“ എടാ ബാബു, നീ എന്താ ഈ കാണിച്ചെ ? തേങ്ങയുടെ കൂടെ കരിക്കും കൂടി അടത്തിയോ ? എന്ത് കഷ്ടമാണെന്ന് നോക്കിക്കേ “
ഭവാനി അമ്മയുടെ ദേഷ്യത്തിൽ ഉള്ള ശകാരം കേട്ട് ബാബു ഒന്ന് വിരണ്ടു. ബാബു പറഞ്ഞു
“ അത് അമ്മേ, തെങ്ങിന്റെ മണ്ടയിൽ ഇരുന്നു കൊണ്ട് കുലുക്കി നോക്കാൻ പറ്റുമോ തേങ്ങയാണോ കരിക്കാണോ എന്ന് ?”
“ തർക്കുത്തരം പറയുന്നോടാ അഹങ്കാരീ ? കുലുക്കി നോക്കീട്ടാണോടാ എല്ലാ മൂപ്പരന്മാരും തേങ്ങ ഇടുന്നത് ? നീ നാണു മൂപ്പരുടെ മോൻ തന്നെയല്ലേ ? “
ആ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ ബാബു തല കുനിച്ചു നിന്നു. ഭവാനി അമ്മ പറഞ്ഞു.
“ മതി നിന്റെ തേങ്ങ ഇടീൽ. ആ കരിക്ക് വെട്ടി എല്ലാവർക്കും കൊടുക്ക്”
കരിക്ക് വെട്ടുന്നതിനിടയിൽ ബാബു പറഞ്ഞു
“ സോറി. എനിക്ക് ഈ പണിയിൽ നല്ല പരിചയം ഇല്ല. അച്ഛന് നല്ല സുഖമില്ലാതെ കിടപ്പിലാണ്. അതുകൊണ്ടാ ഞാൻ വന്നത്”
“ ശരി ശരി, എന്നാ പിന്നെ വേറേ വല്ല പണിക്കും പൊയ്ക്കൂടെ നിനക്ക് ? “
ഭവാനി അമ്മയുടെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു ബാബുവിന്റെ കയ്യിൽ. പോകുന്നതിനു മുമ്പ് വളരെ താഴ്മയായി ബാബു ചോദിച്ചു
“ അമ്മേ, ഇവിടുത്തെ രാധാകൃഷ്ണൻ സാറിന് ഗൾഫിൽ വലിയ ജോലി അല്ലേ ? അവിടെ എനിക്ക് ഒരു ജോലി ശരിയാക്കാൻ പറ്റുമോ ? ഏത് ജോലിയും ഞാൻ ചെയ്യാം ”
“ ആ, അതൊക്കെ എന്റെ മോൻ വിചാരിച്ചാൽ നടക്കും. അടുത്ത മാസം ലീവിന് വരുന്നുണ്ട്. ഞാൻ പറഞ്ഞു നോക്കാം.”
അല്പം അഭിമാനത്തോടെ ഭവാനി അമ്മ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ ജോലികളും സ്വപ്നം കണ്ട് ബാബു വീട്ടിലേക്ക് പോയി.
ഏകദേശം ഒരു മാസം കഴിഞ്ഞ് രാധാകൃഷ്ണൻ നായർ പതിനഞ്ച് ദിവസത്തെ ലീവിനായി നാട്ടിൽ വന്നു. ഷാർജയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു രാധാകൃഷ്ണൻ നായർ. വന്നപ്പോൾ നാല് പേർക്ക് വേണ്ടി വിസ കൊണ്ടു വന്നു. അതിൽ ഒന്ന് ബാബുവിന് വേണ്ടിയുള്ളതായിരുന്നു. ഷാർജയിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്റർ അകലെ ഒരു വലിയ ഹൗസിങ് കോംപ്ലക്സിൽ ഹെൽപ്പർ തസ്തികയിലേക്ക് നിയമനത്തിനുള്ള വിസ.
വിസയ്ക്കുള്ള പണം കൊടുക്കണം, യാത്ര ചെലവ്, സൂട്ട് കേസ് വാങ്ങണം, പിന്നെ കുറെ ഡ്രസ്സ് വാങ്ങണം അങ്ങനെ ഒരുപാട് കാര്യങ്ങൾ. ബാബുവിന്റെ കയ്യിൽ പണം ഒന്നും ഇല്ലായിരുന്നു. പതിനാല് ദിവസം കഴിഞ്ഞ് രാധാകൃഷ്ണൻ നായർ ഗൾഫിലേക്ക് തിരിച്ചു പോകും. അപ്പോൽ അയാളുടെ കൂടെ പോകണം. ഇല്ലെങ്കിൽ വിസ ക്യാൻസൽ ആകും. ബാബു ആകെ വിഷമിച്ചു. സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ല. ദിവസങ്ങൾ കഴിയുന്തോറും ബാബുവിന്റെ കുടുംബത്തിന് ആധി വർദ്ധിച്ചു. അവസാനം നാണു മൂപ്പർ തനിക്ക് കുടി കിടപ്പ് അവകാശം കിട്ടിയ ആറ് സെന്റ് സ്ഥലത്തിൽ നിന്ന് വീടൊഴികെയുള്ള രണ്ട് സെന്റ് സ്ഥലം തന്റെ അയൽക്കാരന് വിറ്റ് ആവശ്യമുള്ള പണം ബാബുവിനെ ഏല്പിച്ചു.
അങ്ങനെ രാധാകൃഷ്ണൻ നായരുടെ കൂടെ മറ്റ് മൂന്ന് ജോലിക്കാരും ഒത്ത് ബാബു ഷാർജയിൽ എത്തി. എയർപ്പോർട്ടും വിമാനത്തിൽ യാത്രയും എല്ലാം ഒരു പുതിയ അനുഭവം ആയിരിന്നു. ഷാർജ സ്വർഗ്ഗരാജ്യം ആണോ എന്ന് പോലും ബാബു സംശയിച്ചു. അവർ നേരേ പോയത് കൺസ്ട്രക്ഷൻ വർക്കേഴ്സ് താമസിക്കുന്ന സ്ഥലത്തേക്ക് ആയിരുന്നു. നൂറു കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന സൈറ്റ്. ചിലയിടങ്ങളിൽ JCB ഉപയോഗിച്ച് ഫൗണ്ടേഷന്റെ കുഴികൾ എടുക്കുന്നത് ബാബു അതിശയത്തോടെ നോക്കി നിന്നു. ചിലർ ഇരുമ്പു കമ്പി മുറിക്കുന്നു, പല രീതിയിൽ വളയ്ക്കുന്നു. ചിലയിടങ്ങളിൽ കോൺക്രീറ്റ് വണ്ടിയിൽ നിന്നും കോൺക്രീറ്റ് പമ്പ് ഉപയോഗിച്ച് നൂറു കണക്കിന് അടി ഉയരത്തിൽ എത്തിച്ചു കോൺക്രീറ്റ് ചെയ്യുന്നു. ചിലർ പ്ളമ്പിങ്ങിന്റെ പണിയിൽ മുഴുകി ജോലി ചെയ്യുന്നു. മറ്റു ചിലർക്ക് വയറിങ്ങിന്റെ പണി. ചിലർ ആശാരിപ്പണിയിൽ നിപുണർ. മറ്റു ചിലർക്ക് പെയിന്റിംഗ് ആണ് ജോലി. ചിലർ എയർ കണ്ടീഷണർ പിടിപ്പിക്കുന്നു. അങ്ങനെ നൂറ് കണക്കിന് ജോലികൾ. ബാബുവിന് മാത്രം ഇതിൽ ഒരു ജോലിയും വശമില്ല.
രാധാകൃഷ്ണൻ നായർ ബാബുവിന് ഓരോ ജോലികളിലും സഹായി ആയി മാറി മാറി ജോലി കൊടുത്തു. പക്ഷെ ഒരു ജോലിയും ബാബുവിന് വഴങ്ങിയില്ല.
പ്രയോജനം ഇല്ലാത്ത ഒരു തൊഴിലാളിക്ക് വെറുതെ ശമ്പളം കൊടുക്കാൻ കമ്പനി അധികൃതർ തയ്യാറായില്ല. പിന്നെ രാധാകൃഷ്ണൻ നായരുടെ ഇടപെടൽ കൊണ്ട് മൂന്ന് മാസത്തോളം അവിടെ പിടിച്ചു നിൽക്കാൻ കഴിഞ്ഞു. അതിന് ശേഷം ബാബുവിനെ നാട്ടിലേക്ക് തിരിച്ചയച്ചു.
വീട്ടിലേക്ക് കരഞ്ഞു കൊണ്ടാണ് ബാബു കയറി വന്നത്. നാണു മൂപ്പരും ഭാര്യയും എന്ത് ചെയ്യും എന്നറിയാതെ അന്തം വിട്ട് ഇരുന്നു. നാല് ദിവസത്തേക്ക് ബാബു വീടിന് പുറത്ത് ഇറങ്ങിയില്ല. വീടിനകത്ത് തറയിൽ ഒരു പായ വിരിച്ച് വെറുതെ അങ്ങനെ കിടന്നു.
അഞ്ചാമത്തെ ദിവസം നാണു മൂപ്പർ ബാബുവിനെ അടുത്ത് വിളിച്ചു. കരഞ്ഞ് കൊണ്ട് ബാബു അടുത്ത് വന്നു പറഞ്ഞു
“ അച്ഛാ, ഞാൻ കാരണം എല്ലാം നശിച്ചു”
നാണു മൂപ്പർ പതിയെ എഴുന്നേറ്റ് ഇരുന്നു. എന്നിട്ട് ബാബുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു
“ സാരമില്ല മോനേ, ചില കാര്യങ്ങൾ നമ്മൾ സ്വയം പഠിച്ചില്ലെങ്കിൽ ജീവിതം നമ്മെ പഠിപ്പിക്കും. “
നാണു മൂപ്പർ തുടർന്നു.
“ സ്കൂളിൽ പഠിക്കുന്ന കാലത്ത് നീ കളിച്ചു നടന്നു. അല്ലെങ്കിൽ നമ്മുടെ ജാതിക്കാർക്ക് എത്ര വേണമെങ്കിലും ഫീസ് ഇല്ലാതെ പഠിക്കാം. ജോലിയും കിട്ടും. നമ്മുടെ ആൾക്കാർ എത്രയോ വലിയ ജോലികൾ നേടിയിരിക്കുന്നു ?
"
“എട്ടാം ക്ളാസിൽ തോറ്റ നീ പിന്നെ പഠിക്കാനേ പോയില്ല. എന്നാൽ വേറേ എന്തെങ്കിലും തൊഴിൽ പഠിച്ചോ ? അതുമില്ല. ഞാനും നിന്റെ അമ്മയും എത്ര നിർബന്ധിച്ചിരുന്നു ? നീ വെറുതെ വായിൽ നോക്കി നടന്നു. ജീവിതം ഇങ്ങനെ ആക്കിയത് നീ തന്നെയാണ്. “
“ഞാൻ ഇനി എന്തു ചെയ്യും അച്ഛാ ?”
കരഞ്ഞ് കൊണ്ട് ബാബു ചോദിച്ചു.
നാണു മൂപ്പർ ബാബുവിന്റെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു
“ നിന്റെ കയ്യിൽ ഒരു കുലത്തൊഴിൽ ഉള്ളത് നീ എന്താ മറക്കുന്നത് ? ഞാൻ ഈ കുടുംബം പുലർത്തിയത് കുലത്തൊഴിൽ ചെയ്താണ്. ബുദ്ധിമുട്ട് ആയിരുന്നു,, എന്നാലും പട്ടിണി കിടന്നിട്ടില്ല. മരം കയറുന്നതും തേങ്ങ ഇടുന്നതും ഒന്നും നാണം കെട്ട ജോലി അല്ല. എല്ലാം ജോലിക്കും അതിന്റേതായ അന്തസ്സുണ്ട് . ഇക്കാലത്ത് നമ്മുടെ ജോലി ചെയ്യുന്നവരെ ആൾക്കാർ തിരഞ്ഞ് നടക്കുന്നു. തൊഴിലിൽ നിനക്ക് വശമില്ലാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. എന്റെ മോൻ ഇനി കുലത്തൊഴിൽ ചെയ്താൽ മതി”
ഏതോ ഒരു വലിയ ഭാരം തലയിൽ നിന്ന് ഇറങ്ങിപ്പോയി എന്ന് തോന്നി ബാബുവിന്. ബാബു അച്ഛനെ കെട്ടിപ്പിടിച്ചു.
പിറ്റേന്ന് മുതൽ മരം കയറ്റം, തേങ്ങ അടക്കുന്നത്, മരം വെട്ട് , വിറക് കീറൽ എന്നിങ്ങനെ കുലത്തൊഴിലിന്റെ എല്ലാ വശങ്ങളും നാണു മൂപ്പർ ബാബുവിനെ പറഞ്ഞു മനസ്സിലാക്കി. എന്നിട്ട് തന്റെ അച്ഛന്റെ കയ്യിൽ നിന്നും പാരമ്പര്യമായി കിട്ടിയ കത്താൾ( വെട്ടുകത്തി) മകനെ ഏല്പിച്ചു.
ബാബു തന്റെ ജോലി ആരംഭിച്ചു. ആദ്യം തേങ്ങ അടത്തിയത് ഭവാനി അമ്മയുടെ വീട്ടിൽ. അതിന് കൂലി ഒന്നും വാങ്ങാതെ. പറഞ്ഞു
“ അമ്മേ, ഇത് ഒരു ചെറിയ ദക്ഷിണയായി കണക്കാക്കി എന്നെ അനുഗ്രഹിക്കണം “
ബാബുവിന്റെ തലയിൽ കൈ വെച്ച് ഭവാനി അമ്മ അനുഗ്രഹിച്ചു
“നല്ലത് വരട്ടെ !”
തെങ്ങ് കയറാൻ ആളില്ലാതെ തേങ്ങയും ഓലയും എല്ലാം ഉണങ്ങി നശിച്ചു പോകുന്ന നാട്ടിൽ ബാബുവിന്റെ തീരുമാനം ഒരു അനുഗ്രഹം ആയിരുന്നു നാട്ടുകാർക്ക്. ഒരുപാട് ജോലികൾ കിട്ടി ബാബുവിന്.
ബാബു ഒരു കാര്യം തീരുമാനിച്ചു. അധ്വാനിക്കണം, അതിനോടൊപ്പം ശരിയായ കൂലിയും വാങ്ങണം. കൂലിയായി ഇനി തേങ്ങ വാങ്ങില്ല. എന്തെങ്കിലും തന്നാൽ അത് മതി എന്ന സമ്പ്രദായവും നിർത്തി.
ബാബു തന്റെ കൂലി നിരക്ക് എല്ലാവരോടും പറഞ്ഞു
“ ഒരു തെങ്ങ് കയറാൻ അമ്പത് രൂപ. തെങ്ങിൽ എത്ര തേങ്ങ ഉണ്ടായാലും. ഒരു തെങ്ങ് മുറിക്കാൻ ആയിരം രൂപ. മരം കയറി ശാഖകൾ മുറിക്കാൻ നുറു രൂപ. മരം മുറിക്കൽ മരത്തിന്റെ വലിപ്പം അനുസരിച്ച്. കൂലി ഉടനെ തന്നെ പണം ആയി കിട്ടണം. കടം പറഞ്ഞുള്ള ജോലി ചെയ്യില്ല.”
ബാബുവിന്റെ നിബന്ധനകൾ നാട്ടുകാർ അംഗീകരിച്ചു.
ഇന്ന് ബാബുവിന് കൈ നിറയെ ജോലിയുണ്ട്. സഹായിക്കാൻ രണ്ടു ആളുകൾ കൂടെയുണ്ട്. നല്ല വരുമാനം. അല്ലലില്ലാത്ത ജീവിതം.
ഒരു ദിവസം നാണു മൂപ്പർ ബാബുവിനെ വിളിച്ച് ചോദിച്ചു
“ നിനക്ക് വേണ്ടി ഒരു പെണ്ണിനെ നോക്കട്ടെ, മോനേ ?”
“അതൊക്കെ അച്ഛന്റെ ഇഷ്ടം .” ചിരിച്ചു കൊണ്ട് ബാബു പറഞ്ഞു. ഒരു മൂളിപ്പാട്ടും പാടി തന്റെ ജോലി സ്ഥലത്തേക്ക് പോയി...
കേണൽ രമേശ് രാമകൃഷ്ണൻ
25 Mar 2021
No comments:
Post a Comment