“എന്താ, ഒരു മ്ലാനത ?”
ഒരു കൊമ്പിലിരുന്നുകൊണ്ട് മുന്നിൽ തൂങ്ങി നിൽക്കുന്ന പഴുത്ത ചക്കയിൽ നിന്നും ചൊളകൾ കൊത്തിയെടുക്കുന്നതിനിടയിൽ കാക്ക തന്റെ പ്രിയ സുഹൃത്തായ പ്ലാവിനോട് ചോദിച്ചു. മറുപടി കിട്ടാത്തത് കൊണ്ട് വീണ്ടും ചോദിച്ചു.
“ ഞാൻ വന്ന് നിന്നിൽ ജനിച്ച ആകെയുള്ള ഒരൊറ്റ ചക്കയിൽ നിന്ന് ചൊളകളെല്ലാം കൊത്തി തിന്നുന്നത് ഇഷ്ടപ്പെട്ടില്ല. അല്ലേ ?”
“ഏയ് അങ്ങനെയൊന്നുമില്ല. എനിക്ക് സന്തോഷമേയുള്ളൂ നീ തിന്നുന്നതിൽ. നിനക്ക് വേണ്ടി മാത്രമാണ് ഈ ചക്ക.”
പ്ലാവ് കാറ്റിൽ ഒന്ന് ആടിക്കൊണ്ട് പറഞ്ഞു.
“ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. കഴിഞ്ഞവർഷം ഈ പ്ലാവിൽ എത്ര മാത്രം ചക്കകൾ ഉണ്ടായിരുന്നു. ഈ വർഷം ഒരു ചക്ക മാത്രം പിടിച്ചു. അതും മനുഷ്യന് എത്തിപ്പറ്റാൻ കഴിയാത്ത അത്ര ഉയരത്തിൽ “ കാക്ക തുടർന്നു.
അല്പനേരം കഴിഞ്ഞ് പതിയെ പ്ലാവ് പറഞ്ഞു
“അത് ഞാൻ മനപ്പൂർവ്വം ചെയ്തതാണ്. എന്നിൽ പിറന്ന എല്ലാ കളകളും ഞാൻ തന്നെ കൊഴിച്ചു കളഞ്ഞു. എനിക്ക് വേണ്ടാ ഒരു ചക്ക കുഞ്ഞുങ്ങളും. പിന്നെ നിന്നെ ഓർത്ത് ഒരു ചക്ക മാത്രം ഞാൻ വളർത്തി. എന്റെ ചില്ലകളിൽ ആണല്ലോ നീ എന്നും കൂടുകൂട്ടുന്നത്.”
“എന്തുപറ്റി? എന്താണ് ഇത്ര നൈരാശ്യം? എന്നോട് പറയൂ”
കാക്ക താണപേക്ഷിച്ചു. അപ്പോൾ പ്ലാവ് തൻ്റെ ജീവിതകഥ പറഞ്ഞു.
“ കൊല്ലം ജില്ലയിലെ ഓച്ചിറ എന്ന സ്ഥലത്തായിരുന്നു എന്റെ ജനനം. തേൻവരിക്ക എന്ന് പ്രസിദ്ധമായ ഒരു പ്ലാവിന്റെ കുട്ടിയാണ് ഞാൻ. താഴെ ആ ഓലമേഞ്ഞ വീട് കണ്ടോ? അവിടെ ഒരു അമ്മുമ്മ ഉണ്ടായിരുന്നു, ആ അമ്മുമ്മ കുറെ നാൾ മുമ്പ് മരിച്ചു പോയി. ദേവകിത്തള്ള എന്നായിരുന്നു എല്ലാവരും അവരെ വിളിച്ചിരുന്നത്. അവർക്കൊരു മകനുണ്ട്, കണ്ടിട്ടില്ലേ ഒരു കഷണ്ടിത്തലയൻ ചന്ദ്രൻ. കൂലിപ്പണിയാണ് ജോലി. അയാളുടെ ഭാര്യ ജാനകി. അവർക്ക് ഒരു കുട്ടിയുണ്ട് നകുലൻ.
ആ രണ്ടുനില കെട്ടിടം കണ്ടോ? അവിടെ പണ്ട് ഇതുപോലെത്തെ ഒരു ഓലമേഞ്ഞ വീടുണ്ടായിരുന്നു. ഇപ്പോഴത്തെ ശേഖരൻ മുതലാളി താമസിച്ചിരുന്ന വീട്. അയാളുടെ അച്ഛനും അമ്മയും ഒക്കെ നേരത്തെ മരിച്ചു. ശേഖരൻ അഞ്ചാലുംമൂട്ടിലെ ടാക്സി സ്റ്റാൻഡിലെ ഒരു ടാക്സി ഡ്രൈവർ ആയിരുന്നു. നമ്മുടെ പുത്തൻചിറ വേലുപ്പിള്ളയുടെ ടാക്സി ഓടിച്ചിരുന്ന ആൾ. അയാളുടെ ഭാര്യ ശാന്ത, പിന്നെ അഹങ്കാരികളായ രണ്ടു ആൺമക്കൾ. എനിക്കു ഇഷ്ടമല്ല അവരെ ആരെയും.
ദേവകിത്തള്ള എല്ലാവർഷവും ഓച്ചിറ പരബ്രഹ്മത്തിന്റെ അമ്പലത്തിൽ ഉത്സവ സമയത്ത് പന്ത്രണ്ട് ദിവസം ഭജനമിരിക്കാൻ പോകുമായിരുന്നു. ഭജനം കഴിഞ്ഞു വരുമ്പോൾ എന്തെങ്കിലുമൊക്കെ സാധനങ്ങൾ അവിടത്തെ ചന്തയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പതിവുണ്ട്. അങ്ങനെ ഒരിക്കൽ ഒരു വരിക്കച്ചക്ക വാങ്ങി കൊണ്ടു വന്നു. നല്ല മധുരമുള്ള ചക്കപ്പഴം ആയിരുന്നു. ചക്കയുടെ പകുതി ഭാഗം അവർ മുറിച്ച് അയൽക്കാരായ ശേഖരന്റെ കുടുംബത്തിന് കൊടുത്തു. അത്രയ്ക്ക് സ്നേഹത്തോടെ കഴിഞ്ഞിരുന്നവരാണ് രണ്ടു വീട്ടുകാരും. തമ്മിൽ ഒരു രഹസ്യവും ഇല്ലായിരുന്നു. രണ്ടു വീട്ടുകാരും സുഖദുഃഖങ്ങൾ പങ്കുവെച്ചു ജീവിച്ചു. അതുപോലെതന്നെ വിശേഷദിവസങ്ങളിൽ ചന്ദ്രനും ശേഖരനും അടുത്തുള്ള വീടുകളിലെ ചെറുപ്പക്കാരുമായി തെങ്ങിൻറെ മൂട്ടലിരുന്ന് ചീട്ടു കളിക്കുന്ന പതിവുണ്ടായിരുന്നു. കള്ളുകുടി വരെ രണ്ടുപേരും ഒരുമിച്ചായിരുന്നു.
ഓച്ചിറയിൽ നിന്നും കൊണ്ടു വന്ന ചക്ക രണ്ടു വീട്ടുകാരും പങ്ക് വെച്ച് കഴിച്ചു. ചക്കക്കുരു മെഴുക്കുപുരട്ടി. അതിൽ നിന്നും ഒരു ചക്കക്കുരു ചന്ദ്രന്റെ മകൻ നകുലൻ കളിക്കാനായി എടുത്തുകൊണ്ടു പോയി. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ അമ്മൂമ്മ ദേവകിത്തള്ള് അവനോട് പറഞ്ഞു
“കുഞ്ഞേ, ആ ചക്കക്കുരു നീ പറമ്പിൽ എവിടെയെങ്കിലും കുഴിച്ചിടൂ. അത് വളർന്ന് ഒരു വലിയ പ്ലാവായി നിനക്ക് ഒരുപാട് ചക്ക തരും”
“മുറ്റത്തൊന്നും പ്ലാവ് നടണ്ടാ” ഉടനെ ചന്ദ്രൻ അവരെ ശകാരിച്ചു.
അമ്മുമ്മയും പേരക്കുട്ടിയു കൂടി പറമ്പിന്റെ അതിരിൽ ആ ചക്കക്കുരു കുഴിച്ചിട്ടു. ദേവകിത്തള്ള ഒരു മൊന്തയിൽ കുറച്ച് വെള്ളം കൊണ്ടുവന്നു തളിച്ചു. എങ്ങനെ ചെടിക്ക് വെള്ളം തളിയ്ക്കണമെന്ന് നകുലനെ പഠിപ്പിച്ചു. പിറ്റേന്ന് മുതൽ എല്ലാ ദിവസവും നകൂലൻ സ്കൂളിൽ പോകുന്നതിനു മുമ്പ് ഒരു മൊന്ത വെള്ളം കൊണ്ടുവന്ന് അവിടെ തളിച്ച് കൊടുക്കും. താമസിയാതെ ആ ചക്കക്കുരു മുളച്ച് ഒരു പ്ലാവിന്റെ തൈ അവിടെ വളർന്നു.
കാലം കടന്നുപോയി. പ്ലാവിന്റെ വളർച്ച ഒരു പ്രത്യേക രീതിയിൽ ആയിരുന്നു. എന്താണെന്നറിയില്ല. പ്ലാവ് വളരുന്നത് അനുസരിച്ച് മരം ശേഖരന്റെ പുരയിടത്തിലേക്ക് ചാഞ്ഞാണ് വളർന്നത്. കണ്ടാൽ തോന്നും അത് ശേഖരന്റെ പുരയിടത്തിൽ വളരുന്നതാണ് എന്ന്.
ആദ്യത്തെ വർഷം ചക്ക പിടിച്ചപ്പോൾ മൂന്നു ചക്കകൾ ഉണ്ടായിരുന്നു. രണ്ടെണ്ണം പഴുപ്പിച്ച് അവർ രണ്ടു വീട്ടുകാരും ഓരോന്നായി എടുത്തു. എത്ര മധുരമായിരുന്നു ചക്കയ്ക്ക്. മൂന്നാമത്തെ ചക്ക രണ്ടു വീട്ടുകാരും പങ്ക് വെച്ച് കറിവെച്ച് കഴിച്ചു.
അഞ്ചാലുംമൂട്ടിൽ ടാക്സി ഓടിച്ചു കൊണ്ടിരുന്ന ശേഖരനെ ഒരു ദിവസം ഭാഗ്യം തേടിയെത്തി. ഗൾഫിൽ നിന്നും നാട്ടിൽ ലീവിന് വന്ന സലീം എന്ന ചെറുപ്പക്കാരൻ ശേഖരന്റെ ടാക്സിയിൽ സഞ്ചരിക്കുകയുണ്ടായി. അയാൾ ഗൾഫിലെ ജോലി സാധ്യതകളെക്കുറിച്ചും ശമ്പളത്തെക്കുറിച്ചുമൊക്കെ വാചാലമായി സംസാരിച്ചു. അപ്പോൽ ശേഖരനിൽ ഒരു ആഗ്രഹം ജനിച്ചു. തനിക്ക് കൂടി ഗൾഫിൽ പോയാൽ കൊള്ളാമെന്ന്. സലീമിനോട് ആഗ്രഹം പറഞ്ഞു. നോക്കട്ടെ എന്ന് സലീമും പറഞ്ഞു.
സലീം വാക്ക് പാലിച്ചു. അടുത്ത തവണ നാട്ടിൽ വന്നപ്പോൾ ശേഖരന് വേണ്ടി ഒരു വീസ കൊണ്ടു വന്നു.
താമസിയാതെ ശേഖരൻ സൗദിയിലേക്ക് പോയി. യാത്രച്ചെലവിനായി കുറച്ചു പൈസ കൂലിപ്പണിക്കാരനായ ചന്ദ്രനും സഹായിച്ചു. ഗൾഫിൽ എത്തിയ ഉടനെ തന്നെ ജോലിയിൽ കയറി. ശേഖരൻ ഗൾഫിൽ നിന്നും പണമയക്കാൻ തുടങ്ങി. അതോടെ അയാളുടെ ഭാര്യ ശാന്തയുടെയും മക്കളുടെയും ജീവിത രീതികൾ മാറിത്തുടങ്ങി.
കുറെ വർഷങ്ങൾ അങ്ങനെ കടന്നുപോയി. ശേഖരനും സലീമും ചേർന്ന് ഒരു അറബിയെ കൂട്ടുപിടിച്ച് ഒരു ടാക്സി കമ്പനി തുടങ്ങി. നാട്ടിൽ നിന്നും കുറെ ഡ്രൈവർമാരെ അവർ വരുത്തി. കമ്പനി നല്ല രീതിയിൽ വളർന്നു. ഡ്രൈവർ ആയിരുന്ന ശേഖരൻ ടാക്സി സർവീസിന്റെ മാനേജിംഗ് പാർട്ണറായി. വരുമാനം പതിന്മടങ്ങ് വർദ്ധിച്ചു. കിട്ടുന്ന പണം എല്ലാം അയാൾ ഭാര്യയുടെ പേർക്ക് അയച്ചുകൊടുത്തു.
ആദ്യത്തെ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ശേഖരൻ കുറേ സാധനങ്ങൾ കൊണ്ടുവന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ ചെറിയ ചെറിയ സാധനങ്ങൾ കൊടുത്തു. സ്വന്തം ആവശ്യത്തിനായി ടിവിയും വീസീയാറും ഒക്കെ കൊണ്ടുവന്നു. ചെറിയ കുറെ സാധനങ്ങൾ ചന്ദ്രന്റെ വീട്ടുകാർക്കും കൊടുത്തു. പിന്നീട് വരുമ്പോൾ കൂടുതലൊന്നും ആർക്കും തന്നെ കൊടുക്കാതെയായി.
ശേഖരന്റെ കുടുംബം ഒരു വീടിനുള്ള പണി തുടങ്ങി. എല്ലാവരും അതിൽ സന്തോഷിച്ചു. താമസിയാതെ അവരുടെ കുടിൽ നിന്ന സ്ഥലത്ത് ഒരു രണ്ടുനില കെട്ടിടം ഉയർന്നു . പണി പൂർത്തിയായപ്പോൾ ശേഖരനും ഭാര്യ സുമതിക്കും ഒരു നിർബന്ധം. പുരയിടത്തിന് യോജിച്ച ഒരു മതിൽ കെട്ടി വലിയ ഒരു ഗേറ്റ് ഇടണമെന്ന്.. അങ്ങനെ അവർ പുരയിടത്തിന് ചുറ്റും വലിയ ഒരു മതിൽ കെട്ടാൻ തുടങ്ങി. ചന്ദ്രനും ജാനികയും അവരോട് കെഞ്ചി പറഞ്ഞു ഒരു ചെറിയ ഗേറ്റ് അവരുടെ പുരയിടങ്ങൾക്കിടയിൽ വെയ്ക്കാൻ. രണ്ടു വീട്ടുകാർക്കും അങ്ങോട്ടുമിങ്ങോട്ടും പോകാനും വരാനുമുള്ള സൗകര്യത്തിനായി . അങ്ങനെയൊന്നും വേണ്ടെന്ന് ശേഖരൻ തീർത്തു പറഞ്ഞു. ചന്ദ്രനും കുടുംബത്തിനും അതൊരു വലിയ സങ്കടമായി. ദേവകിത്തള്ള ശേഖരന്റെ വീട്ടിന്റെ മുറ്റത്ത് പോയി ചോദിച്ചു.
“എന്താ ശാന്തേ ഇത് ? എന്തിനാണ് നമ്മുടെ വീടുകൾക്കിടയിൽ ഒരു മതിൽ? അതും നമുക്ക് അങ്ങോട്ടുമിങ്ങോട്ടും പോയി വരാൻ ഒരു വഴി പോലും ഇടാതെ. കഴിഞ്ഞ കാര്യങ്ങളൊക്കെ നീ മറന്നോ? പഴങ്കഞ്ഞി പോലും പങ്കുവെച്ച് കഴിച്ചു ജീവിച്ചവരല്ലേ നമ്മൾ ? എന്നിട്ട് അല്പം പുത്തൻ പണം കണ്ടപ്പോൾ നീ ഞങ്ങളെ എല്ലാം മറക്കുന്നു അല്ലേ? ഞാൻ കാണുന്നുണ്ട് നിങ്ങളിൽ വരുന്ന മാറ്റം ".
ശാന്ത തിരിച്ചടിച്ചു
“എന്തെങ്കിലും നിങ്ങള് തന്നിട്ടുണ്ടെങ്കിലേ, അങ്ങോട്ട് ഞങ്ങളും അതുപോലെ തന്നിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും പഴങ്കഞ്ഞി നിങ്ങളും വാങ്ങി മോന്തിയിട്ടുണ്ട്. അല്ലാതെ നിങ്ങളെപ്പോലെ അയൽപക്കത്തെ വീട്ടിൽ നിന്നും ചക്കാത്ത് തിന്നാൻ നടക്കുകയല്ല ശേഖരനും കുടുംബവും. ഞങ്ങൾ നന്നാവുന്നത് കാണുമ്പോൾ നിങ്ങൾക്ക് അസൂയയാണ്. ദേ, തള്ളേ ഇനി ഇതൊന്നും പറഞ്ഞോണ്ട് ഇങ്ങോട്ട് വരണ്ടാ "
ദേവകിത്തള്ളയ്ക്ക് നാണക്കേട് തോന്നി. അവർ വലിയ വായിൽ പറഞ്ഞു
“ ബ്ഭാ..അഹങ്കാരം പറയന്നോടീ..ശേഖരനും കുടുംബവുമായി ഇനി ഒരു ബന്ധവും എന്റെ കുടുംബത്തിന് ഇല്ല. മേലാൽ എന്റെ വീട്ടിൽ നിന്നും ഒരെണ്ണം ഈ മണ്ണിൽ കാലുകുത്തില്ല. ദൈവകിയാണ് പറയുന്നത്”
എന്നിട്ട് അവരുടെ വീട്ടിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു
“കേട്ടില്ലേടീ ജാനകീ ഇവള് പറഞ്ഞതെല്ലാം ? നീ അവിടെ എന്തോ എടുക്കുവാ? നാക്കില്ലേ നിന്റെ വായിൽ. കൊടുക്കെടീ മറുപടി ഇവൾക്ക്.
നിന്റെ കെട്ട്യോനോട് കൂടി പറഞ്ഞേക്കണം. ഒരു കുഞ്ഞു പരാധീനം ഈ അഹങ്കാരികളുടെ മുറ്റത്ത് ഇനി കാലുകുത്തരുതെന്ന് “
അങ്ങനെ ആ രണ്ട് കുടുംബങ്ങളും ബദ്ധശത്രുക്കളായി.
എന്താണെന്നറിയില്ല ആ വർഷം പ്ലാവിൽ ഒരുപാട് ചക്ക പിടിച്ചു. പ്ലാവ് നിറയെ. പക്ഷേ ഒരെണ്ണം പോലും ശേഖരന്റെ ഭാര്യ അടുത്ത വീട്ടിലെ ചന്ദ്രനും കുടുംബത്തിനും കൊടുത്തില്ല. അവർ തിന്നതിന്റെ ബാക്കി മലക്കറിക്കടക്കാരൻ ഹമീദിന് വിറ്റു.
ഇതിനിടയിൽ പെട്ടെന്നൊരു ദിവസം ദേവകിത്തള്ള മരിച്ചു. അടുത്ത വീട്ടുകാർ ആയിരുന്നിട്ടുപോലും ശാന്തയും മക്കളും മരണവീട്ടിൽ വീട്ടിൽ കയറിയില്ല. ശേഖരൻ ബിസിനസ്സ് കാര്യത്തിനായി സൗദിയിലായിരുന്നു.
ചന്ദ്രന്റെ ആരോഗ്യനില മോശമായി. കൂലിപ്പണി ചെയ്യാൻ വയ്യാതായി. മിക്ക സമയവും വീട്ടിൽ തന്നെ ഇരിപ്പ് തുടങ്ങി. ഒരു ജീവിത മാർഗ്ഗത്തിനായി ജാനകി ചന്ദ്രൻ പിള്ളയുടെ വീട്ടിൽ കയറ് പിരിക്കാൻ പോയിത്തുടങ്ങി. നകുലൻ നാട്ടിലെ ഒരു ഇലക്ട്രീഷ്യന്റെ സഹായിയായി ജോലിക്ക് പോയി. ഒരു ചെറിയ ശമ്പളത്തിൽ.
“ ഈ രണ്ടു കുടുംബങ്ങളുടെയും ജീവിതത്തിൽ വന്ന മാറ്റം അവരുടെ ജീവിതം കണ്ടുവളർന്ന എന്നെ വളരെയധികം ബാധിച്ചു. എന്നിട്ടും ഞാൻ വർഷംതോറും ഒരുപാട് ചക്കകൾ നൽകി. "
വളരെ സങ്കടത്തോടെ” പ്ലാവ് ഒന്ന് പറഞ്ഞു നിർത്തി.
“എന്നിട്ട് ഇപ്പോൾ എന്തേ ചക്ക ഒന്നും ഈ പ്ലാവിൽ പിടിക്കാത്തത് ?” കാക്ക ചോദിച്ചു.
അല്പനേരം കഴിഞ്ഞ് പ്ലാവ് പറഞ്ഞു
“ഒരു കാര്യം എനിക്ക് മനസ്സിലായി. ശേഖരനും കുടുംബവും എന്നെ മുതലെടുക്കുകയായിരുന്നു. എനിക്ക് വേണ്ടി അവർ ആരും ഒന്നും ചെയ്തിട്ടില്ല. ഒരു മൊന്ത വെള്ളം പോലും ഞാൻ വളർന്ന കാലത്ത് എന്റെ മൂട്ടിൽ അവർ ഒഴിച്ചിട്ടില്ല. ഞാൻ വളർന്നതിന് ശേഷവും ഈ കുടുംബം എന്റെ നിലനിൽപ്പിനായി ഒന്നും തന്നെ ചെയ്തിട്ടില്ല. എന്റെ ആദായം മാത്രം അവർ എടുത്തു കൊണ്ടേയിരുന്നു. എന്റെ മനമുരുകി ഞാൻ കരഞ്ഞു. ഒരു മരമായ ഞാൻ എന്തു ചെയ്യാനാണ്. ഒരു പ്രതിഷേധം അറിയിക്കാനായി ഞാൻ എന്റെ കുറെ ഇലകൾ കൊഴിച്ചു കളഞ്ഞു. അവർ അത് ശ്രദ്ധിച്ചില്ല. അവർ എന്റെ ദുഃഖം അറിഞ്ഞില്ല. അവരാരും എന്റെ മനോവേദന മനസ്സിലാക്കിയില്ല “.
“പിന്നെ ഈ ചക്കക്കുരുവിന്റെ കാര്യം?”
കാക്കയുടെ ജിജ്ഞാസ തീർന്നില്ല
“. ഈ ചക്കയിൽ കുരുവില്ലാത്തതിന്റെ കാര്യമല്ലേ ? അതൊരു സംഭവമാണ്. ശേഖരന്റെ മൂത്ത മകനില്ലേ ആ താന്തോന്നി സഹദേവൻ.? കഴിഞ്ഞവർഷം അവൻ കുറെ ചക്കക്കുരു അവരുടെ പറമ്പിൽ പാകി മുളപ്പിച്ചു. എന്നിട്ട് ‘ തേൻവരിക്ക തൈകൾ' എന്ന് ബോർഡും വെച്ച് നാട്ടിലും പരിസരത്തും എന്തിന് ഗൾഫ് രാജ്യങ്ങളിൽ വരെ വിറ്റ് പണമുണ്ടാക്കി. ഈ വിവരം ഒരു ദിവസം ചന്ദ്രൻ ജാനകിയോട് സങ്കടത്തോടെ പറയുന്നത് ഞാൻ കേട്ടു. ഒരു തൈ എങ്കിലും നമുക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് പറഞ്ഞ് വിഷമിക്കുന്നതും ഞാൻ കണ്ടു.
“ അന്ന് ഞാൻ ഒരു തീരുമാനം എടുത്തു. ഇനി എന്നിൽ പിറക്കുന്ന ചക്കകളിൽ കുരു വേണ്ടാ. അതിനുള്ള സൂത്രം എനിക്കറിയാം. അങ്ങനെ കഴിഞ്ഞവർഷം പിടിച്ച ചക്കകളിൽ ഒരൊറ്റ ചക്കക്കുരു പോലും ഇല്ലായിരുന്നു. സഹദേവന്റെ തേൻവരിക്ക തൈകൾ വിറ്റിട്ടുള്ള പണി അതോടെ നിന്നു.
“ ഈ വർഷം ഞാൻ ഒരു തീരുമാനം എടുത്തു. വളരെ ആലോചിച്ച് എടുത്ത ഒരു തീരുമാനം. അതായത് ഇനി മുതൽ എന്നിൽ ഒരു ചക്ക പോലും പിടിക്കരുത് എന്ന് . എന്നിൽ പിറന്ന കളകളെല്ലാം ഞാൻ തന്നെ ഉണക്കി വീഴ്ത്തിക്കളഞ്ഞു. ഒരൊറ്റ ചക്കയാണ് ഈ വർഷം ജനിച്ചത്. അതും ആരുടെയും കൈകൾ എത്താത്ത ഉയരത്തിൽ. നിനക്ക് വേണ്ടി മാത്രം. അതാണ് നീ ഇപ്പോൾ തിന്നുകൊണ്ടിരിക്കുന്ന ചക്ക.”
“എന്നാലും എന്റെ പ്ലാവേ, ഇതൊരു വലിയ തീരുമാനമായിപ്പോയി. ഇനിയിപ്പോൾ എന്തുണ്ടാകും?” കാക്ക കരഞ്ഞു ചോദിച്ചു.
“എന്ത് സംഭവിക്കാൻ? . ചക്ക പിടിക്കാത്ത പ്ലാവ് ആർക്കുവേണം ? താമസിയാതെ അവർ എന്നെ വിൽക്കും. വല്ല സാമില്ലുകാർക്കും. അവർ വന്ന് എന്നെ വെട്ടി വീഴ്ത്തും. എന്നിട്ട് മില്ലിൽ കൊണ്ടുപോയി കീറി തടിക്കഷണങ്ങളും പലകകളുമാക്കി അതുകൊണ്ട് ഫർണിച്ചറും മറ്റും ഉണ്ടാക്കും. എന്റെ ജീവിതം അങ്ങനെ അവസാനിക്കും”
പ്ലാവ് തുടർന്നു.
“എല്ലാത്തിനും ഒരു ന്യായമുണ്ട്. മനുഷ്യത്വമാണ് ഏറ്റവും വലിയ ന്യായം. മനുഷ്യത്വം ഇല്ലാത്ത മനുഷ്യരേക്കാൾ എത്രയോ നല്ലവരാണ് നമ്മൾ വൃക്ഷങ്ങളും , മൃഗങ്ങളും , പക്ഷികളും മറ്റു ജീവജാലങ്ങളും.
ഒന്ന് ആലോചിച്ചു നോക്കൂ. ഫലവൃക്ഷങ്ങളും ധാന്യച്ചെടികളും വിളവ് തന്നില്ലെങ്കിൽ , പശുക്കൾ യഥാസമയം പാല് ചുരത്തിയില്ലെങ്കിൽ, ചെടികൾ പൂത്തില്ലെങ്കിൽ , കോഴികൾ മുട്ട ഇട്ടില്ലെങ്കിൽ, ഈ മനുഷ്യർ എന്ത് ചെയ്യും ? നമ്മുടെ ഉത്പാദനങ്ങൾ ഇല്ലാതെ വെറും നിസ്സഹായരാണ് മനുഷ്യർ.
നമ്മൾ വിചാരിച്ചാൽ ഇത്തരം മനുഷ്യരെ പാഠം പഠിപ്പിക്കാൻ കഴിയും.
ഒരു പുതിയ പാഠം”
കേണൽ രമേശ് രാമകൃഷ്ണൻ
25 August 2022
No comments:
Post a Comment