Saturday, May 28, 2022

A Broken Plate

Humour in Uniform # 1.

 A Special Sainik Sammelan of the Battalion was going on. Commanding Officer Col HS Gill was going on promotion cum posting. Since it was a special occasion, maximum attendance was mandated. 
All Sahayaks, mess/langar staff except one Cook each and all other ‘Excused types’ were asked to attend. 

The Second in Command was a very Senior Major OP Rana who was going on posting to NCC Bn. He ensured that there was no laxity in any arrangements. All pomp of the Battalion was on display. All officers were asked to wear the best of their ceremonial uniforms.

The Sainik Sammelan progressed well. CO spoke very nicely, at times a bit emotionally. He listed out all achievements of the Battalion during his tenure in all activities. It was giving an impression that, but for him, the Battalion would have been last in the order of merit in the entire Army.
Since it was a Special Sainik Sammelan no points were initially taken from Jawans.

As customary, Col Gill asked the Jawans for any point if they have. No point is  expected in such occasions.

The Adjutant was about to announce the closure of the Sainik Sammelan, Lance Naik Nacchattar Singh got up. His Company JCO was asking him to sit down.

The Magnanimous CO asked him to speak up. Then Nacchattar Singh spoke : 

“ साहब जी, आप एक बहुत अच्छा अफसर हैं | आपके कमान के दौरान पलटन बहुत बढिया काम किया है |  सब के तरफ से मैं आपको बधाई देता हूँ, शबाश !
 ( Sir, you are a Very good Officer. During your command tenure, the battalion did exceptionally well. On behalf of everyone I congratulate you “) And he saluted and sat down.

Everyone was stunned. CO was looking pale, yet red with anger. He looked at the Adjutant, who customarily looked down. Then CO gave a serious look to his 2IC. Maj Rana gave a Swallowing look to the SM, Subedar Major Kuldip Singh.

SM Sahab got up from his seat. He said

“ सारे जवान कान खोलकर सुन लें | बधाई देने का काम सिर्फ अफसरों का है |
CO साहब बहुत बडा अफसर है | जब चाहे, जितना चाहे शाबाशी, खुद ही ले सकते हैं |”

(All the Jawans listen carefully. The privilege to  congratulate is for Officers. CO is a very big Officer. Whenever he wants, can congratulate himself was much was he wants.)

Col Gill abruptly got up fuming. Adjutant too jumped up and announced “ Special Sainik sammelan का कारवाई समाप्त किया जाता है (The special sanik sammelan is declared closed)

Colonel Ramesh Ramakrishnan
29 April 2020

Humour in Uniform # 1



 A Special Sainik Sammelan of the Battalion was going on. Commanding Officer Col HS Gill was going on promotion cum posting. Since it was a special occasion, maximum attendance was mandated. 
All Sahayaks, mess/langar staff except one Cook each and all other ‘Excused types’ were asked to attend. 

The Second in Command was a very Senior Major OP Rana who was going on posting to NCC Bn. He ensured that there was no laxity in any arrangements. All pomp of the Battalion was on display. All officers were asked to wear the best of their ceremonial uniforms.

The Sainik Sammelan progressed well. CO spoke very nicely, at times a bit emotionally. He listed out all achievements of the Battalion during his tenure in all activities. It was giving an impression that, but for him, the Battalion would have been last in the order of merit in the entire Army.
Since it was a Special Sainik Sammelan no points were initially taken from Jawans.

As customary, Col Gill asked the Jawans for any point if they have. No point is  expected in such occasions.

The Adjutant was about to announce the closure of the Sainik Sammelan, Lance Naik Nacchattar Singh got up. His Company JCO was asking him to sit down.

The Magnanimous CO asked him to speak up. Then Nacchattar Singh spoke : 

“ साहब जी, आप एक बहुत अच्छा अफसर हैं | आपके कमान के दौरान पलटन बहुत बढिया काम किया है |  सब के तरफ से मैं आपको बधाई देता हूँ, शबाश !
 ( Sir, you are a Very good Officer. During your command tenure, the battalion did exceptionally well. On behalf of everyone I congratulate you “) And he saluted and sat down.

Everyone was stunned. CO was looking pale, yet red with anger. He looked at the Adjutant, who customarily looked down. Then CO gave a serious look to his 2IC. Maj Rana gave a Swallowing look to the SM, Subedar Major Kuldip Singh.

SM Sahab got up from his seat. He said

“ सारे जवान कान खोलकर सुन लें | बधाई देने का काम सिर्फ अफसरों का है |
CO साहब बहुत बडा अफसर है | जब चाहे, जितना चाहे शाबाशी, खुद ही ले सकते हैं |”

(All the Jawans listen carefully. The privilege to  congratulate is for Officers. CO is a very big Officer. Whenever he wants, can congratulate himself was much was he wants.)

Col Gill abruptly got up fuming. Adjutant too jumped up and announced “ Special Sainik sammelan का कारवाई समाप्त किया जाता है (The special sanik sammelan is declared closed)

Colonel Ramesh Ramakrishnan
29 April 2020

Vladimir and the Working Cl6

Vladimir and The Working Class.

I had great reverence to the Russians.
Especially to one Vladimir
Vladimir Lenin
Who held the hands of the Proletariat
Or the working class
And fought against the mighty
Bourgeoisie or Capitalists
Through a Bloody Revolution
And established Russia
The First Communist country
And the rule of
The Working Class.

Today
I detest another Vladimir
Vladimir Putin the Dictator
Who is raining missiles after missiles
Dropping Bombs after Bombs
Bringing down every building
That's standing
Killing innocent people
On the brute strength of his Military
God only knows why !
A flourishing beautiful Ukraine
Turned into a land of rubbles and ruins
And destroying a country of
The Working Class.

Colonel Ramesh Ramakrishnan
21 Mar 2022

Sunday, April 24, 2022

ഒരു കത്തി ചെയ്ത ഉപകാരം

കഥ : ഒരു കത്തി ചെയ്ത ഉപകാരം.

( മലപ്പുറം കത്തി എന്ന കഥയുടെ അവസാന ഭാഗം)

അനന്തൻപിള്ളയെ തന്റെ ഭാര്യയുടെ അച്ഛനെക്കാൾ സ്വന്തം അച്ഛനെ പോലെയാണ് സുകുമാരൻ കണ്ടിരുന്നത്. ഒരു കുത്തു കേസിൽ പ്രതിയായി അനന്തൻപിള്ള ജയിൽവാസം കഴിച്ചു കൂട്ടിയെങ്കിലും അയാൾ ഒരു കുറ്റവാളിയോ ഗുണ്ടയോ ആയിരുന്നില്ലെന്ന് സുകുമാരനും മനസ്സിലായി.  ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിച്ച ഒരു കുറ്റകൃത്യം. കുറേശ്ശെ കുറേശ്ശെയായി ആ കുടുംബത്തിന്റെ ജീവിതചരിത്രം, ഭാര്യ സുനന്ദ പറഞ്ഞു കേൽപ്പിച്ചിരുന്നു.

അനന്തൻപിള്ള മരിക്കുന്നതിന്റെ തലേന്ന്  തനിക്ക് നൽകിയ ആ മലപ്പുറം കത്തി ഒരു വിശിഷ്ട വസ്തുവായി തോന്നി സുകുമാരന്. സ്വന്തമായി കയ്യിൽ ഒരു കത്തി കിട്ടിയതിനുശേഷം ചില മാറ്റങ്ങൾ അയാളിൽ കണ്ടു തുടങ്ങി. നേരത്തെ  പാൻറും ഷർട്ടും മാത്രം ധരിച്ചിരുന്ന  സുകുമാരൻ ഇപ്പോൾ മുണ്ടും ഷർട്ടും മാത്രം ധരിക്കാൻ തുടങ്ങി. ഉറങ്ങാൻ കിടക്കുമ്പോൾ  മാത്രം കത്തിയെടുത്തു മേശയുടെ ഡ്രായിൽ സൂക്ഷിച്ചുവെക്കും. വെളിയിൽ പോകുമ്പോൾ എപ്പോഴും  കത്തി അയാളുടെ മടിയിൽ സൂക്ഷിക്കുക ഒരു പതിവായി.

പലപ്പോഴും സുനന്ദ സുകുവിനെ ആ  കത്തി കാരണമാണ് അനന്തൻപിള്ള ജയിൽവാസം അനുഭവിച്ചത് എന്നും അതുമൂലം എത്രമാത്രം കഷ്ടപ്പാടുകൾ ആ കുടുംബം അനുഭവിച്ചു എന്നും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.  എന്നിട്ടും സുകുമാരനിൽ  ഒരു മാറ്റവും വന്നില്ല.

കാലം കഴിഞ്ഞുപോയി. അനന്തൻപിള്ള  മരിച്ചിട്ട് മൂന്നു വർഷമായി. കിടപ്പിലായ സുനന്ദയുടെ അമ്മ സൗദാമിനിക്ക് അസുഖം കൂടി. കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. വിദഗ്ധ ചികിത്സ നൽകി, പക്ഷേ  പ്രയോജനമുണ്ടായില്ല. മൂന്നാമത്തെ ദിവസം സൗദാമിനി  അന്തരിച്ചു.

സൗദാമിനി മരിച്ചതിനു ശേഷം പകൽസമയങ്ങളിൽ സുനന്ദ തികച്ചും ഒറ്റയ്ക്കായി.  മകൾ സുമയെ നോക്കുന്നതിലും വീട്ടുജോലിയിലും മാത്രം മുഴുകി. അടുത്തവർഷം കുട്ടിയെ സ്കൂളിൽ ചേർത്താൽ പിന്നെ പകൽസമയങ്ങളിൽ കൂട്ടിനായി ആരുമില്ല എന്ന കാര്യം സുനന്ദയെ അലട്ടി.

ഈയിടെയായി സുകുമാരന് അല്പം സ്നേഹം കുറവാണോ എന്ന് സുനന്ദയ്ക്ക് തോന്നി. സുകുമാരൻ എന്തെങ്കിലും  ആലോചിച്ചുകൊണ്ടിരിക്കുന്നത് പതിവായി. അനന്തൻ പിള്ള തുടങ്ങിവച്ച കൃഷിപ്പണിയിൽ മുഴുകി.  ഇടയ്ക്കിടെ അവരുടെ പഴയകാല ജീവിതത്തെ പറ്റി സുനന്ദയോട് ചോദിക്കും.

അങ്ങനെയിരിക്കെ അഞ്ചാലുംമൂട് ചന്ദ്രാ ടാക്സിൽ ശിവന്തമൺ എന്ന ശിവാജിഗണേശൻ, ജയലളിത സിനിമ വന്നു. നാട്ടിലെ  എല്ലാവരും സിനിമ കാണാൻ പോയി. വളരെ നല്ല ഹിറ്റ് പടം ആണെന്ന് അയൽക്കാരൊക്കെ പറഞ്ഞു. അങ്ങനെയെങ്കിലും ഒരുമിച്ച് പുറത്തു പോകാം എന്ന ഒരു ആഗ്രഹം സുനന്ദയ്ക്ക് തോന്നി.  ആഗ്രഹം സുകുവിനെ അറിയിച്ചു. 

“നോക്കട്ടെ”

എന്ന് സുകുമാരൻ മറുപടി പറഞ്ഞു. പിറ്റേന്ന് തന്നെ പോകാമെന്നും ഓഫീസിൽ നിന്നും വരുമ്പോൾ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് വരാം എന്നും പറഞ്ഞു.
പിറ്റേന്ന് രാവിലെ മുതൽ സുനന്ദ സിനിമ കാണാൻ പോകാം എന്ന ഉത്സാഹത്തിലായിരുന്നു. 

അടുത്തകാലത്ത് സുകുമാരൻ വാങ്ങിക്കൊടുത്ത ഒരു നല്ല സാരിയും ബ്ലൗസും അതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. സുകുവിന് വേണ്ടിയും ഒരു നല്ല ഷർട്ടും മുണ്ടും മാറ്റിവെച്ചു. കുട്ടിയ്ക്ക്  നേരത്തെ ആഹാരം കൊടുത്തു.  എന്നിട്ട് കുളിച്ചൊരുങ്ങി രണ്ടുപേരും സുകുമാരന്റെ വരവിനായി കാത്തിരുന്നു.

വളരെ ദുഃഖിതനായാണ് സുകുമാരൻ വീട്ടിലെത്തിയത്. എത്ര ശ്രമിച്ചിട്ടും അയാൾക്ക് ടിക്കറ്റ് കിട്ടിയില്ല. ടാക്കീസിന്റെ ഉടമ ശ്രീധരൻ നായരെ അയാൾ ചെന്നു കണ്ടു. ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അയാൾ തീർത്തും പറഞ്ഞു. അത്ര തിരക്കായിരുന്നു സിനിമയ്ക്ക്.

ടിക്കറ്റ് കിട്ടിയില്ല എന്ന് കേട്ടയുടൻ സുനന്ദയ്ക്ക് കരച്ചിൽ വന്നു. എത്ര ആശിച്ചതാണ്.കുട്ടിയെയും ഒരുക്കി നല്ല വസ്ത്രങ്ങളും അണിഞ്ഞ് കാത്തിരുന്നതാണ്.  കൂടുതൽ സന്തോഷങ്ങൾ ഒന്നും സുനന്ദ ആഗ്രഹിച്ചിരുന്നില്ല. വല്ലപ്പോഴും ഒരു സിനിമ കാണണമെന്നേ ആഗ്രഹിച്ചുള്ളൂ.  അതും നടക്കാത്തതിൽ അവൾ ദുഃഖിച്ചു.
പെട്ടെന്ന് കരച്ചിൽ നിർത്തി സുനന്ദ പറഞ്ഞു 

“ നമുക്ക് സെക്കൻഡ് ഷോയ്ക്ക് പോകാം”

സെക്കൻഡ് ഷോയ്ക്ക് പോകുന്ന ഐഡിയ സുകുമാരന് ഇഷ്ടപ്പെട്ടില്ല.

 “അത് ശരിയാകില്ല”

സുകുമാരൻ പറഞ്ഞു. പക്ഷേ സുനന്ദ വളരെയധികം നിർബന്ധിച്ചപ്പോൾ പോകാമെന്ന് സമ്മതിച്ചു. എല്ലാവരും തയ്യാറായി റോഡിൽ നിന്നും ബസ്സ് കയറി ചന്ദ്രാ ടാക്കീസിന്റെ മുന്നിൽ ഇറങ്ങി.

ശിവന്തമൺ  ഒരു നീണ്ട സിനിമയായിരുന്നു. ഏകദേശം മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പടം. ഫസ്റ്റ് ഷോ തീരുന്നത് തന്നെ രാത്രി 9 30ന് ആണ്.  അതുകൊണ്ട് സെക്കൻഡ് ഷോ തുടങ്ങാൻ പത്ത് മണിയാകും.

സമയത്ത് തന്നെ സുകുമാരനും കുടുംബവും തിയേറ്ററിലെത്തി. സെക്കൻഡ് ഷോയ്ക്ക് നല്ല തിരക്കുണ്ടായിരുന്നു. എന്നാലും സ്ത്രീകൾ വളരെ കുറവായിരുന്നു. സാധാരണ അങ്ങനെയാണ്. സ്ത്രീകൾ കൂടുതലും സെക്കൻഡ് ഷോയ്ക്ക് പോകാറില്ല. സുനന്ദയും നേരത്തെ ഒരിക്കലും സെക്കൻഡ് ഷോയ്ക്ക് പോയിട്ടില്ല. ഒരു ചെറിയ പേടി തോന്നി. വിവരം സുകുമാരനെ അറിയിച്ചു.

“സാരമില്ല. നീ എന്തിനാ പേടിക്കുന്നത്? ഞാൻ കൂടെയില്ലേ?” 

സുകുമാരൻ ആശ്വസിപ്പിച്ചു.

കേട്ടതുപോലെ തന്നെ ശിവന്തമൺ ഒരു നല്ല പടം ആയിരുന്നു. എന്ത് രസമാണ് ശിവാജിഗണേശനെയും ജയലളിതയെയും കാണാൻ. നല്ല കുറെ പാട്ടുകളും ജയലളിതയുടെ ഡാൻസുമെല്ലാം ഇഷ്ടപ്പെട്ടു. വിസിലടിയും കയ്യടിയും ഒക്കെ ഇടയ്ക്കിടെ നടന്നു.  സമയം പോയതറിഞ്ഞില്ല.

സിനിമ കഴിഞ്ഞു. ആളുകൾ അവരുടെ വീട്ടിലേക്ക് പിരിഞ്ഞുപോയി. അക്കാലത്ത് രാത്രിയിൽ ടാക്സി ഒന്നും കിട്ടാത്ത കാലമായിരുന്നു. ഇന്നത്തെ പോലെ ആട്ടോ റിക്ഷാ ഒന്നുമില്ല. നടന്നു തന്നെ വീട്ടിലേക്ക് പോകണം.

 അഞ്ചാലുംമൂട് ജംഗ്ഷൻ വരെ കുറെ ആളുകൾ കൂടെയുണ്ടായിരുന്നു.  അതുകഴിഞ്ഞ് വടക്കോട്ടുള്ള വഴിയിൽ ഒന്ന് രണ്ടുപേർ മാത്രം കൂടെയുണ്ടായിരുന്നു. അഞ്ചാലുംമൂട് ചന്ത കഴിഞ്ഞപ്പോൾ അവരും അവരുടെ വീടുകളിലേക്ക് പോയി. സുകുമാരനും കുടുംബവും ഒറ്റയ്ക്കായി. അവരുടെ വീട്ടിലെത്താൻ ഇനിയും നാലു ഫർലോങ്ങ് കൂടി നടക്കണം. ചുറ്റും നല്ല ഇരുട്ട്. ആ സ്ഥലത്ത് സ്ട്രീറ്റ്ലൈറ്റ് ഒന്നുമില്ലായിരുന്നു.

കള്ളുഷാപ്പ് കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്ന മൂന്നു പേർ  അവരുടെ പിറകിൽ നടന്നുതുടങ്ങി,  എന്തൊക്കെയോ അസഭ്യങ്ങൾ പറഞ്ഞുകൊണ്ട്.  ഒന്നും ശ്രദ്ധിക്കേണ്ട എന്ന് സുനന്ദ സുകുമാരനോട് പറഞ്ഞു. സുകുമാരനും കുട്ടിയുടെ കയ്യിൽ പിടിച്ചു കൊണ്ട് വേഗത്തിൽ നടന്നു. പുറകിൽ വന്നവരും അവരുടെ നടത്തത്തിന് വേഗത കൂട്ടി. താമസിയാതെ അവരുടെ തൊട്ടുപുറകിൽ എത്തി. ഒരാൾ ചോദിച്ചു 

“എന്തിനാ സാറേ ഇത്ര സ്പീഡ് ? നിങ്ങൾ എന്തിനാ ഓടുന്നത്? ഞങ്ങളും മനുഷ്യരാ.  പിടിച്ചു തിന്നുകയൊന്നുമില്ല”.

ഒരു മറുപടിയും കൊടുക്കാൻ സുനന്ദയും സുകുമാരനും കൂട്ടാക്കിയില്ല. ആ സ്ഥലത്ത് നല്ല ഇരുട്ടായിരുന്നു. റോഡരികിലെ വീടുകളിൽ നിന്നും ഒരു വെളിച്ചം പോലും കാണാൻ ഇല്ലായിരുന്നു.  ഒരു മനുഷ്യനും വീടിൻറെ പുറത്തോ, റോഡിലോ ഉണ്ടായിരുന്നില്ല.  ഒരു ചെറിയ പേടി തോന്നി സുകുമാരനും.
അവർ വേഗത കൂട്ടി. ഏകദേശം ഓടുന്നതുപോലെ. കുഞ്ഞിനെ വലിച്ചു കൊണ്ട് ഓടാൻ അല്പം ബുദ്ധിമുട്ട് തോന്നി.

ആ മൂന്നുപേരിൽ ഒരാൾ ഓടി അവരുടെ മുന്നിലെത്തി. അവരെ തടഞ്ഞു നിർത്തി. എന്നിട്ട് പറഞ്ഞു 

“ഞങ്ങൾ തിന്നില്ല എന്ന് പറഞ്ഞില്ലേ ? പിന്നെ എന്തിനാ ഓടുന്നത് ?”

ഇതിനിടയിൽ  വേറൊരാൾ കൂടി സുകുമാരന്റെ അടുത്തുവന്നു. രണ്ടുപേരുംകൂടി സുകുമാരന്റെ വഴി തടഞ്ഞു. മൂന്നാമത്തവൻ സുനന്ദയുടെ കയ്യിൽ കടന്നു പിടിച്ചു.

“ വിടെടാ എന്റെ കയ്യ്” 

സുനന്ദ അലറി.

പെട്ടെന്ന്  ഒരു അശരീരി കേട്ടതായി തോന്നി സുകുമാരന്.

“മോനേ കത്തിയെടുക്കൂ !”

സുകുമാരൻ മടിയിൽ കരുതിയിരുന്ന കത്തിയെടുത്ത് അവരുടെ നേരെ ചൂണ്ടി.
സുകുമാരന്റെ കയ്യിലെ മലപ്പുറം കത്തി കണ്ട് മൂന്ന് പേരും പുറകിലേക്ക് മാറി. സുകുമാരൻ മുന്നോട്ട് അടുത്തപ്പോൾ അവർ പേടിച്ച് ഓടിപ്പോയി.

നടന്ന സംഭവത്തിന്റെ ഷോക്കിൽ സുകുമാരനും കുടുംബവും കുറച്ചുനേരം അവിടെ തന്നെ നിന്നു. എന്നിട്ട് വേഗത്തിൽ വീട്ടിലേക്ക് ഓടിപ്പോയി.
വീട്ടിലെത്തി കുറച്ചു നേരം കഴിഞ്ഞ് വസ്ത്രങ്ങൾ  മാറുന്നതിനിടയിൽ സുനന്ദ ചോദിച്ചു

“അണ്ണാ, അഥവാ അവരെ അണ്ണൻ കുത്തിയിരുന്നെങ്കിൽ, അതിൽ ആരെങ്കിലും മരിച്ചിരുന്നെങ്കിൽ, എന്താകുമായിരുന്നു ? അച്ഛൻറെ കാര്യം ഓർമയുണ്ടല്ലോ ? ഇതുപോലെ ഒരു അവസരത്തിൽ  ഒരാളെ ഈ കത്തികൊണ്ട് കുത്തിയതിനാണ് അച്ഛൻ ജയിൽശിക്ഷ അനുഭവിച്ചത്. ഈ കത്തി കൊണ്ടുള്ള നടപ്പ് ഇനി വേണ്ടാ.  അത് അപകടമാണ്”

“ശരിയാണ് നീ പറഞ്ഞത്. ഇനി ഈ കത്തി കൊണ്ടുള്ള നടപ്പ് നിർത്തി. പക്ഷേ ഒന്ന് ആലോചിച്ചു നോക്കൂ. ആ സമയത്ത് എന്റെ കയ്യിൽ കത്തി  ഇല്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?
ജീവിതത്തിൽ പലതും സംഭവിക്കാം. പക്ഷേ  അതിനുള്ള വഴി  നമ്മൾ തന്നെ ഒരുക്കി കൊടുക്കരുത്. അപകടസാധ്യതയുള്ള സ്ഥലത്ത്, അതും അസമയത്ത് പോകരുത്. ജീവിതം വളരെ സൂക്ഷിച്ചു ജീവിക്കാനുള്ളതാണ്. കേട്ടിട്ടില്ലേ ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ”

“വളരെ ശരിയാണ്. നമ്മൾ സൂക്ഷിക്കണം” സുനന്ദ സമ്മതിച്ചു.

സുകുമാരൻ സുനന്ദയുടെ അടുത്ത് വന്നുകൊണ്ട്  പറഞ്ഞു

“ഇനി മേലാൽ, സെക്കൻഡ് ഷോയ്ക്ക് പോണം എന്ന് നീ പറയരുത്.  മനസ്സിലായോടീ ?”

“മനസ്സിലായി എന്റെ അണ്ണാ”  

സുമതി സുകുവിനെ കെട്ടിപ്പിടിച്ചു.

കേണൽ രമേശ് രാമകൃഷ്ണൻ 
24 Apr 2022

Monday, January 31, 2022

സപ്രമഞ്ച കട്ടിൽ

കഥ  : സപ്രമഞ്ച കട്ടിൽ.

മുഹൂർത്ത ശങ്കു സ്ഥാപിച്ചു. സാമവേദ മന്ത്രം ജപിച്ച് ശങ്കു അഭിഷേകം ചെയ്തു. പുര വാസ്തു ബലിയും പഞ്ചശിരസ്ഥാപനവും കഴിഞ്ഞു. ഒപ്പം ഗൃഹപ്രവേശവും പാല് കാച്ചുന്ന ചടങ്ങും. ഗൃഹനാധനായ വിക്രമൻ കൈമളിനും കുടുംബത്തിനും വളരെ സന്തോഷമായി. അതുപോലെതന്നെ ആ വീട്ടിൽ തടിച്ചു കൂടിയ ബന്ധുമിത്രാദികൾക്കും. അത്രമാത്രം മനോഹരമായിരുന്നു ഒരു ചെറിയ കൊട്ടാരം പോലെയുള്ള ആ പുതിയ വീട്.

വിക്രമൻ കൈമൾ വളരെ അഭിമാനത്തോടെ വീട് പണിക്കു നേതൃത്വം നൽകിയ അച്ചുതനാശാരിയെ കൈ പിടിച്ചു കൊണ്ടു വന്ന് എല്ലാവരുടെയും മുന്നിൽ നിർത്തി. എന്നിട്ട് പറഞ്ഞു.

“എന്റെ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു കൊത്തുപണികളും കരകൗശലവും നിറഞ്ഞ തലയെടുപ്പുള്ള കൊട്ടാരം പോലെയുള്ള ഒരു വീട്. ആ സ്വപ്നം പൂർത്തീകരിച്ചു തന്നത് ഈ നില്ക്കുന്ന അച്ചുതനാശാരിയും മക്കളുമാണ്. ഒരു വലിയ തച്ചു ശാസ്ത്ര വിദഗ്ദ്ധൻ ആണിദ്ദേഹം. ഇദ്ദേഹത്തിന്റെ അപ്പനപ്പുപ്പന്മാർ വലിയ കൊട്ടാരം പണിക്കാർ ആയിരുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്നിലുള്ള സ്വാതിതിരുനാൾ മഹാരാജാവിന്റെ കൊട്ടാരത്തിലും കിളിമാനൂർ കൊട്ടാരത്തിലുമൊക്കെ ഇദ്ദേഹത്തിന്റെ പൂർവ്വികരുടെ കര വിരുത് തെളിഞ്ഞു കാണാം. എനിക്ക് വേണ്ടിയും പല വീടുകളും ചാരുവടികളും, കടകളും കട്ടിലുകൾ, അലമാരകൾ, കസേരകൾ എന്നു വേണ്ടാ എന്തെല്ലാം തരത്തിലുള്ള ഫർണിച്ചർ പണിത് തന്നിട്ടുണ്ട്. ഇവരോട് എങ്ങനെ നന്ദി പറയണമെന്ന് എന്നിക്ക് അറിയില്ല. നമുക്ക് ഇവരെ ഒന്ന് ആദരിക്കാം."

അവിടെ നിന്നവരെല്ലാം കയ്യടിച്ച് തങ്ങളുടെ അനുമോദനം പ്രകടിപ്പിച്ചു.

അച്ചുതനാശാരിയുടെ കണ്ണു നിറഞ്ഞു. സാധാരണ നിലയിൽ ആരും അങ്ങനെ പുകഴ്ത്താറില്ല. അദ്ദേഹത്തിന്റെ മക്കളായ സഹദേവൻ മേശിരിക്കും സദാശിവൻ മേശിരിക്കും സന്തോഷമായി. അഭിമാനം തോന്നി.
കൈമൾ മകനെ വിളിച്ചു പറഞ്ഞു

“ അകത്തെ അലമാരയിൽ ഒരു പൊതി ഇരിപ്പുണ്ട്. അതിങ്ങെടുത്തോണ്ടു വാ “

മകൻ കൊണ്ടു വന്ന പൊതിയിൽ നിന്നും മൂന്നു കസവ് നേര്യത് എടുത്ത് മൂന്നു പേരെയും അണിയിച്ചു. ഒരു കസവുമുണ്ട് അച്ചുതനാശാരിക്ക് കൊടുത്തു. ഒപ്പം ബാക്കി പണിക്കൂലിയും കൊടുത്തു.

“ സന്തോഷമായില്ലേ?” 

കൈമൾ തിരക്കി.  അച്ചുതനാശാരി പറഞ്ഞു

“ വളരെ സന്തോഷം. എന്നാൽ എനിക്ക് ഒരു കാര്യം കൂടിത്തരണം. ഇത് ഞാൻ നേതൃത്വം കൊടുത്തു പണിയുന്ന അവസാനത്തെ വീടാണ്. എനിക്ക് വയസ്സായി. ഇനി മുതൽ എന്റെ മക്കൾ ഈ തൊഴിൽ തുടരും. എനിക്ക് ഒരാഗ്രഹമുണ്ട്. അത് കൈമൾ സാറ് സാധിച്ചു തരണം.”

“എന്ത് വേണം ? പണമായി എന്തെങ്കിലും ?” 

കൈമൾ തിരക്കി.

“ഏയ്, പണമൊക്കെ ഇഷ്ടം പോലെ തന്നിട്ടുണ്ട്. എനിക്ക് ഒരു മരം വേണം. ആ തെക്കേ പറമ്പിലെ വലിയ ആഞ്ഞിലി മരം.” തെക്കോട്ട് കൈ ചുണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.

“ ആ വലിയ മരമോ ?” 

അത്ഭുതം പ്രകടിപ്പിച്ചു കൊണ്ട് കൈമൾ ചോദിച്ചു

“ ആട്ടെ, എന്തിനാണ് ആ മരം ?"

" പൂർവ്വികരുണ്ടാക്കിയ ഒരു ചെറിയ വീടാണ് ഞങ്ങളുടേത്. എനിക്കൊരു പുതിയ വീട് പണിയണം. ആ വിടിന്റെ മേൽക്കൂര ആഞ്ഞിലിയുടെ തടിയിൽ പണിയണമെന്നാണ് എന്റെ ആഗ്രഹം.” 

അച്ചുതനാശാരി അല്പം മുന്നോട്ടു നീങ്ങി നിന്നു പറഞ്ഞു. 

“ നിങ്ങളുടെയൊക്കെ വീടുകൾ തെങ്ങിൻ തടിയിൽ അല്ലേ ഉണ്ടാക്കുന്നത് ? ഇതെന്താ ? ഇനി ഒരു കൊട്ടാരം സ്വന്തമായി പണിയണം എന്ന ആഗ്രഹം വല്ലതും ഉണ്ടോ മേശിരിക്ക് ?” 

കൈമളുടെ സ്വരത്തിൽ വന്ന മാറ്റം എല്ലാവർക്കും മനസ്സിലായി. എല്ലാവരുടെയും മുന്നിൽ വച്ച് നടത്തിയ അഭ്യർത്ഥന നിരസിക്കാൻ അയാളുടെ അന്തസ്സ് അനുവദിച്ചില്ല. ചിരിച്ചു കൊണ്ട് പറഞ്ഞു

“ ദാനശീലരാണല്ലോ കൈമൾ കുടുംബം. എന്നും കൊടുത്തിട്ടേയുള്ളൂ ഞങ്ങൾ. അച്ഛുതനാശാരിയുടെ ആഗ്രഹം നടക്കട്ടെ. ആ തെക്കേ പറമ്പിലെ വലിയ ആഞ്ഞിലി മരം മുറിപ്പിച്ചോളൂ.  പിന്നെ പുതിയ വീടിന്റെ പാല് കാച്ചുന്ന ചടങ്ങിന് ഞങ്ങളെ വിളിക്കണം”. 

എല്ലാവരും ചിരിച്ചു. വളരെ സന്തോഷത്തോടെ അച്ചുതനാശാരിയും മക്കളും യാത്ര പറഞ്ഞു.
പിറ്റേന്ന് തന്നെ മൂപ്പരന്മാരെ കൊണ്ടുവന്നു ആ വലിയ ആഞ്ഞിലി മരം മുറിപ്പിച്ചു.  അച്ചുതനാശാരി പറഞ്ഞ കണക്കനുസരിച്ച് പല സൈസിലുള്ള തടികളാക്കി ഒരു കാളവണ്ടിയിൽ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.

മൂത്ത മകൻ സഹദേവൻ ചോദിച്ചു.

“ അപ്പാ, ഒരു പുതിയ വീട് പണിയുന്ന കാര്യം ഇതുവരെ ഞങ്ങളോട് പറഞ്ഞില്ലല്ലോ. ആട്ടെ, അതിന് നമ്മുടെ കയ്യിൽ സ്ഥലവും പണവും ഉണ്ടോ ?”

മകന്റെ തോളിൽ കൈ വച്ചുകൊണ്ട് അച്ചുതനാശാരി പറഞ്ഞു

“ മോനേ, നിന്റെ അമ്മയുടെ പേരിൽ ഞാൻ ഒരു ആറ് സെന്റ് ഭൂമി  ആ പാവു വയലിന്റെ മേലേക്കരയിൽ പണ്ട് വാങ്ങിച്ചിട്ടിരുന്നു. ഇതുവരെ അവിടെ ഒരു വീടുണ്ടാക്കാൻ പറ്റിയില്ല. പിന്നെ ഞാൻ ജോലി ചെയ്തു കൊണ്ടു കൊടുത്തിരുന്ന പൈസയുടെ ഒരു ഭാഗം നിന്റെ അമ്മ ഒരു വീടിനായി മാറ്റി വയ്ക്കുമായിരുന്നു.  സരോജിനീ”

 അടുക്കളയിലേക്ക് നോക്കി അയാൾ വിളിച്ചു.

“ എന്താ ?”

 അടുക്കളയിൽ നിന്നും പുറത്തേക്കു വന്ന് സരോജിനി അമ്മാൾ ചോദിച്ചു.

“നീ നിന്റെ സമ്പാദ്യം മക്കളെ ഒന്ന് കാണിച്ചേ” 

അച്ചുതനാശാരി ചിരിച്ചു കൊണ്ട് പറഞ്ഞു.
സരോജിനി അമ്മാൾ അകത്തു നിന്നും ഒരു ചെറിയ തടിപ്പെട്ടി കൊണ്ടു വന്ന് അവരുടെ മുന്നിൽ തുറന്നുവെച്ചു. അത് നിറയെ പണമായിരുന്നു.

“ എന്നാലും എന്റെ അമ്മേ, എത്ര ബുദ്ധിമുട്ടിയിട്ടും നിങ്ങളീ കാശ് എടുത്ത് ചെലവാക്കിയില്ലല്ലോ ? "

ചിരിച്ചു കൊണ്ട് സദാശിവൻ ചോദിച്ചു.

“ മക്കളേ, നിസ്സാര കാര്യമല്ല നമുക്ക് സ്വന്തമായി ഒരു വീടുണ്ടാക്കുന്നത് “ 

സരോജിനി അമ്മാൾ പെട്ടിയുമെടുത്ത് അകത്തേക്ക് പോയി.

“ അപ്പോൽ എങ്ങനെയാണ് പുര പണിയുടെ കാര്യം ?”

സദാശിവൻ തിരക്കി.  ഒരു മുറുക്കാൻ ശരിയാക്കി വായിലേക്ക് ഇട്ടിട്ട് അച്ചുതനാശാരി പറഞ്ഞു

“ഈ വരുന്ന ഏപ്രിൽ ഇരുപതാം തീയതിയാണ് മേട മാസത്തിലെ പത്താമുദയം. അന്നാണ് മുളങ്കാടകം ദേവീക്ഷേത്രിലെയും തിരുമുല്ലവാരം വിഷ്ണത്തുകാവിലെയും ഉത്സവം. അന്ന് നല്ല ദിവസമാണ്. രാവിലെ രാഹുകാലത്തിനു ശേഷം നമുക്ക് സ്ഥാനം കണ്ടു കുറ്റിയടിക്കാം. അത് കഴിഞ്ഞ് ബാക്കി പണി തുടങ്ങിയാൽ മതി.”

“ അപ്പോൽ അളവുകളൊക്കെയോ അപ്പാ ? “ 

സഹദേവൻ ഇടയ്ക്ക് കയറി ചോദിച്ചു.

“അളവുകളൊക്കെ വാസ്തുശാസ്ത്രം അനുസരിച്ച് ഞാൻ എഴുതിത്തരാം. നമുക്ക് കിഴക്ക് ദർശനമായി ഒരു പടിഞ്ഞാറ്റിനി നിർമ്മിക്കാം. ഏഴ് കോൽ അംഗണദീർഘമുള്ള വൃഷഭ യോനി സങ്കല്പത്തിൽ വീട് പണിയാം. 26 മാത്രാംഗുലമുള്ള ധനുർദൃഷ്ടി  മുഴക്കോല് അതിനായി മാറ്റി വയ്ക്കുക.

പിന്നെ കൂടുതലൊന്നും ഇരുന്നു പണിയാനുള്ള ആരോഗ്യം എനിക്ക് ഇപ്പോഴില്ല. എല്ലാം ഞാൻ തുടങ്ങി വയ്ക്കാം. സ്ഥാന നിർണ്ണയത്തിന് ശേഷം ഉത്തരത്തിന്റെ പണിയും കഴുക്കോൽ, മൂല കഴുക്കോൽ എന്നിവയുടെ ഓരോന്ന് ഞാൻ തന്നെ പണിത് തരാം. അതിനെ ആധാരമാക്കി ബാക്കിയുള്ളവ സഹദേവൻ തന്നെ പണിയണം. പിന്നെ ഞാൻ ഇവിടെ തന്നെ കാണുമല്ലോ. “ 

ഒന്നു നിർത്തിയിട്ട് അച്ചുതനാശാരി തുടർന്നു.

“ സദാശിവാ, വാതിലുകളും, ജനലുകളും ഒക്കെ നീ തന്നെ പണിതാൽ മതി. വാതിലിൽ ലക്ഷ്മീ രൂപം തന്നെയാകട്ടെ ”.

അങ്ങനെ പത്താമുദയമെത്തി. നേരത്തെ തീരുമാനിച്ചതു പോലെ തന്റെ പുരയിടത്തിൽ അച്ചുതനാശാരി സ്വന്തം വീടിനു വേണ്ടി സ്ഥാനം കണ്ട് കുറ്റിയടിച്ചു. മേൽക്കൂരയുടെ. പണി സഹദേവനും മറ്റു പണികൾ സദാശിവനും ഏറ്റെടുത്ത് പണി ആരംഭിച്ചു. എല്ലാം ഭംഗിയായി നടന്നു. ഇതിനിടയിൽ മറ്റു പണികൾക്കൊന്നും അവർ പോയില്ല.

നാല് മാസമെടുത്തു നാല് മുറികളും ഒരു ചെറിയ വരാന്തയുമുള്ള ഒരു വീട് പണിയാൻ. ഒരു ഇടമുറി, രണ്ടു കിടപ്പ് മുറികൾ, പിന്നെ അടുക്കള. പാറകൊണ്ട് അടിസ്ഥാനവും ചെത്തിയ കല്ല് കൊണ്ട് ഭിത്തിയും പണിതു. 

വീടിന്റെ വടക്കു മദ്ധ്യത്തായി ഒരു കിണർ കുഴിച്ചു. വടക്ക് കിഴക്ക് ഈശാന കോണിൽ കുലഗുരുവായ യോഗീശ്വരന് ഒരു കുര്യാല പണിതു. തെക്ക് കിഴക്ക് അഗ്നി കോണിൽ അടുക്കളയും  വടക്ക് പടിഞ്ഞാറ്  വായു കോണിൽ കക്കൂസും സ്ഥാപിച്ചു. നേരത്തെ തന്നെ ബ്രഹ്മസ്ഥാനത്ത് വിധിപ്രകാരം പഞ്ചശിരസ്സുകൾ പുജിച്ച് സ്ഥാപിച്ചിരുന്നു. മേൽക്കുരമേൾ നല്ലയിനം ഓട് തന്നെ പാകി. ഭിത്തിയിൽ സിമന്റ് പുശി വെള്ള കൊടുത്തു.

പണി കഴിഞ്ഞപ്പോൾ വീട്, മനോഹരമായ  ഒരു സൗധമായി മാറി. 

ഗൃഹപ്രവേശം നല്ല രീതിയിൽ നടന്നു. ബന്ധുക്കളെയും അയൽപക്കത്തെ എല്ലാവരെയും ക്ഷണിച്ചു. വിക്രമൻ കൈമളിന്റെ കുടുംബത്തിന് പ്രത്യേക ക്ഷണമുണ്ടായിരുന്നു.

കാലം കടന്നു പോയി. അച്ചുതനാശാരി അവശനായി. ഒരു ദിവസം വരാന്തയിലെ ചാരുകസേരയിൽ കിടന്നു കൊണ്ട് സഹദേവനെ വിളിച്ചു പറഞ്ഞു

“ മോനേ, നമ്മുടെ പഴയ വീടിന്റെ ചായിപ്പിൽ വിറകുകൾ വെച്ചിരിക്കുന്ന സ്ഥലത്ത് കുറെ കറുത്ത തടികൾ കിടപ്പുണ്ട്. അത് നീ ഇങ്ങ് എടുത്തു കൊണ്ടു വാ”

തടികൾ എത്തിയപ്പോൾ അച്ചുതനാശാരി മക്കളോട് പറഞ്ഞു

“ഇത് ഈട്ടിത്തടികളാണ്. എന്റെ അപ്പൻ പണ്ട് കിളിമാനൂർ കോട്ടാരത്തിൽ പണി കഴിഞ്ഞപ്പോൾ അവിടെ നിന്നും കൊണ്ടുവന്നതാണ്. ഇതുവരെ അത് അങ്ങനെ കിടക്കുവായിരുന്നു.” 

അല്പസമയം കഴിഞ്ഞ് അച്ചുതനാശാരി തുടർന്നു.

“എനിക്ക് ഒരു ആഗ്രഹം കൂടിയുണ്ട്. അവസാനത്തെ ആഗ്രഹമാണെന്ന് കൂട്ടിക്കോളൂ”

“ അപ്പാ..’ രണ്ടു മക്കളും ഒരേ സ്വരത്തിൽ വിളിച്ചു.

“അതെ, ഈ ഈട്ടിത്തടി കൊണ്ട് നിങ്ങളൊരു സപ്രമഞ്ച കട്ടിലുണ്ടാക്കി എനിക്ക് തരണം. ജീവിതത്തിൽ ഒരുപാട് സപ്രമഞ്ച കട്ടിലുണ്ടാക്കി ഞാൻ പലർക്കും കൊടുത്തിട്ടുണ്ട്. പല രാജാക്കന്മാർക്കും ജന്മികൾക്കും. അപ്പോഴെല്ലാം തോന്നിയ ഒരു ആഗ്രഹമാണ്. ഞാൻ മരിക്കുമ്പോൾ ഒരു സപ്രമഞ്ച കട്ടിലിൽ കിടന്നു മരിക്കണമെന്ന്. സാധിച്ചു തരില്ലേ നിങ്ങൾ ?”

രണ്ടു മക്കളും മറുപടി ഒന്നും പറഞ്ഞില്ല. അപ്പന്റെ കാലിൽ പിടിച്ചു കൊണ്ട് അങ്ങനെ ഇരുന്നു. കണ്ണുനീർ ധാരയായി ഒഴുകി.

അടുത്ത ഇരുപതു ദിവസം രണ്ടു പേരും കട്ടിൽ പണിയിൽ മുഴുകി. കട്ടിലിന്റെ കാലുകൾ കടഞ്ഞെടുത്തു. അലങ്കാരത്തിനായി ചെറിയ ചെറിയ എഴികളും കടഞ്ഞെടുത്തു. പരസ്പരം മുഖത്തോട് മുഖം നോക്കിയിരിക്കുന്ന രണ്ടു മയിൽപക്ഷികളെ സദാശിവൻ കൊത്തിയെടുത്തു. ഒരുപക്ഷേ ഒരു രാജാവ് ഉപയോഗിക്കുന്ന കട്ടില് പൊലെ മനോഹരമായ ഒരു സപ്രമഞ്ച കട്ടിൽ അവരുണ്ടാക്കി. ആറരയടി നീളവും അഞ്ചടി വീതിയുമുള്ള ഒരു കട്ടിൽ.
മിനുസപ്പെടുത്തലും പോളീഷിംഗും എല്ലാം കഴിഞ്ഞപ്പോൾ സഹദേവൻ കൊല്ലത്ത് കമ്പോളത്തിൽ പോയി ഒരു പഞ്ഞിമെത്തയും പുതിയ തലയിണയും വിരിപ്പും എല്ലാം വാങ്ങി കൊണ്ടുവന്നു.

സപ്രമഞ്ച കട്ടിൽ തയാറാക്കി അപ്പനെ താങ്ങി അതിൽ കിടത്തി. രംഗം കണ്ട് സരോജിനി അമ്മാളുടെ കണ്ണ് നിറഞ്ഞു. 

അച്ചുതനാശാരിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. രണ്ടു മക്കളേയും നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു

“ധന്യനാണ് ഞാൻ മക്കളേ. ഇത്രയും നല്ല രണ്ടു മക്കളെ തന്നതിന് ദൈവത്തിന് സ്തുതി. നിങ്ങൾക്ക് നല്ലതേ വരൂ”

ഏകദേശം ഒരാഴ്ചയോളം അച്ചുതനാശാരി ആ സപ്രമഞ്ച കട്ടിലിൽ കിടന്നു. തന്റെ ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഓർത്തു കൊണ്ട്. അങ്ങനെ ഒരു ദിവസം ഉറക്കത്തിൽ തന്നെ ആ ആത്മാവ് ഈ ലോകത്തോട് വിട പറഞ്ഞു.

സപ്രമഞ്ച കട്ടിലിനോടും….

കേണൽ രമേശ് രാമകൃഷ്ണൻ
01  Feb 2022

Thursday, January 13, 2022

ലൈഫ് മാനേജർ ജിബു



ബസ്സിൽ നിന്നും ചിന്നക്കട ബസ്സ് സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ അയാൾക്ക് ഒരു നിശ്ചയവുമില്ലായിരുന്നു എങ്ങോട്ട് പോകണമെന്ന്. ഏകദേശം ഒരു മണിക്കൂർ അവിടെത്തന്നെ നിന്നു. എന്നിട്ട് ഒരു ആട്ടോക്കാരനോട് ചോദിച്ചു

“ ഇവിടെ സ്വസ്ഥമായി കുറെ നേരം ഇരിക്കാൻ ഏതെങ്കിലും ഒരു സ്ഥലമുണ്ടോ ?”

ആട്ടോ ഡ്രൈവർ അയാളെ അടിമുടിയൊന്നു നോക്കി. എന്നിട്ട് പറഞ്ഞു

“ അതിനല്ലേ സാറേ കൊല്ലം ബീച്ച്. സാറ് വാ. കൊണ്ടുവിടാം.”

ബീച്ച് റോഡിൽ കുറെ മുന്നോട്ട് പോയിട്ട് അയാൾ ചോദിച്ചു.

“ ബീച്ചിൽ കുറെ ആളുകൾ കാണില്ലേ. പിന്നെ എങ്ങനെ എനിക്ക് സ്വസ്ഥത കിട്ടും?”

“ സാറേ, ബീച്ചിൽ ഒരു ആളൊഴിഞ്ഞ സ്ഥലത്ത് ഇരുന്നുകൊണ്ട് വിശാലമായ കടലിലേക്ക് നോക്കി തിരമാലകൾ ദൂരെ നിന്നു വരുന്നതു നോക്കൂ. കഴിയുമെങ്കിൽ മണിക്കൂറിൽ എത്ര എണ്ണം വരുന്നു എന്ന് എണ്ണി നോക്കുക. സാർ എല്ലാം മറക്കും”

ബീച്ചിലെത്തി, ആട്ടോക്കൂലി കൊടുത്തു കഴിഞ്ഞ്  ഒരു ആളൊഴിഞ്ഞ സ്ഥലത്ത് തന്റെ ബാഗ് തറയിൽ വച്ചിട്ട് കടലിലേക്ക് നോക്കി ഇരുന്നു. ഇടയ്ക്കിടെ ചില ആളുകൾ വന്നുംപോയുമിരുന്നു. അല്പസമയം കഴിഞ്ഞ് ഒരു ചെറുപ്പക്കാരൻ അയാളുടെ അടുത്ത് വന്നിരുന്നു. കുറെ നേരം കഴിഞ്ഞ്  അയാൾ ചോദിച്ചു

“ ഇനി എന്ത് ? ഞാനിനി എങ്ങോട്ട് ?. ഇതല്ലേ സാറിനെ അലട്ടുന്ന പ്രശ്നം ?”

അതിശയത്തോടെ അയാൾ ചോദിച്ചു

“ എന്റെ മനസ്സിൽ എന്താണെന്ന് നിങ്ങളെങ്ങനെ അറിഞ്ഞു. ?”

“ ഞാൻ മുഖലക്ഷണം കണ്ട് പറഞ്ഞതാ. വേണമെങ്കിൽ സാറിനെ ഞാൻ സഹായിക്കാം. എന്റെ പേര് ജിബു. ഗ്രാജ്വേറ്റ് ആണ്. ജോലിയില്ല.”

ജിബുവിനെ സൂക്ഷിച്ചു നോക്കി അയാൾ ചോദിച്ചു

“ നിങ്ങൾക്ക് എങ്ങനെ എന്നെ സഹായിക്കാൻ പറ്റും ?”

“ സാറ് പ്രശ്നം പറ. എന്നിട്ട് തീരുമാനിക്കാം അതിന് എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്. പക്ഷേ ഞാൻ കാശ് വാങ്ങും” 

ചിരിച്ചു കൊണ്ട് ജിബു മറുപടി കൊടുത്തു.
അല്പനേരം ആലോചിച്ചു കഴിഞ്ഞ് അയാൾ പറഞ്ഞു

“ എന്റെ പേര് അശോകൻ. കായംകുളത്ത് ഇറിഗേഷൻ വകുപ്പിൽ നിന്നും  എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി റിട്ടയർ ചെയ്തു. അഞ്ച് വർഷമായി. അങ്ങ് മാവേലിക്കര ഓലകെട്ടിയ അമ്പലത്തിന്റെ അടുത്താണ് വീട്”. പതിയെ എഴുന്നേറ്റ് നടന്നു കൊണ്ട് അയാൾ തന്റെ കഥ പറയാൻ തുടങ്ങി.
ഭാര്യ സുമതിയും ഒരേയൊരു മകൻ സുനിലുമായി സന്തോഷം നിറഞ്ഞ ഒരു ജീവിതം ആയിരുന്നു അയാളുടേത്. ഇറിഗേഷൻ വകുപ്പിൽ നല്ല പേരും പ്രശസ്തിയുമോടെ അയാൾ ജോലി ചെയ്തു. കൂടുതലൊന്നും സമ്പാദിച്ചില്ല. എന്നിട്ടും സ്വന്തം വീടും പുരയിടവും ഒക്കെ ഉണ്ടാക്കി. റിട്ടയർമെന്റ് കഴിഞ്ഞ് കിട്ടിയ തുക ബാങ്കിൽ നിക്ഷേപിച്ചു. ഇതിനിടെ സുമതിയ്ക്ക് കാൻസർ ബാധിച്ചു. എത്ര ചികിത്സിച്ചിട്ടും പ്രയോജനമുണ്ടായില്ല. കഴിഞ്ഞ വർഷം സുമതി മരിച്ചു. അതോടെ മാറി അയാളുടെ ജീവിതവും. 
സുമതി ജീവിച്ചിരിക്കുമ്പോൾ തന്നെ മകന്റെ വിവാഹം നടത്തിക്കൊടുത്തു. കോട്ടയത്ത് നിന്നും ഒരു ശാലിനിയുമായി. കുറെ നാളത്തേക്ക് എല്ലാം നല്ല രീതിയിൽ നടന്നു.

കഴിഞ്ഞ വർഷം മുതൽ മകന്റെയും മരുമകളുടെയും സ്വഭാവമൊക്കെ  മാറി. മകനും മരുമകളും നിർബന്ധിച്ച് അയാളുടെ  സ്വത്തുക്കളെല്ലാം അവരുടെ പേരിൽ എഴുതി വാങ്ങി. ബാങ്ക് അക്കൗണ്ടിന്റെ ATM കാർഡ് വരെ അവർ ബലമായി പിടിച്ചു വാങ്ങി. മാസം തോറും കിട്ടുന്ന പെൻഷൻ  അവരുടെ കയ്യിലായി. അയാളുടെ  കാര്യങ്ങളെല്ലാം അവരല്ലേ നോക്കുന്നത്. പിന്നെ അയാൾക്കെന്തിനാണ് പണവും  സ്വത്തും എന്നവർ വാദിച്ചു. ഈ കാര്യങ്ങളൊന്നും അയാൾ  ആരെയും അറിയിച്ചില്ല. കുടുംബത്തിന് നാണക്കേട് ആയതു കൊണ്ട്. ഒരു തടവുകാരനെപ്പോലെ ആ വീട്ടിൽ അയാൾ ജീവിച്ചു.

ഇന്നലെ സുനിലും ശാലിനിയും സിനിമയ്ക്ക് പോയ തക്കം നോക്കി അവരുടെ അലമാരയിൽ നിന്നും തന്റെ ATM കാർഡും ആധാർ കാർഡും അയാളെടുത്തു. ഒരു ബാഗിൽ അത്യാവശ്യം വേണ്ട തുണികളുമായി വീട്ടിൽ നിന്നും ഇറങ്ങി. സ്വന്തം വീട്ടിൽ നിന്നും, ജീവിതത്തിൽ നിന്നും, ഒരു ഒളിച്ചോട്ടം. വഴിയിൽ വച്ച് ആദ്യം കിട്ടിയ ട്രാൻസ്പോർട്ട് ബസ്സിൽ കയറി. ബസ്സ് എങ്ങോട്ട് പോകുന്നു എന്ന് പോലും അറിയാതെ. പിന്നീടാണറിഞ്ഞത് ബസ്സ് കൊല്ലത്തേക്കാണെന്ന്. അങ്ങനെ അയാൾ  കൊല്ലത്ത് ബസ്സിറങ്ങിയത്.

“ അപ്പോൾ സാറിന് ഇനിയുള്ള ജീവിതം എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്നം. അതിരിക്കട്ടെ സാറിന് സ്ഥിരം വരുമാനം ഉണ്ടല്ലോ ?” 

ജിബു ചോദിച്ചു.

“ ഉണ്ട്. മാസം തോറും അറുപതിനായിരം രൂപ പെൻഷൻ വരും, ബാങ്കിൽ.” 

അശോകൻ മണ്ണിൽ ഇരുന്നു കൊണ്ട് പറഞ്ഞു.

“ സാറിന്റെ ജീവിതത്തെപ്പറ്റിയുള്ള എല്ലാം കാര്യങ്ങളും നോക്കാൻ ഒരാള് വേണം. ഒരു ലൈഫ് മാനേജർ. അത് ഞാനാകാം. പക്ഷേ എനിക്ക് ശമ്പളം കിട്ടണം. ഒരു ജോലിക്കാരനായി.”

 ജിബു അശോകന്റെ അടുത്ത് ഇരുന്നു. കുറച്ചു നേരം ആലോചിച്ചു കഴിഞ്ഞ് അശോകൻ ചോദിച്ചു.

“ഒന്ന് വിശദമായി പറയാമോ ?”

“ ശരി. ആദ്യമായി ഈ കടലിനെ സാക്ഷി നിർത്തി ഞാൻ വാക്ക് തരുന്നു. ഞാൻ വഞ്ചിക്കില്ല. സത്യസന്ധമായി കൂടെയുണ്ടാകും.
സാറിന് താമസിക്കാൻ ഒരിടം വേണം. ഹോട്ടലിനേക്കാൾ നല്ലത് ലോഡ്ജാണ്. ചിന്നക്കടയിൽ വാടക കൂടും. എന്നാൽ ചിന്നക്കടയിൽ നിന്നും അല്പം ദൂരെയായി റൂമെടുത്താൽ വാടക അല്പം കുറയും. ആഹാരം ഹോട്ടലിൽ നിന്നുമാകാം. വേണമെങ്കിൽ ഞാൻ വീടുകളിൽ നിന്നും ‘ഹോം ഫുഡ്' സംഘടിപ്പിച്ചു തരാം. കൊല്ലത്ത് ചികിത്സാ സൗകര്യങ്ങൾ ആവശ്യത്തിനുണ്ട്. എല്ലാം ഞാൻ ശരിയാക്കിത്തരാം. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും പിന്നെ വൈകിട്ട് അഞ്ച് മണിമുതൽ രാത്രി ഒമ്പത് മണിവരെ ഞാൻ കൂടെയുണ്ടാകും. രാവിലെയും വൈകിട്ടും നടക്കാൻ പോകാനും ആഹാരം കഴിക്കാൻ വേണ്ടത് വാങ്ങി കൊണ്ടുവന്നു തരാനും, ആശുപത്രിയിൽ കൂടെ പോകാനും, സിനിമയ്ക്ക്, ഉത്സവത്തിന്, പാർട്ടിക്കാരുടെ പ്രസംഗം കേൾക്കാൻ, കമ്പോളത്തിൽ പോകാൻ, ടൂർണമെന്റ് കാണാൻ എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഞാൻ കൂടെയുണ്ടാകും. അതിനുപരി ഏത് പാതിരാത്രിയിൽ വിളിച്ചാലും ഞാൻ ഉടനെ  വരും. ഇവിടെ അടുത്ത് പള്ളിമുക്കിലാണെന്റെ വീട്.”

ജിബു തുടർന്നു.

“ എല്ലാക്കാര്യങ്ങളും എന്റെ മേൽനോട്ടത്തിൽ നടക്കും. ഒരു മാനേജർ എന്ന നിലയിൽ എനിക്ക് മാസം പതിനായിരം രൂപ ശമ്പളം കിട്ടണം”

അല്പം ആലോചിച്ചിട്ട് അശോകൻ പറഞ്ഞു

“ശരി, സമ്മതിച്ചു.”

ജിബു അശോകന്റെ ബാഗ് തറയിൽ നിന്നും എടുത്തിട്ട് പറഞ്ഞു

“ വരൂ സർ, പോകാം”.

ഉടനെ തന്നെ ഒരു ആട്ടോ റിക്ഷയിൽ രണ്ടു പേരും കോളേജ് ജംഗ്ഷനിലെ ശ്രീ നാരായണ ലോഡ്ജിൽ എത്തി. ജിബു തന്നെ എല്ലാ കാര്യങ്ങളും സംസാരിച്ചു ശരിയാക്കി. സ്ഥിരതാമസം ആയത് കൊണ്ട് വാടക അല്പം കുറച്ചു കിട്ടി. പിന്നീട് അത്യാവശ്യം വേണ്ട സാധനങ്ങൾ കോളേജ് ജംഗ്ഷനിലെ കടകളിൽ നിന്നും വാങ്ങി. ഒരു മുറിയിൽ സ്ഥിരമായി താമസിക്കാനുള്ള എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്തു.

പിറ്റേന്ന് രാവിലെ മുതൽ ജിബു ജോലിക്ക് വന്നു തുടങ്ങി. പറഞ്ഞത് പോലെ എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടന്നു. എപ്പോഴും കൂടെയുണ്ടായിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. അപ്പോഴും.

മാസങ്ങൾ, വർഷങ്ങൾ കടന്നു പോയി. ആദ്യവർഷം പതിനായിരം രൂപ ശമ്പളം മാസം തോറും കൊടുത്തു. വർഷം പോയതിനനുസരിച്ച് ആയിരം രൂപ വീതം ശമ്പളം കൂട്ടിക്കൊടുത്തു.
അശോകന് വയസ്സായി. അസുഖം മൂലം കിടപ്പിലായി. ഒരു ദിവസം അശോകൻ ജിബുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു

“ ജിബൂ, എനിക്ക്  മരണം സംഭവിച്ചാൽ എന്റെ ശവസംസ്കാരം എങ്ങനെ നടക്കും ?”

ചിരിച്ചു കൊണ്ട് ജിബു മറുപടി പറഞ്ഞു.

“ അതിനല്ലേ സാറേ ഞാൻ ?. എല്ലാ കാര്യങ്ങളും ഭംഗിയായി വേണ്ട രീതിയിൽ ഞാൻ ചെയ്യാം. ‘എന്റെ മരണശേഷം എല്ലാ ക്രീയകളും ചെയ്യാനായി എന്റെ മാനേജർ ജിബുവിനെ ചുമതലപ്പെടുത്തുന്നു' എന്ന രേഖ എഴുതി ഒപ്പിട്ടു തരണം. അതുപോലെതന്നെ സാറിന്റെ അക്കൗണ്ടിൽ ബാക്കി വരുന്ന പണം ഏത് അഗതിമന്ദിരത്തിന് കൊടുക്കണമെന്നും രേഖാമൂലം എന്നെ അറിയിക്കണം.”

അശോകന്റെ കണ്ണു നിറഞ്ഞു.
ജിബു തുടർന്നു

” സാറിന്റെ മരണശേഷം, എന്റെ ജോലി പോകും. പുതിയ ഒരു ജോലി കിട്ടാൻ കുറഞ്ഞത് മൂന്നു മാസമെങ്കിലും എടുക്കും. അതുകൊണ്ട് മൂന്നു മാസത്തെ ശമ്പളം എനിക്ക് ഗ്രാറ്റ്വിറ്റി ആയിട്ട് തരണം. എനിക്കും ജീവിക്കണ്ടേ സർ ?”

“ ഇതാ തന്നിരിക്കുന്നു” 

ചിരിച്ചു കൊണ്ട് അശോകൻ ജിബുവിന്റെ കൈപിടിച്ചു കുലുക്കി. എന്നിട്ട് നിറകണ്ണുകളോടെ പറഞ്ഞു

“എന്നെപ്പോലെ ആരുമില്ലാതാകുന്ന വൃദ്ധർക്ക് നിന്നെപ്പോലെ സത്യസന്ധരായ മാനേജർമാരെ ദൈവം കാട്ടിക്കൊടുക്കട്ടെ !”

അശോകൻ പിന്നെയും നാലു വർഷം ജീവിച്ചു. ജിബുവിന്റെ മേൽനോട്ടത്തിൽ…


കേണൽ രമേശ് രാമകൃഷ്ണൻ
14 Jan 2022

Tuesday, December 28, 2021

സർക്കാരിനടിച്ച ലോട്ടറി



“ സരിതേ, നീ ഇഡ്ഡലി വിളമ്പ്. ദേ അച്ഛൻ വന്നിരിക്കുന്നു”.

വീടിന്റെ മുറ്റത്തേക്ക് കയറിവന്ന ശങ്കരക്കുറുപ്പിനെ കണ്ടയുടനെ ഇളയമകൻ രാജസേനൻ അടുക്കളയിലേക്ക് നോക്കി ഭാര്യ സരിതയോട് പറഞ്ഞു.

“ എനിക്ക് ഇഡ്ഡലിയൊന്നും വേണ്ടാ”

മുറ്റത്ത് കാലിലെ ചെരുപ്പ് ഊരിയിട്ടിട്ട് വരാന്തയിലേക്ക് കയറുന്നതിനിടയിൽ കുറുപ്പ് പറഞ്ഞു.

“എന്നാപ്പിന്നെ നീ പഴങ്കഞ്ഞി വിളമ്പ്. ഒപ്പം ഇന്നലത്തെ വറുത്ത മീൻ കൂടി എടുത്തോളൂ. അച്ഛന് അതാണിഷ്ടം.”

രാജസേനൻ അച്ഛന്റെ കയ്യിൽ നിന്നും കുട വാങ്ങി മേശപ്പുറത്ത് വെച്ച ശേഷം പറഞ്ഞു.

“ പറഞ്ഞില്ലേ എനിക്ക് ഒന്നും വേണ്ടാ” 

കുറുപ്പ് തന്റെ നീരസം പ്രകടിപ്പിച്ചു. മകനും ഭാര്യയും കുട്ടികളും താമസിക്കുന്ന ഈ വീട് കുറുപ്പ് തന്നെ ഉണ്ടാക്കി കൊടുത്തതാണ്. എങ്കിലും സാധാരണയായി ഇങ്ങോട്ട് വരാറില്ല. എന്തെങ്കിലും അത്യാവശ്യം വന്നാൽ മാത്രമേ മക്കളുടെ വീട്ടിൽ അയാൾ പോകാറുള്ളൂ. അതൊരു വാശി പോലെയാണ് കുറുപ്പിന്.

“ എന്താണ് അച്ഛാ വന്നത് ? വിശേഷിച്ച് എന്തെങ്കിലും ?” 

വെറുതെയെങ്കിലും ഒരു ജിജ്ഞാസ രാജസേനൻ പ്രകടിപ്പിച്ചു. 
സരിത കൊടുത്ത വെള്ളം വാങ്ങി കുടിച്ചതിന് ശേഷം ശങ്കരക്കുറുപ്പ് പറഞ്ഞു

“ മോനേ, ഒരത്ത്യാവശ്യമുണ്ട്. അല്ലെങ്കിൽ ഇത്രയും ദൂരം ബസ്സിൽ യാത്ര ചെയ്ത് ഞാൻ വരില്ലല്ലോ ?”

അയാൾ മുണ്ടിന്റെ തുമ്പ് കൊണ്ട് മുഖമൊന്നു തുടച്ചു. എന്നിട്ട് തുടർന്നു.

“ മോനേ, അതായത്, എന്റെ സ്വത്തുക്കളെല്ലാം നിനക്കും രാജേന്ദ്രനുമായി വീതിച്ചു തന്നല്ലോ. കുടുംബവീടും അത് നില്ക്കുന്ന പത്ത് സെന്റ് സ്ഥലവും സ്ത്രീധനമായി കൊടുത്തു കൊണ്ടാണല്ലോ നിന്റെ ഇളയ പെങ്ങൾ രാജിയെ കെട്ടിച്ചയച്ചത് ?. അന്ന് നിങ്ങൾ രണ്ടു പേരും ആളായി നിന്നെന്നല്ലാതെ പണമായോ, സ്വർണ്ണമായോ എന്നെ ഒന്നും സഹായിച്ചില്ല. അപ്പോൽ വിവാഹച്ചെലവിനും സ്വർണം വാങ്ങാനുമായി ഞാൻ ഒരു പത്തു ലക്ഷം രൂപ ചിട്ടിക്കാരൻ സുന്ദരേശന്റെ കയ്യിൽ നിന്നും വാങ്ങിയ കാര്യം പറഞ്ഞിരുന്നല്ലോ ? മാസഗഡുക്കളായി കൊടുത്തു തീർക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷേ അഞ്ചാറ് മാസമായി അതു മുടങ്ങി. സുന്ദരേശൻ എനിക്ക് ഇരിക്കപ്പൊറുതി തരുന്നില്ല. പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ കേസിന് പോകുമത്രേ. അതുകൊണ്ട് നീ എന്നെയൊന്നു സഹായിക്കണം”.

“ എന്താ അച്ഛാ ഈ പറയുന്നത് ? അന്നേ ഞാൻ പറഞ്ഞതാണ്, ഇത്രയും സ്ത്രീധനം കൊടുത്ത് രാജിയെ കെട്ടിക്കണ്ടാന്ന്”. 

രാജസേനൻ എഴുന്നേറ്റു. എന്നിട്ട് തുടർന്നു.

“എന്റെ കയ്യിൽ കാശൊന്നും ഇല്ല. ഇവിടത്തെ കാര്യങ്ങൾ ഞാൻ എങ്ങനെയാണ് നടത്തിക്കൊണ്ട് പോകുന്നുവെന്ന് സരിതയോട് ചോദിക്ക്.”

“അപ്പോ രാജിയെ കല്യാണം കഴിച്ച് അയക്കണ്ടായിരുന്നു എന്നാണോ നീ പറയുന്നത് ?”

 കുറുപ്പിന് ദേഷ്യം വന്നു.

“എന്നാലച്ഛൻ അവളോട് പറ, പത്തു ലക്ഷം കൊടുക്കാൻ. വീടും പരിസരവും പിന്നെ ഇത്രയും സ്വർണ്ണവും എല്ലാം അവൾക്കല്ലേ കൊടുത്തത് ?” 

രാജസേനൻ തർക്കിച്ചു.

“ എന്താടാ പറഞ്ഞത് ? എന്റെ മോളോട് ഞാൻ കാശ് ചോദിക്കാനോ?”

കുറുപ്പ് ദേഷ്യത്തോടെ ചോദിച്ചു.

“ വേണ്ടാ, ചോദിക്കണ്ടാ. പക്ഷേ എന്റെ കയ്യിൽ നിന്നും ചില്ലിക്കാശ് അച്ഛൻ പ്രതീക്ഷിക്കണ്ട. എന്തേ, മൂത്ത മകനോട് ചോദിക്കാതെ ഇങ്ങോട്ട് വന്നത് ? അയാൾക്കല്ലേ മുന്തിയ ഓഹരി കൊടുത്തത് ?” 

രാജസേനൻ കയർത്തു.

“അവന്റെ അടുത്തൂന്നാ ഞാൻ ഇങ്ങോട്ട് വന്നത്. വെളുപ്പിനെ ഞാൻ അവന്റെ വീട്ടിൽ പോയിരുന്നു. ഒരു സഹായവും ചെയ്യാൻ പറ്റില്ല എന്ന് അവനും തീർത്തും പറഞ്ഞു.”

കുറുപ്പ് കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്നു. അല്പസമയം കഴിഞ്ഞ് രാജസേനൻ പറഞ്ഞു

“ എന്തായാലും അച്ഛൻ ഇവിടെ വന്ന സ്ഥിതിക്ക് ഊണ് കഴിഞ്ഞ് പോയാൽ മതി”

ഒന്നും മിണ്ടാതെ ശങ്കരക്കുറുപ്പ് എഴുന്നേറ്റ് മേശപ്പുറത്തിരുന്ന കുടയെടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി. രാജസേനന്റെ നാലു വയസ്സുള്ള മകൻ ഓടിവന്ന് കയ്യിൽ പിടിച്ചു. കുട്ടിയെ ഒന്ന് തലോടിയിട്ട് കുറുപ്പ് റോഡിലേക്കിറങ്ങി.

“ ഇനിയിപ്പോ എന്താ ചെയ്ക ?” 

അയാൾ ആരോടെന്നില്ലാതെ ചോദിച്ചു. തലയ്ക്ക് ഒരു പെരുപ്പ് പോലെ തോന്നി. ജംഗ്ഷനിൽ കണ്ട ഒരു ചായക്കടയിൽ നിന്ന് ഒരു ചായയ്ക്ക് ഓർഡർ ചെയ്തു.
ചായ കുടിക്കുന്നതിനിടയിൽ വയസ്സായ ഒരു ലോട്ടറി ടിക്കറ്റ് വില്പനക്കാരൻ അടുത്ത് വന്നു പറഞ്ഞു

“സാറേ, ഒരു ലോട്ടറി ടിക്കറ്റ് എടുക്കൂ. രാവിലെ മുതൽ ആരും ഒരു ടിക്കറ്റ് പോലും വാങ്ങിയില്ല. പ്ളീസ്”

“ ഏയ്, എനിക്ക് ലോട്ടറി ടിക്കറ്റ് വേണ്ടാ. വേണമെങ്കിൽ ഒരു ചായ വാങ്ങി കുടിച്ചോളൂ. പൈസ ഞാൻ കൊടുക്കാം” 

കുറുപ്പ് ചായയുടെ ഗ്ളാസ് മേശപ്പുറത്ത് വച്ചു കൊണ്ട് പറഞ്ഞു.

“ എനിക്ക് ചായ വേണ്ട സാറേ. എന്തോ എന്റെ മനസ്സ് പറയുന്നു, സാറിന് ഈ ലോട്ടറി അടിക്കുമെന്ന്”

അയാൾ പിറകെ നടന്നു  ശല്യപ്പെടുത്തിയപ്പോൾ കുറുപ്പ് ചോദിച്ചു

“ എന്താ ഒരു ടിക്കറ്റിന്റെ വില ?”

“ മുന്നൂറ് രൂപ” അയാൾ പറഞ്ഞു.
“ ഏ ? മുന്നൂറു  രൂപയോ ?” 

കുറുപ്പ് അതിശയം പ്രകടിപ്പിച്ചു.

“ സാറേ, ഇതൊരു ബംബർ ലോട്ടറി യാണ്. ഒന്നാം സമ്മാനം പത്തു കോടി രൂപ. വേറെയുമുണ്ട് സമ്മാനങ്ങൾ. ഇത് അടിച്ചു കഴിഞ്ഞാൽ സാറിന്റെ എല്ലാ പ്രശ്നങ്ങളും തീരും. വാങ്ങിക്കൂ സാറേ” 

അയാൾ ഒരു ടിക്കറ്റ് കീറാൻ തുടങ്ങി.

“വാങ്ങിക്ക് കുറുപ്പേ” 

ഒരു അശരീരി കേട്ടതു പോലെ തോന്നി ശങ്കരക്കുറുപ്പിന്. പിന്നീട് ഒന്നും മിണ്ടാതെ പേഴ്സിൽ നിന്നും മുന്നൂറ് രൂപ എടുത്തു കൊടുത്തു. ലോട്ടറി ടിക്കറ്റ് വാങ്ങി പേഴ്സിൽ വച്ചു. 

താമസിയാതെ അഞ്ചാലുംമൂട്ടിലേക്കുള്ള ബസ്സ് വന്നു. ശങ്കരക്കുറുപ്പ് അതിൽ കയറി ഇരുന്നു. മനസ്സ് തന്റെ പഴയകാല ജീവിതത്തിലേക്ക് പോയി.

ദിവാകരക്കുറുപ്പ്, ശങ്കരക്കുറുപ്പിന്റെ അച്ഛൻ കൊല്ലം താലൂക്ക് ഓഫീസിൽ ഒരു ക്ളാർക്കായിരുന്നു. അങ്ങ് കായംകുളത്തായിരുന്നു വീട്. ഒരു വലിയ തറവാട്ടിലെ അംഗമായിരുന്നു. കൊല്ലത്ത് നിന്നും ദിവസവും കായങ്കുളത്ത് പോയിവരുന്നത് ബുദ്ധിമുട്ട് ആയതിനാൽ അഞ്ചാലുംമൂട്ടിൽ ഒരു പഴയ വീടും പുരയിടവും വാങ്ങി കുടുംബസമേതം താമസം തുടങ്ങി. ഭാര്യയും ഒറ്റ മകനായ ശങ്കരനുമൊത്ത്. ഒരു പിശുക്കനായിരുന്ന ദിവാകരക്കുറുപ്പ് കുറെ സ്വത്തുക്കൾ വാങ്ങിക്കൂട്ടി. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കാലശേഷം അതെല്ലാം ശങ്കരക്കുറുപ്പിന് കിട്ടി. ഇതിനിടയിൽ ദിവാകരക്കുറുപ്പ് ജീവിച്ചിരിക്കുമ്പോൾ തന്നെ മകന്റെ വിവാഹം നടത്തിക്കൊടുത്തു. കായംകുളത്ത് നിന്നു തന്നെ. സുഭാഷിണി എന്ന ഒരു കൊച്ചു സുന്ദരിയുമായി. 

പഠിത്തത്തിൽ ശങ്കരക്കുറുപ്പ് മോശമായിരുന്നു. കഷ്ടിച്ച് പാസാകും. അത്ര തന്നെ. അതുകൊണ്ട് സർക്കാർ ജോലിയൊന്നും ശങ്കരക്കുറുപ്പിന് കിട്ടിയില്ല. ഒരു പലചരക്ക് കട തുറന്നു ജീവിതമാർഗ്ഗം കണ്ടെത്തി. ഇതിനിടയിൽ രാജേന്ദ്രൻ, രാജസേനൻ എന്ന രണ്ട് ആൺകുട്ടികളും രാജി എന്ന മകളും ജനിച്ചു.

കാലം കടന്നു പോയി. മക്കളെല്ലാം വളർന്നു വലുതായി. അവർ പഠിക്കാൻ മിടുക്കരായിരുന്നു.  രണ്ട് ആൺമക്കൾക്കും സർക്കാർ ജോലി കിട്ടുകയും ചെയ്തു. ആൺമക്കളുടെ വിവാഹം നല്ല രീതിയിൽ നടത്തിക്കൊടുത്തു.
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുന്നതിന് മുമ്പ് അവർക്ക് അവരുടെ ഓഹരി കിട്ടണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ശങ്കരക്കുറുപ്പിന് സമ്മതമല്ലായിരുന്നു. ഭാര്യക്കും. കാര്യങ്ങൾ വഷളാകും എന്ന് ബോധ്യം വന്നപ്പോൾ ഭാഗം വയ്ക്കാൻ തന്നെ തീരുമാനിച്ചു. സുഭാഷിണി മാത്രം ആ തീരുമാനത്തെ എതിർത്തു. അപ്പോൽ രാജിയുടെ വിവാഹപ്രായം കഴിഞ്ഞെങ്കിലും വിവാഹം നടക്കാതെ നിൽക്കുന്ന സമയമായിരുന്നു. രാജിക്ക് ചൊവ്വാദോഷം ഒരു ശാപമായി തോന്നിയ സമയം. അങ്ങനെ അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാഗം വയ്ക്കൽ നടന്നു. കുണ്ടറയിലെ വസ്തു മൂത്ത മകൻ രാജേന്ദ്രനും, ചെമ്മക്കാട്ടെ പുരയിടം ഇളയമകൻ രാജസേനനും താമസിക്കുന്ന അഞ്ചാലുംമൂട്ടിലെ വീടും പുരയിടവും കുറുപ്പിന്റെയും ഭാര്യയുടെയും മരണശേഷം മകൾ രാജിക്ക് പൂർണ്ണ അവകാശമായി രേഖപ്പെടുത്തി പ്രമാണം ചെയ്തു.

ഭാഗം വെപ്പ് കഴിഞ്ഞതിന് പിന്നാലെ ആൺമക്കൾ രണ്ടു പേരും അവരുടെ കുടുംബങ്ങളും അവരവരുടെ ഓഹരിയിലേക്ക് മാറി താമസം തുടങ്ങി. വീടിനായുള്ള സഹായം കുറുപ്പ് ചെയ്തുകൊടുത്തു. കുറുപ്പും ഭാര്യയും മകളും കുടുംബവീട്ടിൽ താമസമാക്കി.

ഏകദേശം രണ്ടു വർഷം അങ്ങനെ കടന്നുപോയി. ഇതിനിടെ പല ആലോചനകളും രാജിക്ക് വന്നു. ചൊവ്വാദോഷം മൂലം ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെ ചെങ്ങന്നൂരിൽ നിന്നും ഒരു നല്ല ബന്ധം വന്നു. എല്ലാം യോജിച്ചത്. നല്ല രീതിയിൽ കല്യാണം നടത്തിത്തന്നാൽ മതി എന്ന് മാത്രം അവർ ആവശ്യപ്പെട്ടു. പയ്യന് നാട്ടിൽ കൃഷിപ്പണി.

കല്യാണച്ചെലവിനും സ്വർണം വാങ്ങാനുമായി ഒരു സഹായവും ആൺമക്കളിൽ നിന്നും കുറുപ്പിന് കിട്ടിയില്ല. അവസാനം പത്തു ലക്ഷം രൂപയുടെ ചിട്ടിക്ക് ചേർന്ന് ഉടനെ പണം കൈപ്പറ്റി. പലചരക്ക് കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ചിട്ടിയുടെ ഗഡുക്കൾ  മാസം തോറും അടയ്ക്കാമെന്നുള്ള പ്രതീക്ഷയിൽ.

“ നല്ല ഒരു ബന്ധമാണച്ഛാ”

എന്ന് മാത്രം രാജി പറഞ്ഞു. അതോടെ അവളുടെ മനസ്സ് കുറുപ്പിന് മനസ്സിലായി. രാജിക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങൾ വാങ്ങി, നല്ല രീതിയിൽ വിവാഹം നടത്തിക്കൊടുത്തു.

ബസ്സ് അഞ്ചാലുംമൂട് ജംഗ്ഷനിലെത്തി. ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു വരുന്ന കുറുപ്പിനെ കണ്ടപ്പൊഴേ സുഭാഷിണിക്ക് കാര്യം മനസ്സിലായി. അവർ ചോദിച്ചു

“ആൺമക്കൾ കൈമലർത്തി കാണിച്ചു, അല്ലേ?. ഞാൻ പറഞ്ഞില്ലായിരുന്നോ പോകേണ്ടെന്ന്. എനിക്കറിയാം അവന്മാരെ. ഞാൻ പെറ്റു വളർത്തിയതല്ലേ! “

“ങ്ഹാ” 

എന്ന് മാത്രം മൂളി ശങ്കരക്കുറുപ്പ്. വസ്ത്രം മാറിക്കഴിഞ്ഞ് പേഴ്സിൽ നിന്നും ലോട്ടറി ടിക്കറ്റെടുത്ത് സുഭാഷിണി യുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു

“എടേ, ഇത് സൂക്ഷിച്ചു വച്ചോണേ”

“ഇതെന്ന് തുടങ്ങി ലോട്ടറി ടിക്കറ്റെടുപ്പ്?” 

സുഭാഷിണി അതിശയം പ്രകടിപ്പിച്ചു.
ഒരു നിശ്വാസത്തോടെ കുറുപ്പ് പറഞ്ഞു

“ ഒരാൾ അടിച്ചേൽപ്പിച്ചതാ. ഇരിക്കട്ടെ”

ദിവസങ്ങൾ കടന്നുപോയി. ഒരുദിവസം പത്രം വായിക്കുന്നതിനിടയിൽ ശങ്കരക്കുറുപ്പ് ലോട്ടറിയുടെ ഫലപ്രഖ്യാപനം കണ്ട് ഭാര്യയെ വിളിച്ചു പറഞ്ഞു

“എടേ, ആ ലോട്ടറി ടിക്കറ്റിങ്ങെടുത്തേ” 

സുഭാഷിണി ടിക്കറ്റ് കൊണ്ടുവന്ന് കയ്യിൽ കൊടുത്തു. കുറുപ്പ് ടിക്കറ്റിന്റെ നമ്പർ ഫലവുമായി ഒത്തുനോക്കി. കണ്ണുകളിൽ ഇരുട്ടു പടർന്നു. ഒരു കറണ്ട് ശരീരത്തിലൂടെ കടന്നുപോയി. മുഖഭാവം കണ്ട് സുഭാഷിണി ചോദിച്ചു

“എന്തേ, എന്തുപറ്റി ?”

സംയമനം കിട്ടിയതിന് ശേഷം കുറുപ്പ് പറഞ്ഞു.

“എടേ, നമുക്ക് ബംബർ സമ്മാനം. പത്തു കോടി രൂപ.”

സുഭാഷിണി കസേരയിൽ ഇരുന്നു. കണ്ണടച്ച് കുറെ നേരം അങ്ങനെ ഇരുന്നു. ആരോടൊക്കെയോ നന്ദി പറയുന്നതുപോലെ. കുറുപ്പിന്റെ കണ്ണുകൾ നിറഞ്ഞു. മനസ്സാ ഈശ്വരന് നന്ദി പറഞ്ഞു.
കണ്ണ് തുറന്ന് സുഭാഷിണി പറഞ്ഞു

“ചേട്ടാ, നമ്മുടെ പ്രശ്നങ്ങൾ എല്ലാം തീരും. ഇനി കുടുംബസമേതം സുഖമായി ജീവിക്കാം”

കുറുപ്പ് ഒന്നും തന്നെ മറുപടി പറഞ്ഞില്ല. തലയൊന്ന് കുലുക്കി.

പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് ലോട്ടറി ഡിപ്പാർട്ട്മെന്റ് ഓഫീസിലേക്ക് യാത്ര ഇറങ്ങുന്നതിന് മുമ്പ് ഭാര്യയെ വിളിച്ചു പറഞ്ഞു

“ലോട്ടറി അടിച്ചു എന്ന വിവരം താനിപ്പോൾ ആരോടും പറയണ്ടാ. ഞാൻ തിരിച്ചു വരാൻ ചിലപ്പോൾ മൂന്നാല് ദിവസം എടുത്തേക്കും. വിഷമിക്കരുത്.  നമ്മുടെ റേഷൻ കാർഡ്, പാൻ കാർഡ്, ആധാർ കാർഡ്, ബാങ്കിന്റെ പാസ്ബുക്ക് അങ്ങനെയുള്ള രേഖകൾ എല്ലാം എടുത്തിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഞാൻ തിരിച്ചു വരും. കാശ് കിട്ടിയാൽ ആദ്യം തന്നെ ചിട്ടിക്കാരൻ സുന്ദരേശന്റെ കടം തീർക്കണം. ബാക്കി ഞാൻ വന്നിട്ട് പറയാം”

ആറ് ദിവസം കഴിഞ്ഞ് ശങ്കരക്കുറുപ്പ് തിരികെയെത്തി. സുഭാഷിണി ഒരു ആലിംഗനത്തോടെ ഭർത്താവിനെ സ്വീകരിച്ച് സോഫയിൽ ഇരുത്തി.. വെള്ളവും ചായയും ഒക്കെ കൊടുത്തു കഴിഞ്ഞ് ചോദിച്ചു

“ എന്തായി? പത്തു കോടി രൂപ കിട്ടിയോ ? പണമെവിടെ ?”

“ കിട്ടി. ഏഴു കോടി രൂപ. 30 ശതമാനം വച്ച്,  മൂന്നു കോടി രൂപ ടാക്സായി പിടിച്ചു.  ബാക്കി എന്റെ അക്കൗണ്ടിൽ ഇട്ടു തന്നു. “

“  എന്നിട്ട് ?” സുഭാഷിണി യുടെ ജിജ്ഞാസ തീർന്നില്ല.

“ ഞാൻ സുന്ദരേശന്റെ കടം പലിശസഹിതം വീട്ടി. ഒരു കോടി രൂപ നിന്റെ പേരിൽ മാസപ്പലിശ കിട്ടുന്ന രീതിയിൽ നിക്ഷേപിച്ചു. മാസംതോറും 50,000/- രൂപ പലിശ കിട്ടുമെന്നാണ് പറഞ്ഞത്. നമുക്ക് സുഖമായി ജീവിക്കാൻ അത് പോരേ ?” 

കുറുപ്പ് ഷർട്ടൂരി സൈഡിൽ വച്ചു.

“ അപ്പോൽ ബാക്കി പണം ?”

“ ബാക്കി പണം മുഴുവൻ ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ആർക്കെങ്കിലും പാവപ്പെട്ടവരുടെ പെൺകുട്ടികളുടെ കല്യാണത്തിനൊ, വീടില്ലാത്തവർക്ക് ചെറിയ ഭവനം കൊടുക്കാനോ, വിശക്കുന്നവർക്ക് ആഹാരം കൊടുക്കാനോ ഉപകരിക്കട്ടെ” 

സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ട് കുറുപ്പ് പറഞ്ഞു.
സ്തംഭിച്ചു പോയി സുഭാഷിണി. അല്പസമയം കഴിഞ്ഞ് ചോദിച്ചു

“ അപ്പോൽ നമ്മുടെ മക്കൾക്ക് ഒന്നും കൊടുക്കണ്ടേ ?”

“ മക്കൾക്കോ ? അവർക്ക് കൊടുക്കാനുള്ളത് ഞാൻ നേരത്തേ കൊടുത്തു കഴിഞ്ഞു. നിനക്കറിയാമല്ലോ നമ്മുടെ ആവശ്യത്തിനു സഹായിക്കാൻ ഈ മക്കളുണ്ടായിരുന്നില്ല. ഈശ്വരനാണ് നമ്മളെ സഹായിച്ചത്. അത്യാഗ്രഹം പാടില്ല. നമ്മുടെ ആവശ്യം കഴിഞ്ഞുള്ള പണം ഞാൻ തിരികെ കൊടുത്തു. ഗതികെട്ട് നെട്ടോട്ടമോടുന്ന പലരുമുണ്ട് ഈ നാട്ടിൽ. അവർക്ക് ഉപകരിക്കട്ടെ. ഒരു പ്രശസ്തിയും നമുക്ക് വേണ്ടാ “

സുഭാഷിണിയുടെ കണ്ണു നിറഞ്ഞു. കുറുപ്പിന്റെ തോളിൽ കൈ വച്ചുകൊണ്ട് ചോദിച്ചു

“ അപ്പോൽ ബാങ്കിൽ നിക്ഷേപിച്ച ഒരു കോടി രൂപയോ ?”

“ നമ്മൾ രണ്ടു പേരും ജീവിച്ചിരിക്കുന്നതു വരെ പലിശ മാസംതോറും കിട്ടിക്കൊണ്ടിരിക്കും. നമ്മുടെ മരണശേഷം ആ പണം നമ്മുടെ പഞ്ചായത്തിലെ വികസന പദ്ധതികൾക്കായി പോകും. അതിനുള്ള സമ്മതിപത്രം ഞാൻ ബാങ്കിൽ എഴുതിക്കൊടുത്തു. നമ്മുടെ നാട്ടുകാർക്കും ഉപകരിക്കട്ടെ” 

സന്തോഷത്തോടെ കുറുപ്പ് പറഞ്ഞു.

“ ചുരുക്കത്തിൽ, സർക്കാരിനടിച്ച ലോട്ടറി” 

ചിരിച്ചുകൊണ്ട് ശങ്കരക്കുറുപ്പിനെ കെട്ടിപ്പിടിച്ചു സുഭാഷിണി….

കേണൽ രമേശ് രാമകൃഷ്ണൻ
29 Dec 2021