Saturday, June 27, 2020

വായ്ച്ചോറ്



“ഇതെന്താ, ഇയാളുടെ വായ് അടയുന്നില്ല”. 

തണുത്ത് വിറങ്ങലിച്ച മൃതശരീരം തറയിൽ നിവർത്തി കിടത്തുന്നതിനിടയിൽ ഒരാൾ ചോദിച്ചു. ആരു൦ മറുപടി പറഞ്ഞില്ല. വേറൊരാൽ അടുത്തു കിടന്ന ഒരു പഴയ കൈലി എടുത്ത് ശരീര൦ പുതപ്പിച്ചു. എന്നിട്ട് ആരോടെന്നില്ലാതെ ചോദിച്ചു.

“മുനിസിപ്പാലിറ്റിയിൽ ആരെങ്കിലും വിവരം അറിയിച്ചോ ? “ ആരോ ഒന്നു മൂളി.

രവീന്ദ്രൻ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു. പതിവ് പോലെ രവീന്ദ്രൻ അവന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ‘വായിനോക്കാൻ’ ഇറങ്ങിയതായിരുന്നു. വീട്ടിൽ വെറുതെ ഇരിക്കുന്നത് അവന് ഇഷ്ടമല്ലായിരുന്നു. അല്ലേലു൦ വെറുതെ ഇരിക്കുന്നത് കണ്ടാൽ അവന്റെ തള്ള എന്തെങ്കിലും പണി കൊടുക്കു൦. അതിലും നല്ലത് പുറത്തിറങ്ങി നാലു പേരുടെ വായിനോക്കുന്നതാ.

രവീന്ദ്രന് പന്ത്രണ്ട് വയസ്സ് പ്രായം. ഗവൺമെൻറ് സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നു, ഒരു വർഷം തോറ്റു പോയി. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്കൂളിൽ. സ്കൂൾ വിട്ട് വന്നാൽ പുസ്തകം മേശപ്പുറത്ത് വെച്ചിട്ട് അടുക്കളയിൽ അമ്മ അടച്ചു വെച്ചിരിക്കുന്ന ചോറെടുത്ത് കഴിക്കു൦. ആ സമയ൦
അവന്റെ അമ്മ, തങ്കമ്മ, നല്ല ഉറക്കത്തിലായിരിക്കു൦. അതൊരു പതിവാണ്. ഉറക്കത്തിൽ ശല്യം ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ല. അഞ്ച് മണിക്കേ എഴുന്നേൽക്കൂ. അതുവരെ രവീന്ദ്രൻ ഫ്രീ. ഉടുപ്പു൦ നിക്കറു൦ മാറ്റി അവൻ ‌ചന്തയിലെ‌ വിശേഷങ്ങൾ അറിയാൻ ഇറങ്ങു൦. ഒരു വിളിപ്പാട് അകലെയാണ് ചന്ത. “എടാ രവിയേേേേേ” എന്ന തങ്കമ്മയുടെ വിളി ചന്തയിൽ എവിടെ നിന്നാലു൦ കേൾക്കാം. ചന്തയിൽ ആരെങ്കിലും ചങ്ങാതികൾ കാണു൦ കളിക്കാനു൦ ,കൂടെ ചുറ്റിക്കറങ്ങി നടക്കാനു൦.

ഒരുദിവസം രവീന്ദ്രൻ പൗരസ്ത്യ ഫാർമസിയുടെ വരാന്തയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. ഒറ്റ നോട്ടത്തിൽ അയാൾ നാട്ടുകാരൻ അല്ലെന്ന് മനസ്സിലായി. നാട്ടിലെ മിക്ക ആളുകളെയു൦ രവീന്ദ്രന് അറിയാം. ഒരു പരിചയവു൦ ഇല്ലാത്തത് കൊണ്ടാവു൦ രവീന്ദ്രൻ അയാളുടെ മുന്നിൽ ചെന്ന് കുറെ നേരം നോക്കി നിന്നു. 
അയാളിൽ നിന്നും ഒരു പ്രതികരണവു൦ ഉണ്ടായില്ല. വയസ്സായി പ്രാകൃതം ചെന്നൊരു മനുഷ്യൻ. താടിയും മുടിയും ഒക്കെ ഒരുപാട് വളർന്നിരിക്കുന്നു. മുഷിഞ്ഞ വസ്ത്രം. ഒരു ചെറിയ പൊതി മാത്രം അയാളുടെ അടുത്തുണ്ട്. അയാൾ വിജനതയിലേക്ക് നോക്കി അങ്ങനെ ഇരുന്നു. ഒരു ഭ്രാന്തൻ അല്ലെന്ന് മനസ്സിലായി. പെട്ടെന്ന് അമ്മയുടെ വിളി കേട്ടു. അവൻ വീട്ടിലേക്ക് ഓടിപ്പോയി. 

പിറ്റേ ദിവസവും രവീന്ദ്രൻ അയാളെ കണ്ടു. ഫാർമസി തുറന്നിരുന്നതു കൊണ്ട് അടുത്തുള്ള ഉദയാ സ്റ്റുഡിയോയുടെ പടിയിലാണ് ഇരുന്നത്. രവീന്ദ്രൻ അയാളെ നല്ലത് പോലെ ശ്രദ്ധിച്ചു. അയാൾ ആരോടും ഒന്നും മിണ്ടിയില്ല. ആരോടും ഒന്നും യാചിച്ചില്ല. വെറുതെ അങ്ങനെ ഇരുന്നു. ഇതിനിടയിൽ ആരോ അയാൾക്ക് ഒരു ചായ വാങ്ങി കൊടുത്തു. സന്തോഷത്തോടെ അയാൾ അത് വാങ്ങി. എന്നിട്ട് പറഞ്ഞു “താങ്ക്യൂ”. രവീന്ദ്രന് മനസ്സിലായി അയാൾ തെണ്ടിയല്ല, സ്വാഭിമാനമുള്ള ഒരു മനുഷ്യൻ.

ദിവസങ്ങൾ ഇങ്ങനെ കടന്നു പോയി. എല്ലാ ദിവസവും തന്റെ മുന്നിൽ വന്നു നിന്ന് തുറിച്ചു നോക്കുന്ന പയ്യനോട് അയാൾക്ക് എന്തോ ഇഷ്ടം തോന്നി. അയാൾ ചോദിച്ചു “നിന്റെ പേരെന്താ മോനേ ?”

അയാളുടെ ശബ്ദം രവീന്ദ്രന് ഇഷ്ടമായി. നല്ല ഗാ൦ഭീര്യമുള്ള ശബ്ദം. അവൻ പേരു പറഞ്ഞു. എന്നിട്ട് ചോദിച്ചു.

“അപ്പുപ്പന്റെ പേരെന്താ ?”

അയാൾ കുറെ നേരം ആലോചിച്ചിരുന്നു. എന്നിട്ട് പറഞ്ഞു.

“വർഷങ്ങളായി എന്നെ ആരെങ്കിലും പേര് വിളിച്ചിട്ട്. ദാമോദരൻ എന്നായിരുന്നു. അതെ, മേലേ വീട്ടിൽ ദാമോദരൻ”. ഇത്രയും പറഞ്ഞ് അയാൾ മൌനമായി ഇരുന്നു. രവീന്ദ്രന് വിളി വന്നു. അവൻ വീട്ടിലേക്ക് പോയി.

പിറ്റേ ദിവസവും രവീന്ദ്രൻ ഉച്ചയ്ക്ക് അയാളുടെ അടുത്ത് വന്നു. അയാൾ അടച്ചു കിടക്കുന്ന ഒരു കടയുടെ തിണ്ണയിൽ തറയിൽ ചുരുണ്ടുകൂടി കിടക്കുന്നു. കണ്ടിട്ട് അവന് സങ്കടം തോന്നി. അവൻ വീട്ടിലേക്ക് ഓടി. അമ്മയും അനിയത്തിയു൦ നല്ല ഉറക്ക൦. അച്ഛൻ സഹദേവൻ ജോലിക്ക് പോയിരിക്കുന്നു. രാത്രിയിലേ തിരികെ വരൂ. ആരും കാണാതെ അഴയിൽ കിടന്ന സഹദേവന്റെ ഒരു പഴയ കൈലി അവൻ എടുത്തു. അതുമായി ഓടി അയാളുടെ അടുത്ത് വന്നു. പതിയെ ആ കൈലി അയാളെ പുതപ്പിച്ചു. സ്പർശനമേറ്റ് അയാൾ ഉണർന്നു. കാര്യം മനസ്സിലായി. അയാളുടെ കണ്ണുകൾ നനഞ്ഞു. രവീന്ദ്രൻ പറഞ്ഞു 

“ തറയിൽ കിടക്കണ്ട, കൈലി വിരിച്ച് കിടന്നോളൂ”.

ഒരു കാര്യം രവീന്ദ്രന് മനസ്സിലായി. ആരോടും ഒന്നും യാചിക്കാത്ത ആ‌ മനുഷ്യന് വല്ലപ്പോഴും ആരെങ്കിലും എന്തെങ്കിലും ആഹാര൦ കൊടുത്തിരുന്നു. കടയുടെ മുന്നിൽ ഇരിക്കുന്നതിനോ കിടക്കുന്നതിനോ ആരു൦ ഒന്നും പറഞ്ഞില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രവീന്ദ്രൻ അയാളോട് ചോദിച്ചു.

 “ അപ്പൂപ്പൻ ഇവിടെ എങ്ങനെ വന്നു ? ആരുമില്ലേ ?”

ഒരു ദീർഘ നിശ്വാസത്തോടെ അയാൾ പറഞ്ഞു

“എല്ലാരു൦ ഉണ്ടായിരുന്നു മോനേ. ഭാര്യയും രണ്ട് മക്കളും ബന്ധുക്കളും എല്ലാം. ഇന്നാരുമില്ല “.

“അതെന്താ ?” അവൻ ചോദിച്ചു.

അങ്ങനെ ആദ്യമായി അയാൾ ആരോടെങ്കിലു൦ അയാളുടെ കഥ പറഞ്ഞു.

“ എന്റെ വീട് അങ്ങ് കരുനാഗപ്പള്ളി എന്ന സ്ഥലത്താണ്. മേലേ വീട്ടിൽ എന്നായിരുന്നു വീട്ടു പേര്. ആ വീട് എന്റെ ഭാര്യ മാലതിക്ക് സ്ത്രീധനം കിട്ടിയതാ. കൂലിപ്പണി ആയിരുന്നു എന്റെ ജോലി. ആരുടെ വീട്ടിലും എന്ത് ജോലിക്കു൦ ഞാൻ പോകുമായിരുന്നു. അദ്ധ്വാനിക്കു൦, കാശ് വീട്ടിൽ കൊണ്ടു വരു൦. ഒരു ദുശ്ശീലവു൦ എനിക്കില്ലായിരുന്നു. മാലതി ചെറുപ്പത്തിലേ അസുഖക്കാരി ആയിരുന്നു. അതുകൊണ്ട് ഒരു ജോലിക്കു൦ ഞാനവളെ വിട്ടില്ല. രാവു൦ പകലും അദ്ധ്വാനിച്ച് ഞാൻ കുടു൦ബ൦ പുലർത്തി.

ദൈവ൦ ഞങ്ങൾക്ക് രണ്ട് മക്കളെ തന്നു. മൂത്ത ഒരു മകനും ഇളയ മകളും. രണ്ട് മക്കളെയു൦ കഴിവിനൊത്ത് പഠിപ്പിച്ചു. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മകൻ ദിനേശ് പട്ടാളത്തിൽ ചേർന്നു. സർവ്വീസിൽ ഇരിക്കുമ്പോൾ മുറയ്ക്ക് അവൻ കാശയച്ചിരുന്നു. ആ കാശ് ഒരുക്കു കുട്ടി മകൾ ശാലിനിയെ ചുമട്ടു തൊഴിലാളി ആയ ശ്രീധരന് വിവാഹം ചെയ്ത് കൊടുത്തു”.
മൂന്നു വർഷം കഴിഞ്ഞ് ഒരു ദിവസം പെട്ടെന്ന് മാലതി മരിച്ചു. ഒരു യാത്ര പോലും പറയാതെ അവൾ പോയി. അതോടെ മാറി എന്റെ ജീവിതവും. വീട്ടിൽ ഒറ്റയ്ക്ക് ആയതോടെ ജീവിതം അസഹനീയമായി. നിർബന്ധിച്ചു മകനെക്കൊണ്ട് വിവാഹ ൦ കഴിപ്പിച്ചു. പരിചയത്തിലുള്ള ഒരു ഗോപാലന്റെ മകൾ സുനന്ദയുമായി.കാണാൻ സൗന്ദര്യവും കഴിവും ഉള്ള ഒരു കുട്ടി. കുറേ നാളത്തേക്ക് എല്ലാം നല്ലതായിരുന്നു. 

പെട്ടന്നായിരുന്നു അതിർത്തിയിൽ വെടിവെപ്പ് നടന്നത്. ഷെല്ലിങ്ങിൽ എന്റെ മകൻ കൊല്ലപ്പെട്ടു. ചിതറിപ്പോയി ശരീര൦” കുറച്ചു നേരം അയാൾ തേങ്ങലടിച്ചു കരഞ്ഞു. എന്നിട്ട് തുടർന്നു.

“മോന്റെ മരണത്തോടെ എല്ലാം നശിച്ചു. മരുമകൾ അവളുടെ വീട്ടിലേക്ക് പോയി. ഒരു ദിവസം മോളു൦ മരുമകനു൦ വീട്ടിൽ വന്ന് ബഹളമുണ്ടാക്കി . വീട് അവരുടെ പേരിൽ എഴുതിക്കൊടുക്കണമെന്ന്. എന്റെ മരണശേഷം കിട്ടുമെന്ന് ഞാൻ. അങ്ങനെ വഴക്കായി. ശ്രീധരൻ എന്നെ പിടിച്ചു തള്ളി. ഞാൻ ഉരുണ്ടു വീണു. അവസാനം ഞാൻ വീടു൦ അഞ്ചു സെന്റ് സ്ഥലവും മകളുടെ പേരിൽ എഴുതിക്കൊടുത്തു. ഒരു മാസത്തിനകം മകൾ ആ വീടും സ്ഥലവും വിറ്റു. അങ്ങനെ എനിക്ക് വീടില്ലാതായി.”

രവീന്ദ്രൻ ചോദിച്ചു “ അപ്പോ,മോന്റെ‌ കശൊന്നു൦ ‌കിട്ടിയില്ലേ ?”

അയാൾ തുടർന്നു. “ ഇല്ല മോനേ,അപ്പുപ്പന് ഒന്നും കിട്ടിയില്ല. മരണാനന്തര അവകാശി ഭാര്യ ആയതിനാൽ എല്ലാം സുനന്ദയ്ക്ക് കിട്ടി. അതിൽ നിന്ന് ഒരു രുപ‌ പോലു൦ അവളെനിക്ക് തന്നില്ല. ഞാൻ എവിടെ, എങ്ങനെ ജീവിക്കുന്നു എന്ന് ആരു൦ അന്വേഷിക്കുന്നില്ല. വയസ്സായ എനിക്ക് കൂലിപ്പണി ചെയ്യാൻ വയ്യാ. ജനിച്ചു വളർന്ന നാട്ടിൽ തെണ്ടി നടക്കാനു൦ വയ്യാ. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം കിട്ടുന്നില്ല. അങ്ങനെയാണ് എന്നെ ആരുമറിയാത്ത ഈ നാട്ടിൽ എത്തിയത്”

അയാളുടെ കഥ കേട്ടപ്പോൾ രവീന്ദ്രന് കരച്ചിൽ വന്നു. അപ്പോഴേക്കും തങ്കമ്മയുടെ കൂകി വിളി വന്നു. ഒന്നു൦ പറയാതെ അവൻ വീട്ടിലേക്ക് ഓടി.

രാത്രിയിൽ എത്ര ശ്രമിച്ചിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞില്ല. നോക്കിയപ്പോൾ സഹദേവനു൦ തങ്കമ്മയു൦ അനിയത്തിയു൦ എല്ലാം നല്ല ഉറക്കം. അവൻ‌ അടുക്കളയിൽ കയറി എന്തെങ്കിലും ആഹാരം ഉണ്ടോ എന്നറിയാൻ. രാത്രിയിൽ അധിക൦ വന്ന ആഹാര൦ ‌പഴങ്കഞ്ഞിക്കായി മാറ്റി വെച്ചിരിക്കുന്നു. അവൻ‌ അതൊരു  പാത്രത്തിലാക്കി അപ്പുപ്പന്റെ അടുത്തേക്ക് പോയി.

സത്യത്തിൽ അയാൾ വളരെ വിശന്ന് ഇരിക്കുകയായിരുന്നു. അന്നത്തെ ദിവസം ആരും ആഹാരം കൊടുത്തില്ലായിരുന്നു. ഒരു കുട്ടി തനിക്ക് വേണ്ടി ആഹാരം കൊണ്ട് വന്നത് കണ്ടപ്പോൾ അയാൾ വാവിട്ട് കരഞ്ഞു പോയി. വളരെ ആർത്തിയോടെ അയാൾ ചോറു വാരി തിന്നാൻ തുടങ്ങി. രവീന്ദ്രന് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൻ വീട്ടിലേക്ക് ഓടി.

“ഇത് കണ്ടോ ? ഇയാളുടെ വായിൽ ചോറിരിക്കുന്നു “ ശവശരീരം നേരെ കിടത്തുന്നതിനിടയിൽ ഒരു നാട്ടുകാരൻ പറഞ്ഞു.

ഇതിനിടയിൽ മുനിസിപ്പാലിറ്റി വണ്ടി വന്നു. പൗരസ്ത്യ ഫാർമസിയിലെ‌ ഡോക്ടർ ഒരു മുണ്ട് കൊണ്ടുവന്ന് കോടിയായി പുതപ്പിച്ചു. 
ശവമെടുക്കുന്നതിനു മുമ്പ് മുനിസിപ്പാലിറ്റിയിലെ‌‌ ഒരാൾ ഔപചാരികമായി ചോദിച്ചു
 “ഇയാൾക്ക് ബന്ധുക്കൾ ആരുമില്ലല്ലോ‌ ?” 

“ഞാനുണ്ട് “ എന്ന് പറയാൻ രവീന്ദ്രന്റെ മനസ്സ് വെമ്പി.

മുനിസിപ്പാലിറ്റിക്കാർ ശവശരീരം വണ്ടിയിൽ കയറ്റി കൊണ്ടുപോയി. കൂടി നിന്നവർ പിരിഞ്ഞു പോയി.

ആരോ പറയുന്നത് കേട്ടു 

“ ചോറ് വലിച്ചു വാരി തിന്നപ്പോൾ ആയിരിക്കും ശ്വാസം മുട്ടി മരിച്ചത്”……

കേണൽ രമേശ് രാമകൃഷ്ണൻ
27 June 2020

Thursday, June 25, 2020

ഒരു പൂവിന്റെ യാചന എന്ന എന്റെ കവിതയുടെ അവലോകനം

26 / 6 / 20 - വെള്ളി 
( കൊല്ലവര്‍ഷം 1195 - മിഥുനം 12 ) 

🌞പ്രഭാതസ്മൃതി 🌞

സുപ്രഭാതം 🙏

പ്രഭാതസ്മൃതിയുടെ 910 ാം അദ്ധ്യായമാണിന്ന് . ഏവര്‍ക്കും സുസ്വാഗതം ..💐

👌നല്ല ചിന്ത .
*************
നാളെ വരാനിരിക്കുന്ന ദുഃഖത്തെ ഞാന്‍ സഹിക്കാം . എന്നാല്‍ അതിനെ ഇന്ന് കടമായി വാങ്ങില്ല . 
( ബെന്‍സ്കിന്‍ ) 

💥ഒരു ഗുണപാഠകഥ 

ഒരിടത്ത് ഒരു പടുകൂറ്റന്‍ ആലിന്‍െറ തണലില്‍ ഒരു ആനയും ഒരു കുരങ്ങനും ഒരു വവ്വാലും താമസിച്ചിരുന്നു . എല്ലാ കാര്യത്തിലും അവര്‍ തമ്മില്‍ വിയോജിപ്പായിരുന്നു . ആന കുരങ്ങനേയും കുരങ്ങന്‍ വവ്വാലിനേയും വവ്വാല്‍ തിരിച്ചും എപ്പോഴും ശണ്ഠ തന്നെ . സ്നേഹമില്ലാതെ ഒരുമിച്ച് കഴിയുന്നതെങ്ങനെ ? അതുകൊണ്ട് അവരില്‍ മൂത്തയാള്‍ എന്തു പറയുന്നോ അതനുസരിക്കാന്‍ അവര്‍ തയ്യാറായി . പക്ഷേ അപ്പോഴും തര്‍ക്കം . ആരാണ് മൂത്തത് ? 

കുരങ്ങന്‍ ആനയോട് ചോദിച്ചു . 
'' ചങ്ങാതീ .. നിന്‍െറ ചെറുപ്പത്തില്‍ ഈ ആല് എത്ര വലുതായിരുന്നു ? '' 
ആന പറഞ്ഞു . 
'' തീരെ ചെറിയ ചെടിയായിരുന്നു . എന്‍െറ കാല്‍മുട്ടുവരെ ഉയരം കാണും '' 
ഇതേ ചോദ്യത്തിന് കുരങ്ങന്‍ ഇങ്ങനെ മറുപടി പറഞ്ഞു . 
'' ഞാന്‍ പിച്ച വയ്ക്കുന്ന കാലത്ത് തന്നെ ഈ മരമുണ്ട് . അന്നിത് തീരെ ചെറിയ ചെടിയാണ് . ഇതിന്‍െറ കിളുന്നിലകള്‍ ഞാന്‍ പറിച്ചു തിന്നിട്ടുണ്ട് '' 
വവ്വാല്‍ പറഞ്ഞതിങ്ങനെ . 
'' ഈ ആലിന്‍െറ സ്ഥാനത്ത് മറ്റൊരു ആല്‍ ഉണ്ടായിരുന്നു . അതിന്‍െറ കുരുവും കടിച്ച് തൂങ്ങി കിടക്കുമ്പോള്‍ ഒരു ദിവസം ആ വലിയ കൊടുമുടിയുടെ ഒരു ഭാഗം ഇടിഞ്ഞുവന്നു . ആല്‍ അതിലമര്‍ന്നുപോയി . അന്ന് പറന്നു രക്ഷപ്പെട്ട എന്‍െറ വായിലെ വിത്ത് മുളച്ചാണ് ഇൗ കാണുന്ന ആലുണ്ടായത് '' 
ആരാണ് മൂത്തതെന്ന് അതോടെ തീരുമാനമായി . പിന്നീട് കുരങ്ങനും ആനയും വവ്വാല്‍ പറഞ്ഞതനുസരിച്ച് വഴക്കുകളില്ലാതെ ഒരുമയോടെ കഴിഞ്ഞു . 

കഥയിലെ ചിന്ത - മുതിര്‍ന്നവരെ ബഹുമാനിക്കുക . അവരോടുള്ള അനുസരണയും വിനയവും വലിയ വഴക്കുകള്‍ തന്നെ ഒഴിവാക്കും . 

💥സ്മൃതിഗീതം 

ശ്രീ രമേഷ് രാമകൃഷ്ണന്‍ എഴുതിയ ' ഒരു പൂവിന്‍െറ യാചന ' എന്ന കവിതയാണ് ഇന്നത്തെ സ്മൃതിഗീതം . 

ഒരു  പൂവിന്റെ  യാചന.

അടരാൻ വൈകിയ പൂവിനോട്
സന്ധ്യ വന്നു ചോദിച്ചു
“ഇന്നെന്തേ ഒരു മടി ?”
ഗദ്ഗദ൦ പൂണ്ട് പൂവ് ചൊല്ലി
“മടിയല്ല ,പെണ്ണേ കൊതിയാണ്,
കുറച്ചു നേര൦ കൂടി 
ജീവിച്ചിരിക്കാനൊരു കൊതി".

"സൂര്യനെക്കാണാഞ്ഞ് രാവിലെ
വിടരാൻ‌ ഞാനൊന്ന് വൈകി
യൗവ്വനമെന്റെ വിരിഞ്ഞു വന്നപ്പോൾ
സൂര്യ തേജസ്സെന്നെ വാട്ടി
സുഗന്ധ൦  ഞാൻ വീശു൦ മുമ്പേ
ഒരു കാറ്റ് വന്നൊന്നാട്ടി
പിന്നൊരു പേമാരി വന്നടിച്ചു
എന്റിതളുകളാകെ വലിഞ്ഞു".

"വന്നില്ലയാരുമിനിയു൦ തേടിയെന്നെ.
വരാതിരിക്കില്ല  ആരേലു൦
നിർമ്മാല്യ മാലയ്ക്ക് പൂ പറിക്കാനായ്.
കാത്ത് നില്പൂ ഞാനെന്റെ
ജന്മസാഫല്യത്തിനായ്.
ഒരല്പ നേരം  കൂടി ഞാനീ
ഞെട്ടിൽ ജീവിച്ചിരുന്നോട്ടേ “....

കേണൽ രമേശ് രാമകൃഷ്ണൻ

💥കവിതയിലൂടെ .. 

നമ്മുടെ ചുറ്റിലുമുള്ള ഓരോ പൂവിലും ജീവജാലങ്ങളിലും നമ്മെ പോലെത്തന്നെ ജീവനും ജീവിതവും തുടിക്കുന്നുണ്ട് . ഓരോന്നും ശ്രദ്ധിച്ചാല്‍ ഓരോ പാഠങ്ങള്‍ അവ നമുക്കായി കരുതുന്നുമുണ്ട് . ബുദ്ധിയുള്ളതുകൊണ്ട് മാത്രം കാലവും കണക്കും സൂക്ഷിച്ച് മനുഷ്യന്‍ അവന്‍െറ ജീവിതത്തിന് അമിതപ്രാധാന്യം നല്‍കുകയാണ് . 

ശ്രീ രമേഷ് രാമകൃഷ്ണന്‍ എഴുതിയ ' ഒരു പൂവിന്‍റെ യാചന ' വളരെ ആഴമുള്ള ചിന്ത നല്‍കുന്നു . പുലരിയിലുദിച്ച് സന്ധ്യയ്ക്ക് കൊഴിയുന്ന സാധാരണ ഒരു പുഷ്പത്തില്‍ ഒരു ജീവിതം ചേര്‍ത്തു വയ്ക്കുകയാണ് കവി . അടരാന്‍ വെെകിയ പൂവിനോട് സന്ധ്യ വന്ന് 
' ഇന്നെന്തേ ഒരു മടി ? ' 
എന്ന് ചോദിക്കുന്ന സങ്കല്‍പ്പം അതീവഹൃദ്യം . ഒരേയൊരു ദിവസത്തേക്ക് മാത്രം വിടര്‍ന്ന പൂവ് സങ്കടത്തോടെ അല്‍പ്പനേരം കൂടി ജീവിച്ചിരിക്കാനുള്ള കൊതി പറയുന്നു . സൂര്യനെ കാണാത്തതുകൊണ്ടാണ് ഉണരാന്‍ വെെകിയത് . വിരിഞ്ഞൂ വിലസിയ യൗവ്വനത്തില്‍ അതേ സൂര്യതേജസ്സിനാല്‍ മുഖം വാടി . സുഗന്ധം വീശുംമുന്‍പേ കാറ്റിലുലഞ്ഞുപോയി . പിന്നെ വന്ന പേമാരിയില്‍ ഇതളുകളുതിര്‍ന്നു തുടങ്ങി . അനവസരത്തില്‍ വന്നുചേര്‍ന്ന ജീവിതസൗഭാഗ്യങ്ങളില്‍ സന്തോഷിക്കാനാവാതെ മറ്റെന്തോ പരീക്ഷണങ്ങളില്‍ കുരുങ്ങിപ്പിടയുന്ന ഒരു മനുഷ്യജീവനെ കവി കല്‍പ്പിച്ചതാകാം . പക്ഷേ പൂവിന് വീണ്ടും പ്രതീക്ഷയാണ് . നിര്‍മ്മാല്യപൂജയ്ക്കായെങ്കിലും ഇറുത്തൊന്ന് കൊണ്ടുപോകാന്‍ ... 
അങ്ങനെ ജന്‍മസാഫല്യം നേടുവാന്‍ .. 
ഒരല്പനേരം കൂടി ആ ഞെട്ടില്‍ പൂ തങ്ങുകയാണ് . 

ജീവിതാന്ത്യത്തില്‍ സ്വാനുഭവങ്ങളുടെ വെളിച്ചം നിറച്ച കഥകള്‍ പറയുവാന്‍ കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന ഒരു മുത്തയാകാമത് . അവസാനശ്വാസം വരേയും അംഗീകരിക്കപ്പെടാതെപോയ , മറ്റുള്ളവര്‍ക്കായി മാത്രം ചിന്തിച്ച് ജീവിക്കുന്ന ഒരു വ്യക്തിയുമാകാം . 
' നമുക്കായല്ല , മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കുമ്പോഴത്രെ ജന്‍മം  സഫലമാകുന്നത് . പുഷ്പജന്‍മങ്ങള്‍ അങ്ങനെയാണല്ലോ . വിരിഞ്ഞും ചിരിച്ചും സുഗന്ധം പരത്തിയും പൂജാപുഷ്പമായും അല്‍പ്പമായ ആയുസ്സിനെ തേജോമയമാക്കുന്ന പൂക്കളെ കണ്ട് നമുക്കും പഠിക്കാം . കുറഞ്ഞത് ഒരു ചെറുചിരിയെങ്കിലും ....

           **********************************

💥ചിത്രവധം 
  ************

ഈ പദം വളരെയധികം പീഡനമുറകള്‍ കൊണ്ട് ഒരാളെ കൊലപ്പെടുത്തുന്നതിനോ അതുപോലുള്ള മാനസികക്ഷതം ഏല്‍പ്പിക്കുന്നതിനോ നമ്മള്‍ പ്രയോഗിക്കാറുണ്ട് . ശരിക്കും ചിത്രവധം എന്തെന്നറിയുന്നത് വേദനയും ,  മനുഷ്യന്‍ മനുഷ്യനോടുതന്നെ കാണിക്കുന്ന നിന്ദ്യമായ ശിക്ഷാനടപടികളെ കുറിച്ച് ലജ്ജയും ജനിപ്പിച്ചേക്കാം .

പണ്ട് നിലനിന്നിരുന്ന ഒരു ശിക്ഷാവിധിയാണിത് . കുറ്റമാരോപിക്കപ്പെട്ടവന്‍െറ പിന്‍ഭാഗത്തുകൂടെ വാള്‍ കയറ്റി പിന്‍കഴുത്തുവരെ എത്തിച്ച് മരത്തില്‍ കെട്ടിയിടുന്നു . രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇഞ്ചിഞ്ചായാണ് അയാള്‍ മരണപ്പെടുക . അവര്‍ണ്ണജാതിയില്‍പ്പെട്ടവര്‍ക്കായിരുന്നു കൂടുതലും ഈ ശിക്ഷ നേരിടേണ്ടിവന്നത് . 

ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെ കൊണ്ട് കൊത്തി കൊല്ലിക്കുന്ന രീതിയും ഉണ്ട് . പദ്മനാഭപുരം കൊട്ടാരത്തില്‍ ചിത്രവധത്തിന് ഉപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ടത്രെ . 

1343 - ല്‍ കേരളത്തിലെത്തിയ ഇബ്നുബത്തൂത്ത പറയുന്നത് , വഴിയില്‍ വീണുകിടന്ന നാളികേരം പെറുക്കിയെടുത്ത ചില യാത്രക്കാരെ രാജാവ് പലകയില്‍ കിടത്തി ആണിയടിച്ച് കൊന്ന് പ്രദര്‍ശനത്തിന് വച്ചിരുന്നു എന്നാണ് . ബര്‍ത്തലോമിയോയുടെ ലിഖിതങ്ങളില്‍ അഞ്ചുപേരെ ഒരു പശുവിനെ കൊന്ന കുറ്റത്തിന്  മരത്തില്‍ തൂക്കിയിട്ട് കണ്ടിട്ടുണ്ടെന്ന് കുറിച്ചുവച്ചിട്ടുണ്ട് . ജാതിവ്യവസ്ഥ കര്‍ശനമായി നിലനിര്‍ത്തുന്നതിനത്രെ ഈ വിധം ക്രൂരഹത്യകള്‍ അധികാരികള്‍ ചെയ്തുപോന്നിരുന്നത് . 

ചിത്രവധം അന്വേഷിച്ചു ചെന്നപ്പോള്‍ കിട്ടിയ വിവിധങ്ങളായ ശിക്ഷാരീതികള്‍ ചിത്രവധത്തേക്കാള്‍ ഭയാനകമായിരുന്നു . ഒരല്പം ഭക്ഷണത്തിനായി കളവ് നടത്തിയ സഹജീവിയെ ഈ കാലത്തും മനുഷ്യന്‍ കൊന്നതോര്‍ക്കുമ്പോള്‍ എവിടെയാണ് പുരോഗമനമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . 
 തെറ്റിനും ശരിക്കും ഇടവരയിട്ടവരുടെ നീതികള്‍ എന്തായിരിക്കും ? എന്തായാലും തനിക്കു സമം ജീവിക്കാനവകാശമുള്ളവനെ കൊല്ലുന്നത് മാനുഷികഗുണമല്ലെന്ന് തന്നെ തീര്‍ത്തുപറയാം .

           ***********************************

                ❣️ഇന്നത്തെ വിഷയം❣️
                        *************

                       കിട്ടാക്കനികള്‍ 
                         ❣️❣️❣️❣️
        
              
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം
 '' കിട്ടാക്കനികള്‍  "ആണ് . ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം;  കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന തുടങ്ങി......
നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.

25  /  6 /  2020  ലെ  പ്രഭാതസ്മൃതിയിൽ 
'' കനല്‍ക്കിനാക്കള്‍ "  എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ .
തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്                  

ശാലിനി മുരളി      
🔹 മലയാള സാഹിത്യലോകം 🔹

ഒരു പൂവിന്റെ യാചന



അടരാൻ വൈകിയ പൂവിനോട്
സന്ധ്യ വന്നു ചോദിച്ചു
“ഇന്നെന്തേ ഒരു മടി ?”
ഗദ്ഗദ൦ പൂണ്ട് പൂവ് ചൊല്ലി
“മടിയല്ല ,പെണ്ണേ കൊതിയാണ്,
കുറച്ചു നേര൦ കൂടി 
ജീവിച്ചിരിക്കാനൊരു കൊതി".

"സൂര്യനെക്കാണാഞ്ഞ് രാവിലെ
വിടരാൻ‌ ഞാനൊന്ന് വൈകി
യൗവ്വനമെന്റെ വിരിഞ്ഞു വന്നപ്പോൾ
സൂര്യ തേജസ്സെന്നെ വാട്ടി
സുഗന്ധ൦  ഞാൻ വീശു൦ മുമ്പേ
ഒരു കാറ്റ് വന്നൊന്നാട്ടി
പിന്നൊരു പേമാരി വന്നടിച്ചു
എന്റിതളുകളാകെ വലിഞ്ഞു".

"വന്നില്ലയാരുമിനിയു൦ തേടിയെന്നെ.
വരാതിരിക്കില്ല  ആരേലു൦
നിർമ്മാല്യ മാലയ്ക്ക് പൂ പറിക്കാനായ്.
കാത്ത് നില്പൂ ഞാനെന്റെ
ജന്മസാഫല്യത്തിനായ്.
ഒരല്പ നേരം  കൂടി ഞാനീ
ഞെട്ടിൽ ജീവിച്ചിരുന്നോട്ടേ “....

കേണൽ രമേശ് രാമകൃഷ്ണൻ
27 Mar 2020

ഉസ്താദ്



അബദ്ധത്തിൽ അയാൾ
ഒരു ‌മണ്ടത്തര൦ കാണിച്ചു,
ആളുകൾ കയ്യടിച്ചു.

അറിയാതെ വീണ്ടുമയാൾ
മണ്ടത്തര൦ കാണിച്ചു
ആളുകൾ കയ്യടിച്ചു.

പിന്നീടയാൾ അറിഞ്ഞുകൊണ്ട്
മണ്ടത്തര൦ കാണിച്ചു
ആളുകൾ വീണ്ടും കയ്യടിച്ചു.

അയാൾ മണ്ടത്തര൦ പറയാൻ തുടങ്ങി
ആളുകൾ കയ്യടിച്ചു കൊണ്ടേയിരുന്നു.

അയാൾ ഓരോന്ന് ജയിച്ചു തുടങ്ങി
ഓരോന്നായി എല്ലാം കീഴടക്കി
ആ രാജ്യം പോലും അയാൾ കയ്യിലാക്കി
എന്നിട്ടും ‌ആളുകൾ കയ്യടിച്ചു.

അയാൾക്ക് ആളുകൾ ഒരു പേരിട്ടു
മണ്ടത്തരത്തിന്റെ ഉസ്താദ്.


കേണൽ രമേശ് രാമകൃഷ്ണൻ
25 June 2020

What I Said When I Left

When I left
I said Nothing
My glance said it all.
It's alright,
I won't be late,
To come back,
To Hug you, 
Cuddle you,
Cajole you,
Caress you
Kiss you all over
Again and again.....


Col Ramesh R (Retd)

Tuesday, June 23, 2020

മനക്കരച്ചിൽ



കണ്ണാടിയിൽ തന്റെ കണ്ണുകളെ
നോക്കി അയാൾ പുലമ്പി
"എന്തേ  ഇങ്ങനെ നാണ൦ കെടുത്തുന്നു?
സ്വയം വീങ്ങി, കണ്ണീരൊഴുക്കി
മുഖമാകെ വൃത്തികേടാക്കി,
എന്റെ ദുഃഖങ്ങൾ എന്റേത് മാത്രം"

ഞെട്ടിപ്പോയി രണ്ടു കണ്ണുകളും
ഒപ്പം തൊണ്ടയു൦, വായു൦, ചുണ്ടുകളു൦.
അവരൊരുമിച്ചു പറഞ്ഞു
"മേലാൽ, ഇനി മേലാൽ,
കൂടെ നില്ക്കില്ല ഞങ്ങളൊരിക്കലു൦,
ഒരിറ്റു കണ്ണുനീർ, ഒരു വിതുമ്പൽ,
ഒരു തേങ്ങൽ, ഒരു അലറൽ
ഒരു പൊട്ടിക്കരച്ചിൽ
ഞങ്ങളിൽ നിന്നുണ്ടാകില്ല,
ഇത് നിങ്ങളാണെ സത്യ൦".

കണ്ണുനീർ കിണറാകെ വറ്റിപ്പോയി,
അതോടെ വറ്റി
ദുഃഖമൊഴുക്കാനുള്ള എല്ലാ വഴികളും.
പിന്നീട് അയാൾ കരഞ്ഞപ്പോളൊക്കെയു൦
ആരു൦ കണ്ടില്ല,
ആരു൦ കേട്ടില്ല,
ആരു൦ ശ്രദ്ധിച്ചില്ല,
ഒരു മനക്കരച്ചിൽ മാത്രം....



കേണൽ രമേശ് രാമകൃഷ്ണൻ
23 June 2020

ഒരു കുസൃതിക്കാറ്റ്



ഇന്നലെ രാത്രി എന്റെ മുഖത്ത്
വന്നടിച്ച കാറ്റിൽ
എന്തോ ഉണ്ടായിരുന്നു
ഒരു മാദകഗന്ധ൦ പോലെ
പരാഗണത്തിന് പോയത്
വഴി മാറി വന്നതാണോ
അതോ തണുത്ത മഴ നനയാതെ
ഓടിക്കേറി വന്നതോ
പാതി ചാരിയ ജനാലയിലൂടെ
ശൂളമടിച്ചു വന്നു
എന്നിട്ടെന്റെ ഉള്ളിലേക്ക്
ഇരച്ചങ്ങനെ കയറി
കോരിത്തരിച്ച ഞാൻ
എന്തൊക്കെയോ.......
എന്നെ ഉറക്കിയിട്ടിട്ട്
ഒരു പാട്ടും പാടി ആ കാറ്റ്
എങ്ങോട്ടോ വീശി പോയി.
എന്നോടൊരു വിടപോലു൦
പറയാതെ..

കേണൽ രമേശ് രാമകൃഷ്ണൻ
23 June 2020