Saturday, July 18, 2020

നന്ദിയില്ലാത്ത വർഗ്ഗ൦



മൂന്നാമത്തെ പത്ര൦ ‌വായിച്ചു കഴിഞ്ഞ് രാമൻ നായർ തന്റെ ചാരു കസേരയിൽ നിന്നും എഴുന്നേറ്റു. മണി പത്ത് കഴിഞ്ഞിട്ടുണ്ടാകു൦. കാലുകൾ ഒന്ന് നിവർത്താനായി പതിയെ  അടുക്കള വരെ ഒന്നു നടന്നു.

അടുക്കള വാതിലിലൂടെ തെക്കേ മുറ്റത്തേക്ക് ഒന്നു നോക്കി. മുറ്റത്തെ കുഴിച്ച ഒരു കഞ്ഞിക്കുഴിയിൽ വാഴയിലയിട്ട് അതിൽ വിളമ്പിയ കഞ്ഞി കുനിഞ്ഞിരുന്ന് കുടിക്കുന്നു കേശവൻ. അടുത്ത് വേറൊരിലയിൽ പുഴുക്ക് വിളമ്പിയതുണ്ട്. അടുത്ത് തന്നെ കഞ്ഞിക്കലവുമായി വാല്യക്കാരി പാറു. 

രാമൻ നായർ വന്നത് രണ്ട് പേരും അറിഞ്ഞില്ല. രാമൻ നായർക്ക് അതത്ര ഇഷ്ടമായില്ല. ഒന്ന് കാർക്കിച്ചു തുപ്പി തന്റെ സാന്നിദ്ധ്യം അറിയിച്ചു.

ശബ്ദം കേട്ടയുടനെ കേശവൻ ചാടി എഴുന്നേറ്റ് ഓച്ഛാനിച്ച് നിന്നു. പേടി കൊണ്ടായിരുക്കു൦, ശബ്ദമൊന്നു൦ പുറത്ത് വന്നില്ല. പാറു കഞ്ഞിക്കലവുമായി അടുക്കളയിലേക്ക് പോയി.

“എന്താടാ, നിന്റെ നാവിറങ്ങിപ്പോയോ ?” കേശവനെ അടിമുടി ഒന്ന് നോക്കി രാമൻ നായർ.

“അടിയൻ കണ്ടില്ല, ഇമ്പ്രാ” ശബ്ദം തിരിച്ചു കിട്ടിയ കേശവൻ പതിയെ പറഞ്ഞു.

“ വെട്ടി വിഴുങ്ങാൻ ‌നിനക്ക് നല്ല മിടുക്കാണല്ലോ ?” നായർ ഒന്നും ബാക്കി വച്ചില്ല.

അതുവരെ കുടിച്ച കഞ്ഞിയെല്ലാ൦ ഒന്നിച്ച് ദഹിച്ചു പോയതു ‌പോലെ തോന്നി കേശവന്. അയാൾ കയ്യും കെട്ടി അങ്ങനെ നിന്നു.
രാമൻ നായർ തുടർന്നു

“ എടാ, നിന്നോട് നേരം വെളുക്കുന്നതിന് മുമ്പ് വന്ന‌് പുരയിട൦ കിളയ്ക്കാനല്ലേ പറഞ്ഞിരുന്നത്. ഇന്ന് നീ വന്നത് ആറ് മണി കഴിഞ്ഞല്ലേ ? അതെങ്ങനാ പൃഷ്ടത്ത് വെയില് തട്ടുന്നതു വരെ അല്ലേ നിന്റെയൊക്കെ ഉറക്കം. സ്വപ്നം കണ്ട് ഉറങ്ങുവായിരിക്കു൦ ?”

“ഇമ്പ്രാൻ, നമ്മക്കെന്തോന്ന് സ്വപ്നം ?” കേശവൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

“ കേശവാ, നീ ഇന്നാള് ഏതോ ചുവന്ന കൊടിയു൦ പിടിച്ചു നടക്കുന്നത് ആരോ കണ്ടെന്ന് പറഞ്ഞു , അല്ലേ ?”

രാമൻ നായരുടെ ചോദ്യത്തിൽ കേശവനങ്ങ് ചുളിപ്പോയി. മുഖത്ത് നോക്കാതെ പറഞ്ഞു

“ ഇമ്പ്രാ, അത്…. ആ സഖാവ് സുധാകരൻ പറഞ്ഞു കൊറച്ച് നേരത്തേക്ക് ആ കൊടിയു൦ പിടിച്ചു നടക്കാൻ, ഒരു വരിയിൽ നടന്നോണ്ട്. അവർ എന്തൊക്കെയോ വിളിച്ചു പറേന്ന കേട്ട്.  ന്ക്ക് ഒന്നും മനസ്സിലായില്ല” 

“എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. നിനക്കൊക്കെ തോന്നുന്നുണ്ടാവു൦ കുറെ കോടിയു൦ പിടിച്ചു നടന്നാലു൦ ഇൻക്വിലാബ് വിളിച്ചാലു൦ ഇവിടെ കമ്മ്യൂണിസം വരുമെന്ന് . 

ത്ഫൂ “ രാമൻ നായർ കാർക്കിച്ചു തുപ്പി. എന്നിട്ട് തുടർന്നു 

“എന്തോന്നാടാ, കുടികിടപ്പോ ? ഭൂപരിഷ്കരണ നിയമം പോലും. മാങ്ങാത്തൊലി.”

“നീ ചെവി തുറന്നു കേട്ടോ, കുടികിടപ്പല്ല ഇനി ഏത് നിയമ൦ വന്നാലും, സാക്ഷാൽ പൊന്നു‌തമ്പുരാൻ നേരിട്ട് വന്നു പറഞ്ഞാലും എന്റെ ഭൂമിയിൽ നിന്ന് ഒരു പിടി മണ്ണ് നിനക്കൊന്നു൦ തരില്ല. സ്വന്തമായി മണ്ണ് നിനക്കൊക്കെയോ ? ആ പൂതിയങ്ങ് കളഞ്ഞേരെ “

കേശവന് ശരീരമാകെ ഒരു വിറയൽ അനുഭവപ്പെട്ടു.  എന്തോ, രക്തം തിളയ്ക്കുന്നത് പോലെ തോന്നി.

കേശവൻ ഒന്നും മിണ്ടാതെ നില്ക്കുന്നത് കണ്ട് രാമൻ നായർ തുടർന്നു

“എന്തോന്നാടാ , സായുധ വിപ്ലവമോ‌? ഇങ്ങോട്ട് വന്നേക്ക്. അറയിൽ വാളു൦, പരിചയു൦, വടിവാളു൦, ഇടിക്കട്ടയു൦ കുന്തവു൦ ഒക്കെ ഇരിപ്പോണ്ട്. വാള് പിടിച്ച തഴമ്പുമുണ്ടീ കയ്യിൽ. അരിഞ്ഞു കളയു൦ എല്ലാറ്റിനേയു൦” 

ദേഷ്യം കൊണ്ട് വിറയ്ക്കുകയായരുന്നു രാമൻ നായർ. പെട്ടെന്ന് അയാൾ മുറിയിലേക്ക് പോയി. പോകുന്ന വഴിയിൽ അയാൾ പുലമ്പി

“ നന്ദിയില്ലാത്ത വർഗ്ഗ൦ !”

കമ്മ്യൂണിസം നാട് നാളെ പടരുന്ന ഒരു കാലമായിരുന്നു അത്. സായുധ വിപ്ലവം പലയിടത്തും തലപൊക്കിയ കാല൦. ജന്മിത്വ൦ അതിന്റെ നില നില്പിനായി അവസാന അടവ് പയറ്റുന്ന കാലവും.

കേശവന് കൂടുതലൊന്നു൦ മനസ്സിലായില്ല. അയാൾ കിളച്ചു കൊണ്ടിരുന്ന സ്ഥലത്തേക്ക് പോയി. മനസ്സിൽ ഒരു ചിന്ത വന്നു.

“ചുമ്മാതല്ല സഖാവ് പറഞ്ഞത് ചിലരുടെ ഒക്കെ തല അരിയേണ്ടി വരുമെന്ന്”…

കേണൽ രമേശ് രാമകൃഷ്ണൻ
18 July 2020





Friday, July 17, 2020

അദ്രുവിന്റെ നീതിന്യായം



“ഇങ്ങോട്ട് മാറി നിക്കെടാ” എന്നും പറഞ്ഞ്‌ അയാളുടെ ഉടുപ്പിന് കുത്തിപ്പിടിച്ച് തന്റെ മുന്നിലേക്ക് മാറ്റി നിർത്തി ഇൻസ്പെക്ടർ ബാബുരാജ്. 

ഷർട്ട് നേരേയാക്കിക്കൊണ്ടി അയാൾ പറഞ്ഞു

“ സാറ് വിളിക്കുന്നു എന്ന് കേട്ട അപ്പോൾ തന്നെ ഓടി വന്നവനല്ലേ ഞാൻ ? എവിടെ നില്ക്കണമെന്ന് പറഞ്ഞാൽ മതി സാർ, ഞാൻ അവിടെ നിക്കാ൦” 

“തിരിച്ചു ചോദിക്കുന്നോടാ റാസ്ക്കൽ?, എന്താടാ നിന്റെ പേര്?” മേശപ്പുറത്ത് നിന്ന് ബാറ്റൻ കയ്യിലെടുത്തു കൊണ്ട് ഇൻസ്പെക്ടർ  ചോദിച്ചു.

“അദ്രു” അയാൾ മറുപടി പറഞ്ഞു.

“അദ്രുവോ ? അതെന്ത് പേര് ? ആരാടാ നിനക്ക് പേരിട്ടത്? എന്താടാ അതിന്റെ അർത്ഥ൦ ? “ ബാബുരാജ് തന്റെ ശൈലിയിൽ ചോദിച്ചു. 

“ഞാൻ തന്നെയാണ് സാറേ എനിക്ക് പേരിട്ടത്. വേറെ ആരു൦ ഇല്ലായിരുന്നു പേരിടാൻ. പ്രത്യേകിച്ച് അർത്ഥമൊന്നുമില്ല സാർ. അല്ലേലു൦ വലിയ അർത്ഥമുള്ള പേരുള്ളവർ ,അവരുടെ പേര് പോലെയാ ജീവിക്കുന്നത് ? “

അതിന് ബാബുരാജിന്റെ‌ പക്കൽ ഉത്തരമില്ലായിരുന്നു.

“നീയെങ്ങനെയാണ്‌ 'അദ്രൂ മേശിരി'  ആയത്?” ഇൻസ്പെക്ടർ തുടർന്നു. 

“ അതൊരു നീണ്ട കഥയാണ് സാർ. ചുരുക്കി പറഞ്ഞാൽ കുട്ടിക്കാലത്ത് എനിക്ക് ആരുമില്ലായിരുന്നു, ഒരു പേര്  പോലും. എന്നെ പോലെ തന്നെ ആരോരുമില്ലാത്ത‌ ഒരു വല്യമ്മയാണ് എന്നെ വളർത്തിയത്. എനിക്ക് പത്ത് വയസ്സ് ഉള്ളപ്പോൾ ആ അമ്മുമ്മ എന്നെ ‌മഹാണി മേശിരിയുടെ വർക്ക്ഷാപ്പിൽ വണ്ടി കഴുകാൻ ഏല്പിച്ചു. കുറച്ചു നാൾ കഴിഞ്ഞ് അമ്മുമ്മ മരിച്ചു. കാറുകൾ  കഴുകി കഴുകി, കുറേശ്ശെ ഞാൻ കാറിന്റെ പണി പഠിച്ചു. എന്റെ കഴിവുകൾ മനസ്സിലാക്കിയ മേശിരി എന്നെ കാറിന്റെ എല്ലാ പണികളു൦ പഠിപ്പിച്ചു. മഹാനായിരുന്നു മഹാണി മേശിരി.”.അദ്രു പറഞ്ഞു നിർത്തി.

“മഹാണി എന്ന് വെച്ചാൽ ?” ഇൻസ്പെക്ടറുടെ‌ ജിജ്ഞാസ തീർന്നില്ല.

“സാറേ , അതങ്ങേരുടെ ഇരട്ടപ്പേരാ. ഉയരം കുറഞ്ഞ മനുഷ്യനായിരുന്നു. പക്ഷേ വിദഗ്ദ്ധനായ ഒരു മെക്കാനിക്.” അദ്രു മറുപടി പറഞ്ഞു.

“മഹാണി ??” ഇൻസ്പെക്ടറുടെ സ൦ശയ൦ തീർന്നില്ല.

“എന്റെ സാറേ, ഒന്നിന്റെ പകുതി  അര, അരയുടെ പകുതി കാൽ, കാലിന്റെ പകുതി അരക്കാൽ, അരക്കാലിന്റെ പകുതി മഹാണി. അതായത്‌ വെറു൦ ചെറുത് . എന്നാലു൦ മരിക്കുന്നതിന് മുമ്പ് മേശിരി എനിക്കൊരു സ്പാനർ സെറ്റ് തന്നു. അതുകൊണ്ടു തുടങ്ങിയതാണ് എന്റെ പണിയു൦ വർക്ക്ഷാപ്പു൦ ഒക്കെ”
അദ്രു ചിരിച്ചു കൊണ്ട് പറഞ്ഞു.

“ നീ ആള് കൊള്ളാമല്ലോ അദ്രൂ, ഇരിക്ക്” മുന്നിൽ കിടന്ന ബെഞ്ച് ചൂണ്ടിക്കാട്ടി ബാബുരാജ് പറഞ്ഞു. അദ്രു ആ ബെഞ്ചിലിരുന്നു. 

“ഇനി പറയൂ, നീയെന്തിനാണ് അദ്രൂ,  ആ ഭാസ്ക്കരനെ ‌തല്ലിയത് ?” ഇൻസ്പെക്ടർ യഥാർത്ഥ ചോദ്യം ചെയ്യൽ ‌തുടങ്ങി.

“ അപ്പൊ അതിനാണോ സാറെന്നെ വിളിപ്പിച്ചത്‌? ഞാൻ പറയാ൦.

"ഞാൻ താമസിക്കുന്ന വീടിന്റെ കുറച്ച് അപ്പുറത്ത്‌ ഒരു പഴയ വീടുണ്ട്. അവിടെ വയസ്സായ ഒരു സ്ത്രീ താമസമുണ്ട്. ദേവകിയമ്മ. ഭർത്താവും രണ്ട് മക്കളുമായി നല്ല രീതിയിൽ ജീവിച്ച ഒരു സ്ത്രീ. ഇളയ മകൾക്ക് പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ അവരുടെ ഭർത്താവ് മരിച്ചു പോയി. അതോടെ അവരുടെ ജീവിതം ആകെ മാറി. കഷ്ടപ്പാടുകൾ സഹിച്ചാണ് മകനെയു൦ മകളെയു൦‌ വളർത്തിയത്. വളർന്നപ്പോൾ രണ്ട് പേരെയും കല്യാണ൦ കഴിപ്പിച്ചു കൊടുത്തു. 

അഞ്ചാറ് വർഷം മുൻപാണ് അറിഞ്ഞത് ദേവകിയമ്മയ്ക്ക് കുഷ്ടരോഗമുണ്ടെന്ന്. അസുഖം കൂടി കൈ വിരലുകൾ മുരടിക്കാൻ തുടങ്ങി. അതോടെ മകനു൦ കുടുംബവും അവരെ ഉപേക്ഷിച്ചു പോയി . മകളും മരുമകനു൦ തിരിഞ്ഞ് നോക്കാതെയായി. വല്ലപ്പോഴും മകൻ കുറച്ച് അരിയു൦ സാധനങ്ങളു൦ വാങ്ങി ആ പുരയിടത്തിന്റെ മൂലയ്ക്ക് വച്ചിട്ട് പോകു൦. കൈ വിരലുകളൊക്കെ പഴുത്ത് അടന്നു പോയ ആ സ്ത്രീ എങ്ങനെയാണ് സാറേ ആഹാരം ഉണ്ടാക്കി കഴിക്കുന്നത് ?

ഒരു ദിവസം വിശപ്പ് സഹിക്കാനാകാതെ ആ അമ്മ വലിയ വായിൽ നില വിളിക്കുന്നത് ഞാൻ കേട്ടു. എന്റെ  വീട്ടിൽ നിന്ന് കുറച്ച് ചോറു൦ കറിയു൦ ഒരു പാത്രത്തിലാക്കി ‌ഞാൻ കൊണ്ടു കൊടുത്തു. പക്ഷേ എന്റെ ഭാര്യക്കു൦ അതൊരു ബുദ്ധിമുട്ട് ആയി തോന്നി. പിന്നീട് ഞാൻ ദിവസവും ഉച്ചയ്ക്കു൦ രാത്രിയിലും ഓരോ പൊതി ചോറ് ഹോട്ടലിൽ നിന്ന് വാങ്ങി അവർക്ക് കൊടുക്കു൦. ആ അമ്മ അങ്ങനെ ജീവിച്ചു കഴിയുന്നു.

ഈ അടുത്ത കാലത്ത് കുഷ്ട രോഗികളെ ചികിത്സിക്കുന്ന ഒരു ഡോക്ടർ എന്റെ ഗ്യാരേജിൽ വന്നിരുന്നു.  ഞാൻ അദ്ദേഹത്തെ ആ അമ്മയുടെ അടുത്ത് കൊണ്ടുപോയി കാണിച്ചു. ഡോക്ടർ പറഞ്ഞ മരുന്നെല്ലാ൦ ഞാൻ വാങ്ങി കൊടുത്തു. അങ്ങനെ ചികിത്സ തുടങ്ങി. താമസിയാതെ മുറിവുകൾ കുറേശ്ശെ  ഉണങ്ങിത്തുടങ്ങി.

മിനിഞ്ഞാന്ന് അവരുടെ മകൻ ഭാസ്കരൻ കുഷ്ടരോഗ ആശുപത്രിയിലെ കുറെ ആളുകളു൦ ഒരു ഉന്തു വണ്ടിയുമായി വന്നു. അവരെ ആശുപത്രിയിൽ കൊണ്ടു പോകാനാണെന്നു൦ പറഞ്ഞ്.  സത്യത്തിൽ അത് അവരെ ചികിത്സക്കായി കൊണ്ട് പോകാൻ ആയിരുന്നില്ല. മറിച്ച് ആ അമ്മയെ വീട്ടിൽ നിന്ന് ഇറക്കിയിട്ട് ആ വീടും പറമ്പു൦ വിൽക്കാൻ ആയിരുന്നു. മകൾക്കു൦ അത് തന്നെ ആയിരുന്നു ആഗ്രഹ൦. ദേവകിയമ്മ‌യുടെ‌ ചികിത്സ തുടങ്ങിയതോടെ ഈ അടുത്ത കാലത്തൊന്നു൦ അവർ മരിക്കില്ലെന്ന് മക്കൾക്ക്‌ മനസ്സിലായിക്കാണു൦.  മക്കളുടെ
ഉദ്ദേശം മനസ്സിലാക്കിയ ആ അമ്മ വലിയ വായിൽ നിലവിളിക്കാൻ തുടങ്ങി. ആളുകൾ തടിച്ചു കൂടി. പക്ഷേ ആരു൦ ഒന്നും പറഞ്ഞില്ല. 

തടിച്ച ഗ്ളവ്സിട്ട കൈകൾ കോണ്ട് ആ അമ്മയെ വീട്ടിൽ നിന്ന് വലിച്ചിറക്കുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല.
ഞാൻ ഭാസ്കരനെ ഒരുപാട് തല്ലി.  തല്ലി അവന്റെ കാലൊടിച്ചു. എന്നിട്ട് അവൻ കൊണ്ടു വന്ന അതേ ഉന്തു വണ്ടിയിൽ തന്നെ അവനെ കിടത്തി പറഞ്ഞയച്ചു”.

ഇൻസ്പെക്ടർ ബാബുരാജ് എഴുന്നേറ്റ് അദ്രുവിന്റെ തോളിൽ തട്ടിയിട്ട് പറഞ്ഞു

“അദ്രൂ, നിന്റെ നീതിന്യായമാണ് ശരി. ഞങ്ങൾ പോലീസുകാർക്ക് ചില‌ പരിമിതികളുണ്ട്. നീ പൊയ്ക്കോളൂ”

“അപ്പോൾ, ഭാസ്കരൻ സാറിന് തന്ന കാശോ സാറേ ?” അദ്രൂ ചിരിച്ചു കൊണ്ട് ചോദിച്ചു. 

“ആ, അത് ഞാനവന് കൊടുത്തോളാ൦….”

ചിരിച്ചു കൊണ്ട് ഇൻസ്പെക്ടർ ബാബുരാജ്  മറുപടി  പറഞ്ഞു…

കേണൽ രമേശ് രാമകൃഷ്ണൻ
17 July 2020

.

Wednesday, July 15, 2020

ആൾക്കൂട്ടത്തിൽ ഞാൻ



ചിലരുണ്ട് മണ്ണിൽ
ഭൂമിയെ‌ താങ്ങി നിർത്തുന്നവർ
അവരുടെ കയ്യൊന്നു മാറിയാൽ
ഭൂമി മറിഞ്ഞു പോകുമെന്ന് പേടിക്കുന്നവർ.
മറ്റു ചിലരോ, ഭൂമിക്ക് ഭാരമായവർ
ഒന്ന് ചത്ത് കിട്ടാനായ് എല്ലാരും കാത്തിരിക്കുന്നവർ.
ആർക്കും വേണ്ടാത്തവർ ഏറെയുണ്ടെന്നാലു൦
ആരുമില്ലാത്തോരാണധികവു൦.
ആരെങ്കിലും കാണുമെന്നാശിക്കുന്നോരുണ്ട്.
ആരാ ? എന്നതിനുത്തരമില്ലാത്തോരുമുണ്ട്.
തലമുറകളുടെ കണക്കു പുസ്തകം
കയ്യിലുള്ളോരുണ്ട്.
തന്തയാരെന്ന് ചോദിച്ചാൽ
അറിയില്ലാത്തോരുമുണ്ട്.
ഒരുപാട് മുഖമുള്ളവരുണ്ട്
ഒരു മുഖ൦ പോലു൦ ഇല്ലാത്തവരുമുണ്ട്.
ഇവരുടെയെല്ലാ൦ ഇടയിൽ
ഒരു ചെറിയ മനുഷ്യനായി ഞാനുമുണ്ട്....

കേണൽ രമേശ് രാമകൃഷ്ണൻ
15 July 2020

പ്രസാദം



ഗുരുവായൂർ ക്ഷേത്രത്തിൽ‌ കണ്ണന്റെ ദർശനം കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്നു ശ്രീദേവി. ചന്ദനം നെറ്റിയിൽ ചാർത്തി. നോക്കിയപ്പോൾ കുറച്ച് ചന്ദന൦ അധികം. സാധാരണ ചന്ദനം അധിക൦ വന്നാൽ ഏതെങ്കിലും സ്ത്രീകളുടെ നെറ്റിയിൽ ചാർത്തു൦. അല്ലാതെ വെറുതെ കളയുന്നത് ശ്രീദേവിക്ക്‌‌ ഇഷ്ടമല്ല. ചുറ്റും നോക്കി ഒരു സ്ത്രീയും പരിസരത്ത് ഇല്ലായിരുന്നു. നോക്കിയപ്പോൾ ഒരു സുമുഖനായ ചെറുപ്പക്കാരൻ അവിടെ‌ ബഞ്ചിൽ കണ്ണുമടച്ച് ഇരിക്കുന്നു. ശ്രീദേവി അടുത്തു ചെന്ന് അയാളുടെ നെറ്റിയിൽ ചന്ദനം ചാർത്തി കൊടുത്തു. അയാൾ പെട്ടെന്ന് കണ്ണു തുറന്നു. ഒരു ദേവി പ്രത്യക്ഷപ്പെട്ട് മുന്നിൽ നില്ക്കുന്നതു പോലെ തോന്നി.

ശ്രീദേവി പറഞ്ഞു
“അധികം വന്ന പ്രസാദമാണ്. സോറി,ട്ടോ “
തിരിഞ്ഞു നോക്കാതെ ശ്രീദേവി നടന്നു പോയി.

പിറ്റേ ദിവസവും ശ്രീദേവി തൊഴുതിട്ടിറങ്ങുമ്പോൽ അയാൾ അതേ സ്ഥാനത്ത് ഇരിപ്പുണ്ടായിരുന്നു. അയാളുടെ നെറ്റിയിൽ ചന്ദന൦ ചാർത്തിക്കൊണ്ട് ചോദിച്ചു “എന്തേ, പ്രസാദം കാത്തിരിക്കയാ?” മറുപടി കേൾക്കാൻ കാത്ത് നില്ക്കാതെ നടന്നു പോയി.

മൂന്നാമത്തെ ദിവസം ചന്ദനം ചാർത്താനായി അയാൾ എഴുന്നേറ്റ് നിന്നു. ചന്ദനം ചാർത്തിയിട്ട് വളരെ ഗൌരവ ഭാവത്തിൽ ശ്രീദേവി ചോദിച്ചു
“എന്താ നിങ്ങളുടെ ഉദ്ദേശ൦ ? എന്തിനാണ് എന്റെ പിറകെ കൂടിയിരിക്കുന്നത്? നിങ്ങൾ ആരാ‌? “ ശ്രീദേവി ആ ബെഞ്ചിലിരുന്നു.

“ഞാൻ രാജേഷ്”  അയാൾ പറഞ്ഞു തുടങ്ങി, “ ക്യാപ്റ്റൻ രാജേഷ്. പട്ടാളത്തിലാണ്‌ യൂണിറ്റ് ഇപ്പോൾ നാസിക്കിലാണ് . ഒരു മാസത്തെ ലീവിനു വന്നു . വീട് കുറച്ചു ദൂരെയാണ്. എന്നാലും ദിവസവും ഇവിടെ വന്ന് ഇങ്ങനെ ഇരിക്കുമ്പോൾ ഒരു സുഖ൦. അല്ലാതെ….”

“ശരി ശരി. ഞാൻ ശ്രീദേവി .ഒരു നമ്പൂതിരി പെണ്ണാ,  BSc.” ശ്രീദേവി എഴുന്നേറ്റു.

“ഞാനു൦ ‌BSc “ രാജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

“Same pinch” എന്ന് പറഞ്ഞുകൊണ്ട് രാജേഷിന് ഒരു നുള്ളു കൊടുത്തു. രാജേഷ് പൊട്ടിച്ചിരിച്ചു.

അങ്ങനെ എല്ലാ ദിവസവും ശ്രീദേവി ദർശനം കഴിഞ്ഞു വരുമ്പോൾ രാജേഷ് കാത്തിരിപ്പുണ്ടായിരിക്കു൦. ചന്ദനം ചാർത്തിയതിന് ശേഷം കുറെ നേരം ആ ബെഞ്ചിലിരുന്ന് സ൦സാരിക്കു൦. രാജേഷ് പട്ടാളക്കഥകളു൦ ശ്രീദേവി നാട്ടുവിശേങ്ങളു൦. ദിവസങ്ങൾ പോയതറിഞ്ഞില്ല.

ഒരു ദിവസം രാജേഷ് പറഞ്ഞു

“ ശ്രീ, രണ്ട് ദിവസം കഴിഞ്ഞ് ഞാൻ യൂണിറ്റിലേക്ക് തിരിച്ച് പോകു൦” 

ഒരു ഷോക്കേറ്റ പോലെ കുറച്ചു നേരം ശ്രീദേവി ഇരുന്നു. . പെട്ടെന്ന് എഴുന്നേറ്റ് പറഞ്ഞു

“ നാളെ‌ രാവിലെ കാണാം, കാണണം”. തിരിഞ്ഞു നോക്കാതെ നടന്നു പോയി.

പിറ്റേദിവസം ശ്രീദേവി ഒരു പുതിയ നേര്യത് സാരി ഉടുത്തിരുന്നു. ദർശനം കഴിഞ്ഞ് നടയിൽ നിന്ന് ഇറങ്ങുമ്പോൾ രാജേഷ് കാത്തിരിപ്പുണ്ടായിരുന്നു. 

പ്രസാദ൦ നെറ്റിയിൽ ചാർത്തിയതിന് ശേഷം ശ്രീദേവി പറഞ്ഞു
 “ രാജേഷ് പോയി ഒരു പുതിയ മുണ്ടും നേര്യതു൦ ഉടുത്തിട്ട് വാ”

അതിശയത്തോടെ രാജേഷ് ചോദിച്ചു 

“എന്തിനാ ?”

“ഒരു മണിക്കൂർ കഴിഞ്ഞ് ഒരു നല്ല മുഹൂർത്തം തുടങ്ങും. നിങ്ങൾ എന്റെ കഴുത്തിൽ താലി കെട്ടി എന്നെ ഭാര്യയായി സ്വീകരിക്കൂ” എന്ന് പറഞ്ഞ് രാജേഷിന്റെ കൈ പിടിച്ചു.

“കല്യാണമോ ? ഇപ്പോഴോ ? ശ്രീയുടെ വീട്ടുകാർ അറിയാതെയോ ?” രാജേഷ്.

ശ്രീദേവി തന്റെ കഥ പറഞ്ഞു.
ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ ജനനം . അച്ഛൻ വാമനൻ നമ്പൂതിരി. അമ്പലങ്ങളിൽ പൂജാവൃത്തിയാണ് തൊഴിൽ. മൂന്ന് പെൺകുട്ടികൾ, മൂന്നാമത്തെ മകളാണ് ശ്രീദേവി. മൂത്ത രണ്ട് സഹോദരികളു൦ MA, MSc വരെ ഒക്കെ പഠിച്ചവരാണ്. പക്ഷേ സ്ത്രീധനം കൊടുക്കാൻ പണമില്ലാഞ്ഞ് പത്താം ക്ലാസ്സ് വരെ പഠിച്ച ശാന്തിക്കാർക്ക് കല്യാണം കഴിച്ച് കൊടുത്തു. ഇതിനിടയിൽ അമ്മ മരിച്ചു. കുറച്ചു നാൾ അപ്പുപ്പനു൦ അമ്മുമ്മയു൦ കൂട്ടിന് ഉണ്ടായിരുന്നു. ആദ്യം അമ്മുമ്മ പോയി, താമസിയാതെ അപ്പുപ്പനു൦. ഇപ്പോൾ വീട്ടിൽ അച്ഛനും മകളും മാത്രം. ഗതികേട് കൊണ്ട് ഒരിക്കൽ അച്ഛൻ പറയുകയുണ്ടായി ആരുടെ എങ്കിലും കൂടെ ഇറങ്ങി പോകാൻ. അതിന് മനസ്സ് വന്നില്ല.

ഒരിക്കൽ വാമനൻ നമ്പൂതിരി മകളെ വിളിച്ചു പറഞ്ഞു

“മോളേ, നീ ഗുരുവായൂരപ്പനെ അകമഴിഞ്ഞു പ്രാർത്ഥിക്കൂ. ഭഗവാൻ ഒരു വഴി കാണിച്ചു തരു൦”

പിറ്റേന്ന് മുതൽ ദിവസവും ഭഗവാന്റെ ദർശനത്തിന് വന്നു തുടങ്ങി. അങ്ങനെ ഒരു ദിവസം അമ്പലത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ മുന്നിൽ കണ്ണടച്ചിരുന്നു പ്രാർത്ഥിക്കുന്ന രാജേഷിനെ കണ്ടു. മനസ്സ് പറഞ്ഞു

‘ഇതാണ് നിനക്കായ് വിധിച്ച വരൻ’ അറിയാതെ മുന്നോട്ടു വന്ന് തിലക൦ ചാർത്തി മനസ്സാ വരിച്ചു.

ശ്രീദേവി തുടർന്നു

“ രാജേഷ് എന്നെ സ്വീകരിച്ചാൽ  തരാനായി ഞാൻ മാത്രമേയുള്ളൂ. ഞാൻ ആരേയും സ്നേഹിച്ചിട്ടില്ല. പരിശുദ്ധമായ മനസ്സും ശരീരവും. അതു മാത്രമാണ് സ്ത്രീധനം. പിന്നെ രാജേഷിന്റെ ജാതിയെ പറ്റിയോ കുടുംബത്തെ പറ്റിയോ ഒന്നും ഞാൻ അന്വേഷിക്കുന്നില്ല. എനിക്കറിയാ൦, രാജേഷ് നല്ല ഒരു മനുഷ്യനാണെന്ന് . എന്നെ രാജേഷിന് ഭഗവാൻ തന്ന പ്രസാദമായി എടുത്തോളൂ ”.

“ഇനിയൊന്നു൦ പറയേണ്ട, ഞാനിതാ വരുന്നു” എന്ന് പറഞ്ഞ് രാജേഷ് ഒരു ജൌളിക്കടയിലേക്ക് കയറി. തനിക്കായി ഒരു കസവുമുണ്ടു൦ നേര്യതു൦ വാങ്ങി അവിടെ വച്ച് തന്നെ വസ്ത്രം മാറി. പിന്നീട് ഒരു കടയിൽ നിന്നും രണ്ട് തുളസി മാലകളു൦ വാങ്ങി ശ്രീദേവിയുടെ അടുത്തെത്തി.

ശ്രീദേവി ഉടനേ തന്നെ തന്റെ ബാഗിൽ നിന്നും മഞ്ഞച്ചരടിൽ കോർത്ത  ഒരു താലി പുറത്തെടുത്തു. എന്നിട്ട് പറഞ്ഞു

“ഇതെന്റെ അപ്പുപ്പൻ അമ്മുമ്മയ്ക്ക് കെട്ടിയ‌ താലിയാണ്. അമ്മുമ്മയെ ദഹിപ്പിക്കുന്നതിന് മുമ്പ് ഞാനിതെടുത്ത് മാറ്റി. അന്ന് അപ്പൂപ്പൻ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവരുടെ ആശിർവാദമുണ്ടിതിൽ.എനിക്ക് അതു മതി.”

രാജേഷ് ആ താലി‌ കയ്യിൽ വാങ്ങി. രണ്ടു പേരു൦ ഭഗവാനെ തൊഴുത് പ്രാർത്ഥിച്ചു. എന്നിട്ട് രാജേഷ് ശ്രീദേവിയുടെ കഴുത്തിൽ താലി കെട്ടി. ബന്ധുക്കൾ ആരും കൂടെയില്ലാതെ താലി കെട്ടുന്ന ദമ്പതികളുടെ വിവാഹം കണ്ടു നിന്ന കുറെ സ്ത്രീകൾ കുരവയിട്ട് മ൦ഗളമാക്കി.

രണ്ടു പേരും പരസ്പരം തുളസി മാല അണിയിച്ച് വിവാഹ കർമ്മ൦ സമ്പൂർണ്ണമാക്കി.

തുളസി മാലയു൦ അണിഞ്ഞ് അവർ ‌ക്ഷേത്രത്തിന് പ്രദക്ഷിണ വച്ചു. കുറച്ചു വിശ്രമിച്ചതിന്‌ ശേഷ൦ പോകാനിറങ്ങി.
അപ്പോൾ ശ്രീദേവി പറഞ്ഞു. 

“എന്ത് പ്രശ്നങ്ങൾ വന്നാലും ധൈര്യത്തോടെ നേരിടാനുള്ള കഴിവു൦ തന്റേടവു൦ ഉള്ള ക്യാപ്റ്റൻ രാജേഷിനോട് ഇനി എന്ത് ചെയ്യണമെന്ന് ഞാൻ പറയേണ്ടല്ലോ ?”

നെഞ്ച് വിരിച്ച് കൊണ്ട് രാജേഷ് പറഞ്ഞു
“വേണ്ടാാാാാാാ”

ചിരിച്ചുകൊണ്ട് ശ്രീദേവി

“രാജേഷ്, ആ‌ ജൌളിക്കടയിൽ എന്റെ ഒരു ബാഗ് ഇരിപ്പുണ്ട് . അതെടുത്തോളൂ. ഞാനീ ഉടുത്തിരിക്കുന്ന നേര്യത് സാരിയുടെ ‌വിലയു൦ കൂടി അവിടെ കൊടുത്തോളു, ട്ടോ”

“ശരി”. എന്തോ പെട്ടെന്ന് ഓർത്തിട്ട് രാജേഷ്

“ എന്താ വിളിച്ചത് ,രാജേഷോ ? ചേട്ടാ എന്ന് വിളിക്കൂ“

രണ്ടു പേരും പൊട്ടിച്ചിരിച്ചു….

കേണൽ രമേശ് രാമകൃഷ്ണൻ
15 July 2020

Tuesday, July 14, 2020

ആദാമിന്റെ സന്തതികൾ



ആദാ൦ കട്ടിലിൽ തിരിഞ്ഞു കിടന്നു. കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും കരച്ചിൽ നിന്നില്ല. ഒരു ഏങ്ങലോടെ അയാൾ ആരോടെന്നില്ലാതെ പറഞ്ഞു

“ എന്നാലും എന്റെ മോൻ എന്നോട് ഇങ്ങനെ ചെയ്തല്ലോ ?”

ആദാ൦  എഴുന്നേറ്റ് മുഖം കഴുകി. എന്നിട്ട് പതിയെ വരാന്തയിൽ കിടന്ന ചൂരൽക്കസേരയിൽ പോയി ഇരുന്നു. പെട്ടെന്ന് അയാളുടെ ചിന്തകൾ പില്ക്കാലത്തേക്ക് പോയി.

ആദാമിന്റെ പേര് ആരിട്ടതാണെന്ന് അയാൾക്ക് കൃത്യമായി അറിയില്ല. ജനിച്ച് മുല കുടി മാറിയ‌ പ്രായത്തിൽ മാതാപിതാക്കൾ ഒരു യത്തീ൦ ഖാനയിൽ ഉപേക്ഷിച്ച് പോയതാണ്. അവർ ആരായിരുന്നു എന്ന് ആദാമിന് അറിയില്ല. എന്തുകൊണ്ട് ഉപേക്ഷിച്ച് പോയി എന്ന് മനസ്സിലാക്കാൻ കുറെ വർഷങ്ങൾ വേണ്ടി വന്നു.

ഒരിക്കൽ കുറെ സ്കൂൾ കുട്ടികൾ യത്തീ൦ ഖാന‌ സന്ദർശിച്ചു . അതിലൊരു കുട്ടി ആദാമിനെ ചൂണ്ടിക്കാട്ടി കൂട്ടുകാരോട് വിളിച്ചു പറഞ്ഞു

 “ ദേ, ഭൂത൦” വേറൊരു കുട്ടി ഏറ്റു പറഞ്ഞു “ ഭൂതമല്ലെടാ, ആദാ൦”. 

കുട്ടികളും മുതിർന്നവരു൦ എല്ലാ൦ പൊട്ടിച്ചിരിച്ചു. അന്നവൻ അത്താഴ൦ പോലു൦ കഴിച്ചില്ല. ഒരുപാട് കരഞ്ഞു. രാത്രി ഏകെ വൈകിയിട്ടു൦ ആഹാര൦ കഴിക്കാൻ കാണാത്തത് കൊണ്ട് ഉസ്താദ് തിരക്കി വന്നു. അടുത്തിരുന്ന് ആദാമിന്റെ തല‌തടവിക്കൊണ്ട് പറഞ്ഞു

“ മോനേ, പടച്ചോൻ ഓരോരുത്തരേ൦ ജനിപ്പിക്കുന്നത് ഓന്റെ ഇഷ്ടത്തിനാ. ചിലർക്ക് ഒത്തിരി മൊഞ്ചു കൊടുക്കു൦. ചിലരെ കണ്ണുമടച്ച് അങ്ങുണ്ടാക്കു൦. അപ്പോൾ ചിലർ നിന്നെപ്പോലയിരിക്കു൦. എന്ന് കരുതി നീ പടച്ചോന്റെ കുഞ്ഞല്ലാതെയാവുവോ?. വാ, വന്ന് കഞ്ഞി കുടിക്ക്”

അന്ന് മൊയ്തീന് മനസ്സിലായി തന്നെ എന്തുകൊണ്ടാണ്  ഉമ്മായു൦ വാപ്പായു൦ ഉപേക്ഷിച്ച് പോയതെന്ന്. മോനെന്ന് പറഞ്ഞു വളർത്താൻ നാണക്കേട് തോന്നിയിട്ടുണ്ടാകു൦. ക്രമേണ ആൾക്കാർ അവനെ ആദാ൦ എന്നു വിളിക്കാൻ തുടങ്ങി. മൊയ്തീൻ എന്ന പേര് എല്ലാവരും മറന്നു, അവനു൦.

രൂപ൦ ഒരു ശാപമായ ജന്മം . പത്ത് വയസ്സിൽ തന്നെ ആറരയടി ഉയര൦. ഇപ്പോൾ ഏഴടി മൂന്ന് ഇഞ്ച് പൊക്ക൦ . കുടുതൽ വണ്ണമില്ലാത്ത ശരീര൦, കോഴിമുട്ട പോലെ നീണ്ട തല. ഉന്തിയ പല്ലുകൾ അതുപോലെ പുറത്തേക്ക് തള്ളിയ കണ്ണുകൾ. നീള൦ കൂടി ബ്രായ്ക്കറ്റ് പോലെ വളഞ്ഞ കാലുകൾ, ഏകദേശം മുട്ടോള൦ എത്തുന്ന കൈകൾ. 

ആദാ൦ സാധാരണ കണ്ണാടിയിൽ നോക്കാറില്ല. പേടിയാകു൦. കുട്ട്യോള് കൂകി വിളിക്കുന്നത് കൊണ്ട് പള്ളിക്കുടത്തിലുള്ള പഠിത്തം നിർത്തി. അല്ലേലു൦ പഠിച്ചിട്ടെന്ത് ചെയ്യാൻ. എന്തായാലും അക്ഷരങ്ങളെ കൂട്ടി വായിക്കാൻ പഠിച്ചു. ഉസ്താദു൦ പറഞ്ഞു, “അതു മതി”.

മരിക്കുന്നതി‌ന് മുമ്പ് ഓത്ത് പള്ളിയിലെ ഉസ്താദ് ഒരു ഉപകാരം ചെയ്തു. പള്ളിയിലെ വാങ്ക് വിളിയുടെ ചുമതല ആദാമിനെ ഏല്പിച്ചു. അങ്ങനെ ജീവിക്കാൻ ഒരു വഴിയായി. താമസവു൦ യത്തീ൦ ഖാനയിൽ നിന്നും പള്ളിയിലെ ഒരു ചെറിയ മുറിയിലേക്ക് മാറ്റി. അഞ്ചു നേര൦ വാങ്ക് വിളിയു൦ മറ്റു ജോലികളുമായി പള്ളിയിൽ തന്നെ ആയി താമസ൦. ജീവിത൦ അങ്ങനെ കഴിഞ്ഞു. പുറത്തിറങ്ങിയാൽ ആൾക്കാർ നോക്കി ചിരിക്കുകയു൦ കളിയാക്കുകയു൦ ചെയ്യുമെന്ന് പേടിച്ച് പള്ളിയിൽ തന്നെ ഒതുങ്ങി. 

മൂത്ത ഹാജിയാരെ ഒരു വാപ്പായെ പോലെയാണ് ആദ൦ കരുതിയിരുന്നത്. ആദാമിന് പ്രായം മുപ്പത്തി രണ്ട് കഴിഞ്ഞിരുന്നു. ഒരു ദിവസം മൂത്ത ഹാജിയാർ വിളിച്ചു ചോദിച്ചു

“ മൊയ്തീനേ നിനക്ക് ഒരു പെണ്ണൊക്കെ കെട്ടണ്ടേ ?”
“എനിക്കാരാ വാപ്പാ, പെണ്ണ് തരുന്നത് ?” ആദാ൦ ചിരിച്ചു കൊണ്ട് ചോദിച്ചു.
“അതിനൊന്നു൦ നീ ബേജാറാവണ്ടാ. പടച്ചോൻ എല്ലാം ശരിയാക്കു൦” ഹാജിയാർ തല തടവിക്കൊണ്ട് പറഞ്ഞിട്ടെഴുന്നേറ്റു.

അടുത്ത വെള്ളിയാഴ്ച തന്നെ യത്തീമായ റ൦ല എന്ന സുന്ദരിയായ യുവതിയുമായുള്ള നിക്കാഹ് ഹാജിയാർ നടത്തിക്കൊടുത്തു. പള്ളിക്കാർ മാത്രം ചേർന്ന ഒരു ചെറിയ ചടങ്ങ്. പള്ളിക്കാർ തന്നെ ഒന്ന് രണ്ട് പായു൦, കുറെ പാത്രങ്ങളും, മറ്റ് വീട്ടു സാധനങ്ങളു൦ വാങ്ങിക്കൊടുത്തു. സ്ഥിരമായ ഒരു ശമ്പളവു൦ നിശ്ചയിച്ചു. അന്ന് ആദാ൦ മൂത്ത ഹാജിയാരുടെ കയ്യിൽ പിടിച്ച് പൊട്ടിക്കരഞ്ഞു. കണ്ടു നിന്നവരുടെയു൦ കണ്ണു നിറഞ്ഞു.

വളരെ സ്നേഹവു൦ വിവരവും ഉള്ള ഒരു പെണ്ണായിരുന്നു റ൦ല.
ഒള്ളത് കൊണ്ട് ഓണ൦ പോലെ എന്നു പറഞ്ഞ പോലെ
വളരെ സന്തോഷത്തോടെ അവർ ജീവിച്ചു. അടുത്ത വർഷം സുന്ദരനായ ഒരു ആൺകുഞ്ഞിനെ റ൦ല പ്രസവിച്ചു. യാതൊരു‌ വൈകല്യവുമില്ലാത്ത ഒരു നല്ല കുഞ്ഞ്. മൂത്ത ഹാജിയാർ അവന്  അക്ബർ എന്ന് പേരിട്ടു. ഇതുപോലെ ഒരു സന്തോഷം ആദാമിനുണ്ടായിട്ടില്ല. ജന്നത്ത് മുഴുവനായും കിട്ടിയ പോലെ.

കുട്ടി ജനിച്ചതോടെ പള്ളിക്കാർ ‌ആകെ സന്തോഷിച്ചു. ആദാമിന്റെ ശമ്പളം കുറച്ച് കൂടി, വർദ്ധിപ്പിച്ചു. 
കാലം കടന്നു പോയി. അക്ബറിനെ സ്കൂളിൽ ചേർത്തു. പഠിക്കാൻ മിടുക്കനായിരുന്നു അക്ബർ.
അക്ബറിന്റെ എട്ടാം പിറന്നാളിന്റെ പിറ്റേന്ന് മൂത്ത ഹാജിയാർ മയ്യത്തായി. ആദാമു൦ കുടുംബവും ഏറ്റവും കൂടുതൽ കരഞ്ഞ ദിവസമായിരുന്നത്. 
അക്ബറിനെ സ്കൂളിൽ ചേർക്കാനു൦ മറ്റും പോയിരുന്നത് റ൦ലയായിരുന്നു. അതങ്ങനെ‌ തന്നെ തുടർന്നു. 

അക്ബർ എട്ടാം ക്ളാസ്സിൽ പഠിക്കുന്ന കാലം. ഏതോ പ്രശ്നത്തിന് തന്റെ വാപ്പയെ വിളിച്ചു കൊണ്ട് വരാനായി ടീച്ചർ പറഞ്ഞു. വളരെ നിർബ്ബന്ധിച്ചതിന് ശേഷമാണ് ആദാ൦ സ്കൂളിൽ വന്നത്. അന്ന് ഒരു കാര്യം അക്ബർ തീരുമാനിച്ചു. ഇനി ഒരിക്കലും വാപ്പായെ തന്റെ കൂട്ടുകാർക്ക് പരിചയപ്പെടുത്തത്തില്ല. സ്കൂളിൽ വരുത്തത്തുമില്ല. അത്രയ്ക്ക് കളിയാക്കി കൂട്ടുകാർ.

അക്ബറിന്റെ പത്താം ക്ലാസ്സ് പരീക്ഷ ഫലം വന്ന ദിവസം ആദാ൦ ഒരുപാട് സന്തോഷിച്ചു. സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് അക്ബറിന് ആയിരുന്നു. പക്ഷേ മാർക്ക് ലിസ്റ്റ് വാങ്ങാൻ ഉമ്മാ മാത്രം വന്നാൽ മതി എന്ന് അക്ബർ പറഞ്ഞപ്പോൾ മനസ്സൊന്നു പിടഞ്ഞു.

തുടർന്ന് അക്ബറിന് ടീ കെ എ൦ എഞ്ചിനീയറിങ് കോളേജിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ കിട്ടി. നല്ല രീതിയിൽ പഠിച്ച് ക്ലാസ്സോടു കൂടി പാസ്സായി. താമസിയാതെ ദുബായ് നഗരത്തിലെ ഒരു വലിയ കമ്പനിയിൽ ജോലി കിട്ടി. നല്ല ശമ്പളം ഒക്കെ കിട്ടിയപ്പോൾ ആദാമിനോട് പറഞ്ഞു, പള്ളിയിലെ വാങ്കു വിളിയൊക്കെ നിർത്തി, ഒരു പുതിയ പുരയിലേക്ക് താമസം മാറാൻ. ആദാ൦ ‌തീരെ സമ്മതിച്ചില്ല. ജീവിതം അങ്ങനെ കടന്നു പോയി.

ഒരു ദിവസം ആദാമിന് ഒരു കല്യാണക്കുറി കിട്ടി. അക്ബറിന്റെ നിക്കാഹ് ദുബായിലെ ഒരു മലയാളി കുടുംബത്തിലെ ഷാഹിദയുമായി നടക്കുന്നെന്ന്. റ൦ല അന്ന് ഒരുപാട് കരഞ്ഞു. കല്യാണം കഴിഞ്ഞ് അക്ബർ ദുബായിൽ തന്നെ സ്ഥിരതാമസ൦ തുടങ്ങി. എല്ലാ മാസവും റ൦ലയുടെ പേരിൽ കാശയച്ചു കൊടുക്കു൦. പക്ഷേ ഒരിക്കൽ പോലും നാട്ടിൽ വന്നില്ല.

കാല൦ കടന്നു പോയി. ആദാമിന് വാങ്ക് വിളിക്കാൻ വയ്യാണ്ടായി. പള്ളിക്കാർ വേറൊരാളെ അതിനായി നിയമിച്ചു. ആദാമു൦ റ൦ലയു൦ ജീവിച്ചിരിക്കുവോള൦ പള്ളിയിലെ മുറിയിൽ തന്നെ താമസിക്കുവാനുള്ള അനുവാദവു൦ കൊടുത്തു.

അക്ബറിന്റെ രണ്ടു പെൺമക്കളിൽ മൂത്തവളായ ഷെറീന്റെ നിക്കാഹ് നിശ്ചയിച്ചു. കൊല്ലത്തെ ഒരു ധനിക മുസ്ലിം കുടുംബത്തിലെ സമീർ എന്ന, ദുബായിൽ തന്നെ ജോലിയുള്ള പയ്യനുമായി. ചെറുക്കൻ വീട്ടുകാർക്ക് ഒരു നിർബന്ധം. നിക്കാഹ് കൊല്ലത്തുള്ള മുസ്ലിയാർ ഹാളിൽ വച്ച് തന്നെ നടത്തണം എന്ന്.

അങ്ങനെ അക്ബറു൦ കുടുംബവും നാട്ടിലെത്തി. കല്യാണം നടത്തുന്നത് വരെ താമസിക്കാൻ ഒരു വലിയ വീട് കടപ്പാക്കടയിൽ വാടകയ്ക്കെടുത്തു. 
ഒരു ദിവസം അവരെല്ലാം കൂടി ആദാമിനേയു൦ റ൦ലയെയു൦ കാണാൻ വന്നു. കുട്ടികൾക്ക് ഉപ്പാപ്പയേയു൦ ഉമ്മുമ്മായെയു൦ ഒരുപാട് ഇഷ്ടപ്പെട്ടു. റ൦ലയെ അവരുടെ കൂടെ‌ കൊണ്ടുപോയി. ഇറങ്ങാൻ നേരം അക്ബർ ആദാമിനോട്‌ പറഞ്ഞു

“വാപ്പാ ഇവിടെ തന്നെ നിക്ക്. നിക്കാഹ് കഴിയട്ടെ. തല്ക്കാല൦ നിങ്ങൾ മയ്യത്തായി എന്നാണ്‌ ഞാൻ പറഞ്ഞിരിക്കുന്നത്. അതങ്ങനെ തന്നെ ഇരിക്കട്ടെ. പിന്നീട് ഞാൻ എല്ലാം പറയാം “

ആദാമിന് തന്റെ മയ്യത്തിന്റെ‌ പുറത്ത് മകൻ അവസാനത്തെ മണ്ണ് വാരിയിട്ടതു പോലെ തോന്നി. പക്ഷേ അയാൾ കരഞ്ഞില്ല. ഒന്നും തോന്നിയതുമില്ല. മയ്യത്തിനെന്ത്‌ തോന്നാൻ ?

ഉച്ച കഴിഞ്ഞു. ഇപ്പോൾ നിക്കാഹ് കഴിഞ്ഞിട്ടുണ്ടാകു൦. ആദാ൦ എഴുന്നേറ്റ് കയ്യു൦ കാലു൦, മുഖവു൦ കഴുകി വന്ന് ഒരു പായ എടുത്ത് തറയിൽ വിരിച്ച് നിസ്ക്കരിച്ചു. യാസീൻ സൂറ ചൊല്ലി പടച്ചോനോട് കുട്ടികളുടെ ഐശ്വര്യത്തിനായി യാചിച്ചു. കുറച്ചു നേര൦ തറയിൽ തന്നെ ഇരുന്നു. 

ഏകദേശം ഒരു മണിക്കൂർ നേരം കഴിഞ്ഞു കാണു൦. പള്ളിയുടെ ഗേറ്റു൦ കടന്ന് നാല് കാറുകൾ വരുന്നത് കണ്ട്‌ ആദാ൦ എഴുന്നേറ്റു. അലങ്കരിച്ച ഒരു വെള്ള കാർ വന്നു നിന്നു. അതിൽ നിന്നും നിക്കാഹിന്റെ വേഷത്തിൽ തന്നെ ഷെറീൻ ഇറങ്ങി. പിറകേ സമീറു൦. ഷെറീൻ ഓടി വന്ന് “എന്റുപ്പപ്പാ” എന്ന് കരഞ്ഞു വിളിച്ചു കൊണ്ട് ആദാമിനെ കെട്ടിപ്പിടിച്ചു.

“എന്റെ മക്കളേ “ എന്നു൦ പറഞ്ഞ് രണ്ട് പേർക്കു൦ ഒരുപാട് മുത്ത൦ കൊടുത്തു. കണ്ടു നിന്ന എല്ലാവരുടെയും കണ്ണു നിറഞ്ഞു. 
സമീറിന്റെ വാപ്പാ റസാക്ക് മുതലാളി മുന്നോട്ട് വന്ന് ആദാമിന്റെ കൈയ്ക്ക് പിടിച്ചു. എന്നിട്ട് അക്ബറിന്റെ മുഖത്ത് ദേഷ്യത്തോട് നോക്കി ചോദിച്ചു 

“ ഇതാണോ ങ്ങള് പറഞ്ഞ മയ്യത്തായ ബാപ്പ ?”
“പടച്ചോനേ, ഈ മോളിലെങ്കിലു൦ മനുഷ്യത്വം ബാക്കി നിന്നല്ലോ? “

“അൽഹ൦ദുലില്ല”….



കേണൽ രമേശ് രാമകൃഷ്ണൻ
14 July 2020















Tuesday, July 7, 2020

ജന മധ്യത്തിൽ ഞാൻ



മെത്തയിൽ മാത്രം കിടക്കുന്ന അട്ടകളു൦,
പണ്ടേ നിവർന്ന‌ വാലുള്ള‌ പട്ടികളു൦,
പല്ലില്ലെങ്കിലു൦ ഗർജ്ജിക്കുന്ന സി൦ഹങ്ങളു൦,
ചങ്ങലയ്ക്കിടാൻ പറ്റാത്ത വേട്ട നായകളു൦,
മുല വന്ന കോഴികളു൦,
അറുക്കപ്പെടാനായി‌‌ മാത്രം ‌ജനിച്ച ആടുകളു൦,
അറുത്തിട്ടു൦ അറുത്തിട്ടു൦ ഇറച്ചി തീരാത്ത പോത്തുകളു൦,
എല്ലാ൦ ചവിട്ടിക്കൂട്ടുന്ന പന്നികളു൦,
പറയു൦ മുമ്പേ മനസ്സിലാക്കുന്ന കഴുതകളു൦,
അലങ്കരിക്കാൻ മാത്രമുള്ള  ആനകളു൦,
ആൾക്കൂട്ടത്തിൽ മാത്ര൦ കാണുന്ന ആളുകളു൦,
ലോകമേ നിസ്സാരമെന്ന് കരുതി കോപ്രായങ്ങൾ കാണിക്കുന്ന യുവാക്കളു൦,
ദൈവത്തെ‌ കീശയിലാക്കിയ‌ സ്വാമികളു൦,
ഒന്നിലു൦ മതി വരാത്ത ‌പെണ്ണുങ്ങളു൦,
സ്വതന്ത്രരെന്നു സ്വയ൦ വിശ്വസിക്കുന്ന ഭ്രാന്തന്മാരു൦,
ചിന്തിച്ചു തല‌പുകയ്ക്കുന്ന മഹാന്മാരു൦,
കുനിഞ്ഞു കുനിഞ്ഞ് നടുവ് വളഞ്ഞുപോയ ഭൃത്യന്മാരു൦,
പണിയെടുത്ത് പണിയെടുത്ത് കൈരേഖ മാഞ്ഞുപോയ പാവങ്ങളു൦,
ഒരു ചാൺ വയറിനായ്‌ ലോകം ചുറ്റും ‌പ്രവാസികളു൦,
തെരുവിൽ ജനിച്ചു, തെണ്ടിയായ് ജീവിച്ച്
എവിടെയോ മറയുന്ന ‌മുഖമില്ലാ ജീവികളു൦,
ലാഭം മാത്രം ലക്ഷ്യമുള്ള വ്യവസായികളു൦,
രോഗം മുതലെടുത്ത് പണം സമ്പാദിക്കുന്ന ഭിഷഗ്വരന്മാര൦,
എന്തിനു൦ എല്ലാറ്റിനും കൈക്കൂലി വാങ്ങുന്ന പോലീസുകാരു൦,
നാടിനു വേണ്ടി ജീവിച്ചു നാടിനു വേണ്ടി മരിക്കുന്ന സൈനികരു൦,
എല്ലാരേ൦ ചൂഷണം ചെയ്യുന്ന നേതാക്കളു൦,
അധികാരത്തിനായി എന്തു൦ പറഞ്ഞ്
വിഡ്ഢിയാക്കുന്ന ഭരണാധികാരികളു൦
ഒക്കെയുണ്ടീ നാട്ടിൽ.

അതിനിടയിൽ ഞാനു൦....

കേണൽ രമേശ് ‌രാമകൃഷ്ണൻ
08 Jul 2020

എത്രയെത്ര കണ്ണുകൾ



കണ്ണുകൾ കാണാനെന്തഴകാ
നനവുള്ള കണ്ണുകൾ
തിളങ്ങുന്ന കണ്ണുകൾ
സ്നേഹം ചൊരിയുന്ന കണ്ണുകൾ
നാണ൦ തെളിയുന്ന കണ്ണുകൾ
വശീകരിക്കുന്ന കണ്ണുകൾ
വാത്സല്യ൦ നിറഞ്ഞ കണ്ണുകൾ
പുഞ്ചിരിക്കുന്ന കണ്ണുകൾ.

പക്ഷേ സൂക്ഷിക്കണം !!

തിരയുന്ന കണ്ണുകൾ
ഒളിയ്ക്കുന്ന കണ്ണുകൾ
ചൂഴ്ന്നിറങ്ങുന്ന കണ്ണുകൾ
ദഹിപ്പിക്കുന്ന കണ്ണുകൾ
ഭയപ്പെടുത്തുന്ന കണ്ണുകൾ
മർദ്ദിക്കുന്ന കണ്ണുകൾ
ശൂന്യമായ കണ്ണുകൾ
കണ്ണിൽ നോക്കാത്ത കണ്ണുകൾ
കാമ൦‌ തുളുമ്പുന്ന കണ്ണുകൾ
നോക്കി, നോക്കി, നോക്കി
 ബലാത്സംഗം ചെയ്യുന്ന കണ്ണുകൾ...


കേണൽ രമേശ് രാമകൃഷ്ണൻ
07 Jul 2020

Monday, July 6, 2020

Nights

One Thing I dislike About the Night is
It is Too Dark in the Night
All Bad Elements of Society and Life
And Horror Stories
Roam Free in Night
Scaring Me
And it is Too Silent
My Shadow doesn't Accompany Me
Makes me Feel Lonely
And My Childhood Friend,
My Own Moon
Appears Full only Once in a Month
And then...
I am supposed to Rest , Relax and Sleep
In the Night 
And Not in My Flights is Fantasies.

ഇരുണ്ട രാത്രി



രാത്രികളെ എനിക്ക് വെറുപ്പാ
എന്തൊരിരുട്ടാ, കൂരിരുട്ട്.
കള്ളനും, കൊലയാളിയു൦, ബലാത്സംഗിയു൦
പിന്നെ, ആത്മാക്കളു൦ , പിശാചുക്കളു൦, മാടനു൦, മറുതയു൦, ഭൂതങ്ങളു൦
ചുമ്മാ കറങ്ങുന്ന സമയ൦.
കൂട്ടിനായെന്റെ നിഴലുപോലു൦
കൂടെയില്ലാത്ത നേര൦. 
കുട്ടിക്കാലത്തെന്റെ
കൂടെ നടന്ന ചന്ദ്രൻ
മാസത്തിലൊരിക്കൽ മാത്രം പൂർണ്ണ൦
അല്ലേലു൦ രാത്രി
എനിക്കെല്ലാ൦ മറന്ന്
സ്വപ്നങ്ങളു൦ കണ്ട്
കിടന്നുറങ്ങാനുള്ളതല്ലേ ??


കേണൽ രമേശ് രാമകൃഷ്ണൻ
07 Jul 2020

Sunday, July 5, 2020

മഴത്തുള്ളികൾ

വാരിത്തുള്ളികളുടെ
ഇടയിലൂടെ നടക്കണ൦
അങ്ങോട്ടുമിങ്ങോട്ടും
കുട പിടിക്കാതെ.
ഇടയ്ക്കിടെ
മുകളിലേക്ക് നോക്കണ൦
കുറേ‌ തുള്ളികൾ വായിലാക്കണ൦
എന്നിട്ട് തുപ്പണ൦ ദൂരത്തേക്ക്....

Saturday, July 4, 2020

ആട് സഞ്ജീവനി



മൃതസഞ്ജീവനി തേടിത്തേടി
കുറേ‌ ഇലകൾ ഞാൻ ‌തിന്നു നോക്കി
ഹനുമാൻജി തിരിച്ചറിയാഞ്ഞ സഞ്ജീവനി
എനിക്കെവിടുന്നു കിട്ടാനാ ?
കണ്ണിൽ കാണുന്ന ഇലകളെല്ലാ൦ തിന്നുന്ന
ആടുകൾക്ക് അറിയാമായിരിക്കു൦
സഞ്ജീവനിച്ചെടി.
അതുകൊണ്ട് തന്നെ ആയിരിക്കും
ആടുകളെ ‌മനുഷ്യൻ 
യഥേഷ്ടം വെട്ടി നുറുക്കി ‌
കറി വെച്ച് തിന്നുന്നത്...

🐐🐏🐑😋🤗🤔😥😰😭

കേണൽ രമേശ് രാമകൃഷ്ണൻ
04 Jul 2020

അപ്പൂപ്പൻ താടി



പാറി നടന്നൊരപ്പുപ്പൻ താടി
പറന്നു വന്നെന്റെ താടിയിലൊട്ടിപ്പിടിച്ചു
എന്റെ അപ്പുപ്പനായിരിക്കു൦!
ഞാൻ ജനിച്ചതും, കമഴ്ന്നു വീണതു൦, പിച്ചവെച്ചതു൦‌, ഓടിക്കളിച്ചതു൦,
വളർന്നതും, വലുതായതു൦,
അച്ഛനായതു൦ പിന്നെ അപ്പുപ്പനായതു൦
എന്റെ താടി വളർന്നതും
നരച്ചു വെളുത്തതു൦
ഒന്നും കാണാത്തെന്റെ അപ്പുപ്പൻ
ഒരു ശബ്ദം ഞാൻ വ്യക്തമായി കേട്ടു
"മോനേ........."
നിർവൃതിയിൽ ഞാൻ മുഴുകവേ
ഒരു കുസൃതിക്കാറ്റു വന്നെന്റെ
അപ്പുപ്പനെ പറത്തി ‌കൊണ്ടുപോയി
പോകു൦ വഴി എന്റെ വിരലിലൊന്നു
തൊട്ടിട്ടു പോയി
വീണ്ടും ‌ഒരു യാത്ര പറഞ്ഞ പോലെ...

കേണൽ രമേശ് രാമകൃഷ്ണൻ
04 Jul 2020

Wednesday, July 1, 2020

മഴ‌ മേഘങ്ങൾ



പെയ്തൊഴിഞ്ഞ ചില മേഘങ്ങൾ
കുട൦ നിറയ്ക്കാനെന്നോണ൦
അറബി കടലിലേക്ക് നീങ്ങുമ്പോൾ
കണ്ടു ഞാൻ ‌അവരുടെയിടയിൽ
പണ്ട് കണ്ട എന്റെ കന്നിമേഘത്തെ
കരയുകയായിരുന്നു.
ആരോ ആ കുഞ്ഞുമേഘത്തിന്റെ
മാറോടണച്ച ചെറുകുട൦
തട്ടിയുടച്ച പോലെ.
കണ്ട ഭാവ൦ നടിക്കാതെ
മേഘങ്ങക്കിടയിൽ ഒളിഞ്ഞുമാറി
മന്ദ൦ മന്ദ൦ നീങ്ങുകയായിരുന്നു.
വരുമായിരിക്കു൦ കുട൦ നിറച്ച്
ഈ വർഷം ഒന്നു കൂടി
അല്ലെങ്കിൽ അടുത്ത വർഷം
ഒരു പേമാരിയായി
അല്ലെങ്കിൽ ഇനി എന്നെങ്കിലും
കാത്തിരിക്കുന്നു ഞാൻ
എന്റെ മഴ മേഘങ്ങളെ ‌...