Wednesday, September 14, 2022

താലിപ്പൊലിമ



“ശ്” “ശ്” എന്ന ശബ്ദം കേട്ട് സ്വർണ്ണക്കടയിൽ താൻ പണിത ഒരു മാല പോളിഷ് ചെയ്തുകൊണ്ടിരുന്ന മുരളി തലയുയർത്തി നോക്കി.

 കടയുടെ പുറത്ത് തന്റെ പ്രിയതമ ശാന്തയുടെ ദൂതൻ നിൽക്കുന്നു.  മുരളി തൻ്റെ അരികിലിരുന്ന് നെരിപ്പോടിലെ ഉമിത്തീയിൽ കത്തുന്ന ചിരട്ടക്കരിയിൽ സ്വർണ്ണം ഉരുക്കി കൊണ്ടിരുന്ന അപ്പൻ ഗോപാലൻ മേശിരിയെ ഒളികണ്ണിട്ടു ഒന്ന് നോക്കി. അപ്പൻ ജോലിയിൽ മുഴുകിയിരിക്കുകയാണെന്ന്  മനസ്സിലായി. ശാന്തയുടെ സന്ദേശം മനസ്സിലായി എന്ന് അറിയിക്കാനായി മുരളി തൻ്റെ തല ഒന്ന് കുലുക്കി. സന്ദേശ വാഹകനായ ചെറുക്കൻ പതിയെ നടന്നങ്ങു പോയി. എഴുന്നേറ്റു കൊണ്ട് മുരളി പറഞ്ഞു 

“അപ്പാ, ഞാൻ ദാ വരുന്നു. മൂത്രമൊഴിച്ചിട്ട് വരാം.”

സ്വർണ്ണക്കടയുടെ അടുത്ത് മൂത്രപ്പുര ഇല്ലെന്നും മൂത്രമൊഴിക്കണമെങ്കിൽ കുറച്ചു ദൂരെയുള്ള നളന്ദ ട്യുട്ടോറിയലിൽ പോകണമെന്നും ഗോപാലൻ മേശിരിക്ക് അറിയാമായിരുന്നു.  അയാൾ ഒന്നും പറഞ്ഞില്ല.

 ഒരു ഒഴിഞ്ഞ ക്ലാസ് റൂമിൽ ഇരിക്കുകയായിരുന്നു ശാന്ത. കഴിഞ്ഞ കുറെ വർഷങ്ങളായി ശാന്ത നളന്ദ ട്യുട്ടോറിയലിൽ  പ്രൈവറ്റായി പത്താം ക്ലാസിന് പഠിക്കുന്നു.  ഇതുവരെ എസ്എസ്എൽസി പാസാകാൻ കഴിഞ്ഞില്ല.  അതു മനപ്പൂർവ്വം ആണെന്ന് പലരും പറഞ്ഞു തുടങ്ങി. സ്ഥിരമായി ട്യൂട്ടോറിയലിൽ വരുന്നത് വല്ലപ്പോഴും പരസ്പരം കാണാൻ ആണെന്ന് ശാന്തക്കും മുരളിക്കും അറിയാം.

 ശാന്തയും മുരളിയും അഞ്ചാലുംമൂട് സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ ഇഷ്ടമാണ്. മുരളിയേക്കാൾ രണ്ട് ക്ലാസിന് പുറകിലായിരുന്നു ശാന്ത. പത്താം ക്ലാസിൽ തോറ്റതിനു ശേഷം മുരളി പഠിത്തം നിർത്തി തന്റെ അപ്പന്റെ കൂടെ സ്വർണ്ണക്കടയിൽ പണിക്ക് പോകാൻ തുടങ്ങി.  താമസിയാതെ വിദഗ്ധനായ ഒരു സ്വർണ്ണപ്പണിക്കാരനായി മാറി മുരളി.

 ശാന്തയെ കണ്ടപ്പോൾ അടുത്ത് ചെന്ന് മുരളി ചോദിച്ചു

“ എന്താടേ ? “

“അണ്ണാ താലിമാലയുടെ കാര്യം എന്തായി ? “

കഴിഞ്ഞ ഒരു വർഷമായി തമ്മിൽ കാണുമ്പോഴെല്ലാം ശാന്ത തിരക്കുന്ന ഒരു കാര്യമാണ് താലിമാല. ശാന്ത നേരത്തെ തന്നെ മുരളിയെ ബോധിപ്പിച്ചിരുന്നു. ഒരു നല്ല താലിമാല ഇല്ലാതെ ശാന്ത ഇറങ്ങി കൂടെ വരില്ലെന്ന്.

“ ഒരു ചെറിയ താലി ഞാൻ ഒപ്പിക്കുന്നുണ്ട് . “ മുരളി പറഞ്ഞു.

 “ചെറിയ താലിയോ?”

ശാന്ത ആകാംക്ഷയോടെ ചോദിച്ചു.

 “ഒരു ചെറിയ ശംഖ് താലി എനിക്ക് കാൽ പവൻ കൊണ്ട് ഉണ്ടാക്കാൻ കഴിയും. പക്ഷേ ഇത് നിനക്ക് വേണ്ടി ആയതുകൊണ്ട് ഒരു അര പവനിൽ നല്ല ഒരു ബ്രാഹ്മണ താലിയാണ് ഞാൻ പണിയാൻ പോകുന്നത്”

 ചെറിയ ഒരു ഗമയോടെ തന്നെ മുരളി പറഞ്ഞു. ശാന്ത ചോദിച്ചു

“ അപ്പോൾ താലിമാല എത്ര പവൻ ആയിരിക്കും?”

 അതിനൊരു മറുപടി പെട്ടെന്ന് പറയാൻ മുരളിക്ക് കഴിഞ്ഞില്ല.  കുറച്ചു ആലോചിച്ചിട്ട് പറഞ്ഞു 

“നമുക്കൊരു കാര്യം ചെയ്യാം. തൽക്കാലം ഒരു മഞ്ഞ ചരടിൽ താലി കോർത്തി  നിന്റെ കഴുത്തിൽ ഇടാം. പിന്നീട് നമുക്ക് സ്വർണ്ണം ഒപ്പിച്ചിട്ട് താലിമാല സ്വർണ്ണത്തിലാക്കാം”

 “ അയ്യടാ,  മഞ്ഞച്ചരടിൽ താലി !നിങ്ങളുടെ വീട്ടിലെ പൂച്ചയ്ക്ക് കെട്ടിക്കൊടുക്ക്. ഒരു കാര്യം പറയാം. ഞാൻ ഒരു തട്ടാത്തി പെണ്ണാണ്.  ഒരുപാട് സ്വർണ്ണം കണ്ടു വളർന്നവളാ, സ്വർണ്ണ മാലയും താലിയും ഇല്ലാതെ ഞാൻ ഇറങ്ങി വരില്ല. അത് തീർച്ച. ചെവിയിൽ നുള്ളിക്കോ”

 ശാന്ത പോകാനായി എഴുന്നേറ്റു മുരളി പറഞ്ഞു 

“ശാന്തേ, ഞാൻ പറയുന്നതൊന്നു കേൾക്ക് “

ഒന്ന് തിരിഞ്ഞു നിന്നിട്ട് ശാന്ത പറഞ്ഞു
 
“വീട്ടിൽ എനിക്കായി കുറെ ആലോചനകൾ വന്നു തുടങ്ങിയിട്ടുണ്ട്. കുണ്ടറയിൽ നിന്നും ഒരു ജ്വല്ലറിക്കാരന്റെ മോന്റെ ആലോചനയും വന്നു.   കാൽപവന്റെ ഒരു താലിയും ചരടിൽ കോർത്ത്  പിടിച്ചോണ്ട് ഇവിടെ തന്നെ നിന്നോ. ആമ്പിള്ളേര് എന്നെ കെട്ടിക്കൊണ്ടു പോകും. ഞാൻ പറഞ്ഞില്ലെന്ന് വേണ്ടാ”

 അല്പം ദേഷ്യത്തോടെ ശാന്ത ട്യൂട്ടോറിയൽ എന്നും ഇറങ്ങിപ്പോയി.  അല്പസമയം കഴിഞ്ഞ് പുറത്ത് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കിയിട്ട് മുരളി പതിയെ നടന്ന് തന്റെ കടയിലെത്തി. മുഖഭാവത്തിൽ നിന്നും എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായ ഗോപാലൻ മേശിരി ചോദിച്ചു 

“എന്തു പറ്റിയെടാ , മൂത്രം പോയില്ലേ?

“ ഒന്നുമില്ലപ്പാ” 

മുരളി തന്റെ ജോലിയിൽ മുഴുകി.
 രണ്ടുമാസം അങ്ങനെ കഴിഞ്ഞു പോയി.  ഒരു ദിവസം വീണ്ടും ദൂതൻ വന്നു കടയുടെ മുന്നിൽ നിന്നു.  ആ സമയത്ത് ഗോപാലൻ മേശിരി കടയിൽ ഇല്ലായിരുന്നു.  തക്കം നോക്കി മുരളി നളന്ദാ ട്യൂട്ടോറിയലിൽ പോകുന്ന വഴി അടുത്ത കടക്കാരനോട് കടയിൽ ഒരു നോട്ടം വയ്ക്കണം എന്ന് പറഞ്ഞിട്ട് പോയി. നളന്ദയിൽ എത്തിയപ്പോൾ ശാന്ത ഒന്ന് രണ്ടു കൂട്ടുകാരുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുരളിയെ കണ്ടപ്പോൾ അവൾ കൂട്ടുകാരോട് യാത്ര പറഞ്ഞിട്ട് ക്ലാസിന്റെ സൈഡിലേക്ക് വന്നു. മുരളി അടുത്ത് ചെന്ന് ചോദിച്ചു 

“എന്താ ശാന്തേ? വിശേഷം വല്ലതും?”

 “ അറിഞ്ഞുകൂടായോ ഞാൻ എപ്പോഴും എന്തിനാ വരുന്നതെന്ന് ? താലിമാലയുടെ കാര്യം എന്തായി ? വീട്ടിൽ ഉടനെ തന്നെ എന്റെ നിശ്ചയം നടക്കും എന്ന് തോന്നുന്നു.  എത്രയും പെട്ടെന്ന് നമുക്ക് എന്തെങ്കിലും ചെയ്യണം.  ഒരു സ്വർണ്ണ താലിമാലയും പിടിച്ചു കൊണ്ട് മുറ്റത്ത് വന്നു നിന്ന് വിളിച്ചാൽ അപ്പോൾ ഞാൻ അണ്ണന്റെ കൂടെ ഇറങ്ങി വരും.  അല്ലാതെ വെറും കയ്യോടെ വന്നാൽ ഈ ശാന്തയെ കിട്ടില്ല.  മുരളി അണ്ണന് മനസ്സിലായോ?”

 ഒന്ന് സ്പർശിക്കുക പോലും ചെയ്യാതെ ശാന്ത ഇറങ്ങിപ്പോയി. ഒരു  സുന്ദരിയാണ് ശാന്ത. കാണാൻ നല്ല ചന്തമാണ്.  ഒറ്റനോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടും.  നല്ല സ്വഭാവം, നല്ല പെരുമാറ്റം.  എന്തുകൊണ്ടും പ്രണയിക്കാൻ പറ്റിയ ഒരു പെണ്ണ്. മാത്രമല്ല ഒരേ ജാതി.  അതുകൊണ്ട് മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല. മുരളി ശാന്തയെ തിരിച്ചു വിളിച്ചു. എന്നിട്ട് ചോദിച്ചു.

“ എന്റെ കാര്യങ്ങൾ എല്ലാം നിനക്ക് അറിഞ്ഞുകൂടേ? ഞാൻ അപ്പന്റെ കൂടെയല്ലേ ജോലി ചെയ്യുന്നത് ? പ്രത്യേകം ഒരു വരുമാനം ഒന്നുമില്ല. പിന്നെ വല്ലപ്പോഴും അപ്പൻ എന്തെങ്കിലും തരും. അതുകൊണ്ട് ഒരു വലിയ സ്വർണ്ണമാലയും താലിയും ഞാൻ എങ്ങനെ ഒപ്പിക്കാനാണ്?”

 ശാന്തക്ക് ദേഷ്യം വന്നു. അവൾ ചോദിച്ചു 

“സ്വന്തമായി വരുമാനം ഇല്ലാതെയാണോ എന്നെ കെട്ടാൻ നടക്കുന്നത്?. എന്നെ കെട്ടിയാൽ എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ ?”

 അന്തംവിട്ടത് പോലെ നിന്നു മുരളി.

“ എന്റെ അണ്ണാ,  ആണുങ്ങളായാൽ അല്പം തന്റേടമൊക്കെ വേണം. അല്ലാതെ കുറച്ച് സൗന്ദര്യവും കഴിവും മാത്രം പോരാ. അണ്ണന്റെ സ്ഥാനത്ത് വേറൊരു പയ്യനാണ് ജോലി ചെയ്യുന്നെങ്കിൽ അപ്പൻ അയാൾക്ക് കൂലി കൊടുക്കില്ലേ? അണ്ണനും കൂലി തരാൻ പറ”

 ആ ബുദ്ധി മുരളിക്ക് നന്നായി ബോധിച്ചു.  എന്നിട്ടും ഒരു സംശയം.

 “അപ്പനോട് ഞാൻ എങ്ങനെയാ കൂലി ചോദിക്കുന്നത് ?”

“ഇനി എന്നെക്കൊണ്ടൊന്നും പറയിക്കരുത്”

 ഒരു കൊടുങ്കാറ്റ് പോലെ ശാന്ത മുറിവിട്ട് ഇറങ്ങിപ്പോയി.

 മുരളി കടയിൽ തിരികെ എത്തിയപ്പോൾ ഗോപാലൻ മേശിരി തിരികെ വന്നിട്ടുണ്ടായിരുന്നു.  എവിടെപ്പോയിരുന്നു എന്ന് അയാൾ ചോദിച്ചില്ല.  ഇപ്പോഴത്തെ പിള്ളേരല്ലേ? വല്ല സിഗരറ്റോ മറ്റോ വലിക്കാൻ പോയതായിരിക്കും എന്ന് ഊഹിച്ചു.

 കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. എപ്പോഴും മുരളിയിൽ ഒരു മൗനത അയാൾ കണ്ടു. ഒരു അസ്വസ്ഥത.  പലപ്പോഴും എന്തോ സംസാരിക്കാനായി മുതിർന്നിട്ട് മിണ്ടാതിരിക്കും.  ഒരു ദിവസം ഗോപാലൻ മേശിരി മുരളിയെ അടുത്ത് വിളിച്ചു ചോദിച്ചു.”

"മോനേ,  കുറേ ദിവസമായി നിന്നെ ഞാൻ ശ്രദ്ധിക്കുന്നു. എന്തോ നിന്നെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.  പ്രശ്നമെന്താണെന്ന്  നീ എന്നോട് തുറന്നു പറ.”

 അല്പസമയം ആലോചിച്ചിട്ട് മുരളി ഗോപാലൻ മേശിരിയോട് തന്റെ പ്രണയത്തെക്കുറിച്ചും ശാന്തയെക്കുറിച്ചും, ഒരു താലിമാലയ്ക്കായി ശാന്ത നിർബന്ധം പിടിക്കുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചു.  സ്വന്തമായി ഒരു സ്വർണ്ണമാലയും താലിയും ഉണ്ടാക്കാൻ ഒരു വരുമാനം ആവശ്യമാണെന്നും അതിനുവേണ്ടി മുരളിക്ക് ശമ്പളം കൊടുക്കണമെന്നും മുരളി ഗോപാലൻ മേശിരിയോട് തുറന്നു പറഞ്ഞു.
എല്ലാം കേട്ടതിനു ശേഷം ഗോപാലൻ മേശിരി പറഞ്ഞു 

“ എന്റെ മോൻ വളർന്നതും,  കല്യാണപ്രായമായതും , സ്വന്തമായി ഒരു കുടുംബത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതും,  ഒന്നും ഞാൻ അറിഞ്ഞില്ല.  നേരത്തെ അറിയേണ്ടതായിരുന്നു. എന്തായാലും നിനക്ക് ഞാനൊരു ശമ്പളം തരാം.  പക്ഷേ അതുകൊണ്ട് നല്ല ഒരു സ്വർണ്ണമാല ഉണ്ടാക്കാൻ ഉടനെ എങ്ങാനും കഴിയുമോ ?”

“എന്നാ അപ്പൻ എന്നെ കുറച്ച് സ്വർണം തന്നു സഹായിക്ക്” മുരളി പറഞ്ഞു 

“ നിനക്ക് സ്വർണ്ണം  തന്നു സഹായിക്കാമായിരുന്നു.  പക്ഷേ നീ അറിയാത്തതായി എന്തെങ്കിലും ഉണ്ടോ നമ്മുടെ ജീവിതത്തിൽ?”

ഗോപാലൻ മേശിരി തുടർന്നു

“ നിനക്കറിയാമല്ലോ,  ഈ സ്വർണ്ണക്കട നമ്മുടെ സ്വന്തമല്ല.  ഇത് വാടകയ്ക്ക് ആണ്.  എന്റെ ചെറുപ്പകാലത്ത് സ്വർണ്ണപ്പണിക്കാർക്ക് നല്ല കാലമായിരുന്നു.  കാരണം സ്വർണ്ണാഭരണങ്ങൾ മുഴുവനും നമ്മളെ പോലെയുള്ള തട്ടാന്മാരായിരുന്നു ഉണ്ടാക്കിക്കൊണ്ടിരുന്നത്.  കേരളത്തിലെ ആളുകൾക്ക് സ്വർണ്ണാഭരണങ്ങൾ അത്യാവശ്യ കാര്യമല്ലേ?  കാലം മാറി. ഇന്ന് നോക്കുന്നിടത്തെല്ലാം  വലിയ വലിയ ജ്വല്ലറി കടകളാണ്. ഇപ്പോൾ ഭൂരിപക്ഷം ആളുകളും വലിയ വലിയ ജ്വല്ലറി കടകളിൽ നിന്നുമാണ് സ്വർണ്ണം ഒരുമിച്ച് വാങ്ങിക്കുന്നത്.  നമ്മുടെ അടുത്ത് വല്ല ചെറിയ കമ്മലോ, മാലയോ, വളയോ മറ്റോ അഴിച്ചു പണിയാനോ,  കാതുകുത്താനോ ഒക്കെയാണ് വരുന്നത്.  അല്ലെങ്കിൽ ചിലർ പഴയ ആഭരണങ്ങൾ പോളിഷ് ചെയ്യിക്കാൻ കൊണ്ടുവരും.  എത്ര തുച്ഛമായ വരുമാനമാണ് ഇക്കാലത്ത് നമ്മളെപ്പോലുള്ള സ്വർണപ്പണിക്കാർക്ക് കിട്ടുന്നത്?”

ഗോപാലൻ മേശിരി തുടർന്നു.

“ നിന്റെ മൂത്ത പെങ്ങൾ സുമതിയെ എങ്ങനെയാണ് നമ്മൾ കല്യാണം കഴിച്ച് അയച്ചത് എന്ന് ഓർമ്മയുണ്ടല്ലോ?  ഉള്ള സ്വർണ്ണം എല്ലാം അതിനായി ഉപയോഗിച്ചു. നിന്റെ അമ്മയുടെ കഴുത്തിൽ കിടന്ന മാലയും കമ്മലുകളും എല്ലാം സുമതിക്ക് കൊടുത്തിട്ടാണ് കല്യാണം കഴിച്ചത്.  പിന്നെ എങ്ങനെയാണ് മോനെ ഞാൻ നിനക്ക് വേണ്ടി ഒരു നല്ല താലിമാല തരുന്നത് ? നോക്കട്ടെ”.

 അന്ന് രാത്രിയിൽ ഗോപാലൻ മേശിരിയും കുടുംബവും ഉറങ്ങിയില്ല.  വിവരമറിഞ്ഞ് മുരളിയുടെ അമ്മ സരസ്വതി കുറേ കരഞ്ഞു. എന്നിട്ട് കഴുത്തിലെ താലിമാല ഊരി മുരളിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു 

“ഇത് നീ എടുത്തോ മോനേ.  എനിക്കെന്തിനാണ് ഇനി താലിമാല ഒക്കെ ?. ഈ താലി ഞാൻ ഒരു ചരടിൽ കോർത്ത് കഴുത്തിൽ ഇട്ടോളാം. ഈ മാല മോനെടുത്തോളൂ”. 

മുരളിക്ക് കരച്ചിൽ വന്നു.  പെട്ടെന്ന് മാല അമ്മയുടെ കയ്യിൽ പിടിപ്പിച്ചുകൊണ്ട് പറഞ്ഞു 

“അമ്മ എന്തായീ കാണിക്കുന്നത് ? അപ്പൻ ജീവിച്ചിരിക്കുമ്പോൾ അമ്മ ഈ താലി കഴുത്തിൽ നിന്നും ഊരരുത്. എല്ലാം ശരിയാകും.  അമ്മ വിഷമിക്കണ്ടാ”

അടുത്തദിവസം ഗോപാലൻ മേശിരിയും മകനും കടയിൽ പോയില്ല. ഒരു മൂകത ആ കുടുംബത്തെ ബാധിച്ചു.  വൈകുന്നേരം ആയപ്പോൾ ഗോപാലൻ മേശിരി മുരളിയെ വിളിച്ചുപറഞ്ഞു 

“ഈ ശാന്ത എന്ന പെൺകുട്ടി നമ്മുടെ കുട്ടപ്പൻ മേശിരിയുടെ മകൾ അല്ലേ? എനിക്ക് അറിയാം അവരെ. ഞാൻ അയാളോട് കല്യാണത്തെപ്പറ്റി ആലോചിക്കട്ടെ”

രണ്ടുദിവസം കഴിഞ്ഞ് ഗോപാലൻ മേശിരിയും, സരസ്വതിയും, മുരളിയും കൂടി കുട്ടപ്പൻ മേശിരിയുടെ വീട്ടിൽ പെണ്ണ് ആലോചിക്കാൻ പോയി.  നേരത്തെ തന്നെ അവരെ വിവരം അറിയിച്ചിരുന്നു. 
 ഒരു നല്ല സ്വീകരണമാണ് കുട്ടപ്പൻ മേശിരിയുടെ കുടുംബവും അവർക്ക് നൽകിയത്.  ശാന്തയും മുരളിയും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്ന കാര്യം അവർ അപ്പോഴാണ് അറിയുന്നത്.  ഒരേ ജാതിയിലും സമുദായത്തിലുള്ള ആൾക്കാർ. ഒരേ തൊഴിൽ ചെയ്യുന്നു.  അതുകൊണ്ട് മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. തമ്മിൽ പ്രണയം ആയതുകൊണ്ട് ഇനി നക്ഷത്ര പൊരുത്തം ഒന്നും നോക്കേണ്ട ആവശ്യമില്ല എന്ന് രണ്ട് കുടുംബങ്ങളും തീരുമാനിച്ചു.  മനപ്പൊരുത്തം ആണല്ലോ ഏറ്റവും വലിയ പൊരുത്തം!

ചായ കുടി  കഴിഞ്ഞു എല്ലാവരും സംസാരത്തിൽ മുഴുകിയിരുന്നപ്പോൾ ഗോപാലൻ മേശിരി കുട്ടപ്പൻ മേശിരിയെ അടക്കത്തിൽ വിളിച്ചുപറഞ്ഞു 

“എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു”

“അതിനെന്താ?”  എന്നും പറഞ്ഞുകൊണ്ട് കുട്ടപ്പൻ മേശിരി ഗോപാലൻ മേശിരിയെ അടുക്കളയുടെ പുറകു വശത്തുള്ള പറമ്പിലേക്ക് കൊണ്ടുപോയി. ഗോപാലൻ മേശിരി പരുങ്ങുന്നത് കണ്ടപ്പോൾ കുട്ടപ്പൻ മേശിരി പറഞ്ഞു 

“ഏട്ടൻ കാര്യം പറ. എന്ത് പ്രശ്നമായാലും  നമുക്ക് പരിഹാരമുണ്ടാക്കാം”

അല്പം ധൈര്യം കിട്ടിയപ്പോൾ ഗോപാലൻ മേശിരി പറഞ്ഞു

 “എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. . പണ പരമായി ഞാൻ ഇപ്പോൾ അല്പം ബുദ്ധിമുട്ടിലാണ്. മുരളിക്ക് ഉടനെ തന്നെ കല്യാണം വേണമെന്ന് ഒരു നിർബന്ധം. എന്റെ കയ്യിൽ ആണെങ്കിൽ ഒരു പൈസയില്ല.”

“ സ്ത്രീധനത്തെ പറ്റിയാണോ ഏട്ടൻ സൂചിപ്പിക്കുന്നത്?” കുട്ടപ്പൻ മേശിരി ചോദിച്ചു.

“ ഏയ്.  ഞങ്ങൾക്ക് സ്ത്രീധനം ഒന്നും വേണ്ടാ.  പിന്നെ ഒരു താലിമാല ഉണ്ടാക്കാൻ കുറച്ച് സ്വർണ്ണം വാങ്ങാൻ ഒരു ബുദ്ധിമുട്ട്”

 പറഞ്ഞു തീരുന്നതിനു മുമ്പ് ഞാൻ ദാ വരുന്നു എന്നും പറഞ്ഞ് കുട്ടപ്പൻ മേശിരി വീടിന്റെ ഉള്ളിലേക്ക് പോയി. അല്പസമയം കഴിഞ്ഞ് പുറത്തുവന്നു.  എന്നിട്ട് കടലാസിൽ പൊതിഞ്ഞ ഒരു സാധനം ഗോപാലൻ മേശിരിയുടെ പോക്കറ്റിൽ ഇട്ടുകൊണ്ട് പറഞ്ഞു

“ ഏട്ടാ, ഇത് അഞ്ചു പവന്റെ ഒരു സ്വർണ്ണ ബിസ്കറ്റാണ്.  കഴിഞ്ഞതവണ എന്റെ മകൻ ഗൾഫിൽ നിന്നും വന്നപ്പോൾ മൂന്നാലെണ്ണം കൊണ്ടുവന്നിരുന്നു.  ശാന്തയുടെ കല്യാണത്തിന് വേണ്ടി.  ഇത് ആരോടും പറയണ്ട. മുരളിയും അറിയണ്ടാ”.

 കുട്ടൻ മേശിരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഗോപാലൻ മേശിരി പറഞ്ഞു

 “ഇതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല”.

“ നന്ദി ഒന്നും വേണ്ടാ.  നമ്മൾ  രണ്ടുപേരും അല്ലാതെ വേറെ ഒരാൾ ഈ കാര്യം അറിയരുത്. പിന്നെ എനിക്കൊരു ആഗ്രഹമുണ്ട്.”

“ അതെന്താ?”

 ഗോപാലൻ ആകാംക്ഷയോടെ തിരക്കി.

“ ഏട്ടന്റെ കരകൗശലം  എനിക്കറിയാം. ഈ നാട്ടിലെ ഏറ്റവും മികച്ച  സ്വർണ്ണപ്പണിക്കാരനാണല്ലോ ! അതുകൊണ്ട് വളരെ നല്ല ഒരു താലിയും മാലയും ഏട്ടൻ തന്നെ ഇതുകൊണ്ട് പണിയണം.  നമ്മുടെ മക്കൾക്ക് വേണ്ടി”

 ഗോപാലൻമേശ്വരയുടെ കണ്ണ് നിറഞ്ഞു.  കുട്ടപ്പൻ മേശിരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് കുറെ നേരം അങ്ങനെ നിന്നു.

ഒരുമാസം കഴിഞ്ഞുള്ള ഒരു ശുഭമുഹൂർത്തത്തിൽ മുരളിയുടെയും ശാന്തയുടെയും വിവാഹം മംഗളമായി നടന്നു. കുട്ടപ്പൻ മേശിരിയുടെ വസതിയിൽ വച്ചായിരുന്നു വിവാഹം. 

താലികെട്ട് കഴിഞ്ഞ ഉടനെ ശാന്ത മുരളിയോട് പറഞ്ഞു 

“എന്റെ കയ്യിൽ സ്വർണ്ണം ഇല്ല എന്നും പറഞ്ഞ് എന്നെ പറ്റിച്ചു. അല്ലേ. കള്ളൻ!”

മുരളി ഒന്ന് പുഞ്ചിരിച്ചു….

കേണൽ രമേശ് രാമകൃഷ്ണൻ
15 September 2022

Monday, August 29, 2022

R - 286 വെള്ളിമൺ



“ആളിറങ്ങണം”.

 തേവള്ളി പാലത്തിൻറെ ഏകദേശം കാൽഭാഗം കഴിഞ്ഞപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു. ഡ്രൈവർ ബസ് നിർത്തുന്നില്ല എന്ന് കണ്ട് വീണ്ടും വിളിച്ചുപറഞ്ഞു 

“എനിക്ക് ഇവിടെ  ഇറങ്ങണം” 

പക്ഷേ ബസ്സ് പാലത്തിന്റെ പുറത്ത് അയാൾ നിർത്തിയില്ല. പാലവും കഴിഞ്ഞ് ഒരു ഫർലോങ്ങ് ദൂരെ കൊണ്ടുപോയി നിർത്തി. ഞാൻ കണ്ടക്ടറോട് കയർത്തു.

“ആളുകൾക്കിറങ്ങേണ്ടിടത്തല്ലേ വണ്ടി നിർത്തേണ്ടത്?’

 ബസ്സിൽ നിന്നും ഞാൻ ഇറങ്ങി കഴിഞ്ഞപ്പോൾ ഒരു പുച്ഛത്തോടെ അയാൾ പറഞ്ഞു 

“ പിന്നേ, പാലത്തിന്റെ നടുക്കല്ലേ വണ്ടി നിർത്തുന്നത് ?”

 ഞാൻ പതിയെ പാലത്തിന്റെ മുകളിലൂടെ നടന്നു. എന്നിട്ട് രണ്ടു വശത്തുമുള്ള കായലിലേക്ക് നോക്കി. അഷ്ടമുടിക്കായലിന്റെ ഭാഗമാണ് തേവള്ളിക്കായൽ.  കായലിന്റെ യഥാർത്ഥ ഭംഗി അറിയണമെങ്കിൽ രാവിലെ സൂര്യൻ ഉദിച്ചു കഴിയുമ്പോൾ തേവള്ളി പാലത്തിന്റെ മുകളിൽ നിന്ന് നോക്കണം . ശാന്തമായ,  ഓളങ്ങൾ ഇല്ലാത്ത കായലിൽ സൂര്യരശ്മികളുടെ പ്രതിബിംബം കാണാൻ എത്ര ഭംഗിയാണ് ! ഒപ്പം രണ്ട് കരകളിലും തഴച്ചു വളരുന്ന തെങ്ങുകൾ. ഇടയ്ക്കിടെ മന്ദം മന്ദം തുഴഞ്ഞു നീങ്ങുന്ന കൊതുമ്പു വള്ളങ്ങൾ. മുളയൂന്നി കൊണ്ടു പോകുന്ന കെട്ടുവളളങ്ങൾ, പിന്നെ ചിലർ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന ദൃശ്യങ്ങൾ.
തേവള്ളി പാലത്തിന്റെ അങ്ങേയറ്റം തേവള്ളിയും ഇങ്ങേയറ്റം കോട്ടയത്ത് കടവും ആണ്. യഥാർത്ഥത്തിൽ കോട്ടയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ഥലമാണ് കോട്ടയത്ത് കടവ്. അവിടെ St കസ്മീറിന്റെ പേരിൽ ഒരു ക്രിസ്ത്യൻ പള്ളിയുണ്ട്.  St ജോർജ്ജ് കുരിശടിയും.  പിന്നെ ഒന്നു രണ്ട് മുറുക്കാൻ കടകളും ചായക്കടയും. പഴയ ഒരു സ്കൂളും.

 തേവള്ളിപ്പാലം വരുന്നതിനു മുമ്പ് ഉള്ളതായിരുന്നു എന്റെ ബാല്യം. പണ്ട് കൊല്ലത്ത് രാജാവ് ഭരിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്ന കുറെ കിഴവന്മാർ എൻ്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു പക്ഷേ അവരാരും കൊല്ലം രാജാവ് ആനപ്പുറത്ത് എഴുന്നള്ളി ഞങ്ങളുടെ പ്രിയപ്പെട്ട നാടായ അഞ്ചാലുംമൂട്ടിൽ വന്നിട്ടുള്ളതായി പറഞ്ഞിട്ടില്ല. കാരണം തേവള്ളിയിൽ ആയിരുന്നല്ലോ കൊല്ലം രാജാവിന്റെ കൊട്ടാരം. തൊട്ടടുത്ത് കായലും.  കൊല്ലത്തു നിന്നും രാജാവിനെയും ചുമന്നുകൊണ്ട് ഒരു ആനയ്ക്കും കായൽ നീന്തി കടക്കാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ പിന്നെ തേവള്ളിയിൽ നിന്നും ചിന്നക്കട, കടപ്പാക്കട, രണ്ടാംകുറ്റി, മങ്ങാട് വഴി കറങ്ങി കണ്ടച്ചിറ ചീപ്പിന്റെ മുകളിലൂടെ താന്നിക്ക മുക്ക് വഴി അഞ്ചാലുംമൂട്ടിൽ വരണം . ഒരു ആനയുടെ ഭാരം താങ്ങാൻ കഴായാതെ ചീപ്പ് താഴ്ന്നു പോയാൽ രാജാവ് വെള്ളത്തിലായത് തന്നെ. 

തേവള്ളിയിൽ പാലം വരുന്നതിനു മുമ്പ്, അഞ്ചാലുംമൂട് വഴി പോകുന്നത് അഞ്ചാറു ബസ്സുകൾ മാത്രം ആയിരുന്നു.  അതിൽ പ്രധാനമായും ശ്രീ ശിവൻ, GMT യും മറ്റും.  കോട്ടയത്ത് കടവ് വരെയായിരുന്നു ഈ ബസ്സുകളുടെ റൂട്ട് . കോട്ടയത്ത് കടവ് ഒരു നല്ല കടത്തല്ലായിരുന്നു അവിടെ നിന്നും അക്കര പോകാൻ നല്ല കടത്തു വള്ളം കിട്ടില്ല . അതുകൊണ്ട് കൊല്ലത്ത് പോകാനുള്ളവർ ബസ്സിൽ നിന്നും വെങ്കേക്കരയിൽ ഇറങ്ങി അവിടെ നിന്നും മൂന്നാല് ഫർലോങ്ങ് നടന്ന് കടത്ത് കിട്ടുന്ന സ്ഥലത്തെത്തും. അവിടെ വലിയ രണ്ട് കടത്ത് വള്ളങ്ങൾ ഉണ്ടായിരുന്നു. ഒന്ന് ഇക്കരെയും മറ്റേത് അക്കരെയും. ഇക്കര വള്ളത്തിൽ ആളുകൾ കയറി തുടങ്ങുമ്പോൾ ഇക്കരെ നിന്ന് കൂവി അക്കരെ വിവരമറിയിക്കും. കടത്തിന് ആളുകൾ ഉണ്ടായാലും ഇല്ലെങ്കിലും കുറവാണെങ്കിലും കടത്തു വള്ളം ഇക്കരയിലേക്ക് പുറപ്പെടും.  വള്ളത്തിലുള്ള ആണുങ്ങൾ പങ്കായം പിടിച്ചു സഹായിക്കും. നല്ല രസമാണ് വരിവരിയായി കുമിളകൾ വള്ളത്തിന്റെ രണ്ടു വശത്തു നിന്നും പുറകിലോട്ട് പോകുന്നത് കാണാൻ. 
കായലിന്റെ അക്കര ആശ്രാമം എന്ന സ്ഥലത്താണ് അക്കരെയിലെ കടത്ത്..  അവിടെ കടത്തിറങ്ങി ആശ്രാമം ക്ഷേത്രത്തിന്റെ അരികിലൂടെ നടന്ന്  ടൂറിസ്റ്റ് ബംഗ്ലാവ്( പണ്ട് ബ്രിട്ടീഷ് റെസിഡൻസി ആയിരുന്ന കെട്ടിടം), ആശ്രമം മൈതാനം, മുനീശ്വരൻ കോവിൽ,  പഴയ ബർമ്മാ ഷെല്ല്  എന്ന എണ്ണക്കമ്പനികളുടെ ടാങ്ക് , കുഞ്ഞമ്മപ്പാലം എന്നിവ കഴിഞ്ഞാൽ കൊല്ലത്തിന്റെ ഹൃദയ സ്ഥാനമായ ചിന്നക്കടയിൽ എത്താം.

അങ്ങനെ വെങ്കേക്കര വഴി നടന്നായിരുന്നു കൂടുതൽ ആളുകളും കൊല്ലത്ത് പോയിക്കൊണ്ടിരുന്നത്.  ഞങ്ങളുടെ കിഴക്കേവീട്ടിലെ ചന്ദ്ര ചേച്ചി ഗ്രാജുവേറ്റ് ആയത് അങ്ങനെ നടന്ന് എസ് എൻ കോളേജിൽ പോയി പഠിച്ചിട്ടായിരുന്നു. എത്ര മനോഹരമായിരുന്നു ചന്ദ്ര ചേച്ചി കറുത്ത ഗൗണുമൊക്കെയണിഞ്ഞ് ഒരു ചതുരാകൃതിയിലുള്ള തൊപ്പി തലയിൽ വച്ച് ഡിഗ്രിയും പിടിച്ചു നിൽക്കുന്ന ഫോട്ടോ കാണാൻ.

 അല്ലാതെ കൊല്ലത്ത് പോകാൻ അഷ്ടമുടിയിൽ നിന്നും തിരുമുല്ലവാരം വരെയുള്ള പി എം എസ് എന്ന പ്രൈവറ്റ് ബസ്സ് ഉണ്ടായിരുന്നു. മങ്ങാട് വഴിയാണ് പോകുന്നത്. അതും നാലുമണിക്കൂർ ഇടവിട്ടായിരുന്നു യാത്ര.

തേവള്ളിയിൽ പാലം വന്നതോടെ ഞങ്ങളുടെ നാടാകെ മാറി.  ഞങ്ങളും കൊല്ലക്കാരായി.  കൊട്ടാരക്കരയിൽ നിന്നും പെരുമൺ, പ്രാക്കുളം, അഷ്ടമുടി എന്തിന് പുത്തൂർ ,നെടുമങ്ങാവ് നിന്നും വരെയുള്ള ബസ്സുകൾ തേവള്ളിപ്പാലം വഴി ഓടാൻ തുടങ്ങി.

ആയിടെയാണ് അഞ്ചാലുംമൂട് സ്കൂളിൽ നിന്നും SSLC ഫസ്റ്റ് ക്ലാസ്സോടെ ഞാൻ ജയിച്ചത് . അക്കാലത്ത് 10 കഴിഞ്ഞാൽ കോളേജ് അല്ലാതെ വേറൊരു പഠിത്തം ഇല്ലായിരുന്നു . നാല് കോളേജുകൾ ഉണ്ടായിരുന്നു കൊല്ലത്ത്. S N കോളേജ് ,
SN വിമൻസ് കോളേജ്, കർബല ജംഗ്ഷനിൽ ഫാത്തിമ കോളേജ്, മൂന്നാംകുറ്റിക്കടുത്ത് T K M കോളേജ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഒരേ ക്ലാസിൽ ഇരുന്നു പഠിക്കുന്ന ഫാത്തിമ കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടി.  എൻറെ സ്വപ്നത്തിലെ സ്വർഗ്ഗം എനിക്ക് കിട്ടിയെന്ന് പറയാം.

അക്കാലത്തെ അഞ്ചാലുംമൂട്ടിൽ നിന്നും കൊല്ലത്തേക്കുള്ള ബസ് കൂലി 20 പൈസയായിരുന്നു. വിദ്യാർത്ഥികൾക്ക് 10 പൈസയും. ഡീസലിന്റെയും മറ്റും വില കൂടിയപ്പോൾ സാധാരണക്കാരുടെ ബസ് കൂലി 30 പൈസയാക്കി. വിദ്യാർഥികൾക്ക് ബസ് കൂലി 15 പൈസയുമാക്കി കൂട്ടി.

വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.  ബസ്സുകൾക്ക് നേരെ കുട്ടികൾ കല്ലെറിഞ്ഞു.  കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലും പിന്നെ എസ് എൻ കോളേജിലും സമരം നടന്നു.  സമരം രൂക്ഷമായതോടെ ബസ്സുടമകൾ ഒരു തീരുമാനം എടുത്തു. ഇനി ഒരു പ്രളയം വന്ന് നാട് നശിച്ചാലും വിദ്യാർത്ഥികൾക്ക് ബസ്സ് കൂലി 10 പൈസ തന്നെ. ഏത് ഭരണകൂടം വന്നാലും.  അതോടെ നിന്നു എല്ലാ സമരവും.

 പക്ഷേ കാശു മുതലാക്കാൻ പ്രൈവറ്റ് ബസ്സുകാർ ഒരാൾക്ക് പകരം മൂന്നു വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാൻ തുടങ്ങി. ബസ്സിൽ ഇടിയും തള്ളും കൊണ്ടുള്ള അന്നത്തെ യാത്ര ഓർക്കുമ്പോൾ ഇപ്പോഴും ശരീരം വിയർക്കും.

എന്റെ ബാല്യകാല സുഹൃത്തും ക്ലാസ്മേറ്റുമായ ജ്യോതി റോസ് ആയിരുന്നു എന്നും എന്റെ കൂടെ സഞ്ചരിച്ചിരുന്നത്. ഞാൻ  എവിടെയും എന്തിനും പോകുന്നതും ജ്യോതിയുടെ കൂടെയായിരുന്നു . കോളേജിലേക്കും തിരികെയും.  ഞങ്ങൾ കൈകോർത്ത് പിടിച്ചായിരുന്നു യാത്ര.  ജ്യോതിക്ക് ഇടിയും തള്ളും കൊണ്ടുള്ള യാത്ര അത്രയ്ക്ക് ഇഷ്ടമല്ല അതുകൊണ്ട് ഞങ്ങൾ കൂടുതൽ ആളുകളെ കയറ്റാത്ത ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. 30 പൈസയുടെ ടിക്കറ്റെടുത്ത്. പക്ഷേ ട്രാൻസ്പോർട്ട് ബസ്സുകൾ ബസ്റ്റാൻഡിന്റെ മുന്നിൽ നിർത്തുകയില്ല. ഒന്നുകിൽ കുറെ മുന്നിൽ അല്ലെങ്കിൽ പിന്നിൽ. രണ്ടായാലും ബസ്സ് പിടിക്കാനായി ഓടണം. പക്ഷേ കൂടുതൽ തിരക്കില്ലാത്തതിനാൽ യാത്ര ചെയ്യാൻ സുഖമായിരുന്നു. സാധാരണയായി സീറ്റുകൾ കിട്ടാറില്ല പിന്നെ ഹൈസ്കൂൾ ജംഗ്ഷൻ എത്തുമ്പോൾ കളക്ടറേറ്റിൽ പോകുന്ന ആരെങ്കിലും ഇറങ്ങിയാൽ ഇരിക്കാൻ സീറ്റ് കിട്ടും.

ഒരു ദിവസം ജ്യോതി റോസ് ബസ്സ്റ്റാൻഡിൽ എത്താൻ വൈകി.  അപ്പോഴേക്കും ഞങ്ങൾ സ്ഥിരമായി യാത്ര ചെയ്യാറുള്ള പ്രാക്കുളം -  കൊല്ലം , എന്ന ട്രാൻസ്പോർട്ട് ബസ്സ് വിട്ടുപോയി. അങ്ങനെ ഞങ്ങൾ അടുത്ത ബസ്സ് കാത്തുനിൽക്കുമ്പോൾ പെട്ടെന്ന് ഒരു ട്രാൻസ്പോർട്ട് ബസ്സ് വന്ന് സ്റ്റാൻഡിന്റെ മുന്നിൽ നിന്നു.  ബോർഡ് നോക്കാതെ ഞങ്ങൾ ബസ്സിൽ കയറി പുറകെയുള്ള സീറ്റും ചാരി നിന്നു.

എന്തെങ്കിലും പ്രത്യേകമായി എന്നെ അറിയിക്കണമെങ്കിൽ,  അതും മറ്റുള്ളവരുടെ മുമ്പിൽ വച്ച്, ജ്യോതി എന്റെ കൈപിടിച്ച് ഒന്ന് അമർത്തും.  എനിക്ക് സന്ദേശം കിട്ടും. ഞാൻ ചുറ്റും നോക്കും കാണാനുള്ളത് കാണും. ഞാനും തിരിച്ച് അങ്ങനെയാണ് സന്ദേശം കൊടുക്കുന്നത്. 

ബസ്സ് വിട്ടു. ചന്ദ്ര ടാക്കീസിന്റെ അടുത്ത് എത്തിയപ്പോൾ ജ്യോതി എന്റെ കൈപിടിച്ച് ഒന്നമർത്തി. ബസ്സിൽ  നേരെ മുന്നോട്ട് നോക്കി നിന്നിരുന്ന ഞാൻ തല തിരിച്ച് ചുറ്റും നോക്കി . വലതുവശത്തുള്ള  ഒരു സീറ്റിൽ കണ്ട കാഴ്ച എന്റെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു. എന്റെ ജീവിതത്തിൽ അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ ഒരു പെൺകുട്ടി പിറകുവശത്തു നിന്നും മൂന്നാമത്തെ സീറ്റിൽ വെളിയിലേക്ക് നോക്കിയിരിക്കുന്നു. 

പാല് പോലെ വെളുത്ത നിറവും,  നല്ല ചുരുണ്ട മുടിയും,  ചുമന്ന ചുണ്ടുകളും, നീണ്ട കണ്ണുകളും, ചുവന്നു തുടിച്ച കവിളുകളും തുടിക്കുന്ന യൗവ്വനവും. അതായത് സ്ത്രീ സൗന്ദര്യത്തിന്റെ മൂർത്തി ഭാവം. ഞാൻ ജ്യോതിയോട് ഒന്നും മിണ്ടാതെ വിസ്മയിച്ചു അങ്ങനെ നിന്നുപോയി. ആ പെൺകുട്ടിയിൽ നിന്ന് കണ്ണെടുക്കാതെ.  വേറെ  ആളുകളെയോ, സാധനങ്ങളെയോ,  ദൃശ്യങ്ങളെയോ ഒന്നും ഞാൻ നോക്കിയില്ല.  എന്റെ മനസ്സ് ഒന്നിനും അനുവദിച്ചില്ല. ഒരു ഷോക്കിൽ എന്നപോലെ ഞാൻ അങ്ങനെ നിന്നു.
മുരിങ്ങമൂട്, സി കെ പി ജംഗ്ഷൻ കടവൂർ, മതിലിൽ, വെങ്കേക്കര, കോട്ടയത്ത് കടവ്, തേവള്ളിപ്പാലം, തേവള്ളി, ഹൈസ്കൂൾ ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ എപ്പോൾ കടന്നുപോയത് എന്ന് ഞാൻ അറിഞ്ഞില്ല. 

ബസ്സിൽ നിന്നും കുറെ ആളുകൾ ഇറങ്ങി, കുറെപ്പേർ കയറി.  ആളുകൾക്ക് ഇറങ്ങാനും കയറാനും സൗകര്യത്തിനായി ജ്യോതി എന്നെ അല്പം പുറകിലോട്ട് മാറ്റി നിർത്തി. പക്ഷേ എന്റെ  കണ്ണുകൾ  ആ സുന്ദരിയിൽ തന്നെ ആയിരുന്നു.

ബസ്സ് കൊല്ലത്ത് കോട്ടൺ മില്ലിന്റെ മുന്നിലെത്തിയപ്പോൾ ആ പെൺകുട്ടി ഇറങ്ങാനായി എഴുന്നേറ്റ് നിന്നു. ആളുകൾക്കിടയിലൂടെ നടന്നുവന്ന് എന്റെ അരികിലെത്തിയപ്പോൾ ഞാൻ ഒന്ന് ഒഴിഞ്ഞുമാറികൊടുക്കാൻ ശ്രമിച്ചു. പക്ഷേ ആ കുട്ടി അതിനു വേണ്ടി കാത്തുനിന്നില്ല.
എന്റെ നെഞ്ചിൽ അവളുടെ മാറിടങ്ങൾ ഉരച്ചുകൊണ്ട് ആ പെൺകുട്ടി ബസ്സിൽ നിന്നും ഇറങ്ങി. ആ സമയത്ത് എനിക്കുണ്ടായ വികാരം എന്താണെന്ന് ഇവിടെ വിവരിക്കാൻ ബുദ്ധിമുട്ടാണ്.  ശ്വാസം നേരേ കിട്ടാൻ അല്പം സമയമെടുത്തു. സ്വബോധം വീണ്ടുകിട്ടയപ്പോൾ ജ്യോതി എന്നെ നോക്കി അർത്ഥം വെച്ചൊരു ചിരി.  മറ്റാരെങ്കിലും നടന്ന സംഭവം ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല.

കൊല്ലം ബസ്റ്റാൻഡിൽ ഞങ്ങൾ ഇറങ്ങി. പ്രൈവറ്റ് ബസ്സ് പോലെയല്ല ട്രാൻസ്പോർട്ട് ബസ്സ്. ഒരേ നിറവും രൂപവും. ട്രാൻസ്പോർട്ട് ബസ്സിന് ആരും പേരിടാറില്ല.  ഡ്രൈവറും കണ്ടക്ടറും പോലും സ്ഥിരമായി ഉള്ളവരല്ല. പിന്നെ ഏത് ബസ്സാണ് എന്ന് തിരിച്ചറിയാൻ ഒരേയൊരു മാർഗ്ഗം ആ ബസ്സിന്റെ നമ്പറാണ്. ഞങ്ങൾ ബസ്സിന്റെ ബോർഡ് നോക്കി.
 'R- 286, വെള്ളിമൺ’

ഒന്നുകൂടി ആ സുന്ദരിയെ ഒരു നോക്കു കാണാൻ, ആ ശബ്ദം ഒന്ന് കേൾക്കാൻ മനസ്സ് വെമ്പി.

പിന്നീടുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഞാനും ജ്യോതി റോസും വെള്ളിമണ്ണിൽ നിന്നും വരുന്ന അതേ ബസ്സിൽ കോളേജിലേക്കും തിരികെയും യാത്ര ചെയ്തു.  ഒരിക്കലും ആ കുട്ടിയെ ബസ്സിൽ ഞങ്ങൾ കണ്ടിട്ടില്ല. പലപ്രാവശ്യം കോട്ടൺ മില്ലിന്റെ അടുത്ത് ഞങ്ങൾ കറങ്ങി. പല വീടുകളിലും എത്തിനോക്കിയിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ആ മുഖം പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല. 

ഇന്നും എന്റെ ഓർമ്മയിൽ മായാതെ കിടക്കുന്ന ഒരു ട്രാൻസ്പോർട്ട് ബസ്സിന്റെ ബോർഡ് ആണ് 

‘ R - 286 വെള്ളിമൺ'

കേണൽ രമേശ് രാമകൃഷ്ണൻ
29 August 2022.

Friday, August 26, 2022

മൈതീൻ മുതലാളിയുടെ വണ്ടിക്കാളകൾ



മൈതീൻ മുതലാളി ഒരു വലിയ മുതലാളി ഒന്നുമല്ലായിരുന്നു. പണ്ട് നമ്മുടെ നാട്ടിൽ ആളൊരു മുസ്ലിമാണെങ്കിൽ, അയാൾ എന്തെങ്കിലും കച്ചവടം നടത്തുകയാണെങ്കിൽ അയാളെ  മുതലാളി എന്ന് വിളിക്കുമായിരുന്നു . അത് വറുത്ത കപ്പലണ്ടി കച്ചവടം ആയാലും പഴയ ചാക്കിന്റെ കച്ചവടം ആയാലും മതി.  

അഞ്ചാലുംമൂട്ടിലെ ഒരു ചെറിയ മുസ്ലിം കുടുംബത്തിൽ ആയിരുന്നു മൈതീൻ മുതലാളിയുടെ ജനനം. വാപ്പ ഹമീദ് മുതലാളി ഒരു കാളവണ്ടിക്കാരൻ ആയിരുന്നു. അഞ്ചാലുംമൂട്ടിലെ ചെറിയ ചെറിയ കടക്കാർക്ക് കൊല്ലം കമ്പോളത്തിൽ നിന്നും ചരക്കുകൾ കൊണ്ടുവന്ന് കൊടുക്കുന്നതായിരുന്നു ഹമീദ് മുതലാളിയുടെ ജോലി. ഒപ്പം അല്ലറ ചില്ലറ കച്ചവടം കാളവണ്ടിയിൽ സാധനം കൊണ്ടു നടന്ന് ചെയ്യുമായിരുന്നു.. അദ്ദേഹത്തിന് വയസ്സായപ്പോൾ കാളവണ്ടിയും കാളകളും ഒരേയൊരു മകനായ മൈതീന് കൊടുത്തു.  താമസിയാതെ രണ്ടുകാളുകളും വയസ്സായി മരിച്ചു.  പിന്നീട് കുറേക്കാലത്തോളം ആ കാളവണ്ടി ഉപയോഗശൂന്യമായി അങ്ങനെ കിടന്നു.

ഒരു തടിച്ചു കൊഴുത്ത ചെറുപ്പക്കാരൻ ആയിരുന്നു മൈതീൻ. നല്ല കറുപ്പ് നിറം. ചെറുപ്പത്തിൽ തന്നെ മുടി കുറെ പൊഴിഞ്ഞു പോയി. എന്നാലും നല്ല മുഖശ്രീ ഉള്ള ആളായിരുന്നു മൈതീൻ. വേറെ തൊഴിലൊന്നും അറിയാതെ മൈതീൻ ആകെ വലഞ്ഞു. പക്ഷേ  തന്റെ വാപ്പായെപ്പോലെ ഒരു കാളവണ്ടിക്കാരൻ ആകാൻ അയാൾക്ക് ഇഷ്ടമല്ലായിരുന്നു. പല ജോലികളും ചെയ്തു നോക്കി. ഒന്നിലും വിജയിച്ചില്ല.  ജീവിക്കാനായി ഒരു മാർഗ്ഗം തേടുകയായിരുന്നു. അപ്പോഴാണ് കൂട്ടുകാരനായ നാണു മേശിരി ഒരു ഐഡിയ പറഞ്ഞത്.

നാണു മേശിരി, ആശാരി ആയിരുന്നെങ്കിലും അവരുടെ കുലത്തൊഴിലായ   ഫർണിച്ചർ നിർമ്മാണം, വീടിന്റെ പണി എന്നിവ അയാൾക്ക് തീരെ വശമില്ലായിരുന്നു.  ആകെ അറിയാവുന്നത് ചിന്തേരിടീൽ ആയിരുന്നു. ഏത് തടിയായാലും ചിന്തേരിട്ട് മിനുസപ്പെടുത്തുന്നത് നാണുവിന് ഒരു ഹരമായിരുന്നു. മറ്റ് ആശാരിമാരുടെ  കൂടെ പണിക്ക് പോയാൽ, ചിന്തേരിടുന്ന ജോലി മാത്രമേ നാണുവിന് അവർ കൊടുക്കൂ. 

ഒരു ദിവസം മൈതീനോട് സംസാരിച്ചു കൊണ്ടിരിക്കെ ഒരു ആശയം നാണുവിന്റെ മനസ്സിലുദിച്ചു.  നാണുവും മൈതീനും ചേർന്നു നടത്താവുന്ന  ഒരു ബിസിനസ് ഐഡിയ..

 അക്കാലത്ത് നമ്മുടെ നാട്ടിൽ ഉരലും ഉലക്കയും സാധാരണ എല്ലാ വീടുകളിലും ഉണ്ടായിരുന്നു.  അതുപോലെതന്നെ മൺവെട്ടി കുന്താലി,  കോടാലി എന്നിങ്ങനെയുള്ള ഉപകരണങ്ങളും. ഇവയുടെ കൈകൾ തടിയിൽ ഉണ്ടാക്കിയതാണ്. സാധാരണയായി കുറെനാൾ ഉപയോഗിച്ച് കഴിയുമ്പോൾ ഒടിഞ്ഞുപോകുന്നവ. അപ്പോൾ ആളുകൾ ഈ ഉപകരണങ്ങളുടെ തടികൊണ്ടുള്ള കൈകൾ ചന്തയിൽ നിന്നും വാങ്ങും. ചന്തകളിൽ കൈകൾക്ക് നല്ല മാർക്കറ്റ് ആണ്. പ്ളാൻ അനുസരിച്ച് നാണു മേശിരി ഉലക്കയും മറ്റു കൈകളും പണിഞ്ഞു ഉണ്ടാക്കും. മൈതീൻ അവയെ തന്റെ കാളവണ്ടിയിൽ ചന്തകളിൽ കൊണ്ടു പോയി വിറ്റ് കാശുണ്ടാക്കുക. എത്ര ഉലക്കയും കൈകളും വിറ്റ് കിട്ടുന്നുവോ അതനുസരിച്ച് കൂലി നാണുമേശിരിക്ക്. നാണു മേശിരി പറഞ്ഞ ഐഡിയ മൈതീന് ഇഷ്ടപ്പെട്ടു. രണ്ടു പേർക്കും ഒരു വരുമാന മാർഗ്ഗം കാണാനായി ആ ബിസിനസ് ചെയ്യാൻ അവർ തീരുമാനിച്ചു.

ആദ്യമായി കുറച്ച് കാശ് കടമായി ഒപ്പിച്ച് രണ്ട് കാളുകളെ വാങ്ങി. വെളുത്ത രണ്ട് കാളകൾ. എന്നിട്ട് പഴയ കാളവണ്ടിയിൽ കെട്ടി. അങ്ങനെ മൈതീൻ കാളവണ്ടിക്കാരൻ ആയി. ആദ്യം നാട്ടിലുള്ള പഴയ ഒന്ന് രണ്ട് തെങ്ങുകൾ വാങ്ങി മുറിപ്പിച്ച് തൻ്റെ വീട്ടിൽ കൊണ്ടു വന്നു. കാളകളെ കെട്ടാനായി ഒരു പഴയ എരുത്തിലുണ്ടായിരുന്നു. അതിൽ ഒരു വശത്ത് കാളകളെ രാത്രിയിൽ കെട്ടാനും, മറുവശത്ത് നാണു മേശിരിയ്ക്ക് ഇരുന്നു പണിയാനുമുള്ള സാഹചര്യങ്ങൾ ഒരുക്കി.

ഉലക്കയുടെ രണ്ടുവശത്തും വേണ്ട മൂട് പണിയാൻ അടുത്തുള്ള ഒരു മേശിരിക്ക് അടങ്കൽ കൊടുത്തു. നെല്ല് കുത്താനുള്ള മൂടും അരി ഇടിക്കാനുള്ള മൂടും. തെങ്ങിൻ തടിയിൽ ഉലക്കയുടെ പണിയാണ് നാണു മേശിരി ആദ്യം തുടങ്ങിയത്. നാട് മുഴുവൻ ചുറ്റി നടന്നു പഴയ തെങ്ങുകൾ വാങ്ങും. എന്നിട്ട് മൂപ്പരെക്കൊണ്ട്  മുറിപ്പിച്ച് കാളവണ്ടിയിൽ കയറ്റി സ്വാമില്ലിൽ കൊണ്ടുപോയി സൈസ് അനുസരിച്ച് കീറി വീട്ടിൽ കൊണ്ടു വരും. നാണു മേശിരി തടി ചീകി ഉലക്കയും മറ്റും ഉണ്ടാക്കും. പിന്നീട് അവയുടെ മൂട് പിടിപ്പിക്കും. താമസിയാതെ മൈതീൻ മുതലാളി  നൂറുകണക്കിന് ഉലക്കകൾ തന്റെ കാളവണ്ടിയിൽ കയറ്റി അടുത്തുള്ള ചന്തകളിൽ കൊണ്ടുപോയി വിറ്റു.

അക്കാലത്ത് നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ആഴ്ച ചന്തകളും മാസച്ചന്തകളും ഉണ്ടായിരുന്നു.  അഷ്ടമുടി ചന്ത, പെരുമൺ ചന്ത, കുണ്ടറ ചന്ത, കൊട്ടാരക്കര ചന്ത, പുത്തൂർ ചന്ത, നെടുമൺകാവ് ചന്ത, മങ്ങാട് ചന്ത അങ്ങനെ പലയിടത്തും ചന്തകളുണ്ടായിരുന്നു. ആളുകൾ വീടിന്റെ അടുത്തുള്ള ചന്തയിൽ നിന്നും മറ്റു സാധനങ്ങൾക്കൊപ്പം കൃഷി ഉപകരണങ്ങളും വാങ്ങിയിരുന്നു. ഒപ്പം ഉലക്കകളും മൺവെട്ടി, കുന്താലി, കോടാലി എന്നിവയും അവയുടെ കൈകളും വാങ്ങിയിരുന്നു. മൈതീന് നല്ല രീതിയിൽ കച്ചവടം നടന്നു. ഒരു ചന്ത കഴിയുമ്പോഴേക്കും രണ്ടുപേർക്കും കൂടി ഒരു നല്ല വരുമാനം കിട്ടിയിരുന്നു.

സ്ഥിരമായി ഒരു വരുമാനം ശരിയായതിനു ശേഷം മൈതീൻ മുതലാളി ഒരു കല്യാണം കഴിച്ചു. ഒരു വെളുത്ത സുന്ദരിപ്പെണ്ണ്. കടവൂർ ക്ഷേത്രത്തിനടുത്തുള്ള മതിലിൽ എന്ന സ്ഥലത്ത് നിന്നും. മൈതീൻ പോലും ഭാര്യയെ ‘എടേ’ എന്നായിരുന്നു സംബോധന ചെയ്തത്. അതുകൊണ്ടുതന്നെ ആർക്കും അവരുടെ യഥാർത്ഥ പേര് അറിയില്ലായിരുന്നു. അടുത്ത വീട്ടുകാരൊക്കെ അവരെ '” മതിലിക്കാരി ഉമ്മാ” എന്നാണ് വിളിച്ചിരുന്നത്. നല്ല സ്വഭാവവും ഐശ്വര്യവും സൗന്ദര്യവും ഉണ്ടായിരുന്നതുകൊണ്ട് പരിസരത്തെ വീടുകളിൽ എല്ലാ മലയാള മാസവും ' ഒന്നാം തീയതി കയറുന്നത് മതിലിക്കാരി ഉമ്മാ ആയിരുന്നു.  

കാലം കടന്നുപോയി. ഇതിനിടയിൽ മതിലിക്കാരി ഉമ്മാ അഞ്ച് പ്രസവിച്ചു. രണ്ട്  ആൺകുട്ടികളും മൂന്നു പെൺകുട്ടികളും. അവർക്ക് സുലൈമാൻ, ഫാത്തിമ ( പാത്തിമുത്ത്), ലൈല, കരീം, ജമീല എന്നിങ്ങനെ പേരിട്ടു. സ്നേഹവും സ്വഭാവഗുണവും ഏറെയുള്ള നല്ല മക്കൾ. അവരെ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. പക്ഷേ പഠിത്തത്തിൽ അച്ഛനമ്മമാരെ പോലെ തന്നെ അവർ വലിയ സാമർത്ഥ്യക്കാരായിരുന്നില്ല. അവരും വീട്ടിൽ വാപ്പായെയും ഉമ്മായെയും സഹായിച്ചും മറ്റു ചെറിയ എന്തെങ്കിലും പണികളും ചെയ്തു ജീവിതം മുന്നോട്ട് പോയി.

മക്കളെപ്പോലെ തന്നെ മൈതീൻ മുതലാളി തന്റെ രണ്ടു കാളകളെയും സ്നേഹിച്ചു. അവരെ ചാട്ട കൊണ്ടോ വടി കൊണ്ടോ അടിക്കില്ലായിരുന്നു. കൂടി വന്നാൽ വാല് പിടിച്ച് ഒന്ന് തിരിക്കും. കാളയുടെ വാല് ആണല്ലോ കാളവണ്ടിയുടെ സ്റ്റിയറിംഗും, ആക്സിലറേറ്ററും. മൂക്ക് കയറ് അതിന്റെ ബ്രേക്കും. 
സാധാരണയായി വെളുപ്പിനെ ആയിരിക്കും മൈതീൻ മുതലാളിയും കാളവണ്ടിയും ചന്തകളിലെ വിൽപ്പന കഴിഞ്ഞ് തിരികെയെത്തുന്നത്. വണ്ടി എരുത്തിലിനടുത്ത് നിറുത്തിയ ഉടനെ തന്നെ കാളകളെ അഴിച്ച് കിണറ്റിൻ കരയിൽ കൊണ്ടു പോയി കുറെയേറെവെള്ളം കോരിയൊഴിച്ച്, നല്ലത് പോലെ ചകിരി കൊണ്ട് പുറം ഉരച്ച് കുളിപ്പിക്കും. അപ്പോഴേക്കും മതിലിക്കാരി ഉമ്മാ തലേന്നേ പുഴുങ്ങാനിട്ട പുളിങ്കുരുവും കാടിയും രണ്ടു ചെമ്പ് പാത്രങ്ങളിൽ കൊണ്ടു വന്നു കാളകളുടെ മുന്നിൽ വയ്ക്കും. കാളകളുടെ കുളിയും തീറ്റയും കാടി കുടിയും കഴിയാതെ മൈതീൻ മുതലാളി പല്ല് പോലും തേക്കില്ല. രണ്ടു മക്കളെപ്പോലെ ആയിരുന്നു തന്റെ കാളകളെ ഇ കുടുംബം നോക്കിയിരുന്നത്. ആ കാലഘട്ടത്തിൽ ആ കുടുംബത്തിന്റെ ജീവിതമാർഗം ആ രണ്ട് കാളകൾ ആയിരുന്നു എന്ന് മുതലാളിക്കും കുടുംബത്തിനും നല്ല ബോധം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചന്ത കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അവർക്കായുള്ള ആഹാരസാധനങ്ങൾ അതേ ചന്തിയിൽ നിന്നും വാങ്ങിക്കൊണ്ടു വരാൻ മറക്കില്ല. അത് കച്ചവടം നടന്നാലും നടന്നില്ലെങ്കിലും ചാക്കിൽ പുളിങ്കുരു വാങ്ങിക്കൊണ്ട് വരുമായിരുന്നു. അതുപോലെതന്നെ വിൽപ്പന നടക്കാതെ പോയ മലക്കറിയും. ആ പുളിങ്കുരു എല്ലാദിവസവും പുഴുങ്ങി രാവിലെ കാളകൾക്ക് മുഖ്യഭക്ഷണമായി കൊടുക്കും. ഒരു ശല്യവും ഈ രണ്ട് കാളകളിൽ നിന്നും ആർക്കും ഉണ്ടായിട്ടില്ല. അവർ വണ്ടി വലിക്കും, ചന്തയിൽ പോകും തിരികെ വരും. പകൽസമയത്ത് അവരെ ഒരു തെങ്ങിന്റെ മൂട്ടിൽ കെട്ടിയിട്ടിരിക്കും. ആഹാരം കഴിക്കും അവർ കിടന്നുറങ്ങും.

കാലം കടന്നുപോയി നല്ല രീതിയിൽ മുതലാളിയുടെ കച്ചവടം നടക്കുകയായിരുന്നു. ആയിടയ്ക്ക് വീടുകളിൽ മിക്സി എന്ന ഉപകരണം ആൾക്കാർ വാങ്ങിക്കാൻ തുടങ്ങി. ഉലക്കയുടെയും ഉപയോഗം വീടുകളിൽ കുറഞ്ഞു. ഒപ്പം നാട്ടിൽ പലയിടത്തും പൊടിപ്പുമില്ലും ആട്ടുമില്ലും  വന്നു കഴിഞ്ഞു. മുളകും മല്ലിയും മഞ്ഞളും പൊടിക്കാൻ ഒക്കെയുള്ള സംവിധാനം നാട്ടിലെത്തി.  അതുപോലെതന്നെ ദോശയുടെയും അപ്പത്തിന്റെയും മാവ് ആട്ടിയെടുക്കാനും. പിന്നെ കൃഷി ഉപകരണങ്ങളും ക്രമേണ ഉപയോഗശൂന്യമായി. കൃഷിഭൂമി ഉഴുതു മറിക്കുന്ന കാര്യങ്ങളൊക്കെ ' ടില്ലർ '  എന്ന അത്ഭുത യന്ത്രം ഉപയോഗിച്ച് ചെയ്യാൻ തുടങ്ങി . അതോടെ മൺവെട്ടി, കുന്താലി എന്ന ഉപകരണങ്ങൾക്ക് പുരയിടങ്ങളിൽ കൂടുതൽ ജോലിയില്ലാതെയായി. ഗ്യാസ് അടുപ്പ് വന്നതോടെ വിറക് കത്തിച്ച് അടുക്കളയിൽ പാചകം ചെയ്യുന്ന സമ്പ്രദായവും കുറഞ്ഞു. അതോടെ പണ്ട് വിറകു കീറി വിറ്റിരുന്ന കടകളെല്ലാം അടച്ചുപൂട്ടി. ആളുകൾ വിറക് വാങ്ങാത്തതുകൊണ്ട് കോടാലിയുടെ ഉപയോഗവും ക്രമേണ കുറഞ്ഞു. 

ജീവിതരീതികൾ മാറിയതോടെ മുതലാളിയുടെ ജീവിതവും മാറി.  പണ്ട് ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങളുടെ കച്ചവടം വളരെ കുറഞ്ഞു.  വല്ലപ്പോഴും ഒന്നോരണ്ടോ ഉലക്ക ആരെങ്കിലും വീട്ടിൽ വന്നു വാങ്ങും പക്ഷേ അതുകൊണ്ട് ഒരു ജീവിതം കൊണ്ടു പോകാൻ ബുദ്ധിമുട്ടായി.

ജീവിത പ്രയാസങ്ങൾ കൊണ്ടാണോ എന്നറിയില്ല ഒരു ദിവസം നാണു മേശിരി മരിച്ചു.  അതോടെ തകർന്നു മൈതീൻ മുതലാളിയുടെ ജീവിതം. തന്റെ കൂട്ടുകാരനും ബിസിനസ് പാർട്ണറും ആയിരുന്ന നാണു മേശിരി ഈ ലോകത്തോട് വിട പറഞ്ഞതോടുകൂടി മൈതീൻ മുതലാളിയുടെ ജീവിതം താറാമാറായി.  വേറൊരു വരുമാന മാർഗ്ഗം മൈതീൻ മുതലാളിക്ക് ഇല്ലായിരുന്നു. കമ്പോളത്തിൽ കാളവണ്ടി അടിച്ച് ജീവിക്കുന്ന കാലവും കഴിഞ്ഞു. കാളവണ്ടിക്ക് പകരം ആളുകൾ മിനി ലോറികൾ ഉപയോഗിക്കുമായിരുന്നു. കാളവണ്ടിയുമായി കമ്പോളത്തിൽ പോകാൻ ആളുകൾക്ക് ഒരു നാണക്കേടായി.

ഒരു വരുമാനം മാർഗ്ഗമില്ലാതെ  കുട്ടികളുടെ പഠിത്തമൊക്കെ നിന്നു. ആൺമക്കൾ രണ്ടുപേരും അഞ്ചാലുംമൂട് ചന്തിയിൽ എന്തെങ്കിലും കൂലിപ്പണിക്കായി പോകാൻ തുടങ്ങി. എന്നിട്ടും ആ കുടുംബം പോറ്റാൻ അവർ വളരെ വിഷമിച്ചു.
 കുടുംബത്തിന് ആഹാരത്തിന് ബുദ്ധിമുട്ടായി. അപ്പോൾ കാളകൾക്ക് വേണ്ടി വൈക്കോൽ വാങ്ങാനും പുളിങ്കുരു വാങ്ങാനും പിണ്ണാക്ക് വാങ്ങാനും കാശില്ലാതെ ദിവസങ്ങളോളം കാളകൾ പട്ടിണിയിലായി. അങ്ങനെ ഒരു ദിവസം എടത്തൻ (ഇടത് വശത്ത് കെട്ടുന്ന കാള) കുഴഞ്ഞുവീണു മരിച്ചു.

ഒരു കാളയെപ്പോലും പോറ്റാൻ വഴിയില്ലാതെ മൈതീൻ മുതലാളിയും കുടുംബവും വളരെ വിഷമിച്ചു. ഒരു ദിവസം മുത്തമകനായ സുലൈമാൻ വന്നു പറഞ്ഞു 

“വാപ്പാ, നമുക്ക് വലത്തനെ ( വലത് വശത്ത് കെട്ടുന്ന കാള) ആർക്കെങ്കിലും വിൽക്കാം”

ആ പറഞ്ഞത് മുതലാളിക്ക് ഇഷ്ടപ്പെട്ടില്ല. കാളകൾ അയാൾക്ക് മക്കളായിരുന്നു . മൈതീൻ മുതലാളിക്ക്  നല്ലത് പോലെ അറിയാമായിരുന്നു ആ പ്രായത്തിലുള്ള കാളകളെ ആൾക്കാർ വളർത്താനായി വാങ്ങാറില്ലെന്ന്. അവർ എത്തിച്ചേരുന്നത് അറുപ്പ്ശാലകളിൽ ആയിരിക്കുമെന്ന് മുതലാളിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. തന്റെ കാളയെ, മകനെ, അറുക്കാൻ കൊടുക്കാൻ അയാൽ തയ്യാറായിരുന്നില്ല.

“നമ്മളോ പട്ടിണി കിടക്കുന്നു. ഇനി കാളയ്ക്ക് കൂടി ആരാ ആഹാരം കൊടുക്കുന്നെ? എങ്ങനെ കൊടുക്കും ? വാപ്പാ തന്നെ പറ”

 സുലൈമാൻ വീണ്ടും വീണ്ടും ചോദിച്ചു.
മൈതീൻ മുതലാളി സുലൈമാനെ അടുത്ത് വിളിച്ചു പറഞ്ഞു.

“മോനേ എനിക്ക് വയസ്സായി. നല്ല സുഖമില്ല. ഒരു ദിവസം ഞാനും എടത്തനെ പോലെ എവിടെയെങ്കിലും കുഴഞ്ഞുവീണ് മരിക്കും. എന്റെ മയ്യത്ത് എടുക്കുന്നത് വരെ വലത്തൻ എന്നോടൊപ്പം ഉണ്ടായിരിക്കട്ടെ. അവന് എന്തെങ്കിലും സംഭവിച്ചാൽ അന്ന് നീ അവനെയും എവിടെയെങ്കിലും കുഴിച്ചു മൂട്. എന്നാലും അറുപ്പുകാർക്ക് എൻ്റെ കാളയെ നീ വിൽക്കരുത്. അവന്റെ മാംസം വിറ്റ് കിട്ടുന്ന കാശ് നമുക്ക് വേണ്ടാ”

മൈതീൻ മുതലാളി തുടർന്നു 

“ ജീവിതത്തിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന, സുഖദുഃഖങ്ങളിൽ കൂടെ നിലനിൽക്കുന്ന ചിലരെങ്കിലും ഉണ്ടാകും. അത് ബന്ധുക്കൾ ആയാലും, സുഹൃത്തുക്കൾ ആയാലും, കൂലിപ്പണിക്കാർ ആയാലും, വീട്ടിലെ ജോലിക്കാർ ആയാലും നമ്മൾ വളർത്തുന്ന മൃഗങ്ങൾ ആയാലും, അവരെ ഒരിക്കലും കൈവെടിയരുത്. അവരുടെ കൈകൾ വിടരുത്. മുറുകെ പിടിച്ചു കൂടെ കൊണ്ടു പോകണം. ജീവിതയാത്രയിൽ നമ്മൾ എത്തുന്നിടം വരെ “

“ശരി വാപ്പാ”
സുലൈമാന്റെ കണ്ണ് നിറഞ്ഞു.

കേണൽ രമേശ് രാമകൃഷ്ണൻ
27 August 2022

Thursday, August 25, 2022

ഒരു പുതിയ പാഠം



“എന്താ, ഒരു മ്ലാനത ?”

ഒരു കൊമ്പിലിരുന്നുകൊണ്ട് മുന്നിൽ തൂങ്ങി നിൽക്കുന്ന പഴുത്ത ചക്കയിൽ നിന്നും ചൊളകൾ കൊത്തിയെടുക്കുന്നതിനിടയിൽ കാക്ക തന്റെ പ്രിയ സുഹൃത്തായ പ്ലാവിനോട് ചോദിച്ചു. മറുപടി കിട്ടാത്തത് കൊണ്ട് വീണ്ടും ചോദിച്ചു.

“ ഞാൻ വന്ന് നിന്നിൽ  ജനിച്ച ആകെയുള്ള ഒരൊറ്റ ചക്കയിൽ നിന്ന് ചൊളകളെല്ലാം കൊത്തി തിന്നുന്നത് ഇഷ്ടപ്പെട്ടില്ല. അല്ലേ ?” 

“ഏയ് അങ്ങനെയൊന്നുമില്ല. എനിക്ക് സന്തോഷമേയുള്ളൂ നീ തിന്നുന്നതിൽ. നിനക്ക് വേണ്ടി മാത്രമാണ് ഈ ചക്ക.” 

പ്ലാവ് കാറ്റിൽ ഒന്ന് ആടിക്കൊണ്ട് പറഞ്ഞു.

“ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. കഴിഞ്ഞവർഷം ഈ പ്ലാവിൽ എത്ര മാത്രം ചക്കകൾ ഉണ്ടായിരുന്നു. ഈ വർഷം ഒരു ചക്ക മാത്രം പിടിച്ചു. അതും മനുഷ്യന് എത്തിപ്പറ്റാൻ കഴിയാത്ത അത്ര ഉയരത്തിൽ “ കാക്ക തുടർന്നു.

അല്പനേരം കഴിഞ്ഞ് പതിയെ പ്ലാവ് പറഞ്ഞു 

“അത് ഞാൻ മനപ്പൂർവ്വം ചെയ്തതാണ്. എന്നിൽ പിറന്ന എല്ലാ കളകളും ഞാൻ തന്നെ കൊഴിച്ചു കളഞ്ഞു. എനിക്ക് വേണ്ടാ ഒരു ചക്ക കുഞ്ഞുങ്ങളും. പിന്നെ നിന്നെ ഓർത്ത് ഒരു ചക്ക മാത്രം ഞാൻ വളർത്തി. എന്റെ ചില്ലകളിൽ ആണല്ലോ നീ എന്നും കൂടുകൂട്ടുന്നത്.”

 “എന്തുപറ്റി? എന്താണ് ഇത്ര നൈരാശ്യം? എന്നോട് പറയൂ”

 കാക്ക താണപേക്ഷിച്ചു.  അപ്പോൾ പ്ലാവ് തൻ്റെ ജീവിതകഥ പറഞ്ഞു.

“ കൊല്ലം ജില്ലയിലെ ഓച്ചിറ എന്ന സ്ഥലത്തായിരുന്നു എന്റെ ജനനം. തേൻവരിക്ക എന്ന് പ്രസിദ്ധമായ ഒരു പ്ലാവിന്റെ കുട്ടിയാണ് ഞാൻ.  താഴെ ആ ഓലമേഞ്ഞ വീട് കണ്ടോ? അവിടെ ഒരു അമ്മുമ്മ ഉണ്ടായിരുന്നു,  ആ അമ്മുമ്മ കുറെ നാൾ മുമ്പ് മരിച്ചു പോയി. ദേവകിത്തള്ള എന്നായിരുന്നു എല്ലാവരും അവരെ വിളിച്ചിരുന്നത്. അവർക്കൊരു മകനുണ്ട്, കണ്ടിട്ടില്ലേ ഒരു കഷണ്ടിത്തലയൻ ചന്ദ്രൻ. കൂലിപ്പണിയാണ് ജോലി. അയാളുടെ ഭാര്യ ജാനകി. അവർക്ക് ഒരു കുട്ടിയുണ്ട് നകുലൻ. 

ആ രണ്ടുനില കെട്ടിടം കണ്ടോ? അവിടെ പണ്ട് ഇതുപോലെത്തെ ഒരു ഓലമേഞ്ഞ വീടുണ്ടായിരുന്നു. ഇപ്പോഴത്തെ ശേഖരൻ മുതലാളി താമസിച്ചിരുന്ന വീട്. അയാളുടെ അച്ഛനും അമ്മയും ഒക്കെ നേരത്തെ മരിച്ചു. ശേഖരൻ അഞ്ചാലുംമൂട്ടിലെ ടാക്സി സ്റ്റാൻഡിലെ ഒരു ടാക്സി ഡ്രൈവർ ആയിരുന്നു. നമ്മുടെ പുത്തൻചിറ വേലുപ്പിള്ളയുടെ ടാക്സി ഓടിച്ചിരുന്ന ആൾ.  അയാളുടെ ഭാര്യ ശാന്ത, പിന്നെ അഹങ്കാരികളായ രണ്ടു ആൺമക്കൾ. എനിക്കു ഇഷ്ടമല്ല അവരെ ആരെയും.

 ദേവകിത്തള്ള എല്ലാവർഷവും ഓച്ചിറ പരബ്രഹ്മത്തിന്റെ അമ്പലത്തിൽ ഉത്സവ സമയത്ത് പന്ത്രണ്ട് ദിവസം ഭജനമിരിക്കാൻ പോകുമായിരുന്നു.  ഭജനം കഴിഞ്ഞു വരുമ്പോൾ എന്തെങ്കിലുമൊക്കെ സാധനങ്ങൾ അവിടത്തെ ചന്തയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പതിവുണ്ട്. അങ്ങനെ ഒരിക്കൽ ഒരു വരിക്കച്ചക്ക വാങ്ങി കൊണ്ടു വന്നു. നല്ല മധുരമുള്ള ചക്കപ്പഴം ആയിരുന്നു. ചക്കയുടെ പകുതി ഭാഗം അവർ മുറിച്ച് അയൽക്കാരായ ശേഖരന്റെ കുടുംബത്തിന് കൊടുത്തു. അത്രയ്ക്ക് സ്നേഹത്തോടെ കഴിഞ്ഞിരുന്നവരാണ് രണ്ടു വീട്ടുകാരും. തമ്മിൽ ഒരു രഹസ്യവും ഇല്ലായിരുന്നു. രണ്ടു വീട്ടുകാരും സുഖദുഃഖങ്ങൾ പങ്കുവെച്ചു ജീവിച്ചു.  അതുപോലെതന്നെ വിശേഷദിവസങ്ങളിൽ ചന്ദ്രനും ശേഖരനും അടുത്തുള്ള വീടുകളിലെ ചെറുപ്പക്കാരുമായി തെങ്ങിൻറെ മൂട്ടലിരുന്ന് ചീട്ടു കളിക്കുന്ന പതിവുണ്ടായിരുന്നു. കള്ളുകുടി വരെ രണ്ടുപേരും  ഒരുമിച്ചായിരുന്നു. 

ഓച്ചിറയിൽ നിന്നും കൊണ്ടു വന്ന ചക്ക രണ്ടു വീട്ടുകാരും പങ്ക് വെച്ച് കഴിച്ചു. ചക്കക്കുരു മെഴുക്കുപുരട്ടി. അതിൽ നിന്നും ഒരു ചക്കക്കുരു ചന്ദ്രന്റെ  മകൻ നകുലൻ കളിക്കാനായി എടുത്തുകൊണ്ടു പോയി. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ അമ്മൂമ്മ ദേവകിത്തള്ള് അവനോട് പറഞ്ഞു 

“കുഞ്ഞേ, ആ ചക്കക്കുരു നീ പറമ്പിൽ എവിടെയെങ്കിലും കുഴിച്ചിടൂ.  അത് വളർന്ന്  ഒരു വലിയ പ്ലാവായി നിനക്ക് ഒരുപാട് ചക്ക തരും”

“മുറ്റത്തൊന്നും പ്ലാവ് നടണ്ടാ” ഉടനെ ചന്ദ്രൻ അവരെ ശകാരിച്ചു.

 അമ്മുമ്മയും പേരക്കുട്ടിയു കൂടി പറമ്പിന്റെ അതിരിൽ ആ ചക്കക്കുരു കുഴിച്ചിട്ടു. ദേവകിത്തള്ള ഒരു മൊന്തയിൽ കുറച്ച് വെള്ളം കൊണ്ടുവന്നു തളിച്ചു.  എങ്ങനെ ചെടിക്ക് വെള്ളം തളിയ്ക്കണമെന്ന് നകുലനെ പഠിപ്പിച്ചു.  പിറ്റേന്ന് മുതൽ എല്ലാ ദിവസവും നകൂലൻ സ്കൂളിൽ പോകുന്നതിനു മുമ്പ് ഒരു മൊന്ത വെള്ളം കൊണ്ടുവന്ന് അവിടെ തളിച്ച് കൊടുക്കും.  താമസിയാതെ ആ ചക്കക്കുരു മുളച്ച് ഒരു പ്ലാവിന്റെ തൈ  അവിടെ വളർന്നു.

കാലം കടന്നുപോയി. പ്ലാവിന്റെ വളർച്ച ഒരു പ്രത്യേക രീതിയിൽ ആയിരുന്നു. എന്താണെന്നറിയില്ല. പ്ലാവ് വളരുന്നത് അനുസരിച്ച് മരം ശേഖരന്റെ പുരയിടത്തിലേക്ക് ചാഞ്ഞാണ് വളർന്നത്.  കണ്ടാൽ തോന്നും അത് ശേഖരന്റെ പുരയിടത്തിൽ വളരുന്നതാണ് എന്ന്.

ആദ്യത്തെ വർഷം ചക്ക പിടിച്ചപ്പോൾ മൂന്നു ചക്കകൾ ഉണ്ടായിരുന്നു. രണ്ടെണ്ണം പഴുപ്പിച്ച് അവർ രണ്ടു വീട്ടുകാരും ഓരോന്നായി എടുത്തു. എത്ര മധുരമായിരുന്നു ചക്കയ്ക്ക്.  മൂന്നാമത്തെ ചക്ക രണ്ടു വീട്ടുകാരും പങ്ക് വെച്ച് കറിവെച്ച് കഴിച്ചു.

അഞ്ചാലുംമൂട്ടിൽ ടാക്സി ഓടിച്ചു കൊണ്ടിരുന്ന ശേഖരനെ ഒരു ദിവസം ഭാഗ്യം തേടിയെത്തി.  ഗൾഫിൽ നിന്നും നാട്ടിൽ ലീവിന് വന്ന സലീം എന്ന ചെറുപ്പക്കാരൻ ശേഖരന്റെ ടാക്സിയിൽ സഞ്ചരിക്കുകയുണ്ടായി. അയാൾ ഗൾഫിലെ ജോലി സാധ്യതകളെക്കുറിച്ചും ശമ്പളത്തെക്കുറിച്ചുമൊക്കെ വാചാലമായി സംസാരിച്ചു. അപ്പോൽ ശേഖരനിൽ ഒരു ആഗ്രഹം ജനിച്ചു. തനിക്ക് കൂടി ഗൾഫിൽ പോയാൽ കൊള്ളാമെന്ന്. സലീമിനോട് ആഗ്രഹം പറഞ്ഞു. നോക്കട്ടെ എന്ന് സലീമും പറഞ്ഞു.

സലീം വാക്ക് പാലിച്ചു. അടുത്ത തവണ നാട്ടിൽ വന്നപ്പോൾ ശേഖരന് വേണ്ടി ഒരു വീസ കൊണ്ടു വന്നു.
 താമസിയാതെ ശേഖരൻ സൗദിയിലേക്ക് പോയി. യാത്രച്ചെലവിനായി കുറച്ചു പൈസ കൂലിപ്പണിക്കാരനായ ചന്ദ്രനും സഹായിച്ചു. ഗൾഫിൽ എത്തിയ ഉടനെ തന്നെ ജോലിയിൽ കയറി.  ശേഖരൻ ഗൾഫിൽ നിന്നും പണമയക്കാൻ തുടങ്ങി. അതോടെ അയാളുടെ ഭാര്യ ശാന്തയുടെയും മക്കളുടെയും ജീവിത രീതികൾ മാറിത്തുടങ്ങി. 

കുറെ വർഷങ്ങൾ അങ്ങനെ കടന്നുപോയി. ശേഖരനും സലീമും ചേർന്ന് ഒരു അറബിയെ കൂട്ടുപിടിച്ച് ഒരു ടാക്സി കമ്പനി തുടങ്ങി. നാട്ടിൽ നിന്നും കുറെ ഡ്രൈവർമാരെ അവർ വരുത്തി. കമ്പനി നല്ല രീതിയിൽ വളർന്നു. ഡ്രൈവർ ആയിരുന്ന ശേഖരൻ ടാക്സി സർവീസിന്റെ മാനേജിംഗ് പാർട്ണറായി. വരുമാനം പതിന്മടങ്ങ് വർദ്ധിച്ചു.  കിട്ടുന്ന പണം എല്ലാം അയാൾ ഭാര്യയുടെ പേർക്ക് അയച്ചുകൊടുത്തു.

ആദ്യത്തെ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ശേഖരൻ കുറേ സാധനങ്ങൾ കൊണ്ടുവന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ ചെറിയ ചെറിയ സാധനങ്ങൾ കൊടുത്തു. സ്വന്തം ആവശ്യത്തിനായി ടിവിയും വീസീയാറും ഒക്കെ കൊണ്ടുവന്നു.  ചെറിയ കുറെ സാധനങ്ങൾ ചന്ദ്രന്റെ വീട്ടുകാർക്കും കൊടുത്തു. പിന്നീട് വരുമ്പോൾ കൂടുതലൊന്നും ആർക്കും തന്നെ കൊടുക്കാതെയായി.

ശേഖരന്റെ കുടുംബം ഒരു വീടിനുള്ള പണി തുടങ്ങി. എല്ലാവരും അതിൽ സന്തോഷിച്ചു. താമസിയാതെ അവരുടെ കുടിൽ നിന്ന സ്ഥലത്ത് ഒരു രണ്ടുനില കെട്ടിടം ഉയർന്നു . പണി പൂർത്തിയായപ്പോൾ ശേഖരനും ഭാര്യ സുമതിക്കും ഒരു നിർബന്ധം.  പുരയിടത്തിന് യോജിച്ച  ഒരു മതിൽ കെട്ടി വലിയ ഒരു ഗേറ്റ് ഇടണമെന്ന്..  അങ്ങനെ അവർ പുരയിടത്തിന് ചുറ്റും വലിയ ഒരു മതിൽ കെട്ടാൻ തുടങ്ങി. ചന്ദ്രനും ജാനികയും അവരോട് കെഞ്ചി പറഞ്ഞു ഒരു ചെറിയ ഗേറ്റ്  അവരുടെ പുരയിടങ്ങൾക്കിടയിൽ വെയ്ക്കാൻ.  രണ്ടു വീട്ടുകാർക്കും അങ്ങോട്ടുമിങ്ങോട്ടും പോകാനും വരാനുമുള്ള സൗകര്യത്തിനായി . അങ്ങനെയൊന്നും വേണ്ടെന്ന്  ശേഖരൻ തീർത്തു പറഞ്ഞു. ചന്ദ്രനും കുടുംബത്തിനും അതൊരു വലിയ സങ്കടമായി. ദേവകിത്തള്ള ശേഖരന്റെ വീട്ടിന്റെ മുറ്റത്ത് പോയി ചോദിച്ചു.

 “എന്താ ശാന്തേ  ഇത് ? എന്തിനാണ് നമ്മുടെ വീടുകൾക്കിടയിൽ ഒരു മതിൽ? അതും നമുക്ക് അങ്ങോട്ടുമിങ്ങോട്ടും പോയി വരാൻ ഒരു വഴി പോലും ഇടാതെ. കഴിഞ്ഞ കാര്യങ്ങളൊക്കെ നീ മറന്നോ? പഴങ്കഞ്ഞി പോലും പങ്കുവെച്ച് കഴിച്ചു ജീവിച്ചവരല്ലേ നമ്മൾ ? എന്നിട്ട് അല്പം പുത്തൻ പണം കണ്ടപ്പോൾ നീ ഞങ്ങളെ എല്ലാം മറക്കുന്നു അല്ലേ? ഞാൻ കാണുന്നുണ്ട് നിങ്ങളിൽ വരുന്ന മാറ്റം ". 

ശാന്ത തിരിച്ചടിച്ചു 

“എന്തെങ്കിലും നിങ്ങള് തന്നിട്ടുണ്ടെങ്കിലേ, അങ്ങോട്ട് ഞങ്ങളും അതുപോലെ തന്നിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും പഴങ്കഞ്ഞി നിങ്ങളും വാങ്ങി മോന്തിയിട്ടുണ്ട്.  അല്ലാതെ നിങ്ങളെപ്പോലെ അയൽപക്കത്തെ വീട്ടിൽ നിന്നും ചക്കാത്ത് തിന്നാൻ നടക്കുകയല്ല ശേഖരനും കുടുംബവും. ഞങ്ങൾ നന്നാവുന്നത് കാണുമ്പോൾ നിങ്ങൾക്ക് അസൂയയാണ്. ദേ, തള്ളേ ഇനി ഇതൊന്നും പറഞ്ഞോണ്ട് ഇങ്ങോട്ട് വരണ്ടാ "

ദേവകിത്തള്ളയ്ക്ക് നാണക്കേട് തോന്നി. അവർ വലിയ വായിൽ പറഞ്ഞു

“ ബ്ഭാ..അഹങ്കാരം പറയന്നോടീ..ശേഖരനും കുടുംബവുമായി ഇനി ഒരു ബന്ധവും എന്റെ കുടുംബത്തിന് ഇല്ല.  മേലാൽ എന്റെ വീട്ടിൽ നിന്നും ഒരെണ്ണം ഈ മണ്ണിൽ കാലുകുത്തില്ല. ദൈവകിയാണ് പറയുന്നത്”

 എന്നിട്ട് അവരുടെ വീട്ടിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു 

“കേട്ടില്ലേടീ ജാനകീ ഇവള് പറഞ്ഞതെല്ലാം ? നീ അവിടെ എന്തോ എടുക്കുവാ? നാക്കില്ലേ നിന്റെ വായിൽ. കൊടുക്കെടീ മറുപടി ഇവൾക്ക്.

നിന്റെ കെട്ട്യോനോട് കൂടി പറഞ്ഞേക്കണം. ഒരു കുഞ്ഞു പരാധീനം ഈ അഹങ്കാരികളുടെ മുറ്റത്ത് ഇനി കാലുകുത്തരുതെന്ന് “

അങ്ങനെ ആ രണ്ട് കുടുംബങ്ങളും ബദ്ധശത്രുക്കളായി.

എന്താണെന്നറിയില്ല ആ വർഷം പ്ലാവിൽ ഒരുപാട് ചക്ക പിടിച്ചു. പ്ലാവ് നിറയെ.  പക്ഷേ ഒരെണ്ണം പോലും ശേഖരന്റെ ഭാര്യ അടുത്ത വീട്ടിലെ ചന്ദ്രനും കുടുംബത്തിനും കൊടുത്തില്ല. അവർ തിന്നതിന്റെ ബാക്കി മലക്കറിക്കടക്കാരൻ ഹമീദിന് വിറ്റു. 

ഇതിനിടയിൽ പെട്ടെന്നൊരു ദിവസം ദേവകിത്തള്ള മരിച്ചു. അടുത്ത വീട്ടുകാർ ആയിരുന്നിട്ടുപോലും ശാന്തയും മക്കളും മരണവീട്ടിൽ വീട്ടിൽ കയറിയില്ല.  ശേഖരൻ ബിസിനസ്സ് കാര്യത്തിനായി സൗദിയിലായിരുന്നു.

ചന്ദ്രന്റെ ആരോഗ്യനില മോശമായി. കൂലിപ്പണി ചെയ്യാൻ വയ്യാതായി. മിക്ക സമയവും വീട്ടിൽ തന്നെ ഇരിപ്പ് തുടങ്ങി. ഒരു ജീവിത മാർഗ്ഗത്തിനായി ജാനകി ചന്ദ്രൻ പിള്ളയുടെ വീട്ടിൽ കയറ് പിരിക്കാൻ പോയിത്തുടങ്ങി. നകുലൻ നാട്ടിലെ ഒരു ഇലക്ട്രീഷ്യന്റെ സഹായിയായി ജോലിക്ക് പോയി. ഒരു ചെറിയ ശമ്പളത്തിൽ.

“ ഈ രണ്ടു കുടുംബങ്ങളുടെയും ജീവിതത്തിൽ വന്ന മാറ്റം അവരുടെ ജീവിതം കണ്ടുവളർന്ന എന്നെ വളരെയധികം ബാധിച്ചു. എന്നിട്ടും ഞാൻ വർഷംതോറും ഒരുപാട് ചക്കകൾ നൽകി. "
വളരെ സങ്കടത്തോടെ” പ്ലാവ് ഒന്ന് പറഞ്ഞു നിർത്തി.

“എന്നിട്ട് ഇപ്പോൾ എന്തേ ചക്ക ഒന്നും ഈ പ്ലാവിൽ പിടിക്കാത്തത് ?” കാക്ക ചോദിച്ചു. 

അല്പനേരം കഴിഞ്ഞ് പ്ലാവ് പറഞ്ഞു

“ഒരു കാര്യം എനിക്ക് മനസ്സിലായി. ശേഖരനും കുടുംബവും എന്നെ മുതലെടുക്കുകയായിരുന്നു.  എനിക്ക് വേണ്ടി അവർ ആരും ഒന്നും ചെയ്തിട്ടില്ല. ഒരു മൊന്ത വെള്ളം പോലും ഞാൻ വളർന്ന കാലത്ത് എന്റെ മൂട്ടിൽ അവർ ഒഴിച്ചിട്ടില്ല. ഞാൻ വളർന്നതിന് ശേഷവും ഈ കുടുംബം എന്റെ നിലനിൽപ്പിനായി ഒന്നും തന്നെ ചെയ്തിട്ടില്ല. എന്റെ ആദായം മാത്രം അവർ എടുത്തു കൊണ്ടേയിരുന്നു.  എന്റെ മനമുരുകി ഞാൻ കരഞ്ഞു. ഒരു മരമായ ഞാൻ എന്തു ചെയ്യാനാണ്. ഒരു പ്രതിഷേധം അറിയിക്കാനായി ഞാൻ എന്റെ കുറെ ഇലകൾ കൊഴിച്ചു കളഞ്ഞു.  അവർ അത് ശ്രദ്ധിച്ചില്ല. അവർ എന്റെ ദുഃഖം അറിഞ്ഞില്ല. അവരാരും എന്റെ മനോവേദന മനസ്സിലാക്കിയില്ല “. 

 “പിന്നെ ഈ ചക്കക്കുരുവിന്റെ കാര്യം?”

 കാക്കയുടെ ജിജ്ഞാസ തീർന്നില്ല

“. ഈ ചക്കയിൽ കുരുവില്ലാത്തതിന്റെ കാര്യമല്ലേ ? അതൊരു സംഭവമാണ്. ശേഖരന്റെ മൂത്ത മകനില്ലേ ആ താന്തോന്നി സഹദേവൻ.? കഴിഞ്ഞവർഷം അവൻ കുറെ ചക്കക്കുരു അവരുടെ പറമ്പിൽ പാകി മുളപ്പിച്ചു. എന്നിട്ട് ‘ തേൻവരിക്ക തൈകൾ' എന്ന് ബോർഡും വെച്ച് നാട്ടിലും പരിസരത്തും എന്തിന് ഗൾഫ് രാജ്യങ്ങളിൽ വരെ വിറ്റ് പണമുണ്ടാക്കി. ഈ വിവരം ഒരു ദിവസം ചന്ദ്രൻ ജാനകിയോട് സങ്കടത്തോടെ പറയുന്നത് ഞാൻ കേട്ടു. ഒരു തൈ എങ്കിലും നമുക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് പറഞ്ഞ് വിഷമിക്കുന്നതും ഞാൻ കണ്ടു.

“ അന്ന് ഞാൻ ഒരു തീരുമാനം എടുത്തു.  ഇനി എന്നിൽ പിറക്കുന്ന ചക്കകളിൽ കുരു വേണ്ടാ. അതിനുള്ള സൂത്രം എനിക്കറിയാം. അങ്ങനെ കഴിഞ്ഞവർഷം പിടിച്ച ചക്കകളിൽ ഒരൊറ്റ ചക്കക്കുരു പോലും ഇല്ലായിരുന്നു. സഹദേവന്റെ തേൻവരിക്ക തൈകൾ വിറ്റിട്ടുള്ള പണി അതോടെ നിന്നു.

“ ഈ വർഷം ഞാൻ ഒരു തീരുമാനം എടുത്തു. വളരെ ആലോചിച്ച് എടുത്ത ഒരു തീരുമാനം. അതായത്  ഇനി മുതൽ എന്നിൽ ഒരു ചക്ക പോലും പിടിക്കരുത് എന്ന് . എന്നിൽ പിറന്ന കളകളെല്ലാം ഞാൻ തന്നെ ഉണക്കി വീഴ്ത്തിക്കളഞ്ഞു. ഒരൊറ്റ ചക്കയാണ് ഈ വർഷം ജനിച്ചത്. അതും ആരുടെയും കൈകൾ എത്താത്ത ഉയരത്തിൽ. നിനക്ക് വേണ്ടി മാത്രം. അതാണ് നീ ഇപ്പോൾ തിന്നുകൊണ്ടിരിക്കുന്ന ചക്ക.”

“എന്നാലും എന്റെ പ്ലാവേ, ഇതൊരു വലിയ തീരുമാനമായിപ്പോയി. ഇനിയിപ്പോൾ എന്തുണ്ടാകും?” കാക്ക കരഞ്ഞു ചോദിച്ചു.

“എന്ത് സംഭവിക്കാൻ? . ചക്ക പിടിക്കാത്ത പ്ലാവ് ആർക്കുവേണം ? താമസിയാതെ അവർ എന്നെ വിൽക്കും.  വല്ല സാമില്ലുകാർക്കും. അവർ വന്ന് എന്നെ വെട്ടി വീഴ്ത്തും. എന്നിട്ട് മില്ലിൽ കൊണ്ടുപോയി കീറി തടിക്കഷണങ്ങളും പലകകളുമാക്കി അതുകൊണ്ട് ഫർണിച്ചറും മറ്റും ഉണ്ടാക്കും. എന്റെ ജീവിതം അങ്ങനെ അവസാനിക്കും” 

പ്ലാവ് തുടർന്നു.

 “എല്ലാത്തിനും ഒരു ന്യായമുണ്ട്. മനുഷ്യത്വമാണ് ഏറ്റവും വലിയ ന്യായം.  മനുഷ്യത്വം ഇല്ലാത്ത മനുഷ്യരേക്കാൾ എത്രയോ നല്ലവരാണ് നമ്മൾ വൃക്ഷങ്ങളും , മൃഗങ്ങളും , പക്ഷികളും മറ്റു ജീവജാലങ്ങളും.

ഒന്ന് ആലോചിച്ചു നോക്കൂ. ഫലവൃക്ഷങ്ങളും ധാന്യച്ചെടികളും വിളവ് തന്നില്ലെങ്കിൽ , പശുക്കൾ യഥാസമയം പാല് ചുരത്തിയില്ലെങ്കിൽ, ചെടികൾ പൂത്തില്ലെങ്കിൽ , കോഴികൾ മുട്ട ഇട്ടില്ലെങ്കിൽ, ഈ  മനുഷ്യർ എന്ത് ചെയ്യും ? നമ്മുടെ ഉത്പാദനങ്ങൾ ഇല്ലാതെ വെറും നിസ്സഹായരാണ് മനുഷ്യർ.

 നമ്മൾ വിചാരിച്ചാൽ ഇത്തരം മനുഷ്യരെ  പാഠം പഠിപ്പിക്കാൻ കഴിയും.

ഒരു പുതിയ പാഠം”

കേണൽ രമേശ് രാമകൃഷ്ണൻ
25 August 2022

Thursday, July 7, 2022

വേണുഗാഥ



“ എന്താ വേണൂ ഇത്? എപ്പോഴും എന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി ഇങ്ങനെ വായിച്ചു കൊണ്ടിരിക്കുന്നത്? നിന്റെ പുസ്തകം എവിടെ ? വെറും കയ്യോടെ ആണല്ലോ നീ സ്കൂളിൽ വരുന്നത് !” 

മുരളി തന്റെ എട്ടാം ക്ലാസിലെ സഹപാഠിയായ വേണുവിനോടു ചോദിച്ചു.

“ എന്റെ കയ്യിൽ പുസ്തകങ്ങൾ ഒന്നുമില്ല. വാങ്ങാൻ കാശില്ലായിരുന്നു. അതാണ് ഞാൻ നിന്റെ പുസ്തകം കടം വാങ്ങി കാണാപ്പാഠം പഠിക്കുന്നത്.” വേണു തറയിൽ നോക്കി പറഞ്ഞു.

“അപ്പോൽ നോട്ട് ബുക്കോ ?” മുരളി ചോദിച്ചു.

“ എന്റെ കയ്യിലൊരു സ്ലേറ്റുണ്ട്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് അച്ഛൻ വാങ്ങി തന്നതാ. ഓർമ്മയിൽ വരുന്നതെല്ലാം ഞാൻ വീണ്ടും വീണ്ടും സ്ലേറ്റിൽ എഴുതി മനപ്പാഠമാക്കും. അങ്ങനെയാണ് പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസ്സാകുന്നത്”.

വേണു അഞ്ചാലുംമൂട്ടിലെ കുപ്പണ എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു മണ്ണാൻ കുടുംബത്തിലെ കുട്ടിയാണ്. വേണുവിനെ പ്രസവിച്ചതിന് ഒരു വർഷം കഴിഞ്ഞ് അവന്റെ അമ്മ ശാരദ മരിച്ചു പോയി. അച്ഛൻ ബാലന് ക്ഷയരോഗം ബാധിച്ച് കഴിഞ്ഞ വർഷമാണ് മരിച്ചത്. പിന്നെ വീട്ടിൽ ആകെയുള്ളത് ഒരു ചേട്ടനാണ്. രാമു. എട്ട് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട് രണ്ടു പേരും തമ്മിൽ. അലക്കുപണിയാണ് ജോലി. അടുത്തുള്ള വീടുകളിൽ കയറിയിറങ്ങി അലക്കാനും തേയ്ക്കാനുമുള്ള തുണികൾ ശേഖരിച്ച്, കുപ്പണയിലെ മണ്ണാത്തിക്കടവിലെ കിണറിൽ നിന്നും വെള്ളം കോരി കഴുകി, തേച്ച് പിറ്റേന്ന് വീടുകളിൽ എത്തിച്ചു കൊടുക്കും . സ്കൂൾ സമയം കഴിഞ്ഞ് വേണു ചേട്ടനെ സഹായിക്കും. കണക്കുകൾ കൂട്ടുന്നതും പൈസ സൂക്ഷിക്കുന്നതുമൊക്കെ വേണു ആയിരുന്നു ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് രാമു ആയിരുന്നു അന്നത്തേക്കുള്ള ആഹാരം പാചകം ചെയ്തിരുന്നത്.

വർഷങ്ങൾ കടന്നു പോയി. വേണു നല്ല മാർക്കോടെ പത്താം ക്ലാസ് പരീക്ഷ പാസ്സായി. കോളേജിൽ ചേർന്ന് പഠിത്തം തുടരണമെന്നും ഒരു വലിയ നിലയിൽ എത്തണമെന്നും ഒരുപാട് ആഗ്രഹിച്ചു. പക്ഷേ സാമ്പത്തിക സ്ഥിതി അതിന് അനുവദിച്ചില്ല. ഫീസ് കൊടുക്കേണ്ട ആവശ്യമില്ല  എന്നാലും മറ്റു ചെലവുകൾ വഹിക്കാൻ രാമുവിന് കഴിവില്ലായിരുന്നു. സഹായിക്കാൻ ആരുമില്ലാത്തതുകൊണ്ട് തുടർന്നുള്ള പഠനം വേണ്ടെന്നു വച്ചു.

ആയിടയ്ക്ക് രാമു,  അവരുടെ ബന്ധത്തിലുള്ള സുമതി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. സുമതി വീട്ടുജോലികൾ നോക്കി. അലക്കിന്റെ പണി രാജുവും വേണുവും ചേർന്ന് ചെയ്തു. 

ഒരുദിവസം രാമു മണ്ണാത്തിക്കടവിൽ പോയ നേരം വേണു ആഹാരം കഴിഞ്ഞ് ഒന്നു മയങ്ങുകയായിരുന്നു. എന്തോ ഒന്ന് തന്നെ വരിഞ്ഞു മുറുക്കുന്നതായി അവന് തോന്നി. പെട്ടെന്ന് കണ്ണു തുറന്നു നോക്കിയപ്പോൾ അർദ്ധനഗ്നയായ സുമതി വേണുവിനെ കെട്ടിപ്പിടിച്ചു ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി മാറി ചാടിയെഴുന്നേറ്റ് വേണു ചോദിച്ചു

“ എന്താ അക്കാ ഇത് ?”

“വാ , വേണൂ. നിന്റെ അണ്ണൻ വരാൻ വൈകും. നിന്നെ എനിക്ക് വലിയ ഇഷ്ടമാണ്. നീ വാ” സുമതി കെഞ്ചി.

വേണു മുറി വിട്ട് പുറത്തേക്കോടി. ഓടിയോടി വേലായുധ മംഗലം ക്ഷേത്രത്തിന്റെ അടുത്തുള്ള ഒരു കടയുടെ വരാന്തയിൽ ഇരുന്നു. രാമുവിനെ ഓർത്ത് ഒരുപാട് കരഞ്ഞു. ഇനി സുമതിയുടെ മുഖത്ത് എങ്ങനെ നോക്കും എന്ന ചിന്ത വേണുവിനെ ഒരുപാട് അലട്ടി. രാത്രി കുറെ ഇരുട്ടുന്നത് വരെ അവിടെ തന്നെ ഇരുന്നു.

അന്ന് രാത്രി തന്നെ വേണു വിട് വിട്ടിറങ്ങി. മാറിയുടുക്കാൻ ഒന്നു രണ്ട് ഡ്രെസ്സും കുറെ അത്യാവശ്യ സാധനങ്ങളും മാത്രം കയ്യിലെടുത്തു. ഓടുകയായിരുന്നു വേണു. അതിരാവിലെ കിട്ടിയ ഒരു ബസ്സിൽ കയറി കൊല്ലത്ത് എത്തി. എത്രയും വേഗം നാട് വിടണമെന്ന ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു ട്രെയിൻ കിടക്കുന്നു. ഒരാളോട് ചോദിച്ചു

“ ഈ ട്രെയിൻ എങ്ങോട്ടേക്കാണ് ?”

“ എറണാകുളത്തേക്ക്” അയാൾ മറുപടി പറഞ്ഞു. ടിക്കറ്റ് കൗണ്ടർ ചോദിച്ചറിഞ്ഞു വേണു എറണാകുളത്തേക്കുള്ള  ടിക്കറ്റ് എടുത്തു ട്രെയിനിൽ കയറി ഇരുന്നു. തലേന്ന് രാത്രി മുഴുവൻ ഉറങ്ങാഞ്ഞതു കൊണ്ടാകണം വേണു സീറ്റിൽ ഇരുന്നു ഉറങ്ങിപ്പോയി. ആരോ വന്ന് അടുത്തിരുന്നപ്പോൾ വേണു ഞെട്ടിയുണർന്നു. അയാൾ പറയുന്നത് കേട്ടു

“ മാവേലിക്കര കഴിഞ്ഞു”

പിന്നീട് വേണുവിന് ഉറങ്ങാൻ കഴിഞ്ഞില്ല. എങ്ങോട്ടാണ് പോകുന്നത്, എന്ത് ചെയ്യണം എന്നറിയാതെ വേണു വിഷമിച്ചു.

എറണാകുളം റെയിൽവേ സ്റ്റേഷനിൽ വേണു ഇറങ്ങി. പ്ളാറ്റ്ഫോമിലും സ്റ്റേഷന്റെ പരിസരത്തുമെല്ലാം ഒരു ലക്ഷ്യവും ഇല്ലാതെ കുറച്ചു നാൾ അലഞ്ഞു നടന്നു. കയ്യിൽ ഉണ്ടായിരുന്ന പൈസയും തീരാറായി..
ഒരുദിവസം വിശന്നു വലഞ്ഞ് അവിടെ അടുത്തുള്ള ഒരു കൃസ്തീയ പള്ളയിൽ വേണു കയറി. അൽത്താരയുടെ മുന്നിൽ മുട്ടു കുത്തി പ്രാർത്ഥിച്ചു. കുറെ നേരമായിട്ടും എഴുന്നേൽക്കാഞ്ഞ വേണുവിനെ അവിടത്തെ പുരോഹിതൻ ഫാദർ തോമസ് പിടിച്ചെഴുന്നേല്പ്പിച്ചു. വേണുവിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതു കണ്ട് ഫാദർ തോമസ് ചോദിച്ചു

“ എന്താ മോനേ, നിനക്കിത്ര സങ്കടം ?” നിനക്ക് ആരുമില്ലേ ?”

വേണു തന്റെ ജീവിതം ചരിത്രം മുഴുവൻ, സുമതിയുടെ പെരുമാറ്റം വരെ ഫാദർ തോമസിനോട് പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം ഫാദർ പറഞ്ഞു

“ നീ വാ, വന്ന് എന്തെങ്കിലും കഴിക്ക്” 

എന്നിട്ട് വേണുവിനെ പള്ളിയുടെ കുശിനിയിലേക്ക് കൊണ്ടു പോയി. ആഹാരം കഴിഞ്ഞ് വേണുവിനോട് പറഞ്ഞു

“ വേണൂ , തൽക്കാലം ഞാൻ നിന്നെ ഞങ്ങളുടെ പള്ളിയുടെ അധീനതയിൽ ഉള്ള ഓർഫനേജിൽ ചേർക്കാം . എന്നിട്ട് എന്റെ പരിചയത്തിൽ ഉള്ള സെയിന്റ് സേവ്യർ കോളേജിൽ പ്രീഡിഗ്രിക്ക് ചേർത്ത് ഇനിയുള്ള പഠിത്തം തുടരാം. പോരേ ?”

തന്റെ മുന്നിൽ ഒരു മാലാഖ നിൽക്കുന്നത് പോലെ തോന്നി വേണുവിന്. വേണു ഫാദറിന്റെ കാലിൽ തൊട്ടു തൊഴുതു.
വളരെ വേഗം വേണു ഓർഫനേജിലെ അന്തേവാസികളുമായി ഇണങ്ങി. അതിനിടെ സെന്റ് സേവ്യർ കോളേജിൽ നിന്നും ഇൻറർവ്യൂ കോൾ വന്നു. പോകുന്നതിനു മുൻപ് വേണു ഫാദർ തോമസിനോട് ചോദിച്ചു 

“ഫാദർ ഞാൻ ഏത് ഗ്രൂപ്പ് എടുക്കണം ?”

“വേണു , ആദ്യം നീ ഈ ഫാദർ വിളി നിർത്തൂ. അച്ഛൻ ഇല്ലാതെ വളർന്നതല്ലേ എന്നെ നീ ഒരു അച്ഛൻറെ സ്ഥാനത്ത് കണ്ടാൽ മതി . അച്ഛൻ എന്ന് വിളിക്കൂ. ഇനി നീ ചോദിച്ച കാര്യം. നീ എന്ത് ആകാനാണ് ആഗ്രഹിക്കുന്നത് ?"

വേണുവിന്റെ മറുപടി ട ഫാദറിനെ  സന്തോഷിപ്പിച്ചു

“അച്ഛാ എനിക്ക് ഈ നാടിനും രാജ്യത്തിനും വേണ്ടി  എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിവുള്ള ഒരാൾ ആകണമെന്നാണ് എൻറെ ആഗ്രഹം “

കുറച്ചുനേരം രം ആലോചിച്ചിട്ടു ഫാദർ പറഞ്ഞു

“എന്നാൽ നീ ഐ എ എസിന് ശ്രമിക്കണം. അതിനുവേണ്ടി ഇപ്പോഴേ തയ്യാറെടുക്കണം. അതുകൊണ്ട്  നീ സയൻസും  മാത്തമാറ്റിക്സും ഉള്ള ഫസ്റ്റ് ഗ്രൂപ്പ് എടുത്തോളൂ”

“അതെന്തിനാണ് അച്ഛാ?” വേണു സംശയം ചോദിച്ചു.

“മോനേ , ഒരു ഒരു ഐഎഎസ് കാരന് പ്രശ്നങ്ങൾ അനലൈസ് ചെയ്യാനും അതിനു പരിഹാരം കാണാനും ഉള്ള കഴിവ് വേണം.  ആ പരിശീലനം നിനക്ക് കണക്കിൽ നിന്നും കിട്ടും.  പ്രപഞ്ച സത്യങ്ങളും നീ അറിഞ്ഞിരിക്കണം.  സയൻസ് പഠനം അതിന് ഉപകരിക്കും.”

“ശരി അച്ഛാ” വേണു നന്ദി പറഞ്ഞു.

വളരെ ശ്രദ്ധയോടും ഉത്സാഹത്തോടും കൂടി വേണു അവൻറെ പഠിത്തം നടത്തി. പ്രീഡിഗ്രി ഉയർന്ന മാർക്കോടെ പാസായി. ആ കോളേജിൽ ഫസ്റ്റ് ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ മാർക്ക്  വേണുവിനായിരുന്നു.
പ്രീഡിഗ്രി യുടെ റിസൽട്ട് റിസൾട്ട് വന്നപ്പോൾ  ഫാദർ തോമസ്  വേണുവിനെ വിളിച്ചുപറഞ്ഞു

“വേണൂ,  ഇപ്പോൾ നിനക്ക്  പ്രായപൂർത്തിയായി. പൂർണ്ണമായും ഒരു അനാഥനല്ല. പിന്നെ നിൻറെ പഠിത്തം തുടരുകയും വേണം. അതുകൊണ്ട്  ഞാൻ നിന്നെ ഇവിടുത്തെ ഓർഫനേജിൽ അസിസ്റ്റൻറ് മാനേജരായി നിയമിക്കുന്നു.  പകൽ നീ ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കിക്കണ്ടു നടത്തണം. എന്നിട്ട് വൈകുന്നേരം  ഈവനിംഗ് കോളേജിൽ ചേർന്ന് B A യ്ക്ക് പഠിക്കണം.”

“ശരി അച്ഛാ” വേണു സമ്മതിച്ചു. എന്നിട്ട് ഒരു സംശയം ചോദിച്ചു.

“എന്തിനാണ് അച്ഛാ BA ? BSc അല്ലേ നല്ലത് ?”

“ അതേ വേണൂ,   ഈ ചെറിയ ജോലി നിനക്ക് അഡ്മിനിസ്ട്രേഷന്റെ ബാല്യ പാഠങ്ങൾ പഠിക്കാൻ സഹായിക്കും പിന്നെ BA യുടെ കാര്യം. ഇനി പഠിക്കേണ്ടത് ഒരു രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ പറ്റിയും  രാഷ്ട്രീയത്തെപ്പറ്റിയും, സമൂഹത്തെ പറ്റിയും ആണ്. എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്ന  മെയിൽ സബ്ജക്ട് ഉള്ള BA യ്ക്ക് ചേർന്ന് പഠിക്കണം. പിന്നെ ഒരു കാര്യം. ഇനിമുതൽ നിൻറെ ഈ മലയാളത്തിലുള്ള സംസാരം കുറയ്ക്കണം.  ഇംഗ്ലീഷിൽ കഴിയുന്നതും സംസാരിക്കണം. ആദ്യം എന്നിൽ നിന്നും തുടങ്ങാം. ക്ലാസ്സിലെ മറ്റു വിദ്യാർഥികളുമായി ഇംഗ്ലീഷിൽ സംസാരിച്ചാൽ മതി.  ആദ്യമൊക്കെ പലരും കളിയാക്കും. അത് നമ്മുടെ നാടിൻറെ ഒരു പ്രത്യേകതയാണ്. എല്ലാദിവസവും ഇംഗ്ലീഷ് ന്യൂസ് പേപ്പർ വായിക്കണം. ഹിന്ദു പത്രം നല്ലതാണ്. അതുപോലെതന്നെ ലൈബ്രറി നല്ല രീതിയിൽ ഉപയോഗിക്കണം.”

“ ശരി അച്ഛാ” വീണ്ടും വേണു ഫാദർ തോമസിന്റെ കാലിൽ തൊട്ടു വന്ദിച്ചു. ഫാദർ അവനെ അനുഗ്രഹിച്ച് കുരിശു വരച്ചു.

അങ്ങനെ വേണു  ഓർഫനേജിലെ പണിയും, പഠിത്തവും  പിന്നെ തൻറെ ലക്ഷ്യ സാധ്യതയ്ക്കായുള്ള തയ്യാറെടുപ്പും ആയി മുന്നോട്ടു പോയി. മൂന്നുവർഷം എങ്ങനെ കടന്നുപോയി എന്ന് അറിഞ്ഞതേയില്ല.

നല്ല മാർക്കോടെ വേണു ഡിഗ്രി പാസ്സായി. റാങ്ക് കിട്ടേണ്ടതായിരുന്നു എന്ന് കോളേജ് അധികൃതർ പറഞ്ഞു. ഫാദർ തോമസ് വളരെയധികം സന്തോഷിച്ചു. തന്റെ  പുരോഗമനത്തിൽ വേണുവിനും അഭിമാനം തോന്നി.  ഈ വാർത്ത എങ്ങനെ തന്റെ ജ്യേഷ്ഠനെ അറിയിക്കും എന്ന് വ്യാകുലപ്പെട്ടു. എന്തായാലും തൽക്കാലം ഇങ്ങനെ തുടരട്ടെ എന്ന് കരുതി.

ഒരു ദിവസം വേണു ഫാദർ തോമസിനോട് ചോദിച്ചു

“അച്ഛാ, ഞാൻ ഐ എ എസ് പരീക്ഷയുടെ ഫോറം നിറയ്ക്കട്ടെ ? ഇപ്പോൾ ഞാൻ ഗ്രാജുവേറ്റ് ആണല്ലോ ?”

ഫാദർ പറഞ്ഞു

“മോനേ, നിനക്ക് ഇപ്പോൾ വേണമെങ്കിലും പരീക്ഷ എഴുതാം. പക്ഷേ നിന്റെ തയാറെടുപ്പ് പൂർത്തിയായിട്ടില്ല.”

“അപ്പോൾ ഞാൻ ഇനി എന്ത് ചെയ്യണം ?”  വേണു ചോദിച്ചു

“നീ എം എ ഇംഗ്ലീഷ് എടുത്ത് രണ്ടു വർഷം കൂടി പഠിക്കൂ”

“എന്തിനാണ് അച്ഛാ എം എ ഇംഗ്ലീഷ് ലിറ്ററേച്ചർ ?” വേണു സംശയം ചോദിച്ചു

" അത്,  ഒരു ഐ എ എസ് ഉദ്യോഗസ്ഥന് നാടിൻറെ ഭാവിയെ പറ്റിയും വളർച്ചയെപ്പറ്റിയും ഒരുപാട് ചിന്തിക്കാനുണ്ട്.  നല്ല ഭാവന വേണം. ഭാവന വളരാൻ ഏറ്റവും നല്ല വിഷയമാണ് ഇംഗ്ലീഷ് ലിറ്ററേച്ചർ. കവികളും കഥാകൃത്തുക്കളും  ഒക്കെ എങ്ങനെ ചിന്തിച്ചിരുന്നു എന്ന് മനസ്സിലായാൽ ഭാവന വളരാൻ ഉപകരിക്കും"

വീണ്ടും  വേണു ഫാദർ തോമസിൻറെ കാലിൽ തൊട്ടു വന്ദിച്ചു. ഫാദർ കുരിശു വരച്ചു.

എം എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല. നല്ല രീതിയിൽ പഠനം നടന്നു. ഒന്നാം വർഷം അവസാനത്തോടെ ഫാദർ കുറച്ച് പുസ്തകങ്ങൾ വാങ്ങി വേണുവിന് കൊടുത്തു. സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കാൻ ഉള്ള പുസ്തകങ്ങളായിരുന്നു. വേണുവിന് വളരെ സന്തോഷമായി.

അങ്ങനെയിരിക്കെ ഒരു ദിവസം  കോഴിക്കോട് അസിസ്റ്റൻറ് കളക്ടർ വേണുവിനെ കാണാൻ വന്നു. ഫാദർ തോമസിന്റെ ബന്ധത്തിലുള്ള ജേക്കബ് എന്ന ചെറുപ്പക്കാരൻ. ഫാദർ പറഞ്ഞിട്ടാണെന്ന് പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണം, എന്നതിനെപ്പറ്റി വിശദമായി ജേക്കബ് സംസാരിച്ചു. എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എങ്ങനെ പരീക്ഷ എഴുതണം എന്നൊക്കെ വിശദമായി ആയി ജേക്കബ് വേണുവിനു പറഞ്ഞുകൊടുത്തു.
പിറ്റേന്ന് ഫാദർ തോമസിനെ കണ്ടപ്പോൾ വീണു അയാളെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.

“അച്ഛാ,  നിങ്ങൾ ദൈവമാണ് “

ഫാദർ പറഞ്ഞു 

“ ഒരാളെ നല്ല വഴിക്ക് നയിക്കുന്നതാണ് എന്റെ കർത്തവ്യം. ഞാൻ അത് മാത്രമേ ചെയ്യുന്നുള്ളൂ. നിനക്ക് നല്ലത് വരട്ടെ”

എം എ യുടെ ഫൈനൽ പരീക്ഷ  കഴിഞ്ഞതിനുശേഷം ആയിരുന്നു. സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ. വേണു സിവിൽ സർവീസ് പരീക്ഷയ്ക്ക് രജിസ്ട്രേഷൻ ചെയ്തു. ജൂൺ മാസത്തിൽ പരീക്ഷ നടന്നു. നല്ല മാർക്കോടെ വേണു പ്രിലിമിനറി പാസ്സായി, ഫൈനലിൽ പ്രവേശിച്ചു.

സിവിൽ സർവീസ് ഫൈനലിന്  ഇംഗ്ലീഷ് എസ്സേ, ഇംഗ്ലീഷ് ലാംഗ്വേജ്, ഇന്ത്യൻ ലാംഗ്വേജ്( മലയാളം) ജനറൽ സ്റ്റഡീസ് I, II, III, IV,  സോഷ്യോളജി, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിങ്ങനെ  പേപ്പറുകൾ ആയിരുന്നു വേണുവിന്.

രാപകലില്ലാതെ വേണു പഠിത്തം നടത്തി. ഊണും ഉറക്കവുമില്ലാതെ പഠിച്ചു. അതിനോടൊപ്പം ജോലിയും ഒരു മുടക്കവും വരുത്താതെ നോക്കുമായിരുന്നു ഫാദർ തോമസ് വേണ്ട സഹായങ്ങളും നിർദേശങ്ങളും മുടങ്ങാതെ നൽകി.

സിവിൽ സർവീസ് പരീക്ഷയുടെ ഫൈനലിന്റെ റിസൾട്ട് വന്നു. വേണുവിന്റെ പേര് ഉണ്ടായിരുന്നു. താമസിയാതെ ഡൽഹിയിൽ വച്ച് നടക്കുന്ന ഇൻറർവ്യൂ കാൾ വന്നു . വേണുവിന്റെയും ഫാദർ തോമസിന്റെയും സന്തോഷത്തിന് അതിര് ഇല്ലായിരുന്നു. ആഘോഷങ്ങൾ ഒക്കെ സെലക്ഷൻ കഴിഞ്ഞു മതി എന്ന് ഫാദർ പറഞ്ഞു.

ഫാദർ തോമസ് തൻറെ പരിചയത്തിലുള്ള  ഒരു റിട്ടയേഡ് സെക്രട്ടറിയുടെ അടുത്തേക്ക് ഒരു കത്തുമായി വേണുവിനെ പറഞ്ഞയച്ചു. ഇന്റർവ്യൂവിനെ പറ്റിയുള്ള ഒരു ഏകദേശ ധാരണ കിട്ടാൻ.  അദ്ദേഹം ഇന്റർവ്യൂ എങ്ങനെ നേരിടാം എന്നുള്ള കാര്യം വിശദമായി പറഞ്ഞു കൊടുത്തു.

ഒറ്റയ്ക്കായിരുന്നു വേണു ഡൽഹിയിലേക്ക് പോയത്. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇന്റർവ്യൂ നല്ല രീതിയിൽ കഴിഞ്ഞു.

സിവിൽ സർവീസ് പരീക്ഷയുടെ റിസൾട്ട് വന്നു.  വേണുവിന്  283  റാങ്ക്.  ഐ എ എസ് കാഡർ കിട്ടും എന്ന് ഉറപ്പായി ആയി.

വീണ്ടും ഒരിക്കൽ കൂടി ഫാദർ തോമസിന്റെ തൊട്ട് വന്ദിച്ചു. എന്നിട്ട് പറഞ്ഞു

“അച്ഛാ ഞാൻ പോയി എൻറെ ചേട്ടനെ ഒന്നു കാണട്ടെ.  ഒരുപാട് നാളായി.  ഈ വിവരങ്ങൾ ഒക്കെ അറിഞ്ഞാൽ ചേട്ടന്  വളരെ സന്തോഷമായിരിക്കും.

അന്നുരാത്രി തന്നെ വേണു തന്റെ അഞ്ചാലുംമൂട്ടിലെ പഴയ വീട്ടിലേക്ക് യാത്ര പുറപ്പെട്ടു.  രാവിലെ  രാമുവിന്റെ വീട്ടിൽ എത്തി. വാതിൽ മുട്ടി വിളിച്ചപ്പോൾ സുമതിയാണ് വാതിൽ തുറന്നത്. വേണുവിനെ കണ്ടിട്ട് പെട്ടെന്ന് തിരിഞ്ഞോടി. അല്പസമയം കഴിഞ്ഞ് രാമു എഴുന്നേറ്റു വന്നു.  വേണുവിനെ കണ്ടിട്ട് കെട്ടിപ്പിടിച്ചു. എന്താണെന്നറിയില്ല  രണ്ടുപേരും ഒരുപാട് കരഞ്ഞു. ഇതിനിടയിൽ രാമുവിൻറെ മകൻ വന്നു വേണുവിന്റെ കയ്യിൽ പിടിച്ചു.

കുറെ നേരം കഴിഞ്ഞ് വേണു നാട് വിട്ടതിനു ശേഷം തൻറെ ജീവിതത്തിൽ നടന്നതെല്ലാം രാമുവിനോടും സുമതിയോടും പറഞ്ഞു. ഐ എ എസ്  ന് സെലക്ഷൻ കിട്ടി എന്നറിഞ്ഞപ്പോൾ അവർക്ക് വിശ്വസിക്കാനായില്ല.

ആഹാരം കഴിച്ചു കഴിഞ്ഞു രാമുവിനോട് വേണു പറഞ്ഞു

“ അണ്ണാ  ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എനിക്കറിയാം.  ഞാൻ ജോലിക്ക് കയറട്ടെ. എൻറെ ശമ്പളത്തിന്റെ ഒരുഭാഗം എല്ലാമാസവും അണ്ണൻറെ പേർക്ക് അയച്ചുതരാം. ഈ കുഞ്ഞിന്റെ  പഠിത്തം ഒരിക്കലും മുടങ്ങരുത്.  നിങ്ങളുടെ ജീവിതത്തിൽ എന്ത് ബുദ്ധിമുട്ടു വന്നാലും എന്നെ അറിയിക്കണം. എന്റെ വിലാസമൊക്കെ പിന്നീട് അയച്ചു തരാം.

വേണു ഒറ്റയ്ക്ക് ഇരുന്നപ്പോൾ സുമതി വന്നു മാപ്പ് ചോദിച്ചു. വേണു പറഞ്ഞു

“ അക്കാ, നടന്നതെല്ലാം ഒരു നിമിത്തമായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ. എല്ലാം മറന്നേക്കൂ”.

അന്ന് വൈകിട്ട് തന്നെ വേണു എറണാകുളത്തേക്ക് പുറപ്പെട്ടു. ഒരു മാസം കഴിഞ്ഞു മസൂരിയിലെ  ലാൽ ബഹദൂർ ശാസ്ത്രി ഐ എ എസ്  അക്കാദമിയിലേക്ക് യാത്രതിരിച്ചു….

കേണൽ രമേശ് രാമകൃഷ്ണൻ
09 Apr 2022

Friday, June 10, 2022

പ്രമാണം ജീവിതത്തിന്റെ ആധാരം.



“ സോമൻ സാറേ, സോമൻ സാറേ “ 

ഒരു സ്ത്രീയുടെ വിളി കേട്ട് അഞ്ചാലുംമൂട് സഹകരണ സംഘത്തിന്റെ സെക്രട്ടറി സോമൻ സാർ രണ്ടാമത്തെ നിലയിലെ ഓഫീസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. നോക്കിയപ്പോൾ അടുത്ത വീട്ടിലെ കരുവാക്കാരൻ കേശവപിള്ളയുടെ ഭാര്യ നാണിയമ്മ പടികയറി മുകളിലേക്ക് വരുന്നു. സോമൻ സാറ് മുന്നോട്ട് വന്നു പറഞ്ഞു

“ എന്ത് പറ്റി നാണിയമ്മേ ?”

“ ഞങ്ങളുടെ പുരയിടത്തിന്റെ പ്രമാണം സാറിന്റെ കയ്യിലുണ്ടോ. അത് കാണുന്നില്ല” 

നാണിയമ്മ കിതച്ചു കൊണ്ട് പറഞ്ഞു. സോമൻ സാറിന് ദേഷ്യം വന്നു. അയാൾ ചോദിച്ചു

“പ്രമാണമോ ? നിങ്ങളുടെ പ്രമാണം എങ്ങനെയാണ് എന്റെ കയ്യിൽ കാണുക ? അതിന് കേശവപിള്ളയോട് ചോദിച്ചാൽ പോരേ? “

“ അങ്ങേര് മരിച്ചു പോയി” 

പെട്ടെന്ന് ഓർത്തു കൊണ്ട് നാണിയമ്മ പറഞ്ഞു.

“ എപ്പോൾ ? ഇന്നലെ ഞാൻ കണ്ടായിരുന്നല്ലോ “ സോമൻ സാറ് തിരക്കി. 

“ ഒന്ന് രണ്ട് മണിക്കൂറായി."

 നാണിയമ്മയുടെ കണ്ണു നിറഞ്ഞു.

“ ആരെയും അറിയിച്ചില്ല. അല്ലേ ?” 

സോമൻ സാറ് ചോദിച്ചു.

“ അയ്യോ അത് ഞാനങ്ങു മറന്നു പോയി. അതെങ്ങനാ, ഞാൻ വീടിന്റെ പ്രമാണം തിരക്കുകയായിരുന്നു. പ്രമാണം കയ്യിൽ കൊടുത്തില്ലെങ്കിൽ അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തില്ലെന്ന് ഞങ്ങളുടെ മോൻ, ആ താന്തോന്നി ഗോപാലകൃഷ്ണൻ പറഞ്ഞു. അതിനി നോക്കാൻ ഒരിടവും ബാക്കിയില്ല.” നാണിയമ്മ ഒരു സത്യം പറഞ്ഞു.

“ അതെന്തായാലും മോശമായിപ്പോയി.  നിങ്ങള് പോയി നാട്ടുകാരെ വിവരമറിയിക്ക്” 

സോമൻ സാറ് ദേഷ്യപ്പെട്ടു.
വേഗത്തിൽ പടിയിറങ്ങി, ഓടി മുറ്റത്തെത്തിയിട്ട് നാണിയമ്മ മൂന്നാല് പ്രാവശ്യം നെഞ്ചത്തടിച്ചു വലിയ വായിൽ വിളിച്ചു കരഞ്ഞു

“ അയ്യോ, എന്റെ പിള്ളേച്ചൻ എന്നെയിട്ടിട്ട് പോയേ “

കരച്ചിലിന്റെ ശബ്ദം കേട്ട് അടുത്ത വീട്ടുകാർ ഓടിയെത്തി. കേശവപിള്ളയുടെ ശരീരം കട്ടിലിൽ നിന്നും  താഴെയിറക്കി ഉമ്മറത്ത് ഒരു വാഴയിലയിൽ കിടത്തി. തലഭാഗത്ത് ഒരു വിളക്കും കത്തിച്ചു വെച്ചു. ബന്ധുക്കളെ വിവരമറിയിക്കാൻ ആളുകൾ പല സ്ഥലത്തേക്കും പോയി.

പതിനാറാമത്തെ വയസ്സിൽ നാരായണി എന്ന കാഞ്ഞിരം കുഴിക്കാരി പെൺകുട്ടിയെ മുപ്പത്തി രണ്ടു വയസ്സുകാരൻ ഒരു പുടവ കൊടുത്തു കൊണ്ടുവന്നതാണ്. തന്റെ കൃഷിപ്പണിക്കിടയിൽ വിവാഹജീവിതത്തിന് സമയം കിട്ടില്ല എന്ന് കരുതി വിവാഹമേ വേണ്ടാ എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. അത്രത്തോളം മുഴുകിയിരുന്നു കൃഷിപ്പണിയിൽ കേശവപിള്ള.

കരുവായിൽ നിന്നും അഞ്ചാലുംമൂട്ടിൽ വന്ന് താമസമാക്കിയ കൃഷ്ണപിള്ളയുടെയും നാരായണിയമ്മയുടെയും ഏക മകൻ ആയിരുന്നു കേശവപിള്ള. പാരമ്പര്യമായി കൃഷി ചെയ്യുന്നവർ. പാടത്തായാലും പറമ്പിലായിലും എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു രണ്ടു പേർക്കും.

കൃഷ്ണപിള്ളയുടെ മരണശേഷം നാരായണിയമ്മ തികച്ചും ഒറ്റപ്പെട്ടു. താൻ മരിക്കുന്നതിന് മുമ്പ് കേശവപിള്ളയെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നായിരുന്നു അവരുടെ ഏക ആഗ്രഹം. അങ്ങനെ പറഞ്ഞു പറഞ്ഞ് ശല്യപ്പെടുത്തിയപ്പോൾ ഒരു ദിവസം കേശവപിള്ള പറഞ്ഞു

“ ശരി. ഞാൻ പെണ്ണ് കെട്ടാം. പക്ഷേ നാട്ടുകാർക്കൊക്കെ സദ്യയൊരുക്കി സൽക്കരിക്കാൻ എന്നെ കിട്ടില്ല.”

അടുത്തയാഴ്ച തന്നെ കേശവപിള്ള കാഞ്ഞിരം കുഴിയിലുള്ള ഒരു ബന്ധുവിന്റെ അടുത്ത വീട്ടിലെ നാരായണിയമ്മയെ ഒരു പുടവ കൊടുത്തു വിളിച്ചു കൊണ്ടു വന്നു. ഒരു കാറിൽ പോയി, അതേ കാറിൽ തന്നെ തിരികെ വന്നു. വീട്ടിൽ എത്തിയപ്പോൾ അമ്മ നാരായണിയമ്മ ചോദിച്ചു

“ എന്താ പെണ്ണേ നിന്റെ പേര് ?”

പുതിയ പെണ്ണ് പറഞ്ഞു

“ നാരായണിയമ്മ”

എഴുന്നേറ്റ് അടുത്ത് ചെന്ന് അമ്മ  പറഞ്ഞു

“ അങ്ങനെ രണ്ട് നാരായണിമാർ ഒരു വീട്ടിൽ വേണ്ടാ. മോൾക്ക് ഇന്നു മുതൽ നാണി എന്ന പേര് മതി. “

അങ്ങനെയാണ് കേശവപിള്ളയുടെ ഭാര്യ നാണിയമ്മ ആയത്.

പുതിയ പെണ്ണിനെ വിളിച്ചു കൊണ്ട് വന്നെങ്കിലും കേശവപിള്ളയുടെ ജീവിതത്തിൽ വലിയ മാറ്റമൊന്നും വന്നില്ല. പണ്ടേ അയാൾ ഒറ്റയ്ക്കായിരുന്നു കിടപ്പ്. ആരുടെയും വിയർപ്പിന്റെ ഗന്ധം അയാൾക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ നാണിയമ്മയോട് അമ്മയുടെ മുറിയിൽ കിടക്കാൻ പറഞ്ഞു. അത് നാരായണിയമ്മയ്ക്ക് നന്നേ ബോധിച്ചു. പഴയകാല ചരിത്രം പറയുമ്പോൾ കേൾക്കാൻ ഒരാളായല്ലോ. ഒപ്പം അടുക്കളയിൽ ആഹാരം വെച്ചു വിളമ്പാനും പൈക്കളെ നോക്കാനും ഒരു പെണ്ണ്.

കേശവപിള്ള രാവിലെ നേരത്തെ എഴുന്നേല്ക്കും. എന്നിട്ട് ഒരു കട്ടൻ ചായയും കുടിച്ച്, എന്തെങ്കിലും പഴങ്ങളും കഴിച്ചു കൊണ്ട് നേരേ പറമ്പിലേക്ക് പോകും. അവിടെ കിളയ്ക്കലും, നനയ്ക്കലും, വിത്തിടീലും, കളം പറിക്കലും എന്ന് വേണ്ടാ നൂറു കൂട്ടം പണികൾ. എല്ലാം അയാൾ സ്വന്തമായി ചെയ്യും. ഒരു പതിനൊന്നു മണിയോടെ വീട്ടിൽ വരും. എന്നിട്ട് കയ്യും കാലും മുഖവും കഴുകി കഞ്ഞിയും പുഴുക്കും വയറ് നിറയെ കഴിക്കും. കുറച്ച് വിശ്രമിച്ചിട്ട് കുറച്ചു നേരം പശുക്കളെ നോക്കും. ഉച്ച കഴിഞ്ഞു വീണ്ടും പറമ്പിലേക്ക്. തിരികെ വരുന്നത് സന്ധ്യക്കാണ്. നേരേ കിണറ്റിന്റ കരയിൽ പോയി തൊട്ടിയിൽ വെള്ളം കോരിയൊഴിച്ച് കുളിക്കും. കുളി കഴിഞ്ഞ് അത്താഴം. മീൻ കറി കൂട്ടിയുള്ള ഉണ് നിർബന്ധമായും വേണം. ഊണ് കഴിഞ്ഞാൽ ഉടനെ കട്ടില് പിടിക്കും. താമസിയാതെ അടുത്ത വീട്ടുകാർ കേൽക്കുന്നത്ര ഉച്ചത്തിൽ കൂർക്കം വലി. ഇതിനിടയിൽ പ്രണയത്തിന് അയാൾക്ക് സമയമില്ലായിരുന്നു. ദാമ്പത്യസുഖം എന്തെന്ന് നാണിയമ്മയും അറിഞ്ഞില്ല.

ഒരുദിവസം രാവിലെ, കേശവപിള്ള യുടെ ഒരു ബാല്യകാല സുഹൃത്ത് അയാളെ കാണാൻ വന്നു. കല്യാണം കഴിച്ചതിന്റെ ആഘോഷം വേണമെന്ന് വാശി പിടിച്ചു. കേശവപിള്ള അയാളുടെ കൂടെ നേരേ കള്ള് ഷാപ്പിലേക്ക് പോയി. രാത്രിയിൽ തിരികെ വരുമ്പോൾ ഒരു ലക്കും ലവലും ഇല്ലായിരുന്നു. മുന്നിൽ കണ്ട നാണിയമ്മയെ പൊക്കിയെടുത്ത് മുറിയിലേക്ക് കൊണ്ടുപോയി. പിന്നെ അവിടെ എന്ത് നടന്നു എന്ന് അയാൾക്ക് തന്നെ നിശ്ചയമില്ല. നേരം വെളുത്തു നാണിയമ്മ പുറത്ത് വന്നപ്പോൾ ആളാകെ മാറിയിരുന്നു. 

അടുത്തമാസം നാണിയമ്മയുടെ കുളി തെറ്റി. നാണിയമ്മ ഗർഭിണിയായി. അങ്ങനെ ഉണ്ടായ സന്താനമാണ് ശ്രീമാൻ ഗോപാലകൃഷ്ണപിള്ള.

ഒമ്പത് മാസം കഴിഞ്ഞ് നാണിയമ്മ പ്രസവിച്ചു. അണ്ടിമുണ്ടൻ പോലൊരു കുഞ്ഞ്. അടുത്ത ദിവസം തന്നെ കറുമ്പിപ്പശുവും പ്രസവിച്ചു. ഒരു കരിമാടക്കുട്ടൻ. രണ്ടു കിടാങ്ങളും ഒരുമിച്ച് കളിച്ചു വളർന്നു.

ഗോപാലകൃഷ്ണപിള്ളയെ പ്രസവിച്ചതിന്റെ ഏഴു മാസം കഴിഞ്ഞ് നാരായണിയമ്മ അന്ത്യശ്വാസം വലിച്ചു. അതോടെ നാണിയമ്മയുടെ ജീവിതം ആകെ കഷ്ടത്തിലായി. കുഞ്ഞിനെ വളർത്താനും വീട്ടുകാര്യങ്ങൾ നേരാംവണ്ണം നോക്കാനും വളരെ ബുദ്ധിമുട്ടി.

കേശവപിള്ളയുടെ ജീവിതത്തിലും സ്വഭാവത്തിലും വലിയ മാറ്റമൊന്നും സംഭവിച്ചില്ല. ഒരിക്കൽ പോലും തന്റെ മകനെ അയാൾ ലാളിക്കുന്നതോ എടുത്തു കൊണ്ട് നടക്കുന്നതോ ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അച്ഛനോട് ഒരു സ്നേഹവും ബഹുമാനവും ഗോപാലകൃഷ്ണപിള്ളയ്ക്കും തോന്നിയിട്ടില്ല.

കാലം കടന്നു പോയി. അടുക്കളയും കുട്ടിയും പശുവുമായി നാണിയമ്മയും, പറമ്പും പള്ളിക്കുടവുമായി ഗോപാലകൃഷ്ണപിള്ളയും പറമ്പും വയലുമായി കേശവപിള്ളയും ജീവിതം കഴിച്ചു കൂട്ടി. ആർക്കും മറ്റൊന്നിനും സമയമില്ലായിരുന്നു.

പത്താം ക്ലാസ്സ് തോറ്റപ്പോൾ ഇനി മേലാൽ പുസ്തകം കൈകൊണ്ട് തൊടില്ല എന്ന് ഗോപാലകൃഷ്ണപിള്ള ശപഥം ചെയ്തു. അല്ലേലും പഠിച്ചിട്ട് എന്ത് നേടാനാണ് എന്നയാൾ വാദിച്ചു. കേശവപിള്ള അത് കേട്ട ഭാവം നടിച്ചില്ല.

കൃഷിയിടത്തിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സുഭിക്ഷമായ ഒരു ജീവിതമായിരുന്നു അവരുടേത്. പിശുക്കനായ കേശവപിള്ള മറ്റാർക്കും ഒന്നും കൊടുത്തില്ല. മിച്ചമുള്ള പണം ഉരുക്കു കൂട്ടി കുറെ പുരയിടങ്ങൾ വാങ്ങി. എല്ലാം തന്റെ പേരിൽ. എന്നാൽ പ്രമാണം പോലും നാണിയമ്മയെ അയാൾ കാണിച്ചിട്ടില്ല. എവിടെയാണ് പ്രമാണങ്ങൾ വച്ചിരിക്കുന്നത് എന്ന് പോലും അവരോട് പറഞ്ഞിട്ടില്ല.

കേശവപിള്ളയ്ക്ക് വയസ്സായി. എന്നിട്ടും അയാൾ കൃഷിപ്പണി തുടർന്നു. ഒരിക്കൽ പാടത്ത് കിളച്ചു കൊണ്ടിരിക്കെ തലകറക്കം തോന്നി. വീടിനകത്ത് കയറി കട്ടിലിൽ മെല്ലെ കിടന്നു. മരണത്തെ അയാൾ മുന്നിൽ കണ്ടു. 

മരിക്കുന്നതിന് മുമ്പ് ദാഹജലത്തിനായി കേശവപിള്ള മകനോട് ആംഗ്യം കാണിച്ചു. എന്നിട്ട് വായ തുറന്നു കിടന്നു. ഗോപാലകൃഷ്ണപിള്ള ചോദിച്ചു

“ അച്ഛാ, വീടിന്റെ പ്രമാണം എവിടെയാ വച്ചിരിക്കുന്നത് ?”

വെള്ളം കിട്ടാതെ, വായ് തുറന്നു വെച്ചുകൊണ്ട് തന്നെ കേശവപിള്ള യുടെ ജീവൻ പോയി. കരഞ്ഞു കൊണ്ട് ഓടി വന്ന നാണിയമ്മയോട് മകൻ പറഞ്ഞു

“ ദേ, തള്ളേ, ഈ പുരയിടത്തിന്റെ പ്രമാണം എന്റെ കയ്യിൽ കിട്ടിയില്ലെങ്കിൽ ഞാൻ ഇങ്ങേരുടെ ചിതയ്ക്ക് തീ കൊളുത്തില്ല”.

നാണിയമ്മയും ഗോപാലകൃഷ്ണപിള്ളയും വീട് മുഴുവൻ അരിച്ചു പെറുക്കി. പ്രമാണം കിട്ടിയില്ല. അതിനിടയിൽ കേശവപിള്ള മരിച്ചു കിടക്കുന്ന കാര്യം രണ്ടു പേരും മറന്നു പോയി. ഇനി പ്രമാണം സോമൻ സാറിനെയെങ്ങാനും ഏല്പിച്ചിണ്ടോയെന്നറിയാനാണ് നാണിയമ്മ അങ്ങോട്ട് വന്നത്.

കേശവപിള്ളയുടെ മരണവിവരം അറിഞ്ഞ് പലരും ഓടിയെത്തി. നെഞ്ചത്തടിച്ചു കരച്ചിലും വാവിട്ടു കരച്ചിലും ഒക്കെ മുറപോലെ നടന്നു. ഗോപാലകൃഷ്ണപിള്ള മാത്രം ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് ഇരുന്നു. ഇടയ്ക്കിടെ ചെന്നു നാണിയമ്മയെ പ്രമാണത്തിന്റെ കാര്യം ഓർമ്മപ്പെടുത്തി. സമുദായക്കാരും ബന്ധപ്പെട്ടവരും ചേർന്ന് ദാഹക്രീയയ്ക്കുള്ള കാര്യങ്ങളിൽ മുഴുകി. എല്ലാവരുടെയും മുന്നിൽ വച്ച് ഗോപാലകൃഷ്ണപിള്ള പറഞ്ഞു.

“ അമ്മേ, വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പുരയിടത്തിന്റെ പ്രമാണം എന്റെ കയ്യിൽ കിട്ടിയില്ലെങ്കിൽ ഞാൻ ചിതയ്ക്ക് തീ കൊളുത്തില്ല. ഇത് സത്യം.”

ആളുകൾ അതിശയം പ്രകടിപ്പിച്ചു. എല്ലാവരും വീണ്ടും പ്രമാണം തിരിയാൻ തുടങ്ങി. ഒരു തുമ്പും കിട്ടിയില്ല. കൃത്യം അഞ്ചു മണിക്ക് ഗോപാലകൃഷ്ണപിള്ള തന്റെ അച്ഛന്റെ മൃതദേഹം ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ എങ്ങോട്ടോ ഇറങ്ങിപ്പോയി. 

കേശവപിള്ളയുടെ അകന്ന ബന്ധത്തിലെ ഒരു സഹോദരന്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി. മറ്റ് അന്ത്യകർമ്മങ്ങളും ചെയ്തു.
സഞ്ചയനവും കുളിയടിയന്തിരവും മുറപോലെ നടന്നു. മകൻ മാത്രം പങ്കെടുത്തില്ല.

നാണിയമ്മ ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടു. പ്രായത്തിന് മുമ്പേ വയസ്സായി. ജീവിക്കാൻ വേണ്ടതൊക്കെ പറമ്പിൽ നിന്നും കിട്ടുമായിരുന്നു. പത്തായത്തിൽ കഴിഞ്ഞ വർഷത്തെ നെല്ലുണ്ടായിരുന്നത് കൊണ്ട് മാസങ്ങളോളം ബുദ്ധിമുട്ട് ഇല്ലാതെ കഴിച്ചു കൂട്ടി. വീടിന്റെ മുന്നിലൂടെ പോകുന്ന ആരെങ്കിലും ആൺകുട്ടികളെ വിളിച്ച് സഹായം തേടിയിരുന്നു. 

അങ്ങനെ ഒരു ദിവസം പത്തായത്തിന്റെ അടിയിൽ നിന്നും നെല്ല് വാരുന്നതിനിടയിൽ ഒരു കുട്ടിക്ക് ഒരു പൊതി കിട്ടി. ഉടനെ തന്നെ നാണിയമ്മയെ വിളിച്ച് ആ പൊതി കൊടുത്തു. തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്നു കുറെ പ്രമാണങ്ങൾ.

പ്രമാണം കിട്ടിയ അപ്പോൾത്തന്നെ നാണിയമ്മ സോമൻ സാറിനെ വിവരമറിയിച്ചു. 

“ ഇനി എന്ത് ചെയ്യും സാറേ?” 

നിറഞ്ഞ കണ്ണുകളോടെ തിരക്കി നാണിയമ്മ.

സോമൻ സാറ് കുറെ നേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു.

“ നമുക്ക് പത്രത്തിൽ പരസ്യം കൊടുത്തു നോക്കാം”

“ശരി. എന്താണെന്ന് വെച്ചാൽ സാറ് തന്നെ ചെയ്യൂ” 

പ്രമാണവുമായി വീട്ടിലേക്ക് നടന്നു നാണിയമ്മ.

മൂന്നു ദിവസം കഴിഞ്ഞുള്ള മലയാള മനോരമ, മാതൃഭൂമി, മംഗളം, കേരള കൗമുദി, ജനയുഗം എന്നീ പത്രങ്ങളിൽ ഒരു പരസ്യം വന്നു.

“അമ്മയോട് പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിപ്പോയ മകൻ ഗോപാലകൃഷ്ണപിള്ള അറിയുന്നതിന്.
കാണാതിരുന്ന വസ്തുക്കളുടെ പ്രമാണം കിട്ടി. നീ എത്രയും പെട്ടെന്ന് വീട്ടിൽ തിരികെ വരണം.
എന്ന് അമ്മ, നാണിയമ്മ”

പരസ്യം പത്രങ്ങളിൽ വന്നതിന്റെ നാലാം ദിവസം വെളുപ്പാൻ കാലത്ത് ഗോപാലകൃഷ്ണപിള്ള വീടിന്റെ വാതിലിൽ മുട്ടി വിളിച്ചു. ആകെ പ്രാകൃതമായ രൂപത്തിൽ. മകനെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു നാണിയമ്മ. അയാൾ ചോദിച്ചു

“ എവിടെയമ്മാ പ്രമാണം ?”

ഒന്നും മറുപടി പറയാതെ നാണിയമ്മ അകത്തു നിന്നും പ്രമാണത്തിന്റെ പൊതി കൊണ്ടു വന്ന് മകന്റെ കയ്യിൽ കൊടുത്തു.

ഗോപാലകൃഷ്ണപിള്ളയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അയാൾ നാണിയമ്മയെ പൊക്കിയെടുത്ത് കറക്കി. അമ്മയെ താഴെയിറക്കിയിട്ട് അയാൾ പറഞ്ഞു.

“ ഇനി അമ്മ നോക്കിക്കോ. ഇതിൽ നിന്നും കുറെ സ്ഥലം വിറ്റിട്ട് ഞാൻ ഒരു കച്ചവടം തുടങ്ങും. എന്നിട്ട് ഒരു പെണ്ണ് കെട്ടും. സുഖമായി ജീവിക്കും. അമ്മയെ ഞാൻ പൊന്നു പോലെ നോക്കും. നമുക്കും വേണ്ടേ അമ്മേ ഒരു സുഖജീവിതം ?”

നാണിയമ്മ ദേഷ്യത്തോടെ ചോദിച്ചു.

“ഈ പ്രമാണങ്ങൾക്ക് വേണ്ടി ആയിരുന്നല്ലോടാ നീ , നിനക്ക്  ജന്മം നൽകിയ, ജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് നിനക്കു വേണ്ടി ഈ സ്വത്തെല്ലാം സമ്പാദിച്ച നിന്റെ അച്ഛന്റെ ചിത്രയ്ക്ക് തീ കൊളുത്താതെ, അന്ത്യകർമ്മങ്ങളും ചെയ്യാതെ ഓടി പൊയ്ക്കളഞ്ഞത് ?”

നാണിയമ്മ തുടർന്നു

“നിനക്ക് തോന്നുന്നുണ്ടോ, ഈ സ്വത്തെല്ലാം ഉപയോഗിച്ച് സ്വസ്ഥമായി, സമാധാനത്തോടെ ജീവിക്കാൻ നിനക്ക് കഴിയുമെന്ന് ?

“പ്രമാണം മാത്രമല്ല, ജീവിതത്തിന്റെ ആധാരം. മറ്റു പലതുമുണ്ട്……”

കേണൽ രമേശ് രാമകൃഷ്ണൻ
22 Jan 2022

Thursday, June 2, 2022

മതിലുകൾ



മതിലുകളുടെ  ഇപ്പുറമിരുന്ന്
ഞാൻ പണിത സൗധങ്ങൾ
ഞാൻ മാത്രമേ കണ്ടുള്ളൂ.

മതിലുകളുടെ അപ്പുറമിരുന്ന്
അവർ ചെയ്ത കൃത്യങ്ങൾ
ഞാനൊന്നും കണ്ടില്ല.

അറിവിന്റെ , അഴകിന്റെ,
കഴിവിന്റെ, കരുത്തിന്റെ,
നിറത്തിന്റെ, ഗുണത്തിന്റെ
ജാതി, മത, വിശ്വാസത്തിന്റെ,
ഭാഷയുടെ, ഭാഗ്യത്തിന്റെ,
തത്വ സംഹിതകളുടെ,
രാഷ്ട്രീയത്തിന്റെ 
പടുകൂറ്റൻ മതിലുകൾ
ആരാണ് ഇടയ്ക്ക് കെട്ടിയത് ?

വരൂ എൻ സഖാക്കളേ,
നിങ്ങളുടെ ചുറ്റിക കൂടെ എടുത്തോളൂ,
അടിച്ചുടയ്ക്കാം നമുക്കീ മതിലുകൾ,
ഒരു വശത്തു നിന്നും, ഓരോന്നായി.

ഒത്തു പിടിച്ചാൽ മല മാത്രമല്ല ,
മതിലും പോരുമെന്നാക്കീടാം......

കേണൽ രമേശ് രാമകൃഷ്ണൻ
3 Jun 2022