Wednesday, September 14, 2022

താലിപ്പൊലിമ



“ശ്” “ശ്” എന്ന ശബ്ദം കേട്ട് സ്വർണ്ണക്കടയിൽ താൻ പണിത ഒരു മാല പോളിഷ് ചെയ്തുകൊണ്ടിരുന്ന മുരളി തലയുയർത്തി നോക്കി.

 കടയുടെ പുറത്ത് തന്റെ പ്രിയതമ ശാന്തയുടെ ദൂതൻ നിൽക്കുന്നു.  മുരളി തൻ്റെ അരികിലിരുന്ന് നെരിപ്പോടിലെ ഉമിത്തീയിൽ കത്തുന്ന ചിരട്ടക്കരിയിൽ സ്വർണ്ണം ഉരുക്കി കൊണ്ടിരുന്ന അപ്പൻ ഗോപാലൻ മേശിരിയെ ഒളികണ്ണിട്ടു ഒന്ന് നോക്കി. അപ്പൻ ജോലിയിൽ മുഴുകിയിരിക്കുകയാണെന്ന്  മനസ്സിലായി. ശാന്തയുടെ സന്ദേശം മനസ്സിലായി എന്ന് അറിയിക്കാനായി മുരളി തൻ്റെ തല ഒന്ന് കുലുക്കി. സന്ദേശ വാഹകനായ ചെറുക്കൻ പതിയെ നടന്നങ്ങു പോയി. എഴുന്നേറ്റു കൊണ്ട് മുരളി പറഞ്ഞു 

“അപ്പാ, ഞാൻ ദാ വരുന്നു. മൂത്രമൊഴിച്ചിട്ട് വരാം.”

സ്വർണ്ണക്കടയുടെ അടുത്ത് മൂത്രപ്പുര ഇല്ലെന്നും മൂത്രമൊഴിക്കണമെങ്കിൽ കുറച്ചു ദൂരെയുള്ള നളന്ദ ട്യുട്ടോറിയലിൽ പോകണമെന്നും ഗോപാലൻ മേശിരിക്ക് അറിയാമായിരുന്നു.  അയാൾ ഒന്നും പറഞ്ഞില്ല.

 ഒരു ഒഴിഞ്ഞ ക്ലാസ് റൂമിൽ ഇരിക്കുകയായിരുന്നു ശാന്ത. കഴിഞ്ഞ കുറെ വർഷങ്ങളായി ശാന്ത നളന്ദ ട്യുട്ടോറിയലിൽ  പ്രൈവറ്റായി പത്താം ക്ലാസിന് പഠിക്കുന്നു.  ഇതുവരെ എസ്എസ്എൽസി പാസാകാൻ കഴിഞ്ഞില്ല.  അതു മനപ്പൂർവ്വം ആണെന്ന് പലരും പറഞ്ഞു തുടങ്ങി. സ്ഥിരമായി ട്യൂട്ടോറിയലിൽ വരുന്നത് വല്ലപ്പോഴും പരസ്പരം കാണാൻ ആണെന്ന് ശാന്തക്കും മുരളിക്കും അറിയാം.

 ശാന്തയും മുരളിയും അഞ്ചാലുംമൂട് സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ ഇഷ്ടമാണ്. മുരളിയേക്കാൾ രണ്ട് ക്ലാസിന് പുറകിലായിരുന്നു ശാന്ത. പത്താം ക്ലാസിൽ തോറ്റതിനു ശേഷം മുരളി പഠിത്തം നിർത്തി തന്റെ അപ്പന്റെ കൂടെ സ്വർണ്ണക്കടയിൽ പണിക്ക് പോകാൻ തുടങ്ങി.  താമസിയാതെ വിദഗ്ധനായ ഒരു സ്വർണ്ണപ്പണിക്കാരനായി മാറി മുരളി.

 ശാന്തയെ കണ്ടപ്പോൾ അടുത്ത് ചെന്ന് മുരളി ചോദിച്ചു

“ എന്താടേ ? “

“അണ്ണാ താലിമാലയുടെ കാര്യം എന്തായി ? “

കഴിഞ്ഞ ഒരു വർഷമായി തമ്മിൽ കാണുമ്പോഴെല്ലാം ശാന്ത തിരക്കുന്ന ഒരു കാര്യമാണ് താലിമാല. ശാന്ത നേരത്തെ തന്നെ മുരളിയെ ബോധിപ്പിച്ചിരുന്നു. ഒരു നല്ല താലിമാല ഇല്ലാതെ ശാന്ത ഇറങ്ങി കൂടെ വരില്ലെന്ന്.

“ ഒരു ചെറിയ താലി ഞാൻ ഒപ്പിക്കുന്നുണ്ട് . “ മുരളി പറഞ്ഞു.

 “ചെറിയ താലിയോ?”

ശാന്ത ആകാംക്ഷയോടെ ചോദിച്ചു.

 “ഒരു ചെറിയ ശംഖ് താലി എനിക്ക് കാൽ പവൻ കൊണ്ട് ഉണ്ടാക്കാൻ കഴിയും. പക്ഷേ ഇത് നിനക്ക് വേണ്ടി ആയതുകൊണ്ട് ഒരു അര പവനിൽ നല്ല ഒരു ബ്രാഹ്മണ താലിയാണ് ഞാൻ പണിയാൻ പോകുന്നത്”

 ചെറിയ ഒരു ഗമയോടെ തന്നെ മുരളി പറഞ്ഞു. ശാന്ത ചോദിച്ചു

“ അപ്പോൾ താലിമാല എത്ര പവൻ ആയിരിക്കും?”

 അതിനൊരു മറുപടി പെട്ടെന്ന് പറയാൻ മുരളിക്ക് കഴിഞ്ഞില്ല.  കുറച്ചു ആലോചിച്ചിട്ട് പറഞ്ഞു 

“നമുക്കൊരു കാര്യം ചെയ്യാം. തൽക്കാലം ഒരു മഞ്ഞ ചരടിൽ താലി കോർത്തി  നിന്റെ കഴുത്തിൽ ഇടാം. പിന്നീട് നമുക്ക് സ്വർണ്ണം ഒപ്പിച്ചിട്ട് താലിമാല സ്വർണ്ണത്തിലാക്കാം”

 “ അയ്യടാ,  മഞ്ഞച്ചരടിൽ താലി !നിങ്ങളുടെ വീട്ടിലെ പൂച്ചയ്ക്ക് കെട്ടിക്കൊടുക്ക്. ഒരു കാര്യം പറയാം. ഞാൻ ഒരു തട്ടാത്തി പെണ്ണാണ്.  ഒരുപാട് സ്വർണ്ണം കണ്ടു വളർന്നവളാ, സ്വർണ്ണ മാലയും താലിയും ഇല്ലാതെ ഞാൻ ഇറങ്ങി വരില്ല. അത് തീർച്ച. ചെവിയിൽ നുള്ളിക്കോ”

 ശാന്ത പോകാനായി എഴുന്നേറ്റു മുരളി പറഞ്ഞു 

“ശാന്തേ, ഞാൻ പറയുന്നതൊന്നു കേൾക്ക് “

ഒന്ന് തിരിഞ്ഞു നിന്നിട്ട് ശാന്ത പറഞ്ഞു
 
“വീട്ടിൽ എനിക്കായി കുറെ ആലോചനകൾ വന്നു തുടങ്ങിയിട്ടുണ്ട്. കുണ്ടറയിൽ നിന്നും ഒരു ജ്വല്ലറിക്കാരന്റെ മോന്റെ ആലോചനയും വന്നു.   കാൽപവന്റെ ഒരു താലിയും ചരടിൽ കോർത്ത്  പിടിച്ചോണ്ട് ഇവിടെ തന്നെ നിന്നോ. ആമ്പിള്ളേര് എന്നെ കെട്ടിക്കൊണ്ടു പോകും. ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ”

 അല്പം ദേഷ്യത്തോടെ ശാന്ത ട്യൂട്ടോറിയൽ എന്നും ഇറങ്ങിപ്പോയി.  അല്പസമയം കഴിഞ്ഞ് പുറത്ത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിയിട്ട് മുരളി പതിയെ നടന്ന് തന്റെ കടയിലെത്തി. മുഖഭാവത്തിൽ നിന്നും എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായ ഗോപാലൻ മേശിരി ചോദിച്ചു 

“എന്തു പറ്റിയെടാ , മൂത്രം പോയില്ലേ?

“ ഒന്നുമില്ലപ്പാ” 

മുരളി തന്റെ ജോലിയിൽ മുഴുകി.
 രണ്ടുമാസം അങ്ങനെ കഴിഞ്ഞു പോയി.  ഒരു ദിവസം വീണ്ടും ദൂതൻ വന്നു കടയുടെ മുന്നിൽ നിന്നു.  ആ സമയത്ത് ഗോപാലൻ മേശിരി കടയിൽ ഇല്ലായിരുന്നു.  തക്കം നോക്കി മുരളി നളന്ദാ ട്യൂട്ടോറിയലിൽ പോകുന്ന വഴി അടുത്ത കടക്കാരനോട് കടയിൽ ഒരു നോട്ടം വയ്ക്കണം എന്ന് പറഞ്ഞിട്ട് പോയി. നളന്ദയിൽ എത്തിയപ്പോൾ ശാന്ത ഒന്ന് രണ്ടു കൂട്ടുകാരുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുരളിയെ കണ്ടപ്പോൾ അവൾ കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് ക്ലാസിന്റെ സൈഡിലേക്ക് വന്നു. മുരളി അടുത്ത് ചെന്ന് ചോദിച്ചു 

“എന്താ ശാന്തേ? വിശേഷം വല്ലതും?”

 “ അറിഞ്ഞുകൂടായോ ഞാൻ എപ്പോഴും എന്തിനാ വരുന്നതെന്ന് ? താലിമാലയുടെ കാര്യം എന്തായി ? വീട്ടിൽ ഉടനെ തന്നെ എന്റെ നിശ്ചയം നടക്കും എന്ന് തോന്നുന്നു.  എത്രയും പെട്ടെന്ന് നമുക്ക് എന്തെങ്കിലും ചെയ്യണം.  ഒരു സ്വർണ്ണ താലിമാലയും പിടിച്ചു കൊണ്ട് മുറ്റത്ത് വന്നു നിന്ന് വിളിച്ചാൽ അപ്പോൾ ഞാൻ അണ്ണന്റെ കൂടെ ഇറങ്ങി വരും.  അല്ലാതെ വെറും കയ്യോടെ വന്നാൽ ഈ ശാന്തയെ കിട്ടില്ല.  മുരളി അണ്ണന് മനസ്സിലായോ?”

 ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ ശാന്ത ഇറങ്ങിപ്പോയി. ഒരു  സുന്ദരിയാണ് ശാന്ത. കാണാൻ നല്ല ചന്തമാണ്.  ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടും.  നല്ല സ്വഭാവം, നല്ല പെരുമാറ്റം.  എന്തുകൊണ്ടും പ്രണയിക്കാൻ പറ്റിയ ഒരു പെണ്ണ്. മാത്രമല്ല ഒരേ ജാതി.  അതുകൊണ്ട് മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല. മുരളി ശാന്തയെ തിരിച്ചു വിളിച്ചു. എന്നിട്ട് ചോദിച്ചു.

“ എന്റെ കാര്യങ്ങൾ എല്ലാം നിനക്ക് അറിഞ്ഞുകൂടേ? ഞാൻ അപ്പന്റെ കൂടെയല്ലേ ജോലി ചെയ്യുന്നത് ? പ്രത്യേകം ഒരു വരുമാനം ഒന്നുമില്ല. പിന്നെ വല്ലപ്പോഴും അപ്പൻ എന്തെങ്കിലും തരും. അതുകൊണ്ട് ഒരു വലിയ സ്വർണ്ണമാലയും താലിയും ഞാൻ എങ്ങനെ ഒപ്പിക്കാനാണ്?”

 ശാന്തക്ക് ദേഷ്യം വന്നു. അവൾ ചോദിച്ചു 

“സ്വന്തമായി വരുമാനം ഇല്ലാതെയാണോ എന്നെ കെട്ടാൻ നടക്കുന്നത്?. എന്നെ കെട്ടിയാൽ എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ ?”

 അന്തംവിട്ടത് പോലെ നിന്നു മുരളി.

“ എന്റെ അണ്ണാ,  ആണുങ്ങളായാൽ അല്പം തന്റേടമൊക്കെ വേണം. അല്ലാതെ കുറച്ച് സൗന്ദര്യവും കഴിവും മാത്രം പോരാ. അണ്ണന്റെ സ്ഥാനത്ത് വേറൊരു പയ്യനാണ് ജോലി ചെയ്യുന്നെങ്കിൽ അപ്പൻ അയാൾക്ക് കൂലി കൊടുക്കില്ലേ? അണ്ണനും കൂലി തരാൻ പറ”

 ആ ബുദ്ധി മുരളിക്ക് നന്നായി ബോധിച്ചു.  എന്നിട്ടും ഒരു സംശയം.

 “അപ്പനോട് ഞാൻ എങ്ങനെയാ കൂലി ചോദിക്കുന്നത് ?”

“ഇനി എന്നെക്കൊണ്ടൊന്നും പറയിക്കരുത്”

 ഒരു കൊടുങ്കാറ്റ് പോലെ ശാന്ത മുറിവിട്ട് ഇറങ്ങിപ്പോയി.

 മുരളി കടയിൽ തിരികെ എത്തിയപ്പോൾ ഗോപാലൻ മേശിരി തിരികെ വന്നിട്ടുണ്ടായിരുന്നു.  എവിടെപ്പോയിരുന്നു എന്ന് അയാൾ ചോദിച്ചില്ല.  ഇപ്പോഴത്തെ പിള്ളേരല്ലേ? വല്ല സിഗരറ്റോ മറ്റോ വലിക്കാൻ പോയതായിരിക്കും എന്ന് ഊഹിച്ചു.

 കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. എപ്പോഴും മുരളിയിൽ ഒരു മൗനത അയാൾ കണ്ടു. ഒരു അസ്വസ്ഥത.  പലപ്പോഴും എന്തോ സംസാരിക്കാനായി മുതിർന്നിട്ട് മിണ്ടാതിരിക്കും.  ഒരു ദിവസം ഗോപാലൻ മേശിരി മുരളിയെ അടുത്ത് വിളിച്ചു ചോദിച്ചു.”

"മോനേ,  കുറേ ദിവസമായി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു. എന്തോ നിന്നെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.  പ്രശ്നമെന്താണെന്ന്  നീ എന്നോട് തുറന്നു പറ.”

 അല്പസമയം ആലോചിച്ചിട്ട് മുരളി ഗോപാലൻ മേശിരിയോട് തന്റെ പ്രണയത്തെക്കുറിച്ചും ശാന്തയെക്കുറിച്ചും, ഒരു താലിമാലയ്ക്കായി ശാന്ത നിർബന്ധം പിടിക്കുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചു.  സ്വന്തമായി ഒരു സ്വർണ്ണമാലയും താലിയും ഉണ്ടാക്കാൻ ഒരു വരുമാനം ആവശ്യമാണെന്നും അതിനുവേണ്ടി മുരളിക്ക് ശമ്പളം കൊടുക്കണമെന്നും മുരളി ഗോപാലൻ മേശിരിയോട് തുറന്നു പറഞ്ഞു.
എല്ലാം കേട്ടതിനു ശേഷം ഗോപാലൻ മേശിരി പറഞ്ഞു 

“ എന്റെ മോൻ വളർന്നതും,  കല്യാണപ്രായമായതും , സ്വന്തമായി ഒരു കുടുംബത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതും,  ഒന്നും ഞാൻ അറിഞ്ഞില്ല.  നേരത്തെ അറിയേണ്ടതായിരുന്നു. എന്തായാലും നിനക്ക് ഞാനൊരു ശമ്പളം തരാം.  പക്ഷേ അതുകൊണ്ട് നല്ല ഒരു സ്വർണ്ണമാല ഉണ്ടാക്കാൻ ഉടനെ എങ്ങാനും കഴിയുമോ ?”

“എന്നാ അപ്പൻ എന്നെ കുറച്ച് സ്വർണം തന്നു സഹായിക്ക്” മുരളി പറഞ്ഞു 

“ നിനക്ക് സ്വർണ്ണം  തന്നു സഹായിക്കാമായിരുന്നു.  പക്ഷേ നീ അറിയാത്തതായി എന്തെങ്കിലും ഉണ്ടോ നമ്മുടെ ജീവിതത്തിൽ?”

ഗോപാലൻ മേശിരി തുടർന്നു

“ നിനക്കറിയാമല്ലോ,  ഈ സ്വർണ്ണക്കട നമ്മുടെ സ്വന്തമല്ല.  ഇത് വാടകയ്ക്ക് ആണ്.  എന്റെ ചെറുപ്പകാലത്ത് സ്വർണ്ണപ്പണിക്കാർക്ക് നല്ല കാലമായിരുന്നു.  കാരണം സ്വർണ്ണാഭരണങ്ങൾ മുഴുവനും നമ്മളെ പോലെയുള്ള തട്ടാന്മാരായിരുന്നു ഉണ്ടാക്കിക്കൊണ്ടിരുന്നത്.  കേരളത്തിലെ ആളുകൾക്ക് സ്വർണ്ണാഭരണങ്ങൾ അത്യാവശ്യ കാര്യമല്ലേ?  കാലം മാറി. ഇന്ന് നോക്കുന്നിടത്തെല്ലാം  വലിയ വലിയ ജ്വല്ലറി കടകളാണ്. ഇപ്പോൾ ഭൂരിപക്ഷം ആളുകളും വലിയ വലിയ ജ്വല്ലറി കടകളിൽ നിന്നുമാണ് സ്വർണ്ണം ഒരുമിച്ച് വാങ്ങിക്കുന്നത്.  നമ്മുടെ അടുത്ത് വല്ല ചെറിയ കമ്മലോ, മാലയോ, വളയോ മറ്റോ അഴിച്ചു പണിയാനോ,  കാതുകുത്താനോ ഒക്കെയാണ് വരുന്നത്.  അല്ലെങ്കിൽ ചിലർ പഴയ ആഭരണങ്ങൾ പോളിഷ് ചെയ്യിക്കാൻ കൊണ്ടുവരും.  എത്ര തുച്ഛമായ വരുമാനമാണ് ഇക്കാലത്ത് നമ്മളെപ്പോലുള്ള സ്വർണപ്പണിക്കാർക്ക് കിട്ടുന്നത്?”

ഗോപാലൻ മേശിരി തുടർന്നു.

“ നിന്റെ മൂത്ത പെങ്ങൾ സുമതിയെ എങ്ങനെയാണ് നമ്മൾ കല്യാണം കഴിച്ച് അയച്ചത് എന്ന് ഓർമ്മയുണ്ടല്ലോ?  ഉള്ള സ്വർണ്ണം എല്ലാം അതിനായി ഉപയോഗിച്ചു. നിന്റെ അമ്മയുടെ കഴുത്തിൽ കിടന്ന മാലയും കമ്മലുകളും എല്ലാം സുമതിക്ക് കൊടുത്തിട്ടാണ് കല്യാണം കഴിച്ചത്.  പിന്നെ എങ്ങനെയാണ് മോനെ ഞാൻ നിനക്ക് വേണ്ടി ഒരു നല്ല താലിമാല തരുന്നത് ? നോക്കട്ടെ”.

 അന്ന് രാത്രിയിൽ ഗോപാലൻ മേശിരിയും കുടുംബവും ഉറങ്ങിയില്ല.  വിവരമറിഞ്ഞ് മുരളിയുടെ അമ്മ സരസ്വതി കുറേ കരഞ്ഞു. എന്നിട്ട് കഴുത്തിലെ താലിമാല ഊരി മുരളിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു 

“ഇത് നീ എടുത്തോ മോനേ.  എനിക്കെന്തിനാണ് ഇനി താലിമാല ഒക്കെ ?. ഈ താലി ഞാൻ ഒരു ചരടിൽ കോർത്ത് കഴുത്തിൽ ഇട്ടോളാം. ഈ മാല മോനെടുത്തോളൂ”. 

മുരളിക്ക് കരച്ചിൽ വന്നു.  പെട്ടെന്ന് മാല അമ്മയുടെ കയ്യിൽ പിടിപ്പിച്ചുകൊണ്ട് പറഞ്ഞു 

“അമ്മ എന്തായീ കാണിക്കുന്നത് ? അപ്പൻ ജീവിച്ചിരിക്കുമ്പോൾ അമ്മ ഈ താലി കഴുത്തിൽ നിന്നും ഊരരുത്. എല്ലാം ശരിയാകും.  അമ്മ വിഷമിക്കണ്ടാ”

അടുത്തദിവസം ഗോപാലൻ മേശിരിയും മകനും കടയിൽ പോയില്ല. ഒരു മൂകത ആ കുടുംബത്തെ ബാധിച്ചു.  വൈകുന്നേരം ആയപ്പോൾ ഗോപാലൻ മേശിരി മുരളിയെ വിളിച്ചുപറഞ്ഞു 

“ഈ ശാന്ത എന്ന പെൺകുട്ടി നമ്മുടെ കുട്ടപ്പൻ മേശിരിയുടെ മകൾ അല്ലേ? എനിക്ക് അറിയാം അവരെ. ഞാൻ അയാളോട് കല്യാണത്തെപ്പറ്റി ആലോചിക്കട്ടെ”

രണ്ടുദിവസം കഴിഞ്ഞ് ഗോപാലൻ മേശിരിയും, സരസ്വതിയും, മുരളിയും കൂടി കുട്ടപ്പൻ മേശിരിയുടെ വീട്ടിൽ പെണ്ണ് ആലോചിക്കാൻ പോയി.  നേരത്തെ തന്നെ അവരെ വിവരം അറിയിച്ചിരുന്നു. 
 ഒരു നല്ല സ്വീകരണമാണ് കുട്ടപ്പൻ മേശിരിയുടെ കുടുംബവും അവർക്ക് നൽകിയത്.  ശാന്തയും മുരളിയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്ന കാര്യം അവർ അപ്പോഴാണ് അറിയുന്നത്.  ഒരേ ജാതിയിലും സമുദായത്തിലുള്ള ആൾക്കാർ. ഒരേ തൊഴിൽ ചെയ്യുന്നു.  അതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. തമ്മിൽ പ്രണയം ആയതുകൊണ്ട് ഇനി നക്ഷത്ര പൊരുത്തം ഒന്നും നോക്കേണ്ട ആവശ്യമില്ല എന്ന് രണ്ട് കുടുംബങ്ങളും തീരുമാനിച്ചു.  മനപ്പൊരുത്തം ആണല്ലോ ഏറ്റവും വലിയ പൊരുത്തം!

ചായ കുടി  കഴിഞ്ഞു എല്ലാവരും സംസാരത്തിൽ മുഴുകിയിരുന്നപ്പോൾ ഗോപാലൻ മേശിരി കുട്ടപ്പൻ മേശിരിയെ അടക്കത്തിൽ വിളിച്ചുപറഞ്ഞു 

“എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു”

“അതിനെന്താ?”  എന്നും പറഞ്ഞുകൊണ്ട് കുട്ടപ്പൻ മേശിരി ഗോപാലൻ മേശിരിയെ അടുക്കളയുടെ പുറകു വശത്തുള്ള പറമ്പിലേക്ക് കൊണ്ടുപോയി. ഗോപാലൻ മേശിരി പരുങ്ങുന്നത് കണ്ടപ്പോൾ കുട്ടപ്പൻ മേശിരി പറഞ്ഞു 

“ഏട്ടൻ കാര്യം പറ. എന്ത് പ്രശ്നമായാലും  നമുക്ക് പരിഹാരമുണ്ടാക്കാം”

അല്പം ധൈര്യം കിട്ടിയപ്പോൾ ഗോപാലൻ മേശിരി പറഞ്ഞു

 “എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. . പണ പരമായി ഞാൻ ഇപ്പോൾ അല്പം ബുദ്ധിമുട്ടിലാണ്. മുരളിക്ക് ഉടനെ തന്നെ കല്യാണം വേണമെന്ന് ഒരു നിർബന്ധം. എന്റെ കയ്യിൽ ആണെങ്കിൽ ഒരു പൈസയില്ല.”

“ സ്ത്രീധനത്തെ പറ്റിയാണോ ഏട്ടൻ സൂചിപ്പിക്കുന്നത്?” കുട്ടപ്പൻ മേശിരി ചോദിച്ചു.

“ ഏയ്.  ഞങ്ങൾക്ക് സ്ത്രീധനം ഒന്നും വേണ്ടാ.  പിന്നെ ഒരു താലിമാല ഉണ്ടാക്കാൻ കുറച്ച് സ്വർണ്ണം വാങ്ങാൻ ഒരു ബുദ്ധിമുട്ട്”

 പറഞ്ഞു തീരുന്നതിനു മുമ്പ് ഞാൻ ദാ വരുന്നു എന്നും പറഞ്ഞ് കുട്ടപ്പൻ മേശിരി വീടിന്റെ ഉള്ളിലേക്ക് പോയി. അല്പസമയം കഴിഞ്ഞ് പുറത്തുവന്നു.  എന്നിട്ട് കടലാസിൽ പൊതിഞ്ഞ ഒരു സാധനം ഗോപാലൻ മേശിരിയുടെ പോക്കറ്റിൽ ഇട്ടുകൊണ്ട് പറഞ്ഞു

“ ഏട്ടാ, ഇത് അഞ്ചു പവന്റെ ഒരു സ്വർണ്ണ ബിസ്കറ്റാണ്.  കഴിഞ്ഞതവണ എന്റെ മകൻ ഗൾഫിൽ നിന്നും വന്നപ്പോൾ മൂന്നാലെണ്ണം കൊണ്ടുവന്നിരുന്നു.  ശാന്തയുടെ കല്യാണത്തിന് വേണ്ടി.  ഇത് ആരോടും പറയണ്ട. മുരളിയും അറിയണ്ടാ”.

 കുട്ടൻ മേശിരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഗോപാലൻ മേശിരി പറഞ്ഞു

 “ഇതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല”.

“ നന്ദി ഒന്നും വേണ്ടാ.  നമ്മൾ  രണ്ടുപേരും അല്ലാതെ വേറെ ഒരാൾ ഈ കാര്യം അറിയരുത്. പിന്നെ എനിക്കൊരു ആഗ്രഹമുണ്ട്.”

“ അതെന്താ?”

 ഗോപാലൻ ആകാംക്ഷയോടെ തിരക്കി.

“ ഏട്ടന്റെ കരകൗശലം  എനിക്കറിയാം. ഈ നാട്ടിലെ ഏറ്റവും മികച്ച  സ്വർണ്ണപ്പണിക്കാരനാണല്ലോ ! അതുകൊണ്ട് വളരെ നല്ല ഒരു താലിയും മാലയും ഏട്ടൻ തന്നെ ഇതുകൊണ്ട് പണിയണം.  നമ്മുടെ മക്കൾക്ക് വേണ്ടി”

 ഗോപാലൻമേശ്വരയുടെ കണ്ണ് നിറഞ്ഞു.  കുട്ടപ്പൻ മേശിരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് കുറെ നേരം അങ്ങനെ നിന്നു.

ഒരുമാസം കഴിഞ്ഞുള്ള ഒരു ശുഭമുഹൂർത്തത്തിൽ മുരളിയുടെയും ശാന്തയുടെയും വിവാഹം മംഗളമായി നടന്നു. കുട്ടപ്പൻ മേശിരിയുടെ വസതിയിൽ വച്ചായിരുന്നു വിവാഹം. 

താലികെട്ട് കഴിഞ്ഞ ഉടനെ ശാന്ത മുരളിയോട് പറഞ്ഞു 

“എന്റെ കയ്യിൽ സ്വർണ്ണം ഇല്ല എന്നും പറഞ്ഞ് എന്നെ പറ്റിച്ചു. അല്ലേ. കള്ളൻ!”

മുരളി ഒന്ന് പുഞ്ചിരിച്ചു….

കേണൽ രമേശ് രാമകൃഷ്ണൻ
15 September 2022

No comments:

Post a Comment