Monday, March 8, 2021

പിന്നീട് ചിന്തിക്കാം



പ്രണയിക്കാൻ 
ഒരു കാരണം മാത്രം
എന്നും എപ്പോഴും 
വെമ്പുന്ന ഒരു മനസ്സ്.
ആദ്യം പ്രണയിക്കാം.
പിന്നീട് ചിന്തിക്കാം.
ഒരുപാട് കാര്യങ്ങളുണ്ട് വേറേ
ചിന്തിക്കാനും കണക്കുകൾ കൂട്ടാനും.

ഈ മയക്കുന്ന കണ്ണുകൾ
ഒരിക്കൽ മങ്ങിപ്പോകും
തിളങ്ങുന്ന ചർമ്മത്തിന്
ചുളുക്ക് വരാതിരിക്കില്ല
നിറമാണെങ്കിലോ
വെയിലത്ത് വാടിപ്പോകും
ഓടിച്ചാടി നടക്കുന്ന ഈ കാലുകൾ
ഒരു താങ്ങിനായി കൊതിക്കും
മാധുര്യം തുളുമ്പുന്ന ഈ ശബ്ദവും
ഇടറിയങ്ങ് വല്ലാണ്ടാകും
പണത്തെ വിശ്വസിക്കാനാവില്ല
ഇന്ന് കാണും, നാളെ കാണില്ല
ഇന്നത്തെ ബന്ധുക്കൾ
നാളെ ബദ്ധ ശത്രുക്കൾ ആയേക്കാം.

വിതുമ്പുന്ന, വിങ്ങുന്ന, വിശ്വസിക്കുന്ന
ഒരു മനസ്സ് മാത്രം മതി പ്രണയിക്കാൻ
മനസ്സ് മനസ്സിനെ തിരിച്ചറിയും
മനസ്സിന്റെ കണ്ണിലൂടെ.

വരൂ, ആദ്യം പ്രണയിക്കാം
എന്നിട്ട് പിന്നീട് ചിന്തിക്കാം...


കേണൽ രമേശ് രാമകൃഷ്ണൻ
09  Mar 2021

Saturday, March 6, 2021

വേട ശാപം


 

ഉച്ചകഴിഞ്ഞ് ഒരു നാല് മണി സമയം ആയിക്കാണും. ഊണ് കഴിഞ്ഞ് രാമൻ നായർ ഒന്ന് മയങ്ങുകയായിരുന്നു. പെട്ടെന്ന് കൂട്ടിലടച്ചിരുന്ന അൽസേഷ്യൻ പട്ടി ബ്രൂട്ടസ്' ന്റെ  നിർത്താതെയുള്ള കുര കേട്ടു. ഒപ്പം പിന്നാമ്പുറത്ത് നിന്നും ആരോ കരയുന്ന ശബ്ദവും .

രാമൻ നായർ വാതിൽ തുറന്നു പുറത്തിറങ്ങി. പറമ്പിൽ ഓല മുടഞ്ഞു കൊണ്ടിരുന്ന നീലി നിന്നു കരയുന്നു. ഒപ്പം ഓച്ഛാനിച്ച് നീല്ക്കുന്നൂ അടുത്ത പറമ്പിലെ കുറവൻ നാണു.

വേടത്തി ആണെങ്കിലും കറുത്തിട്ടാണെങ്കിലും നിലീയുടെ യൗവ്വനം രാമൻ നായരെ എന്നും അസ്വസ്ഥനാക്കിയിട്ടേയുള്ളു.

എന്താടീ നിന്ന് മോങ്ങുന്നെ ? ആരെങ്കിലും ചത്തോ ?”

 രാമൻ നായർ പുച്ഛത്തോടെ ചോദിച്ചു.

മ്ബ്രാ, ഇവിടുത്തെ പാമ്പ് എന്റെ കൊച്ചിനെ കൊത്തി

നീലി കരഞ്ഞു കൊണ്ട് പറഞ്ഞു.

ബ്ഭാ, ചൂലേ , നാഗ ദൈവങ്ങളെ പാമ്പ് എന്ന് വിളിക്കുന്നോ ? പാവം അവറ്റകൾക്ക് തീണ്ടാൻ നിന്നെ ഒക്കെയോ കിട്ടിയുള്ളോ ? സത്യമുള്ള ദൈവങ്ങളാണ്. വല്ല പാറുകാലിയും കടിച്ചു കാണും. വൃത്തി കെട്ട വർഗ്ഗം.”.

 രാമൻ നായർ ദേഷ്യത്തോടെ പറഞ്ഞു.

അല്ലിമ്ബ്രാ, പാമ്പാ കടിച്ചെ നാണു മുന്നോട്ട് വന്നു പറഞ്ഞു.

നീ കണ്ടോടാ ചെറ്റേ ?” രാമൻ നായർ പല്ല് കടിച്ചു കൊണ്ട്  ചോദിച്ചു.

ഇല്ലിമ്ബ്രാ നാണു വായ് മൂടി.

രാമൻ നായർ വീടിന്റെ അകത്ത് പോയി വെറ്റില ചെല്ലത്തിൽ നിന്നും കുറച്ചു ചുണ്ണാമ്പ് പൊതിഞ്ഞു കൊണ്ടുവന്നു. എന്നിട്ട് നാണുവിന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു കൊണ്ട് പറഞ്ഞു

ഇത് ആ ചെറുക്കന് പുരട്ടി കൊട്. എല്ലാം ശരിയാകും.”

നാണു ചൂണ്ണാമ്പുമായി കൂരയിലേക്ക്  ഓടി. കരഞ്ഞുകൊണ്ട് നീലിയും പിറകേ പോകാൻ തുടങ്ങിയപ്പോൾ രാമൻ നായർ ചോദിച്ചു

നീ എവിടെ പോണെടീ ?”

കരഞ്ഞ് കൊണ്ട് നീലി പറഞ്ഞു

മ്ബ്രാ, കൊച്ചിനെ ആശൂത്രീ കൊണ്ടോണം

കുതിർത്ത് ഇട്ടീരിക്കുന്ന ഈ ഓല ആര് മൊടയും ? ഇതെല്ലാം ഉണങ്ങി പോവില്ലെ ? മൊടഞ്ഞ് തീർത്തിട്ട് പോയാൽ മതി.”

രാവിലെ കുതിർത്ത് കൊണ്ടിട്ടു കൊടുത്ത അഞ്ച് കെട്ട് ഓലയിൽ മൂന്ന് കെട്ടുകൾ  ഇനിയും ബാക്കി ഉണ്ടായിരുന്നു. കരഞ്ഞു കൊണ്ട് നീലി ഓല മൊടയാൻ തുടങ്ങി.

രാമൻ നായർ കൂട്ടിൽ നിന്നും ബ്രൂട്ടസിനെ തുറന്നു വീട്ടു. ബ്രൂട്ടസ് ഓടിച്ചെന്ന് നീലിയെ ആകെ മൊത്തം ഒന്ന് മണപ്പിച്ചു. എന്നിട്ട് ഓടി വന്ന്  രാമൻ നായരുടെ  അരികെ കിടന്നു. നീലി നിലത്ത് പേടിച്ചിരുന്ന് കരഞ്ഞും കൊണ്ട് ഓല മൊടയാൻ തുടങ്ങി.

എന്തോ സംസാരം കേട്ട് ഉറങ്ങി കിടന്നിരുന്ന രാമൻ നായരുടെ ഭാര്യ ഭാർഗ്ഗവിയമ്മ പുറത്ത് വന്നു ചോദിച്ചു.

എന്താ ചേട്ടാ ഒരു ബഹളം ?”

ഒന്നുമില്ല ഭവീ നീ അകത്തു പോ. ആ.. പിന്നെ…. സർപ്പം ദേവതകൾ കോപിച്ചിരിക്കുകയാണെന്ന് തോന്നുന്നു. രാവിലെ തന്നെ നാരായണൻ പോറ്റിയെ വിളിപ്പിച്ച് സർപ്പത്തറയിൽ ശുദ്ധി പൂജയും നൂറും പാലും ഒക്കെ നടത്തിയേക്കണം. മറക്കരുത്രാമൻ നായർ അല്പം ഗൗരവമായി ഭാര്യയോട് പറഞ്ഞു.

നാണു ചുണ്ണാമ്പുമായി കൂരയിൽ എത്തിയപ്പോൾ നീലിയുടെ എട്ട് വയസ്സ് പ്രായമുള്ള മകൻ ബാസി കാലിലെ വേദന കൊണ്ട് പുളയുകയായിരുന്നു. നാണുവിന്റെ സുഹൃത്ത് കോവിന്ദൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നാണു ചുണ്ണാമ്പിന്റെ പൊതി അഴിച്ച് മുറിവിൽ ചുണ്ണാമ്പ് പുരട്ടാൻ നോക്കിയപ്പോൾ കോവിന്ദന് വല്ലാത്ത ദേഷ്യം തോന്നി. പൊതി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു. എന്നിട്ട് രണ്ടു പേരും കൂടി കുട്ടിയെ എടുത്ത് കൊണ്ട് തണ്ടാൻ വൈദ്യരുടെ കടയിലേക്ക് ഓടി.

തണ്ടാൻ വൈദ്യൻ ആ നാട്ടിലെ പാവപ്പെട്ടവന്റെ കാണപ്പെട്ട ദൈവം ആയിരുന്നു. അയാൾ വൈദ്യം ശാസ്ത്രീയമായി പഠിച്ചില്ല. അന്നത്തെ കാലത്ത് തണ്ടാൻ ജാതിയിൽ പെട്ട ഒരാൾക്ക് ഡോക്ടർ ആകാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷേ നീലകണ്ഠൻ എന്ന നീലാണ്ടന് മുറിവ് വെച്ച് കെട്ടാൻ കുട്ടിക്കാലത്തേ ഇഷ്ടം ആയിരുന്നു. അങ്ങനെയാണ് കുഞ്ഞുരാമൻ  വൈദ്യരുടെ ആയുർവേദ ശാലയിൽ ഒരു കമ്പൗണ്ടർ ആയി ജോലിക്ക് കയറിയത്. ആദ്യം മുറിവുകൾ വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടാൻ പഠിച്ചു. രോഗികളുടെ മുറിവുകൾ വെച്ച് കെട്ടുന്നതിനിടയിൽ രോഗികൾ പറയുന്ന അസുഖം വിവരവും, വൈദ്യർ പറഞ്ഞു കൊടുക്കുന്ന മരുന്നുകളും ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. അങ്ങനെ കണ്ടും കേട്ടും കുറച്ച് വൈദ്യം നീലാണ്ടനും പഠിച്ചു.

കുഞ്ഞുരാമൻ വൈദ്യരുടെ മരണശേഷം സ്വന്തമായി ഒരു കട വാടകയ്ക്ക് എടുത്ത് മുറിവുകളിൽ മരുന്ന് വെച്ച് കെട്ടാൻ തുടങ്ങി. കൂടുതലും പാവപ്പെട്ടവന്റെ ആശ്രയമായി തണ്ടാൻ വൈദ്യൻ.

നാണുവും കോവിന്ദനും ബാസിയെ എടുത്തു കൊണ്ട് കടയിൽ എത്തിയപ്പോൾ വൈദ്യൻ കടയിൽ തന്നെ ഉണ്ടായിരുന്നു. മുറിവ് കണ്ടപ്പോൾ തന്നെ പറഞ്ഞു അത് വിഷപ്പാമ്പ് കടിച്ചതാണെന്ന്. ഉടനെ തന്നെ കുറച്ച് ദൂരെയുള്ള വിഷവൈദ്യൻ ഗോവിന്ദൻ പണിക്കരെ വിവരം അറിയിച്ചു. പണിക്കർ ഓടിയെത്തി. കുട്ടിയെ പരിശോധന നടത്തി. മൂർഖൻ പാമ്പാണ് കടിച്ചതെന്നും വിഷം ശരീരത്തിൽ മുഴുവൻ ബാധിച്ചു കഴിഞ്ഞു എന്നും വിഷവൈദ്യൻ പറഞ്ഞു. പെട്ടെന്ന് തന്നെ അദ്ദേഹം എപ്പോഴും കയ്യിൽ കൊണ്ട് നടക്കുന്ന സഞ്ചിയിൽ നിന്നും ഏതോ മരുന്ന് ബാസിയെ കുടിപ്പിച്ചു. ഇതിനിടയിൽ നീലാണ്ടൻ വൈദ്യൻ പുതിയ ഒരു ബ്ളേഡ് കൊണ്ട് പാമ്പ് കടിച്ച മുറിവ് കീറി വിഷം കലർന്ന രക്തം ഞെക്കി കളയാൻ ഒരു ശ്രമം നടത്തി നോക്കി. എന്നിട്ട് മുറിവ് വെച്ച് കെട്ടി. അപ്പോഴേക്കും ബാസിയുടെ ബോധം പൂർണമായും നഷ്ടപ്പെട്ടിരുന്നു.

നേരം പുലരട്ടെ. അപ്പോ പറയാം. കുട്ടിയുടെ ബോധം തെളിഞ്ഞാൾ പിന്നെ ഉറങ്ങാതെ നോക്കണം. ഞാൻ രാവിലെ വരാം”. പണിക്കർ പറഞ്ഞു. ആരുടെയും കയ്യിൽ നിന്നും പണം ഒന്നും വാങ്ങാതെ പണിക്കർ പൊയി.

നീലി ഓലയെല്ലാം മൊടഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം വൈകിട്ട് ആറ് മണി കഴിഞ്ഞിരുന്നു. കരഞ്ഞ് കൊണ്ട് ആദ്യം കൂരയിലേക്ക് ഓടിതണ്ടാൻ വൈദ്യരുടെ കടയിലേക്ക് ബാസിയെ  കൊണ്ടു പോയ കാര്യം അറിഞ്ഞ് ആർത്തലച്ചു കൊണ്ട് അങ്ങോട്ട് ഓടി. പരിസരബോധം ഇല്ലാതെ ഒരു ഭ്രാന്തിയെപ്പോലെ. അവിടെ എത്തിയപ്പോഴേക്കും പണിക്കർ മരുന്ന് കൊടുത്തിട്ട് പോയിക്കഴിഞ്ഞിരുന്നു. ബാസിയുടെ ബോധം പൂർണമായും നഷ്ടപ്പെട്ടു.

നീലി, മോനേ ബാസീ, ദാ അമ്മ വന്നെടാകണ്ണ് തുറക്ക്..” എന്നും പറഞ്ഞു ഒരുപാട് കരഞ്ഞു. കരഞ്ഞു കൊണ്ടേയിരുന്നു.

ബാസിയുടെ അച്ഛൻ ചെല്ലൻ മൂന്ന് ദിവസം മുമ്പാണ് കുറെ ബന്ധുക്കളുടെ കൂടെ ശബരിമലയ്ക്ക് പോയത്. നടന്നാണ് പോയത്. എന്ന് തിരികെ വരും എന്ന് നീലിക്ക് അറിയില്ല. ബാസി അച്ഛന്റെ കൂടെ മല ചവിട്ടാൻ പോകണമെന്ന് ശാഠ്യം പിടിച്ചതാണ്. താൻ കൂരയിൽ ഒറ്റയ്ക്ക് ആയി പോകും എന്ന് പേടിച്ച് നീലി വിട്ടില്ല. അന്ന് ബാസി ഒരുപാട് കരഞ്ഞിരുന്നൂ.

അതിരാവിലെ തന്നെ നാരായണൻ പോറ്റി വന്നു. സർപ്പത്തറയിൽ പൂജ നടത്തി. രാമൻ നായരും ഭാർഗ്ഗവിയമ്മയും മൂത്ത കുട്ടികളും പൂജയ്ക്ക് സാക്ഷ്യം വഹിച്ചു.

വെളുപ്പാൻ കാലമായിക്കാണും നീലി ഒന്ന് കണ്ണ് അടച്ചപ്പോഴേക്കും. ഒരു ഞെട്ടലോടെയാണ് നീലി ഉണർന്നത്. തന്റെ കയ്യിൽ പിടിച്ചിരുന്ന ഭാസിയുടെ കയ്യ് വളരെയധികം തണുത്തിരുന്നു. നീലി ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് അവിടെ ഒരു ബെഞ്ചിലും തറയിലും കിടന്നുറങ്ങിയിരുന്ന നാണുവും കോവിന്ദനും ചാടി എഴുന്നേറ്റു വന്നു. അവർക്ക് മനസ്സിലായി, പാതിരാത്രിയിൽ എപ്പോഴോ ബാസി മരിച്ചു എന്ന്.

നേരം വെളുത്തതോടെ വിഷവൈദ്യർ പണിക്കർ എത്തി. ബാസിയെ പരിശോധിച്ച്, മരണം സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് കുറെ നാട്ടുകാർ തടിച്ചുകൂടി. താമസിയാതെ ഒരു പായിൽ പൊതിഞ്ഞ് ജഡം നീലിയുടെ കൂരയിലേക്ക് കൊണ്ടു പോയി.

രാവിലെ വിവരം അറിഞ്ഞ് കുറെ ആൾക്കാർ, കൂടൂതലും പാവപ്പെട്ട താഴ്ന്ന ജാതിക്കാർ, പിന്നെ കുറെ കമ്മ്യുണിസ്റ്റുകാരും നീലിയുടെ കൂരയ്ക്ക് ചുറ്റും തടിച്ചുകൂടി. താമസിയാതെ രാമൻ നായരുടെ സമ്മതത്തോടെ വിശാലമായ അയാളുടെ പറമ്പിന്റെ ഒരു മൂലയിൽ ജഡം കുഴിച്ചു മൂടി.

ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി. പെട്ടെന്ന് കരഞ്ഞുകൊണ്ടിരുന്ന നീലി എഴുന്നേറ്റു. ഓടി വന്ന് രാമൻ നായരുടെ മുന്നിൽ  നിന്നു. കുറച്ചു നേരം ദേഷ്യത്തോടെ സൂക്ഷിച്ചു നോക്കി. താഴെ നിന്നും ഒരുപിടി മണ്ണ് വാരി കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു

ന്റെ കൊച്ചിനെ ജീവനോടെ കാണാൻ തമ്മസിച്ചില്ല അല്ലേ , മ്ബ്രാ ? “

എന്നിട്ട് പിരാകി

മ്ബ്രാന്റെ കുലം നശിച്ചു പോട്ടേമ്ബ്രാൻ പുഴുത്ത് ചാവണേ.. ദൈവങ്ങളേ

ആകാശത്തിലേക്ക് നോക്കി, കയ്യിൽ പിടിച്ചിരുന്ന മണ്ണ് മുകളിലേക്ക് എറിഞ്ഞു….

 

കേണൽ രമേശ് രാമകൃഷ്ണൻ

07 Mar 2021

(ഏകദേശം അര നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന വർക്ക് ഈ കഥയുടെ പൊരുൾ മനസ്സിലാകും. ജന്മിമാരുടെ മനുഷ്യത്വം ഇല്ലായ്മ പാവപ്പെട്ട താഴ്ന്ന ജാതിക്കാർ ഒരുപാട് അനുഭവിച്ചിരുന്നു. വലിയ തറവാടുകൾ ഇങ്ങനെയുള്ള ശാപം മൂലം നശിച്ചു പോയിട്ടുണ്ട്.)

 

 

 

Friday, March 5, 2021

സന്ധ്യാരാഗം



സമയം ഇനിയും ബാക്കിയുണ്ടല്ലോ ?
അല്പനേരം കൂടി ഞാൻ
ഇവിടെയൊന്നിരുന്നോട്ടെ.
ഒന്നുകൂടി ഇവിടെയൊക്കെ 
ഒന്നു നടന്നോട്ടെ
സന്ധ്യയ്ക്ക്  ഇനിയും 
നേരം ബാക്കി ഉണ്ടല്ലോ
?
സൂര്യൻ നല്ലോണം ഒന്ന് മുങ്ങി മറയട്ടെ,
ഒന്നു രണ്ടു നക്ഷത്രങ്ങളെങ്കിലും
മാനത്ത് നല്ലൊണം തെളിഞ്ഞു 
ഞാൻ ഒന്ന് കണ്ടോട്ടെ,
പാലൊളി നിലാവിൽ 
ഞാനും
ഒന്ന്  മുങ്ങി കുളിച്ചോട്ടെ.
എന്റെ കാലിന്റെ തണ്ടയ്ക്കും തുടയ്ക്കും
കരുത്ത്  ഇനിയും  ബാക്കിയുണ്ടല്ലോ ?
കുറെ ദൂരം കൂടി
ഞാൻ ഒന്ന് നടന്നോട്ടെ,
ശ്വാസകോശങ്ങൾ നിറയും വരെ
വായുവിനെ വലിച്ചൊന്നു കയറ്റിക്കോട്ടെ,
ചില കാഴ്ചകൾ കണ്ണ് നിറയെ 
ഞാൻ ഒന്നുകൂടി കണ്ടോട്ടെ,
എന്തിനാണിത്ര ധൃതി ?
സമയം ഇനിയും ബാക്കിയുണ്ടല്ലോ ?
കുറെ നേരം കൂടി
ഇവിടെയൊക്ക
ഞാൻ ഒന്നു നിന്നോട്ടെ…..


കേണൽ രമേശ് രാമകൃഷ്ണൻ

Monday, March 1, 2021

ചുരത്ത്



മുലകളറിയണ൦
ചുരത്ത് 
എപ്പോൾ നിർത്തണമെന്ന്.
വായറിയാതെ, 
വയറ് അറിയാതെ
ഊറ്റിക്കുടിക്കുന്ന കുട്ടികൾ
ഏറെയുണ്ട്
വായിൽ
ചോര ചോവയ്ക്കു൦ വരെ.

വെറുതെ കിട്ടുന്നത്  വാങ്ങാൻ
ഒരുപാട് പേരുണ്ടാകും.
കൊടുക്കുമ്പോൾ
ഇല്ലത്തെ പഞ്ഞ൦ അറിഞ്ഞുകൊടുക്കണ൦
ആവശ്യക്കാരന് കൊടുക്കണം
ആവശ്യപ്പെടുമ്പോൾ കൊടുക്കണം
അറിഞ്ഞു കൊടുക്കണം.
ദാന൦ നല്ലതാണ്, 
നല്ല ശീലമാണ്.
അതൊരു
ഒരു രോഗമാകരുത്...

കേണൽ രമേശ് രാമകൃഷ്ണൻ
01 Mar. 2021

Sunday, February 28, 2021

അല്പനേരം കൂടി



ഒരു തിട്ടം കിട്ടാഞ്ഞിട്ടാവാം 
മുള നാഴി കൊണ്ട് അമ്മ
അരി അളന്ന് എടുത്തിരുന്നത്.
ചാണകം മെഴുകിയ മുറത്തിലിട്ട്
കല്ലും കട്ടയും നെല്ലും പെറുക്കി കളഞ്ഞ്
ഉമിയും ,  തവിടും പൊടിയും പാറ്റിയെടുത്ത്
കഴുകി കലത്തിലിട്ട്
കത്താത്ത വിറക് കത്തിച്ച്
കൃഷ്ണന്റെ വേണു പോലെ
ഒരു കുഴലിലൂടെ ഊതി ഊതി
പുകയും തീയും ഏറെ കാഞ്ഞ്
വേവിക്കുന്നതിനിടയിൽ
ഇടയ്ക്കിടെ അമ്മ എന്നോടും
ഞാനെന്റെ വയറിനോടും പറയും
അല്പനേരം കൂടി....

കേണൽ രമേശ് രാമകൃഷ്ണൻ
28 Feb 2021

Saturday, February 27, 2021

ഇടവഴിയിലെ പൂച്ച



അതൊരു ഇടവഴിയായിരുന്നു
അവരെന്നും അതിലേ പോകും
അവൾ നടന്നു൦
അവൻ പിറകേ സൈക്കിൾ ഉരുട്ടിയും
അവൻ പേരു ചോദിച്ചു
അവളു൦
അവനെന്തെക്കെയോ സംസാരിച്ചു
അവൾ കേൾക്കുന്ന പൊലെ നടന്നു
അങ്ങനെ ആഴ്ചകൾ മാസങ്ങൾ 
കടന്നു പോയി
അവസാനം അവൻ ചോദിച്ചു, "ഇഷ്ടമായോ?"
അവൾ പറഞ്ഞു  "ഇല്ല"
"അതെന്താ?", അവനാരാഞ്ഞു
"ആ മീശ".

മീശ അവന്റെ സ്വന്തം ആയിരുന്നു
മുളച്ചു വളർന്നു വലുതായത്
അവന്റെ പ്രാണനേക്കാൾ
പ്രീയമായത്

ആറാം മാസം 
അവളുടെ കല്യാണം കഴിഞ്ഞു.
അവനിന്നു൦ ആ വഴിയേ പോകു൦
ആ മീശയു൦ തടവി തടവി.
മീശ മാത്രം...

കേണൽ രമേശ് രാമകൃഷ്ണൻ
27 Feb 2021

Saturday, January 9, 2021

പുനർജനി

പുനർജനി.


അഞ്ചാലുംമൂട് ജംഗ്ഷനിൽ ബസ്സ് വന്ന് നിന്നു. ഗോപാലപിള്ള ബസ്സിൽ നിന്ന് ഇറങ്ങി. തോളിൽ ഒരു എയർ ബാഗും കയ്യിൽ ഒരു കടലാസ് പൊതിയുമായി. പെട്ടെന്ന് ഒരു കാറ്റ് വന്നു മുഖത്തടിച്ചു. ആ നാട് ഒരു പുഞ്ചിരിയോടെ തന്നെ വരവേൽക്കുന്നതായി അയാൾക്ക് തോന്നി.

അന്ന് രാവിലെയാണ് ഗോപാലപിള്ള കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തു വന്നത്. ഇതിനിടയിൽ ഒരിക്കൽ പോലും ആ നാട്ടിൽ തിരിച്ച് വന്നില്ല. അതുകൊണ്ട് ആയിരിക്കും നാടാകെ മാറി എന്ന് അയാൾക്ക്  തോന്നിയത്.  താമസിയാതെ അയാൾ തന്റെ പുത്തൻ വീട് എന്ന തറവാടിനെ ലക്ഷ്യം വെച്ച് നടന്നു.

കരീമിന്റെ ചായക്കടയുടെ മുന്നിൽ എത്തിയപ്പോൾ  ഒന്നു നിന്നു. ആ ചായക്കടയിൽ വെച്ചായിരുന്നല്ലോ പട്ടാപ്പകൽ എല്ലാവരെയും മുന്നിൽ വെച്ച് സതീശനെ കുത്തി കൊന്നത്. പതിനഞ്ച് കുത്ത്. അന്ന് ചായക്കട ഒരു ചോരക്കളമായി മാറിയിരുന്നു. സതീശൻ ചത്തു എന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഗോപാലപിള്ള  ഓടിയില്ല. അവിടെ കിടന്ന ഒരു ബെഞ്ചിൽ ഇരുന്നു. ചോദിക്കാതെ തന്നെ കരീം ഒരു ചായ കൊണ്ടു വന്നു കൊടുത്തു. അത് കുടിച്ച് കഴിഞ്ഞപ്പോഴേക്കും ഏഡ്ഢ് കുട്ടൻ പിള്ള വിവരമറിഞ്ഞ് ഓടിയെത്തി കയ്യിൽ വിലങ്ങ് വെച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം ഇന്നാണ് ഗോപാലപിള്ള നാട്ടിൽ തിരിച്ച് എത്തുന്നത്.

ഗോപാലപിള്ള കടയിലേക്ക് ഒന്ന് നോക്കി. കരീം കൗണ്ടറിൽ ഇരിക്കുന്നു. അല്പം പ്രായം കൂടിയിട്ടുണ്ട്. കണ്ട് ഭാവം നടിച്ചില്ല. ചായ കുടിച്ച് കൊണ്ട് ഇരുന്നവരുടെ ഇടയിൽ നിന്നും രാമൻനായർ ഓടിവന്ന് കയ്യിൽ പിടിച്ചു. എന്നിട്ട് പിള്ളയോട്  ചോദിച്ചു

“ അല്ല, ഇതാര് , പിള്ള ചേട്ടനോ? “

ഗോപാലപിള്ള എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് അടുത്ത് വന്ന് രഹസ്യം പറയുന്നത് പൊലെ ,തുടർന്നു.

“ജയിലിൽ സുഖമായിരുന്നോ ? ഇതെന്താ കയ്യിൽ ,തോക്കാണോ ? സാക്ഷി പറഞ്ഞവന്മാരെയൊക്കെ ഓരോന്നായി വെടി വെച്ച് കൊല്ലനായിരിക്കും !”

ഗോപാലപിള്ള തല കുലുക്കി. ആണെന്നും അല്ലെന്നും തീർത്തു പറയാൻ പറ്റാത്ത രീതിയിൽ. എന്നിട്ട് വീടിനെ ലക്ഷ്യം വെച്ച് നടന്നു.

രാമൻ നായർ ചായക്കടയിൽ തിരികെ ചെന്ന് വിളംബരം ചെയ്തു

“ സാക്ഷി പറഞ്ഞ ഓരോരുത്തരേയും വെടിവെച്ച് കൊല്ലാൻ തോക്കുമായിട്ടാണ് വന്നിരിക്കുന്നത് എന്ന് എന്നോട് പറഞ്ഞു. എല്ലാവരും സൂക്ഷിച്ചോ”. 

കരീം പെട്ടെന്ന് എഴുന്നേറ്റ് കടയുടെ ഉള്ളിലേക്ക് പോയി.

ഗോപാലപിള്ള പതിയെ നടന്ന് വീട്ടിൽ എത്തി. വീടിന്റെ മുന്നിൽ ആരുമില്ലായിരുന്നു. അയാൾ വാതിലിൽ മുട്ടി. ഭാര്യ വിലാസിനിയാണ് കതക് തുറന്നത്. അവരുടെ രൂപം കണ്ട് അതിശയിച്ചു പോയി.  സുന്ദരിയായിരുന്ന തന്റെ ഭാര്യ ഇന്നിതാ ക്ഷീണിച്ച്, നരച്ച് ഒരു കോലം കെട്ട രൂപത്തിൽ നിറകണ്ണുകളോടെ നില്ക്കുന്നു.  മാതകസൗന്ദര്യം ആയിരുന്നല്ലോ വിലാസിനിയുടെ ശാപം. ആ സൗന്ദര്യം മുതലെടുക്കാൻ ആയിരുന്നല്ലോ ആ സതീശൻ അവിഹിതബന്ധം സ്ഥാപിച്ചതും ഗോപാലപിള്ള അത് കണ്ടുപിടിച്ചതും അവനെ കുത്തിക്കൊന്നതും.

മുന്നിൽ നിന്ന് കടന്ന് പോകൂ എന്ന അർത്ഥത്തിൽ ഗോപാലപിള്ള കൈ കൊണ്ട് ആംഗ്യം കാണിച്ചു. വിലാസിനി അകത്തേക്ക് പോയി. ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്ന് മേശപ്പുറത്ത് വച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ മുറിയിൽ കയറി കതകടച്ചു. ഗോപാലപിള്ള വെള്ളം കുടിച്ചു. പതിയെ ചാരുകസേരയിൽ കണ്ണടച്ച് അങ്ങനെ കിടന്നു. കഴിഞ്ഞ കാലത്തെ ജീവിതം അയാളുടെ മനസ്സിലൂടെ കടന്നു പോയി.

പുത്തൻ വീട് ആ നാട്ടിലെ ഒരു വലിയ തറവാട് ആയിരുന്നു. വളരെ അധികം പുരയിടങ്ങളും, വയലും, കൃഷി സ്ഥലങ്ങളും ഒക്കെയുള്ള ഒരു തറവാട്. ഗോപാലപിള്ള ഒരേയൊരു മകൻ. സമൃദ്ധിയുടെ അഹങ്കാരം കുട്ടിക്കാലത്തേ അയാൾക്ക് ഉണ്ടായിരുന്നു. ആരെയും അനുസരിക്കാത്ത സ്വഭാവം. ഒരുപാട് ദുശ്ശീലങ്ങളും ഉണ്ടായിരുന്നു. പക്ഷേ രണ്ടു കാര്യങ്ങൾ അയാൾക്ക് വെറുപ്പായിരുന്നു. ഒന്ന് കള്ളം പറയുന്നതും മറ്റൊന്ന് വ്യഭിചാരവും. കുടുതൽ വിദ്യാഭ്യാസം ഒന്നും നേടിയില്ല. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തന്നെ പഠിത്തം നിർത്തി, കൃഷിയും മറ്റ് കാര്യങ്ങളും നോക്കാൻ തുടങ്ങി. താമസിയാതെ എല്ലാ കാര്യങ്ങളും ഗോപാലപിള്ളയുടെ നിയന്ത്രണത്തിൽ ആയി. 
ഇതിനിടെ അച്ഛനും അമ്മയും മരിച്ചു.

ഇരുപത്തി എട്ടാമത്തെ വയസ്സിൽ ഗോപാലപിള്ള  വിവാഹം കഴിച്ചു. തിരുവനന്തപുരത്ത് നിന്നും ആയിരുന്നു വധു. അതീവ സുന്ദരി ആയിരുന്നു വിലാസിനി. നല്ല വിദ്യാഭ്യാസവും കുടുംബ മഹിമയും എല്ലാം തികഞ്ഞ ഒരു ബന്ധം. ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ ഗോപാലപിള്ള വളരെയധികം സംതൃപ്തനായിരുന്നു.

കാലം കടന്നു പോയി.  വിവാഹം കഴിഞ്ഞ്  രണ്ട് വർഷത്തിന് ശേഷം  വിലാസിനി ഒരു ആൺകുട്ടിയെ പ്രസവിച്ചു. കുഞ്ഞിന് മോഹനൻപിള്ള എന്ന പേരിട്ടു. 

കൃഷിയും കച്ചവടവും ഒക്കെ വികസിച്ചതോടെ, ഒറ്റയ്ക്ക് കാര്യങ്ങൾ നോക്കി നടത്താൻ ഗോപാലപിള്ളയ്ക്ക് ബുദ്ധിമുട്ട് ആയി. അങ്ങനെയാണ് സതീശൻ എന്ന ചെറുപ്പക്കാരനെ ഒരു സഹായി ആയി വെച്ചത്. സതീശൻ വളരെ മിടുക്കൻ ആയിരുന്നു. വിശ്വസിക്കാൻ കൊള്ളാവുന്ന ചെറുപ്പക്കാരൻ. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും സതീശനെ ഇടപെടുത്തി, വീട്ടുകാര്യങ്ങളിൽ പോലും. പക്ഷെ ഒരു അവിഹിതബന്ധം വിലാസിനിയുടെയും സതീശന്റെയും  ഇടയിൽ വളർന്നു വരുന്നത് ഗോപാലപിള്ള അറിഞ്ഞില്ല.

ഒരു ദിവസം ഏതോ ബിസിനസ് കാര്യത്തിനായി ഗോപാലപിള്ള തിരുവനന്തപുരത്തേക്ക് പോയി. വഴിയിൽ വെച്ച് വിവരം കിട്ടി, കാണാൻ പോകുന്ന ആൾ സ്ഥലത്ത് ഇല്ല എന്ന്. ഉടനെ തന്നെ ഗോപാലപിള്ള വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി, ഉമ്മറത്ത് ആരെയും കാണാത്തതിനാൽ കയ്യിൽ ഇരുന്ന താക്കോൽ ഉപയോഗിച്ച് വീട് തുറന്നു. 

കിടപ്പറയിൽ കണ്ട് കാഴ്ച അയാൾക്ക് വിശ്വസിക്കാനായില്ല. അർധനഗ്നരായി വിലാസിനിയും സതീശനും കെട്ടിപ്പിടിച്ചു കിടക്കുന്നു. 

ഗോപാലപിള്ള അലറി. സതീശൻ മുണ്ട് വാരി ഉടുത്തു കൊണ്ട് പുറത്തേക്ക് ഓടി. വിലാസിനി ഒരു ഷോക്കേറ്റ പോലെ കിടക്കയിൽ തന്നെ ഇരുന്നു. ഒന്നും മിണ്ടാതെ.

ഗോപാലപിള്ള മുറിയിൽ നിന്നും പുറത്തു വന്നു. എന്നിട്ട് പൂജാമുറിയിൽ കയറി കതകടച്ചു. കുറച്ചു നേരം തന്റെ അച്ഛൻ ദിവാകരൻ പിള്ളയുടെ പടത്തിൽ നോക്കിയിരുന്ന്  കരഞ്ഞു. പെട്ടെന്ന് അച്ചൻ ഉപയോഗിക്കുന്ന ഒരു കഠാര ഉറയോട് കൂടി എടുത്തു മടിയിൽ തിരുകി. എന്തോ തീരുമാനിച്ചിട്ട് വേഗത്തിൽ പുറത്തേക്ക് പോയി.

ഗോപാലപിള്ള നേരേ പോയത് സതീശന്റെ വീട്ടിലേക്ക് ആയിരുന്നു. അയാളെ അവിടെ കണ്ടില്ല. കാണാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളിലും തിരഞ്ഞു. കണ്ടില്ല. അവസാനം ഒരു ചായ കുടിക്കാം എന്ന് തീരുമാനിച്ച് കരീമിന്റെ ചായക്കടയിൽ കയറി. മുന്നിൽ ഇതാ സതീശൻ. പിന്നെ നടന്നത് ശരിക്ക് ഓർമ്മയില്ല. കഠാര ഉറയിൽ നിന്നും ഊരിയെടുത്ത് ഒരുപാട് കുത്തി. ജീവൻ പോകുന്നത് വരെ കുത്തി. ഒരു ഭ്രാന്തനെപ്പോലെ.

ഒരലർച്ചയുടെ ശബ്ദം കേട്ട് ഗോപാലപിള്ള ഞെട്ടി കണ്ണ് തുറന്നു. അലർച്ച ഒരു ഞരങ്ങലായി മാറുകയായിരുന്നു. എന്തോ അപകടമാണെന്ന് മനസ്സിലായി.
“വിലാസിനീ…” എന്ന് വിളിച്ചു കൊണ്ട് അയാൾ കിടപ്പറയിലേക്ക് ഓടി. മുറി അകത്തു നിന്നും കുറ്റി ഇട്ടിരുന്നു. ഒരു നേരിയ ഞരങ്ങൽ കേൾക്കുന്നുണ്ടായിരുന്നു. എത്ര വിളിച്ചിട്ടും വാതിൽ തുറന്നില്ല. അവസാനം വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറി. വിലാസിനി ഫാനിൽ കെട്ടിയ ഒരു കയറിൽ തൂങ്ങി നിൽക്കുന്നു. കൈകളിൽ അല്പം ചലനം ബാക്കിയുണ്ട്. 

ഗോപാലപിള്ള അടുക്കളയിലേക്ക് ഓടി. ഒരു കത്തി കൊണ്ട് വന്ന്,  കയറ് മുറിച്ച് വിലാസിനിയെ താഴെ ഇറക്കി. മടിയിൽ കിടത്തി കഴുത്തിലെ കുരുക്ക് അഴിച്ചു. പെട്ടെന്ന് ഒരു ശ്വാസം വിലാസിനി എടുത്തു. കണ്ണുകൾ പതിയെ തുറന്നു. ഗോപാലപിള്ളയുടെ മുഖത്ത് നോക്കി. ഒരു ചെറിയ ശബ്ദം പുറത്തു വന്നു

“മാപ്പ്….” 

ആ കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. എത്ര വിളിച്ചിട്ടും വിലാസിനി അനങ്ങിയില്ല.

“വിലാസിനീ…” എന്ന് അലറി വിളിച്ചു കൊണ്ട് ഗോപാലപിള്ള ആ ശരീരം തന്റെ നെഞ്ചോട് ചേർത്ത് വെച്ചു.

വൈകിട്ട് കോളേജിൽ നിന്നും തിരികെ എത്തിയ മകൻ മോഹനൻപിള്ള അമ്മയുടെ മൃതശരീരത്തെയും അച്ഛനെയും മാറി മാറി കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു. 

ഗോപാലപിള്ളയുടെ ആഗ്രഹപ്രകാരം പോസ്റ്റ്മോർട്ടം നടത്തിയില്ല. ശവസംസ്കാരം കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ പിരിഞ്ഞു പോയി.

മാസങ്ങൾ കടന്നു പോയി. വിലാസിനിയുടെ ആത്മഹത്യ അച്ഛനെയും മകനെയും ഒരുപാട് ദുഃഖത്തിലാഴ്ത്തി. ക്രമേണ ഗോപാലപിള്ള തന്റെ കൃഷിയും മറ്റ് കാര്യങ്ങളും നോക്കാൻ തുടങ്ങി. അതുപോലെ മോഹനൻപിള്ളയും കോളേജിൽ പോകാൻ തുടങ്ങി. 

ഗോപാലപിള്ള ജയിലിൽ ആയിരുന്ന സമയം ജീവിതമാർഗ്ഗത്തിനായി കുറെ അധികം പുരയിടങ്ങളും മറ്റും വിലാസിനി വിറ്റിരുന്നു. എന്നിട്ടും ജീവിക്കാനുള്ള സ്വത്തുക്കൾ ഇന്നും ബാക്കി ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു.  ഇലക്ഷനിൽ മത്സരിക്കണം എന്ന ഒരു ആഗ്രഹം ഗോപാലപിള്ളയുടെ മനസ്സിൽ ഉദിച്ചു. താമസിയാതെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും സമീപിച്ചു. പക്ഷേ കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് വന്ന ഒരാൾക്ക് ടിക്കറ്റ് കൊടുക്കാൻ ആരും തയ്യാറായില്ല. അവസാനം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗോപാലപിള്ള തീരുമാനിച്ചു. അങ്ങനെ അഞ്ചാം വാർഡിൽ നിന്നും മത്സരിക്കാൻ പത്രിക സമർപ്പിച്ചു.

എല്ലാ പാർട്ടികളും അവരവരുടെ ഇലക്ഷൻ പ്രചാരണം തുടങ്ങി. ഗോപാലപിള്ളയ്ക്ക് വേണ്ടി പ്രചാരണം നടത്താൻ ആരും മുന്നോട്ടു വന്നില്ല. 

ഗോപാലപിള്ള രാമൻ നായരെ വിളിച്ചു കാര്യം പറഞ്ഞു. രാമൻ നായർ പറഞ്ഞു

“ പിള്ളേച്ചൻ വിഷമിക്കേണ്ട. ഞാൻ ജയിപ്പിച്ചു തരാം”

പിറ്റേന്ന് മുതൽ രാമൻ നായർ കടകമ്പോളങ്ങിലും അഞ്ചാം വാർഡിലെ ഓരോ വീടുകളിലും കയറിയിറങ്ങി പറഞ്ഞു

“ കഠാരയും കൈത്തോക്കും ഒക്കെ ആയിട്ടാ പിള്ളേച്ചൻ വന്നിരിക്കുന്നത്. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാണേ. ഈ ഇലക്ഷനിൽ അയാൾ തോറ്റു പോയാൽ കുറഞ്ഞത് അഞ്ചെട്ടെണ്ണത്തിനെ എങ്കിലും തട്ടിയിട്ട് ജയിലിലേക്ക് തിരികെ പോകും.അത് ഉറപ്പാ.  ഒരു വോട്ടിന് വേണ്ടി എന്തിനാ ചാവുന്നെ. ആരാണ് അങ്ങേർക്ക് വോട്ട് ചെയ്യാഞ്ഞത് എന്നൊക്കെ പിള്ളേച്ചൻ കണ്ടുപിടിക്കും. പിന്നെ നിങ്ങളുടെ ഇഷ്ടം”.

ഇലക്ഷൻ ദിവസം വന്നു. വോട്ടെണ്ണൽ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചു. ഗോപാലപിള്ള അഞ്ചാം വാർഡിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. രാമൻ നായർക്ക് പത്ത് സെന്റ് പുരയിടം ഇഷ്ടദാനമായി ലഭിച്ചു.

ഇലക്ഷൻ കഴിഞ്ഞ് പഞ്ചായത്ത് മീറ്റിംഗിൽ തനിക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിൽ വിരോധമില്ല എന്ന കാര്യം രാമൻ നായരിലൂടെ മറ്റ് മെമ്പറന്മാരെ തലേന്നേ അറിയിച്ചിരുന്നു. അങ്ങനെ സർവ്വ സമ്മതത്തോടെ ഗോപാലപിള്ള പഞ്ചായത്ത് പ്രസിഡന്റ് ആയി. 

ഇലക്ഷൻ കഴിഞ്ഞ ആദ്യത്തെ മീറ്റിംഗിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റ് തന്റെ നയം വ്യക്തമാക്കി. പഞ്ചായത്ത് സെക്രട്ടറി കബീറിനെ മറ്റ് മെമ്പർമാരുടെ മുന്നിൽ നിർത്തിക്കൊണ്ട് പറഞ്ഞു.

“ ഈ പഞ്ചായത്തിൽ ഞാൻ അറിയാതെ ഒരു കാര്യവും നടക്കരുത്. ഒരു കൈക്കൂലിയോ അഴിമതിയോ ഈ പഞ്ചായത്തിൽ നടക്കരുത്. കരം പിടിക്കുന്ന കാശും സർക്കാരിന്റെ ഗ്രാന്റും വികസനത്തിന് മാത്രം ഉള്ളതാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. അങ്ങനെ തന്നെ സംഭവിക്കട്ടെ.”

ഒരു മെമ്പർ എന്തോ പറയാനായി മുന്നോട്ട് വന്നപ്പോൾ തടഞ്ഞു കൊണ്ട് ഗോപാലപിള്ള തുടർന്നു

“ ഞാൻ മദ്യപിക്കില്ല, പെണ്ണ് പിടിക്കില്ല. ജീവിക്കാനുള്ള പണം എന്റെ പക്കൽ ഉണ്ട്. അതുകൊണ്ട് എന്നെ പ്രലോഭിപ്പിക്കാൻ നോക്കരുത്. പിന്നെ പൂജപ്പുര സെൻട്രൽ ജയിലിൽ പോകാൻ എനിക്ക് ഒരു മടിയും ഇല്ല. മനസ്സിലായോ ?.”

എല്ലാവരും തല കുലുക്കി. ആരും ഒന്നും മിണ്ടിയില്ല.

പഞ്ചായത്തിന്റെ ഭരണം വളരെ ഭംഗിയായി നടന്നു.  വികസനങ്ങളും. ഒരു അഴിമതിയും കൈക്കൂലിയും ഇല്ലാതെ തന്നെ.

മൂന്ന് വർഷങ്ങൾക്കകം മാതൃകാ പഞ്ചായത്തിനുള്ള അവാർഡ് അഞ്ചാലുംമൂട്  പഞ്ചായത്തിന് ലഭിച്ചു.

അടുത്ത വർഷം പഞ്ചായത്ത്  ആഭീസിനടുത്ത് പതിനാറ് മുറികളുള്ള ഒരു ഇരുനില കെട്ടിടം ഗോപാലപിള്ള സ്വന്തം ചെലവിൽ നിർമ്മിച്ചു. വൃദ്ധരും അഗതികളുമായ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി.

അഗതി മന്ദിരത്തിന് പേരിട്ടു
‘പുനർജനി’…..

കേണൽ രമേശ് രാമകൃഷ്ണൻ
09 Jan 2021.