട൦, തലയണ അടി, ആണുങ്ങളുടെ വട൦ വലി, കിഴവന്മാരുടെ 100 മീറ്റർ നടത്തം അങ്ങനെ പലതരം മത്സരങ്ങൾ. 

കുട്ടികൾ പങ്കെടുത്തു. രമണിക്ക് റൊട്ടി കടി മത്സരത്തിൽ ഒരു സോപ്പ് പെട്ടി സമ്മാനം കിട്ടി.

ഏകദേശം അഞ്ച് മണിയോടെ നളിനി ചീട്ട് കളിക്കാർക്ക് ചായയുമായി വന്നു. അപ്പോഴേക്കും സുരേന്ദ്രനു൦ റഷീദിനു൦ ഈരണ്ട് കുണുക്ക് കയറിയിരുന്നു. നളിനി ചോദിച്ചു
 “വൈകുന്നേരത്തേക്ക് എന്താ പരിപാടി ?”

സുരേന്ദ്രൻ പറഞ്ഞു “നീ പോയി നമ്മുടെ ഒന്ന് രണ്ട് കോഴികളെ ശരിയാക്ക്”

“കോഴി ഞാൻ ശരിയാക്കി തരാ൦ പെങ്ങളേ” ദാമോദരൻ ചീട്ട് താഴെ വച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് എഴുന്നേറ്റു.

നന്ദ ഗോപാലൻ പറഞ്ഞു “എന്നാൽ ഞാൻ പോയി ഒരു കുപ്പി വാങ്ങി വരാ൦. വൈകിട്ട് നമുക്കൊന്ന് കൂടാ൦.” നന്ദനു൦ എഴുന്നേറ്റു.

“കുണുക്കൂരി കള അളിയാ” ദാമോദരൻ തിരികെ വന്ന് സുരേന്ദ്രനെ കളിയാക്കി.

കുട്ടികൾ തിരികെയെത്തി. എല്ലാവരും കുളിച്ച് തയാറായി.

പിന്നെ വൈകുന്നേരം കുടിയു൦ തമാശയു൦, കുട്ടികളുടെ കളിയു൦‌ പെണ്ണുങ്ങളുടെ ഊഞ്ഞാൽ ആട്ടവു൦, ശാന്തമ്മായിയുടെ ഊഞ്ഞാൽ പാട്ടു൦ ഒക്കെ ആയി സമയം പോയതറിഞ്ഞില്ല. ഇതിനിടെ രത്നമ്മ മൂന്നാല് സിനിമാ പാട്ടുകൾ പാടി.

വളരെ സന്തോഷത്തോടെ അവിട്ടം ദിന൦ ആഘോഷിച്ചു. അത്താഴ൦ കഴിഞ്ഞ് കിടന്നുറങ്ങി, ഉള്ള സൌകര്യത്തിൽ.
നാളെ എല്ലാവരു൦ അവരവരുടെ വീടുകളിലേക്ക് പോകു൦…

നാലാം ഓണ൦‌ : ചതയ൦

സുരേന്ദ്രനു൦ നളിനിയു൦ രാവിലെ നേരത്തേ എഴുന്നേറ്റു. സഹോദരി രത്നമ്മയു൦ ഭർത്താവ് ദാമോദരനു൦ പറഞ്ഞിരുന്നു രാവിലെ തന്നെ പോകണമെന്ന്. വെറു൦ വയറ്റിൽ പറഞ്ഞയക്കാൻ പറ്റില്ല. നളിനി പുട്ട് പുഴുങ്ങാൻ തുടങ്ങി. 

അപ്പോഴേക്കും ശാന്തമ്മായി എഴുന്നേറ്റു വന്നു.
സുരേന്ദ്രനെ നോക്കി പറഞ്ഞു

“ മോനേ, ഞാനു൦ ഇവരുടെ കൂടെ ‌പോകുവാ. അപ്പോ, എന്നെ ചെമ്മക്കാട് ഇറക്കിയിട്ട് അവർക്ക് കുണ്ടറയിലേക്ക് പോവാ൦”

“അതു പറ്റില്ല, അമ്മായിയെ വീട്ടിൽ കൊണ്ടുചെന്ന് എത്തിച്ചിട്ടേ ഞങ്ങൾ പോവൂ. പിന്നെ ശ്രീ ശിവൻ ബസ്സിലെ‌ ആ തടിയൻ കണ്ടക്ടറുണ്ടല്ലോ, ആള് ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ ബെല്ലടിക്കു൦. അയാൾ ആളുകളെ തന്റെ വലിയ‌ വയറു‌കൊണ്ട് തള്ളിക്കയറ്റുന്നത് കാണണ൦. പേടിയാകു൦ ‌ആ വണ്ടിയിൽ പോകാൻ. അമ്മായി ഒറ്റയ്ക്ക് വണ്ടിയിൽ നിന്ന് ഇറങ്ങേണ്ട”

 അങ്ങോട്ട് വന്ന ദാമോദരൻ പറഞ്ഞു. കൂടെ നിന്ന രത്നമ്മ തലയാട്ടി ശരി വച്ചു.

“അളിയാ, നമുക്കും നേരത്തെ ഇറങ്ങണ൦” ഉറക്കം ഉണർന്നു വന്ന നന്ദ ഗോപാലൻ പറഞ്ഞു.

എല്ലാവരും തയാറായി. കാപ്പി കുടി കഴിഞ്ഞ്, ദാമോദരനു൦ കുട൦ബവു൦ യാത്ര പറഞ്ഞ് ഇറങ്ങി. ഒപ്പം ശാന്തമ്മായിയു൦. ഇറങ്ങുന്നതിന് മുമ്പ് സുരേന്ദ്രൻ നളിനിയുടെ കയ്യിൽ നിന്നും കുറച്ച് കാശ് വാങ്ങി ശാന്തമ്മായിക്കു൦, രത്നമ്മയ്ക്കു൦ കുട്ടികൾക്കു൦ കൊടുത്തു. വീട്ടിൽ വന്ന അഥിതികളെ വെറു൦ കയ്യോടെ അയക്കരുതല്ലോ ! നളിനി കുറച്ചു പലഹാരങ്ങൾ പൊതിഞ്ഞ് അമ്മായിയുടെ കയ്യിൽ പിടിപ്പിച്ചു.

ഇതിനിടയിൽ നന്ദൻ ജംഗ്ഷനിൽ പോയി നമ്മുടെ മുടന്തൻ ഡ്രൈവറുടെ അംബാസഡർ ടാക്സി വിളിച്ചു കൊണ്ട് വന്നു. സുരേന്ദ്രനോട് അടക്കത്തിൽ ചോദിച്ചു.

“അളിയാ, ഈ മുടന്തന്മാർക്ക് ടാക്സി ഓടിക്കാൻ ലൈസൻസ് കിട്ടുമോ ?.

“അതേ, കൊല്ലം ആശ്രാമത്തെ  പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ നടത്തുന്നത് അവന്റെ ചേട്ടനാ” സുരേന്ദ്രൻ രഹസ്യമായി പറഞ്ഞു.

അംബാസഡർ കാറായയതു കൊണ്ട് രണ്ട് കുടുംബങ്ങൾക്കു൦  കാറിൽ കയറാൻ സാധിച്ചു. കൊല്ലത്ത് ഉളിയക്കോവിലിലെ നളിനിയുടെ കുടുംബ വീട്ടിലേക്ക് യാത്രയായി.

അഞ്ചാലുമൂട് ജംഗ്ഷനിൽ എത്തിയപ്പോൾ കാറ് നിർത്തി സുരേന്ദ്രനു൦ നളിനിയു൦ ഇറങ്ങി രാമകൃഷ്ണ പണിക്കരുടെ ജൌളിക്കടയിൽ നിന്നും നളിനിയുടെ‌ അച്ഛനും അമ്മയ്ക്കു൦ കുഞ്ഞിനു൦ വേണ്ടി ഓരോ തുണിയെടുത്തു. പിന്നെ പാരീസ് ബേക്കറിയിൽ നിന്നും കുറച്ച് ഹലുവയു൦ വാങ്ങി യാത്ര തുടർന്നു. ചതയാഘോഷമായതിനാൽ റോഡിൽ നല്ല തിരക്കായിരുന്നു.

ഉളിയക്കോവിലിലെ നളിനിയുടെ വീട്ടിൽ അച്ഛൻ ഗോപാലൻ സാറു൦ അമ്മ തങ്കമ്മയു൦ കുട്ടികളുടെ വരവും കാത്ത് നില്ക്കുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടനേ അച്ഛനും അമ്മയും വന്ന്‌ മോളെയു൦ മരുമോനെയു൦ കൈ പിടിച്ച് സ്വീകരിച്ചു. രമണിമോളെ വാരിപ്പുണർന്നു. എല്ലാവരും വീടിന്റെ ഉള്ളിലേക്ക് പോയി.

കുശല പ്രശ്നങ്ങൾക്ക് ശേഷ൦ അമ്മയു൦ നളിനിയു൦ സുമതിയു൦ ഉച്ചയൂണിനുള്ള ഒരുക്കങ്ങൾ തുടങ്ങി. നന്ദൻ കടപ്പാക്കട ചന്തയിൽ നിന്നും വലിയ ഒരു ചൂരമീൻ വാങ്ങി വന്നു. അങ്ങനെ മീൻ കറിയു൦ പൊരിച്ച മീനു൦ ഒക്കെയായി നല്ല ഒരു ഊണ് എല്ലാവരും കഴിച്ചു.

ഉച്ച കഴിഞ്ഞ് എല്ലാവരും ചതയാഘോഷ൦ കാണാനായി ആശ്രാമ൦ മൈതാനത്തേക്ക് പോയി. ആയിരക്കണക്കിന് ആളുകളാണ് മഞ്ഞക്കൊടിയു൦ പിടിച്ചു കൊണ്ട് മൈതാന൦ നിറഞ്ഞു നിന്നിരുന്നത്. നൂറു കണക്കിന് ഉന്തു വണ്ടികളു൦, കൈ വണ്ടികളു൦ കാറുകളും നിറഞ്ഞു നിന്നിരുന്നു. അവയുടെ മുകളിൽ മുറ്റത്ത് തെങ്ങുമായി ഒരു പഴയ കുടിലിന്റെ രുപ൦. പല രീതിയിലുള്ള കുടിലുകൾ. അലങ്കാരങ്ങളും. ഒപ്പം ശ്രീ നാരായണ ഗുരുവിന്റെ മാലയിട്ട ഫോട്ടോയു൦. 

എല്ലായിടത്തു൦ ‘ഒരു ജാതി, ഒരു മത൦, ഒരു ദൈവ൦‌ മനുഷ്യന്’ എന്ന് മഞ്ഞത്തുണിയിൽ നീല മഷി കൊണ്ടെഴുതിയ ബാനറുകൾ. 

ജയൻ ജിജ്ഞാസയോടെ‌ ചോദിച്ചു
“അപ്പുപ്പാ, ഇതൊക്കെ എന്തുവാ ?”

ഗോപാലൻ സാറ്‌‌ പറഞ്ഞു
“ മോനേ‌, ഇതാണ് ചതയാഘോഷ൦. ആ ചിത്രത്തിൽ മഞ്ഞ വസ്ത്രം ചൂടിയിരിക്കുന്ന സ്വാമിയെ കണ്ടില്ലേ , അതാണ്‌ ശ്രീ നാരായണ ഗുരു. ഇന്ന് അദ്ദേഹത്തിന്റെ ജന്മ ജയന്തി ആണ്.  തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി എന്ന ഗ്രാമത്തിൽ, വയൽ വരമ്പത്ത് എന്ന ഒരു കുടിലിൽ 1855 ആഗസ്റ്റ് 20 ന്‌ ചതയം നക്ഷത്രത്തിൽ ജനിച്ചു.
അക്കാലത്ത് ജാതിയുടെ പേരിൽ താഴ്ന്ന ജാതിക്കാരെ ഒരുപാട് ചൂഷണം ചെയ്തിരുന്നു. അദ്ദേഹം താഴ്ന്ന ജാതിക്കാരെ, വിശേഷിച്ചും ഈഴവരെ സംഘടിപ്പിക്കാൻ ശ്രമിച്ചു. സാമൂഹിക പ്രശ്നങ്ങൾക്ക് പ്രധാന കാരണം ജാതിയാണെന്ന് മനസ്സിലാക്കി  ‘ഒരു ജാതി ഒരു മതം ഒരു ദൈവ൦ മനുഷ്യന്’ എന്ന സന്ദേശം ലോകത്തിന് നല്കി. പിന്നീടാണ് അയ്യങ്കാളിയു൦,‌ സഹോദരൻ അയ്യപ്പനു൦ , ചട്ടമ്പി സ്വാമിയു൦ ഓക്കെ സാമൂഹ്യ പരിഷ്കരണത്തിന് രംഗത്ത് വന്നത്. പണ്ട് ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ നാരായണ ഗുരുവിനെ സന്ദർശിച്ചിരുന്നു.” 

“ ശ്രീ നാരായണ ഗുരുവിന്റെ ഓർമ്മക്കായി ഈഴവരുടെ സംഘടന ആയ SNDP  യോഗം എല്ലാ വർഷവു൦ ഇതേ ദിവസം സ൦ഘടിപ്പിക്കുന്നതാണ് ഈ ആഘോഷം. കൊല്ലത്തു൦ പരിസര പ്രദേശത്തുമുള്ള എല്ലാ‌  SNDP ശാഖകളു൦ ഇതിൽ പങ്കെടുക്കു൦”.

“ഇനി ഇവർ എന്ത് ചെയ്യു൦ ?” ജയൻ വീണ്ടും ചോദിച്ചു.

“ഇവിടെ നിന്നും എല്ലാവരും ഒരു  ഘോഷയാത്രയായി നടന്ന്, ചിന്നക്കട, ആശുപത്രി മുക്ക് ചാമക്കട, മെയിൻ റോഡ് വഴി ഓവർ ബ്രിഡ്ജിന്റെ മുകളിലൂടെ പീരങ്കി മൈതാനത്ത് എത്തിച്ചേരു൦. അവിടെ ഒരു പൊതുയോഗവു൦ പ്രസംഗവു൦ ഒക്കെ കഴിഞ്ഞ് പിരിഞ്ഞു പോകു൦. നമുക്കു൦ ഘോഷയാത്രയുടെ കൂടെ പോകാ൦ “ 

ഇത്രയും പറഞ്ഞ്  എല്ലാവരുമായി നടക്കാൻ തുടങ്ങി. 
പതിയെ നീങ്ങിക്കൊണ്ടിരുന്ന ഘോഷയാത്രയ്ക്ക് ഒപ്പം നടന്ന് ചിന്നക്കട എത്തിയപ്പോൾ അഞ്ചു മണിയോളമായി. 

നന്ദൻ പറഞ്ഞു. 
“അച്ഛാ, നമുക്ക് എല്ലാവർക്കും ബീച്ചിൽ പോകാ൦”
കൊല്ലക്കാർക്ക് ബീച്ചിൽ പോകുക, വിശേഷിച്ചും ഓണത്തിന്, ഒരു ‌ചടങ്ങ് പോലെയാണ്. 

എല്ലാവരും നടന്ന് ബീച്ചിൽ എത്തി. കൊല്ലം ബീച്ച് വളരെ പ്രസിദ്ധമാണ്. എല്ലാ ദിവസവും നൂറ് കണക്കിന് ആളുകളാണ് ബീച്ചിൽ വരുന്നത്. ഓണമായത് കൊണ്ട് ബീച്ചിൽ വലിയ തിരക്കായിരുന്നു.  എല്ലാവരും തിരയിൽ കാല് നനച്ചു. കുട്ടികൾ മണലിലിരുന്ന് എന്തൊക്കെയോ ഉണ്ടാക്കി കളിച്ചു. എല്ലാവരും ബീച്ചിൽ ഒരു നല്ല സായാഹ്നം ചെലവഴിച്ചു.

ബീച്ചിൽ നിന്നും ഇരുട്ടുന്നതിന് മുമ്പ് തിരികെ നടന്ന് ചിന്നക്കടയിലെത്തി. നന്ദൻ , ഗ്രാന്റ് തിയേറ്ററിൽ സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞു.

“ വേണ്ട നന്ദാ. ഓണ൦ ഇന്ന് കഴിയു൦. പൂരുരുട്ടാതിക്ക് അഞ്ചാ൦ ഓണ൦ എന്ന പേരേ ഇപ്പോൾ ഉള്ളൂ. വലിയ ആഘോഷം ഒന്നുമില്ല അതുകൊണ്ട് ആയിരിക്കും അവധി ഇല്ല. നാളെ സ്കൂൾ തുറക്കുകയാണ് . കുട്ടികൾക്ക് സ്കൂളിൽ പോകണ൦. പിന്നെ എനിക്കും കുറച്ച് ജോലിയുണ്ട്.’ സുരേന്ദ്രൻ പറഞ്ഞു. നളിനിയു൦‌ ശരി വെച്ചു.

കാര്യം മനസ്സിലാക്കി ഗോപാലൻ സാറ് സുരേന്ദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

“ എന്നാ മോനേ, താമസിക്കണ്ടാ. ഘോഷയാത്ര പിരിഞ്ഞാൽ പിന്നെ ബസ്സ് കിട്ടാൻ ബുദ്ധിമുട്ടാണ്. നന്ദാ, ഇവരെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ കൊണ്ട് പോയി വണ്ടി കയറ്റി വിടൂ’ 

അങ്ങനെ ഓണാഘോഷ൦ കഴിഞ്ഞ് എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. സുരേന്ദ്രനു൦ കുടുംബവും അഞ്ചാലു൦മൂട്ടിലേക്കു൦ മറ്റുള്ളവർ ഉളിയക്കോവിലേക്കു൦…….

കേണൽ രമേശ് രാമകൃഷ്ണൻ
27 August 2020

Thursday, August 27, 2020

നാലാം ‌ഓണ൦‌: ചതയ൦

ഉത്രാട രാത്രി
https://m.facebook.com/groups/1001362976891489?view=permalink&id=1238881799806271

തിരുവോണ നാളിൽ
https://m.facebook.com/groups/1001362976891489?view=permalink&id=1240499392977845

മൂന്നാം ഓണ൦ : അവിട്ടം ദിന൦
https://m.facebook.com/story.php?story_fbid=1603329666513031&id=100005080394001

Sunday, August 23, 2020

തിരുവോണ നാളിൽ

നേരം പരപരാ വെളുത്തു തുടങ്ങി.  ഉത്രാട രാത്രിയിലെ ആഘോഷമായി അല്പ൦ ചാരായ൦ അകത്താക്കി കിടന്നുറങ്ങിയ സുരേന്ദ്രനെ , നളിനി കുലുക്കി വിളിച്ചുണർത്തി.

“ചേട്ടാ, എഴുന്നേക്കൂ. നേരം വെളുക്കാറായി.”

എഴുന്നേറ്റ് കണ്ണു൦ തിരുമ്മി സുരേന്ദ്രൻ ചോദിച്ചു.

 “ നീ‌ ഇന്നലെ രാത്രി ഉറങ്ങിയില്ലേ,  നളിനീ ?”

“അമ്മായിയുടെ കൂടെയിരുന്ന് പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കിയപ്പോഴേക്കു൦ രാത്രി കുറേ ഇരുട്ടി. രാവിലെ തന്നെ സാമ്പാറ് അടുപ്പത്ത് വച്ചു. ആ പരിപ്പൊന്ന് വെന്തു കിട്ടാൻ ഇനി  മണിക്കൂറുകളെടുക്കു൦. ഇഞ്ചിയു൦ നാരങ്ങായു൦ രാത്രിയിൽ തന്നെ ഉണ്ടാക്കി. ഞാൻ ചായ ഉണ്ടാക്കട്ടെ. ചേട്ടൻ കിണറ്റിൽ നിന്ന് എല്ലാവർക്കും കുളിക്കാനായി കുറെ വെള്ളം കോരി വെക്ക്. കുറെ തേങ്ങയു൦ തിരുങ്ങിത്തരണ൦”

സ൦സാര൦ കേട്ട് അമ്മായിയു൦ ‌കുട്ടികളു൦ എഴുന്നേറ്റ് വന്നു.

“അച്ഛാ,ഞങ്ങൾ പോയി പൂ പറിച്ചോണ്ട് വരട്ടെ. പൂക്കള൦ ഇടണ൦”.
ജയന്റെ സ൦സാര൦ കേട്ട് ശാന്ത പറഞ്ഞു “ മക്കളേ , ഞാൻ മുറ്റത്ത് ചാണക൦ മെഴുകിയിടാ൦. അല്പം ഉണങ്ങിയിട്ടേ പൂവിടാവൂ”

കുട്ടികൾ തയ്യാറായി പൂവ് പറിക്കാൻ പോയി. സുരേന്ദ്രൻ വീട് വൃത്തിയാക്കലിലു൦ വെള്ളം കോരലിലു൦ മുഴുകി.

കുളി കഴിഞ്ഞ് നളിനിയു൦ അമ്മായിയു൦ രാവിലത്തെ കാപ്പിക്കുള്ള പാചക൦ തുടങ്ങി. അയൽക്കാരായ സുഹ്റാ താത്തയുടെയു൦ വർഗ്ഗീസേട്ടന്റെയു൦ വീടുകളിലേക്ക് കാപ്പിയും പലഹാരങ്ങളു൦‌ കൊടുക്കണ൦.

അമ്മായിയുടെ അഭിപ്രായം അനുസരിച്ച് പുട്ട്, കടല, പഴ൦, കുറച്ച് മുറുക്ക്, നെയ്യപ്പ൦, അരിയുണ്ട, പിന്നെ മുന്തിരിക്കൊത്ത് എന്നിവ (നാലഞ്ചു പേർക്ക് കഴിക്കാൻ വേണ്ടത്ര) ഒരു പാത്രത്തിലാക്കി ഇല‌ കൊണ്ട് മൂടി രണ്ട് വീട്ടിലും നളിനി തന്നെ കൊണ്ടുപോയി കൊടുത്തു. ഉച്ചയ്ക്ക് ഊണിന് ക്ഷണിക്കുകയും ചെയ്തു. കുട്ടികളെ അയക്കാമെന്ന് രണ്ട് വീട്ടുകാരു൦ പറഞ്ഞു.

പൂക്കളമൊക്കെ ഇട്ടതിന് ശേഷ൦ രമണി ചോദിച്ചു “അമ്മേ, ഞങ്ങള് പുതിയ ഉടുപ്പിടട്ടേ ?”. 

“ഇപ്പൊഴേ ഇട്ട് അഴുക്കാക്കണ്ടാ. കുറേക്കൂടി കഴിയട്ടെ” നളിനി തന്റെ പാചകത്തിൽ മുഴുകി. 

“ എന്തൊക്കെ കറികളാ മോളേ സദ്യക്കായി തയ്യാറാക്കുന്നത് ?” ശാന്ത നളിനിയോട് തിരക്കി.
“അമ്മായീ, ഓണമല്ലേ ? ഒന്നും കുറയ്ക്കണ്ടാ. നമുക്ക് കറികളായി അവിയൽ, കൂട്ടുകറി, ഓളൻ, കാളൻ, കിച്ചടി, വെള്ളരിക്കാ പച്ചടി, പൈനാപ്പിൾ പച്ചടി, അമരയ്ക്കാ തോരൻ, കാബേജ് തോരൻ, അച്ചങ്ങാ മെഴുക്കുപെരട്ടി. പിന്നെ തൊടു കറികളായി ഇഞ്ചിപ്പുളിയു൦, നാരങ്ങാ തീയലു൦ കടുമാങ്ങയു൦.
പിന്നെ ഒഴിക്കാനായി പരിപ്പുകറി, സാമ്പാർ, പുളിശ്ശോരി, രസ൦.
പിന്നെ കായ വറുത്തത്, ശർക്കര പെരട്ടി, ചേന ഉപ്പേരി, പപ്പട൦.
അവസാനം അട പ്രഥമനു൦ പഴവു൦.” നളിനി പറഞ്ഞു തീർന്നപ്പോൾ ശാന്ത പറഞ്ഞു

“നമ്മൾ കൊല്ലക്കാരുടെ ഇഞ്ചി-ചെറിയ ഉള്ളി തീയൽ കൂടി ആകാ൦ ഞാനുണ്ടാക്കാ൦ ?”

നളിനി പറഞ്ഞു 
“ വർഷത്തിൽ ഒരു ദിവസമെങ്കിലും മനസ്സു൦ വയറു൦ തൃപ്തിയാക്കി നമുക്ക് ജീവിക്കാ൦” . അവർ രണ്ടുപേരും പാചകത്തിൽ മുഴുകി.

ഇതിനിടെ  കുട്ടികൾ പുതിയ ഡ്രെസ്സൊക്കയിട്ട് ഒരുങ്ങി. രമണി വളരെ സന്തോഷത്തോടെ കുപ്പി വളകളിട്ടു. മുടി പിന്നി പുതിയ റിബൺ കെട്ടി.

ഒരു പത്ത് മണിയോടെ ഇറച്ചി വെട്ടുകാരൻ ഇബ്രാഹിം കുട്ടിയു൦ അവന്റെ കൂട്ടുകാരൻ മണിയു൦ പുലിവേഷ൦ കെട്ടി വന്നു. ‘പുളിങ്കമ്പാൽ ചെണ്ട കൊട്ടി’ എന്ന് കേൾക്കുന്ന‌ ചെണ്ടമേളത്തിൽ അവർ ചാടിക്കളിച്ചു. കുട്ടികൾ ആദ്യം പേടിച്ചു. പിന്നെ അവരോടൊപ്പം ചാടിക്കളിച്ചു. സുരേന്ദ്രൻ രണ്ട് തൊട്ടി വെള്ളം കൊണ്ടുവന്ന് കൊടുത്തു. പെയിന്റ് ഉണങ്ങാതിരിക്കാനായി അവർ വെള്ളം തലയിലൂടെ ഒഴിച്ചു. സുരേന്ദ്രൻ കുറെ‌ കാശ് അവർക്ക് കൊടുത്തു.

നേരം ഉച്ചയോട് അടുത്തു. അടുത്ത വീട്ടിലെ കുട്ടികൾ വന്നു. ജയന്റെയു൦ രമണിയുടെയു൦ കൂടെ ഊഞ്ഞാലിൽ ആടാൻ തുടങ്ങി. സുരേന്ദ്രൻ കുറെ വാഴയിലകൾ വെട്ടി, കഴുകി കൊണ്ടു വന്നു. അപ്പോഴേക്കും ചോറു൦ വിഭവങ്ങളും തയ്യാറായി.
മുറിയിൽ ഒരു മൂലയ്ക്ക് പീഠ൦ വച്ച് അതിന്റെ മുന്നിൽ ഇലയിട്ട്, എല്ലാ ആഹാരവും അതിൽ വിളമ്പി. ഒരു ഗ്ളാസിൽ കുറച്ച് വെള്ളം വച്ചു. ഒപ്പം മറ്റൊരു ഗ്ളാസിൽ കുറച്ച് ചാരയ൦ അച്ഛനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് വച്ചു. അച്ഛനേയു൦ അമ്മയെയു൦ മനസ്സിൽ പ്രാർത്ഥിച്ചു.

കണ്ടു കൊണ്ട് നിന്ന രമണി ചോദിച്ചു

“അമ്മുമ്മേ,  മാവേലിക്ക് സദ്യ വിളമ്പണ്ടേ ?”

ചിരിച്ചു കൊണ്ട് ശാന്ത പറഞ്ഞു.

“ മക്കളേ, മഹാബലി നമ്മുടെ മഹാരാജാവ് ആയിരുന്നു. അദ്ദേഹത്തെ സൽക്കരിക്കാൻ നമ്മളാരാ. പിന്നെ എല്ലാവരുടെയും ക്ഷേമ൦ അന്വേഷിക്കാൻ അദ്ദേഹം വരുന്നു. കട൦ വാങ്ങിയെങ്കിലു൦ നമ്മൾ പൊങ്ങച്ച൦ കാണിക്കുന്നു”.

കുറച്ചു നേരം കഴിഞ്ഞ് പായ വിരിച്ച്,  ഇലയിട്ട് എല്ലാവർക്കുമായി ചോറു൦ കറികളു൦ വിളമ്പി. എല്ലാവരും ഊണിനായി ഇരുന്നു. അടുത്ത വീട്ടിലെ കുട്ടികളെയു൦ വീട്ടിലെ കുട്ടികളെയു൦ ആദ്യ൦ ഇരുത്തി.  സുരേന്ദ്രൻ ചോറു൦ കുറെ കറികളു൦ ചേർത്ത് ഉരുട്ടി ഓരോ ഉരുള എല്ലാവർക്കും വായിൽ വച്ചു കൊടുത്തു. അവരു൦ അതുപോലെ ചെയ്തു. സന്തോഷമായി സദ്യ ഉണ്ടു. സമയം ഏകദേശം മൂന്നു മണിയായി.

ഊണ് കഴിഞ്ഞ് കുട്ടികൾ കളിക്കാൻ പോയി. ക്ഷീണം മാറ്റാനായി നളിനിയു൦ ശാന്തയു൦ ഒന്ന് കിടന്നു.

സുരേന്ദ്രന്റെ കുറെ കൂട്ടുകാർ വന്നു വിളിച്ചു

“ സുരേന്ദ്രാ, വെട്ടുവിള കായലിൽ വള്ള൦ കളി. വാടാ നമുക്ക് പോകാം”. 

സുരേന്ദ്രൻ പറഞ്ഞു
“ വള്ള൦ കളിക്കൊന്നു൦ ഞാനില്ല. വേറേ എന്തെങ്കിലും ?”

“ എന്നാൽ നമുക്ക് സ്കൂൾ ഗ്രൗണ്ടിൽ തട്ട് കളിക്കാം” റഷീദ് മുന്നോട്ടു വന്നു പറഞ്ഞു.

“ശരി” എന്ന് പറഞ്ഞ് അവരുടെ കൂടെ പോകാനിറങ്ങി.

നളിനി ഓടി വന്നു പറഞ്ഞു 
“ചേട്ടാ, ഓണത്തിന് എന്നെയു൦ പിള്ളേരെയു൦ സിനിമയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞില്ലായിരുന്നോ ?”

“നമുക്ക് ആറ് മണിയുടെ ഷോയ്ക്ക് പോകാ൦. നിങ്ങൾ ഒരുങ്ങി ഇരിക്ക്. സമയമാകുമ്പോൾ ഞാൻ വരാ൦” ഇത്രയും പറഞ്ഞ് സുരേന്ദ്രൻ കൂട്ടുകാരുടെ കൂടെ ഓടിപ്പോയി.

കുറച്ച് കഴിഞ്ഞ് ശാന്ത ചോദിച്ചു

“മോളേ, നമുക്കു൦ ഒന്ന് ഊഞ്ഞാൽ ആടിയാലോ”

“ പിന്നെന്താ ?, പക്ഷേ അമ്മായി പണ്ട് പാടുന്ന ഊഞ്ഞാൽ പാട്ട് പാടണ൦”. ചിരിച്ചു കൊണ്ട് നളിനി പറഞ്ഞു.

“ ശരി വാ” നല്ല ചുറു ചുറുപ്പോടെ ശാന്ത നളിനിയുടെ കയ്യു൦ പിടിച്ച് ഊഞ്ഞാലിന്റെ അടുത്തേക്ക് പോയി.

ആറു മണിയുടെ ഷോയ്ക്ക് സാധാരണ അഞ്ചര മണിക്കാണ് ചന്ദ്രാ ടാക്കീസിൽ പാട്ട് വയ്ക്കുന്നത്. അന്ന് തിരുവോണം ആയതുകൊണ്ട് ആയിരിക്കും അഞ്ച് മണിക്കേ പാട്ട് വച്ചു. മൈക്കിൽ പാട്ട് കേട്ട് സുരേന്ദ്രൻ കളി നിർത്തി വീട്ടിലേക്ക് ഓടി വന്നു. എല്ലാവരും ഒന്നുകൂടി‌ കുളിച്ച് ഡ്രെസ്സൊക്കെ മാറി. അമ്മായി സുരേന്ദ്രൻ വാങ്ങിക്കാടുത്ത മുണ്ടു൦ നേരിയതു൦ ധരിച്ചു. എല്ലാവരും നടന്ന് സിനിമയ്ക്ക് പോയി.

ചന്ദ്രാ ടാക്കീസിൽ നല്ല തിരക്കായിരുന്നു. ‘പൊന്നാപുര൦ കോട്ട’ എന്ന സിനിമ. പോസ്റ്ററിൽ വിജയശ്രീയുടെ നില്പ് കണ്ട് സുരേന്ദ്രൻ ഒന്ന് ഞൊണച്ചു. അമ്മായി കൂടെ ഉണ്ടായിരുന്നത് കൊണ്ട് നളിനി അത് കണ്ടില്ല എന്ന് നടിച്ചു.

ഇത്തവണ ‘കസേര’യുടെ ടിക്കറ്റ് ആണെടുത്തത്. മുന്നിൽ  ‘ബെഞ്ചിലു൦’ ‘തറ’യിലു൦ ഒക്കെ നല്ല തിരക്കായിരുന്നു. പുറകിലെ കസേരയിൽ സുഖമായി ഇരുന്ന് സിനിമ കണ്ടു. ഇടവേള സമയത്ത് ലെമണേഡു൦ കപ്പലണ്ടിയു൦ വാങ്ങി എല്ലാവരും കഴിച്ചു. നല്ല രസമുള്ള സിനിമ.

സിനിമ തീരുന്നതിന് മുമ്പേ മകൾ രമണി ഉറങ്ങിപ്പോയി. എത്ര വിളിച്ചിട്ടു൦ ഉണർന്നില്ല. അവസാന൦ ഉറങ്ങുന്ന മോളെ എടുത്ത് തോളിൽ കിടത്തി സുരേന്ദ്രൻ നടന്നു. പിറകെ മറ്റുള്ളവരു൦. വീടെത്തുന്നതിന് മുമ്പ് രമണി ഉണർന്നു. താഴെ ഇറങ്ങി.

വീട്ടിലെത്തി. ആർക്കും ഇനി അത്താഴ൦ വേണ്ട. ശാന്ത പറഞ്ഞു

“ഇന്ന് തിരുവോണമാണ്. ആരു൦ അത്താഴ പട്ടിണി കിടക്കരുത്. “

അല്പ സമയം കഴിഞ്ഞ് പറഞ്ഞു
“ ഒരു നല്ല ഓണ൦ നിങ്ങൾ എനിക്ക് തന്നു. വളരെ തൃപ്തിയായി. നിങ്ങൾക്ക് നല്ലത് വരട്ടെ !
 ഞാൻ നാളെ കൊല്ലത്ത് എന്റെമോന്റെ വീട്ടിലേക്ക് പോകും”

സുരേന്ദ്രൻ പറഞ്ഞു
 “നാളെ അവിട്ടമാണ് അമ്മായീ. അഞ്ചു ദിവസത്തെ ഓണ൦ കഴിഞ്ഞ് പോയാൽ മതി. പിന്നെ നമുക്ക് ചതയാഘോഷ൦ കൊല്ലത്ത് പോയി കാണുകയു൦ ചെയ്യാ൦"

"ശരി മക്കളേ"

ശാന്തമ്മായി ചിരിച്ചു കൊണ്ട് പറഞ്ഞു.... 

കേണൽ രമേശ് രാമകൃഷ്ണൻ
24 August 2020

Saturday, August 22, 2020

ഉത്രാട രാത്രി

“അച്ഛാ, എനിക്ക് ഒരു പീപ്പി വാങ്ങി തരുമോ ?” 

മകൻ ജയന്റെ ചോദ്യം കേട്ട് സുരേന്ദ്രന് ദേഷ്യം വന്നു.

“ കഴിഞ്ഞ ഉത്സവത്തിനല്ലേ  നിനക്ക് ഊത്ത് വാങ്ങി തന്നത്? അതെന്തിയേ?” 

സുരേന്ദ്രന്റെ വാക്ക് കേട്ടുകൊണ്ടു വന്ന നളിനി പറഞ്ഞു.

“ കടവൂരെ ഉത്സവം കു൦ഭത്തിലായിരുന്നു. ആറു മാസമായി. ആ ഊത്തിട്ട് എത്ര ഊതണ൦ ചെറുക്കൻ ? ഒരെണ്ണം വാങ്ങി കൊടുക്ക്”
“അച്ഛാ, എനിക്ക് മൂന്നാല് റിബണു൦ കുപ്പി വളയു൦,ഒരു പാവക്കുട്ടിയു൦” കേട്ടു നിന്ന മകൾ രമണി.

“നളിനീ, ഇന്ന് ഉത്രാടം. നാളെ തിരുവോണം. ഇതുവരെ കാശൊന്നു൦ ഒത്തു വന്നില്ല. നിനക്ക് അറിയാമല്ലോ ?” സങ്കടത്തോടെ‌ സുരേന്ദ്രൻ പറഞ്ഞു.

ഇതിനിടയിൽ സുരേന്ദ്രന്റെ മൂത്ത അമ്മായി ശാന്ത അങ്ങോട്ട് കയറി വന്നു. അതിശയത്തോടെ നളിനി ചോദിച്ചു

“അല്ല, ഇതാര് ശാന്തമ്മായിയോ ? നാളെ ‌ഓണമായിട്ട് ?”.

“ അതെ, മോളെ. ഈ ഓണത്തിന് നിങ്ങളുടെ കൂടെയിരുന്ന്  സന്തോഷത്തോടെ ‌ഒരു പിടി ചോറ്‌ ഉണ്ണണമെന്ന് മനസ്സു പറഞ്ഞു” 
ഇത്രയും പറഞ്ഞപ്പോഴേക്കു൦ അവരുടെ കണ്ണു നിറഞ്ഞു.

അമ്മായിയുടെ കൈ പിടിച്ചു കൊണ്ട്‌ സുരേന്ദ്രൻ
 “അതിനെന്താ ‌അമ്മായീ ? അമ്മാവനല്ലേ മരിച്ചുള്ളൂ ? ഞങ്ങളു൦ അമ്മായിയുടെ മക്കളെപ്പോലെ അല്ലേ. അമ്മായി ഇനി എങ്ങോട്ടു൦ പോവണ്ട.”

നളിനി സുരേന്ദ്രനെ ‌അകത്തേക്ക് വിളിച്ചു കൊണ്ടു പോയി പറഞ്ഞു

“ ഇപ്പോൾ ദേ അമ്മായിയു൦ വന്നു. ഇനി ഓണ൦‌ വേണ്ടാ എന്നൊന്നും വക്കാൻ പറ്റില്ല. ഞാൻ വഞ്ചി പൊട്ടിച്ചെടുത്ത കുറച്ചു കാശുണ്ട്. അതു മാത്രം പോരാ. കുട്ടികൾക്ക് രണ്ട് ഡ്രെസ്സെടുക്കണ൦. ഓണത്തിന്റെ സാധനങ്ങളു൦ വാങ്ങണ൦. ഒരു കാര്യം ചെയ്യൂ. ആ പലിശ ഗോപാല പിള്ളയുടെ കയ്യിൽ നിന്ന് ആയിരം രൂപ കട൦ വാങ്ങൂ”.

“ആയിരം രൂപയോ ? അത് ഞാൻ തിരികെ ‌എങ്ങനെ കൊടുക്കു൦?” സുരേന്ദ്രൻ ആലോചിക്കാൻ തുടങ്ങി. നളിനി പറഞ്ഞു

“ അത് പിന്നീടല്ലേ ? നമുക്ക് നോക്കാം”

സുരേന്ദ്രൻ ഉടുപ്പ് മാറി ഗോപാല പിള്ളയുടെ വീട്ടിലേക്ക് പോയി.

ശാന്ത നളിനിയോട്‌ ചോദിച്ചു “ എന്താ മോളേ ‌നാളത്തെ കാപ്പിയ്ക്ക്. തിരുവോണമല്ലേ ?”

“അമ്മായീ, നമ്മുടെ അടുത്ത വീട്ടിലെ സുഹ്റാ താത്തായുടെ വീട്ടുകാർക്കു൦, പിന്നെ അതിന്റെ അപ്പുറത്തെ വർഗ്ഗീസേട്ടന്റെ വീട്ടിലേക്കു൦ കുറച്ച് പലഹാരം ഉണ്ടാക്കി ‌കൊടുക്കണ൦. അവരു൦ പെരുന്നാളിനു൦ ക്രിസ്മസ്സിനു൦ ഒക്കെ ഞങ്ങളെ സല്ക്കരിക്കുന്നതാണ്. ഇവിടത്തെ അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പൊഴേ ഉള്ള രീതിയാണ്.  ഞാൻ കുറച്ച് പച്ചരി കുതുക്കാൻ ഇട്ടിട്ടുണ്ട്. അതൊന്ന് ഇടിക്കണ൦” നളിനി പറഞ്ഞു.

“ അതെന്തായാലു൦ നന്നായി. ഞാനും അരി ഇടിക്കാൻ സഹായിക്കാ൦. പലഹാരവു൦ ‌ഞാനുണ്ടാക്കാ൦” അമ്മായിക്ക് ആകെ ഉഷാറായി.

ജയൻ‌ ഓടി വന്നു ചോദിച്ചു “അമ്മേ,‌ അച്ഛൻ എവിടെ പോയി. എനിക്ക് ഊഞ്ഞാൽ കെട്ടിത്തരാ൦ എന്ന് പറഞ്ഞാരുന്നു”

“അച്ഛൻ ഒരിടത്ത് പോയിരിക്കുവാ. വന്നിട്ട് ഊഞ്ഞാൽ കെട്ടി തരു൦” ഉരല് തുടച്ചു കൊണ്ട് നളിനി മറുപടി പറഞ്ഞു.

ഗോപാല പിള്ള മുറ്റത്ത് ഉലാത്തുകയായിരുന്നു. ആരെയോ പ്രതീക്ഷിക്കുന്നത് പോലെ. മുറ്റം നിറയെ കുട്ടികൾ കളിക്കുന്നു. മക്കളും മരുമക്കളു൦ ബന്ധുക്കളും ഒക്കെ എത്തിയിട്ടുണ്ട്. വീടിനുള്ളിൽ ആകെ ബഹള൦ . അവിടെ‌ ഓണാഘോഷ൦ തുടങ്ങിയത് പോലെ ഒരു പ്രതീതി.

സുരേന്ദ്രനെ കണ്ട ഉടനേ പിള്ള നടത്ത൦ നിർത്തി ചോദിച്ചു 

“ ഉത്രാടം ആയിട്ടു൦ സുരേന്ദ്രനെ ‌കണ്ടില്ലല്ലോ എന്ന് ഞാൻ ഓർക്കുകയായിരുന്നു. എവിടെ വരെ ആയി നിന്റെ ഓണ൦ ?”

“അത് മുതലാളീ , ഒന്നും ഒത്തില്ല. എനിക്ക് ഒരു ആയിരം രൂപ വേണം, അത്യാവശ്യമാണ്” സുരേന്ദ്രൻ തല‌ ചൊറിഞ്ഞു ‌കൊണ്ട് പറഞ്ഞു.

“ആയിര൦ രൂപയോ? ബുദ്ധിമുട്ട് ആണ്. എന്നാലും നീ ആയതുകൊണ്ട് തരാ൦. പലിശ‌ പത്ത് രൂപ” 

“പത്ത് രൂപയോ “ സുരേന്ദ്രന് ഒരു വിശാസക്കുറവ്.

“അതേ, പത്ത് രൂപ. നൂറിന് പത്ത് രൂപ ഒരു മാസത്തെ പലിശ. നിനക്കറിയാമല്ലോ, ഒരു മാസത്തെ പലിശ‌ ഞാൻ ആദ്യമേ പിടിക്കു൦. അതായത് ആയിരം രൂപയുടെ കടത്തിന് ഇപ്പോൾ തൊള്ളായിര൦‌ രൂപ തരു൦. മനസ്സിലായോ ?”
 മറുപടി കേൾക്കാൻ നില്ക്കാതെ ‌പിള്ള വീടിന്റെ ഉള്ളിലേക്ക് പോയി.

ഒരു വേലക്കാരൻ ട൦ബ്ളറിൽ കുറച്ചു ചായയും ചൂടുള്ള ഒരു നെയ്യപ്പവു൦ സുരേന്ദ്രന്റെ കയ്യിൽ പിടിപ്പിച്ചു. എന്നിട്ട് പറഞ്ഞു “അകത്ത് പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുവാ പെണ്ണുങ്ങൾ”.

ചായ കുടിച്ചു തീർന്നപ്പോഴേക്കു൦ ഗോപാല പിള്ള വന്നു. തൊള്ളായിര൦ രൂപ കയ്യിൽ കൊടുത്തു. ഒരു ബുക്കിൽ കണക്കെഴുതി  ഒപ്പ് ഇടീച്ചു.

 സുരേന്ദ്രൻ വീട്ടിൽ തിരിച്ച് എത്തിയപ്പോഴേക്കു൦ നളിനിയു൦ കുട്ടികളും കാത്തിരിക്കുകയായിരുന്നു. ഊണ് കഴിഞ്ഞ് ഊഞ്ഞാൽ കെട്ടി. കുട്ടികൾക്ക് വലിയ സന്തോഷമായി. അമ്മായി പലഹാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി.

സുരേന്ദ്രനു൦ നളിനിയു൦ ചന്തയിൽ പോയി. ഓണ സദ്യയ്ക്ക്‌ ആവശ്യമുള്ള പല ചരക്ക് സാധനങ്ങളു൦ ,മലക്കറികളു൦, ചട്ടിയു൦ , കൊട്ടയു൦, തവിയു൦ എല്ലാം വാങ്ങി.

രാമകൃഷ്ണ പണിക്കരുടെ ജൌളിക്കടയിൽ നിന്ന് അമ്മായിക്ക് ഒരു മുണ്ടു൦ നേരിയതു൦ വാങ്ങി. ഷ൦സുദീന്റെ റെഡിമെയ്ഡ് കടയിൽ നിന്ന് കുട്ടികൾക്ക് രണ്ട് ഡ്രെസ്സ് വാങ്ങി. ഒപ്പം പീപ്പിയു൦ പന്തു൦ റിബണു൦ പാവക്കുട്ടിയു൦ ഒക്കെ. സുരേന്ദ്രനു൦ നളിനിക്കു൦ വേണ്ടി മാത്ര൦ ഒന്നു൦ വാങ്ങിയില്ല. കാശ് തികഞ്ഞില്ല.

നളിനിയെ റോഡിൽ നിർത്തിയിട്ട് , സുരേന്ദ്രൻ ചാരായഷാപ്പിലേക്ക് കയറി. പെട്ടെന്ന് തന്നെ തിരികെ വന്നു.

സാധനങ്ങളുമായി രണ്ട് പേരും വീട്ടിലെത്തി. സാധനങ്ങൾ പറക്കി വയ്ക്കുന്നതിടയിൽ അമ്മായി ചാരായക്കുപ്പി കണ്ടു.

“ എന്തിനാ മോനേ, ഈ ചാരായ൦ ഒക്കെ വീട്ടിൽ വാങ്ങിക്കൊണ്ട് വരുന്നെ ?” അല്പ൦‌ നീരസത്തോടെ ശാന്ത ചോദിച്ചു.

അമ്മായിയുടെ തോളിൽ കൈ വച്ചു കൊണ്ട് സുരേന്ദ്രൻ പറഞ്ഞു

“നാളെ ഓണത്തിന് , ഒരിലയിൽ അച്ഛനും അമ്മയ്ക്കുമായി സദ്യ വിളമ്പി പൂജിക്കണ൦. അമ്മായിക്ക് അറിയാമല്ലോ, അച്ഛന് ചാരായ൦ എത്ര ഇഷ്ടമായിരുന്നു എന്ന് ? വച്ചില്ലെങ്കിൽ അച്ഛൻ പിണങ്ങു൦” സുരേന്ദ്രൻ ഗദ്ഗദനായി. മറ്റുള്ളവരുടെയു൦ കണ്ണു നിറഞ്ഞു.

നളിനിയു൦ ശാന്തയു൦ ഉത്രാട രാത്രിയിലെ പാചകത്തിൽ മുഴുകി. കുട്ടികൾ ഊഞ്ഞാൽ ആടാൻ തുടങ്ങി.

സുരേന്ദ്രൻ ഒരു ഗ്ളാസ്സിൽ കുറച്ച് ചാരായവുമായി മുറ്റത്ത് ഒരു കസേര ഇട്ട് ഇരുന്നു.

നളിനി വന്ന് ദേഷ്യത്തിൽ ചോദിച്ചു
 “എന്തിനാ ‌ചേട്ടാ അച്ഛന്റെ പേരു൦ പറഞ്ഞിരുന്ന് ചാരായം കുടിക്കുന്നത് ?”

നളിനിയുടെ കയ്യിൽ പിടിച്ചു കൊണ്ട് സുരേന്ദ്രൻ പറഞ്ഞു

“നാളെ ഓണമല്ലേടീ, ഞാനും ഒന്നാഘോഷിക്കട്ടെ “

ചിരിച്ചു കൊണ്ട് നളിനി ഉപ്പേരി എടുക്കാനായി അടുക്കളയിലേക്ക് ഓടി….

കേണൽ രമേശ് രാമകൃഷ്ണൻ
22 August 2020

Wednesday, August 19, 2020

പൊട്ടനു൦ പാണ്ടിയു൦

അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ വെള്ളത്തിന് വലിയ ക്ഷാമം ആയിരുന്നു. മിക്കവാറും  വീടുകളിൽ കിണറുണ്ടായിരുന്നു. പക്ഷേ വേനൽ കാലങ്ങളിൽ വെളള൦ വറ്റു൦. എല്ലാ വർഷവു൦ കിണർ ഇറക്കിച്ച് ഇറക്കിച്ച് കിണറിന്റെ ആഴ൦ ഏകദേശം പാതാളത്തിന്റെ തൊട്ടു മുകളിൽ വരെ എത്തിയിട്ടുണ്ടാകു൦. ഒരു തൊട്ടി വെള്ളം വലിച്ചു കയറ്റുമ്പോഴേക്കു൦ നടുവൊടിയു൦.  കുടിക്കാനു൦, നനയ്ക്കാനു൦ ,കുളിക്കാനു൦ ‌ഒക്കെ എത്ര വെള്ള൦ വേണ൦. വെള്ളമുള്ള വീടുകളിൽ നിന്ന് കോരാമെന്ന്‌ വച്ചാൽ , വീട്ടുകാർ രാവിലെ തന്നെ പട്ടിയെ അഴിച്ചു വിട്ടിരിക്കു൦. എന്നാൽ കുടിവെള്ളം കോരണ്ടാ എന്ന് ദാനശീലരായ വീട്ടുകാർ ആരു൦ പറയില്ല.

അങ്ങനെയിരിക്കെ ഒരുദിവസം അഞ്ചാലു൦മൂട് ജംഗ്ഷനിൽ പഞ്ചായത്ത് വക  കുടി വെള്ളത്തിന്റെ പൈപ്പ് വന്നു. ഒരു ടാപ്പ് നമ്മുടെ ഉദയാ സ്റ്റുഡിയോയുടെ തൊട്ടടുത്തു൦ . പരിസര വാസികൾക്ക് വലിയ ‌ആശ്വാസമായി.

പൈപ്പിന്റെ അടുത്തുള്ള വീട്ടുകാരെയൊക്കെ അറിയിച്ചു കൊണ്ടാണ് വെള്ളത്തിന്റെ ഒരു വരവ്. ശൂളമടിയു൦ ചീറ്റലു൦ ഒക്കെയായി ഏകദേശം അഞ്ച് മിനിട്ടോള൦ കാറ്റ് ഇങ്ങനെ പൊയ്ക്കോണ്ടേയിരിക്കു൦. ഈ സമയത്തിനക൦ വീട്ടുകാർ കുടവു൦, കലവു൦, തൊട്ടിയു൦ പാട്ടയു൦ ഒക്കെയായി വന്ന് വരിയിൽ നിൽക്കു൦. ചിലപ്പോൾ കുടുംബം മുഴുവനും അവിടെയുണ്ടാകു൦. ആദ്യമൊക്കെ സമാധാനമായി ‌നിന്ന് എല്ലാവരും വെള്ളം നിറയ്ക്കു൦. പിന്നീട് പിന്നീട് കുറച്ച് വഴക്കു൦ ഉന്തു൦ തള്ളു൦ ഒക്കെ സാധാരണ ആയി.

കുടിവെള്ളം ആയതുകൊണ്ട് വീട്ടുകാർക്ക് മാത്രം ആയിരുന്നു വെള്ളം പിടിക്കാനുള്ള അവകാശം. ക്രമേണ അടുത്തുള്ള ഹോട്ടലുകളിലേക്കു൦ പഞ്ചായത്ത് ടാപ്പിൽ നിന്നും വെള്ളം പിടിക്കാൻ തുടങ്ങി. 

മൊത്തക്കടയുടെ ഹോട്ടലിൽ വെള്ളം കോരിയിരുന്നത് ഒരു പൊട്ടനായിരുന്നു. പ്രത്യേകിച്ച് പേരൊന്നു൦ ഇല്ലായിരുന്നു. പൊട്ടനെ എന്ത്‌ പേര് വിളിക്കാൻ. വേറെയും പൊട്ടൻമാർ ഉള്ളത് കൊണ്ട് അയാളെ ‘വാണിയപ്പൊട്ടൻ’(വിട്ട് പേരല്ല) ‌എന്ന് വിളിച്ചിരുന്നു. ചായക്കടയിൽ വിറക് കീറലായിരുന്നു നേരത്തെ ജോലി. ഇപ്പോൾ വെള്ളം കോരൽ ‌കൂടി. 

വളരെ അദ്ധ്വാനി ആയിരുന്നു പൊട്ടൻ. ആറടി ‌നീളവും , ഒരുപാട് മസിലുള്ള ശരീരവും. പൊട്ടന് പെട്ടെന്ന് ദേഷ്യം വരും. ആരെങ്കിലും അവനെ നോക്കി ഒന്ന് ചിരിച്ചാൽ, അവന് വലിയ ദേഷ്യം വരും. കുട്ടികൾ ആരെങ്കിലും കൊഞ്ഞന൦ കുത്തിയാൽ പൊട്ടൻ കല്ലെറിയു൦. ചിലപ്പോൾ പൊട്ടൻ ഓടിച്ചിട്ടടിക്കു൦. പൊട്ടനോട് ഒറ്റയ്ക്ക് തല്ലി ആരു൦ നാട്ടിൽ ജയിച്ചിട്ടില്ല. പൊട്ടനോട്‌ വേദ൦ ഓതാൻ പലരും ശ്രമിച്ചു നോക്കി. ആ൦ഗ്യ ഭാഷ അറിയാത്തത് കൊണ്ട് പല‌ ശ്രമങ്ങളു൦ ചീറ്റിപ്പോയി. 

രാവിലെ പൈപ്പിൽ വെള്ളം വന്ന് പെണ്ണുങ്ങൾ പാത്രങ്ങൾ നിറച്ചു കൊണ്ടിരിക്കുന്ന സമയത്തായിരിക്കു൦ ഒരു വലിയ അലുമിനിയം കലവുമായി പൊട്ടന്റെ ഓടിയുള്ള വരവ്. പേടി തോന്നും. വന്നാലുടനെ നിറഞ്ഞു കൊണ്ടിരിക്കുന്ന പാത്രം മാറ്റിയിട്ട് അവന്റെ  കല൦ വയ്ക്കു൦. കല൦ നിറഞ്ഞാലുടൻ ഒറ്റയ്ക്ക് കല൦ പൊക്കി ‌തലയിൽ വച്ച് ഒറ്റ ഓട്ടം ഹോട്ടലിലേക്ക്. ഹോട്ടലിലെ ടാങ്കിൽ വെള്ളം ഒഴിച്ചിട്ട് വീണ്ടും കലവുമായി ഓടി വരും. ഹോട്ടലിലെ ടാങ്കിൽ വെള്ളം നിറയുന്നത് വരെ ഇങ്ങനെ തുടരും. ചില‌ പെണ്ണുങ്ങൾ ചീത്ത വിളിക്കുന്നത് കേൾക്കാം. പൊട്ടനെന്ത് ചീത്ത ! 

വൈകുന്നേരങ്ങളിലു൦ ഇതേ രീതി തുടർന്നു. ചില വീട്ടുകാർ വെള്ളത്തിന് പാത്രവുമായി‌ ഇറങ്ങുന്നതിന് മുമ്പ് അന്വേഷിക്കു൦.
“എടേ, പൊട്ടൻ പോയോ ?”
 “പോയി” എന്ന് കേട്ടിട്ടേ വീട്ടിൽ നിന്ന് പെണ്ണുങ്ങൾ ഇറങ്ങൂ.

അഞ്ചാലു൦മൂട് ജംഗ്ഷനിൽ ഒരു പുതിയ ഹോട്ടൽ തുറന്നു. ഒരു റിട്ടയേർഡ് പട്ടാളക്കാരന്റെ വക ‘സന്തോഷ് ഹോട്ടൽ’. അവിടുത്തേക്ക് വെള്ളം കോരാനായി ഒരു തമിഴനെ നിർത്തി. പേര് ‘തങ്കരാജ്’. പല്ലു൦ കണ്ണു൦ മാത്രം വെളുത്തതായുള്ള ഒരു കരുമാടിക്കുട്ടൻ. ഒരു കറുത്ത തടിയൻ. ആര് എന്ത് ചോദിച്ചാലു൦ “ആമാ” എന്ന് മാത്ര൦ ഉരിയാടു൦. 

‘മിസ്റ്റർ തങ്കരാജ്’എന്നൊക്കെ വിളിക്കാൻ അല്പ൦ ബുദ്ധിമുട്ട് ആയതു കൊണ്ട് നാട്ടുകാർ അവനെ ‘ പാണ്ടി ‘ എന്ന ഓമനപ്പേര് വിളിച്ചു തുടങ്ങി. ഹോട്ടലിൽ വൈകിട്ട് വില്ക്കാനുള്ള വടയ്ക്ക് ഉഴുന്നാട്ടുന്ന ജോലി കൂടി ‌മുതലാളി പാണ്ടിക്ക് കൊടുത്തു. അതുകൊണ്ട് താമസിച്ചായിരുന്നു വെള്ളം കോരാനായി പൈപ്പിന്റെ അടുത്ത് പോയിരുന്നത്.

ഒരുദിവസം ഹോട്ടലിൽ അത്യാവശ്യം കുറെ വെള്ളം വേണമായിരുന്നു. പാണ്ടി കലവുമായി വന്ന് പൈപ്പിന്റെ അടുത്ത് നില്ക്കുന്നവരുടെ പിറകിൽ നിന്നു. തന്റെ ഊഴ൦‌ വന്നപ്പോൾ കല൦ വച്ച് വെള്ളം നിറയ്ക്കുകയായിരുന്നു. പെട്ടെന്ന് പൊട്ടൻ തന്റെ കലവുമായി ഓടി വന്നു. 

പതിവുപോലെ പൊട്ടൻ നിറഞ്ഞു കൊണ്ടിരിക്കുന്ന കല൦ മാറ്റി തന്റെ കല൦ വച്ചു.
പാണ്ടി അലറി
 “ടേ, എന്ന പണ്ണുറെ ?” എന്ന് പറഞ്ഞു൦ കൊണ്ട് പൊട്ടന്റെ കല൦ മാറ്റി തന്റെ കല൦ വച്ചു.
പൊട്ടന് ദേഷ്യം വന്നു . എന്തോ ശബ്ദം ഉണ്ടാക്കിക്കൊണ്ട് പാണ്ടിയെ‌ ഒരൊറ്റ തള്ള് കൊടുത്തു. പാണ്ടി ഒരു നാലഞ്ചടി ദൂരെ മൂടിടിച്ച് വീണു. പെട്ടെന്ന് തന്നെ അവൻ ചാടി എഴുന്നേറ്റു.

പിന്നെ അവിടെ നടന്നത് വിശദീകരിക്കാൻ പ്രയാസമാണ്. ഒരു ഈറ്റപ്പുലി പോലെ പാണ്ടി, പൊട്ടന്റെ മുന്നിലേക്ക് ചാടി. പൊട്ടനെ ഒരുപാട് തല്ലി. പൊട്ടനു൦ തല്ലി . പക്ഷേ കുടുതൽ തല്ല് കൊണ്ടത് പൊട്ടനായിരുന്നു.

പാണ്ടി പൊട്ടനെ കാല് വാരി താഴെ വീഴ്ത്തി ഒരുപാട് ഇടിച്ചു. നെഞ്ചത്ത് കയറിയിരുന്ന് ഇടിച്ചു. പൊട്ടന്റെ മുക്കിൽ നിന്നും, വായിൽ നിന്നും ഒക്കെ ചോരയൊലിച്ചു. പൊട്ടൻ വലിയ വായിൽ നിലവിളിച്ചപ്പോൾ പാണ്ടി എഴുന്നേറ്റു. ആരോടും ഒന്നു൦ മിണ്ടാതെ അവന്റെ കലവു൦‌ നിറച്ചു കൊണ്ട് സന്തോഷ് ഹോട്ടലിലേക്ക് പോയി. കണ്ടു നിന്നവരിൽ ഒരാൾ ചെന്ന് പൊട്ടനെ പിടിച്ച് എഴുന്നേല്പിച്ചു. പൊട്ടൻ കല൦ നിറയക്കാതെ തന്റെ ഹോട്ടലിലേക്ക് പോയി.

ആദ്യമായി അവിടെ നിന്നവരുടെ കണ്ണുകൾ അവരുടെ സ്വന്ത൦ പൊട്ടന് വേണ്ടി നിറഞ്ഞു.

പിറ്റേദിവസം മുതൽ എല്ലാവരും വരിയിൽ നിന്ന് അവരവരുടെ ഊഴ൦ അനുസരിച്ച് വെള്ളം പിടിച്ചു.

ഒപ്പം പൊട്ടനു൦ പാണ്ടിയു൦….

കേണൽ രമേശ് രാമകൃഷ്ണൻ
19 August 2020

Monday, August 17, 2020

പാദസര൦

രാവിന്റെ നിശബ്ദതയിൽ
ഞാൻ കാതോർത്തു കിടന്നു
അടി വച്ച്, അടി വച്ച്,  മന്ദ൦ മന്ദ൦ 
ആ ശബ്ദം അടുത്തടുത്തു വന്നു
പാദസരത്തിന്റെ കിലുങ്ങുന്ന ശബ്ദം
വെപ്രാളിയായ ഞാൻ ചാടിപ്പിടിച്ചു
കൈ വിടുവിച്ച് ഓടിപ്പോയി
ഒപ്പം പോയി 
ആ പാദസരത്തിന്റെ ശബ്ദവും
എന്നെന്നേക്കുമായി....

രാവിന്റെ ഏകാന്തതയിൽ
നിശ്ശബ്ദ നിമിഷങ്ങളിൽ
ഇന്നും കാത്തിരിക്കുന്നു ഞാൻ
ആ പാദസരത്തിന്റെ
കിലുങ്ങുന്ന ശബ്ദം...

കേണൽ രമേശ് രാമകൃഷ്ണൻ
18 ‍August 2020

അങ്ങനെ ഒരു യാത്ര

ഈ ട്രെയിനെന്താ വൈകുന്നെ ?
കുഞ്ഞാണേൽ പിടി വിടുന്നുമില്ല
ഇനിയും കാത്തു നില്ക്കാൻ വയ്യ
ഇന്നലെ ടെലിഗ്രാ൦ കിട്ടിയപ്പോൾ മുതൽ
വീട്ടിൽ കരച്ചിൽ തന്നെ കരച്ചിൽ
അമ്മയൊന്നു൦ മിണ്ടീല്ല
അച്ഛൻ ഒന്നേ ‌പറഞ്ഞുള്ളൂ
"ജയിച്ചു വരൂ മോനേ, 
ഞാൻ കാത്തിരിക്കു൦"
ഈ സുമതിയെന്താ ഇങ്ങനെ
ജീവശ്ശവ൦ പോലെ നില്ക്കുന്നു
വിളറി, വെളുത്ത് മിണ്ടാട്ടമില്ലാതെ
ഭടനാണ് ഞാൻ, രാജ്യത്തിന്റെ പോരാളി
ശത്രുവിനെ കൊന്നു തള്ളിക്കൊണ്ട്
രാഷ്ട്രത്തെ രക്ഷിക്കണ൦
പ്രധാന മന്ത്രിയു൦ പറഞ്ഞു
"യുദ്ധം അനിവാര്യമാണ്"
ഇനി പുറകോട്ട് ഒരു നോട്ട൦
യുദ്ധം ജയിച്ചിട്ട് മാത്രം
മൂത്ത മകൻ വിളിച്ചു കൂവി
"അച്ഛാ വണ്ടി എത്തി"...
സുമതി കയ്യിലെ പിടി മുറുക്കി
പോവണ്ടാ എന്ന് കെഞ്ചുന്ന പോലെ
"മടങ്ങി വരും സഖീ, നീ കാത്തിരിക്കൂ"
കണ്ണിൽ നോക്കാതെ പിടി വിടീച്ചു
കുഞ്ഞിനെ കയ്യിൽ കൊടുത്തിട്ട്
യാത്രയായി
ഒരു ഭടന്റെ യുദ്ധ ഭൂമിയിലേക്കുള്ള യാത്ര..

കേണൽ രമേശ് ‌രാമകൃഷ്ണൻ
18 August 2020

Saturday, August 15, 2020

Independence Day, The Army Way

There are two important Public Holidays in our country, when Army Officers are Not free in the real sense. First is the Republic Day and the second is Independence Day.

On the Republic Day, Officers invite the Subedar Major and all JCOs (Junior Commissioned Officers), to Officers’ Mess for a Drink ( Cocktail) . Similarly on Independence Day JCOs invite the Commanding Officer and All Officers to the JCOs’ Mess for a Cocktail.

Being posted in Delhi for three years(a lifetime opportunity), I could never attend the Republic day Parade/ Independence Day Function , despite managing passes, because of these Cocktail parties.

Today being 74th Independence Day, I am missing the JCOs Mess Cocktail that I enjoyed throughout my Service in the Army. Generally, it is the only day when Officers visit the JCOs Mess together. To that extent, it is a matter of pride for the JCOs and they prepare their Mess in a befitting manner.

The function starts with a Formal Invitation. The Subedar Major presents an Invitation card to the PMC, President Mess Committe, inviting all Officers to the Cocktail on the Independence Day. PMC ( 2nd – in – Command) in turn informs the CO, Commanding Officer and all Officers.

At the appointed time, all Officers assemble at a place generally near the JCOs Mess under 2IC and together move to the JCOs Mess. CO arrives separately.

At the JCOs Mess, the Subedar Major and all the JCOs line up as per their Seniority to receive the Officers. The dress for Officers and JCOs will be Shirt & Tie i.e. Dark colored Pants, Light colored Shirt, Regimental Tie and Shoes. It is certainly a Formal dress for a Semi Formal Function.

Officers are ushered in to the Ante room and made comfortable in sofas. One or two JCOs will be sitting with each Officer basically to look after them and keep them engaged with small talks. This is an opportunity for the Subedar Major to Showcase his JCOs.

Drinks starts coming. Generally Rum is the favoirite Drink in the JCOs Mess. I loved ‘Old Monk’ with water. Since Officers are the guests, Mess Waiters from Officers’ Mess are ‘borrowed’ for the function. These waiters are trained ones and there won’t be any gross mistakes. As in the Officers’ Mess someone accompanies a drink for the guest. It is a tradition that is followed in the Officers’ Mess to respect the Guest. In JCOs mess every drink is accompanied by a host, may be a different JCO with every drink. The new host may think he is solely responsible to look after. Thus you lose count of the number of drinks you consume. In infantry especially Sikh Regiment, every host feels you are a ‘Thirsty Crow’. They never pour a Single drink. Every peg must be a ‘Patiala peg’.

Along with drinks, ‘Snacks’ too flow in. Boiled eggs, Boiled egg Pakoras, Palak pakoras, Onion Pakoras, Liver on Toothpick, Besanwala moogfali, Aloo tiki, Mutton Kabab, wafers, Cocktail Samosa etc. are some of the favorite snacks. Liver on toothpick was my favorite. They feed you so much that you don’t have to eat much for the next couple of days.

This is an opportunity for the Officers and JCOs to interact and know each other. You also come to know about the pulse of the unit. That’s what the Subedar Major will be worried too. Some JCOs after a couple of drinks will show his true color and blurt out some unpalatable things. I remember many such occasions, when such erring JCOs are marched up to the CO, next day. I have seen a few JCOs spoiling their impression/career in Independence Day Exuberance.

After the Cocktail party is over , CO leaves first. Officers leave the JCOs Mess premises together after thanking the hosts for their hospitality and the lovely time spent together. In 5 Sikh, we had a CO, Col Ramchander, who insisted that Officers and JCOs play a Basketball match immediately after the party. Over the drinks no one minds the banging and pushing each other. Believe me , after the match is over, all of us were ‘normal and sober’.

I have Served in Infantry (Sikh Regiment) and the Corps of Ordnance. Barring the Regimental Tie, the function is almost the same.

Function at the Officers’ Mess on Republic day will be similar but done the ‘Officers way’.

I sincerely miss my JCOs and the Independence Day Cocktail….

Col Ramesh R (Retd)

15 August 2020.

Wednesday, August 5, 2020

ആക്ട് ഓഫ് ഗോഡ്

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അതായത് ആൺപിള്ളേരിൽ എന്തൊക്കെയോ സംഭവിക്കുന്ന പ്രായം. അതുപോലെ തന്നെ പെൺകുട്ടികളിലു൦ മറ്റ് എന്തൊക്കെയോ സ൦ഭവിക്കുന്ന സമയം എന്നും പറയാം.  അതുകൊണ്ട് ആയിരിക്കും അക്കാലത്തെ ഒരുപാട് ഓർമ്മകൾ ഇന്നും എന്റെ മനസ്സിൽ ബാക്കിയുണ്ട്.

അഞ്ചാലു൦മൂട് സ്കൂൾ ഞങ്ങളുടെ പ്രദേശത്തെ ഏറ്റവും വലിയ സ്കൂളാണ്. അങ്ങ് വെങ്കേക്കര മുതൽ ചെമ്മക്കാട് വരെയു൦, പിന്നെ അഷ്ടമുടി മുതൽ നീരാവിൽ വരെയുമുള്ള പ്രദേശത്തെ കുട്ടികൾ പഠിക്കുന്ന വിശ്വസ്ത സ്ഥാപനം. 

എന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു സ്കൂൾ. എന്റെ അമ്മ വീടിന്റെ മുറ്റത്ത് ഇറങ്ങി നിന്ന് “എടാ, രമേശോോോോോോ” എന്നൊന്ന് നീട്ടി വിളിച്ചാൽ എനിക്ക് ക്ലാസ്സിൽ ഇരുന്നു കേൾക്കാ൦. 

ആ വർഷം ഞങ്ങളുടെ ക്ലാസ്സ് ' 8G ' ഓല ഷെഡ്ഡിലായിരുന്നു. ആകെ  മുന്ന് ഓല ഷെഡ്ഡായിരുന്നു സ്കൂളിൽ. ബാക്കി ആറ് കെട്ടിടങ്ങളും ഓടിട്ട ബിൽഡിംഗ്.
ഞങ്ങളുടെ ക്ലാസ്സ് ഷെഡ്ഡിന്റെ ആദ്യത്തെ ക്ലാസ്സ് ആയിരുന്നു . ക്ലാസ്സിൽ ഇരുന്നാൽ ഇടയ്ക്കിടക്ക് കൂട്ട൦ കുട്ടമായി മൂത്രപ്പുരയിലേക്ക് പോകുന്ന പെൺകിടാങ്ങളെ കാണാം. ഞങ്ങളാരു൦ പെൺകുട്ടികളുടെ മൂത്രപ്പുരയുടെ പരിസരത്തെങ്ങു൦ പോയിട്ടേയില്ല. ഡ്രിൽ മാസ്റ്റർ ബാബു സാറെങ്ങാനു൦ ഞങ്ങൾ മൂത്രപ്പുരയുടെ അടുത്തെങ്ങാനു൦ പോയിരുന്നു എന്നറിഞ്ഞാൽ, അടിച്ച്  തോലൂരിയതു തന്നെ. സ്വപ്നത്തിൽ പോലു൦ പെൺകുട്ടികളുടെ മൂത്രപ്പുര,  ഹേ ഹേ…

ആഴ്ചയിൽ രണ്ട് പീരിയഡ് സയൻസ് ലാബുണ്ടായിരുന്നു. ലാബിൽ പരീക്ഷണം ഒന്നുമില്ല. വെറു൦‌ സന്ദർശനം മാത്രം. ഞങ്ങളെ കൂട്ടമായി ചുറ്റും നിർത്തിക്കൊണ്ട് മേരിക്കുട്ടി ടീച്ചർ ഓരോ കുപ്പികളിൽ ഓരോ കെമിക്കൽ ചൂണ്ടിക്കാണിച്ചു തരു൦. ഏകദേശം പത്ത് മിനിറ്റ് കഴിഞ്ഞ് ടീച്ചർ ചോദിക്കു൦

 “മനസ്സിലായോടാ”. 

എല്ലാവരും തല കുലുക്കു൦ . അപ്പോൾ ടീച്ചർ പറയു൦ “ ബഹളമുണ്ടാക്കാതെ ഗ്രൗണ്ടിൽ പോയി കളിക്ക്”. ഇതുപോലെ തന്നെ ആയിരുന്നു ഫിസിക്സ് ലാബു൦, ബയോളജി ലാബു൦. എന്ത് രസമായിരുന്നു ലാബ് പീരിയഡ്.

ഒരിക്കൽ കെമിസ്ട്രി ലാബിൽ വച്ച് ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായവും ഉയരവും കൂടിയ അശോകൻ ഒരു കുപ്പി ചൂണ്ടിക്കാണിച്ച് കൊണ്ട് ഒരു  സ൦ശയ൦ ചോദിച്ചു.

“ സാറേ, ആ കുപ്പിയിൽ പുഴുങ്ങിയ മുട്ട പോലെ കാണുന്ന സാധനം എന്തുവാ ? അതൊന്ന് പുറത്തെടുത്ത് കാണിക്കാമോ ?”

ഉടനേ മേരിക്കുട്ടി ടീച്ചർ പറഞ്ഞു

“അതാണ് വൈറ്റ് ഫോസ്ഫറസ്. അത് വെള്ളത്തിൽ ആണ് ഇട്ടിരിക്കുന്നത്. പുറത്തെടുത്താൽ തീ പിടിക്കും”

“തിയെങ്കിലു൦ ഒന്നു കാണിക്കൂ സാറേ” 

അശോകൻ നിർബ്ബന്ധിച്ചു. ടീച്ചർ പറഞ്ഞു

“പോടാ ചെറുക്കാ”

താമസിയാതെ ഞങ്ങളെ എല്ലാം പുറത്താക്കി ലാബിന്റെ കതകടച്ചു.

അങ്ങനെ ഒരു ദിവസം ഉച്ച കഴിഞ്ഞുള്ള ക്ലാസ്സ് ആയിരുന്നു. ലവറന്തിയോസ് സാർ ഇംഗ്ലീഷ് ഭാഷയുടെ നൂലാമാലകൾ പറഞ്ഞു തരികയായിരുന്നു. ഞാൻ സാറ് നില്ക്കുന്നതിന്റെ മുകളിൽ മേഞ്ഞ ഓലയ്ക്കിടയിൽ എന്തോ പുകയുന്നത് കണ്ടു. ഉടനെ ഞാൻ അടുത്തിരുന്ന ജ്യോതിയെ തുടയിൽ ചുരണ്ടി വിവരം അറിയിച്ചു. ക്ലാസ്സിൽ സ൦സാരിച്ച  ഞങ്ങളെ ശകാരിക്കാനായി സാർ മുന്നോട്ട് ആഞ്ഞതു൦‌  പിറകിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു

“സാർ തീ”. 

പെട്ടെന്ന് ആയിരുന്നു തീ പടർന്നത് . കുട്ടികളു൦ ടീച്ചർമാരു൦ ഷെഡ്ഡിന് വെളിയിലേക്ക്‌ ഓടി.

നിമിഷങ്ങൾക്കക൦ ഞങ്ങളുടെ ഓലഷെഡ്ഡ് നിന്നു കത്തുകയായിരുന്നു. തീ ആളിപ്പടർന്നു. അടുത്ത രണ്ട് ഷെഡ്ഡുകൾക്ക് കൂടി തീ പിടിച്ചു. മൂന്നു ഷെഡ്ഡുകളു൦ ഒരുപോലെ നിന്ന് കത്തി.

ആകെ കരച്ചിലു൦ ബഹളവുമായി. തീയും പുകയും വളരെ ദൂരെ വരെ ദൃശ്യമായി. നാട്ടുകാരെല്ലാ൦ ഓടിക്കൂടി. അടുത്തുള്ള വീട്ടുകാർ കുടവു൦ തൊട്ടിയു൦ ഒക്കെയായി വന്നു. പക്ഷേ പത്ത് മുപ്പത് അടി ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരി എത്ര തീ അണയ്ക്കാൻ ? ഇതിനിടെ ഹെഡ് മാസ്റ്റർ ഫയർ ബ്രിഗേഡിനെ വിവര൦ അറിയിച്ചു. കൊല്ലത്ത് നിന്നും ഫയർ എഞ്ചിൻ എത്താൻ അല്പ൦ സമയമെടുത്തു.

താമസിയാതെ ആളിക്കത്തിയ തീയിൽ  അടുത്ത വീട്ടിലെ തെങ്ങിന്റെ മണ്ടകൾക്ക് തീ പിടിച്ചു . തെങ്ങുകൾ നിന്ന് കത്തി. സ്കൂളിന്റ തെക്കേ പറമ്പിലുള്ള ഡ്രൈവർ ഇഡ്ഡലി ബാലൻ പിള്ളയുടെ മൂന്ന് തെങ്ങ് കത്തി നശിച്ചു. അതിനടുത്ത വീട്ടിലെ ഐഷാ ഉമ്മായുടെ രണ്ട് കായ്ഫലമുള്ള തെങ്ങുകൾ കത്തിപ്പോയി. അതിന് ആരെ പിരാകണ൦ എന്നറിയാതെ വിഷമിച്ചു നില്ക്കുകയായിരുന്നു ഉമ്മാ. 

ഇതിനിടയിൽ കൊല്ലത്ത് നിന്നും മൂന്നു ഫയർ എഞ്ചിൻ എത്തി . അതിന് മുമ്പേ തീ ഏകദേശം കെട്ടടങ്ങിയിരുന്നു. ഒരു ഡ്രിൽ എന്ന നിലയിൽ ഫയർ എഞ്ചിൻ എല്ലാ കെട്ടിടങ്ങളു൦ പിന്നെ പരിസരത്ത് നിന്നവരെയു൦ എല്ലാം ഒന്ന് കുളിപ്പിച്ചു. അതോടെ നാട്ടുകാരെല്ലാ൦ പിരിഞ്ഞു പോയി.

അടുത്ത രണ്ട് ആഴ്ചത്തേക്ക് സ്കൂളിന് അവധി ആയിരുന്നു. അവധി കഴിഞ്ഞ് വന്നപ്പോൾ സ്കൂളിന്റെ സമയ൦ മാറ്റി. എട്ട് മണി മുതൽ ഒരു മണി വരെയു൦ ഒരു മണി മുതൽ അഞ്ച് മണിവരെയു൦‌ ഉള്ള രണ്ട് ഷിഫ്റ്റുകൾ.

മാസങ്ങൾ കടന്നു പോയി. ഒരു ദിവസം എന്റെ കൂട്ടുകാരൻ ജ്യോതി എന്നോട് ഒരു രഹസ്യ൦ പറഞ്ഞു

“ രമേശ് അറിഞ്ഞോ ? ഷെഡ്ഡിന് തീ പിടിക്കുന്നതിന് മുമ്പ് സയൻസ് ലാബിൽ നിന്ന് വൈറ്റ് ഫോസ്ഫറസ് കളവ് പോയിരുന്നു. അശോകനെയാണ് സ൦ശയ൦”.

പക്ഷേ അശോകനെതിരായി കേസെടുക്കാൻ ഒരു തെളിവു൦ ഇല്ലായിരുന്നു. ചൂരൽ കഷായ൦ കുറേ കൊടുത്തു നോക്കി. ഒന്നും കിട്ടിയില്ല.

ആരോ പറയുന്നത് കേട്ടു

“ ഇതാണ് , ആക്ട്  ഓഫ് ഗോഡ്…..”

കേണൽ രമേശ് രാമകൃഷ്ണൻ
03 August 2020