“ആളിറങ്ങണം”.
തേവള്ളി പാലത്തിൻറെ ഏകദേശം കാൽഭാഗം കഴിഞ്ഞപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു. ഡ്രൈവർ ബസ് നിർത്തുന്നില്ല എന്ന് കണ്ട് വീണ്ടും വിളിച്ചുപറഞ്ഞു
“എനിക്ക് ഇവിടെ ഇറങ്ങണം”
പക്ഷേ ബസ്സ് പാലത്തിന്റെ പുറത്ത് അയാൾ നിർത്തിയില്ല. പാലവും കഴിഞ്ഞ് ഒരു ഫർലോങ്ങ് ദൂരെ കൊണ്ടുപോയി നിർത്തി. ഞാൻ കണ്ടക്ടറോട് കയർത്തു.
“ആളുകൾക്കിറങ്ങേണ്ടിടത്തല്ലേ വണ്ടി നിർത്തേണ്ടത്?’
ബസ്സിൽ നിന്നും ഞാൻ ഇറങ്ങി കഴിഞ്ഞപ്പോൾ ഒരു പുച്ഛത്തോടെ അയാൾ പറഞ്ഞു
“ പിന്നേ, പാലത്തിന്റെ നടുക്കല്ലേ വണ്ടി നിർത്തുന്നത് ?”
ഞാൻ പതിയെ പാലത്തിന്റെ മുകളിലൂടെ നടന്നു. എന്നിട്ട് രണ്ടു വശത്തുമുള്ള കായലിലേക്ക് നോക്കി. അഷ്ടമുടിക്കായലിന്റെ ഭാഗമാണ് തേവള്ളിക്കായൽ. കായലിന്റെ യഥാർത്ഥ ഭംഗി അറിയണമെങ്കിൽ രാവിലെ സൂര്യൻ ഉദിച്ചു കഴിയുമ്പോൾ തേവള്ളി പാലത്തിന്റെ മുകളിൽ നിന്ന് നോക്കണം . ശാന്തമായ, ഓളങ്ങൾ ഇല്ലാത്ത കായലിൽ സൂര്യരശ്മികളുടെ പ്രതിബിംബം കാണാൻ എത്ര ഭംഗിയാണ് ! ഒപ്പം രണ്ട് കരകളിലും തഴച്ചു വളരുന്ന തെങ്ങുകൾ. ഇടയ്ക്കിടെ മന്ദം മന്ദം തുഴഞ്ഞു നീങ്ങുന്ന കൊതുമ്പു വള്ളങ്ങൾ. മുളയൂന്നി കൊണ്ടു പോകുന്ന കെട്ടുവളളങ്ങൾ, പിന്നെ ചിലർ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന ദൃശ്യങ്ങൾ.
തേവള്ളി പാലത്തിന്റെ അങ്ങേയറ്റം തേവള്ളിയും ഇങ്ങേയറ്റം കോട്ടയത്ത് കടവും ആണ്. യഥാർത്ഥത്തിൽ കോട്ടയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ഥലമാണ് കോട്ടയത്ത് കടവ്. അവിടെ St കസ്മീറിന്റെ പേരിൽ ഒരു ക്രിസ്ത്യൻ പള്ളിയുണ്ട്. St ജോർജ്ജ് കുരിശടിയും. പിന്നെ ഒന്നു രണ്ട് മുറുക്കാൻ കടകളും ചായക്കടയും. പഴയ ഒരു സ്കൂളും.
തേവള്ളിപ്പാലം വരുന്നതിനു മുമ്പ് ഉള്ളതായിരുന്നു എന്റെ ബാല്യം. പണ്ട് കൊല്ലത്ത് രാജാവ് ഭരിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്ന കുറെ കിഴവന്മാർ എൻ്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു പക്ഷേ അവരാരും കൊല്ലം രാജാവ് ആനപ്പുറത്ത് എഴുന്നള്ളി ഞങ്ങളുടെ പ്രിയപ്പെട്ട നാടായ അഞ്ചാലുംമൂട്ടിൽ വന്നിട്ടുള്ളതായി പറഞ്ഞിട്ടില്ല. കാരണം തേവള്ളിയിൽ ആയിരുന്നല്ലോ കൊല്ലം രാജാവിന്റെ കൊട്ടാരം. തൊട്ടടുത്ത് കായലും. കൊല്ലത്തു നിന്നും രാജാവിനെയും ചുമന്നുകൊണ്ട് ഒരു ആനയ്ക്കും കായൽ നീന്തി കടക്കാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ പിന്നെ തേവള്ളിയിൽ നിന്നും ചിന്നക്കട, കടപ്പാക്കട, രണ്ടാംകുറ്റി, മങ്ങാട് വഴി കറങ്ങി കണ്ടച്ചിറ ചീപ്പിന്റെ മുകളിലൂടെ താന്നിക്ക മുക്ക് വഴി അഞ്ചാലുംമൂട്ടിൽ വരണം . ഒരു ആനയുടെ ഭാരം താങ്ങാൻ കഴായാതെ ചീപ്പ് താഴ്ന്നു പോയാൽ രാജാവ് വെള്ളത്തിലായത് തന്നെ.
തേവള്ളിയിൽ പാലം വരുന്നതിനു മുമ്പ്, അഞ്ചാലുംമൂട് വഴി പോകുന്നത് അഞ്ചാറു ബസ്സുകൾ മാത്രം ആയിരുന്നു. അതിൽ പ്രധാനമായും ശ്രീ ശിവൻ, GMT യും മറ്റും. കോട്ടയത്ത് കടവ് വരെയായിരുന്നു ഈ ബസ്സുകളുടെ റൂട്ട് . കോട്ടയത്ത് കടവ് ഒരു നല്ല കടത്തല്ലായിരുന്നു അവിടെ നിന്നും അക്കര പോകാൻ നല്ല കടത്തു വള്ളം കിട്ടില്ല . അതുകൊണ്ട് കൊല്ലത്ത് പോകാനുള്ളവർ ബസ്സിൽ നിന്നും വെങ്കേക്കരയിൽ ഇറങ്ങി അവിടെ നിന്നും മൂന്നാല് ഫർലോങ്ങ് നടന്ന് കടത്ത് കിട്ടുന്ന സ്ഥലത്തെത്തും. അവിടെ വലിയ രണ്ട് കടത്ത് വള്ളങ്ങൾ ഉണ്ടായിരുന്നു. ഒന്ന് ഇക്കരെയും മറ്റേത് അക്കരെയും. ഇക്കര വള്ളത്തിൽ ആളുകൾ കയറി തുടങ്ങുമ്പോൾ ഇക്കരെ നിന്ന് കൂവി അക്കരെ വിവരമറിയിക്കും. കടത്തിന് ആളുകൾ ഉണ്ടായാലും ഇല്ലെങ്കിലും കുറവാണെങ്കിലും കടത്തു വള്ളം ഇക്കരയിലേക്ക് പുറപ്പെടും. വള്ളത്തിലുള്ള ആണുങ്ങൾ പങ്കായം പിടിച്ചു സഹായിക്കും. നല്ല രസമാണ് വരിവരിയായി കുമിളകൾ വള്ളത്തിന്റെ രണ്ടു വശത്തു നിന്നും പുറകിലോട്ട് പോകുന്നത് കാണാൻ.
കായലിന്റെ അക്കര ആശ്രാമം എന്ന സ്ഥലത്താണ് അക്കരെയിലെ കടത്ത്.. അവിടെ കടത്തിറങ്ങി ആശ്രാമം ക്ഷേത്രത്തിന്റെ അരികിലൂടെ നടന്ന് ടൂറിസ്റ്റ് ബംഗ്ലാവ്( പണ്ട് ബ്രിട്ടീഷ് റെസിഡൻസി ആയിരുന്ന കെട്ടിടം), ആശ്രമം മൈതാനം, മുനീശ്വരൻ കോവിൽ, പഴയ ബർമ്മാ ഷെല്ല് എന്ന എണ്ണക്കമ്പനികളുടെ ടാങ്ക് , കുഞ്ഞമ്മപ്പാലം എന്നിവ കഴിഞ്ഞാൽ കൊല്ലത്തിന്റെ ഹൃദയ സ്ഥാനമായ ചിന്നക്കടയിൽ എത്താം.
അങ്ങനെ വെങ്കേക്കര വഴി നടന്നായിരുന്നു കൂടുതൽ ആളുകളും കൊല്ലത്ത് പോയിക്കൊണ്ടിരുന്നത്. ഞങ്ങളുടെ കിഴക്കേവീട്ടിലെ ചന്ദ്ര ചേച്ചി ഗ്രാജുവേറ്റ് ആയത് അങ്ങനെ നടന്ന് എസ് എൻ കോളേജിൽ പോയി പഠിച്ചിട്ടായിരുന്നു. എത്ര മനോഹരമായിരുന്നു ചന്ദ്ര ചേച്ചി കറുത്ത ഗൗണുമൊക്കെയണിഞ്ഞ് ഒരു ചതുരാകൃതിയിലുള്ള തൊപ്പി തലയിൽ വച്ച് ഡിഗ്രിയും പിടിച്ചു നിൽക്കുന്ന ഫോട്ടോ കാണാൻ.
അല്ലാതെ കൊല്ലത്ത് പോകാൻ അഷ്ടമുടിയിൽ നിന്നും തിരുമുല്ലവാരം വരെയുള്ള പി എം എസ് എന്ന പ്രൈവറ്റ് ബസ്സ് ഉണ്ടായിരുന്നു. മങ്ങാട് വഴിയാണ് പോകുന്നത്. അതും നാലുമണിക്കൂർ ഇടവിട്ടായിരുന്നു യാത്ര.
തേവള്ളിയിൽ പാലം വന്നതോടെ ഞങ്ങളുടെ നാടാകെ മാറി. ഞങ്ങളും കൊല്ലക്കാരായി. കൊട്ടാരക്കരയിൽ നിന്നും പെരുമൺ, പ്രാക്കുളം, അഷ്ടമുടി എന്തിന് പുത്തൂർ ,നെടുമങ്ങാവ് നിന്നും വരെയുള്ള ബസ്സുകൾ തേവള്ളിപ്പാലം വഴി ഓടാൻ തുടങ്ങി.
ആയിടെയാണ് അഞ്ചാലുംമൂട് സ്കൂളിൽ നിന്നും SSLC ഫസ്റ്റ് ക്ലാസ്സോടെ ഞാൻ ജയിച്ചത് . അക്കാലത്ത് 10 കഴിഞ്ഞാൽ കോളേജ് അല്ലാതെ വേറൊരു പഠിത്തം ഇല്ലായിരുന്നു . നാല് കോളേജുകൾ ഉണ്ടായിരുന്നു കൊല്ലത്ത്. S N കോളേജ് ,
SN വിമൻസ് കോളേജ്, കർബല ജംഗ്ഷനിൽ ഫാത്തിമ കോളേജ്, മൂന്നാംകുറ്റിക്കടുത്ത് T K M കോളേജ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഒരേ ക്ലാസിൽ ഇരുന്നു പഠിക്കുന്ന ഫാത്തിമ കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടി. എൻറെ സ്വപ്നത്തിലെ സ്വർഗ്ഗം എനിക്ക് കിട്ടിയെന്ന് പറയാം.
അക്കാലത്തെ അഞ്ചാലുംമൂട്ടിൽ നിന്നും കൊല്ലത്തേക്കുള്ള ബസ് കൂലി 20 പൈസയായിരുന്നു. വിദ്യാർത്ഥികൾക്ക് 10 പൈസയും. ഡീസലിന്റെയും മറ്റും വില കൂടിയപ്പോൾ സാധാരണക്കാരുടെ ബസ് കൂലി 30 പൈസയാക്കി. വിദ്യാർഥികൾക്ക് ബസ് കൂലി 15 പൈസയുമാക്കി കൂട്ടി.
വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ബസ്സുകൾക്ക് നേരെ കുട്ടികൾ കല്ലെറിഞ്ഞു. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലും പിന്നെ എസ് എൻ കോളേജിലും സമരം നടന്നു. സമരം രൂക്ഷമായതോടെ ബസ്സുടമകൾ ഒരു തീരുമാനം എടുത്തു. ഇനി ഒരു പ്രളയം വന്ന് നാട് നശിച്ചാലും വിദ്യാർത്ഥികൾക്ക് ബസ്സ് കൂലി 10 പൈസ തന്നെ. ഏത് ഭരണകൂടം വന്നാലും. അതോടെ നിന്നു എല്ലാ സമരവും.
പക്ഷേ കാശു മുതലാക്കാൻ പ്രൈവറ്റ് ബസ്സുകാർ ഒരാൾക്ക് പകരം മൂന്നു വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാൻ തുടങ്ങി. ബസ്സിൽ ഇടിയും തള്ളും കൊണ്ടുള്ള അന്നത്തെ യാത്ര ഓർക്കുമ്പോൾ ഇപ്പോഴും ശരീരം വിയർക്കും.
എന്റെ ബാല്യകാല സുഹൃത്തും ക്ലാസ്മേറ്റുമായ ജ്യോതി റോസ് ആയിരുന്നു എന്നും എന്റെ കൂടെ സഞ്ചരിച്ചിരുന്നത്. ഞാൻ എവിടെയും എന്തിനും പോകുന്നതും ജ്യോതിയുടെ കൂടെയായിരുന്നു . കോളേജിലേക്കും തിരികെയും. ഞങ്ങൾ കൈകോർത്ത് പിടിച്ചായിരുന്നു യാത്ര. ജ്യോതിക്ക് ഇടിയും തള്ളും കൊണ്ടുള്ള യാത്ര അത്രയ്ക്ക് ഇഷ്ടമല്ല അതുകൊണ്ട് ഞങ്ങൾ കൂടുതൽ ആളുകളെ കയറ്റാത്ത ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. 30 പൈസയുടെ ടിക്കറ്റെടുത്ത്. പക്ഷേ ട്രാൻസ്പോർട്ട് ബസ്സുകൾ ബസ്റ്റാൻഡിന്റെ മുന്നിൽ നിർത്തുകയില്ല. ഒന്നുകിൽ കുറെ മുന്നിൽ അല്ലെങ്കിൽ പിന്നിൽ. രണ്ടായാലും ബസ്സ് പിടിക്കാനായി ഓടണം. പക്ഷേ കൂടുതൽ തിരക്കില്ലാത്തതിനാൽ യാത്ര ചെയ്യാൻ സുഖമായിരുന്നു. സാധാരണയായി സീറ്റുകൾ കിട്ടാറില്ല പിന്നെ ഹൈസ്കൂൾ ജംഗ്ഷൻ എത്തുമ്പോൾ കളക്ടറേറ്റിൽ പോകുന്ന ആരെങ്കിലും ഇറങ്ങിയാൽ ഇരിക്കാൻ സീറ്റ് കിട്ടും.
ഒരു ദിവസം ജ്യോതി റോസ് ബസ്സ്റ്റാൻഡിൽ എത്താൻ വൈകി. അപ്പോഴേക്കും ഞങ്ങൾ സ്ഥിരമായി യാത്ര ചെയ്യാറുള്ള പ്രാക്കുളം - കൊല്ലം , എന്ന ട്രാൻസ്പോർട്ട് ബസ്സ് വിട്ടുപോയി. അങ്ങനെ ഞങ്ങൾ അടുത്ത ബസ്സ് കാത്തുനിൽക്കുമ്പോൾ പെട്ടെന്ന് ഒരു ട്രാൻസ്പോർട്ട് ബസ്സ് വന്ന് സ്റ്റാൻഡിന്റെ മുന്നിൽ നിന്നു. ബോർഡ് നോക്കാതെ ഞങ്ങൾ ബസ്സിൽ കയറി പുറകെയുള്ള സീറ്റും ചാരി നിന്നു.
എന്തെങ്കിലും പ്രത്യേകമായി എന്നെ അറിയിക്കണമെങ്കിൽ, അതും മറ്റുള്ളവരുടെ മുമ്പിൽ വച്ച്, ജ്യോതി എന്റെ കൈപിടിച്ച് ഒന്ന് അമർത്തും. എനിക്ക് സന്ദേശം കിട്ടും. ഞാൻ ചുറ്റും നോക്കും കാണാനുള്ളത് കാണും. ഞാനും തിരിച്ച് അങ്ങനെയാണ് സന്ദേശം കൊടുക്കുന്നത്.
ബസ്സ് വിട്ടു. ചന്ദ്ര ടാക്കീസിന്റെ അടുത്ത് എത്തിയപ്പോൾ ജ്യോതി എന്റെ കൈപിടിച്ച് ഒന്നമർത്തി. ബസ്സിൽ നേരെ മുന്നോട്ട് നോക്കി നിന്നിരുന്ന ഞാൻ തല തിരിച്ച് ചുറ്റും നോക്കി . വലതുവശത്തുള്ള ഒരു സീറ്റിൽ കണ്ട കാഴ്ച എന്റെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു. എന്റെ ജീവിതത്തിൽ അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ ഒരു പെൺകുട്ടി പിറകുവശത്തു നിന്നും മൂന്നാമത്തെ സീറ്റിൽ വെളിയിലേക്ക് നോക്കിയിരിക്കുന്നു.
പാല് പോലെ വെളുത്ത നിറവും, നല്ല ചുരുണ്ട മുടിയും, ചുമന്ന ചുണ്ടുകളും, നീണ്ട കണ്ണുകളും, ചുവന്നു തുടിച്ച കവിളുകളും തുടിക്കുന്ന യൗവ്വനവും. അതായത് സ്ത്രീ സൗന്ദര്യത്തിന്റെ മൂർത്തി ഭാവം. ഞാൻ ജ്യോതിയോട് ഒന്നും മിണ്ടാതെ വിസ്മയിച്ചു അങ്ങനെ നിന്നുപോയി. ആ പെൺകുട്ടിയിൽ നിന്ന് കണ്ണെടുക്കാതെ. വേറെ ആളുകളെയോ, സാധനങ്ങളെയോ, ദൃശ്യങ്ങളെയോ ഒന്നും ഞാൻ നോക്കിയില്ല. എന്റെ മനസ്സ് ഒന്നിനും അനുവദിച്ചില്ല. ഒരു ഷോക്കിൽ എന്നപോലെ ഞാൻ അങ്ങനെ നിന്നു.
മുരിങ്ങമൂട്, സി കെ പി ജംഗ്ഷൻ കടവൂർ, മതിലിൽ, വെങ്കേക്കര, കോട്ടയത്ത് കടവ്, തേവള്ളിപ്പാലം, തേവള്ളി, ഹൈസ്കൂൾ ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ എപ്പോൾ കടന്നുപോയത് എന്ന് ഞാൻ അറിഞ്ഞില്ല.
ബസ്സിൽ നിന്നും കുറെ ആളുകൾ ഇറങ്ങി, കുറെപ്പേർ കയറി. ആളുകൾക്ക് ഇറങ്ങാനും കയറാനും സൗകര്യത്തിനായി ജ്യോതി എന്നെ അല്പം പുറകിലോട്ട് മാറ്റി നിർത്തി. പക്ഷേ എന്റെ കണ്ണുകൾ ആ സുന്ദരിയിൽ തന്നെ ആയിരുന്നു.
ബസ്സ് കൊല്ലത്ത് കോട്ടൺ മില്ലിന്റെ മുന്നിലെത്തിയപ്പോൾ ആ പെൺകുട്ടി ഇറങ്ങാനായി എഴുന്നേറ്റ് നിന്നു. ആളുകൾക്കിടയിലൂടെ നടന്നുവന്ന് എന്റെ അരികിലെത്തിയപ്പോൾ ഞാൻ ഒന്ന് ഒഴിഞ്ഞുമാറികൊടുക്കാൻ ശ്രമിച്ചു. പക്ഷേ ആ കുട്ടി അതിനു വേണ്ടി കാത്തുനിന്നില്ല.
എന്റെ നെഞ്ചിൽ അവളുടെ മാറിടങ്ങൾ ഉരച്ചുകൊണ്ട് ആ പെൺകുട്ടി ബസ്സിൽ നിന്നും ഇറങ്ങി. ആ സമയത്ത് എനിക്കുണ്ടായ വികാരം എന്താണെന്ന് ഇവിടെ വിവരിക്കാൻ ബുദ്ധിമുട്ടാണ്. ശ്വാസം നേരേ കിട്ടാൻ അല്പം സമയമെടുത്തു. സ്വബോധം വീണ്ടുകിട്ടയപ്പോൾ ജ്യോതി എന്നെ നോക്കി അർത്ഥം വെച്ചൊരു ചിരി. മറ്റാരെങ്കിലും നടന്ന സംഭവം ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല.
കൊല്ലം ബസ്റ്റാൻഡിൽ ഞങ്ങൾ ഇറങ്ങി. പ്രൈവറ്റ് ബസ്സ് പോലെയല്ല ട്രാൻസ്പോർട്ട് ബസ്സ്. ഒരേ നിറവും രൂപവും. ട്രാൻസ്പോർട്ട് ബസ്സിന് ആരും പേരിടാറില്ല. ഡ്രൈവറും കണ്ടക്ടറും പോലും സ്ഥിരമായി ഉള്ളവരല്ല. പിന്നെ ഏത് ബസ്സാണ് എന്ന് തിരിച്ചറിയാൻ ഒരേയൊരു മാർഗ്ഗം ആ ബസ്സിന്റെ നമ്പറാണ്. ഞങ്ങൾ ബസ്സിന്റെ ബോർഡ് നോക്കി.
'R- 286, വെള്ളിമൺ’
ഒന്നുകൂടി ആ സുന്ദരിയെ ഒരു നോക്കു കാണാൻ, ആ ശബ്ദം ഒന്ന് കേൾക്കാൻ മനസ്സ് വെമ്പി.
പിന്നീടുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഞാനും ജ്യോതി റോസും വെള്ളിമണ്ണിൽ നിന്നും വരുന്ന അതേ ബസ്സിൽ കോളേജിലേക്കും തിരികെയും യാത്ര ചെയ്തു. ഒരിക്കലും ആ കുട്ടിയെ ബസ്സിൽ ഞങ്ങൾ കണ്ടിട്ടില്ല. പലപ്രാവശ്യം കോട്ടൺ മില്ലിന്റെ അടുത്ത് ഞങ്ങൾ കറങ്ങി. പല വീടുകളിലും എത്തിനോക്കിയിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ആ മുഖം പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല.
ഇന്നും എന്റെ ഓർമ്മയിൽ മായാതെ കിടക്കുന്ന ഒരു ട്രാൻസ്പോർട്ട് ബസ്സിന്റെ ബോർഡ് ആണ്
‘ R - 286 വെള്ളിമൺ'
കേണൽ രമേശ് രാമകൃഷ്ണൻ
29 August 2022.
No comments:
Post a Comment