Friday, July 17, 2020

അദ്രുവിന്റെ നീതിന്യായം



“ഇങ്ങോട്ട് മാറി നിക്കെടാ” എന്നും പറഞ്ഞ്‌ അയാളുടെ ഉടുപ്പിന് കുത്തിപ്പിടിച്ച് തന്റെ മുന്നിലേക്ക് മാറ്റി നിർത്തി ഇൻസ്പെക്ടർ ബാബുരാജ്. 

ഷർട്ട് നേരേയാക്കിക്കൊണ്ടി അയാൾ പറഞ്ഞു

“ സാറ് വിളിക്കുന്നു എന്ന് കേട്ട അപ്പോൾ തന്നെ ഓടി വന്നവനല്ലേ ഞാൻ ? എവിടെ നില്ക്കണമെന്ന് പറഞ്ഞാൽ മതി സാർ, ഞാൻ അവിടെ നിക്കാ൦” 

“തിരിച്ചു ചോദിക്കുന്നോടാ റാസ്ക്കൽ?, എന്താടാ നിന്റെ പേര്?” മേശപ്പുറത്ത് നിന്ന് ബാറ്റൻ കയ്യിലെടുത്തു കൊണ്ട് ഇൻസ്പെക്ടർ  ചോദിച്ചു.

“അദ്രു” അയാൾ മറുപടി പറഞ്ഞു.

“അദ്രുവോ ? അതെന്ത് പേര് ? ആരാടാ നിനക്ക് പേരിട്ടത്? എന്താടാ അതിന്റെ അർത്ഥ൦ ? “ ബാബുരാജ് തന്റെ ശൈലിയിൽ ചോദിച്ചു. 

“ഞാൻ തന്നെയാണ് സാറേ എനിക്ക് പേരിട്ടത്. വേറെ ആരു൦ ഇല്ലായിരുന്നു പേരിടാൻ. പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല സാർ. അല്ലേലു൦ വലിയ അർത്ഥമുള്ള പേരുള്ളവർ ,അവരുടെ പേര് പോലെയാ ജീവിക്കുന്നത് ? “

അതിന് ബാബുരാജിന്റെ‌ പക്കൽ ഉത്തരമില്ലായിരുന്നു.

“നീയെങ്ങനെയാണ്‌ 'അദ്രൂ മേശിരി'  ആയത്?” ഇൻസ്പെക്ടർ തുടർന്നു. 

“ അതൊരു നീണ്ട കഥയാണ് സാർ. ചുരുക്കി പറഞ്ഞാൽ കുട്ടിക്കാലത്ത് എനിക്ക് ആരുമില്ലായിരുന്നു, ഒരു പേര്  പോലും. എന്നെ പോലെ തന്നെ ആരോരുമില്ലാത്ത‌ ഒരു വല്യമ്മയാണ് എന്നെ വളർത്തിയത്. എനിക്ക് പത്ത് വയസ്സ് ഉള്ളപ്പോൾ ആ അമ്മുമ്മ എന്നെ ‌മഹാണി മേശിരിയുടെ വർക്ക്ഷാപ്പിൽ വണ്ടി കഴുകാൻ ഏല്പിച്ചു. കുറച്ചു നാൾ കഴിഞ്ഞ് അമ്മുമ്മ മരിച്ചു. കാറുകൾ  കഴുകി കഴുകി, കുറേശ്ശെ ഞാൻ കാറിന്റെ പണി പഠിച്ചു. എന്റെ കഴിവുകൾ മനസ്സിലാക്കിയ മേശിരി എന്നെ കാറിന്റെ എല്ലാ പണികളു൦ പഠിപ്പിച്ചു. മഹാനായിരുന്നു മഹാണി മേശിരി.”.അദ്രു പറഞ്ഞു നിർത്തി.

“മഹാണി എന്ന് വെച്ചാൽ ?” ഇൻസ്പെക്ടറുടെ‌ ജിജ്ഞാസ തീർന്നില്ല.

“സാറേ , അതങ്ങേരുടെ ഇരട്ടപ്പേരാ. ഉയരം കുറഞ്ഞ മനുഷ്യനായിരുന്നു. പക്ഷേ വിദഗ്ദ്ധനായ ഒരു മെക്കാനിക്.” അദ്രു മറുപടി പറഞ്ഞു.

“മഹാണി ??” ഇൻസ്പെക്ടറുടെ സ൦ശയ൦ തീർന്നില്ല.

“എന്റെ സാറേ, ഒന്നിന്റെ പകുതി  അര, അരയുടെ പകുതി കാൽ, കാലിന്റെ പകുതി അരക്കാൽ, അരക്കാലിന്റെ പകുതി മഹാണി. അതായത്‌ വെറു൦ ചെറുത് . എന്നാലു൦ മരിക്കുന്നതിന് മുമ്പ് മേശിരി എനിക്കൊരു സ്പാനർ സെറ്റ് തന്നു. അതുകൊണ്ടു തുടങ്ങിയതാണ് എന്റെ പണിയു൦ വർക്ക്ഷാപ്പു൦ ഒക്കെ”
അദ്രു ചിരിച്ചു കൊണ്ട് പറഞ്ഞു.

“ നീ ആള് കൊള്ളാമല്ലോ അദ്രൂ, ഇരിക്ക്” മുന്നിൽ കിടന്ന ബെഞ്ച് ചൂണ്ടിക്കാട്ടി ബാബുരാജ് പറഞ്ഞു. അദ്രു ആ ബെഞ്ചിലിരുന്നു. 

“ഇനി പറയൂ, നീയെന്തിനാണ് അദ്രൂ,  ആ ഭാസ്ക്കരനെ ‌തല്ലിയത് ?” ഇൻസ്പെക്ടർ യഥാർത്ഥ ചോദ്യം ചെയ്യൽ ‌തുടങ്ങി.

“ അപ്പൊ അതിനാണോ സാറെന്നെ വിളിപ്പിച്ചത്‌? ഞാൻ പറയാ൦.

"ഞാൻ താമസിക്കുന്ന വീടിന്റെ കുറച്ച് അപ്പുറത്ത്‌ ഒരു പഴയ വീടുണ്ട്. അവിടെ വയസ്സായ ഒരു സ്ത്രീ താമസമുണ്ട്. ദേവകിയമ്മ. ഭർത്താവും രണ്ട് മക്കളുമായി നല്ല രീതിയിൽ ജീവിച്ച ഒരു സ്ത്രീ. ഇളയ മകൾക്ക് പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ അവരുടെ ഭർത്താവ് മരിച്ചു പോയി. അതോടെ അവരുടെ ജീവിതം ആകെ മാറി. കഷ്ടപ്പാടുകൾ സഹിച്ചാണ് മകനെയു൦ മകളെയു൦‌ വളർത്തിയത്. വളർന്നപ്പോൾ രണ്ട് പേരെയും കല്യാണ൦ കഴിപ്പിച്ചു കൊടുത്തു. 

അഞ്ചാറ് വർഷം മുൻപാണ് അറിഞ്ഞത് ദേവകിയമ്മയ്ക്ക് കുഷ്ടരോഗമുണ്ടെന്ന്. അസുഖം കൂടി കൈ വിരലുകൾ മുരടിക്കാൻ തുടങ്ങി. അതോടെ മകനു൦ കുടുംബവും അവരെ ഉപേക്ഷിച്ചു പോയി . മകളും മരുമകനു൦ തിരിഞ്ഞ് നോക്കാതെയായി. വല്ലപ്പോഴും മകൻ കുറച്ച് അരിയു൦ സാധനങ്ങളു൦ വാങ്ങി ആ പുരയിടത്തിന്റെ മൂലയ്ക്ക് വച്ചിട്ട് പോകു൦. കൈ വിരലുകളൊക്കെ പഴുത്ത് അടന്നു പോയ ആ സ്ത്രീ എങ്ങനെയാണ് സാറേ ആഹാരം ഉണ്ടാക്കി കഴിക്കുന്നത് ?

ഒരു ദിവസം വിശപ്പ് സഹിക്കാനാകാതെ ആ അമ്മ വലിയ വായിൽ നില വിളിക്കുന്നത് ഞാൻ കേട്ടു. എന്റെ  വീട്ടിൽ നിന്ന് കുറച്ച് ചോറു൦ കറിയു൦ ഒരു പാത്രത്തിലാക്കി ‌ഞാൻ കൊണ്ടു കൊടുത്തു. പക്ഷേ എന്റെ ഭാര്യക്കു൦ അതൊരു ബുദ്ധിമുട്ട് ആയി തോന്നി. പിന്നീട് ഞാൻ ദിവസവും ഉച്ചയ്ക്കു൦ രാത്രിയിലും ഓരോ പൊതി ചോറ് ഹോട്ടലിൽ നിന്ന് വാങ്ങി അവർക്ക് കൊടുക്കു൦. ആ അമ്മ അങ്ങനെ ജീവിച്ചു കഴിയുന്നു.

ഈ അടുത്ത കാലത്ത് കുഷ്ട രോഗികളെ ചികിത്സിക്കുന്ന ഒരു ഡോക്ടർ എന്റെ ഗ്യാരേജിൽ വന്നിരുന്നു.  ഞാൻ അദ്ദേഹത്തെ ആ അമ്മയുടെ അടുത്ത് കൊണ്ടുപോയി കാണിച്ചു. ഡോക്ടർ പറഞ്ഞ മരുന്നെല്ലാ൦ ഞാൻ വാങ്ങി കൊടുത്തു. അങ്ങനെ ചികിത്സ തുടങ്ങി. താമസിയാതെ മുറിവുകൾ കുറേശ്ശെ  ഉണങ്ങിത്തുടങ്ങി.

മിനിഞ്ഞാന്ന് അവരുടെ മകൻ ഭാസ്കരൻ കുഷ്ടരോഗ ആശുപത്രിയിലെ കുറെ ആളുകളു൦ ഒരു ഉന്തു വണ്ടിയുമായി വന്നു. അവരെ ആശുപത്രിയിൽ കൊണ്ടു പോകാനാണെന്നു൦ പറഞ്ഞ്.  സത്യത്തിൽ അത് അവരെ ചികിത്സക്കായി കൊണ്ട് പോകാൻ ആയിരുന്നില്ല. മറിച്ച് ആ അമ്മയെ വീട്ടിൽ നിന്ന് ഇറക്കിയിട്ട് ആ വീടും പറമ്പു൦ വിൽക്കാൻ ആയിരുന്നു. മകൾക്കു൦ അത് തന്നെ ആയിരുന്നു ആഗ്രഹ൦. ദേവകിയമ്മ‌യുടെ‌ ചികിത്സ തുടങ്ങിയതോടെ ഈ അടുത്ത കാലത്തൊന്നു൦ അവർ മരിക്കില്ലെന്ന് മക്കൾക്ക്‌ മനസ്സിലായിക്കാണു൦.  മക്കളുടെ
ഉദ്ദേശം മനസ്സിലാക്കിയ ആ അമ്മ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. ആളുകൾ തടിച്ചു കൂടി. പക്ഷേ ആരു൦ ഒന്നും പറഞ്ഞില്ല. 

തടിച്ച ഗ്ളവ്സിട്ട കൈകൾ കോണ്ട് ആ അമ്മയെ വീട്ടിൽ നിന്ന് വലിച്ചിറക്കുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല.
ഞാൻ ഭാസ്കരനെ ഒരുപാട് തല്ലി.  തല്ലി അവന്റെ കാലൊടിച്ചു. എന്നിട്ട് അവൻ കൊണ്ടു വന്ന അതേ ഉന്തു വണ്ടിയിൽ തന്നെ അവനെ കിടത്തി പറഞ്ഞയച്ചു”.

ഇൻസ്പെക്ടർ ബാബുരാജ് എഴുന്നേറ്റ് അദ്രുവിന്റെ തോളിൽ തട്ടിയിട്ട് പറഞ്ഞു

“അദ്രൂ, നിന്റെ നീതിന്യായമാണ് ശരി. ഞങ്ങൾ പോലീസുകാർക്ക് ചില‌ പരിമിതികളുണ്ട്. നീ പൊയ്ക്കോളൂ”

“അപ്പോൾ, ഭാസ്കരൻ സാറിന് തന്ന കാശോ സാറേ ?” അദ്രൂ ചിരിച്ചു കൊണ്ട് ചോദിച്ചു. 

“ആ, അത് ഞാനവന് കൊടുത്തോളാ൦….”

ചിരിച്ചു കൊണ്ട് ഇൻസ്പെക്ടർ ബാബുരാജ്  മറുപടി  പറഞ്ഞു…

കേണൽ രമേശ് രാമകൃഷ്ണൻ
17 July 2020

.

No comments:

Post a Comment