Sunday, March 28, 2021
വണ്ട് പറഞ്ഞ വിട
Thursday, March 25, 2021
ശങ്കരൻ വീണ്ടും തെങ്ങിൽ.
Monday, March 22, 2021
Tuesday, March 16, 2021
ഇരട്ടത്താപ്പ്
Sunday, March 14, 2021
ഒരു വിലങ്ങിന്റെ വിലാപം
Friday, March 12, 2021
ഒരു നൊമ്പര കവചം
Monday, March 8, 2021
പിന്നീട് ചിന്തിക്കാം
Saturday, March 6, 2021
വേട ശാപം
ഉച്ചകഴിഞ്ഞ് ഒരു നാല് മണി സമയം ആയിക്കാണും. ഊണ് കഴിഞ്ഞ് രാമൻ നായർ ഒന്ന് മയങ്ങുകയായിരുന്നു. പെട്ടെന്ന് കൂട്ടിലടച്ചിരുന്ന
അൽസേഷ്യൻ പട്ടി ‘ബ്രൂട്ടസ്' ന്റെ നിർത്താതെയുള്ള കുര കേട്ടു. ഒപ്പം പിന്നാമ്പുറത്ത് നിന്നും ആരോ കരയുന്ന ശബ്ദവും .
രാമൻ നായർ വാതിൽ തുറന്നു പുറത്തിറങ്ങി. പറമ്പിൽ ഓല മുടഞ്ഞു കൊണ്ടിരുന്ന
നീലി നിന്നു കരയുന്നു. ഒപ്പം ഓച്ഛാനിച്ച്
നീല്ക്കുന്നൂ അടുത്ത പറമ്പിലെ കുറവൻ
നാണു.
വേടത്തി
ആണെങ്കിലും കറുത്തിട്ടാണെങ്കിലും
നിലീയുടെ യൗവ്വനം രാമൻ നായരെ എന്നും അസ്വസ്ഥനാക്കിയിട്ടേയുള്ളു.
“എന്താടീ നിന്ന് മോങ്ങുന്നെ ? ആരെങ്കിലും ചത്തോ ?”
രാമൻ നായർ പുച്ഛത്തോടെ ചോദിച്ചു.
“മ്ബ്രാ, ഇവിടുത്തെ പാമ്പ് എന്റെ കൊച്ചിനെ കൊത്തി”
നീലി കരഞ്ഞു കൊണ്ട് പറഞ്ഞു.
“ബ്ഭാ, ചൂലേ , നാഗ ദൈവങ്ങളെ പാമ്പ് എന്ന് വിളിക്കുന്നോ ? പാവം അവറ്റകൾക്ക്
തീണ്ടാൻ നിന്നെ ഒക്കെയോ കിട്ടിയുള്ളോ ? സത്യമുള്ള ദൈവങ്ങളാണ്. വല്ല പാറുകാലിയും
കടിച്ചു കാണും. വൃത്തി കെട്ട വർഗ്ഗം.”.
രാമൻ നായർ ദേഷ്യത്തോടെ പറഞ്ഞു.
“ അല്ലിമ്ബ്രാ, പാമ്പാ കടിച്ചെ “ നാണു മുന്നോട്ട് വന്നു പറഞ്ഞു.
“ നീ കണ്ടോടാ ചെറ്റേ ?” രാമൻ നായർ പല്ല് കടിച്ചു കൊണ്ട് ചോദിച്ചു.
“ഇല്ലിമ്ബ്രാ “ നാണു വായ് മൂടി.
രാമൻ നായർ വീടിന്റെ അകത്ത് പോയി വെറ്റില ചെല്ലത്തിൽ
നിന്നും കുറച്ചു ചുണ്ണാമ്പ് പൊതിഞ്ഞു കൊണ്ടുവന്നു. എന്നിട്ട് നാണുവിന്റെ
മുന്നിലേക്ക് എറിഞ്ഞു കൊടുത്തു കൊണ്ട് പറഞ്ഞു
“ ഇത് ആ ചെറുക്കന് പുരട്ടി കൊട്. എല്ലാം ശരിയാകും.”
നാണു ചൂണ്ണാമ്പുമായി കൂരയിലേക്ക്
ഓടി. കരഞ്ഞുകൊണ്ട് നീലിയും പിറകേ
പോകാൻ തുടങ്ങിയപ്പോൾ
രാമൻ നായർ ചോദിച്ചു
“ നീ എവിടെ പോണെടീ ?”
കരഞ്ഞ് കൊണ്ട് നീലി പറഞ്ഞു
“മ്ബ്രാ, കൊച്ചിനെ ആശൂത്രീ കൊണ്ടോണം”
“ കുതിർത്ത് ഇട്ടീരിക്കുന്ന ഈ
ഓല ആര് മൊടയും ? ഇതെല്ലാം ഉണങ്ങി പോവില്ലെ ? മൊടഞ്ഞ് തീർത്തിട്ട് പോയാൽ മതി.”
രാവിലെ കുതിർത്ത് കൊണ്ടിട്ടു
കൊടുത്ത അഞ്ച് കെട്ട് ഓലയിൽ മൂന്ന് കെട്ടുകൾ ഇനിയും ബാക്കി ഉണ്ടായിരുന്നു. കരഞ്ഞു കൊണ്ട് നീലി ഓല മൊടയാൻ
തുടങ്ങി.
രാമൻ നായർ കൂട്ടിൽ നിന്നും ബ്രൂട്ടസിനെ തുറന്നു വീട്ടു. ബ്രൂട്ടസ് ഓടിച്ചെന്ന് നീലിയെ ആകെ
മൊത്തം ഒന്ന് മണപ്പിച്ചു. എന്നിട്ട് ഓടി വന്ന് രാമൻ നായരുടെ
അരികെ കിടന്നു. നീലി നിലത്ത് പേടിച്ചിരുന്ന് കരഞ്ഞും കൊണ്ട് ഓല മൊടയാൻ തുടങ്ങി.
എന്തോ സംസാരം
കേട്ട് ഉറങ്ങി കിടന്നിരുന്ന രാമൻ നായരുടെ ഭാര്യ ഭാർഗ്ഗവിയമ്മ പുറത്ത്
വന്നു ചോദിച്ചു.
“എന്താ ചേട്ടാ ഒരു ബഹളം ?”
“ഒന്നുമില്ല ഭവീ നീ അകത്തു പോ. ആ.. പിന്നെ…. സർപ്പം ദേവതകൾ കോപിച്ചിരിക്കുകയാണെന്ന്
തോന്നുന്നു. രാവിലെ തന്നെ നാരായണൻ പോറ്റിയെ വിളിപ്പിച്ച് സർപ്പത്തറയിൽ
ശുദ്ധി പൂജയും നൂറും പാലും ഒക്കെ നടത്തിയേക്കണം. മറക്കരുത്” രാമൻ നായർ അല്പം ഗൗരവമായി ഭാര്യയോട് പറഞ്ഞു.
നാണു
ചുണ്ണാമ്പുമായി കൂരയിൽ എത്തിയപ്പോൾ നീലിയുടെ എട്ട് വയസ്സ് പ്രായമുള്ള മകൻ ബാസി കാലിലെ വേദന കൊണ്ട് പുളയുകയായിരുന്നു. നാണുവിന്റെ സുഹൃത്ത് കോവിന്ദൻ
ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നാണു ചുണ്ണാമ്പിന്റെ പൊതി
അഴിച്ച് മുറിവിൽ ചുണ്ണാമ്പ് പുരട്ടാൻ നോക്കിയപ്പോൾ കോവിന്ദന്
വല്ലാത്ത ദേഷ്യം തോന്നി. പൊതി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു. എന്നിട്ട് രണ്ടു പേരും കൂടി കുട്ടിയെ എടുത്ത് കൊണ്ട് തണ്ടാൻ വൈദ്യരുടെ കടയിലേക്ക് ഓടി.
തണ്ടാൻ വൈദ്യൻ ആ നാട്ടിലെ പാവപ്പെട്ടവന്റെ കാണപ്പെട്ട
ദൈവം ആയിരുന്നു. അയാൾ വൈദ്യം ശാസ്ത്രീയമായി പഠിച്ചില്ല. അന്നത്തെ കാലത്ത് തണ്ടാൻ ജാതിയിൽ
പെട്ട ഒരാൾക്ക് ഡോക്ടർ ആകാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷേ നീലകണ്ഠൻ എന്ന നീലാണ്ടന് മുറിവ് വെച്ച് കെട്ടാൻ കുട്ടിക്കാലത്തേ ഇഷ്ടം ആയിരുന്നു. അങ്ങനെയാണ് കുഞ്ഞുരാമൻ വൈദ്യരുടെ ആയുർവേദ ശാലയിൽ ഒരു കമ്പൗണ്ടർ ആയി
ജോലിക്ക് കയറിയത്. ആദ്യം മുറിവുകൾ വൃത്തിയാക്കി മരുന്ന് വെച്ച്
കെട്ടാൻ പഠിച്ചു. രോഗികളുടെ മുറിവുകൾ വെച്ച് കെട്ടുന്നതിനിടയിൽ
രോഗികൾ പറയുന്ന അസുഖം വിവരവും, വൈദ്യർ പറഞ്ഞു കൊടുക്കുന്ന
മരുന്നുകളും ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. അങ്ങനെ കണ്ടും കേട്ടും കുറച്ച് വൈദ്യം നീലാണ്ടനും
പഠിച്ചു.
കുഞ്ഞുരാമൻ വൈദ്യരുടെ മരണശേഷം സ്വന്തമായി ഒരു കട വാടകയ്ക്ക്
എടുത്ത് മുറിവുകളിൽ മരുന്ന് വെച്ച് കെട്ടാൻ തുടങ്ങി. കൂടുതലും പാവപ്പെട്ടവന്റെ ആശ്രയമായി തണ്ടാൻ വൈദ്യൻ.
നാണുവും
കോവിന്ദനും ബാസിയെ എടുത്തു കൊണ്ട് കടയിൽ എത്തിയപ്പോൾ വൈദ്യൻ കടയിൽ തന്നെ ഉണ്ടായിരുന്നു. മുറിവ് കണ്ടപ്പോൾ തന്നെ പറഞ്ഞു അത് വിഷപ്പാമ്പ്
കടിച്ചതാണെന്ന്. ഉടനെ തന്നെ കുറച്ച് ദൂരെയുള്ള വിഷവൈദ്യൻ ഗോവിന്ദൻ പണിക്കരെ വിവരം
അറിയിച്ചു. പണിക്കർ ഓടിയെത്തി. കുട്ടിയെ പരിശോധന നടത്തി. മൂർഖൻ പാമ്പാണ് കടിച്ചതെന്നും
വിഷം ശരീരത്തിൽ മുഴുവൻ ബാധിച്ചു കഴിഞ്ഞു എന്നും വിഷവൈദ്യൻ പറഞ്ഞു. പെട്ടെന്ന് തന്നെ അദ്ദേഹം എപ്പോഴും കയ്യിൽ കൊണ്ട് നടക്കുന്ന സഞ്ചിയിൽ നിന്നും ഏതോ മരുന്ന് ബാസിയെ
കുടിപ്പിച്ചു. ഇതിനിടയിൽ നീലാണ്ടൻ വൈദ്യൻ പുതിയ ഒരു ബ്ളേഡ് കൊണ്ട് പാമ്പ് കടിച്ച മുറിവ് കീറി വിഷം കലർന്ന രക്തം ഞെക്കി കളയാൻ ഒരു ശ്രമം നടത്തി നോക്കി. എന്നിട്ട് മുറിവ് വെച്ച് കെട്ടി. അപ്പോഴേക്കും ബാസിയുടെ ബോധം പൂർണമായും നഷ്ടപ്പെട്ടിരുന്നു.
“നേരം പുലരട്ടെ. അപ്പോ പറയാം. കുട്ടിയുടെ ബോധം തെളിഞ്ഞാൾ പിന്നെ ഉറങ്ങാതെ നോക്കണം. ഞാൻ രാവിലെ വരാം”. പണിക്കർ പറഞ്ഞു. ആരുടെയും കയ്യിൽ നിന്നും പണം ഒന്നും വാങ്ങാതെ പണിക്കർ പൊയി.
നീലി ഓലയെല്ലാം
മൊടഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം വൈകിട്ട് ആറ് മണി
കഴിഞ്ഞിരുന്നു. കരഞ്ഞ് കൊണ്ട് ആദ്യം
കൂരയിലേക്ക് ഓടി. തണ്ടാൻ വൈദ്യരുടെ കടയിലേക്ക് ബാസിയെ കൊണ്ടു പോയ കാര്യം അറിഞ്ഞ് ആർത്തലച്ചു കൊണ്ട് അങ്ങോട്ട് ഓടി. പരിസരബോധം ഇല്ലാതെ ഒരു ഭ്രാന്തിയെപ്പോലെ. അവിടെ എത്തിയപ്പോഴേക്കും പണിക്കർ മരുന്ന് കൊടുത്തിട്ട് പോയിക്കഴിഞ്ഞിരുന്നു. ബാസിയുടെ ബോധം പൂർണമായും
നഷ്ടപ്പെട്ടു.
നീലി, “മോനേ ബാസീ, ദാ അമ്മ വന്നെടാ… കണ്ണ് തുറക്ക്..” എന്നും പറഞ്ഞു ഒരുപാട് കരഞ്ഞു. കരഞ്ഞു കൊണ്ടേയിരുന്നു.
ബാസിയുടെ അച്ഛൻ ചെല്ലൻ മൂന്ന് ദിവസം മുമ്പാണ് കുറെ ബന്ധുക്കളുടെ കൂടെ ശബരിമലയ്ക്ക് പോയത്. നടന്നാണ് പോയത്. എന്ന് തിരികെ വരും എന്ന് നീലിക്ക് അറിയില്ല. ബാസി അച്ഛന്റെ കൂടെ മല ചവിട്ടാൻ പോകണമെന്ന് ശാഠ്യം പിടിച്ചതാണ്. താൻ കൂരയിൽ ഒറ്റയ്ക്ക് ആയി പോകും എന്ന് പേടിച്ച് നീലി വിട്ടില്ല. അന്ന് ബാസി ഒരുപാട് കരഞ്ഞിരുന്നൂ.
അതിരാവിലെ തന്നെ നാരായണൻ പോറ്റി വന്നു. സർപ്പത്തറയിൽ പൂജ നടത്തി. രാമൻ നായരും ഭാർഗ്ഗവിയമ്മയും മൂത്ത കുട്ടികളും പൂജയ്ക്ക് സാക്ഷ്യം വഹിച്ചു.
വെളുപ്പാൻ കാലമായിക്കാണും
നീലി ഒന്ന് കണ്ണ് അടച്ചപ്പോഴേക്കും. ഒരു ഞെട്ടലോടെയാണ് നീലി ഉണർന്നത്. തന്റെ കയ്യിൽ പിടിച്ചിരുന്ന
ഭാസിയുടെ കയ്യ് വളരെയധികം തണുത്തിരുന്നു. നീലി ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് അവിടെ ഒരു ബെഞ്ചിലും തറയിലും കിടന്നുറങ്ങിയിരുന്ന
നാണുവും കോവിന്ദനും ചാടി എഴുന്നേറ്റു വന്നു. അവർക്ക് മനസ്സിലായി, പാതിരാത്രിയിൽ എപ്പോഴോ ബാസി മരിച്ചു എന്ന്.
നേരം വെളുത്തതോടെ
വിഷവൈദ്യർ പണിക്കർ എത്തി. ബാസിയെ പരിശോധിച്ച്, മരണം സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് കുറെ നാട്ടുകാർ തടിച്ചുകൂടി. താമസിയാതെ ഒരു പായിൽ പൊതിഞ്ഞ് ജഡം നീലിയുടെ കൂരയിലേക്ക് കൊണ്ടു
പോയി.
രാവിലെ വിവരം അറിഞ്ഞ്
കുറെ ആൾക്കാർ, കൂടൂതലും പാവപ്പെട്ട
താഴ്ന്ന ജാതിക്കാർ, പിന്നെ കുറെ കമ്മ്യുണിസ്റ്റുകാരും നീലിയുടെ കൂരയ്ക്ക് ചുറ്റും തടിച്ചുകൂടി. താമസിയാതെ രാമൻ നായരുടെ സമ്മതത്തോടെ വിശാലമായ അയാളുടെ പറമ്പിന്റെ ഒരു മൂലയിൽ ജഡം കുഴിച്ചു മൂടി.
ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി. പെട്ടെന്ന് കരഞ്ഞുകൊണ്ടിരുന്ന
നീലി എഴുന്നേറ്റു. ഓടി വന്ന് രാമൻ നായരുടെ മുന്നിൽ നിന്നു. കുറച്ചു നേരം ദേഷ്യത്തോടെ സൂക്ഷിച്ചു
നോക്കി. താഴെ നിന്നും ഒരുപിടി മണ്ണ് വാരി കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു
“ ന്റെ കൊച്ചിനെ ജീവനോടെ കാണാൻ തമ്മസിച്ചില്ല
അല്ലേ , മ്ബ്രാ ? “
എന്നിട്ട് പിരാകി
“ മ്ബ്രാന്റെ കുലം നശിച്ചു പോട്ടേ…മ്ബ്രാൻ പുഴുത്ത് ചാവണേ.. ദൈവങ്ങളേ “
ആകാശത്തിലേക്ക് നോക്കി, കയ്യിൽ പിടിച്ചിരുന്ന മണ്ണ് മുകളിലേക്ക് എറിഞ്ഞു….
കേണൽ രമേശ്
രാമകൃഷ്ണൻ
07 Mar 2021
(ഏകദേശം അര നൂറ്റാണ്ട്
മുമ്പ് ജീവിച്ചിരുന്ന
വർക്ക് ഈ കഥയുടെ പൊരുൾ മനസ്സിലാകും. ജന്മിമാരുടെ മനുഷ്യത്വം ഇല്ലായ്മ പാവപ്പെട്ട
താഴ്ന്ന ജാതിക്കാർ ഒരുപാട് അനുഭവിച്ചിരുന്നു. വലിയ തറവാടുകൾ ഇങ്ങനെയുള്ള ശാപം മൂലം നശിച്ചു പോയിട്ടുണ്ട്.)