Monday, August 29, 2022

R - 286 വെള്ളിമൺ



“ആളിറങ്ങണം”.

 തേവള്ളി പാലത്തിൻറെ ഏകദേശം കാൽഭാഗം കഴിഞ്ഞപ്പോൾ ഞാൻ വിളിച്ചു പറഞ്ഞു. ഡ്രൈവർ ബസ് നിർത്തുന്നില്ല എന്ന് കണ്ട് വീണ്ടും വിളിച്ചുപറഞ്ഞു 

“എനിക്ക് ഇവിടെ  ഇറങ്ങണം” 

പക്ഷേ ബസ്സ് പാലത്തിന്റെ പുറത്ത് അയാൾ നിർത്തിയില്ല. പാലവും കഴിഞ്ഞ് ഒരു ഫർലോങ്ങ് ദൂരെ കൊണ്ടുപോയി നിർത്തി. ഞാൻ കണ്ടക്ടറോട് കയർത്തു.

“ആളുകൾക്കിറങ്ങേണ്ടിടത്തല്ലേ വണ്ടി നിർത്തേണ്ടത്?’

 ബസ്സിൽ നിന്നും ഞാൻ ഇറങ്ങി കഴിഞ്ഞപ്പോൾ ഒരു പുച്ഛത്തോടെ അയാൾ പറഞ്ഞു 

“ പിന്നേ, പാലത്തിന്റെ നടുക്കല്ലേ വണ്ടി നിർത്തുന്നത് ?”

 ഞാൻ പതിയെ പാലത്തിന്റെ മുകളിലൂടെ നടന്നു. എന്നിട്ട് രണ്ടു വശത്തുമുള്ള കായലിലേക്ക് നോക്കി. അഷ്ടമുടിക്കായലിന്റെ ഭാഗമാണ് തേവള്ളിക്കായൽ.  കായലിന്റെ യഥാർത്ഥ ഭംഗി അറിയണമെങ്കിൽ രാവിലെ സൂര്യൻ ഉദിച്ചു കഴിയുമ്പോൾ തേവള്ളി പാലത്തിന്റെ മുകളിൽ നിന്ന് നോക്കണം . ശാന്തമായ,  ഓളങ്ങൾ ഇല്ലാത്ത കായലിൽ സൂര്യരശ്മികളുടെ പ്രതിബിംബം കാണാൻ എത്ര ഭംഗിയാണ് ! ഒപ്പം രണ്ട് കരകളിലും തഴച്ചു വളരുന്ന തെങ്ങുകൾ. ഇടയ്ക്കിടെ മന്ദം മന്ദം തുഴഞ്ഞു നീങ്ങുന്ന കൊതുമ്പു വള്ളങ്ങൾ. മുളയൂന്നി കൊണ്ടു പോകുന്ന കെട്ടുവളളങ്ങൾ, പിന്നെ ചിലർ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന ദൃശ്യങ്ങൾ.
തേവള്ളി പാലത്തിന്റെ അങ്ങേയറ്റം തേവള്ളിയും ഇങ്ങേയറ്റം കോട്ടയത്ത് കടവും ആണ്. യഥാർത്ഥത്തിൽ കോട്ടയവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സ്ഥലമാണ് കോട്ടയത്ത് കടവ്. അവിടെ St കസ്മീറിന്റെ പേരിൽ ഒരു ക്രിസ്ത്യൻ പള്ളിയുണ്ട്.  St ജോർജ്ജ് കുരിശടിയും.  പിന്നെ ഒന്നു രണ്ട് മുറുക്കാൻ കടകളും ചായക്കടയും. പഴയ ഒരു സ്കൂളും.

 തേവള്ളിപ്പാലം വരുന്നതിനു മുമ്പ് ഉള്ളതായിരുന്നു എന്റെ ബാല്യം. പണ്ട് കൊല്ലത്ത് രാജാവ് ഭരിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്ന കുറെ കിഴവന്മാർ എൻ്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു പക്ഷേ അവരാരും കൊല്ലം രാജാവ് ആനപ്പുറത്ത് എഴുന്നള്ളി ഞങ്ങളുടെ പ്രിയപ്പെട്ട നാടായ അഞ്ചാലുംമൂട്ടിൽ വന്നിട്ടുള്ളതായി പറഞ്ഞിട്ടില്ല. കാരണം തേവള്ളിയിൽ ആയിരുന്നല്ലോ കൊല്ലം രാജാവിന്റെ കൊട്ടാരം. തൊട്ടടുത്ത് കായലും.  കൊല്ലത്തു നിന്നും രാജാവിനെയും ചുമന്നുകൊണ്ട് ഒരു ആനയ്ക്കും കായൽ നീന്തി കടക്കാൻ പറ്റില്ലല്ലോ. അല്ലെങ്കിൽ പിന്നെ തേവള്ളിയിൽ നിന്നും ചിന്നക്കട, കടപ്പാക്കട, രണ്ടാംകുറ്റി, മങ്ങാട് വഴി കറങ്ങി കണ്ടച്ചിറ ചീപ്പിന്റെ മുകളിലൂടെ താന്നിക്ക മുക്ക് വഴി അഞ്ചാലുംമൂട്ടിൽ വരണം . ഒരു ആനയുടെ ഭാരം താങ്ങാൻ കഴായാതെ ചീപ്പ് താഴ്ന്നു പോയാൽ രാജാവ് വെള്ളത്തിലായത് തന്നെ. 

തേവള്ളിയിൽ പാലം വരുന്നതിനു മുമ്പ്, അഞ്ചാലുംമൂട് വഴി പോകുന്നത് അഞ്ചാറു ബസ്സുകൾ മാത്രം ആയിരുന്നു.  അതിൽ പ്രധാനമായും ശ്രീ ശിവൻ, GMT യും മറ്റും.  കോട്ടയത്ത് കടവ് വരെയായിരുന്നു ഈ ബസ്സുകളുടെ റൂട്ട് . കോട്ടയത്ത് കടവ് ഒരു നല്ല കടത്തല്ലായിരുന്നു അവിടെ നിന്നും അക്കര പോകാൻ നല്ല കടത്തു വള്ളം കിട്ടില്ല . അതുകൊണ്ട് കൊല്ലത്ത് പോകാനുള്ളവർ ബസ്സിൽ നിന്നും വെങ്കേക്കരയിൽ ഇറങ്ങി അവിടെ നിന്നും മൂന്നാല് ഫർലോങ്ങ് നടന്ന് കടത്ത് കിട്ടുന്ന സ്ഥലത്തെത്തും. അവിടെ വലിയ രണ്ട് കടത്ത് വള്ളങ്ങൾ ഉണ്ടായിരുന്നു. ഒന്ന് ഇക്കരെയും മറ്റേത് അക്കരെയും. ഇക്കര വള്ളത്തിൽ ആളുകൾ കയറി തുടങ്ങുമ്പോൾ ഇക്കരെ നിന്ന് കൂവി അക്കരെ വിവരമറിയിക്കും. കടത്തിന് ആളുകൾ ഉണ്ടായാലും ഇല്ലെങ്കിലും കുറവാണെങ്കിലും കടത്തു വള്ളം ഇക്കരയിലേക്ക് പുറപ്പെടും.  വള്ളത്തിലുള്ള ആണുങ്ങൾ പങ്കായം പിടിച്ചു സഹായിക്കും. നല്ല രസമാണ് വരിവരിയായി കുമിളകൾ വള്ളത്തിന്റെ രണ്ടു വശത്തു നിന്നും പുറകിലോട്ട് പോകുന്നത് കാണാൻ. 
കായലിന്റെ അക്കര ആശ്രാമം എന്ന സ്ഥലത്താണ് അക്കരെയിലെ കടത്ത്..  അവിടെ കടത്തിറങ്ങി ആശ്രാമം ക്ഷേത്രത്തിന്റെ അരികിലൂടെ നടന്ന്  ടൂറിസ്റ്റ് ബംഗ്ലാവ്( പണ്ട് ബ്രിട്ടീഷ് റെസിഡൻസി ആയിരുന്ന കെട്ടിടം), ആശ്രമം മൈതാനം, മുനീശ്വരൻ കോവിൽ,  പഴയ ബർമ്മാ ഷെല്ല്  എന്ന എണ്ണക്കമ്പനികളുടെ ടാങ്ക് , കുഞ്ഞമ്മപ്പാലം എന്നിവ കഴിഞ്ഞാൽ കൊല്ലത്തിന്റെ ഹൃദയ സ്ഥാനമായ ചിന്നക്കടയിൽ എത്താം.

അങ്ങനെ വെങ്കേക്കര വഴി നടന്നായിരുന്നു കൂടുതൽ ആളുകളും കൊല്ലത്ത് പോയിക്കൊണ്ടിരുന്നത്.  ഞങ്ങളുടെ കിഴക്കേവീട്ടിലെ ചന്ദ്ര ചേച്ചി ഗ്രാജുവേറ്റ് ആയത് അങ്ങനെ നടന്ന് എസ് എൻ കോളേജിൽ പോയി പഠിച്ചിട്ടായിരുന്നു. എത്ര മനോഹരമായിരുന്നു ചന്ദ്ര ചേച്ചി കറുത്ത ഗൗണുമൊക്കെയണിഞ്ഞ് ഒരു ചതുരാകൃതിയിലുള്ള തൊപ്പി തലയിൽ വച്ച് ഡിഗ്രിയും പിടിച്ചു നിൽക്കുന്ന ഫോട്ടോ കാണാൻ.

 അല്ലാതെ കൊല്ലത്ത് പോകാൻ അഷ്ടമുടിയിൽ നിന്നും തിരുമുല്ലവാരം വരെയുള്ള പി എം എസ് എന്ന പ്രൈവറ്റ് ബസ്സ് ഉണ്ടായിരുന്നു. മങ്ങാട് വഴിയാണ് പോകുന്നത്. അതും നാലുമണിക്കൂർ ഇടവിട്ടായിരുന്നു യാത്ര.

തേവള്ളിയിൽ പാലം വന്നതോടെ ഞങ്ങളുടെ നാടാകെ മാറി.  ഞങ്ങളും കൊല്ലക്കാരായി.  കൊട്ടാരക്കരയിൽ നിന്നും പെരുമൺ, പ്രാക്കുളം, അഷ്ടമുടി എന്തിന് പുത്തൂർ ,നെടുമങ്ങാവ് നിന്നും വരെയുള്ള ബസ്സുകൾ തേവള്ളിപ്പാലം വഴി ഓടാൻ തുടങ്ങി.

ആയിടെയാണ് അഞ്ചാലുംമൂട് സ്കൂളിൽ നിന്നും SSLC ഫസ്റ്റ് ക്ലാസ്സോടെ ഞാൻ ജയിച്ചത് . അക്കാലത്ത് 10 കഴിഞ്ഞാൽ കോളേജ് അല്ലാതെ വേറൊരു പഠിത്തം ഇല്ലായിരുന്നു . നാല് കോളേജുകൾ ഉണ്ടായിരുന്നു കൊല്ലത്ത്. S N കോളേജ് ,
SN വിമൻസ് കോളേജ്, കർബല ജംഗ്ഷനിൽ ഫാത്തിമ കോളേജ്, മൂന്നാംകുറ്റിക്കടുത്ത് T K M കോളേജ്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഒരേ ക്ലാസിൽ ഇരുന്നു പഠിക്കുന്ന ഫാത്തിമ കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടി.  എൻറെ സ്വപ്നത്തിലെ സ്വർഗ്ഗം എനിക്ക് കിട്ടിയെന്ന് പറയാം.

അക്കാലത്തെ അഞ്ചാലുംമൂട്ടിൽ നിന്നും കൊല്ലത്തേക്കുള്ള ബസ് കൂലി 20 പൈസയായിരുന്നു. വിദ്യാർത്ഥികൾക്ക് 10 പൈസയും. ഡീസലിന്റെയും മറ്റും വില കൂടിയപ്പോൾ സാധാരണക്കാരുടെ ബസ് കൂലി 30 പൈസയാക്കി. വിദ്യാർഥികൾക്ക് ബസ് കൂലി 15 പൈസയുമാക്കി കൂട്ടി.

വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.  ബസ്സുകൾക്ക് നേരെ കുട്ടികൾ കല്ലെറിഞ്ഞു.  കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലും പിന്നെ എസ് എൻ കോളേജിലും സമരം നടന്നു.  സമരം രൂക്ഷമായതോടെ ബസ്സുടമകൾ ഒരു തീരുമാനം എടുത്തു. ഇനി ഒരു പ്രളയം വന്ന് നാട് നശിച്ചാലും വിദ്യാർത്ഥികൾക്ക് ബസ്സ് കൂലി 10 പൈസ തന്നെ. ഏത് ഭരണകൂടം വന്നാലും.  അതോടെ നിന്നു എല്ലാ സമരവും.

 പക്ഷേ കാശു മുതലാക്കാൻ പ്രൈവറ്റ് ബസ്സുകാർ ഒരാൾക്ക് പകരം മൂന്നു വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാൻ തുടങ്ങി. ബസ്സിൽ ഇടിയും തള്ളും കൊണ്ടുള്ള അന്നത്തെ യാത്ര ഓർക്കുമ്പോൾ ഇപ്പോഴും ശരീരം വിയർക്കും.

എന്റെ ബാല്യകാല സുഹൃത്തും ക്ലാസ്മേറ്റുമായ ജ്യോതി റോസ് ആയിരുന്നു എന്നും എന്റെ കൂടെ സഞ്ചരിച്ചിരുന്നത്. ഞാൻ  എവിടെയും എന്തിനും പോകുന്നതും ജ്യോതിയുടെ കൂടെയായിരുന്നു . കോളേജിലേക്കും തിരികെയും.  ഞങ്ങൾ കൈകോർത്ത് പിടിച്ചായിരുന്നു യാത്ര.  ജ്യോതിക്ക് ഇടിയും തള്ളും കൊണ്ടുള്ള യാത്ര അത്രയ്ക്ക് ഇഷ്ടമല്ല അതുകൊണ്ട് ഞങ്ങൾ കൂടുതൽ ആളുകളെ കയറ്റാത്ത ട്രാൻസ്പോർട്ട് ബസ്സിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. 30 പൈസയുടെ ടിക്കറ്റെടുത്ത്. പക്ഷേ ട്രാൻസ്പോർട്ട് ബസ്സുകൾ ബസ്റ്റാൻഡിന്റെ മുന്നിൽ നിർത്തുകയില്ല. ഒന്നുകിൽ കുറെ മുന്നിൽ അല്ലെങ്കിൽ പിന്നിൽ. രണ്ടായാലും ബസ്സ് പിടിക്കാനായി ഓടണം. പക്ഷേ കൂടുതൽ തിരക്കില്ലാത്തതിനാൽ യാത്ര ചെയ്യാൻ സുഖമായിരുന്നു. സാധാരണയായി സീറ്റുകൾ കിട്ടാറില്ല പിന്നെ ഹൈസ്കൂൾ ജംഗ്ഷൻ എത്തുമ്പോൾ കളക്ടറേറ്റിൽ പോകുന്ന ആരെങ്കിലും ഇറങ്ങിയാൽ ഇരിക്കാൻ സീറ്റ് കിട്ടും.

ഒരു ദിവസം ജ്യോതി റോസ് ബസ്സ്റ്റാൻഡിൽ എത്താൻ വൈകി.  അപ്പോഴേക്കും ഞങ്ങൾ സ്ഥിരമായി യാത്ര ചെയ്യാറുള്ള പ്രാക്കുളം -  കൊല്ലം , എന്ന ട്രാൻസ്പോർട്ട് ബസ്സ് വിട്ടുപോയി. അങ്ങനെ ഞങ്ങൾ അടുത്ത ബസ്സ് കാത്തുനിൽക്കുമ്പോൾ പെട്ടെന്ന് ഒരു ട്രാൻസ്പോർട്ട് ബസ്സ് വന്ന് സ്റ്റാൻഡിന്റെ മുന്നിൽ നിന്നു.  ബോർഡ് നോക്കാതെ ഞങ്ങൾ ബസ്സിൽ കയറി പുറകെയുള്ള സീറ്റും ചാരി നിന്നു.

എന്തെങ്കിലും പ്രത്യേകമായി എന്നെ അറിയിക്കണമെങ്കിൽ,  അതും മറ്റുള്ളവരുടെ മുമ്പിൽ വച്ച്, ജ്യോതി എന്റെ കൈപിടിച്ച് ഒന്ന് അമർത്തും.  എനിക്ക് സന്ദേശം കിട്ടും. ഞാൻ ചുറ്റും നോക്കും കാണാനുള്ളത് കാണും. ഞാനും തിരിച്ച് അങ്ങനെയാണ് സന്ദേശം കൊടുക്കുന്നത്. 

ബസ്സ് വിട്ടു. ചന്ദ്ര ടാക്കീസിന്റെ അടുത്ത് എത്തിയപ്പോൾ ജ്യോതി എന്റെ കൈപിടിച്ച് ഒന്നമർത്തി. ബസ്സിൽ  നേരെ മുന്നോട്ട് നോക്കി നിന്നിരുന്ന ഞാൻ തല തിരിച്ച് ചുറ്റും നോക്കി . വലതുവശത്തുള്ള  ഒരു സീറ്റിൽ കണ്ട കാഴ്ച എന്റെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു. എന്റെ ജീവിതത്തിൽ അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ ഒരു പെൺകുട്ടി പിറകുവശത്തു നിന്നും മൂന്നാമത്തെ സീറ്റിൽ വെളിയിലേക്ക് നോക്കിയിരിക്കുന്നു. 

പാല് പോലെ വെളുത്ത നിറവും,  നല്ല ചുരുണ്ട മുടിയും,  ചുമന്ന ചുണ്ടുകളും, നീണ്ട കണ്ണുകളും, ചുവന്നു തുടിച്ച കവിളുകളും തുടിക്കുന്ന യൗവ്വനവും. അതായത് സ്ത്രീ സൗന്ദര്യത്തിന്റെ മൂർത്തി ഭാവം. ഞാൻ ജ്യോതിയോട് ഒന്നും മിണ്ടാതെ വിസ്മയിച്ചു അങ്ങനെ നിന്നുപോയി. ആ പെൺകുട്ടിയിൽ നിന്ന് കണ്ണെടുക്കാതെ.  വേറെ  ആളുകളെയോ, സാധനങ്ങളെയോ,  ദൃശ്യങ്ങളെയോ ഒന്നും ഞാൻ നോക്കിയില്ല.  എന്റെ മനസ്സ് ഒന്നിനും അനുവദിച്ചില്ല. ഒരു ഷോക്കിൽ എന്നപോലെ ഞാൻ അങ്ങനെ നിന്നു.
മുരിങ്ങമൂട്, സി കെ പി ജംഗ്ഷൻ കടവൂർ, മതിലിൽ, വെങ്കേക്കര, കോട്ടയത്ത് കടവ്, തേവള്ളിപ്പാലം, തേവള്ളി, ഹൈസ്കൂൾ ജംഗ്ഷൻ എന്നീ സ്ഥലങ്ങൾ എപ്പോൾ കടന്നുപോയത് എന്ന് ഞാൻ അറിഞ്ഞില്ല. 

ബസ്സിൽ നിന്നും കുറെ ആളുകൾ ഇറങ്ങി, കുറെപ്പേർ കയറി.  ആളുകൾക്ക് ഇറങ്ങാനും കയറാനും സൗകര്യത്തിനായി ജ്യോതി എന്നെ അല്പം പുറകിലോട്ട് മാറ്റി നിർത്തി. പക്ഷേ എന്റെ  കണ്ണുകൾ  ആ സുന്ദരിയിൽ തന്നെ ആയിരുന്നു.

ബസ്സ് കൊല്ലത്ത് കോട്ടൺ മില്ലിന്റെ മുന്നിലെത്തിയപ്പോൾ ആ പെൺകുട്ടി ഇറങ്ങാനായി എഴുന്നേറ്റ് നിന്നു. ആളുകൾക്കിടയിലൂടെ നടന്നുവന്ന് എന്റെ അരികിലെത്തിയപ്പോൾ ഞാൻ ഒന്ന് ഒഴിഞ്ഞുമാറികൊടുക്കാൻ ശ്രമിച്ചു. പക്ഷേ ആ കുട്ടി അതിനു വേണ്ടി കാത്തുനിന്നില്ല.
എന്റെ നെഞ്ചിൽ അവളുടെ മാറിടങ്ങൾ ഉരച്ചുകൊണ്ട് ആ പെൺകുട്ടി ബസ്സിൽ നിന്നും ഇറങ്ങി. ആ സമയത്ത് എനിക്കുണ്ടായ വികാരം എന്താണെന്ന് ഇവിടെ വിവരിക്കാൻ ബുദ്ധിമുട്ടാണ്.  ശ്വാസം നേരേ കിട്ടാൻ അല്പം സമയമെടുത്തു. സ്വബോധം വീണ്ടുകിട്ടയപ്പോൾ ജ്യോതി എന്നെ നോക്കി അർത്ഥം വെച്ചൊരു ചിരി.  മറ്റാരെങ്കിലും നടന്ന സംഭവം ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല.

കൊല്ലം ബസ്റ്റാൻഡിൽ ഞങ്ങൾ ഇറങ്ങി. പ്രൈവറ്റ് ബസ്സ് പോലെയല്ല ട്രാൻസ്പോർട്ട് ബസ്സ്. ഒരേ നിറവും രൂപവും. ട്രാൻസ്പോർട്ട് ബസ്സിന് ആരും പേരിടാറില്ല.  ഡ്രൈവറും കണ്ടക്ടറും പോലും സ്ഥിരമായി ഉള്ളവരല്ല. പിന്നെ ഏത് ബസ്സാണ് എന്ന് തിരിച്ചറിയാൻ ഒരേയൊരു മാർഗ്ഗം ആ ബസ്സിന്റെ നമ്പറാണ്. ഞങ്ങൾ ബസ്സിന്റെ ബോർഡ് നോക്കി.
 'R- 286, വെള്ളിമൺ’

ഒന്നുകൂടി ആ സുന്ദരിയെ ഒരു നോക്കു കാണാൻ, ആ ശബ്ദം ഒന്ന് കേൾക്കാൻ മനസ്സ് വെമ്പി.

പിന്നീടുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഞാനും ജ്യോതി റോസും വെള്ളിമണ്ണിൽ നിന്നും വരുന്ന അതേ ബസ്സിൽ കോളേജിലേക്കും തിരികെയും യാത്ര ചെയ്തു.  ഒരിക്കലും ആ കുട്ടിയെ ബസ്സിൽ ഞങ്ങൾ കണ്ടിട്ടില്ല. പലപ്രാവശ്യം കോട്ടൺ മില്ലിന്റെ അടുത്ത് ഞങ്ങൾ കറങ്ങി. പല വീടുകളിലും എത്തിനോക്കിയിട്ടുണ്ട്. പക്ഷേ ഒരിക്കൽ പോലും ആ മുഖം പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല. 

ഇന്നും എന്റെ ഓർമ്മയിൽ മായാതെ കിടക്കുന്ന ഒരു ട്രാൻസ്പോർട്ട് ബസ്സിന്റെ ബോർഡ് ആണ് 

‘ R - 286 വെള്ളിമൺ'

കേണൽ രമേശ് രാമകൃഷ്ണൻ
29 August 2022.

Friday, August 26, 2022

മൈതീൻ മുതലാളിയുടെ വണ്ടിക്കാളകൾ



മൈതീൻ മുതലാളി ഒരു വലിയ മുതലാളി ഒന്നുമല്ലായിരുന്നു. പണ്ട് നമ്മുടെ നാട്ടിൽ ആളൊരു മുസ്ലിമാണെങ്കിൽ, അയാൾ എന്തെങ്കിലും കച്ചവടം നടത്തുകയാണെങ്കിൽ അയാളെ  മുതലാളി എന്ന് വിളിക്കുമായിരുന്നു . അത് വറുത്ത കപ്പലണ്ടി കച്ചവടം ആയാലും പഴയ ചാക്കിന്റെ കച്ചവടം ആയാലും മതി.  

അഞ്ചാലുംമൂട്ടിലെ ഒരു ചെറിയ മുസ്ലിം കുടുംബത്തിൽ ആയിരുന്നു മൈതീൻ മുതലാളിയുടെ ജനനം. വാപ്പ ഹമീദ് മുതലാളി ഒരു കാളവണ്ടിക്കാരൻ ആയിരുന്നു. അഞ്ചാലുംമൂട്ടിലെ ചെറിയ ചെറിയ കടക്കാർക്ക് കൊല്ലം കമ്പോളത്തിൽ നിന്നും ചരക്കുകൾ കൊണ്ടുവന്ന് കൊടുക്കുന്നതായിരുന്നു ഹമീദ് മുതലാളിയുടെ ജോലി. ഒപ്പം അല്ലറ ചില്ലറ കച്ചവടം കാളവണ്ടിയിൽ സാധനം കൊണ്ടു നടന്ന് ചെയ്യുമായിരുന്നു.. അദ്ദേഹത്തിന് വയസ്സായപ്പോൾ കാളവണ്ടിയും കാളകളും ഒരേയൊരു മകനായ മൈതീന് കൊടുത്തു.  താമസിയാതെ രണ്ടുകാളുകളും വയസ്സായി മരിച്ചു.  പിന്നീട് കുറേക്കാലത്തോളം ആ കാളവണ്ടി ഉപയോഗശൂന്യമായി അങ്ങനെ കിടന്നു.

ഒരു തടിച്ചു കൊഴുത്ത ചെറുപ്പക്കാരൻ ആയിരുന്നു മൈതീൻ. നല്ല കറുപ്പ് നിറം. ചെറുപ്പത്തിൽ തന്നെ മുടി കുറെ പൊഴിഞ്ഞു പോയി. എന്നാലും നല്ല മുഖശ്രീ ഉള്ള ആളായിരുന്നു മൈതീൻ. വേറെ തൊഴിലൊന്നും അറിയാതെ മൈതീൻ ആകെ വലഞ്ഞു. പക്ഷേ  തന്റെ വാപ്പായെപ്പോലെ ഒരു കാളവണ്ടിക്കാരൻ ആകാൻ അയാൾക്ക് ഇഷ്ടമല്ലായിരുന്നു. പല ജോലികളും ചെയ്തു നോക്കി. ഒന്നിലും വിജയിച്ചില്ല.  ജീവിക്കാനായി ഒരു മാർഗ്ഗം തേടുകയായിരുന്നു. അപ്പോഴാണ് കൂട്ടുകാരനായ നാണു മേശിരി ഒരു ഐഡിയ പറഞ്ഞത്.

നാണു മേശിരി, ആശാരി ആയിരുന്നെങ്കിലും അവരുടെ കുലത്തൊഴിലായ   ഫർണിച്ചർ നിർമ്മാണം, വീടിന്റെ പണി എന്നിവ അയാൾക്ക് തീരെ വശമില്ലായിരുന്നു.  ആകെ അറിയാവുന്നത് ചിന്തേരിടീൽ ആയിരുന്നു. ഏത് തടിയായാലും ചിന്തേരിട്ട് മിനുസപ്പെടുത്തുന്നത് നാണുവിന് ഒരു ഹരമായിരുന്നു. മറ്റ് ആശാരിമാരുടെ  കൂടെ പണിക്ക് പോയാൽ, ചിന്തേരിടുന്ന ജോലി മാത്രമേ നാണുവിന് അവർ കൊടുക്കൂ. 

ഒരു ദിവസം മൈതീനോട് സംസാരിച്ചു കൊണ്ടിരിക്കെ ഒരു ആശയം നാണുവിന്റെ മനസ്സിലുദിച്ചു.  നാണുവും മൈതീനും ചേർന്നു നടത്താവുന്ന  ഒരു ബിസിനസ് ഐഡിയ..

 അക്കാലത്ത് നമ്മുടെ നാട്ടിൽ ഉരലും ഉലക്കയും സാധാരണ എല്ലാ വീടുകളിലും ഉണ്ടായിരുന്നു.  അതുപോലെതന്നെ മൺവെട്ടി കുന്താലി,  കോടാലി എന്നിങ്ങനെയുള്ള ഉപകരണങ്ങളും. ഇവയുടെ കൈകൾ തടിയിൽ ഉണ്ടാക്കിയതാണ്. സാധാരണയായി കുറെനാൾ ഉപയോഗിച്ച് കഴിയുമ്പോൾ ഒടിഞ്ഞുപോകുന്നവ. അപ്പോൾ ആളുകൾ ഈ ഉപകരണങ്ങളുടെ തടികൊണ്ടുള്ള കൈകൾ ചന്തയിൽ നിന്നും വാങ്ങും. ചന്തകളിൽ കൈകൾക്ക് നല്ല മാർക്കറ്റ് ആണ്. പ്ളാൻ അനുസരിച്ച് നാണു മേശിരി ഉലക്കയും മറ്റു കൈകളും പണിഞ്ഞു ഉണ്ടാക്കും. മൈതീൻ അവയെ തന്റെ കാളവണ്ടിയിൽ ചന്തകളിൽ കൊണ്ടു പോയി വിറ്റ് കാശുണ്ടാക്കുക. എത്ര ഉലക്കയും കൈകളും വിറ്റ് കിട്ടുന്നുവോ അതനുസരിച്ച് കൂലി നാണുമേശിരിക്ക്. നാണു മേശിരി പറഞ്ഞ ഐഡിയ മൈതീന് ഇഷ്ടപ്പെട്ടു. രണ്ടു പേർക്കും ഒരു വരുമാന മാർഗ്ഗം കാണാനായി ആ ബിസിനസ് ചെയ്യാൻ അവർ തീരുമാനിച്ചു.

ആദ്യമായി കുറച്ച് കാശ് കടമായി ഒപ്പിച്ച് രണ്ട് കാളുകളെ വാങ്ങി. വെളുത്ത രണ്ട് കാളകൾ. എന്നിട്ട് പഴയ കാളവണ്ടിയിൽ കെട്ടി. അങ്ങനെ മൈതീൻ കാളവണ്ടിക്കാരൻ ആയി. ആദ്യം നാട്ടിലുള്ള പഴയ ഒന്ന് രണ്ട് തെങ്ങുകൾ വാങ്ങി മുറിപ്പിച്ച് തൻ്റെ വീട്ടിൽ കൊണ്ടു വന്നു. കാളകളെ കെട്ടാനായി ഒരു പഴയ എരുത്തിലുണ്ടായിരുന്നു. അതിൽ ഒരു വശത്ത് കാളകളെ രാത്രിയിൽ കെട്ടാനും, മറുവശത്ത് നാണു മേശിരിയ്ക്ക് ഇരുന്നു പണിയാനുമുള്ള സാഹചര്യങ്ങൾ ഒരുക്കി.

ഉലക്കയുടെ രണ്ടുവശത്തും വേണ്ട മൂട് പണിയാൻ അടുത്തുള്ള ഒരു മേശിരിക്ക് അടങ്കൽ കൊടുത്തു. നെല്ല് കുത്താനുള്ള മൂടും അരി ഇടിക്കാനുള്ള മൂടും. തെങ്ങിൻ തടിയിൽ ഉലക്കയുടെ പണിയാണ് നാണു മേശിരി ആദ്യം തുടങ്ങിയത്. നാട് മുഴുവൻ ചുറ്റി നടന്നു പഴയ തെങ്ങുകൾ വാങ്ങും. എന്നിട്ട് മൂപ്പരെക്കൊണ്ട്  മുറിപ്പിച്ച് കാളവണ്ടിയിൽ കയറ്റി സ്വാമില്ലിൽ കൊണ്ടുപോയി സൈസ് അനുസരിച്ച് കീറി വീട്ടിൽ കൊണ്ടു വരും. നാണു മേശിരി തടി ചീകി ഉലക്കയും മറ്റും ഉണ്ടാക്കും. പിന്നീട് അവയുടെ മൂട് പിടിപ്പിക്കും. താമസിയാതെ മൈതീൻ മുതലാളി  നൂറുകണക്കിന് ഉലക്കകൾ തന്റെ കാളവണ്ടിയിൽ കയറ്റി അടുത്തുള്ള ചന്തകളിൽ കൊണ്ടുപോയി വിറ്റു.

അക്കാലത്ത് നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ആഴ്ച ചന്തകളും മാസച്ചന്തകളും ഉണ്ടായിരുന്നു.  അഷ്ടമുടി ചന്ത, പെരുമൺ ചന്ത, കുണ്ടറ ചന്ത, കൊട്ടാരക്കര ചന്ത, പുത്തൂർ ചന്ത, നെടുമൺകാവ് ചന്ത, മങ്ങാട് ചന്ത അങ്ങനെ പലയിടത്തും ചന്തകളുണ്ടായിരുന്നു. ആളുകൾ വീടിന്റെ അടുത്തുള്ള ചന്തയിൽ നിന്നും മറ്റു സാധനങ്ങൾക്കൊപ്പം കൃഷി ഉപകരണങ്ങളും വാങ്ങിയിരുന്നു. ഒപ്പം ഉലക്കകളും മൺവെട്ടി, കുന്താലി, കോടാലി എന്നിവയും അവയുടെ കൈകളും വാങ്ങിയിരുന്നു. മൈതീന് നല്ല രീതിയിൽ കച്ചവടം നടന്നു. ഒരു ചന്ത കഴിയുമ്പോഴേക്കും രണ്ടുപേർക്കും കൂടി ഒരു നല്ല വരുമാനം കിട്ടിയിരുന്നു.

സ്ഥിരമായി ഒരു വരുമാനം ശരിയായതിനു ശേഷം മൈതീൻ മുതലാളി ഒരു കല്യാണം കഴിച്ചു. ഒരു വെളുത്ത സുന്ദരിപ്പെണ്ണ്. കടവൂർ ക്ഷേത്രത്തിനടുത്തുള്ള മതിലിൽ എന്ന സ്ഥലത്ത് നിന്നും. മൈതീൻ പോലും ഭാര്യയെ ‘എടേ’ എന്നായിരുന്നു സംബോധന ചെയ്തത്. അതുകൊണ്ടുതന്നെ ആർക്കും അവരുടെ യഥാർത്ഥ പേര് അറിയില്ലായിരുന്നു. അടുത്ത വീട്ടുകാരൊക്കെ അവരെ '” മതിലിക്കാരി ഉമ്മാ” എന്നാണ് വിളിച്ചിരുന്നത്. നല്ല സ്വഭാവവും ഐശ്വര്യവും സൗന്ദര്യവും ഉണ്ടായിരുന്നതുകൊണ്ട് പരിസരത്തെ വീടുകളിൽ എല്ലാ മലയാള മാസവും ' ഒന്നാം തീയതി കയറുന്നത് മതിലിക്കാരി ഉമ്മാ ആയിരുന്നു.  

കാലം കടന്നുപോയി. ഇതിനിടയിൽ മതിലിക്കാരി ഉമ്മാ അഞ്ച് പ്രസവിച്ചു. രണ്ട്  ആൺകുട്ടികളും മൂന്നു പെൺകുട്ടികളും. അവർക്ക് സുലൈമാൻ, ഫാത്തിമ ( പാത്തിമുത്ത്), ലൈല, കരീം, ജമീല എന്നിങ്ങനെ പേരിട്ടു. സ്നേഹവും സ്വഭാവഗുണവും ഏറെയുള്ള നല്ല മക്കൾ. അവരെ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. പക്ഷേ പഠിത്തത്തിൽ അച്ഛനമ്മമാരെ പോലെ തന്നെ അവർ വലിയ സാമർത്ഥ്യക്കാരായിരുന്നില്ല. അവരും വീട്ടിൽ വാപ്പായെയും ഉമ്മായെയും സഹായിച്ചും മറ്റു ചെറിയ എന്തെങ്കിലും പണികളും ചെയ്തു ജീവിതം മുന്നോട്ട് പോയി.

മക്കളെപ്പോലെ തന്നെ മൈതീൻ മുതലാളി തന്റെ രണ്ടു കാളകളെയും സ്നേഹിച്ചു. അവരെ ചാട്ട കൊണ്ടോ വടി കൊണ്ടോ അടിക്കില്ലായിരുന്നു. കൂടി വന്നാൽ വാല് പിടിച്ച് ഒന്ന് തിരിക്കും. കാളയുടെ വാല് ആണല്ലോ കാളവണ്ടിയുടെ സ്റ്റിയറിംഗും, ആക്സിലറേറ്ററും. മൂക്ക് കയറ് അതിന്റെ ബ്രേക്കും. 
സാധാരണയായി വെളുപ്പിനെ ആയിരിക്കും മൈതീൻ മുതലാളിയും കാളവണ്ടിയും ചന്തകളിലെ വിൽപ്പന കഴിഞ്ഞ് തിരികെയെത്തുന്നത്. വണ്ടി എരുത്തിലിനടുത്ത് നിറുത്തിയ ഉടനെ തന്നെ കാളകളെ അഴിച്ച് കിണറ്റിൻ കരയിൽ കൊണ്ടു പോയി കുറെയേറെവെള്ളം കോരിയൊഴിച്ച്, നല്ലത് പോലെ ചകിരി കൊണ്ട് പുറം ഉരച്ച് കുളിപ്പിക്കും. അപ്പോഴേക്കും മതിലിക്കാരി ഉമ്മാ തലേന്നേ പുഴുങ്ങാനിട്ട പുളിങ്കുരുവും കാടിയും രണ്ടു ചെമ്പ് പാത്രങ്ങളിൽ കൊണ്ടു വന്നു കാളകളുടെ മുന്നിൽ വയ്ക്കും. കാളകളുടെ കുളിയും തീറ്റയും കാടി കുടിയും കഴിയാതെ മൈതീൻ മുതലാളി പല്ല് പോലും തേക്കില്ല. രണ്ടു മക്കളെപ്പോലെ ആയിരുന്നു തന്റെ കാളകളെ ഇ കുടുംബം നോക്കിയിരുന്നത്. ആ കാലഘട്ടത്തിൽ ആ കുടുംബത്തിന്റെ ജീവിതമാർഗം ആ രണ്ട് കാളകൾ ആയിരുന്നു എന്ന് മുതലാളിക്കും കുടുംബത്തിനും നല്ല ബോധം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചന്ത കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അവർക്കായുള്ള ആഹാരസാധനങ്ങൾ അതേ ചന്തിയിൽ നിന്നും വാങ്ങിക്കൊണ്ടു വരാൻ മറക്കില്ല. അത് കച്ചവടം നടന്നാലും നടന്നില്ലെങ്കിലും ചാക്കിൽ പുളിങ്കുരു വാങ്ങിക്കൊണ്ട് വരുമായിരുന്നു. അതുപോലെതന്നെ വിൽപ്പന നടക്കാതെ പോയ മലക്കറിയും. ആ പുളിങ്കുരു എല്ലാദിവസവും പുഴുങ്ങി രാവിലെ കാളകൾക്ക് മുഖ്യഭക്ഷണമായി കൊടുക്കും. ഒരു ശല്യവും ഈ രണ്ട് കാളകളിൽ നിന്നും ആർക്കും ഉണ്ടായിട്ടില്ല. അവർ വണ്ടി വലിക്കും, ചന്തയിൽ പോകും തിരികെ വരും. പകൽസമയത്ത് അവരെ ഒരു തെങ്ങിന്റെ മൂട്ടിൽ കെട്ടിയിട്ടിരിക്കും. ആഹാരം കഴിക്കും അവർ കിടന്നുറങ്ങും.

കാലം കടന്നുപോയി നല്ല രീതിയിൽ മുതലാളിയുടെ കച്ചവടം നടക്കുകയായിരുന്നു. ആയിടയ്ക്ക് വീടുകളിൽ മിക്സി എന്ന ഉപകരണം ആൾക്കാർ വാങ്ങിക്കാൻ തുടങ്ങി. ഉലക്കയുടെയും ഉപയോഗം വീടുകളിൽ കുറഞ്ഞു. ഒപ്പം നാട്ടിൽ പലയിടത്തും പൊടിപ്പുമില്ലും ആട്ടുമില്ലും  വന്നു കഴിഞ്ഞു. മുളകും മല്ലിയും മഞ്ഞളും പൊടിക്കാൻ ഒക്കെയുള്ള സംവിധാനം നാട്ടിലെത്തി.  അതുപോലെതന്നെ ദോശയുടെയും അപ്പത്തിന്റെയും മാവ് ആട്ടിയെടുക്കാനും. പിന്നെ കൃഷി ഉപകരണങ്ങളും ക്രമേണ ഉപയോഗശൂന്യമായി. കൃഷിഭൂമി ഉഴുതു മറിക്കുന്ന കാര്യങ്ങളൊക്കെ ' ടില്ലർ '  എന്ന അത്ഭുത യന്ത്രം ഉപയോഗിച്ച് ചെയ്യാൻ തുടങ്ങി . അതോടെ മൺവെട്ടി, കുന്താലി എന്ന ഉപകരണങ്ങൾക്ക് പുരയിടങ്ങളിൽ കൂടുതൽ ജോലിയില്ലാതെയായി. ഗ്യാസ് അടുപ്പ് വന്നതോടെ വിറക് കത്തിച്ച് അടുക്കളയിൽ പാചകം ചെയ്യുന്ന സമ്പ്രദായവും കുറഞ്ഞു. അതോടെ പണ്ട് വിറകു കീറി വിറ്റിരുന്ന കടകളെല്ലാം അടച്ചുപൂട്ടി. ആളുകൾ വിറക് വാങ്ങാത്തതുകൊണ്ട് കോടാലിയുടെ ഉപയോഗവും ക്രമേണ കുറഞ്ഞു. 

ജീവിതരീതികൾ മാറിയതോടെ മുതലാളിയുടെ ജീവിതവും മാറി.  പണ്ട് ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങളുടെ കച്ചവടം വളരെ കുറഞ്ഞു.  വല്ലപ്പോഴും ഒന്നോരണ്ടോ ഉലക്ക ആരെങ്കിലും വീട്ടിൽ വന്നു വാങ്ങും പക്ഷേ അതുകൊണ്ട് ഒരു ജീവിതം കൊണ്ടു പോകാൻ ബുദ്ധിമുട്ടായി.

ജീവിത പ്രയാസങ്ങൾ കൊണ്ടാണോ എന്നറിയില്ല ഒരു ദിവസം നാണു മേശിരി മരിച്ചു.  അതോടെ തകർന്നു മൈതീൻ മുതലാളിയുടെ ജീവിതം. തന്റെ കൂട്ടുകാരനും ബിസിനസ് പാർട്ണറും ആയിരുന്ന നാണു മേശിരി ഈ ലോകത്തോട് വിട പറഞ്ഞതോടുകൂടി മൈതീൻ മുതലാളിയുടെ ജീവിതം താറാമാറായി.  വേറൊരു വരുമാന മാർഗ്ഗം മൈതീൻ മുതലാളിക്ക് ഇല്ലായിരുന്നു. കമ്പോളത്തിൽ കാളവണ്ടി അടിച്ച് ജീവിക്കുന്ന കാലവും കഴിഞ്ഞു. കാളവണ്ടിക്ക് പകരം ആളുകൾ മിനി ലോറികൾ ഉപയോഗിക്കുമായിരുന്നു. കാളവണ്ടിയുമായി കമ്പോളത്തിൽ പോകാൻ ആളുകൾക്ക് ഒരു നാണക്കേടായി.

ഒരു വരുമാനം മാർഗ്ഗമില്ലാതെ  കുട്ടികളുടെ പഠിത്തമൊക്കെ നിന്നു. ആൺമക്കൾ രണ്ടുപേരും അഞ്ചാലുംമൂട് ചന്തിയിൽ എന്തെങ്കിലും കൂലിപ്പണിക്കായി പോകാൻ തുടങ്ങി. എന്നിട്ടും ആ കുടുംബം പോറ്റാൻ അവർ വളരെ വിഷമിച്ചു.
 കുടുംബത്തിന് ആഹാരത്തിന് ബുദ്ധിമുട്ടായി. അപ്പോൾ കാളകൾക്ക് വേണ്ടി വൈക്കോൽ വാങ്ങാനും പുളിങ്കുരു വാങ്ങാനും പിണ്ണാക്ക് വാങ്ങാനും കാശില്ലാതെ ദിവസങ്ങളോളം കാളകൾ പട്ടിണിയിലായി. അങ്ങനെ ഒരു ദിവസം എടത്തൻ (ഇടത് വശത്ത് കെട്ടുന്ന കാള) കുഴഞ്ഞുവീണു മരിച്ചു.

ഒരു കാളയെപ്പോലും പോറ്റാൻ വഴിയില്ലാതെ മൈതീൻ മുതലാളിയും കുടുംബവും വളരെ വിഷമിച്ചു. ഒരു ദിവസം മുത്തമകനായ സുലൈമാൻ വന്നു പറഞ്ഞു 

“വാപ്പാ, നമുക്ക് വലത്തനെ ( വലത് വശത്ത് കെട്ടുന്ന കാള) ആർക്കെങ്കിലും വിൽക്കാം”

ആ പറഞ്ഞത് മുതലാളിക്ക് ഇഷ്ടപ്പെട്ടില്ല. കാളകൾ അയാൾക്ക് മക്കളായിരുന്നു . മൈതീൻ മുതലാളിക്ക്  നല്ലത് പോലെ അറിയാമായിരുന്നു ആ പ്രായത്തിലുള്ള കാളകളെ ആൾക്കാർ വളർത്താനായി വാങ്ങാറില്ലെന്ന്. അവർ എത്തിച്ചേരുന്നത് അറുപ്പ്ശാലകളിൽ ആയിരിക്കുമെന്ന് മുതലാളിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. തന്റെ കാളയെ, മകനെ, അറുക്കാൻ കൊടുക്കാൻ അയാൽ തയ്യാറായിരുന്നില്ല.

“നമ്മളോ പട്ടിണി കിടക്കുന്നു. ഇനി കാളയ്ക്ക് കൂടി ആരാ ആഹാരം കൊടുക്കുന്നെ? എങ്ങനെ കൊടുക്കും ? വാപ്പാ തന്നെ പറ”

 സുലൈമാൻ വീണ്ടും വീണ്ടും ചോദിച്ചു.
മൈതീൻ മുതലാളി സുലൈമാനെ അടുത്ത് വിളിച്ചു പറഞ്ഞു.

“മോനേ എനിക്ക് വയസ്സായി. നല്ല സുഖമില്ല. ഒരു ദിവസം ഞാനും എടത്തനെ പോലെ എവിടെയെങ്കിലും കുഴഞ്ഞുവീണ് മരിക്കും. എന്റെ മയ്യത്ത് എടുക്കുന്നത് വരെ വലത്തൻ എന്നോടൊപ്പം ഉണ്ടായിരിക്കട്ടെ. അവന് എന്തെങ്കിലും സംഭവിച്ചാൽ അന്ന് നീ അവനെയും എവിടെയെങ്കിലും കുഴിച്ചു മൂട്. എന്നാലും അറുപ്പുകാർക്ക് എൻ്റെ കാളയെ നീ വിൽക്കരുത്. അവന്റെ മാംസം വിറ്റ് കിട്ടുന്ന കാശ് നമുക്ക് വേണ്ടാ”

മൈതീൻ മുതലാളി തുടർന്നു 

“ ജീവിതത്തിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന, സുഖദുഃഖങ്ങളിൽ കൂടെ നിലനിൽക്കുന്ന ചിലരെങ്കിലും ഉണ്ടാകും. അത് ബന്ധുക്കൾ ആയാലും, സുഹൃത്തുക്കൾ ആയാലും, കൂലിപ്പണിക്കാർ ആയാലും, വീട്ടിലെ ജോലിക്കാർ ആയാലും നമ്മൾ വളർത്തുന്ന മൃഗങ്ങൾ ആയാലും, അവരെ ഒരിക്കലും കൈവെടിയരുത്. അവരുടെ കൈകൾ വിടരുത്. മുറുകെ പിടിച്ചു കൂടെ കൊണ്ടു പോകണം. ജീവിതയാത്രയിൽ നമ്മൾ എത്തുന്നിടം വരെ “

“ശരി വാപ്പാ”
സുലൈമാന്റെ കണ്ണ് നിറഞ്ഞു.

കേണൽ രമേശ് രാമകൃഷ്ണൻ
27 August 2022

Thursday, August 25, 2022

ഒരു പുതിയ പാഠം



“എന്താ, ഒരു മ്ലാനത ?”

ഒരു കൊമ്പിലിരുന്നുകൊണ്ട് മുന്നിൽ തൂങ്ങി നിൽക്കുന്ന പഴുത്ത ചക്കയിൽ നിന്നും ചൊളകൾ കൊത്തിയെടുക്കുന്നതിനിടയിൽ കാക്ക തന്റെ പ്രിയ സുഹൃത്തായ പ്ലാവിനോട് ചോദിച്ചു. മറുപടി കിട്ടാത്തത് കൊണ്ട് വീണ്ടും ചോദിച്ചു.

“ ഞാൻ വന്ന് നിന്നിൽ  ജനിച്ച ആകെയുള്ള ഒരൊറ്റ ചക്കയിൽ നിന്ന് ചൊളകളെല്ലാം കൊത്തി തിന്നുന്നത് ഇഷ്ടപ്പെട്ടില്ല. അല്ലേ ?” 

“ഏയ് അങ്ങനെയൊന്നുമില്ല. എനിക്ക് സന്തോഷമേയുള്ളൂ നീ തിന്നുന്നതിൽ. നിനക്ക് വേണ്ടി മാത്രമാണ് ഈ ചക്ക.” 

പ്ലാവ് കാറ്റിൽ ഒന്ന് ആടിക്കൊണ്ട് പറഞ്ഞു.

“ ഞാൻ ശ്രദ്ധിക്കുകയായിരുന്നു. കഴിഞ്ഞവർഷം ഈ പ്ലാവിൽ എത്ര മാത്രം ചക്കകൾ ഉണ്ടായിരുന്നു. ഈ വർഷം ഒരു ചക്ക മാത്രം പിടിച്ചു. അതും മനുഷ്യന് എത്തിപ്പറ്റാൻ കഴിയാത്ത അത്ര ഉയരത്തിൽ “ കാക്ക തുടർന്നു.

അല്പനേരം കഴിഞ്ഞ് പതിയെ പ്ലാവ് പറഞ്ഞു 

“അത് ഞാൻ മനപ്പൂർവ്വം ചെയ്തതാണ്. എന്നിൽ പിറന്ന എല്ലാ കളകളും ഞാൻ തന്നെ കൊഴിച്ചു കളഞ്ഞു. എനിക്ക് വേണ്ടാ ഒരു ചക്ക കുഞ്ഞുങ്ങളും. പിന്നെ നിന്നെ ഓർത്ത് ഒരു ചക്ക മാത്രം ഞാൻ വളർത്തി. എന്റെ ചില്ലകളിൽ ആണല്ലോ നീ എന്നും കൂടുകൂട്ടുന്നത്.”

 “എന്തുപറ്റി? എന്താണ് ഇത്ര നൈരാശ്യം? എന്നോട് പറയൂ”

 കാക്ക താണപേക്ഷിച്ചു.  അപ്പോൾ പ്ലാവ് തൻ്റെ ജീവിതകഥ പറഞ്ഞു.

“ കൊല്ലം ജില്ലയിലെ ഓച്ചിറ എന്ന സ്ഥലത്തായിരുന്നു എന്റെ ജനനം. തേൻവരിക്ക എന്ന് പ്രസിദ്ധമായ ഒരു പ്ലാവിന്റെ കുട്ടിയാണ് ഞാൻ.  താഴെ ആ ഓലമേഞ്ഞ വീട് കണ്ടോ? അവിടെ ഒരു അമ്മുമ്മ ഉണ്ടായിരുന്നു,  ആ അമ്മുമ്മ കുറെ നാൾ മുമ്പ് മരിച്ചു പോയി. ദേവകിത്തള്ള എന്നായിരുന്നു എല്ലാവരും അവരെ വിളിച്ചിരുന്നത്. അവർക്കൊരു മകനുണ്ട്, കണ്ടിട്ടില്ലേ ഒരു കഷണ്ടിത്തലയൻ ചന്ദ്രൻ. കൂലിപ്പണിയാണ് ജോലി. അയാളുടെ ഭാര്യ ജാനകി. അവർക്ക് ഒരു കുട്ടിയുണ്ട് നകുലൻ. 

ആ രണ്ടുനില കെട്ടിടം കണ്ടോ? അവിടെ പണ്ട് ഇതുപോലെത്തെ ഒരു ഓലമേഞ്ഞ വീടുണ്ടായിരുന്നു. ഇപ്പോഴത്തെ ശേഖരൻ മുതലാളി താമസിച്ചിരുന്ന വീട്. അയാളുടെ അച്ഛനും അമ്മയും ഒക്കെ നേരത്തെ മരിച്ചു. ശേഖരൻ അഞ്ചാലുംമൂട്ടിലെ ടാക്സി സ്റ്റാൻഡിലെ ഒരു ടാക്സി ഡ്രൈവർ ആയിരുന്നു. നമ്മുടെ പുത്തൻചിറ വേലുപ്പിള്ളയുടെ ടാക്സി ഓടിച്ചിരുന്ന ആൾ.  അയാളുടെ ഭാര്യ ശാന്ത, പിന്നെ അഹങ്കാരികളായ രണ്ടു ആൺമക്കൾ. എനിക്കു ഇഷ്ടമല്ല അവരെ ആരെയും.

 ദേവകിത്തള്ള എല്ലാവർഷവും ഓച്ചിറ പരബ്രഹ്മത്തിന്റെ അമ്പലത്തിൽ ഉത്സവ സമയത്ത് പന്ത്രണ്ട് ദിവസം ഭജനമിരിക്കാൻ പോകുമായിരുന്നു.  ഭജനം കഴിഞ്ഞു വരുമ്പോൾ എന്തെങ്കിലുമൊക്കെ സാധനങ്ങൾ അവിടത്തെ ചന്തയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന പതിവുണ്ട്. അങ്ങനെ ഒരിക്കൽ ഒരു വരിക്കച്ചക്ക വാങ്ങി കൊണ്ടു വന്നു. നല്ല മധുരമുള്ള ചക്കപ്പഴം ആയിരുന്നു. ചക്കയുടെ പകുതി ഭാഗം അവർ മുറിച്ച് അയൽക്കാരായ ശേഖരന്റെ കുടുംബത്തിന് കൊടുത്തു. അത്രയ്ക്ക് സ്നേഹത്തോടെ കഴിഞ്ഞിരുന്നവരാണ് രണ്ടു വീട്ടുകാരും. തമ്മിൽ ഒരു രഹസ്യവും ഇല്ലായിരുന്നു. രണ്ടു വീട്ടുകാരും സുഖദുഃഖങ്ങൾ പങ്കുവെച്ചു ജീവിച്ചു.  അതുപോലെതന്നെ വിശേഷദിവസങ്ങളിൽ ചന്ദ്രനും ശേഖരനും അടുത്തുള്ള വീടുകളിലെ ചെറുപ്പക്കാരുമായി തെങ്ങിൻറെ മൂട്ടലിരുന്ന് ചീട്ടു കളിക്കുന്ന പതിവുണ്ടായിരുന്നു. കള്ളുകുടി വരെ രണ്ടുപേരും  ഒരുമിച്ചായിരുന്നു. 

ഓച്ചിറയിൽ നിന്നും കൊണ്ടു വന്ന ചക്ക രണ്ടു വീട്ടുകാരും പങ്ക് വെച്ച് കഴിച്ചു. ചക്കക്കുരു മെഴുക്കുപുരട്ടി. അതിൽ നിന്നും ഒരു ചക്കക്കുരു ചന്ദ്രന്റെ  മകൻ നകുലൻ കളിക്കാനായി എടുത്തുകൊണ്ടു പോയി. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ അമ്മൂമ്മ ദേവകിത്തള്ള് അവനോട് പറഞ്ഞു 

“കുഞ്ഞേ, ആ ചക്കക്കുരു നീ പറമ്പിൽ എവിടെയെങ്കിലും കുഴിച്ചിടൂ.  അത് വളർന്ന്  ഒരു വലിയ പ്ലാവായി നിനക്ക് ഒരുപാട് ചക്ക തരും”

“മുറ്റത്തൊന്നും പ്ലാവ് നടണ്ടാ” ഉടനെ ചന്ദ്രൻ അവരെ ശകാരിച്ചു.

 അമ്മുമ്മയും പേരക്കുട്ടിയു കൂടി പറമ്പിന്റെ അതിരിൽ ആ ചക്കക്കുരു കുഴിച്ചിട്ടു. ദേവകിത്തള്ള ഒരു മൊന്തയിൽ കുറച്ച് വെള്ളം കൊണ്ടുവന്നു തളിച്ചു.  എങ്ങനെ ചെടിക്ക് വെള്ളം തളിയ്ക്കണമെന്ന് നകുലനെ പഠിപ്പിച്ചു.  പിറ്റേന്ന് മുതൽ എല്ലാ ദിവസവും നകൂലൻ സ്കൂളിൽ പോകുന്നതിനു മുമ്പ് ഒരു മൊന്ത വെള്ളം കൊണ്ടുവന്ന് അവിടെ തളിച്ച് കൊടുക്കും.  താമസിയാതെ ആ ചക്കക്കുരു മുളച്ച് ഒരു പ്ലാവിന്റെ തൈ  അവിടെ വളർന്നു.

കാലം കടന്നുപോയി. പ്ലാവിന്റെ വളർച്ച ഒരു പ്രത്യേക രീതിയിൽ ആയിരുന്നു. എന്താണെന്നറിയില്ല. പ്ലാവ് വളരുന്നത് അനുസരിച്ച് മരം ശേഖരന്റെ പുരയിടത്തിലേക്ക് ചാഞ്ഞാണ് വളർന്നത്.  കണ്ടാൽ തോന്നും അത് ശേഖരന്റെ പുരയിടത്തിൽ വളരുന്നതാണ് എന്ന്.

ആദ്യത്തെ വർഷം ചക്ക പിടിച്ചപ്പോൾ മൂന്നു ചക്കകൾ ഉണ്ടായിരുന്നു. രണ്ടെണ്ണം പഴുപ്പിച്ച് അവർ രണ്ടു വീട്ടുകാരും ഓരോന്നായി എടുത്തു. എത്ര മധുരമായിരുന്നു ചക്കയ്ക്ക്.  മൂന്നാമത്തെ ചക്ക രണ്ടു വീട്ടുകാരും പങ്ക് വെച്ച് കറിവെച്ച് കഴിച്ചു.

അഞ്ചാലുംമൂട്ടിൽ ടാക്സി ഓടിച്ചു കൊണ്ടിരുന്ന ശേഖരനെ ഒരു ദിവസം ഭാഗ്യം തേടിയെത്തി.  ഗൾഫിൽ നിന്നും നാട്ടിൽ ലീവിന് വന്ന സലീം എന്ന ചെറുപ്പക്കാരൻ ശേഖരന്റെ ടാക്സിയിൽ സഞ്ചരിക്കുകയുണ്ടായി. അയാൾ ഗൾഫിലെ ജോലി സാധ്യതകളെക്കുറിച്ചും ശമ്പളത്തെക്കുറിച്ചുമൊക്കെ വാചാലമായി സംസാരിച്ചു. അപ്പോൽ ശേഖരനിൽ ഒരു ആഗ്രഹം ജനിച്ചു. തനിക്ക് കൂടി ഗൾഫിൽ പോയാൽ കൊള്ളാമെന്ന്. സലീമിനോട് ആഗ്രഹം പറഞ്ഞു. നോക്കട്ടെ എന്ന് സലീമും പറഞ്ഞു.

സലീം വാക്ക് പാലിച്ചു. അടുത്ത തവണ നാട്ടിൽ വന്നപ്പോൾ ശേഖരന് വേണ്ടി ഒരു വീസ കൊണ്ടു വന്നു.
 താമസിയാതെ ശേഖരൻ സൗദിയിലേക്ക് പോയി. യാത്രച്ചെലവിനായി കുറച്ചു പൈസ കൂലിപ്പണിക്കാരനായ ചന്ദ്രനും സഹായിച്ചു. ഗൾഫിൽ എത്തിയ ഉടനെ തന്നെ ജോലിയിൽ കയറി.  ശേഖരൻ ഗൾഫിൽ നിന്നും പണമയക്കാൻ തുടങ്ങി. അതോടെ അയാളുടെ ഭാര്യ ശാന്തയുടെയും മക്കളുടെയും ജീവിത രീതികൾ മാറിത്തുടങ്ങി. 

കുറെ വർഷങ്ങൾ അങ്ങനെ കടന്നുപോയി. ശേഖരനും സലീമും ചേർന്ന് ഒരു അറബിയെ കൂട്ടുപിടിച്ച് ഒരു ടാക്സി കമ്പനി തുടങ്ങി. നാട്ടിൽ നിന്നും കുറെ ഡ്രൈവർമാരെ അവർ വരുത്തി. കമ്പനി നല്ല രീതിയിൽ വളർന്നു. ഡ്രൈവർ ആയിരുന്ന ശേഖരൻ ടാക്സി സർവീസിന്റെ മാനേജിംഗ് പാർട്ണറായി. വരുമാനം പതിന്മടങ്ങ് വർദ്ധിച്ചു.  കിട്ടുന്ന പണം എല്ലാം അയാൾ ഭാര്യയുടെ പേർക്ക് അയച്ചുകൊടുത്തു.

ആദ്യത്തെ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ ശേഖരൻ കുറേ സാധനങ്ങൾ കൊണ്ടുവന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ ചെറിയ ചെറിയ സാധനങ്ങൾ കൊടുത്തു. സ്വന്തം ആവശ്യത്തിനായി ടിവിയും വീസീയാറും ഒക്കെ കൊണ്ടുവന്നു.  ചെറിയ കുറെ സാധനങ്ങൾ ചന്ദ്രന്റെ വീട്ടുകാർക്കും കൊടുത്തു. പിന്നീട് വരുമ്പോൾ കൂടുതലൊന്നും ആർക്കും തന്നെ കൊടുക്കാതെയായി.

ശേഖരന്റെ കുടുംബം ഒരു വീടിനുള്ള പണി തുടങ്ങി. എല്ലാവരും അതിൽ സന്തോഷിച്ചു. താമസിയാതെ അവരുടെ കുടിൽ നിന്ന സ്ഥലത്ത് ഒരു രണ്ടുനില കെട്ടിടം ഉയർന്നു . പണി പൂർത്തിയായപ്പോൾ ശേഖരനും ഭാര്യ സുമതിക്കും ഒരു നിർബന്ധം.  പുരയിടത്തിന് യോജിച്ച  ഒരു മതിൽ കെട്ടി വലിയ ഒരു ഗേറ്റ് ഇടണമെന്ന്..  അങ്ങനെ അവർ പുരയിടത്തിന് ചുറ്റും വലിയ ഒരു മതിൽ കെട്ടാൻ തുടങ്ങി. ചന്ദ്രനും ജാനികയും അവരോട് കെഞ്ചി പറഞ്ഞു ഒരു ചെറിയ ഗേറ്റ്  അവരുടെ പുരയിടങ്ങൾക്കിടയിൽ വെയ്ക്കാൻ.  രണ്ടു വീട്ടുകാർക്കും അങ്ങോട്ടുമിങ്ങോട്ടും പോകാനും വരാനുമുള്ള സൗകര്യത്തിനായി . അങ്ങനെയൊന്നും വേണ്ടെന്ന്  ശേഖരൻ തീർത്തു പറഞ്ഞു. ചന്ദ്രനും കുടുംബത്തിനും അതൊരു വലിയ സങ്കടമായി. ദേവകിത്തള്ള ശേഖരന്റെ വീട്ടിന്റെ മുറ്റത്ത് പോയി ചോദിച്ചു.

 “എന്താ ശാന്തേ  ഇത് ? എന്തിനാണ് നമ്മുടെ വീടുകൾക്കിടയിൽ ഒരു മതിൽ? അതും നമുക്ക് അങ്ങോട്ടുമിങ്ങോട്ടും പോയി വരാൻ ഒരു വഴി പോലും ഇടാതെ. കഴിഞ്ഞ കാര്യങ്ങളൊക്കെ നീ മറന്നോ? പഴങ്കഞ്ഞി പോലും പങ്കുവെച്ച് കഴിച്ചു ജീവിച്ചവരല്ലേ നമ്മൾ ? എന്നിട്ട് അല്പം പുത്തൻ പണം കണ്ടപ്പോൾ നീ ഞങ്ങളെ എല്ലാം മറക്കുന്നു അല്ലേ? ഞാൻ കാണുന്നുണ്ട് നിങ്ങളിൽ വരുന്ന മാറ്റം ". 

ശാന്ത തിരിച്ചടിച്ചു 

“എന്തെങ്കിലും നിങ്ങള് തന്നിട്ടുണ്ടെങ്കിലേ, അങ്ങോട്ട് ഞങ്ങളും അതുപോലെ തന്നിട്ടുണ്ട്. എന്റെ വീട്ടിൽ നിന്നും പഴങ്കഞ്ഞി നിങ്ങളും വാങ്ങി മോന്തിയിട്ടുണ്ട്.  അല്ലാതെ നിങ്ങളെപ്പോലെ അയൽപക്കത്തെ വീട്ടിൽ നിന്നും ചക്കാത്ത് തിന്നാൻ നടക്കുകയല്ല ശേഖരനും കുടുംബവും. ഞങ്ങൾ നന്നാവുന്നത് കാണുമ്പോൾ നിങ്ങൾക്ക് അസൂയയാണ്. ദേ, തള്ളേ ഇനി ഇതൊന്നും പറഞ്ഞോണ്ട് ഇങ്ങോട്ട് വരണ്ടാ "

ദേവകിത്തള്ളയ്ക്ക് നാണക്കേട് തോന്നി. അവർ വലിയ വായിൽ പറഞ്ഞു

“ ബ്ഭാ..അഹങ്കാരം പറയന്നോടീ..ശേഖരനും കുടുംബവുമായി ഇനി ഒരു ബന്ധവും എന്റെ കുടുംബത്തിന് ഇല്ല.  മേലാൽ എന്റെ വീട്ടിൽ നിന്നും ഒരെണ്ണം ഈ മണ്ണിൽ കാലുകുത്തില്ല. ദൈവകിയാണ് പറയുന്നത്”

 എന്നിട്ട് അവരുടെ വീട്ടിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു 

“കേട്ടില്ലേടീ ജാനകീ ഇവള് പറഞ്ഞതെല്ലാം ? നീ അവിടെ എന്തോ എടുക്കുവാ? നാക്കില്ലേ നിന്റെ വായിൽ. കൊടുക്കെടീ മറുപടി ഇവൾക്ക്.

നിന്റെ കെട്ട്യോനോട് കൂടി പറഞ്ഞേക്കണം. ഒരു കുഞ്ഞു പരാധീനം ഈ അഹങ്കാരികളുടെ മുറ്റത്ത് ഇനി കാലുകുത്തരുതെന്ന് “

അങ്ങനെ ആ രണ്ട് കുടുംബങ്ങളും ബദ്ധശത്രുക്കളായി.

എന്താണെന്നറിയില്ല ആ വർഷം പ്ലാവിൽ ഒരുപാട് ചക്ക പിടിച്ചു. പ്ലാവ് നിറയെ.  പക്ഷേ ഒരെണ്ണം പോലും ശേഖരന്റെ ഭാര്യ അടുത്ത വീട്ടിലെ ചന്ദ്രനും കുടുംബത്തിനും കൊടുത്തില്ല. അവർ തിന്നതിന്റെ ബാക്കി മലക്കറിക്കടക്കാരൻ ഹമീദിന് വിറ്റു. 

ഇതിനിടയിൽ പെട്ടെന്നൊരു ദിവസം ദേവകിത്തള്ള മരിച്ചു. അടുത്ത വീട്ടുകാർ ആയിരുന്നിട്ടുപോലും ശാന്തയും മക്കളും മരണവീട്ടിൽ വീട്ടിൽ കയറിയില്ല.  ശേഖരൻ ബിസിനസ്സ് കാര്യത്തിനായി സൗദിയിലായിരുന്നു.

ചന്ദ്രന്റെ ആരോഗ്യനില മോശമായി. കൂലിപ്പണി ചെയ്യാൻ വയ്യാതായി. മിക്ക സമയവും വീട്ടിൽ തന്നെ ഇരിപ്പ് തുടങ്ങി. ഒരു ജീവിത മാർഗ്ഗത്തിനായി ജാനകി ചന്ദ്രൻ പിള്ളയുടെ വീട്ടിൽ കയറ് പിരിക്കാൻ പോയിത്തുടങ്ങി. നകുലൻ നാട്ടിലെ ഒരു ഇലക്ട്രീഷ്യന്റെ സഹായിയായി ജോലിക്ക് പോയി. ഒരു ചെറിയ ശമ്പളത്തിൽ.

“ ഈ രണ്ടു കുടുംബങ്ങളുടെയും ജീവിതത്തിൽ വന്ന മാറ്റം അവരുടെ ജീവിതം കണ്ടുവളർന്ന എന്നെ വളരെയധികം ബാധിച്ചു. എന്നിട്ടും ഞാൻ വർഷംതോറും ഒരുപാട് ചക്കകൾ നൽകി. "
വളരെ സങ്കടത്തോടെ” പ്ലാവ് ഒന്ന് പറഞ്ഞു നിർത്തി.

“എന്നിട്ട് ഇപ്പോൾ എന്തേ ചക്ക ഒന്നും ഈ പ്ലാവിൽ പിടിക്കാത്തത് ?” കാക്ക ചോദിച്ചു. 

അല്പനേരം കഴിഞ്ഞ് പ്ലാവ് പറഞ്ഞു

“ഒരു കാര്യം എനിക്ക് മനസ്സിലായി. ശേഖരനും കുടുംബവും എന്നെ മുതലെടുക്കുകയായിരുന്നു.  എനിക്ക് വേണ്ടി അവർ ആരും ഒന്നും ചെയ്തിട്ടില്ല. ഒരു മൊന്ത വെള്ളം പോലും ഞാൻ വളർന്ന കാലത്ത് എന്റെ മൂട്ടിൽ അവർ ഒഴിച്ചിട്ടില്ല. ഞാൻ വളർന്നതിന് ശേഷവും ഈ കുടുംബം എന്റെ നിലനിൽപ്പിനായി ഒന്നും തന്നെ ചെയ്തിട്ടില്ല. എന്റെ ആദായം മാത്രം അവർ എടുത്തു കൊണ്ടേയിരുന്നു.  എന്റെ മനമുരുകി ഞാൻ കരഞ്ഞു. ഒരു മരമായ ഞാൻ എന്തു ചെയ്യാനാണ്. ഒരു പ്രതിഷേധം അറിയിക്കാനായി ഞാൻ എന്റെ കുറെ ഇലകൾ കൊഴിച്ചു കളഞ്ഞു.  അവർ അത് ശ്രദ്ധിച്ചില്ല. അവർ എന്റെ ദുഃഖം അറിഞ്ഞില്ല. അവരാരും എന്റെ മനോവേദന മനസ്സിലാക്കിയില്ല “. 

 “പിന്നെ ഈ ചക്കക്കുരുവിന്റെ കാര്യം?”

 കാക്കയുടെ ജിജ്ഞാസ തീർന്നില്ല

“. ഈ ചക്കയിൽ കുരുവില്ലാത്തതിന്റെ കാര്യമല്ലേ ? അതൊരു സംഭവമാണ്. ശേഖരന്റെ മൂത്ത മകനില്ലേ ആ താന്തോന്നി സഹദേവൻ.? കഴിഞ്ഞവർഷം അവൻ കുറെ ചക്കക്കുരു അവരുടെ പറമ്പിൽ പാകി മുളപ്പിച്ചു. എന്നിട്ട് ‘ തേൻവരിക്ക തൈകൾ' എന്ന് ബോർഡും വെച്ച് നാട്ടിലും പരിസരത്തും എന്തിന് ഗൾഫ് രാജ്യങ്ങളിൽ വരെ വിറ്റ് പണമുണ്ടാക്കി. ഈ വിവരം ഒരു ദിവസം ചന്ദ്രൻ ജാനകിയോട് സങ്കടത്തോടെ പറയുന്നത് ഞാൻ കേട്ടു. ഒരു തൈ എങ്കിലും നമുക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് പറഞ്ഞ് വിഷമിക്കുന്നതും ഞാൻ കണ്ടു.

“ അന്ന് ഞാൻ ഒരു തീരുമാനം എടുത്തു.  ഇനി എന്നിൽ പിറക്കുന്ന ചക്കകളിൽ കുരു വേണ്ടാ. അതിനുള്ള സൂത്രം എനിക്കറിയാം. അങ്ങനെ കഴിഞ്ഞവർഷം പിടിച്ച ചക്കകളിൽ ഒരൊറ്റ ചക്കക്കുരു പോലും ഇല്ലായിരുന്നു. സഹദേവന്റെ തേൻവരിക്ക തൈകൾ വിറ്റിട്ടുള്ള പണി അതോടെ നിന്നു.

“ ഈ വർഷം ഞാൻ ഒരു തീരുമാനം എടുത്തു. വളരെ ആലോചിച്ച് എടുത്ത ഒരു തീരുമാനം. അതായത്  ഇനി മുതൽ എന്നിൽ ഒരു ചക്ക പോലും പിടിക്കരുത് എന്ന് . എന്നിൽ പിറന്ന കളകളെല്ലാം ഞാൻ തന്നെ ഉണക്കി വീഴ്ത്തിക്കളഞ്ഞു. ഒരൊറ്റ ചക്കയാണ് ഈ വർഷം ജനിച്ചത്. അതും ആരുടെയും കൈകൾ എത്താത്ത ഉയരത്തിൽ. നിനക്ക് വേണ്ടി മാത്രം. അതാണ് നീ ഇപ്പോൾ തിന്നുകൊണ്ടിരിക്കുന്ന ചക്ക.”

“എന്നാലും എന്റെ പ്ലാവേ, ഇതൊരു വലിയ തീരുമാനമായിപ്പോയി. ഇനിയിപ്പോൾ എന്തുണ്ടാകും?” കാക്ക കരഞ്ഞു ചോദിച്ചു.

“എന്ത് സംഭവിക്കാൻ? . ചക്ക പിടിക്കാത്ത പ്ലാവ് ആർക്കുവേണം ? താമസിയാതെ അവർ എന്നെ വിൽക്കും.  വല്ല സാമില്ലുകാർക്കും. അവർ വന്ന് എന്നെ വെട്ടി വീഴ്ത്തും. എന്നിട്ട് മില്ലിൽ കൊണ്ടുപോയി കീറി തടിക്കഷണങ്ങളും പലകകളുമാക്കി അതുകൊണ്ട് ഫർണിച്ചറും മറ്റും ഉണ്ടാക്കും. എന്റെ ജീവിതം അങ്ങനെ അവസാനിക്കും” 

പ്ലാവ് തുടർന്നു.

 “എല്ലാത്തിനും ഒരു ന്യായമുണ്ട്. മനുഷ്യത്വമാണ് ഏറ്റവും വലിയ ന്യായം.  മനുഷ്യത്വം ഇല്ലാത്ത മനുഷ്യരേക്കാൾ എത്രയോ നല്ലവരാണ് നമ്മൾ വൃക്ഷങ്ങളും , മൃഗങ്ങളും , പക്ഷികളും മറ്റു ജീവജാലങ്ങളും.

ഒന്ന് ആലോചിച്ചു നോക്കൂ. ഫലവൃക്ഷങ്ങളും ധാന്യച്ചെടികളും വിളവ് തന്നില്ലെങ്കിൽ , പശുക്കൾ യഥാസമയം പാല് ചുരത്തിയില്ലെങ്കിൽ, ചെടികൾ പൂത്തില്ലെങ്കിൽ , കോഴികൾ മുട്ട ഇട്ടില്ലെങ്കിൽ, ഈ  മനുഷ്യർ എന്ത് ചെയ്യും ? നമ്മുടെ ഉത്പാദനങ്ങൾ ഇല്ലാതെ വെറും നിസ്സഹായരാണ് മനുഷ്യർ.

 നമ്മൾ വിചാരിച്ചാൽ ഇത്തരം മനുഷ്യരെ  പാഠം പഠിപ്പിക്കാൻ കഴിയും.

ഒരു പുതിയ പാഠം”

കേണൽ രമേശ് രാമകൃഷ്ണൻ
25 August 2022