Tuesday, December 28, 2021

സർക്കാരിനടിച്ച ലോട്ടറി



“ സരിതേ, നീ ഇഡ്ഡലി വിളമ്പ്. ദേ അച്ഛൻ വന്നിരിക്കുന്നു”.

വീടിന്റെ മുറ്റത്തേക്ക് കയറിവന്ന ശങ്കരക്കുറുപ്പിനെ കണ്ടയുടനെ ഇളയമകൻ രാജസേനൻ അടുക്കളയിലേക്ക് നോക്കി ഭാര്യ സരിതയോട് പറഞ്ഞു.

“ എനിക്ക് ഇഡ്ഡലിയൊന്നും വേണ്ടാ”

മുറ്റത്ത് കാലിലെ ചെരുപ്പ് ഊരിയിട്ടിട്ട് വരാന്തയിലേക്ക് കയറുന്നതിനിടയിൽ കുറുപ്പ് പറഞ്ഞു.

“എന്നാപ്പിന്നെ നീ പഴങ്കഞ്ഞി വിളമ്പ്. ഒപ്പം ഇന്നലത്തെ വറുത്ത മീൻ കൂടി എടുത്തോളൂ. അച്ഛന് അതാണിഷ്ടം.”

രാജസേനൻ അച്ഛന്റെ കയ്യിൽ നിന്നും കുട വാങ്ങി മേശപ്പുറത്ത് വെച്ച ശേഷം പറഞ്ഞു.

“ പറഞ്ഞില്ലേ എനിക്ക് ഒന്നും വേണ്ടാ” 

കുറുപ്പ് തന്റെ നീരസം പ്രകടിപ്പിച്ചു. മകനും ഭാര്യയും കുട്ടികളും താമസിക്കുന്ന ഈ വീട് കുറുപ്പ് തന്നെ ഉണ്ടാക്കി കൊടുത്തതാണ്. എങ്കിലും സാധാരണയായി ഇങ്ങോട്ട് വരാറില്ല. എന്തെങ്കിലും അത്യാവശ്യം വന്നാൽ മാത്രമേ മക്കളുടെ വീട്ടിൽ അയാൾ പോകാറുള്ളൂ. അതൊരു വാശി പോലെയാണ് കുറുപ്പിന്.

“ എന്താണ് അച്ഛാ വന്നത് ? വിശേഷിച്ച് എന്തെങ്കിലും ?” 

വെറുതെയെങ്കിലും ഒരു ജിജ്ഞാസ രാജസേനൻ പ്രകടിപ്പിച്ചു. 
സരിത കൊടുത്ത വെള്ളം വാങ്ങി കുടിച്ചതിന് ശേഷം ശങ്കരക്കുറുപ്പ് പറഞ്ഞു

“ മോനേ, ഒരത്ത്യാവശ്യമുണ്ട്. അല്ലെങ്കിൽ ഇത്രയും ദൂരം ബസ്സിൽ യാത്ര ചെയ്ത് ഞാൻ വരില്ലല്ലോ ?”

അയാൾ മുണ്ടിന്റെ തുമ്പ് കൊണ്ട് മുഖമൊന്നു തുടച്ചു. എന്നിട്ട് തുടർന്നു.

“ മോനേ, അതായത്, എന്റെ സ്വത്തുക്കളെല്ലാം നിനക്കും രാജേന്ദ്രനുമായി വീതിച്ചു തന്നല്ലോ. കുടുംബവീടും അത് നില്ക്കുന്ന പത്ത് സെന്റ് സ്ഥലവും സ്ത്രീധനമായി കൊടുത്തു കൊണ്ടാണല്ലോ നിന്റെ ഇളയ പെങ്ങൾ രാജിയെ കെട്ടിച്ചയച്ചത് ?. അന്ന് നിങ്ങൾ രണ്ടു പേരും ആളായി നിന്നെന്നല്ലാതെ പണമായോ, സ്വർണ്ണമായോ എന്നെ ഒന്നും സഹായിച്ചില്ല. അപ്പോൽ വിവാഹച്ചെലവിനും സ്വർണം വാങ്ങാനുമായി ഞാൻ ഒരു പത്തു ലക്ഷം രൂപ ചിട്ടിക്കാരൻ സുന്ദരേശന്റെ കയ്യിൽ നിന്നും വാങ്ങിയ കാര്യം പറഞ്ഞിരുന്നല്ലോ ? മാസഗഡുക്കളായി കൊടുത്തു തീർക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷേ അഞ്ചാറ് മാസമായി അതു മുടങ്ങി. സുന്ദരേശൻ എനിക്ക് ഇരിക്കപ്പൊറുതി തരുന്നില്ല. പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ കേസിന് പോകുമത്രേ. അതുകൊണ്ട് നീ എന്നെയൊന്നു സഹായിക്കണം”.

“ എന്താ അച്ഛാ ഈ പറയുന്നത് ? അന്നേ ഞാൻ പറഞ്ഞതാണ്, ഇത്രയും സ്ത്രീധനം കൊടുത്ത് രാജിയെ കെട്ടിക്കണ്ടാന്ന്”. 

രാജസേനൻ എഴുന്നേറ്റു. എന്നിട്ട് തുടർന്നു.

“എന്റെ കയ്യിൽ കാശൊന്നും ഇല്ല. ഇവിടത്തെ കാര്യങ്ങൾ ഞാൻ എങ്ങനെയാണ് നടത്തിക്കൊണ്ട് പോകുന്നുവെന്ന് സരിതയോട് ചോദിക്ക്.”

“അപ്പോ രാജിയെ കല്യാണം കഴിച്ച് അയക്കണ്ടായിരുന്നു എന്നാണോ നീ പറയുന്നത് ?”

 കുറുപ്പിന് ദേഷ്യം വന്നു.

“എന്നാലച്ഛൻ അവളോട് പറ, പത്തു ലക്ഷം കൊടുക്കാൻ. വീടും പരിസരവും പിന്നെ ഇത്രയും സ്വർണ്ണവും എല്ലാം അവൾക്കല്ലേ കൊടുത്തത് ?” 

രാജസേനൻ തർക്കിച്ചു.

“ എന്താടാ പറഞ്ഞത് ? എന്റെ മോളോട് ഞാൻ കാശ് ചോദിക്കാനോ?”

കുറുപ്പ് ദേഷ്യത്തോടെ ചോദിച്ചു.

“ വേണ്ടാ, ചോദിക്കണ്ടാ. പക്ഷേ എന്റെ കയ്യിൽ നിന്നും ചില്ലിക്കാശ് അച്ഛൻ പ്രതീക്ഷിക്കണ്ട. എന്തേ, മൂത്ത മകനോട് ചോദിക്കാതെ ഇങ്ങോട്ട് വന്നത് ? അയാൾക്കല്ലേ മുന്തിയ ഓഹരി കൊടുത്തത് ?” 

രാജസേനൻ കയർത്തു.

“അവന്റെ അടുത്തൂന്നാ ഞാൻ ഇങ്ങോട്ട് വന്നത്. വെളുപ്പിനെ ഞാൻ അവന്റെ വീട്ടിൽ പോയിരുന്നു. ഒരു സഹായവും ചെയ്യാൻ പറ്റില്ല എന്ന് അവനും തീർത്തും പറഞ്ഞു.”

കുറുപ്പ് കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്നു. അല്പസമയം കഴിഞ്ഞ് രാജസേനൻ പറഞ്ഞു

“ എന്തായാലും അച്ഛൻ ഇവിടെ വന്ന സ്ഥിതിക്ക് ഊണ് കഴിഞ്ഞ് പോയാൽ മതി”

ഒന്നും മിണ്ടാതെ ശങ്കരക്കുറുപ്പ് എഴുന്നേറ്റ് മേശപ്പുറത്തിരുന്ന കുടയെടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി. രാജസേനന്റെ നാലു വയസ്സുള്ള മകൻ ഓടിവന്ന് കയ്യിൽ പിടിച്ചു. കുട്ടിയെ ഒന്ന് തലോടിയിട്ട് കുറുപ്പ് റോഡിലേക്കിറങ്ങി.

“ ഇനിയിപ്പോ എന്താ ചെയ്ക ?” 

അയാൾ ആരോടെന്നില്ലാതെ ചോദിച്ചു. തലയ്ക്ക് ഒരു പെരുപ്പ് പോലെ തോന്നി. ജംഗ്ഷനിൽ കണ്ട ഒരു ചായക്കടയിൽ നിന്ന് ഒരു ചായയ്ക്ക് ഓർഡർ ചെയ്തു.
ചായ കുടിക്കുന്നതിനിടയിൽ വയസ്സായ ഒരു ലോട്ടറി ടിക്കറ്റ് വില്പനക്കാരൻ അടുത്ത് വന്നു പറഞ്ഞു

“സാറേ, ഒരു ലോട്ടറി ടിക്കറ്റ് എടുക്കൂ. രാവിലെ മുതൽ ആരും ഒരു ടിക്കറ്റ് പോലും വാങ്ങിയില്ല. പ്ളീസ്”

“ ഏയ്, എനിക്ക് ലോട്ടറി ടിക്കറ്റ് വേണ്ടാ. വേണമെങ്കിൽ ഒരു ചായ വാങ്ങി കുടിച്ചോളൂ. പൈസ ഞാൻ കൊടുക്കാം” 

കുറുപ്പ് ചായയുടെ ഗ്ളാസ് മേശപ്പുറത്ത് വച്ചു കൊണ്ട് പറഞ്ഞു.

“ എനിക്ക് ചായ വേണ്ട സാറേ. എന്തോ എന്റെ മനസ്സ് പറയുന്നു, സാറിന് ഈ ലോട്ടറി അടിക്കുമെന്ന്”

അയാൾ പിറകെ നടന്നു  ശല്യപ്പെടുത്തിയപ്പോൾ കുറുപ്പ് ചോദിച്ചു

“ എന്താ ഒരു ടിക്കറ്റിന്റെ വില ?”

“ മുന്നൂറ് രൂപ” അയാൾ പറഞ്ഞു.
“ ഏ ? മുന്നൂറു  രൂപയോ ?” 

കുറുപ്പ് അതിശയം പ്രകടിപ്പിച്ചു.

“ സാറേ, ഇതൊരു ബംബർ ലോട്ടറി യാണ്. ഒന്നാം സമ്മാനം പത്തു കോടി രൂപ. വേറെയുമുണ്ട് സമ്മാനങ്ങൾ. ഇത് അടിച്ചു കഴിഞ്ഞാൽ സാറിന്റെ എല്ലാ പ്രശ്നങ്ങളും തീരും. വാങ്ങിക്കൂ സാറേ” 

അയാൾ ഒരു ടിക്കറ്റ് കീറാൻ തുടങ്ങി.

“വാങ്ങിക്ക് കുറുപ്പേ” 

ഒരു അശരീരി കേട്ടതു പോലെ തോന്നി ശങ്കരക്കുറുപ്പിന്. പിന്നീട് ഒന്നും മിണ്ടാതെ പേഴ്സിൽ നിന്നും മുന്നൂറ് രൂപ എടുത്തു കൊടുത്തു. ലോട്ടറി ടിക്കറ്റ് വാങ്ങി പേഴ്സിൽ വച്ചു. 

താമസിയാതെ അഞ്ചാലുംമൂട്ടിലേക്കുള്ള ബസ്സ് വന്നു. ശങ്കരക്കുറുപ്പ് അതിൽ കയറി ഇരുന്നു. മനസ്സ് തന്റെ പഴയകാല ജീവിതത്തിലേക്ക് പോയി.

ദിവാകരക്കുറുപ്പ്, ശങ്കരക്കുറുപ്പിന്റെ അച്ഛൻ കൊല്ലം താലൂക്ക് ഓഫീസിൽ ഒരു ക്ളാർക്കായിരുന്നു. അങ്ങ് കായംകുളത്തായിരുന്നു വീട്. ഒരു വലിയ തറവാട്ടിലെ അംഗമായിരുന്നു. കൊല്ലത്ത് നിന്നും ദിവസവും കായങ്കുളത്ത് പോയിവരുന്നത് ബുദ്ധിമുട്ട് ആയതിനാൽ അഞ്ചാലുംമൂട്ടിൽ ഒരു പഴയ വീടും പുരയിടവും വാങ്ങി കുടുംബസമേതം താമസം തുടങ്ങി. ഭാര്യയും ഒറ്റ മകനായ ശങ്കരനുമൊത്ത്. ഒരു പിശുക്കനായിരുന്ന ദിവാകരക്കുറുപ്പ് കുറെ സ്വത്തുക്കൾ വാങ്ങിക്കൂട്ടി. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കാലശേഷം അതെല്ലാം ശങ്കരക്കുറുപ്പിന് കിട്ടി. ഇതിനിടയിൽ ദിവാകരക്കുറുപ്പ് ജീവിച്ചിരിക്കുമ്പോൾ തന്നെ മകന്റെ വിവാഹം നടത്തിക്കൊടുത്തു. കായംകുളത്ത് നിന്നു തന്നെ. സുഭാഷിണി എന്ന ഒരു കൊച്ചു സുന്ദരിയുമായി. 

പഠിത്തത്തിൽ ശങ്കരക്കുറുപ്പ് മോശമായിരുന്നു. കഷ്ടിച്ച് പാസാകും. അത്ര തന്നെ. അതുകൊണ്ട് സർക്കാർ ജോലിയൊന്നും ശങ്കരക്കുറുപ്പിന് കിട്ടിയില്ല. ഒരു പലചരക്ക് കട തുറന്നു ജീവിതമാർഗ്ഗം കണ്ടെത്തി. ഇതിനിടയിൽ രാജേന്ദ്രൻ, രാജസേനൻ എന്ന രണ്ട് ആൺകുട്ടികളും രാജി എന്ന മകളും ജനിച്ചു.

കാലം കടന്നു പോയി. മക്കളെല്ലാം വളർന്നു വലുതായി. അവർ പഠിക്കാൻ മിടുക്കരായിരുന്നു.  രണ്ട് ആൺമക്കൾക്കും സർക്കാർ ജോലി കിട്ടുകയും ചെയ്തു. ആൺമക്കളുടെ വിവാഹം നല്ല രീതിയിൽ നടത്തിക്കൊടുത്തു.
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുന്നതിന് മുമ്പ് അവർക്ക് അവരുടെ ഓഹരി കിട്ടണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ശങ്കരക്കുറുപ്പിന് സമ്മതമല്ലായിരുന്നു. ഭാര്യക്കും. കാര്യങ്ങൾ വഷളാകും എന്ന് ബോധ്യം വന്നപ്പോൾ ഭാഗം വയ്ക്കാൻ തന്നെ തീരുമാനിച്ചു. സുഭാഷിണി മാത്രം ആ തീരുമാനത്തെ എതിർത്തു. അപ്പോൽ രാജിയുടെ വിവാഹപ്രായം കഴിഞ്ഞെങ്കിലും വിവാഹം നടക്കാതെ നിൽക്കുന്ന സമയമായിരുന്നു. രാജിക്ക് ചൊവ്വാദോഷം ഒരു ശാപമായി തോന്നിയ സമയം. അങ്ങനെ അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാഗം വയ്ക്കൽ നടന്നു. കുണ്ടറയിലെ വസ്തു മൂത്ത മകൻ രാജേന്ദ്രനും, ചെമ്മക്കാട്ടെ പുരയിടം ഇളയമകൻ രാജസേനനും താമസിക്കുന്ന അഞ്ചാലുംമൂട്ടിലെ വീടും പുരയിടവും കുറുപ്പിന്റെയും ഭാര്യയുടെയും മരണശേഷം മകൾ രാജിക്ക് പൂർണ്ണ അവകാശമായി രേഖപ്പെടുത്തി പ്രമാണം ചെയ്തു.

ഭാഗം വെപ്പ് കഴിഞ്ഞതിന് പിന്നാലെ ആൺമക്കൾ രണ്ടു പേരും അവരുടെ കുടുംബങ്ങളും അവരവരുടെ ഓഹരിയിലേക്ക് മാറി താമസം തുടങ്ങി. വീടിനായുള്ള സഹായം കുറുപ്പ് ചെയ്തുകൊടുത്തു. കുറുപ്പും ഭാര്യയും മകളും കുടുംബവീട്ടിൽ താമസമാക്കി.

ഏകദേശം രണ്ടു വർഷം അങ്ങനെ കടന്നുപോയി. ഇതിനിടെ പല ആലോചനകളും രാജിക്ക് വന്നു. ചൊവ്വാദോഷം മൂലം ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെ ചെങ്ങന്നൂരിൽ നിന്നും ഒരു നല്ല ബന്ധം വന്നു. എല്ലാം യോജിച്ചത്. നല്ല രീതിയിൽ കല്യാണം നടത്തിത്തന്നാൽ മതി എന്ന് മാത്രം അവർ ആവശ്യപ്പെട്ടു. പയ്യന് നാട്ടിൽ കൃഷിപ്പണി.

കല്യാണച്ചെലവിനും സ്വർണം വാങ്ങാനുമായി ഒരു സഹായവും ആൺമക്കളിൽ നിന്നും കുറുപ്പിന് കിട്ടിയില്ല. അവസാനം പത്തു ലക്ഷം രൂപയുടെ ചിട്ടിക്ക് ചേർന്ന് ഉടനെ പണം കൈപ്പറ്റി. പലചരക്ക് കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ചിട്ടിയുടെ ഗഡുക്കൾ  മാസം തോറും അടയ്ക്കാമെന്നുള്ള പ്രതീക്ഷയിൽ.

“ നല്ല ഒരു ബന്ധമാണച്ഛാ”

എന്ന് മാത്രം രാജി പറഞ്ഞു. അതോടെ അവളുടെ മനസ്സ് കുറുപ്പിന് മനസ്സിലായി. രാജിക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങൾ വാങ്ങി, നല്ല രീതിയിൽ വിവാഹം നടത്തിക്കൊടുത്തു.

ബസ്സ് അഞ്ചാലുംമൂട് ജംഗ്ഷനിലെത്തി. ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു വരുന്ന കുറുപ്പിനെ കണ്ടപ്പൊഴേ സുഭാഷിണിക്ക് കാര്യം മനസ്സിലായി. അവർ ചോദിച്ചു

“ആൺമക്കൾ കൈമലർത്തി കാണിച്ചു, അല്ലേ?. ഞാൻ പറഞ്ഞില്ലായിരുന്നോ പോകേണ്ടെന്ന്. എനിക്കറിയാം അവന്മാരെ. ഞാൻ പെറ്റു വളർത്തിയതല്ലേ! “

“ങ്ഹാ” 

എന്ന് മാത്രം മൂളി ശങ്കരക്കുറുപ്പ്. വസ്ത്രം മാറിക്കഴിഞ്ഞ് പേഴ്സിൽ നിന്നും ലോട്ടറി ടിക്കറ്റെടുത്ത് സുഭാഷിണി യുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു

“എടേ, ഇത് സൂക്ഷിച്ചു വച്ചോണേ”

“ഇതെന്ന് തുടങ്ങി ലോട്ടറി ടിക്കറ്റെടുപ്പ്?” 

സുഭാഷിണി അതിശയം പ്രകടിപ്പിച്ചു.
ഒരു നിശ്വാസത്തോടെ കുറുപ്പ് പറഞ്ഞു

“ ഒരാൾ അടിച്ചേൽപ്പിച്ചതാ. ഇരിക്കട്ടെ”

ദിവസങ്ങൾ കടന്നുപോയി. ഒരുദിവസം പത്രം വായിക്കുന്നതിനിടയിൽ ശങ്കരക്കുറുപ്പ് ലോട്ടറിയുടെ ഫലപ്രഖ്യാപനം കണ്ട് ഭാര്യയെ വിളിച്ചു പറഞ്ഞു

“എടേ, ആ ലോട്ടറി ടിക്കറ്റിങ്ങെടുത്തേ” 

സുഭാഷിണി ടിക്കറ്റ് കൊണ്ടുവന്ന് കയ്യിൽ കൊടുത്തു. കുറുപ്പ് ടിക്കറ്റിന്റെ നമ്പർ ഫലവുമായി ഒത്തുനോക്കി. കണ്ണുകളിൽ ഇരുട്ടു പടർന്നു. ഒരു കറണ്ട് ശരീരത്തിലൂടെ കടന്നുപോയി. മുഖഭാവം കണ്ട് സുഭാഷിണി ചോദിച്ചു

“എന്തേ, എന്തുപറ്റി ?”

സംയമനം കിട്ടിയതിന് ശേഷം കുറുപ്പ് പറഞ്ഞു.

“എടേ, നമുക്ക് ബംബർ സമ്മാനം. പത്തു കോടി രൂപ.”

സുഭാഷിണി കസേരയിൽ ഇരുന്നു. കണ്ണടച്ച് കുറെ നേരം അങ്ങനെ ഇരുന്നു. ആരോടൊക്കെയോ നന്ദി പറയുന്നതുപോലെ. കുറുപ്പിന്റെ കണ്ണുകൾ നിറഞ്ഞു. മനസ്സാ ഈശ്വരന് നന്ദി പറഞ്ഞു.
കണ്ണ് തുറന്ന് സുഭാഷിണി പറഞ്ഞു

“ചേട്ടാ, നമ്മുടെ പ്രശ്നങ്ങൾ എല്ലാം തീരും. ഇനി കുടുംബസമേതം സുഖമായി ജീവിക്കാം”

കുറുപ്പ് ഒന്നും തന്നെ മറുപടി പറഞ്ഞില്ല. തലയൊന്ന് കുലുക്കി.

പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് ലോട്ടറി ഡിപ്പാർട്ട്മെന്റ് ഓഫീസിലേക്ക് യാത്ര ഇറങ്ങുന്നതിന് മുമ്പ് ഭാര്യയെ വിളിച്ചു പറഞ്ഞു

“ലോട്ടറി അടിച്ചു എന്ന വിവരം താനിപ്പോൾ ആരോടും പറയണ്ടാ. ഞാൻ തിരിച്ചു വരാൻ ചിലപ്പോൾ മൂന്നാല് ദിവസം എടുത്തേക്കും. വിഷമിക്കരുത്.  നമ്മുടെ റേഷൻ കാർഡ്, പാൻ കാർഡ്, ആധാർ കാർഡ്, ബാങ്കിന്റെ പാസ്ബുക്ക് അങ്ങനെയുള്ള രേഖകൾ എല്ലാം എടുത്തിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഞാൻ തിരിച്ചു വരും. കാശ് കിട്ടിയാൽ ആദ്യം തന്നെ ചിട്ടിക്കാരൻ സുന്ദരേശന്റെ കടം തീർക്കണം. ബാക്കി ഞാൻ വന്നിട്ട് പറയാം”

ആറ് ദിവസം കഴിഞ്ഞ് ശങ്കരക്കുറുപ്പ് തിരികെയെത്തി. സുഭാഷിണി ഒരു ആലിംഗനത്തോടെ ഭർത്താവിനെ സ്വീകരിച്ച് സോഫയിൽ ഇരുത്തി.. വെള്ളവും ചായയും ഒക്കെ കൊടുത്തു കഴിഞ്ഞ് ചോദിച്ചു

“ എന്തായി? പത്തു കോടി രൂപ കിട്ടിയോ ? പണമെവിടെ ?”

“ കിട്ടി. ഏഴു കോടി രൂപ. 30 ശതമാനം വച്ച്,  മൂന്നു കോടി രൂപ ടാക്സായി പിടിച്ചു.  ബാക്കി എന്റെ അക്കൗണ്ടിൽ ഇട്ടു തന്നു. “

“  എന്നിട്ട് ?” സുഭാഷിണി യുടെ ജിജ്ഞാസ തീർന്നില്ല.

“ ഞാൻ സുന്ദരേശന്റെ കടം പലിശസഹിതം വീട്ടി. ഒരു കോടി രൂപ നിന്റെ പേരിൽ മാസപ്പലിശ കിട്ടുന്ന രീതിയിൽ നിക്ഷേപിച്ചു. മാസംതോറും 50,000/- രൂപ പലിശ കിട്ടുമെന്നാണ് പറഞ്ഞത്. നമുക്ക് സുഖമായി ജീവിക്കാൻ അത് പോരേ ?” 

കുറുപ്പ് ഷർട്ടൂരി സൈഡിൽ വച്ചു.

“ അപ്പോൽ ബാക്കി പണം ?”

“ ബാക്കി പണം മുഴുവൻ ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ആർക്കെങ്കിലും പാവപ്പെട്ടവരുടെ പെൺകുട്ടികളുടെ കല്യാണത്തിനൊ, വീടില്ലാത്തവർക്ക് ചെറിയ ഭവനം കൊടുക്കാനോ, വിശക്കുന്നവർക്ക് ആഹാരം കൊടുക്കാനോ ഉപകരിക്കട്ടെ” 

സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ട് കുറുപ്പ് പറഞ്ഞു.
സ്തംഭിച്ചു പോയി സുഭാഷിണി. അല്പസമയം കഴിഞ്ഞ് ചോദിച്ചു

“ അപ്പോൽ നമ്മുടെ മക്കൾക്ക് ഒന്നും കൊടുക്കണ്ടേ ?”

“ മക്കൾക്കോ ? അവർക്ക് കൊടുക്കാനുള്ളത് ഞാൻ നേരത്തേ കൊടുത്തു കഴിഞ്ഞു. നിനക്കറിയാമല്ലോ നമ്മുടെ ആവശ്യത്തിനു സഹായിക്കാൻ ഈ മക്കളുണ്ടായിരുന്നില്ല. ഈശ്വരനാണ് നമ്മളെ സഹായിച്ചത്. അത്യാഗ്രഹം പാടില്ല. നമ്മുടെ ആവശ്യം കഴിഞ്ഞുള്ള പണം ഞാൻ തിരികെ കൊടുത്തു. ഗതികെട്ട് നെട്ടോട്ടമോടുന്ന പലരുമുണ്ട് ഈ നാട്ടിൽ. അവർക്ക് ഉപകരിക്കട്ടെ. ഒരു പ്രശസ്തിയും നമുക്ക് വേണ്ടാ “

സുഭാഷിണിയുടെ കണ്ണു നിറഞ്ഞു. കുറുപ്പിന്റെ തോളിൽ കൈ വച്ചുകൊണ്ട് ചോദിച്ചു

“ അപ്പോൽ ബാങ്കിൽ നിക്ഷേപിച്ച ഒരു കോടി രൂപയോ ?”

“ നമ്മൾ രണ്ടു പേരും ജീവിച്ചിരിക്കുന്നതു വരെ പലിശ മാസംതോറും കിട്ടിക്കൊണ്ടിരിക്കും. നമ്മുടെ മരണശേഷം ആ പണം നമ്മുടെ പഞ്ചായത്തിലെ വികസന പദ്ധതികൾക്കായി പോകും. അതിനുള്ള സമ്മതിപത്രം ഞാൻ ബാങ്കിൽ എഴുതിക്കൊടുത്തു. നമ്മുടെ നാട്ടുകാർക്കും ഉപകരിക്കട്ടെ” 

സന്തോഷത്തോടെ കുറുപ്പ് പറഞ്ഞു.

“ ചുരുക്കത്തിൽ, സർക്കാരിനടിച്ച ലോട്ടറി” 

ചിരിച്ചുകൊണ്ട് ശങ്കരക്കുറുപ്പിനെ കെട്ടിപ്പിടിച്ചു സുഭാഷിണി….

കേണൽ രമേശ് രാമകൃഷ്ണൻ
29 Dec 2021

Tuesday, November 16, 2021

ദേവരാഗം



“എന്താടാ ?” 

തുറിച്ചു നോക്കിക്കൊണ്ട് ഹേമ ചോദിച്ചു. ചിന്നക്കട ബസ്സ് സ്റ്റാൻഡിൽ കുറെ അധികം പേര് ഉണ്ടായിരുന്നിട്ടും ഒരാൾ മാത്രം തന്നെ ശ്രദ്ധിക്കുന്നു എന്ന് ഹേമയ്ക്ക് നേരത്തേ മനസ്സിലായി. ഇതിനിടയിൽ പല റൂട്ടിലേക്കുള്ള കുറെ ബസ്സുകൾ വന്നു പോയി. ഹേമയോ അയാളൊ നിന്നിരുന്ന സ്ഥലത്ത് നിന്നും അനങ്ങിയില്ല. എന്തോ പന്തികേട് ഉണ്ടെന്ന് ഹേമയുടെ മനസ്സ് പറഞ്ഞു.

“ഏയ്, ഒന്നുമില്ല”. 
ആ ചോദ്യത്തിന്റെ ഷോക്ക് മാറിയപ്പോൾ അയാൾ പറഞ്ഞു.

“പിന്നെ എന്താണ് ഇങ്ങനെ നോക്കുന്നത് ? പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ?” 
 ഹേമ നീരസത്തോടെ ചോദിച്ചു.

“ എന്തോ നിങ്ങളുടെ മനസ്സിനെ വല്ലാതെ അലട്ടുന്നതായി എനിക്ക് തോന്നി. ഒന്നു രണ്ടു തവണ കണ്ണ് നിറയുന്നതും കണ്ടു. അതുകൊണ്ടാണ് നോക്കിപ്പോയത് . സോറി”.  

അല്പം അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് അയാൾ പറഞ്ഞു.

ഇത്രയും കൃത്യമായി തന്നെ മനസ്സിലാക്കിയതിൽ ഹേമ അതിശയിച്ചു. അടുത്തു നിന്ന ആൾക്കാരുടെ മുന്നിൽ വച്ച് എന്തെങ്കിലും പറയാൻ ഹേമ പരുങ്ങുന്നത് കണ്ട് അയാൾ പറഞ്ഞു

“ നമുക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം. വരൂ”.

ആ വിളിയിൽ ഉള്ള ആത്മാർത്ഥത കണ്ട്, മറിച്ച് ഒന്നും പറയാതെ അയാളുടെ ഒപ്പം നടന്നു. ഹേമയെ തൊട്ടടുത്തുള്ള  സുപ്രഭാതം റെസ്റ്റോറന്റിലേക്ക് അയാൾ കൂട്ടിക്കൊണ്ടു പോയി. റസ്റ്റോറന്റിൽ ഒരു ഒഴിഞ്ഞ സ്ഥലത്ത് രണ്ടു പേരും ഇരുന്നു. ഒരു വെയിറ്റർ രണ്ടു ഗ്ലാസ് വെള്ളം കൊണ്ട് വന്ന് മേശപ്പുറത്ത്  വച്ചു. അയാൾ ചായയും വടയും ഓർഡർ ചെയ്തു.. താമസിയാതെ തന്നെ ചായയും വടയും എത്തി. ആർത്തിയോടെ ഹേമ അത് കഴിച്ചു. കുറെ മണിക്കൂറുകളായി വിശന്നിരുന്നതാണ് എന്ന് അത് കണ്ടപ്പോൾ മനസ്സിലായി. ഹേമ ചായ കുടിച്ചു കഴിഞ്ഞ് അയാൾ ചോദിച്ചു.

“ പറയൂ, എന്താണ് പ്രശ്നം ?”

“ എന്റെ പേര് ഹേമ. അഞ്ചാലുംമൂട്ടിലാണ് വീട്. ഇവിടെ രാധാസ് ടെക്സ്റ്റൈസിൽ ഒരു ചെറിയ ജോലി ചെയ്യുന്നു. മനസ്സ് അപ്സെറ്റ് ആയത് കൊണ്ടാണ് അപമര്യാദയായി സംസാരിച്ചത്. സോറി”

“ഏയ്, സാരമില്ല. പറയൂ, എന്താണ് പ്രശ്നം ?” ആകാംക്ഷയോടെ അയാൾ ചോദിച്ചു.

“ എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒരേയൊരു മകളാണ്. അവർക്ക് വയസ്സായി. അമ്മയ്ക്ക് നല്ല സുഖമില്ല. കൂലിപ്പണി ആയിരുന്നു അച്ഛന് . ഇപ്പോൽ ജോലി ഒന്നും ചെയ്യാൻ വയ്യ. ഇന്നലെ വൈകിട്ട് അച്ഛന് സഹിക്കാൻ ആകാത്ത നെഞ്ച് വേദന വന്നു.. പെട്ടെന്ന് തന്നെ ഞാൻ ഒരു ടാക്സിയിൽ അച്ഛനെ ബെൻസിഗർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആഞ്ചിയോഗ്രാഫിയിൽ ഹൃദയത്തിൻ ബ്ളോക്ക് ഉണ്ടെന്ന് കണ്ടുപിടിച്ചു. എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം. അതിനായി ഒരു ലക്ഷം അറുപതിനായിരം രൂപ ആദ്യം അടച്ചാലേ ഓപ്പറേഷൻ ചെയ്യാൻ തുടങ്ങൂ എന്ന് തീർത്തും കർശനമായി പറഞ്ഞു. എന്റെ കയ്യിൽ കൂടുതൽ കാശ് ഇല്ലായിരുന്നു. രാധാസിന്റെ മുതലാളി  രണ്ടു മാസത്തെ ശമ്പളം എനിക്ക്  അഡ്വാൻസ് ആയി തന്നു. കൂട്ടുകാരികളും അവരാൽ കഴിയുന്ന സഹായം ചെയ്തു. പിന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണം വിറ്റു. കുറച്ചു രുപ ഒന്ന് രണ്ട് ബന്ധുക്കളും തന്നു. എല്ലാം കൂടി തൊണ്ണൂറായിരം രൂപ ആയി. ഇനിയും വേണം എഴുപതിനായിരം രൂപ. സഹായിക്കാൻ ഇനി ആരും ബാക്കിയില്ല. ആരോട് ചോദിക്കും, എങ്ങോട്ട് പോകും എന്നറിയാതെ വിഷമിച്ചു നില്ക്കുകയായിരുന്നു. എന്റെ അച്ഛൻ….” 

ഇത്രയും പറഞ്ഞപ്പോഴേക്കും ഹേമ ഗദ്ഗദകണ്ഠയായി. 

തന്റെ കയ്യിൽ പിടിച്ചിരുന്ന ചായയുടെ ഗ്ളാസ് മേശപ്പുറത്ത് വെച്ചിട്ട് അയാൾ പറഞ്ഞു.

“ എന്റെ പേര് ദേവൻ. കൊട്ടിയത്താണ് വീട്. ഇവിടെ ഹെഡ് പോസ്റ്റാഫീസിൽ ക്ളാർക്കാണ്”.

ദേവൻ തുടർന്നു.

“ തന്റെ പ്രശ്നം എനിക്ക് മനസ്സിലായി. ഇപ്പോൽ എന്റെ കയ്യിൽ ഇത്രയും രൂപ ഇല്ല. പക്ഷേ, വിഷമിക്കണ്ട. നമുക്ക് വഴി ഉണ്ടാക്കാം. അച്ഛനെ രക്ഷിക്കണ്ടേ ? വരൂ “ 
ദേവൻ റെസ്റ്റോറന്റിലെ ബില്ല് കൊടുത്തു പുറത്തിറങ്ങി. കൂടെ ഹേമയും. ഒരു ആട്ടോ റിക്ഷയിൽ രണ്ട് പേരും  ബെൻസിഗർ ആശുപത്രിയിൽ എത്തി. ഹേമയെയും കൂട്ടി നേരേ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററെ ചെന്നു കണ്ടു. കാര്യങ്ങൾ സംസാരിച്ചു. ഒരു നല്ല മനുഷ്യൻ ആയിരുന്നു ഫാദർ സേവ്യർ. അവസാനം ഹേമയുടെ അവസ്ഥയും രോഗിയുടെ അത്യാസന്ന നിലയും കണക്കിലെടുത്ത്, കയ്യിലുള്ള തൊണ്ണൂറായിരം രൂപ അടച്ച് ഓപ്പറേഷൻ തുടങ്ങാൻ സമ്മതിച്ചു. ബാക്കി എഴുപതിനായിരം രൂപ പിറ്റേന്ന് ഉച്ചയ്ക്ക് മുമ്പ് കൊടുത്തു കൊള്ളാം എന്ന പ്രോമിസറി നോട്ട് ദേവൻ ഒപ്പിട്ട് കൊടുത്തു.

ഹേമ ദേവനെ തന്റെ അച്ഛന് പരിചയപ്പെടുത്തി. വിവരങ്ങൾ അറിഞ്ഞ് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ദേവൻ പറഞ്ഞു

“അച്ഛൻ വിഷമിക്കണ്ടാ. എല്ലാം ശരിയാകും.”

താമസിയാതെ ഹേമയുടെ അച്ഛൻ ദാമോദരനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടുപോയി. 

കുറച്ചു നേരം ദേവൻ ഹേമയോടൊപ്പം ഇരുന്നു, ഒന്നും മിണ്ടാതെ. പിന്നീട് ചോദിച്ചു

“ അമ്മ ?”

“അമ്മയ്ക്ക് നല്ല സുഖമില്ലാത്തതു കൊണ്ട് കൂടെ കൊണ്ടു വന്നില്ല” ഹേമ പറഞ്ഞു.

ദേവൻ എഴുന്നേറ്റു പുറത്ത് പോയി. ഒരു പൊതി ചോറും കുറെ പഴങ്ങളും, കുടിക്കാൻ ഒരു കുപ്പി വെള്ളവും വാങ്ങി വന്ന് ഹേമയെ ഏല്പിച്ചു. 

“ താൻ വിഷമിക്കണ്ട. ഈശ്വരനിൽ വിശ്വസിക്കൂ, എല്ലാം ശരിയാകും. ഞാൻ നാളെ വരാം “ 

എന്ന് പറഞ്ഞു ഹോസ്റ്റലിൽ നിന്നും പുറത്തു വന്നു . വാതിൽ വരെ ഹേമയും കൂടെ നടന്നു. തിരിഞ്ഞ് നോക്കാതെ ദേവൻ പോയി. കാഴ്ചയിൽ നിന്നും മറയുന്നത് വരെ ഹേമയുടെ നോട്ടം അയാളെ പിൻതുടർന്നു.

ഓപ്പറേഷൻ കഴിഞ്ഞപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. ഉടനെ തന്നെ ദാമോദരനെ ഐ സി യൂവിലേക്ക് മാറ്റി.

വിവരം അറിഞ്ഞ് ഹേമ ഒരുപാട് സന്തോഷിച്ചു. ദൈവങ്ങൾക്ക് നന്ദി പറഞ്ഞു. ഒപ്പം ദേവനും. ദേവൻ വാങ്ങി കൊടുത്ത പൊതിച്ചോറ് കഴിച്ചു. രോഗികളുടെ ബന്ധുക്കൾക്കായുള്ള വിശ്രമ മുറിയിൽ ഒരു പുതപ്പ് തറയിൽ വിരിച്ച് അതിൽ കുറച്ചു നേരം കിടന്നുറങ്ങി.

നേരം വെളുത്തതോടെ ദാമോദരന്റെ ബോധം പൂർണമായും തെളിഞ്ഞു. മകളുടെ മുഖം കണ്ടപ്പോൾ കണ്ണു നിറഞ്ഞു. ദാമോദരൻ ചോദിച്ചു. 

“അയാള് വന്നോ മോളേ ?”

“ ഇല്ലച്ഛാ, വരും” വിശ്വാസത്തോടെ ഹേമ പറഞ്ഞു. എന്നിട്ട് ഹോസ്പിറ്റലിന്റെ വാതിക്കൽ ദേവന്റെ വരവിനായി കാത്ത് നിന്നു.

സമയം കടന്നു പോയി. പതിനൊന്നു മണി ആയിട്ടും ദേവനെ കാണാഞ്ഞ് ആകെ വിഷമിച്ചു. പറഞ്ഞ സമയത്തിന് ബാക്കി രൂപ അടച്ചില്ലെങ്കിൽ ഉള്ള ഭവിഷ്യത്ത് ഓർത്തപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു.

ഏകദേശം പതിനൊന്നര മണി കഴിഞ്ഞ് ഒരു ആട്ടോ റിക്ഷയിൽ ദേവൻ എത്തി. ആ ചിരിക്കുന്ന മുഖം കണ്ടപ്പോൾ ഹേമയ്ക്ക് ആശ്വാസമായി.

“ ഹായ്, ഗുഡ് മോണിംഗ്. എങ്ങനെയുണ്ട് അച്ഛന് ?” ദേവൻ അന്വേഷിച്ചു.

“ ഓപ്പറേഷൻ വിജയിച്ചു. അച്ഛന് ഭേദമുണ്ട്. എങ്ങനെ നന്ദി പറയണം എന്ന് എനിക്ക്  അറിയില്ല “ ഹേമ ഒന്ന് വിതുമ്പി.

“ ഏയ്, അതൊന്നും വേണ്ടാ. വരൂ നമുക്ക് ബില്ല് അടക്കാം”. ദേവൻ ഹേമയുമൊത്ത് ബില്ലിങ്ങ് കൗണ്ടറിൽ പോയി ബാക്കി രൂപ അടച്ച് നേരത്തെ കൊടുത്തിരുന്ന പ്രോമിസറി നോട്ട് തിരികെ വാങ്ങി പോക്കറ്റിൽ ഇട്ടു.

"രൂപ എങ്ങനെ ഒപ്പിച്ചു ?" ജിജ്ഞാസയോടെ ഹേമ ചോദിച്ചു.

"അതൊന്നും താൻ ഇപ്പോൽ അറിയണ്ടാ"
ചിരിച്ചു കൊണ്ട് ദേവൻ മറുപടി നൽകി. 

രണ്ട് പേരും കൂടി ദാമോദരനെ കാണാൻ പോയി. ദേവനെ കണ്ടപ്പോൾ ദാമോദരന്റെ കണ്ണ് നിറഞ്ഞു. 

“ എങ്ങനെ നന്ദി പറയണം എന്ന്  എനിക്ക് അറിയില്ല മോനേ, നീ യഥാർത്ഥത്തിൽ ഒരു ദേവനാണ്” ദേവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ദാമോദരൻ പറഞ്ഞു.

“ ഏയ്, അങ്ങനെയൊന്നും ഇല്ലച്ഛാ. അസുഖം മാറിയതിൽ വളരെ സന്തോഷം. എനിക്ക് ഓഫീസിൽ പോകണം. ലീവെടുത്തില്ല. ഞാൻ വൈകിട്ട് വരാം”  

ദേവൻ പറഞ്ഞു.

ഹേമയെ ഒരു വശത്തേക്ക് വിളിച്ച് ഒരു പൊതി കയ്യിൽ കൊടുത്തിട്ട് പറഞ്ഞു. 

“ഇതിൽ കുറച്ച് രൂപയുണ്ട്. മരുന്നിനൊക്കെ ഇനിയും ആവശ്യം വരും ഞാൻ വൈകിട്ട് വരാം.”

ദേവൻ ഇറങ്ങുന്നതിന് മുമ്പ് ദാമോദരൻ ചോദിച്ചു 

“ മോനേ, നിന്റെ കല്യാണം കഴിഞ്ഞതാണോ ?”

“ഇല്ലച്ഛാ, എന്താ ?” ദേവൻ 

“ എന്റെ മോളുടെ കല്യാണവും കഴിഞ്ഞില്ല. ഇരുപത്തെട്ടു വയസ്സ് കഴിഞ്ഞു”. 

ഒരു ഷോക്കേറ്റത് പോലെ തോന്നി ഹേമയ്ക്ക്.

ഒന്നു ചിരിച്ചു കൊണ്ട് ദേവൻ പറഞ്ഞു

“അതിനെന്താ , ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ? നമുക്ക് നോക്കാം.”

മൂന്നു പേരും പൊട്ടിച്ചിരിച്ചു….

കേണൽ രമേശ് രാമകൃഷ്ണൻ

മേശീരിയപ്പുപ്പൻ



“ മേശിരിയപ്പുപ്പാ, അമ്മ പറഞ്ഞു ഷർട്ട് തയ്ച്ചെങ്കിൽ അങ്ങ് വാങ്ങിച്ചോണ്ട് ചെല്ലാൻ. കാശ് അമ്മ വന്നു തന്നോളാമെന്ന്” . 

ചെറിയ ചാറ്റൽമഴ നനഞ്ഞു കൊണ്ട് ഓടിക്കയറി വന്ന് ദീപു പറഞ്ഞു.

“ ആ, ദീപുവോ ? കുഞ്ഞേ ഷർട്ടിന്റെ ബട്ടണുകൾ പിടിപ്പിച്ചാൽ മതി. സൂചിയിൽ നൂല് കോർക്കാൻ എനിക്ക് പറ്റുന്നില്ല. നീയിതൊന്നു കോർത്ത് താ “ 

സൂചിയും നൂലും കയ്യിൽ കൊടുത്തു കൊണ്ട് ദാസൻ മേശിരി പറഞ്ഞു.

“അപ്പോ , കണ്ണും പിണിയും ഒന്നും കാണാൻ മേലേ ? അമ്മ പറഞ്ഞാരുന്നു ദാസപ്പുപ്പൻ പണ്ട് വലിയ തയ്യൽക്കാരൻ ആയിരുന്നെന്ന്”. 

ദീപു സൂചിയിൽ നൂല് കോർക്കാൻ തുടങ്ങി.

ദാസൻ മേശിരിയുടെ ചിന്തകൾ തന്റെ ചെറുപ്പകാലത്തേക്ക് പോയി.
പണ്ട്, അതായത് എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ അഞ്ചാലുംമൂട്ടിൽ ആകെ മൂന്നു ജൗളിക്കടകളാണ് ഉണ്ടായിരുന്നത്. പണക്കാരുടെ L G Store, രൊക്കം കാശ് കൊടുത്ത് മാത്രം തുണി വാങ്ങാവുന്ന കുറ്റിയിൽ ടെക്സ്റ്റൈൽസ് പിന്നെ തല്ക്കാലം കാശ് കയ്യിലില്ലെങ്കിലും കടമായി തുണി വാങ്ങാവുന്ന രാമകൃഷ്ണൻ പണിക്കരുടെ പേരില്ലാത്ത തുണിക്കട. 

നാട്ടിലെ രണ്ട് പ്രമുഖരായ തയ്യൽക്കാർ അവിടെയാണ് ഇരിക്കുന്നത്. അതായത് ആകെയുള്ള നാല് തയ്യൽക്കാരിൽ രണ്ട് പേർ. അതിൽ സോമൻ മേശിരിക്ക് ലോകരാഷ്ട്രീയം പറഞ്ഞു തീർക്കാൻ സമയമില്ലാത്തതുകൊണ്ട് ചിലരുടെ ഷർട്ട് മാത്രം തയ്ക്കും ബാക്കി തയ്യലെല്ലാം ദാസൻ മേശിരിയുടെ തലയിൽ.
ദാസൻ മേശിരി ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു. തൂക്കവും ഏകദേശം നാല്പത്തഞ്ചു കിലോ. എന്നാലും തയ്യലിൽ വിദഗ്ദ്ധനായിരുന്നു. ദാസൻ മേശിരി തയ്ക്കുന്നതാണ് അന്ന് ഞങ്ങളുടെ നാട്ടിലെ ഫാഷൻ. പെണ്ണുങ്ങളുടെ ബ്ളൗസും അടിപ്പാവാടയും, ആൺകുട്ടികളുടെ ഷർട്ടും നിക്കറും, പെൺകുട്ടികളുടെ പാവാടയും ഉടുപ്പും, ഫ്രോക്കും  എല്ലാം. 

അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ തൊണ്ടിന്റെയും കയറിന്റെയും കുടിൽ വ്യവസായം ഉണ്ടായിരുന്നു. അതിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കൈലിയും ബ്ളൗസും മാത്രമാണ് ധരിച്ചിരുന്നത്. മേൽമുണ്ട് അഥവാ നേരിയത് ആവശ്യമില്ലായിരുന്നു. പഴയ സിനിമകളിൽ ജയഭാരതിയുടെയും വിജയശ്രീ യുടെയും വേഷം. പിന്നെ ചില പരിഷ്ക്കാരികൾ ഒരു തോർത്ത് എടുത്തു നെഞ്ചത്തോട്ടിടും, പെർസന്റേജ് ( % ) പോലെ.

എല്ലാവരുടെയും ബ്ലൗസ് തയ്ച്ചിരുന്നത് ദാസൻ മേശിരി ആയിരുന്നു. പഴയ ബ്ളൗസു കൊടുത്താൽ മതി അളവിന്. അത് ഇല്ലാത്തവരെ മേശിരി ഒന്ന് നോക്കി അളവെടക്കും. അടിപ്പാവാടയുടെ അളവും അങ്ങനെ തന്നെ.ദാസൻ മേശിരി ഒരിക്കലും സമയമില്ല, പിന്നെ കൊണ്ടു വാ എന്ന് പറഞ്ഞു ഒരു ജോലിയും തിരിച്ചയക്കില്ല. കിട്ടുന്ന പണിയെല്ലാം വാങ്ങി വയ്ക്കും, സമയം കിട്ടുമ്പോൾ ചെയ്തു കൊടുക്കും.

അക്കാലത്ത് ഓണത്തിനും കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിനും ആയിരുന്നു സാധാരണ ആളുകൾ തുണികൾ തയ്പ്പിക്കുന്നത്. ആ സമയത്ത് തയ്യൽക്കാർക്ക് വലിയ തിരക്കാണ്. അല്ലാത്ത സമയങ്ങളിൽ കൂടുതൽ ജോലി ഒന്നും കാണില്ല. അപ്പോഴാണ് ആളുകൾ എന്തെങ്കിലും റിപ്പയർ പണിയുമായി അവരെ സമീപിക്കുന്നത്.

തയ്യൽ കാരണം സമയം കിട്ടാത്തത് കൊണ്ട് രണ്ടു മേശിരിമാരും കല്യാണം കഴിച്ചിരുന്നില്ല. വയസ്സ് മുപ്പത്തിയഞ്ച് കഴിഞ്ഞു. അതോ അവർ ആ കാര്യമേ മറന്നു പോയതാണോ എന്നറിയില്ല.

അങ്ങനെയിരിക്കെ ഒരുദിവസം വടക്കേതിലെ സുമതി ഒരു പഴയ ബ്ളൗസുമായി ദാസൻ മേശിരിയുടെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു

“ അണ്ണാ, ഇതിന്റെ വണ്ണം ഒരു അരയിഞ്ച് കുറച്ചേക്ക്. ഇറക്കവും ഇച്ചിരി കുറച്ചേക്ക്’

ദാസൻ മേശിരി ബ്ളൗസു വാങ്ങി വച്ചിട്ട് പിറ്റേന്ന് വരാൻ പറഞ്ഞു.
പിറ്റേന്ന് അതേസമയം സുമതി എത്തി. ഇത്തവണ അരയിഞ്ചു വീതം വണ്ണം കൂട്ടാനായി മൂന്നു ബ്ളൗസുകൾ. എല്ലാത്തിനും കൂടിയുള്ള കൂലി ഒരുമിച്ച് കൊടുക്കാമെന്ന് പറഞ്ഞു. 

അങ്ങനെ ഇടയ്ക്കിടെ സുമതി കുറെ ബ്ളൗസുകളും അടിപ്പാവാടയും റിപ്പയർ ചെയ്യിക്കാൻ വന്നു. കുറച്ച് അടുത്ത് ഇടപഴകാനും തുടങ്ങി. അല്പസ്വല്പം നാട്ടുവർത്തമാനങ്ങളും തമാശയും കളിയാക്കലും ഒക്കെ ആയി. ദാസൻ മേശിരിയുടെ ശരീരത്തിൽ കോൾമയിർ കൊള്ളാൻ തുടങ്ങി. ഒരു കൊച്ചു പ്രണയം ദാസൻ മേശിരിയുടെ മനസ്സിൽ ഉദിക്കുന്നതായി സുമതി ക്ക് വിശ്വാസമായി.

സുമതിക്ക് അപ്പോൽ മുപ്പതു വയസ്സ് പ്രായമുണ്ടായിരുന്നു. അച്ഛൻ നേരത്തെ മരിച്ചു പോയി. കുടിയന്മാരായ രണ്ട് ആങ്ങളമാർ. അവരുടെയും കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരും കൂലിപ്പണിക്കാർ. സുഖമില്ലാത്ത അമ്മ. ഏതായാലും ആരും തന്നെ സുമതിയുടെ കല്യാണത്തിനായി ഒരു ശ്രമവും നടത്തിയില്ല. ഇതിനിടെ എപ്പോഴോ സ്വയംവരത്തെ പറ്റി ആരോ പറയുന്നത് സുമതി കേട്ടു. 

പുതിയ ബ്ളൗസുകളുടെ തയ്യലും പഴയ ബ്ളൗസുകളുടെ റിപ്പയർ പണിയുടെയുമിടയ്ക്ക് ഒരു പ്രണയം ദാസൻ മേശിരിയുടെയും സുമതിയുടെയും ഇടയിൽ വളർന്നു വന്നു.

ഒരുദിവസം വൈകിട്ട് കടയിൽ നല്ല തിരക്കായിരുന്നു. സുമതിയുടെ മൂത്ത സഹോദരൻ ഭദ്രൻ കുടിച്ചു പൂസായി കയ്യിൽ ഒരു കത്തിയും പിടിച്ചു കൊണ്ട് ദാസൻ മേശിരിയുടെ മുന്നിൽ വന്നു നിന്നു. മേശിരി എഴുന്നേറ്റു. ഭദ്രൻ പറഞ്ഞു

“നിനക്കെന്റെ പെങ്ങളെ പെഴപ്പിക്കണം. അല്ലേടാ ? കുത്തി കൊടല് വെളിയിലെടുക്കും ഞാൻ “ 

എന്നിട്ട് ദാസന് നേരേ കത്തി ചൂണ്ടി. 
ദാസൻ മേശിരി ഒന്ന് വിരണ്ടെങ്കിലും പെട്ടെന്ന് മുന്നിലിരുന്ന കത്രിക എടുത്തു കൊണ്ട് പറഞ്ഞു

“എന്നെക്കുത്തിയാൽ ഞാനും കുത്തും”. 

രാമകൃഷ്ണ പണിക്കരും സോമൻ മേശിരിയും ഓടി വന്ന് രണ്ടു പേരെയും പിടിച്ചു മാറ്റി. അവിടെ ഉണ്ടായിരുന്നവർ എല്ലാം ചേർന്ന് ഭദ്രനെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു.

ആളുകൾ പിരിഞ്ഞു പോയതിനു ശേഷം സോമൻ മേശിരി അടുത്ത് ചെന്ന് ചോദിച്ചു

“ദാസാ, ഇനി അവളുടെ ഗർഭമെങ്ങാനും നിന്റെ തലയിൽ വച്ചു കെട്ടുമോ ?”

ദാസൻ മേശിരി അതിന് മറുപടി പറഞ്ഞില്ല.

പിറ്റേന്ന് രാവിലെ സുമതി വന്നു. അല്പം നീരസത്തോടെ ദാസൻ മേശിരി പറഞ്ഞു

“ ഇന്നലെ ഇവിടെ നടന്നത് വല്ലതും അറിഞ്ഞോ ? നിന്റെ മൂത്ത ആങ്ങള കത്തിയുമായി വന്നിരുന്നു. എന്നെ കുത്തുമെന്നും പറഞ്ഞു “

ചിരിച്ചു കൊണ്ട് സുമതി പറഞ്ഞു

“ അണ്ണൻ അത് കാര്യമാക്കണ്ടാ. ഞാൻ അണ്ണനെ സ്നേഹിക്കുന്നു, കല്യാണം കഴിക്കാൻ നമ്മൾ തീരുമാനിച്ചു എന്ന് ഞാൻ വീട്ടിൽ പറഞ്ഞു. അതാണ് അയാൾ ഓടി ഇങ്ങോട്ട് വന്നത്.”

അന്തം വിട്ടു പോയി ദാസൻ മേശിരിക്ക് . ഒപ്പം സോമൻ മേശിരിയുടെയും പണിക്കരുടെയും.

സുമതി ദാസൻ മേശിരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

“അണ്ണാ നമുക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടാം. അല്ലെങ്കിൽ രജിസ്ട്രാർ ഓഫീസിൽ പോയി ഒപ്പിടാം. ഭദ്രൻ അണ്ണൻ എന്തോ ചെയ്യും. അണ്ണൻ ധൈര്യമായിട്ടിരിക്ക്” 

കൈ വിട്ടിട്ട് സുമതി വേഗത്തിൽ നടന്നു പോയി. സോമൻ മേശിരി അടുത്ത് വന്നു പറഞ്ഞു

“ ഇവള് കച്ച കെട്ടിക്കഴിഞ്ഞു ദാസാ. ഇനി രക്ഷയില്ല”.

രാമകൃഷ്ണ പണിക്കരുടെ തലയിൽ ഒരു ബുദ്ധി ഉദിച്ചു. അയാൾ പറഞ്ഞു

“ നമ്മളെല്ലാം ഒരേ ജാതിക്കാർ അല്ലേ ? അപ്പോ പിന്നെ കല്യാണം ആലോചിച്ച് ചെല്ലാം”

ആ ഐഡിയ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അടുത്ത ഞായറാഴ്ച രാവിലെ പണിക്കരുടെ നേതൃത്വത്തിൽ എല്ലാവരും കൂടി പെണ്ണ് കാണാൻ ചെന്നു. വിവരങ്ങൾ സംസാരിച്ചു.
ഭദ്രൻ തുറന്നു പറഞ്ഞു.

“ ഞങ്ങൾക്ക് ഇയാളെ ഇഷ്ടമല്ല”

ഉടനേ തന്നെ സുമതി മുന്നോട്ടു വന്നു പറഞ്ഞു.

“ എനിക്ക് ഇഷ്ടമാണ്. ഞാൻ മനസ്സാ വരിച്ചു കഴിഞ്ഞു” 

ഭദ്രൻ ചാടിയെഴുന്നേറ്റ് പറഞ്ഞു

“ പുകഞ്ഞ കൊള്ളി പുറത്ത്, എന്നാണല്ലോ ? നിങ്ങൾക്ക് വേണമെങ്കിൽ ഇവളെ ഇപ്പോൽ വിളിച്ചു കൊണ്ട് പോകാം. പക്ഷേ സ്ത്രീധനമായി ഒരു പവൻ സ്വർണ്ണമോ പത്ത് രൂപയോ കിട്ടില്ല. അമ്മ ചത്തിട്ട് അവളുടെ ഓഹരി കിട്ടും”.

അങ്ങനെ അടുത്ത വെള്ളിയാഴ്ച ദാസൻ മേശിരിയുടെ സ്വന്തം ചെലവിൽ രജിസ്ട്രാർ ഓഫീസിൽ വെച്ച് അവരുടെ വിവാഹം നടന്നു. പണിക്കരും സോമനും സാക്ഷികൾ. സുമതിയുടെ അമ്മ മാത്രം വിവാഹത്തിൽ പങ്കെടുത്തു. ചടങ്ങുകൾ കഴിഞ്ഞ് മകളെ കെട്ടിപ്പിടിച്ച് ആ അമ്മ ഒരുപാട് കരഞ്ഞു.

ദാസൻ മേശിരിയുടെ അമ്മയും അനുജനും രണ്ട് പേരെയും നല്ല രീതിയിൽ സ്വീകരിച്ചു. സുഖമായ ഒരു ജീവിതം ദാസൻ മേശിരിയും സുമതിയുടെ മുന്നോട്ട് കൊണ്ടുപോയി.

ആറ് മാസത്തോളം എല്ലാം നല്ല രീതിയിൽ കഴിഞ്ഞു. ഒരുദിവസം ദാസൻ മേശിരി ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ  സുമതി മുഖം വീർപ്പിച്ച് ഇരിക്കുന്നു. മേശിരി ചോദിച്ചു

“ എന്ത് പറ്റി ?”

 സുമതി പറഞ്ഞു

“ ഇന്ന് നമ്മുടെ അയലത്തെ മാധവി ഇവിടെ വന്നിരുന്നു. അവള് പറഞ്ഞു കല്യാണത്തിന്റെ ആദ്യ മാസം തന്നെ അവൾ ഗർഭിണി ആയെന്ന്. കല്യാണം കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞിട്ടും എനിക്ക്  ഗർഭം ആകാത്തതെന്താണെന്ന് അയൽക്കാരൊക്ക സംസാരിക്കുന്നെന്ന്.

പോകാൻ നേരത്ത് അവള് ചോദിച്ചു
“ ദിവസം മുഴുവനും തയ്യലും കഴിഞ്ഞ് പാതിരാത്രിയിൽ കേറി വരുന്ന ആൾ എന്തോ ഒണ്ടാക്കാനാ “ എന്ന്. ഞാനങ്ങ് ചൂളിപ്പോയി.”

ദാസൻ മേശിരി അതിന് ഒരു മറുപടി പറഞ്ഞില്ല.

പിറ്റേന്ന് മേശിരി രാമകൃഷ്ണൻ പണിക്കരോട് പ്രശ്നം അവതരിപ്പിച്ചു. രാത്രിയിൽ കട അടയ്ക്കാനായി ഷട്ടർ താഴ്ത്താനുള്ള ജോലിയിൽ നിന്നും മുക്തി കൊടുത്തു. എട്ട് മണിക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്തണമെന്ന കർശനമായ നിർദ്ദേശവും നൽകി.

പിന്നീട് ഒരിക്കലും പാതിരാത്രിയിൽ ദാസൻ മേശിരി വീട്ടിൽ എത്തിയിട്ടില്ല. രണ്ട് മാസം കഴിഞ്ഞ് സുമതി ഗർഭിണിയായി. പത്താം മാസം പ്രസവിച്ചു. ഇരട്ടക്കുട്ടികൾ. ദാസൻ മേശിരിയെപ്പോലെ ഉയരം കുറഞ്ഞ ഒരു മോളും, സുമതിയുടെ സൗന്ദര്യവും ഉയരവും ഉള്ള ഒരു മോനും. അവർക്ക് രാധിക എന്നും സുരേഷ് എന്നും പേരിട്ടു.

കഷ്ടപ്പെട്ടിട്ടാണെങ്കിലും ദാസൻ മേശിരി തന്റെ കുടുംബത്തെ നല്ല രീതിയിൽ തന്നെ സംരക്ഷിച്ചു. കുട്ടികളെ അഞ്ചാലുംമൂട് സ്കൂളിൽ ചേർത്തു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കൊല്ലത്ത് എസ് എൻ കോളേജിൽ അയച്ചു പഠനം പൂർത്തിയാക്കി. പഠിത്തത്തിനൊപ്പം ഒരു തൊഴിൽ എന്ന നിലയിൽ സുരേഷിനെ തയ്യലും പഠിപ്പിച്ചു. രണ്ട് കുട്ടികളും നല്ല മക്കളായി തന്നെ വളർന്നു. അതിൽ ദാസൻ മേശിരിയും സുമതിയും അഭിമാനിച്ചു.

രാധികയുടെ വിവാഹം തരക്കേടില്ലാത്ത രീതിയിൽ കൊല്ലത്ത് മയ്യനാട്ടുള്ള ചന്ദ്രനുമായി നടത്തിക്കൊടുത്തു. 
സുരേഷ് ഒരു വിസയും ഒപ്പിച്ചു അബുദാബിയിൽ ജോലിക്കായി പോയി. അവിടെ നിന്നും പണമൊക്കെ മുറയ്ക്ക് അയച്ചു കൊടുത്തു. എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടക്കുകയായിരുന്നു.

പെട്ടെന്നാണ് സുമതിയ്ക്ക് കരളിൽ ക്യാൻസറാണെന്നറിയുന്നത്. അപ്പോഴേക്കും അസുഖം വളരെ വഷളായിട്ടുണ്ടായിരുന്നു. കുറെ വിദഗ്ദ്ധരായ ഡോക്ടർമാർ പരിശോധിച്ചു. സർജറി ചെയ്താൽ ഒരുപക്ഷേ രക്ഷപ്പെടാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു. പക്ഷേ വിധി മറിച്ചായിരുന്നു. ഓപ്പറേഷൻ ടേബിളിൽ തന്നെ സുമതി മരണമടഞ്ഞു.

സുമതിയുടെ മരണത്തോടെ ദാസൻ മേശിരിയുടെ ജീവിതം ആകെ മാറിമറിഞ്ഞു. എല്ലാം ഒരുമിച്ചു തകർന്നു എന്ന് പറയാം. പല അസുഖങ്ങൾ പിടിപെട്ടു. പെട്ടെന്നാണ് വാർദ്ധക്യം വന്നത്. ഒപ്പം കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി. 
ചെലവിനുള്ള പണം സുരേഷ് മുടങ്ങാതെ അയച്ചു കൊടുത്തു. എന്നാലും തന്റെ തൊഴിൽ മാറ്റിവെച്ചുള്ള ജീവിതം ദാസൻ മേശിരിക്ക് അസാധ്യമായി തോന്നി. 

അങ്ങനെയാണ് അടുത്ത വീടുകളിൽ നിന്നും ഏതെങ്കിലും തുണികൾ വാങ്ങി ബുദ്ധിമുട്ട് സഹിച്ച് തയ്ച്ചിരുന്നത്. ആരെങ്കിലും കൂലി കൊടുത്താൽ വാങ്ങും. ഇല്ലെങ്കിലും ഒന്നും പറയില്ല.

പഴയ കാലം ഓർത്തപ്പോൾ ദാസൻ മേശിരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ചാറ്റൽമഴ നിന്നു. ദീപു ചോദിച്ചു

“ മേശിരിയപ്പുപ്പാ, ഞാൻ നാളെ വരട്ടെ ?”

“ ശരി മോനേ “

ദാസൻ മേശിരി കണ്ണടച്ച് കുറെ നേരം അങ്ങനെ ഇരുന്നു…..

കേണൽ രമേശ് രാമകൃഷ്ണൻ
15 Nov 2021

Monday, May 10, 2021

ചോദയുടെ സഞ്ചി - രണ്ടാം ഭാഗം



ചോദയുടെ മരണം നടന്നിട്ട് ഏകദേശം മൂന്നാല് മാസം കഴിഞ്ഞു. ഇതിനിടയിൽ ഒന്നുരണ്ട് പ്രാവശ്യം ഏഡ് കുട്ടൻ പിള്ള ക്ഷീര വ്യവസായ സൊസൈറ്റിയിൽ വന്ന് ഉടമസ്ഥനായ ശ്രീധരൻ പിള്ളയെ കണ്ടിരുന്നു. ആരെങ്കിലും ചോദയെപ്പറ്റി അന്വേഷിച്ചു വന്നോ എന്നറിയാൻ. വരുമ്പോഴെല്ലാം ശ്രീധരൻ പിള്ള ഒന്നു വിരളും. എന്നിട്ട് ആവർത്തിച്ചു പറയും

“ ചോദ വെറുതെ ചത്തതാ ഏമാനേ. എനിക്കൊന്നും അറിയില്ല.” 

കുട്ടൻ പിള്ളയുടെ സംശയനിവാരണം ശ്രീധരൻ പിള്ള മുറപോലെ നടത്തിക്കൊണ്ടിരുന്നു. 

അങ്ങനെയിരിക്കെ ഒരുദിവസം കറുത്ത് ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരൻ ക്ഷീര സൊസൈറ്റിയിൽ വന്ന് ചോദയെപ്പറ്റി അന്വേഷിച്ചു.

“ ചോദയമ്മായിയുണ്ടോ ?”

ശ്രീധരൻ പിള്ള ഞെട്ടിപ്പോയി. ആദ്യമായാണ് ഒരാൾ ചോദയെ അന്വേഷിച്ചു വരുന്നത്. അയാൾ തിരിച്ചു ചോദിച്ചു.

“ നീയാരാ ? “

“ഞാനേ, ചോദമ്മായിയുടെ ബന്ധുവാ. ഒരിക്കൽ എന്നെ ഇവിടെക്കൊണ്ട് വന്നാരുന്നു. ഒത്തിരി നാളായി” 

“ ആ, ചോദ ചത്തിട്ട് മൂന്നാല് മാസമായി. നീയൊക്കെ എവിടെയായിരുന്നു ?.” 

മറുപടി പറയുന്നതിനിടയിൽ വേറൊരു ബുദ്ധി അയാളുടെ മനസ്സിലുദിച്ചു. ചോദയെന്ന പ്രേതത്തെ തന്റെ തലയിൽ നിന്നും ഇറക്കി വെക്കാൻ പറ്റിയ ഒരു വിദ്യ. അയാൾ പറഞ്ഞു

“ ചോദയുടെ സമ്പാദ്യം മുഴുവനും പോലീസിന്റെ കയ്യിലാണ്. നീ വാ “

ശ്രീധരൻ പിള്ള ഉടനെ തന്നെ ചെറുപ്പക്കാരനെ ഏഡ് കുട്ടൻ പിള്ളയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് പറഞ്ഞു

“ഏമാനേ, ഇതാ ചോദയുടെ അടുത്ത ബന്ധു. ഇവനെല്ലാം അറിയാം “.

കുട്ടൻ പിള്ള തന്റെ കസേരയിൽ നിന്നും എഴുന്നേറ്റു. ആ രൂപവും, ഭാവവും പോലീസ് സ്റ്റേഷനിലെ അന്തരീക്ഷവും എല്ലാം കണ്ടപ്പോൾ അയാൾ പേടിച്ചു വിയർത്തു. 

“ എന്താടാ നിന്റെ പേര് ?”

ഇടിവെട്ടുന്നപോലുള്ള ആ ചോദ്യം കേട്ട് അയാളുടെ മൂത്രം അല്പം പോയി. കാര്യം മനസ്സിലായ കുട്ടൻ പിള്ള അയാളോട് ഇരിക്കാൻ പറഞ്ഞു. അയാൾ ആ തറയിൽ കുത്തിയിരുന്നു. കുട്ടൻ പിള്ള പറഞ്ഞു

“നീ പറ ചോദയെ പറ്റി. എല്ലാം പറയണം. എന്തെങ്കിലും മറച്ചു വെച്ചാൽ, നായിന്റെ മോനേ, നിന്റെ എല്ല് ഞാനൂരും”.

അയാൾ സംസാരിക്കാൻ തുടങ്ങി. കുട്ടൻ പിള്ള ശ്രീധരൻ പിള്ളയോട് പോയ്ക്കോളാൻ ആംഗ്യം കാണിച്ചു. ശ്രീധരൻ പിള്ള സോസൈറ്റിയിലേക്ക്  പോയി.

“ഞാൻ കോവി ( ഗോപി). വേടനാ. കൊട്ടാരക്കരേലെ നെല്ലിക്കുന്നത്താ  കൂര. ചോദയമ്മായീടെ സ്വന്തക്കാരനാ” 

കോവി പറഞ്ഞു തുടങ്ങി ചോദയുടെ കഥ.

കൊട്ടാരക്കരയ്ക്കടുത്ത് നെല്ലിക്കുന്ന് എന്ന ഗ്രാമത്തിൽ ആയിരുന്നു ചോദയുടെ ജനനം. ഒരു വേടൻ കുടുംബത്തിൽ. കുടുംബമെന്ന് പറഞ്ഞാൽ അച്ഛൻ കോരൻ, അമ്മ കാളി പിന്നെ ഒരേയൊരു മകൾ ചോദ.

ആ നാട്ടിലെ വളരെ പ്രശസ്തമായ ഒരു തറവാടായിരുന്നു കുന്നത്ത് വീട്. അവിടത്തെ പ്രഭാകരൻ നായർ പണവും പ്രശസ്തിയും പ്രതാപവും ഒക്കെയുള്ള ഒരു പ്രമാണിയായിരുന്നു. ഭാര്യ കല്യാണിയമ്മ, മക്കൾ രാജേശ്വരി, രാധിക എന്ന് രണ്ട് പെൺകുട്ടികൾ പിന്നെ ഏറ്റവും ഇളയമകൻ രാധാകൃഷ്ണൻ നായർ.

കുന്നത്ത് തറവാട്ടിലെ പറമ്പിലും, വീട്ടിലും, പുരയിടത്തിലും പണിയായിരുന്നു കോരനും കാളിയ്ക്കും ജോലി. പ്രതിഫലമായി എന്തെങ്കിലും ഒക്കെ കൊടുക്കുമായിരുന്നു പ്രഭാകരൻ നായർ.

ചോദയുടെ പേര് യശോദയെന്നായിരുന്നു. ഒരു വേടപ്പെണ്ണിനെ യശോദയെന്നു വിളിക്കാൻ ആർക്കും ഇഷ്ടമല്ലായിരുന്നു. വേടർക്കാണെങ്കിൽ  അതിനുള്ള ധൈര്യവും ഇല്ലായിരുന്നു. അങ്ങനെ ആ കുട്ടിയുടെ പേര് ചുരുങ്ങി ചോദ എന്നായി. ചോദ നല്ല കറുപ്പായിരുന്നെങ്കിലും അംഗലാവണ്യമുള്ള കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവർക്കും ചോദയെ ഇഷ്ടമായിരുന്നു.

കോരനും കാളിയും വീടിന്റെ അകത്തും പുറത്തും ജോലി ചെയ്യുന്ന സമയം ചോദ ആ പറമ്പിലും മുറ്റത്തും ഒക്കെ ഓടിനടന്നു കളിക്കും. രാധാകൃഷ്ണൻ ചോദയേക്കാൾ മൂന്നു വയസ്സിന് മൂത്തതായിരുന്നു. ഒരു വലിയ പുരയിടത്തിന്റെ മദ്ധ്യത്തിൽ ആയിരുന്നു കുന്നത്ത് വീട്. പരിസരത്തെങ്ങും സമപ്രായക്കാരായ കുട്ടികളുള്ള വീടില്ല. അതുകൊണ്ടുതന്നെ രാധാകൃഷ്ണന്റെ കൂടെക്കളിക്കിൻ മറ്റ് കുട്ടികൾ ആരുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട്  രാധാകൃഷ്ണൻ ചോദയോടൊപ്പം ഓടിനടന്നു കളിക്കുന്നതിൽ പ്രഭാകരൻ നായരും കല്യാണിയമ്മയും എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ അവർ രണ്ടുപേരും നല്ല കൂട്ടുകാരായി.

കാലം കടന്നുപോയി. ചോദയെ അന്നത്തെ നാട്ടുനടപ്പ് അനുസരിച്ച് സ്കൂളിലയച്ചു പഠിപ്പിച്ചില്ല. രാധാകൃഷ്ണൻ സ്കൂൾ വിട്ട് വരുന്നതും കാത്ത് ചോദയിരിക്കും കളിക്കാൻ. അങ്ങനെ കളിയും ചിരിയുമായി അവരുടെ ജീവിതം മുന്നോട്ടുപോയി. ഇതിനിടയിൽ എപ്പോഴോ ഒരു പ്രണയം അവർക്കിടയിൽ ജനിച്ചുവളർന്നു. ഒരു ദിവസം പോലും പരസ്പരം കാണാതെ പറ്റില്ല എന്നൊരവസ്ഥയായി.

പത്താം ക്ലാസ് പരീക്ഷ ജയിച്ച രാധാകൃഷ്ണൻ നായർ കൊല്ലത്ത് എസ് എൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന് പഠിത്തം തുടർന്നു. ഇതിനിടയിൽ ചോദ ഋതുമതിയായി. അതനുസരിച്ച് ശാരീരികമായ വളർച്ചയും സൗന്ദര്യവും വർദ്ധിച്ചു. ചോദ ഒരു കറുത്ത സുന്ദരിയായി. കോളേജ് കഴിഞ്ഞാൽ ഒരു നിമിഷം പോലും കളയാതെ രാധാകൃഷ്ണൻ തറവാട്ടിലേക്ക് ഓടിയെത്തുമായിരുന്നു. അവരുടെ പ്രണയം അഗാധമായി വളർന്നു. ജാതി, നിറം, സാമ്പത്തിക സ്ഥിതി അങ്ങനെയൊന്നും അവർക്കൊരു പ്രശ്നമായിരുന്നില്ല. എന്നാലും മറ്റുള്ളവരുടെ മുന്നിൽ അവർ സാധാരണയായി പെരുമാറി. 

വർഷങ്ങൾ കടന്നുപോയി. ഒരുദിവസം അടുക്കളയുടെ പുറകുവശത്തെ വിറക് പുരയിൽ രാധാകൃഷ്ണനും ചോദയും ആലിംഗനബദ്ധരായി നില്ക്കുന്നത് കല്യാണിയമ്മ കണ്ടു. വിവരം പ്രഭാകരൻ നായരെ അറിയിച്ചു. രണ്ടുപേരും രാധാകൃഷ്ണനോട് ഒന്നും ചോദിച്ചില്ല. പകരം ഒരാളെക്കൊണ്ട് കോരനെ ഒരുപാട് തല്ലിച്ചു. എന്നിട്ട് ഇനി മേലാൽ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എല്ലാറ്റിനെയും കൊന്നു കളയും എന്ന ഭീഷണിയും കൊടുത്തു. തന്റെ മകളോട് എങ്ങനെ ഈ വിവരം ചോദിക്കും എന്നറിയാതെ കോരൻ വിഷമിച്ചു. 

മാസങ്ങൾ വീണ്ടും കടന്നുപോയി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉത്സവമെത്തി. ഒരുദിവസം രാത്രിയിൽ കഥകളി കാണാനായി പ്രഭാകരൻ നായരും കുടുംബവും ക്ഷേത്രത്തിൽ പോയി. പരിപാടി നടക്കുന്നതിനിടയിൽ രാധാകൃഷ്ണൻ നായരെ കാണാതായി. സംശയം തോന്നിയ പ്രഭാകരൻ നായർ ആരെയും അറിയിക്കാതെ വീട്ടിലേക്ക് തിരിച്ചു പോയി. പതിയെ രാധാകൃഷ്ണന്റെ മുറിയിൽ എത്തി നോക്കി. അരണ്ട വെളിച്ചത്തിൽ രാധാകൃഷ്ണനും ചോദയും പൂർണ്ണ നഗ്നരായി കട്ടിലിൽ കെട്ടി മറിയുന്ന രംഗം കണ്ട് അയാൾ ഞെട്ടി. ഒരു ശബ്ദവും ഉണ്ടാക്കാതെ ക്ഷേത്രത്തിലേക്ക് തിരിച്ചു പോയി. അവിടെയെത്തി തന്റെ ഭാര്യയെയും പെൺമക്കളെയും വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു. അവരോട് താൻ കണ്ട കാഴ്ചയെപ്പറ്റി ഒന്നും പറഞ്ഞില്ല.

ഏകദേശം രാത്രി മൂന്നു മണിയോടെ കോരന്റെ കുടിലിന് അഞ്ചാറ് ആളുകൾ ചേർന്ന് തീ കൊളുത്തി. കൂരയ്ക്ക് ചുറ്റും കുറെ വിറകും ഉണങ്ങിയ ഓലയും കൂട്ടിയിട്ടതിന് ശേഷമാണ് തീ കൊളുത്തിയത്. അതുകൊണ്ടുതന്നെ തീ പെട്ടെന്ന് ആളിക്കത്തി. നല്ല ഉറക്കത്തിൽ കിടന്ന കോരനും കുടുംബവും ഇതൊന്നും അറിഞ്ഞില്ല. തീ ആളിക്കത്തിയതോടെ കൂരയിൽ നിന്നും നിലവിളി കേട്ടു. ആരും അവരുടെ സഹായത്തിനെത്തിയില്ല.

നേരം വെളുത്തപ്പോൾ തീയണഞ്ഞു. കുടിൽ നിന്നിടത്ത് കോരന്റെയും കാളിയുടെയും കത്തിയെരിഞ്ഞ് ചാമ്പലായ ശരീരാവശിഷ്ടങ്ങൾ കണ്ടു. ചോദയുടെ പൊടിപോലും അവിടെയെങ്ങും കണ്ടില്ല. ചോദ എങ്ങനെയോ ഓടി രക്ഷപ്പെട്ടിരുന്നു.

പണക്കാരനായ പ്രഭാകരൻ നായർക്ക് കോരന്റെ കുടിലിൽ രാത്രി മണ്ണെണ്ണ വിളക്ക് ചരിഞ്ഞു വീണ് കൂരയ്ക്ക് തീപിടിച്ചതാണെന്നും ആ തീയിൽ മൂന്നു പേരും വെന്തു മരിച്ചു എന്നും സ്ഥാപിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അതുകൊണ്ടുതന്നെ ചോദയെപ്പറ്റി ആരും അന്വേഷിച്ചതുമില്ല.

ചോദയുടെ കൂരയ്ക്ക് രാത്രിയിൽ തീ പിടിച്ചു എന്നും ആ തീയിൽ ചോദയും കുടുംബവും വെന്തുമരിച്ചു എന്നുമറിഞ്ഞ രാധാകൃഷ്ണൻ ബോധം കെട്ടുവീണു. ബോധം തെളിഞ്ഞപ്പോൾ അയാളുടെ സമനില തെറ്റിയിരുന്നു. പിന്നീടൊരിക്കലും രാധാകൃഷ്ണന്റെ സമനില തിരികെ കിട്ടിയില്ല. ഒരുപാട് ചികിത്സ നടത്തി. ഒരു പ്രയോജനവുമുണ്ടായില്ല . രാധാകൃഷ്ണൻ മൗനത്തിലേക്ക് നീങ്ങി. ഒരു വിഷാദരോഗിയായി മാറി.

പ്രഭാകരൻ നായർ തന്റെ പെൺമക്കളുടെ വിവാഹം കഴിപ്പിച്ചയച്ചു
കോരന്റെയും കുടുംബത്തിന്റെയും മരണത്തിനും സ്വന്തം മകന്റെ അവസ്ഥയ്ക്കും താനാണ് കാരണം എന്ന കുറ്റബോധം അയാളെ കാർന്നുതിന്നാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഹൃദയാഘാതം മൂലം അയാൾ മരിച്ചു. 

കല്യാണിയമ്മ വളരെ ദുഃഖിതയായി മകന്റെ ശുശ്രൂഷയിലേർപ്പെട്ടു.

കത്തിക്കൊണ്ടിരുന്ന കുടിലിൽ നിന്നും രക്ഷപ്പെട്ട ചോദ ഒരു ലക്ഷ്യവുമില്ലാതെ ഓടി. ഉടുത്തിരുന്ന വസ്ത്രം കൂടാതെ കയ്യിൽ അവളുടെ പ്രീയപ്പെട്ട ഒരു സഞ്ചി ഉണ്ടായിരുന്നു. അതിൽ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൊച്ചു കൊച്ചു സാധനങ്ങൾ. അതിലൊന്നായിരുന്നു രാധാകൃഷ്ണൻ അടുത്ത കാലത്ത് നല്കിയ അയാളുടെ ഒരു ഫോട്ടോ. ആ സഞ്ചിയും മാറോട് ചേർത്ത് ലക്ഷ്യമില്ലാതെ അവൾ നടന്നു. ഒരു ഭ്രാന്തിയെപ്പോലെ, ഒരു ഭിക്ഷക്കാരിയെപ്പോലെ തെണ്ടി നടന്നു. ആരെങ്കിലുമൊക്കെ എന്തെങ്കിലും ആഹാരം കൊടുത്തു. പല ദിവസങ്ങളിലും ആഹാരം കിട്ടാതെ പട്ടിണി കിടന്നു. രാത്രിയിൽ പലരും അവളെ പീഡിപ്പിച്ചു. വളരെ കഷ്ടപ്പെട്ട് ചോദ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അലഞ്ഞ് നടന്നു. പക്ഷേ ജീവനിൽ  കൊതിയുള്ളതുകൊണ്ട് തിരികെപ്പോയില്ല. 

രാത്രിയിൽ ആരും കാണാതെ കോരനേയും, കാളിയേയും രാധാകൃഷ്ണനേയും ഒക്കെ ഓർത്ത് വിങ്ങി വിങ്ങി കരയും. പക്ഷേ അവളുടെ കരച്ചിൽ ആരും കണ്ടില്ല.  താൻ ആരാണെന്നും തന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചുവെന്നും മാത്രം ആരോടും ചോദ പറഞ്ഞില്ല. 

ഇങ്ങനെ കാലം കുറെ കടന്നുപോയി. മാസങ്ങൾ, വർഷങ്ങൾ എത്ര കഴിഞ്ഞു എന്ന് ബോധം ചോദയ്ക്ക് നഷ്ടപ്പെട്ടു. അങ്ങനെ പല നാടുകളിൽ കറങ്ങി ഒരുദിവസം ചോദ അഞ്ചാലുംമൂട്ടിൽ എത്തി. ക്ഷീര വ്യവസായ സൊസൈറ്റിയുടെ പടിയിൽ കിടന്നുറങ്ങിയിരുന്ന ചോദയെ അതിരാവിലെ സൊസൈറ്റിയിൽ എത്തിയ ശ്രീധരൻ പിള്ള വിളിച്ചുണർത്തി. തന്റെ മുന്നിൽ ഒരു നല്ല മനുഷ്യനാണ് നില്ക്കുന്നതെന്ന് ചോദയ്ക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അവളൊരു അനാധയാണെന്നും ഒരു ജീവിതമാർഗ്ഗത്തിനായി അലയുകയാണെന്നും പറഞ്ഞു. 

സൊസൈറ്റിയും പരിസരവും അടിച്ചുവാരാനും അവിടത്തെ പാത്രങ്ങൾ കഴുകി വൃത്തിയാക്കാനും ആരെയെങ്കിലും കിട്ടാനായി കാത്തിരിക്കുകയായിരുന്നു ശ്രീധരൻ പിള്ള. അവസരം മുതലെടുത്ത് അയാൾ ചോദയ്ക്ക് ഒരു ചെറിയ ശമ്പളത്തിൽ അവിടെ ജോലി കൊടുത്തു. കൂടാതെ രാത്രിയിൽ കിടന്നുറങ്ങാൻ പുറകുവശത്ത് ഒരു ചായിപ്പും. തന്റെ സഞ്ചിയുമായി ചോദ ചായിപ്പിൽ താമസം തുടങ്ങി.

മൂന്നു വർഷങ്ങൾക്കു മുൻപ് ഒരുദിവസം എനിക്ക് ഒരു സ്ഥലം വരെ പോകണം എന്നും പറഞ്ഞ് ചോദ കൊട്ടാരക്കരയിൽ പോയി. പഴയ കാലത്തെ ഓർമ്മകൾ ചെകഞ്ഞെടുത്ത് , വളരെ ബുദ്ധിമുട്ടി ഒരു ബന്ധുവിന്റെ വീട്ടിൽ എത്തി. അത് കോവിയുടെ വീടായിരുന്നു. താൻ മരിച്ചിട്ടില്ല എന്ന് വിവരം അവരെ അറിയിച്ചു. പക്ഷേ ഈ വിവരം മറ്റാരും അറിയരുതെന്ന് പ്രത്യേകിച്ച് പറഞ്ഞു. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അവരോട് പറഞ്ഞു. ഒപ്പം രാധാകൃഷ്ണൻ നായരെപ്പറ്റിയും. അന്ന്  ചോദ ഒരുപാട് കരഞ്ഞു. പക്ഷേ രാധാകൃഷ്ണൻ നായരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് ചോദയ്ക്ക് അറിയില്ലായിരുന്നു.
തിരികെപ്പോരുമ്പോൾ കോവിയെക്കൂടി അഞ്ചാലുംമൂടിലേക്ക് കൊണ്ടുവന്നു. എന്നിട്ട് താൻ ജോലി ചെയ്യുന്ന ഇടം കാണിച്ചു കൊടുത്തു. പക്ഷേ ആരെയും പരിചയപ്പെടുത്തിയില്ല.

കുറച്ചു ദിവസം മുൻപ്, രാധാകൃഷ്ണൻ നായരുടെ വിവരം ഒന്നറിയണം എന്ന് ഒരു ജിജ്ഞാസ തോന്നി കോവിയ്ക്ക്. അങ്ങനെ കുന്നത്ത് തറവാട്ടിന്റെ പരിസരത്ത് ചെന്നന്വേഷിച്ചു. അപ്പോഴാണറിഞ്ഞത്
രണ്ട് മാസം മുമ്പ് കല്യാണിയമ്മ വാർദ്ധക്യം മൂലം മരണപ്പെട്ടുവെന്നും  അമ്മ മരിച്ചതിന്റെ നാലാം ദിവസം രാധാകൃഷ്ണൻ നായരും ഈ ലോകത്തോട് യാത്ര പറഞ്ഞുവെന്നും. തന്റെ പ്രിയപ്പെട്ട ചോദ ജീവിച്ചിരിപ്പുണ്ട് എന്ന വിവരം പോലുമറിയാതെ.

രാധാകൃഷ്ണൻ നായരുടെ മരണവിവരം അറിയിക്കാനാണ് കോവി ഇപ്പോൽ ചോദയെ അന്വേഷിച്ചു വന്നത്.

കാര്യങ്ങൾ കേട്ടിരുന്ന ഏഡ് കുട്ടൻ പിള്ളയുടെ കണ്ണുകൾ നിറഞ്ഞു. അയാൾ എഴുന്നേറ്റ് ഒരു പോലീസുകാരനെ പറഞ്ഞയച്ചു ചായ വരുത്തി കോവിയക്ക് കൊടുത്തു. എന്നിട്ട് അകത്തു സൂക്ഷിച്ചിരുന്ന ചോദയുടെ സഞ്ചി കൊണ്ടുവന്ന് കോവിയുടെ മുന്നിൽ വച്ചു. 

സഞ്ചിയ്ക്കുള്ളിൽ നിന്നും കിട്ടിയ ഫോട്ടോ കണ്ട് കോവി വിളിച്ചുപറഞ്ഞു.

“ ഇതാണ് രാധാകൃഷ്ണൻ നായർ. ആ വീടിന്റെ വരാന്തയിൽ ഇതു പോലെ ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നത് ഞാൻ കണ്ടതാ.”

മറ്റൊന്നും പറയാതെ ഏഡ് കുട്ടൻ പിള്ള കോവിയെ ചോദയുടെ സഞ്ചിയുമായി യാത്രയാക്കി…..

കേണൽ രമേശ് രാമകൃഷ്ണൻ
10 May 2021

Wednesday, April 21, 2021

ബന്ധങ്ങൾക്കപ്പുറം



ചേട്ടാ, ആനയെ ചുട്ട മുക്ക് എത്തി

ബസ്സിന്റെ കണ്ടക്ടർ മാധവൻ പിള്ളയെ കുലുക്കി ഉണർത്തിയിട്ട് പറഞ്ഞു. അഞ്ചാലുംമൂട്ടിൽ നിന്നും ബസ്സ് പുറപ്പെട്ടിട്ട് കൂടുതൽ നേരം ആയില്ല. എന്താണെന്ന് അറിയില്ല, ഈയിടെ ആയി മാധവൻ പിള്ളയ്ക്ക് വല്ലാത്ത ക്ഷീണം ആണ്. ബസ്സിൽ കയറി സീറ്റിൽ ഇരുന്നാൽ, ഉടനെ ഉറങ്ങും.

മാധവൻ പിള്ള പതിയെ ബസ്സിൽ നിന്ന് ഇറങ്ങി. ആനയെ ചുട്ട മുക്ക് ഒരു വലിയ ജംഗ്ഷൻ ഒന്നും അല്ല. അഞ്ചാലുംമൂട്ടിൽ നിന്നും അഷ്ടമുടി, പ്രാക്കുളം, പെരുമൺ എന്ന സ്ഥലങ്ങളിലേക്ക് പോകുന്ന റോഡിൽ ഒരു ചെറിയ മുക്ക്. അവിടെ ആര്, എന്ന് ആനയെ ചുട്ടു എന്നോ, ചുട്ട ആനയെ എന്ത് ചെയ്തെന്നോ ആർക്കും അറിയില്ല. മൂന്നാല് ചെറിയ കടകളും കുറെ വീടുകളും ഉള്ള ഒരു മുക്ക്.

ബസ്സിൽ നിന്നും ഇറങ്ങിയ ശേഷം വലത് വശത്തുള്ള ടാറിട്ട വഴിയിലൂടെ മാധവൻ പിള്ള നടന്നു. അല്പ ദൂരം നടന്നു കഴിഞ്ഞപ്പോൾ വീണ്ടും ക്ഷീണം തോന്നി. ഉറക്കം പൂർണമായും വിട്ട് മാറിയില്ല എന്ന് തോന്നി. റോഡിന്റെ അരികിൽ കണ്ട ഒരു വലിയ കല്ലിന്മേൽ അല്പനേരം ഇരുന്നു.

മൂപ്പീന്നേ, കാറ്റ് പോവാറായോ ?”

തിരിഞ്ഞ് നോക്കിയപ്പോൾ ഒരു താന്തോന്നി സൈക്കിളും ചവിട്ടി ഇളിച്ച് കൊണ്ട് പോകുന്നു. ചെറുപ്പ കാലം ആയിരുന്നെങ്കിൽ അതിന് മറുപടി അവന്റെ കരണത്ത് കൊടുത്തേനെ മാധവൻ പിള്ള. ഇപ്പോൽ വയ്യാ.

കുറച്ചു നേരം കഴിഞ്ഞ് മെല്ലെ എഴുന്നേറ്റ് തന്റെ മകളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു. നാലഞ്ച് വർഷം മുമ്പ് ഒരിക്കൽ ഇതു വഴി വന്നതാണ്. അന്ന് കണ്ട വീട് ശരിക്കും ഓർമ്മയിൽ വരുന്നില്ല. ഓരോ വീടുകളും സൂക്ഷിച്ചു നോക്കി മുന്നോട്ട് നടന്നു. ഒരു വലിയ വീടിന്റെ മുന്നിൽ ഒരു ബോർഡ് കണ്ടു.

സബീനാ മൻസിൽ.

വീടിന്റെ ബോർഡ് നോക്കി നില്ക്കുന്ന ആളെ നോക്കി അതിലെ വന്ന ഒരു മുസ്ലിം സ്ത്രീ പറഞ്ഞു

ഇത്, മ്മ്ടെ സുബൈറിന്റെ വീടാ.

ആരാ സബീന ? “ ജിജ്ഞാസയോടെ മാധവൻ പിള്ള ചോദിച്ചു.

അത്, ഒരു നായർ പെണ്ണിനെ അല്ലിയോ അവൻ വിളിച്ചു ഇറക്കിക്കൊണ്ട് വന്നത്. ഓൻ ആ  പെണ്ണിന് ഇട്ട പേരാണ് സബീന. വീടിനും ഓളുടെ പേരിട്ടു. ങ്ങ്ള് ആരാ?

ആ സ്ത്രീ ചോദിച്ചു.

ഒരു വഴിപോക്കൻമാധവൻ പിള്ള പതിയെ പറഞ്ഞു. എന്തോ പുറുപുറുത്ത് കൊണ്ട് ആ സ്ത്രീ നടന്നു പോയി. മാധവൻ പിള്ള ഗേറ്റും പിടിച്ച് അല്പനേരം നിന്നു.

വീടിന്റെ ഗേറ്റിന്റെ അടുത്ത് സംസാരം കേട്ടത് കൊണ്ടാകണം, വീടിന്റെ ഉമ്മറത്തെ വാതിൽ തുറന്ന് ഒരു ചെറുപ്പക്കാരി പുറത്ത് വന്നു. പഞ്ചാബി ഷൂട്ട് ആയിരുന്നു വേഷം. തലയിൽ തട്ടം ഇട്ടിട്ടുണ്ട്.

അച്ഛാ..” എന്ന് വിളിച്ചു കൊണ്ട് ഓടി വന്ന് മാധവൻ പിള്ളയുടെ കയ്യിൽ പിടിച്ചു. എന്നിട്ട് പതിയെ വീടിന്റെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു സോഫയിൽ ഇരുത്തി.

വർഷങ്ങൾക്കു ശേഷം മകളെ കണ്ടപ്പോൾ മാധവൻ പിള്ളയുടെ കണ്ണ് നിറഞ്ഞു. താനും ഭാര്യ പാർവ്വതിയും ലാളിച്ചു വളർത്തിയ ഒരേയൊരു മകൾ ശ്രീലക്ഷ്മി, ഇന്ന് തട്ടം ഇട്ട് കൊണ്ട് മുന്നിൽ നില്ക്കുന്ന സബീന. ഒരു ജീവിതകാലം അയാളുടെ മനസ്സിലൂടെ കടന്നു പോയി.

അച്ഛൻ വീട്ടിൽ വന്നിട്ട് ഞാൻ ഒന്നും തന്നില്ലഎന്നും പറഞ്ഞു കൊണ്ട് സബീന അടുക്കളയിൽ പോയി ഒരു ഗ്ലാസിൽ ജ്യൂസും കുറച്ച് ഹൽവയും കൊണ്ട് വന്ന് ടീപ്പോയിൽ വച്ചു.

എത്ര നാളായി അച്ഛനെ കണ്ടിട്ട് ? കഴിക്ക് അച്ഛാഎന്ന് പറഞ്ഞു കൊണ്ട് ഒരു കഷണം ഹൽവ എടുത്ത് മാധവൻ പിള്ളയുടെ വായിൽ വെച്ച് കൊടുത്തു. പതിയെ ആ പാദങ്ങളിൽ തൊട്ടു വന്ദിച്ചു. പതിയെ ചോദിച്ചു

അച്ഛന് സുഖമാണോ ?”

മാധവൻ പിള്ളയുടെ തൊണ്ട ഇടറി. അയാൾ പറഞ്ഞു

അച്ഛന് നല്ല സുഖമില്ല, മോളേ. കൂകൂടാതെ കുറെ വർഷങ്ങളായി ഒറ്റയ്ക്കുള്ള ജീവിതം. മടുത്തു. നീയല്ലാതെ മറ്റ് മക്കളാരും ഞങ്ങൾക്ക് ഇല്ലല്ലോ ? നീയിങ്ങനെ….”

അതെ അച്ഛാ. അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ, വല്ല മേത്തച്ചെറുക്കന്റെ കൂടെ ഒളിച്ചോടി. അല്ലേ ?  “  സബീന വാക്കുകൾ മുഴുമിപ്പിച്ചു.

എന്താ, അത് ശരിയല്ലേ ? ഒരു വലിയ തറവാട്ടിലെ ഒരു ഉദ്യോഗസ്ഥനുമായി കല്യാണം ഉറപ്പിച്ച പെണ്ണ് അല്ലായിരുന്നോ നീ ? വിവാഹത്തിന് ഒരാഴ്ച മുമ്പ് ഒരു ചെറുക്കന്റെ കൂടെ ഒളിച്ചോടി. ഇതിൽ പരം നാണക്കേട് വരാനുണ്ടോ എനിക്കും നിന്റെ അമ്മയ്ക്കും ? നല്ല ഒന്നാന്തരം ഒരു നായർ തറവാട്ടിൽ പിറന്ന ഒരു പെൺകുട്ടി, കൂടെപ്പഠിച്ച ഒരു മുസ്ലിം പയ്യനുമായി ഒളിച്ചോടുക. ആ ഷോക്കിലല്ലേ നിശ്ചയിച്ച വിവാഹത്തിന്റെ തലേന്ന് നിന്റെ അമ്മ മരിച്ചത് ? പാവം എന്റെ പാർവ്വതി, ചങ്ക് പൊട്ടിയാണ് അവൾ മരിച്ചത്.” മാധവൻ പിള്ള ഗദ്ഗദകണ്ഠനായി പറഞ്ഞു.

കുറച്ചു നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. മുന്നിൽ ഇരുന്ന ജ്യൂസ് അല്പം കുടിച്ചു കഴിഞ്ഞ് മാധവൻ പിള്ള ചോദിച്ചു

സുബൈറും കുഞ്ഞും എവിടെ ?”

സുബൈർ മോള് ഷീനയെ അവരുടെ ഉമ്മയെയും ഉപ്പായെയും കാണിക്കാനായി കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. സുബൈറിന് ബിസിനസിൽ വലിയ തിരക്കാണ്. തീരെ സമയമില്ല. ഇന്ന് തീർച്ചയായും കുഞ്ഞിനെ കൊണ്ട് വന്ന് കാണിക്കണം എന്ന് ഉപ്പാ വിളിച്ചു പറഞ്ഞായിരുന്നു.” സബീന മറുപടി നൽകി.

അപ്പോൽ, ഒരിക്കൽ എങ്കിലും കുഞ്ഞിനെ എന്നെ കാണിക്കണം എന്ന് നിനക്ക് തോന്നിയില്ല. അല്ലേ മോളേ ?” മാധവൻ പിള്ള പരിഭവം പറഞ്ഞു.

എന്നെയോ, എന്റെ മകളെയോ ഒന്നു വന്ന് കാണാൻ അച്ഛനും തോന്നിയില്ലല്ലോ ?” സബീന തിരിച്ചു ചോദിച്ചു.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം മാധവൻ പിള്ള പറഞ്ഞു

എന്തായാലും കഴിഞ്ഞതെല്ലാം കഴിഞ്ഞു. നിങ്ങൾ മൂന്നു പേരും വീട്ടിലേക്ക് വരണം. ഇനിയുള്ള കാലം നിങ്ങൾ നമ്മുടെ വീട്ടിൽ വന്നു താമസിക്ക്. അത് നിനക്ക് മാത്രം അവകാശം ഉള്ള വീടാണ്. വരൂ മോളേ. നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാൻ ആണ് ഞാൻ വന്നത്”.

ആദ്യം സബീനയുടെ മുഖം തെളിഞ്ഞു. പെട്ടെന്ന് തന്നെ ആ മുഖം വാടി. എന്തോ ആലോചിച്ചിട്ട് പറഞ്ഞു

ഇല്ലച്ഛാ. ഒരിക്കലും ഞാൻ ആ വീട്ടിൽ വരില്ല

അതെന്താ?”  അല്പം അതിശയത്തോടെ മാധവൻ പിള്ള ചോദിച്ചു.

അച്ഛൻ മറന്നു പോയോ ? എന്നെ പടിയിറക്കി പിണ്ഡം വെച്ച വീടല്ലേ അത്. അതും അമ്മ മരിച്ചതിന്റെ പിറ്റേന്ന്. ജീവിച്ചിരിക്കുമ്പോൾ തന്നെ അച്ഛൻ എന്നെ കൊന്നില്ലേ ?

ആ വീട്ടിൽ എനിക്ക് ഒരു സ്ഥാനവും ഇല്ല, അവകാശവും ഇല്ല.  ഇനി ഒരിക്കലും ആ വീട്ടിൽ ഞാനോ എന്റെ കുടുംബമോ കാല് കുത്തില്ല. അത് ഇനി അച്ഛൻ മരിച്ചു എന്ന് അറിഞ്ഞാൽ പോലും”.

ഒരു ഇടിവെട്ട് ഏറ്റത് പോലെ തോന്നി മാധവൻ പിള്ളയ്ക്ക്. തന്റെ സമനില തെറ്റി താഴെ വീഴുമോ എന്ന് അയാൾ സംശയിച്ചു. അറിയാതെ ഉള്ളിൽ നിന്നും ഒരു വിളി പുറത്ത് വന്നു

മോളേ…”

അല്പനേരം കഴിഞ്ഞ് സബീന അച്ഛന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

അച്ഛൻ ഇവിടെ വന്ന് ഞങ്ങളോടൊപ്പം  നിൽക്ക്. ഒറ്റയ്ക്ക് താമസിക്കണ്ടാ. സുബൈർ നല്ലവനാണ് അച്ഛാ.

മകളുടെ കയ്യിൽ നിന്നും കൈ വിടുവിച്ചു കൊണ്ട് അയാൾ പറഞ്ഞു

വേണ്ട മോളേ. ഞാൻ എങ്ങനെയെങ്കിലും കഴിഞ്ഞോളാം.

പതിയെ മാധവൻ പിള്ള സബീന മൻസിലിന്റെ പടിയിറങ്ങി, റോഡിലേക്ക് നടന്നു.

നടന്നകലുന്ന അച്ഛനെ നോക്കി ഒരു കൽപ്രതിമ പോലെ സബീന വാതിക്കൽ നിന്നു. കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.

ആനയെ ചുട്ട മുക്കിൽ എത്തിയപ്പോൾ മാധവൻ പിള്ളയ്ക്ക് ഒരു ആട്ടോ റിക്ഷ കിട്ടി. റിക്ഷയിൽ കയറി ഇരുന്നതിന് ശേഷം ഡ്രൈവറോട് പറഞ്ഞു

മോനേ, ഈ താന്നിക്ക മുക്കിൽ ഒരു വൃദ്ധ സദനം ഉണ്ടെന്ന് കേട്ടു. എനിക്ക് അവിടെ വരെ ഒന്ന് പോകണം.”

മാധവൻ പിള്ളയുടെ മുഖത്ത് മാറി മറിയുന്ന ഭാവങ്ങൾ കണ്ടിട്ട് ഡ്രൈവർ ചോദിച്ചു

സാറിന് ആൺമക്കൾ ആരും ഇല്ലേ ?”

ഇല്ല മോനെ. ഒരു മകൾ ഉണ്ടായിരുന്നു. അവളും പോയി.” പിള്ള പറഞ്ഞു. എന്നിട്ട് സീറ്റിൽ പുറകോട്ട് ചാരി ഇരുന്നു. താമസിയാതെ അയാൾ ഉറങ്ങി.

സാറേ, താന്നിക്ക മുക്ക് എത്തി ഡ്രൈവർ പിള്ളയെ കുലുക്കി വിളിച്ചു.

ആട്ടോ കൂലിയും കൊടുത്തിട്ട് വൃദ്ധ സദനത്തിലേക്ക് നടന്ന മാധവൻ പിള്ളയെ വിളിച്ച് ഡ്രൈവർ പറഞ്ഞു

സാറിന് മക്കൾ ഇല്ല എന്നൊന്നും കരുതണ്ട. വല്ലപ്പോഴും ഇത് വഴി പോകുമ്പോൾ , അച്ഛനെ ഞാൻ വന്ന് കാണാം.”

മാധവൻ പിള്ളയുടെ കണ്ണ് നിറഞ്ഞു

 

കേണൽ രമേശ് രാമകൃഷ്ണൻ

22 Apr 2021.

 

 

 

 

 

Saturday, April 17, 2021

Me Too in The Crowd

Me Too In The crowd.

There are a few
Who are holding this Earth
And think, if they move their hands
The Earth will fall.
And there are some
Who are burdens on Earth
And people are waiting for them to vacate.
Unwanted people aplenty
And there are some who have nobody,
Yet some wish they will have someone someday,
And some have no answer to the question
“Who are you? ”
Some show thick books
Showing names of Forefathers
For centuries of yore
Yet some can’t name
One father for a record.
Some have too many faces,
And some have no face at all.
Amongst the crowd
I am there, as a little man

Colonel Ramesh Ramakrishnan
17 April 2021

Monday, April 5, 2021

മുളയ്ക്കാത്ത വിത്തുകൾ



കൊഴിയുന്ന മാമ്പൂക്കളോടൊപ്പം
അടർന്നു വീഴുന്ന 
കുഞ്ഞ് മാങ്ങകളെ നോക്കി
മനസ്സ് പിടഞ്ഞിട്ടുണ്ട്
മാവിനെ പഴിച്ചില്ലെങ്കിലും
കുലുക്കിയ കാറ്റിനെയും
ആഞ്ഞടിച്ച പേമാരിയെയും
ശപിച്ചിട്ടുണ്ട്.
ഈ ഉണ്ണി മാങ്ങകൾ എല്ലാം
വലുതായിരുന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട്.

പിന്നീട് ഞാൻ ചിന്തിച്ചു.

മാവിൽ വിരിഞ്ഞ പൂക്കളെല്ലാം
മാങ്ങയായ് മാറിയെങ്കിൽ
ആ മാങ്ങകളുടെ അണ്ടികൾ മുളച്ച് മാവുകൾ ആയെങ്കിൽ
അവയിലെ എല്ലാ പൂക്കളും വീണ്ടും മാങ്ങകളും മാവുകളും ആയെങ്കിൽ
എല്ലായിടത്തും മാവുകൾ മാത്രം കണ്ടേനെ.
അങ്ങനെ തന്നെ പ്ലാവും ചക്കയും ചക്കക്കുരുവും
വീണ്ടും പ്ലാവും ചക്കയും ചക്കക്കുരുവും
ലോകം മുഴുവനും മാവും പ്ലാവും മാത്രം
വേറെ ഒന്നിനും സ്ഥലമില്ലാതെ.

പ്രകൃതിയാണ് ശരി, 
ദൈവവും.
എല്ലാം വിത്തുകളും മുളയ്ക്കരുത്..

കേണൽ രമേശ് രാമകൃഷ്ണൻ
05 Apr 2021

Friday, April 2, 2021

ഇന്ന് വെള്ളിയാഴ്ച, അന്നും



ഇന്ന് ദുഃഖ വെള്ളിയാഴ്ച്ച.  AD 30 ലോ 33 ലോ എന്ന് തീർച്ചയില്ല, ഇതുപോലെ ഒരു വെള്ളിയാഴ്ച്ച ദിവസം ആയിരുന്നു സൻഹെഡ്രൻ എന്ന യഹൂദരുടെ കോടതി, റോമൻ സൈനികരുടെ സഹായത്തോടെ യേശുവിനെ തടവിലാക്കി, വിചാരണ ചെയ്തു ക്രൂശിച്ചത്. 

യേശു പ്രവചിച്ചിരുന്ന പോലെ തന്നെ, തലേ ദിവസം രാത്രി അവസാനത്തെ അത്താഴവും കഴിഞ്ഞ് ശിഷ്യനായ യൂദാസ് മുപ്പത് വെള്ളി നാണയങ്ങൾക്കായി യേശുവിനെ കാണിച്ചു കൊടുത്തു. രക്ഷിക്കാൻ തന്റെ ഉറ്റ അനുയായികൾ പോലും കൂടെ ഇല്ലായിരുന്ന യേശുവിനെ അവർ നിഷ്പ്രയാസം അറസ്റ്റ് ചെയ്തു.

പിലാത്തോസ് (Pontius Pilate ) എന്ന ഗവർണറുടെ നേതൃത്വത്തിൽ ഉള്ള കോടതി യേശുവിനെ പ്രധാനമായും രണ്ട് കുറ്റങ്ങൾക്കാണ് വിചാരണ ചെയ്തത്. 

ഒന്നാമത് ദൈവനിന്ദ (Blasphemy ). 

രണ്ടാമത്തേത് , രാജ്യദ്രോഹം (  Treason or Sedition).

 അതിന് പ്രധാന കാരണങ്ങൾ പറഞ്ഞത്, യേശു ക്രിസ്തു സ്വയം താൻ മിസിഹാ അഥവാ ദൈവത്തിന്റെ പുത്രൻ ആണെന്ന് പറഞ്ഞു. ഒപ്പം താൻ യഹൂദരുടെ രാജാവ് ആണെന്നും പറഞ്ഞു. ഇത് രണ്ടും അന്നത്തെ മതവിശ്വാസികളും ഭരണകൂടവും വിശേഷിച്ചും റോമൻ സാമ്രാജ്യം ഒരു  വെല്ലുവിളിയായി കണ്ടു. യേശുവിനെ ഉന്മൂലനം ചെയ്യേണ്ടത് അവരുടെ ഒരു വലിയ ആവശ്യമായി.

സാബത്ത് നിയമങ്ങൾ ലംഘിക്കുന്നു എന്നതായിരുന്നു  ഒരു കുറ്റം. അതായത് സാബത്ത് ദിനങ്ങളിൽ ശുശ്രൂഷിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.

യേശു കാരണം യഹൂദരുടെ അമ്പലങ്ങൾ നശിപ്പിക്കപ്പെടും എന്ന് അവർ പേടിച്ചു.

ഏതോ ദിവ്യ ശക്തി ഉപയോഗിച്ച് യേശു രോഗികളെ പൂർണമായും സുഖപ്പെടുത്തിയിരുന്നു. അതൊരു ക്ഷുദ്ര പ്രയോഗം ആണെന്നും അത് അനുവദനീയം അല്ലെന്നും അവർ തീരുമാനിച്ചു.

വിചാരണ സമയത്ത് യേശുവിന് എതിരെ സാക്ഷികൾ മുന്നോട്ട് വരാൻ പിലാത്തോസ്  പറഞ്ഞു. പക്ഷേ ആരും മുന്നോട്ടു വന്നില്ല. ആ സമയം അവർ ചില കള്ള സാക്ഷികളെ കൊണ്ടു വന്നു. പക്ഷേ അവർക്കും ശരിയായ രീതിയിൽ ഒന്നും സ്ഥാപിക്കാൻ പറ്റിയില്ല.

അവസാനം മുഖ്യ ന്യായാധിപൻ യേശുവിനോട് ചോദിച്ചു

“ നീയാണോ ദൈവത്തിന്റെ പുത്രൻ ക്രിസ്തു ? “

യേശു പറഞ്ഞു

“ അതെ, ഞാൻ തന്നെ”

“ഞാൻ തന്നെ യഹൂദരുടെ രാജാവ്”

അതോടെ ‘ദൈവനിന്ദ’ ‘രാജ്യദ്രോഹം’ എന്ന് രണ്ട് കുറ്റങ്ങളും സ്ഥാപിക്കപ്പെട്ടു.
സന്ഹഡ്രൻ ഒന്നടങ്കം യേശുവിനെ ക്രൂശിൽ തറയ്ക്കണമെന്ന് പിലാത്തോസിനോട് ആവശ്യപ്പെട്ടു. ആദ്യം പിലാത്തോസ് സമ്മതിച്ചില്ല. പക്ഷേ സമ്മർദ്ദം കൂടിയപ്പോൾ അതിന് വഴങ്ങി. യേശുവിനെ ക്രൂശിൽ തറയ്ക്കണമെന്ന് പ്രഖ്യാപിച്ചു.

പിലാത്തോസ് ജനക്കൂട്ടത്തിന്റെ മുന്നിൽ വച്ച് തന്റെ കൈകൾ കഴുകി. എന്നിട്ട് അവരെ അഭിസംബോധന ചെയ്തു കൊണ്ട് പീലാത്തോസ് പറഞ്ഞു

“ ഞാൻ നിരപരാധിയാണ്. ഈ  രക്തത്തിൽ എനിക്ക് പങ്കില്ല”

ജനം ഒന്നടങ്കം വിളിച്ചു പറഞ്ഞു

“ഈ രക്തം ഞങ്ങളുടെയും , ഞങ്ങളുടെ കുഞ്ഞുങ്ങളുടെയും പുറത്താണ്” . 

ലോകത്തിലെ എല്ലാ യഹൂദരും ഇന്നും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുന്നുണ്ട്.

യേശുവിന്റെ വസ്ത്രങ്ങൾ ചിലർ ഊരിയെടുത്ത് അവർക്കിടയിൽ പങ്കിട്ടെടുത്തു. യഹൂദരുടെ രാജാവാണെന്ന് സ്വയം പറഞ്ഞ യേശുക്രിസ്തുവിന്റെ തലയിൽ മുള്ളുകൾ കൊണ്ടുള്ള ഒരു കിരീടം ചൂടി. തലയിൽ നിന്നും മുഖത്തേക്ക് രക്തം ഒഴുകി. വേദനയോടെ ആ മുഖം കോടി. ഭാരം താങ്ങാൻ കഴിയാത്ത ഒരു വലിയ ഒരു കുരിശ് തോളിൽ കയറ്റി വച്ച് കൊടുത്തു. കുരിശ് ചുമക്കാൻ കഴിയാതെ യേശു വീണു. വലിയ ചാട്ടവാർ കൊണ്ട് ശരീരത്തിൽ അടിച്ച് മുറിവുണ്ടാക്കി. ഒരുപാട് വേദന യേശു അനുഭവിച്ചു. അങ്ങനെ വളരെ ബുദ്ധിമുട്ടി ആ കുരിശും ചുമന്നു കൊണ്ട് ഏകദേശം ഒമ്പത് മണിയോടെ കാൽവരിയിൽ എത്തി. 

യേശുവിനെ കുരിശിന്റെ മുകളിൽ മലർത്തി കിടത്തി. രണ്ട് കൈത്തണ്ടയിലും പിന്നെ കാലുകൾ ചേർത്ത് വച്ചും  ഓരോ കൂരിരുമ്പണി അടിച്ചു കയറ്റി. മൂന്ന് ആണികൾ കൊണ്ട് യേശുവിനെ കുരിശിൽ തറച്ചു. എന്നിട്ട്  ഡിസ്മാസ് , ഗസ്റ്റാസ് എന്ന പേരുകൾ ഉള്ള രണ്ടു കള്ളന്മാരുടെ നടുവിൽ കുരിശ് ഉയർത്തി നിർത്തി. മുറിവുകളിൽ നിന്നും രക്തം ധാരയായി ഒഴുകി. 

കുരിശിൽ കിടന്നു കൊണ്ട് യേശു അവസാനമായി ഏഴ് വാക്യങ്ങൾ ആണ് ആകെ പറഞ്ഞത്.

ഒന്നാമത്തെ വാചകം.

“പിതാവേ, ഇവർക്ക് മാപ്പ് നൽകേണമേ. ഇവർക്ക് അറിയില്ല ഇവർ എന്താണ് ചെയ്യുന്നത് എന്ന്."

അപ്പോഴേക്കും കള്ളന്മാരിൽ ഒരാൾ പറഞ്ഞു യേശു നിരപരാധി ആണെന്ന് താൻ വിശ്വസിക്കുന്നു എന്നും യേശുവിന്റെ രാജ്യം വരുമ്പോൾ തന്നെക്കുറിച്ച് ഓർക്കണമേ എന്നും ആവശ്യപ്പെട്ടു. യേശു പറഞ്ഞു

"സത്യമായി പറയുന്നു, ഇന്ന് തന്നെ താങ്കൾ പറുദീസയിൽ എന്നോടൊപ്പം എത്തും"

ഇതിനിടയിൽ യേശു കുരിശിൽ കിടന്നു കൊണ്ട് താഴേക്ക് നോക്കി. കരഞ്ഞ് വിവശയായ അമ്മ മറിയത്തെയും ഒപ്പം പ്രിയ ശിഷ്യൻ ജോണിനെയും കണ്ടു. അവരെ നോക്കി പറഞ്ഞു

" അമ്മേ ഇതാ നിങ്ങളുടെ പുത്രൻ, സുഹൃത്തേ ഇതാ നിങ്ങളുടെ അമ്മ"

കുറെ സമയം കഴിഞ്ഞു.

വേദന സഹിക്കാൻ വയ്യാതെ യേശു മുകളിലേക്ക് നോക്കി ചോദിച്ചു

" എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ എന്തിന് ഉപേക്ഷിച്ചു ?"

ദാഹം സഹിക്കാൻ വയ്യാതെ യേശു കേണു

"എനിക്ക് ദാഹിക്കുന്നു"

ഇത് കേട്ട് ഒരാൾ പുളിച്ച വിനാഗിരിയിൽ ഒരു തുണിക്കഷണം മുക്കി അതിനെ ഒരു നീളമുള്ള വടിയുടെ അറ്റത്ത് കെട്ടി യേശുവിന്റെ ചുണ്ടിനോട് ചേർത്ത് വച്ചു.
അത് കുടിച്ച യേശുവിന്റെ നാക്കും വായും ഉണങ്ങി വരണ്ടു.

ഈ ലോകത്തിൽ തന്റെ ജന്മം കൊണ്ടുള്ള ഉദ്ദേശ്യം  സഫലമായി എന്ന് മനസ്സിലാക്കിയ യേശു പറഞ്ഞു

" എല്ലാം തീർന്നു."

ഏകദേശം ഉച്ചയ്ക്ക് മൂന്നു മണിയോടെ യേശുവിന് മനസ്സിലായി തന്റെ പ്രാണൻ ത്യജിക്കാൻ സമയമായി എന്ന്. മുകളിലേക്ക് നോക്കി വലിയ ശബ്ദത്തിൽ യേശു വിളിച്ചു പറഞ്ഞു

" പിതാവേ, നിന്റെ കരങ്ങളിലേക്ക് എന്റെ ആത്മാവ് ഇതാ ഏല്പിക്കുന്നു".

ദൈവപുത്രനായ യേശുക്രിസ്തു എന്ന മനുഷ്യസ്നേഹി കുരിശിൽ കിടന്നു മരിച്ചു.

മാനവരാശിയുടെ പാപങ്ങൾ ഏറ്റു വാങ്ങി, മനുഷ്യന്റെ നന്മയ്ക്കായി ജീവൻ ത്യജിച്ച യേശു ദേവന്റെ ഓർമ്മയിൽ ഒരിറ്റു കണ്ണുനീർ....

കേണൽ രമേശ് രാമകൃഷ്ണൻ
02 April 2021

Sunday, March 28, 2021

വണ്ട് പറഞ്ഞ വിട



മഴ നനഞ്ഞു കൊണ്ട്
മധു നുകരാൻ എത്തിയ വണ്ടിനോട് പൂവോതി
“മതിയാവോളം നുകർന്നോളൂ സഖേ 
ഈ മധുവെല്ലാം,
മഴയിലൊലിച്ചു പോകും മുമ്പ്.”

വയറ് നിറഞ്ഞ്  വായ തുടച്ച് വണ്ടോതി
“നന്ദി സഖീ, നന്ദി,
ഇന്ന് അർക്കൻ ഉറങ്ങുന്നതോടെ
എന്നെന്നേക്കുമായി തീരും 
നീന്റെ ജീവിതം
രണ്ട് നാളുകൾ കഴിഞ്ഞെന്റേതും,
ഇനി നമുക്ക് ഒരു ജന്മം ഉണ്ടെങ്കിൽ
അന്ന് പൂവായ് നീയും വണ്ടായ് ഞാനും
ഒരു നാൾ ജനിക്കുമെങ്കിൽ,
നമുക്ക് അന്ന് കാണാം.
ഈ മഴയും, ആഞ്ഞടിക്കുന്ന കാറ്റും,
നിന്റെ മേനി ഉലയ്ക്കും മുമ്പ്
,
ഇതളുകൾ ഓരോന്നായി 
പൊഴിക്കും മുമ്പ്
,
ആരേലും നിർദ്ദയൻ
നിന്നെ കശക്കി ഏറിയും മുമ്പ്,
വിതറൂ നിന്റെ പരിമളം
ഒട്ടും  ബാക്കി വെക്കാതെ.
വിട പറയുന്നു സഖീ,
എന്നെന്നേക്കുമായി വിട…”


കേണൽ രമേശ് രാമകൃഷ്ണൻ
29 Mar 2021



Thursday, March 25, 2021

ശങ്കരൻ വീണ്ടും തെങ്ങിൽ.



“ എടാ ബാബു, നീ എന്താ ഈ കാണിച്ചെ ? തേങ്ങയുടെ കൂടെ കരിക്കും കൂടി അടത്തിയോ ? എന്ത് കഷ്ടമാണെന്ന് നോക്കിക്കേ “ 

ഭവാനി അമ്മയുടെ ദേഷ്യത്തിൽ ഉള്ള ശകാരം കേട്ട് ബാബു ഒന്ന് വിരണ്ടു. ബാബു പറഞ്ഞു

“ അത് അമ്മേ, തെങ്ങിന്റെ മണ്ടയിൽ ഇരുന്നു കൊണ്ട് കുലുക്കി നോക്കാൻ പറ്റുമോ തേങ്ങയാണോ കരിക്കാണോ എന്ന് ?”

“ തർക്കുത്തരം പറയുന്നോടാ അഹങ്കാരീ ? കുലുക്കി നോക്കീട്ടാണോടാ എല്ലാ മൂപ്പരന്മാരും തേങ്ങ ഇടുന്നത് ? നീ നാണു മൂപ്പരുടെ മോൻ തന്നെയല്ലേ ? “

ആ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ ബാബു തല കുനിച്ചു നിന്നു. ഭവാനി അമ്മ പറഞ്ഞു.

“ മതി നിന്റെ തേങ്ങ ഇടീൽ. ആ കരിക്ക് വെട്ടി എല്ലാവർക്കും കൊടുക്ക്”
കരിക്ക് വെട്ടുന്നതിനിടയിൽ ബാബു പറഞ്ഞു 

“ സോറി. എനിക്ക് ഈ പണിയിൽ നല്ല പരിചയം ഇല്ല. അച്ഛന് നല്ല സുഖമില്ലാതെ കിടപ്പിലാണ്. അതുകൊണ്ടാ ഞാൻ വന്നത്”

“ ശരി ശരി, എന്നാ പിന്നെ വേറേ വല്ല പണിക്കും പൊയ്ക്കൂടെ നിനക്ക് ? “

ഭവാനി അമ്മയുടെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു ബാബുവിന്റെ കയ്യിൽ. പോകുന്നതിനു മുമ്പ് വളരെ താഴ്മയായി ബാബു ചോദിച്ചു

“ അമ്മേ, ഇവിടുത്തെ രാധാകൃഷ്ണൻ സാറിന് ഗൾഫിൽ വലിയ ജോലി അല്ലേ ? അവിടെ എനിക്ക് ഒരു ജോലി ശരിയാക്കാൻ പറ്റുമോ ? ഏത് ജോലിയും ഞാൻ ചെയ്യാം ”

“ ആ, അതൊക്കെ എന്റെ മോൻ വിചാരിച്ചാൽ നടക്കും. അടുത്ത മാസം ലീവിന് വരുന്നുണ്ട്. ഞാൻ പറഞ്ഞു നോക്കാം.”
 അല്പം അഭിമാനത്തോടെ ഭവാനി അമ്മ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ ജോലികളും സ്വപ്നം കണ്ട് ബാബു വീട്ടിലേക്ക് പോയി.

ഏകദേശം ഒരു മാസം കഴിഞ്ഞ് രാധാകൃഷ്ണൻ നായർ പതിനഞ്ച് ദിവസത്തെ ലീവിനായി നാട്ടിൽ വന്നു. ഷാർജയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു രാധാകൃഷ്ണൻ നായർ. വന്നപ്പോൾ നാല് പേർക്ക് വേണ്ടി വിസ കൊണ്ടു വന്നു. അതിൽ ഒന്ന് ബാബുവിന് വേണ്ടിയുള്ളതായിരുന്നു. ഷാർജയിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്റർ അകലെ ഒരു വലിയ ഹൗസിങ് കോംപ്ലക്സിൽ ഹെൽപ്പർ തസ്തികയിലേക്ക് നിയമനത്തിനുള്ള വിസ.

വിസയ്ക്കുള്ള പണം കൊടുക്കണം, യാത്ര ചെലവ്, സൂട്ട് കേസ് വാങ്ങണം, പിന്നെ കുറെ ഡ്രസ്സ് വാങ്ങണം അങ്ങനെ ഒരുപാട് കാര്യങ്ങൾ. ബാബുവിന്റെ കയ്യിൽ പണം ഒന്നും ഇല്ലായിരുന്നു. പതിനാല് ദിവസം കഴിഞ്ഞ് രാധാകൃഷ്ണൻ നായർ ഗൾഫിലേക്ക് തിരിച്ചു പോകും. അപ്പോൽ അയാളുടെ കൂടെ പോകണം. ഇല്ലെങ്കിൽ വിസ ക്യാൻസൽ ആകും. ബാബു ആകെ വിഷമിച്ചു. സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ല. ദിവസങ്ങൾ കഴിയുന്തോറും ബാബുവിന്റെ കുടുംബത്തിന് ആധി വർദ്ധിച്ചു. അവസാനം നാണു മൂപ്പർ തനിക്ക് കുടി കിടപ്പ് അവകാശം കിട്ടിയ ആറ് സെന്റ് സ്ഥലത്തിൽ നിന്ന് വീടൊഴികെയുള്ള രണ്ട് സെന്റ് സ്ഥലം തന്റെ അയൽക്കാരന് വിറ്റ് ആവശ്യമുള്ള പണം ബാബുവിനെ ഏല്പിച്ചു.

അങ്ങനെ രാധാകൃഷ്ണൻ നായരുടെ കൂടെ മറ്റ് മൂന്ന് ജോലിക്കാരും ഒത്ത് ബാബു ഷാർജയിൽ എത്തി. എയർപ്പോർട്ടും  വിമാനത്തിൽ യാത്രയും എല്ലാം ഒരു പുതിയ അനുഭവം ആയിരിന്നു. ഷാർജ സ്വർഗ്ഗരാജ്യം ആണോ എന്ന് പോലും ബാബു സംശയിച്ചു. അവർ നേരേ പോയത് കൺസ്ട്രക്ഷൻ വർക്കേഴ്സ് താമസിക്കുന്ന സ്ഥലത്തേക്ക് ആയിരുന്നു. നൂറു കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന സൈറ്റ്.  ചിലയിടങ്ങളിൽ JCB  ഉപയോഗിച്ച് ഫൗണ്ടേഷന്റെ കുഴികൾ എടുക്കുന്നത് ബാബു അതിശയത്തോടെ നോക്കി നിന്നു. ചിലർ ഇരുമ്പു കമ്പി മുറിക്കുന്നു, പല രീതിയിൽ വളയ്ക്കുന്നു. ചിലയിടങ്ങളിൽ കോൺക്രീറ്റ് വണ്ടിയിൽ നിന്നും കോൺക്രീറ്റ് പമ്പ് ഉപയോഗിച്ച് നൂറു കണക്കിന് അടി ഉയരത്തിൽ എത്തിച്ചു കോൺക്രീറ്റ് ചെയ്യുന്നു. ചിലർ പ്ളമ്പിങ്ങിന്റെ പണിയിൽ മുഴുകി ജോലി ചെയ്യുന്നു. മറ്റു ചിലർക്ക് വയറിങ്ങിന്റെ പണി. ചിലർ ആശാരിപ്പണിയിൽ നിപുണർ. മറ്റു ചിലർക്ക് പെയിന്റിംഗ് ആണ് ജോലി. ചിലർ എയർ കണ്ടീഷണർ പിടിപ്പിക്കുന്നു. അങ്ങനെ നൂറ് കണക്കിന് ജോലികൾ. ബാബുവിന് മാത്രം ഇതിൽ ഒരു ജോലിയും വശമില്ല. 

രാധാകൃഷ്ണൻ നായർ ബാബുവിന് ഓരോ ജോലികളിലും സഹായി ആയി മാറി മാറി ജോലി കൊടുത്തു. പക്ഷെ ഒരു ജോലിയും ബാബുവിന് വഴങ്ങിയില്ല. 

പ്രയോജനം ഇല്ലാത്ത ഒരു തൊഴിലാളിക്ക് വെറുതെ ശമ്പളം കൊടുക്കാൻ കമ്പനി അധികൃതർ തയ്യാറായില്ല. പിന്നെ രാധാകൃഷ്ണൻ നായരുടെ ഇടപെടൽ കൊണ്ട് മൂന്ന് മാസത്തോളം അവിടെ പിടിച്ചു നിൽക്കാൻ കഴിഞ്ഞു. അതിന് ശേഷം ബാബുവിനെ നാട്ടിലേക്ക് തിരിച്ചയച്ചു.

വീട്ടിലേക്ക് കരഞ്ഞു കൊണ്ടാണ് ബാബു കയറി വന്നത്. നാണു മൂപ്പരും ഭാര്യയും എന്ത് ചെയ്യും എന്നറിയാതെ അന്തം വിട്ട് ഇരുന്നു. നാല് ദിവസത്തേക്ക് ബാബു വീടിന് പുറത്ത് ഇറങ്ങിയില്ല. വീടിനകത്ത് തറയിൽ ഒരു പായ വിരിച്ച് വെറുതെ അങ്ങനെ കിടന്നു.

അഞ്ചാമത്തെ ദിവസം നാണു മൂപ്പർ ബാബുവിനെ അടുത്ത് വിളിച്ചു. കരഞ്ഞ് കൊണ്ട് ബാബു അടുത്ത് വന്നു പറഞ്ഞു

“ അച്ഛാ, ഞാൻ കാരണം എല്ലാം നശിച്ചു”

നാണു മൂപ്പർ പതിയെ എഴുന്നേറ്റ് ഇരുന്നു. എന്നിട്ട് ബാബുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു

“ സാരമില്ല മോനേ, ചില കാര്യങ്ങൾ നമ്മൾ സ്വയം പഠിച്ചില്ലെങ്കിൽ ജീവിതം നമ്മെ  പഠിപ്പിക്കും. “

നാണു മൂപ്പർ തുടർന്നു.

“ സ്കൂളിൽ പഠിക്കുന്ന കാലത്ത് നീ കളിച്ചു നടന്നു. അല്ലെങ്കിൽ നമ്മുടെ ജാതിക്കാർക്ക് എത്ര വേണമെങ്കിലും ഫീസ് ഇല്ലാതെ പഠിക്കാം. ജോലിയും കിട്ടും. നമ്മുടെ ആൾക്കാർ എത്രയോ വലിയ ജോലികൾ നേടിയിരിക്കുന്നു ?
"

“എട്ടാം ക്ളാസിൽ തോറ്റ നീ പിന്നെ പഠിക്കാനേ പോയില്ല. എന്നാൽ  വേറേ എന്തെങ്കിലും തൊഴിൽ പഠിച്ചോ ? അതുമില്ല. ഞാനും നിന്റെ അമ്മയും എത്ര നിർബന്ധിച്ചിരുന്നു ? നീ വെറുതെ വായിൽ നോക്കി നടന്നു. ജീവിതം ഇങ്ങനെ ആക്കിയത് നീ തന്നെയാണ്. “

“ഞാൻ ഇനി എന്തു ചെയ്യും അച്ഛാ ?”

കരഞ്ഞ് കൊണ്ട് ബാബു ചോദിച്ചു.

നാണു മൂപ്പർ ബാബുവിന്റെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു

“ നിന്റെ കയ്യിൽ ഒരു കുലത്തൊഴിൽ ഉള്ളത് നീ എന്താ മറക്കുന്നത് ? ഞാൻ ഈ കുടുംബം പുലർത്തിയത് കുലത്തൊഴിൽ ചെയ്താണ്. ബുദ്ധിമുട്ട് ആയിരുന്നു,, എന്നാലും പട്ടിണി കിടന്നിട്ടില്ല. മരം കയറുന്നതും തേങ്ങ ഇടുന്നതും ഒന്നും നാണം കെട്ട ജോലി അല്ല. എല്ലാം ജോലിക്കും അതിന്റേതായ അന്തസ്സുണ്ട് . ഇക്കാലത്ത് നമ്മുടെ ജോലി ചെയ്യുന്നവരെ ആൾക്കാർ തിരഞ്ഞ് നടക്കുന്നു. തൊഴിലിൽ നിനക്ക് വശമില്ലാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. എന്റെ മോൻ ഇനി കുലത്തൊഴിൽ ചെയ്താൽ മതി”

ഏതോ ഒരു വലിയ ഭാരം തലയിൽ നിന്ന് ഇറങ്ങിപ്പോയി എന്ന് തോന്നി ബാബുവിന്. ബാബു അച്ഛനെ കെട്ടിപ്പിടിച്ചു.
പിറ്റേന്ന് മുതൽ മരം കയറ്റം, തേങ്ങ അടക്കുന്നത്,  മരം വെട്ട് , വിറക് കീറൽ എന്നിങ്ങനെ കുലത്തൊഴിലിന്റെ എല്ലാ വശങ്ങളും നാണു മൂപ്പർ ബാബുവിനെ പറഞ്ഞു മനസ്സിലാക്കി. എന്നിട്ട് തന്റെ അച്ഛന്റെ കയ്യിൽ നിന്നും പാരമ്പര്യമായി കിട്ടിയ കത്താൾ( വെട്ടുകത്തി)  മകനെ ഏല്പിച്ചു.

ബാബു തന്റെ ജോലി ആരംഭിച്ചു. ആദ്യം തേങ്ങ അടത്തിയത് ഭവാനി അമ്മയുടെ വീട്ടിൽ. അതിന് കൂലി ഒന്നും വാങ്ങാതെ. പറഞ്ഞു

“ അമ്മേ, ഇത് ഒരു ചെറിയ ദക്ഷിണയായി കണക്കാക്കി എന്നെ അനുഗ്രഹിക്കണം “

ബാബുവിന്റെ തലയിൽ കൈ വെച്ച് ഭവാനി അമ്മ അനുഗ്രഹിച്ചു

“നല്ലത് വരട്ടെ !”

തെങ്ങ് കയറാൻ ആളില്ലാതെ തേങ്ങയും ഓലയും എല്ലാം ഉണങ്ങി നശിച്ചു പോകുന്ന നാട്ടിൽ ബാബുവിന്റെ തീരുമാനം ഒരു അനുഗ്രഹം ആയിരുന്നു നാട്ടുകാർക്ക്. ഒരുപാട് ജോലികൾ കിട്ടി ബാബുവിന്.

ബാബു ഒരു കാര്യം തീരുമാനിച്ചു. അധ്വാനിക്കണം, അതിനോടൊപ്പം ശരിയായ കൂലിയും വാങ്ങണം. കൂലിയായി ഇനി തേങ്ങ വാങ്ങില്ല. എന്തെങ്കിലും തന്നാൽ അത് മതി എന്ന സമ്പ്രദായവും നിർത്തി.

ബാബു തന്റെ കൂലി നിരക്ക് എല്ലാവരോടും പറഞ്ഞു

“ ഒരു തെങ്ങ് കയറാൻ അമ്പത് രൂപ. തെങ്ങിൽ എത്ര തേങ്ങ ഉണ്ടായാലും. ഒരു തെങ്ങ് മുറിക്കാൻ ആയിരം രൂപ. മരം കയറി ശാഖകൾ മുറിക്കാൻ നുറു രൂപ. മരം മുറിക്കൽ  മരത്തിന്റെ വലിപ്പം അനുസരിച്ച്. കൂലി ഉടനെ തന്നെ പണം ആയി കിട്ടണം. കടം പറഞ്ഞുള്ള ജോലി ചെയ്യില്ല.”

ബാബുവിന്റെ നിബന്ധനകൾ നാട്ടുകാർ അംഗീകരിച്ചു.

ഇന്ന് ബാബുവിന് കൈ നിറയെ ജോലിയുണ്ട്. സഹായിക്കാൻ രണ്ടു ആളുകൾ കൂടെയുണ്ട്. നല്ല വരുമാനം. അല്ലലില്ലാത്ത ജീവിതം.

ഒരു ദിവസം നാണു മൂപ്പർ ബാബുവിനെ വിളിച്ച് ചോദിച്ചു

“ നിനക്ക് വേണ്ടി ഒരു പെണ്ണിനെ നോക്കട്ടെ, മോനേ ?”

“അതൊക്കെ അച്ഛന്റെ ഇഷ്ടം .” ചിരിച്ചു കൊണ്ട് ബാബു പറഞ്ഞു. ഒരു മൂളിപ്പാട്ടും പാടി തന്റെ ജോലി സ്ഥലത്തേക്ക് പോയി...


കേണൽ രമേശ് രാമകൃഷ്ണൻ
25 Mar 2021 


Monday, March 22, 2021

ജീവനുള്ള സ്വപ്നങ്ങൾ

ഒരുപാട് ഉറങ്ങി
ജനിച്ചപ്പോൾ മുതൽ ഉറങ്ങി
എല്ലാ രാത്രികളിലും ഉറങ്ങി
ചിലപ്പോൾ
പകലിലും ഉറങ്ങി
ശുഭരാത്രി നേർന്നിട്ട് ഉറങ്ങി
ബോധം കെട്ട് ഉറങ്ങി
സ്വപ്നങ്ങൾ കണ്ട് ഉറങ്ങി.

ഇനി കുറച്ച് ഉണർന്നിരിക്കാം
ഉണർന്നിരുന്ന് സ്വപ്നങ്ങൾ കാണാം
ജീവനുള്ള സ്വപ്നങ്ങൾ
ആർക്കറിയാം
ആ സ്വപ്നങ്ങൾ ചിലപ്പോൾ
സത്യം ആയാലോ !!


കേണൽ രമേശ് രാമകൃഷ്ണൻ
22 Mar 2021


Tuesday, March 16, 2021

ഇരട്ടത്താപ്പ്



നാൽപ്പാമരമിട്ട വെള്ളം
തലയിലുടെ ഒഴിച്ചു,
താമരക്കുളത്തിൽ മുങ്ങിക്കുളിച്ചു,
സോപ്പുകൾ ഓരോന്നായി 
മാറി മാറി തേച്ചു
കറ്റാർവാഴ ജെല്ലി 
വെളിച്ചെണ്ണയിൽ ചാലിച്ച്
ദേഹമാസകലം തേച്ചു പിടിപ്പിച്ചു,
ഫെയർ ആൻഡ് ലവ്ലിയും ചുണ്ണാമ്പും സമാസമം ചേർത്ത് പുരട്ടി,
വെയിലത്ത് നടക്കാതെ 
തണലത്ത് നടന്നു,
മഷിക്കറുപ്പിൽ നീല ചാലിച്ച
എന്റെ നിറമൊട്ടും മാറിയില്ല.
കാർമുകിൽ വർണ്ണനെന്ന്
ആരും എന്നെ വിളിച്ചതുമില്ല.
“ ഇരുട്ടത്ത് നില്ക്കരുതേ”എന്നു മാത്രം
എല്ലാരും എന്നെ ഉപദേശിച്ചു.

കൃഷ്ണന്റെ നിറമോ വന്ദനീയം!
എന്റെ നിറമെന്തേ നിന്ദനീയം ??


കേണൽ രമേശ് രാമകൃഷ്ണൻ
16 Mar 2021

Sunday, March 14, 2021

ഒരു വിലങ്ങിന്റെ വിലാപം



സ്വയം 
ഒന്ന് പൊട്ടാൻ കഴിഞ്ഞെങ്കിൽ,
പൊട്ടിക്കരയാൻ പറ്റുമെങ്കിൽ,
കയ്യെത്തി ആ ചുടുകണ്ണീർ
ഒന്നൊപ്പാൻ കഴിഞ്ഞെങ്കിൽ !
വിതുമ്പുകയാണ് ഞാൻ.

കള്ളനെയും, തെമ്മാടിയെയും
കൊലയാളിയെയും, ആഭാസനേയും
ബന്ധിച്ച വിലങ്ങാണ് ഞാൻ.
പക്ഷേ ഇന്ന് ഞാൻ ബന്ധിച്ചതോ ?
ഒരു സമര സേനാനിയെ,
അഭിപ്രായ സ്വാതന്ത്ര്യത്തിനായി
മനസ്സാക്ഷിയും, മനോധർമ്മവും
മുറുകെപ്പിടിച്ചു പോരാടുന്ന
ധീര യോദ്ധാവിനെ.

എനിക്ക് വേണ്ടാ 
ഈ കിലുങ്ങുന്ന ശബ്ദം
എനിക്ക് വേണ്ടാ
ഈ ശക്തിയും ദൃഢതയും.
ആ ചുരുട്ടിയ മുഷ്ടിയിലേക്ക് 
അലിഞ്ഞ് ചേർന്നതിനെ
ഒരു ഇരുമ്പ് മുഷ്ടി ആക്കാൻ
കഴിഞ്ഞിരുന്നു എങ്കിൽ…


കേണൽ രമേശ് രാമകൃഷ്ണൻ
14 Mar 2021.


Friday, March 12, 2021

ഒരു നൊമ്പര കവചം



തോക്ക് പിടിച്ചു
തഴമ്പിച്ച കൈകൾ കൊണ്ട്
എന്നെ ഒന്ന് കൂടി തലോടൂ..
ചില നൊമ്പരങ്ങൾ, മുറിവുകൾ
ഞാനും ഒന്നറിയട്ടെ.
നാളെ അതിർത്തിയിലേക്ക്
പോവുകയാണല്ലോ !
ഇന്നത്തെ പകലും
പിന്നെ രാത്രി മൊത്തവും
എനിക്കായ് മാത്രം 
നീ മാറ്റി വെയ്ക്കൂ.
ശരീരത്തിന്റെ 
ഭാഗമായ് മാറിയ
ആ യൂണിഫോമിനെപ്പോലെ
എന്നെയൊന്നു വാരിപ്പുണരൂ.
രാജ്യസ്നേഹം ആത്മാവിൽ
നിറച്ചത് പോലെ
എന്റെ ഊഷ്മാവും , ഗന്ധവും
ഒട്ടേറെ ഓർമ്മകളും
കൊണ്ട് പോകൂ ഒരു കവചമായി.
ഏത് സന്ദർഭത്തിലും
കൂടെയുണ്ടാകും ഞാൻ.
വിജയശ്രീ ലാളിതനായി
മടങ്ങി വരൂ.
കാത്തിരിക്കും ഞാൻ...

കേണൽ രമേശ് രാമകൃഷ്ണൻ
12 Mar 2021

Monday, March 8, 2021

പിന്നീട് ചിന്തിക്കാം



പ്രണയിക്കാൻ 
ഒരു കാരണം മാത്രം
എന്നും എപ്പോഴും 
വെമ്പുന്ന ഒരു മനസ്സ്.
ആദ്യം പ്രണയിക്കാം.
പിന്നീട് ചിന്തിക്കാം.
ഒരുപാട് കാര്യങ്ങളുണ്ട് വേറേ
ചിന്തിക്കാനും കണക്കുകൾ കൂട്ടാനും.

ഈ മയക്കുന്ന കണ്ണുകൾ
ഒരിക്കൽ മങ്ങിപ്പോകും
തിളങ്ങുന്ന ചർമ്മത്തിന്
ചുളുക്ക് വരാതിരിക്കില്ല
നിറമാണെങ്കിലോ
വെയിലത്ത് വാടിപ്പോകും
ഓടിച്ചാടി നടക്കുന്ന ഈ കാലുകൾ
ഒരു താങ്ങിനായി കൊതിക്കും
മാധുര്യം തുളുമ്പുന്ന ഈ ശബ്ദവും
ഇടറിയങ്ങ് വല്ലാണ്ടാകും
പണത്തെ വിശ്വസിക്കാനാവില്ല
ഇന്ന് കാണും, നാളെ കാണില്ല
ഇന്നത്തെ ബന്ധുക്കൾ
നാളെ ബദ്ധ ശത്രുക്കൾ ആയേക്കാം.

വിതുമ്പുന്ന, വിങ്ങുന്ന, വിശ്വസിക്കുന്ന
ഒരു മനസ്സ് മാത്രം മതി പ്രണയിക്കാൻ
മനസ്സ് മനസ്സിനെ തിരിച്ചറിയും
മനസ്സിന്റെ കണ്ണിലൂടെ.

വരൂ, ആദ്യം പ്രണയിക്കാം
എന്നിട്ട് പിന്നീട് ചിന്തിക്കാം...


കേണൽ രമേശ് രാമകൃഷ്ണൻ
09  Mar 2021

Saturday, March 6, 2021

വേട ശാപം


 

ഉച്ചകഴിഞ്ഞ് ഒരു നാല് മണി സമയം ആയിക്കാണും. ഊണ് കഴിഞ്ഞ് രാമൻ നായർ ഒന്ന് മയങ്ങുകയായിരുന്നു. പെട്ടെന്ന് കൂട്ടിലടച്ചിരുന്ന അൽസേഷ്യൻ പട്ടി ബ്രൂട്ടസ്' ന്റെ  നിർത്താതെയുള്ള കുര കേട്ടു. ഒപ്പം പിന്നാമ്പുറത്ത് നിന്നും ആരോ കരയുന്ന ശബ്ദവും .

രാമൻ നായർ വാതിൽ തുറന്നു പുറത്തിറങ്ങി. പറമ്പിൽ ഓല മുടഞ്ഞു കൊണ്ടിരുന്ന നീലി നിന്നു കരയുന്നു. ഒപ്പം ഓച്ഛാനിച്ച് നീല്ക്കുന്നൂ അടുത്ത പറമ്പിലെ കുറവൻ നാണു.

വേടത്തി ആണെങ്കിലും കറുത്തിട്ടാണെങ്കിലും നിലീയുടെ യൗവ്വനം രാമൻ നായരെ എന്നും അസ്വസ്ഥനാക്കിയിട്ടേയുള്ളു.

എന്താടീ നിന്ന് മോങ്ങുന്നെ ? ആരെങ്കിലും ചത്തോ ?”

 രാമൻ നായർ പുച്ഛത്തോടെ ചോദിച്ചു.

മ്ബ്രാ, ഇവിടുത്തെ പാമ്പ് എന്റെ കൊച്ചിനെ കൊത്തി

നീലി കരഞ്ഞു കൊണ്ട് പറഞ്ഞു.

ബ്ഭാ, ചൂലേ , നാഗ ദൈവങ്ങളെ പാമ്പ് എന്ന് വിളിക്കുന്നോ ? പാവം അവറ്റകൾക്ക് തീണ്ടാൻ നിന്നെ ഒക്കെയോ കിട്ടിയുള്ളോ ? സത്യമുള്ള ദൈവങ്ങളാണ്. വല്ല പാറുകാലിയും കടിച്ചു കാണും. വൃത്തി കെട്ട വർഗ്ഗം.”.

 രാമൻ നായർ ദേഷ്യത്തോടെ പറഞ്ഞു.

അല്ലിമ്ബ്രാ, പാമ്പാ കടിച്ചെ നാണു മുന്നോട്ട് വന്നു പറഞ്ഞു.

നീ കണ്ടോടാ ചെറ്റേ ?” രാമൻ നായർ പല്ല് കടിച്ചു കൊണ്ട്  ചോദിച്ചു.

ഇല്ലിമ്ബ്രാ നാണു വായ് മൂടി.

രാമൻ നായർ വീടിന്റെ അകത്ത് പോയി വെറ്റില ചെല്ലത്തിൽ നിന്നും കുറച്ചു ചുണ്ണാമ്പ് പൊതിഞ്ഞു കൊണ്ടുവന്നു. എന്നിട്ട് നാണുവിന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു കൊണ്ട് പറഞ്ഞു

ഇത് ആ ചെറുക്കന് പുരട്ടി കൊട്. എല്ലാം ശരിയാകും.”

നാണു ചൂണ്ണാമ്പുമായി കൂരയിലേക്ക്  ഓടി. കരഞ്ഞുകൊണ്ട് നീലിയും പിറകേ പോകാൻ തുടങ്ങിയപ്പോൾ രാമൻ നായർ ചോദിച്ചു

നീ എവിടെ പോണെടീ ?”

കരഞ്ഞ് കൊണ്ട് നീലി പറഞ്ഞു

മ്ബ്രാ, കൊച്ചിനെ ആശൂത്രീ കൊണ്ടോണം

കുതിർത്ത് ഇട്ടീരിക്കുന്ന ഈ ഓല ആര് മൊടയും ? ഇതെല്ലാം ഉണങ്ങി പോവില്ലെ ? മൊടഞ്ഞ് തീർത്തിട്ട് പോയാൽ മതി.”

രാവിലെ കുതിർത്ത് കൊണ്ടിട്ടു കൊടുത്ത അഞ്ച് കെട്ട് ഓലയിൽ മൂന്ന് കെട്ടുകൾ  ഇനിയും ബാക്കി ഉണ്ടായിരുന്നു. കരഞ്ഞു കൊണ്ട് നീലി ഓല മൊടയാൻ തുടങ്ങി.

രാമൻ നായർ കൂട്ടിൽ നിന്നും ബ്രൂട്ടസിനെ തുറന്നു വീട്ടു. ബ്രൂട്ടസ് ഓടിച്ചെന്ന് നീലിയെ ആകെ മൊത്തം ഒന്ന് മണപ്പിച്ചു. എന്നിട്ട് ഓടി വന്ന്  രാമൻ നായരുടെ  അരികെ കിടന്നു. നീലി നിലത്ത് പേടിച്ചിരുന്ന് കരഞ്ഞും കൊണ്ട് ഓല മൊടയാൻ തുടങ്ങി.

എന്തോ സംസാരം കേട്ട് ഉറങ്ങി കിടന്നിരുന്ന രാമൻ നായരുടെ ഭാര്യ ഭാർഗ്ഗവിയമ്മ പുറത്ത് വന്നു ചോദിച്ചു.

എന്താ ചേട്ടാ ഒരു ബഹളം ?”

ഒന്നുമില്ല ഭവീ നീ അകത്തു പോ. ആ.. പിന്നെ…. സർപ്പം ദേവതകൾ കോപിച്ചിരിക്കുകയാണെന്ന് തോന്നുന്നു. രാവിലെ തന്നെ നാരായണൻ പോറ്റിയെ വിളിപ്പിച്ച് സർപ്പത്തറയിൽ ശുദ്ധി പൂജയും നൂറും പാലും ഒക്കെ നടത്തിയേക്കണം. മറക്കരുത്രാമൻ നായർ അല്പം ഗൗരവമായി ഭാര്യയോട് പറഞ്ഞു.

നാണു ചുണ്ണാമ്പുമായി കൂരയിൽ എത്തിയപ്പോൾ നീലിയുടെ എട്ട് വയസ്സ് പ്രായമുള്ള മകൻ ബാസി കാലിലെ വേദന കൊണ്ട് പുളയുകയായിരുന്നു. നാണുവിന്റെ സുഹൃത്ത് കോവിന്ദൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നാണു ചുണ്ണാമ്പിന്റെ പൊതി അഴിച്ച് മുറിവിൽ ചുണ്ണാമ്പ് പുരട്ടാൻ നോക്കിയപ്പോൾ കോവിന്ദന് വല്ലാത്ത ദേഷ്യം തോന്നി. പൊതി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു. എന്നിട്ട് രണ്ടു പേരും കൂടി കുട്ടിയെ എടുത്ത് കൊണ്ട് തണ്ടാൻ വൈദ്യരുടെ കടയിലേക്ക് ഓടി.

തണ്ടാൻ വൈദ്യൻ ആ നാട്ടിലെ പാവപ്പെട്ടവന്റെ കാണപ്പെട്ട ദൈവം ആയിരുന്നു. അയാൾ വൈദ്യം ശാസ്ത്രീയമായി പഠിച്ചില്ല. അന്നത്തെ കാലത്ത് തണ്ടാൻ ജാതിയിൽ പെട്ട ഒരാൾക്ക് ഡോക്ടർ ആകാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷേ നീലകണ്ഠൻ എന്ന നീലാണ്ടന് മുറിവ് വെച്ച് കെട്ടാൻ കുട്ടിക്കാലത്തേ ഇഷ്ടം ആയിരുന്നു. അങ്ങനെയാണ് കുഞ്ഞുരാമൻ  വൈദ്യരുടെ ആയുർവേദ ശാലയിൽ ഒരു കമ്പൗണ്ടർ ആയി ജോലിക്ക് കയറിയത്. ആദ്യം മുറിവുകൾ വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടാൻ പഠിച്ചു. രോഗികളുടെ മുറിവുകൾ വെച്ച് കെട്ടുന്നതിനിടയിൽ രോഗികൾ പറയുന്ന അസുഖം വിവരവും, വൈദ്യർ പറഞ്ഞു കൊടുക്കുന്ന മരുന്നുകളും ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. അങ്ങനെ കണ്ടും കേട്ടും കുറച്ച് വൈദ്യം നീലാണ്ടനും പഠിച്ചു.

കുഞ്ഞുരാമൻ വൈദ്യരുടെ മരണശേഷം സ്വന്തമായി ഒരു കട വാടകയ്ക്ക് എടുത്ത് മുറിവുകളിൽ മരുന്ന് വെച്ച് കെട്ടാൻ തുടങ്ങി. കൂടുതലും പാവപ്പെട്ടവന്റെ ആശ്രയമായി തണ്ടാൻ വൈദ്യൻ.

നാണുവും കോവിന്ദനും ബാസിയെ എടുത്തു കൊണ്ട് കടയിൽ എത്തിയപ്പോൾ വൈദ്യൻ കടയിൽ തന്നെ ഉണ്ടായിരുന്നു. മുറിവ് കണ്ടപ്പോൾ തന്നെ പറഞ്ഞു അത് വിഷപ്പാമ്പ് കടിച്ചതാണെന്ന്. ഉടനെ തന്നെ കുറച്ച് ദൂരെയുള്ള വിഷവൈദ്യൻ ഗോവിന്ദൻ പണിക്കരെ വിവരം അറിയിച്ചു. പണിക്കർ ഓടിയെത്തി. കുട്ടിയെ പരിശോധന നടത്തി. മൂർഖൻ പാമ്പാണ് കടിച്ചതെന്നും വിഷം ശരീരത്തിൽ മുഴുവൻ ബാധിച്ചു കഴിഞ്ഞു എന്നും വിഷവൈദ്യൻ പറഞ്ഞു. പെട്ടെന്ന് തന്നെ അദ്ദേഹം എപ്പോഴും കയ്യിൽ കൊണ്ട് നടക്കുന്ന സഞ്ചിയിൽ നിന്നും ഏതോ മരുന്ന് ബാസിയെ കുടിപ്പിച്ചു. ഇതിനിടയിൽ നീലാണ്ടൻ വൈദ്യൻ പുതിയ ഒരു ബ്ളേഡ് കൊണ്ട് പാമ്പ് കടിച്ച മുറിവ് കീറി വിഷം കലർന്ന രക്തം ഞെക്കി കളയാൻ ഒരു ശ്രമം നടത്തി നോക്കി. എന്നിട്ട് മുറിവ് വെച്ച് കെട്ടി. അപ്പോഴേക്കും ബാസിയുടെ ബോധം പൂർണമായും നഷ്ടപ്പെട്ടിരുന്നു.

നേരം പുലരട്ടെ. അപ്പോ പറയാം. കുട്ടിയുടെ ബോധം തെളിഞ്ഞാൾ പിന്നെ ഉറങ്ങാതെ നോക്കണം. ഞാൻ രാവിലെ വരാം”. പണിക്കർ പറഞ്ഞു. ആരുടെയും കയ്യിൽ നിന്നും പണം ഒന്നും വാങ്ങാതെ പണിക്കർ പൊയി.

നീലി ഓലയെല്ലാം മൊടഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം വൈകിട്ട് ആറ് മണി കഴിഞ്ഞിരുന്നു. കരഞ്ഞ് കൊണ്ട് ആദ്യം കൂരയിലേക്ക് ഓടിതണ്ടാൻ വൈദ്യരുടെ കടയിലേക്ക് ബാസിയെ  കൊണ്ടു പോയ കാര്യം അറിഞ്ഞ് ആർത്തലച്ചു കൊണ്ട് അങ്ങോട്ട് ഓടി. പരിസരബോധം ഇല്ലാതെ ഒരു ഭ്രാന്തിയെപ്പോലെ. അവിടെ എത്തിയപ്പോഴേക്കും പണിക്കർ മരുന്ന് കൊടുത്തിട്ട് പോയിക്കഴിഞ്ഞിരുന്നു. ബാസിയുടെ ബോധം പൂർണമായും നഷ്ടപ്പെട്ടു.

നീലി, മോനേ ബാസീ, ദാ അമ്മ വന്നെടാകണ്ണ് തുറക്ക്..” എന്നും പറഞ്ഞു ഒരുപാട് കരഞ്ഞു. കരഞ്ഞു കൊണ്ടേയിരുന്നു.

ബാസിയുടെ അച്ഛൻ ചെല്ലൻ മൂന്ന് ദിവസം മുമ്പാണ് കുറെ ബന്ധുക്കളുടെ കൂടെ ശബരിമലയ്ക്ക് പോയത്. നടന്നാണ് പോയത്. എന്ന് തിരികെ വരും എന്ന് നീലിക്ക് അറിയില്ല. ബാസി അച്ഛന്റെ കൂടെ മല ചവിട്ടാൻ പോകണമെന്ന് ശാഠ്യം പിടിച്ചതാണ്. താൻ കൂരയിൽ ഒറ്റയ്ക്ക് ആയി പോകും എന്ന് പേടിച്ച് നീലി വിട്ടില്ല. അന്ന് ബാസി ഒരുപാട് കരഞ്ഞിരുന്നൂ.

അതിരാവിലെ തന്നെ നാരായണൻ പോറ്റി വന്നു. സർപ്പത്തറയിൽ പൂജ നടത്തി. രാമൻ നായരും ഭാർഗ്ഗവിയമ്മയും മൂത്ത കുട്ടികളും പൂജയ്ക്ക് സാക്ഷ്യം വഹിച്ചു.

വെളുപ്പാൻ കാലമായിക്കാണും നീലി ഒന്ന് കണ്ണ് അടച്ചപ്പോഴേക്കും. ഒരു ഞെട്ടലോടെയാണ് നീലി ഉണർന്നത്. തന്റെ കയ്യിൽ പിടിച്ചിരുന്ന ഭാസിയുടെ കയ്യ് വളരെയധികം തണുത്തിരുന്നു. നീലി ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് അവിടെ ഒരു ബെഞ്ചിലും തറയിലും കിടന്നുറങ്ങിയിരുന്ന നാണുവും കോവിന്ദനും ചാടി എഴുന്നേറ്റു വന്നു. അവർക്ക് മനസ്സിലായി, പാതിരാത്രിയിൽ എപ്പോഴോ ബാസി മരിച്ചു എന്ന്.

നേരം വെളുത്തതോടെ വിഷവൈദ്യർ പണിക്കർ എത്തി. ബാസിയെ പരിശോധിച്ച്, മരണം സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് കുറെ നാട്ടുകാർ തടിച്ചുകൂടി. താമസിയാതെ ഒരു പായിൽ പൊതിഞ്ഞ് ജഡം നീലിയുടെ കൂരയിലേക്ക് കൊണ്ടു പോയി.

രാവിലെ വിവരം അറിഞ്ഞ് കുറെ ആൾക്കാർ, കൂടൂതലും പാവപ്പെട്ട താഴ്ന്ന ജാതിക്കാർ, പിന്നെ കുറെ കമ്മ്യുണിസ്റ്റുകാരും നീലിയുടെ കൂരയ്ക്ക് ചുറ്റും തടിച്ചുകൂടി. താമസിയാതെ രാമൻ നായരുടെ സമ്മതത്തോടെ വിശാലമായ അയാളുടെ പറമ്പിന്റെ ഒരു മൂലയിൽ ജഡം കുഴിച്ചു മൂടി.

ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി. പെട്ടെന്ന് കരഞ്ഞുകൊണ്ടിരുന്ന നീലി എഴുന്നേറ്റു. ഓടി വന്ന് രാമൻ നായരുടെ മുന്നിൽ  നിന്നു. കുറച്ചു നേരം ദേഷ്യത്തോടെ സൂക്ഷിച്ചു നോക്കി. താഴെ നിന്നും ഒരുപിടി മണ്ണ് വാരി കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു

ന്റെ കൊച്ചിനെ ജീവനോടെ കാണാൻ തമ്മസിച്ചില്ല അല്ലേ , മ്ബ്രാ ? “

എന്നിട്ട് പിരാകി

മ്ബ്രാന്റെ കുലം നശിച്ചു പോട്ടേമ്ബ്രാൻ പുഴുത്ത് ചാവണേ.. ദൈവങ്ങളേ

ആകാശത്തിലേക്ക് നോക്കി, കയ്യിൽ പിടിച്ചിരുന്ന മണ്ണ് മുകളിലേക്ക് എറിഞ്ഞു….

 

കേണൽ രമേശ് രാമകൃഷ്ണൻ

07 Mar 2021

(ഏകദേശം അര നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന വർക്ക് ഈ കഥയുടെ പൊരുൾ മനസ്സിലാകും. ജന്മിമാരുടെ മനുഷ്യത്വം ഇല്ലായ്മ പാവപ്പെട്ട താഴ്ന്ന ജാതിക്കാർ ഒരുപാട് അനുഭവിച്ചിരുന്നു. വലിയ തറവാടുകൾ ഇങ്ങനെയുള്ള ശാപം മൂലം നശിച്ചു പോയിട്ടുണ്ട്.)