“ചേട്ടാ, ആനയെ ചുട്ട മുക്ക് എത്തി”
ബസ്സിന്റെ കണ്ടക്ടർ മാധവൻ പിള്ളയെ കുലുക്കി ഉണർത്തിയിട്ട് പറഞ്ഞു. അഞ്ചാലുംമൂട്ടിൽ നിന്നും ബസ്സ് പുറപ്പെട്ടിട്ട് കൂടുതൽ നേരം ആയില്ല. എന്താണെന്ന് അറിയില്ല, ഈയിടെ ആയി മാധവൻ പിള്ളയ്ക്ക് വല്ലാത്ത ക്ഷീണം ആണ്. ബസ്സിൽ കയറി സീറ്റിൽ ഇരുന്നാൽ, ഉടനെ ഉറങ്ങും.
മാധവൻ പിള്ള പതിയെ ബസ്സിൽ നിന്ന് ഇറങ്ങി. ആനയെ ചുട്ട മുക്ക് ഒരു വലിയ ജംഗ്ഷൻ ഒന്നും അല്ല. അഞ്ചാലുംമൂട്ടിൽ നിന്നും അഷ്ടമുടി, പ്രാക്കുളം, പെരുമൺ എന്ന സ്ഥലങ്ങളിലേക്ക് പോകുന്ന റോഡിൽ ഒരു ചെറിയ മുക്ക്. അവിടെ ആര്, എന്ന് ആനയെ ചുട്ടു എന്നോ, ചുട്ട ആനയെ എന്ത് ചെയ്തെന്നോ ആർക്കും അറിയില്ല. മൂന്നാല് ചെറിയ കടകളും കുറെ വീടുകളും ഉള്ള ഒരു മുക്ക്.
ബസ്സിൽ നിന്നും ഇറങ്ങിയ ശേഷം വലത് വശത്തുള്ള ടാറിട്ട വഴിയിലൂടെ മാധവൻ പിള്ള നടന്നു. അല്പ ദൂരം നടന്നു കഴിഞ്ഞപ്പോൾ വീണ്ടും ക്ഷീണം തോന്നി. ഉറക്കം പൂർണമായും വിട്ട് മാറിയില്ല എന്ന് തോന്നി. റോഡിന്റെ അരികിൽ കണ്ട ഒരു വലിയ കല്ലിന്മേൽ അല്പനേരം ഇരുന്നു.
“ മൂപ്പീന്നേ, കാറ്റ് പോവാറായോ ?”
തിരിഞ്ഞ് നോക്കിയപ്പോൾ ഒരു താന്തോന്നി സൈക്കിളും ചവിട്ടി ഇളിച്ച് കൊണ്ട് പോകുന്നു. ചെറുപ്പ കാലം ആയിരുന്നെങ്കിൽ അതിന് മറുപടി അവന്റെ കരണത്ത് കൊടുത്തേനെ മാധവൻ പിള്ള. ഇപ്പോൽ വയ്യാ.
കുറച്ചു നേരം കഴിഞ്ഞ് മെല്ലെ എഴുന്നേറ്റ് തന്റെ മകളുടെ വീടിനെ ലക്ഷ്യമാക്കി
നടന്നു. നാലഞ്ച് വർഷം മുമ്പ് ഒരിക്കൽ ഇതു വഴി വന്നതാണ്. അന്ന് കണ്ട വീട് ശരിക്കും ഓർമ്മയിൽ വരുന്നില്ല. ഓരോ വീടുകളും സൂക്ഷിച്ചു
നോക്കി മുന്നോട്ട് നടന്നു. ഒരു വലിയ വീടിന്റെ മുന്നിൽ ഒരു ബോർഡ് കണ്ടു.
‘ സബീനാ മൻസിൽ’.
വീടിന്റെ ബോർഡ് നോക്കി നില്ക്കുന്ന ആളെ നോക്കി അതിലെ വന്ന ഒരു മുസ്ലിം സ്ത്രീ പറഞ്ഞു
“ഇത്, മ്മ്ടെ സുബൈറിന്റെ വീടാ.”
“ ആരാ സബീന ? “ ജിജ്ഞാസയോടെ മാധവൻ പിള്ള ചോദിച്ചു.
“ അത്, ഒരു നായർ പെണ്ണിനെ അല്ലിയോ അവൻ വിളിച്ചു ഇറക്കിക്കൊണ്ട് വന്നത്. ഓൻ ആ പെണ്ണിന് ഇട്ട പേരാണ് സബീന. വീടിനും ഓളുടെ പേരിട്ടു. ങ്ങ്ള് ആരാ?”
ആ സ്ത്രീ ചോദിച്ചു.
“ഒരു വഴിപോക്കൻ” മാധവൻ പിള്ള പതിയെ പറഞ്ഞു. എന്തോ പുറുപുറുത്ത് കൊണ്ട് ആ സ്ത്രീ നടന്നു പോയി. മാധവൻ പിള്ള ഗേറ്റും പിടിച്ച് അല്പനേരം നിന്നു.
വീടിന്റെ ഗേറ്റിന്റെ അടുത്ത് സംസാരം കേട്ടത് കൊണ്ടാകണം, വീടിന്റെ ഉമ്മറത്തെ വാതിൽ തുറന്ന് ഒരു ചെറുപ്പക്കാരി പുറത്ത്
വന്നു. പഞ്ചാബി ഷൂട്ട് ആയിരുന്നു വേഷം. തലയിൽ തട്ടം ഇട്ടിട്ടുണ്ട്.
“അച്ഛാ..” എന്ന് വിളിച്ചു കൊണ്ട് ഓടി വന്ന് മാധവൻ പിള്ളയുടെ കയ്യിൽ പിടിച്ചു. എന്നിട്ട് പതിയെ വീടിന്റെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു
പോയി. ഒരു സോഫയിൽ ഇരുത്തി.
വർഷങ്ങൾക്കു ശേഷം മകളെ കണ്ടപ്പോൾ മാധവൻ പിള്ളയുടെ കണ്ണ് നിറഞ്ഞു. താനും ഭാര്യ പാർവ്വതിയും ലാളിച്ചു
വളർത്തിയ ഒരേയൊരു മകൾ ശ്രീലക്ഷ്മി, ഇന്ന് തട്ടം ഇട്ട് കൊണ്ട് മുന്നിൽ നില്ക്കുന്ന സബീന. ഒരു ജീവിതകാലം അയാളുടെ മനസ്സിലൂടെ
കടന്നു പോയി.
“ അച്ഛൻ വീട്ടിൽ വന്നിട്ട് ഞാൻ ഒന്നും തന്നില്ല” എന്നും പറഞ്ഞു കൊണ്ട് സബീന അടുക്കളയിൽ പോയി ഒരു ഗ്ലാസിൽ ജ്യൂസും കുറച്ച് ഹൽവയും കൊണ്ട് വന്ന് ടീപ്പോയിൽ വച്ചു.
“ എത്ര നാളായി അച്ഛനെ കണ്ടിട്ട് ? കഴിക്ക് അച്ഛാ” എന്ന് പറഞ്ഞു കൊണ്ട് ഒരു കഷണം ഹൽവ എടുത്ത് മാധവൻ പിള്ളയുടെ വായിൽ വെച്ച് കൊടുത്തു. പതിയെ ആ പാദങ്ങളിൽ തൊട്ടു വന്ദിച്ചു. പതിയെ ചോദിച്ചു
“ അച്ഛന് സുഖമാണോ ?”
മാധവൻ പിള്ളയുടെ തൊണ്ട ഇടറി. അയാൾ പറഞ്ഞു
“ അച്ഛന് നല്ല സുഖമില്ല, മോളേ. കൂകൂടാതെ കുറെ വർഷങ്ങളായി ഒറ്റയ്ക്കുള്ള
ജീവിതം. മടുത്തു. നീയല്ലാതെ മറ്റ് മക്കളാരും ഞങ്ങൾക്ക് ഇല്ലല്ലോ ? നീയിങ്ങനെ….”
“ അതെ അച്ഛാ. അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ, വല്ല മേത്തച്ചെറുക്കന്റെ
കൂടെ ഒളിച്ചോടി. അല്ലേ ? “ സബീന വാക്കുകൾ മുഴുമിപ്പിച്ചു.
“ എന്താ, അത് ശരിയല്ലേ ? ഒരു വലിയ തറവാട്ടിലെ ഒരു ഉദ്യോഗസ്ഥനുമായി കല്യാണം ഉറപ്പിച്ച പെണ്ണ് അല്ലായിരുന്നോ നീ
? വിവാഹത്തിന് ഒരാഴ്ച മുമ്പ് ഒരു ചെറുക്കന്റെ കൂടെ ഒളിച്ചോടി. ഇതിൽ പരം നാണക്കേട് വരാനുണ്ടോ എനിക്കും നിന്റെ അമ്മയ്ക്കും ? നല്ല ഒന്നാന്തരം ഒരു നായർ തറവാട്ടിൽ പിറന്ന ഒരു പെൺകുട്ടി, കൂടെപ്പഠിച്ച ഒരു മുസ്ലിം പയ്യനുമായി ഒളിച്ചോടുക. ആ ഷോക്കിലല്ലേ നിശ്ചയിച്ച വിവാഹത്തിന്റെ തലേന്ന് നിന്റെ അമ്മ മരിച്ചത് ? പാവം എന്റെ പാർവ്വതി, ചങ്ക് പൊട്ടിയാണ് അവൾ മരിച്ചത്.” മാധവൻ പിള്ള ഗദ്ഗദകണ്ഠനായി പറഞ്ഞു.
കുറച്ചു നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. മുന്നിൽ ഇരുന്ന ജ്യൂസ് അല്പം കുടിച്ചു കഴിഞ്ഞ് മാധവൻ പിള്ള
ചോദിച്ചു
“സുബൈറും കുഞ്ഞും എവിടെ ?”
“സുബൈർ മോള് ഷീനയെ അവരുടെ ഉമ്മയെയും ഉപ്പായെയും കാണിക്കാനായി കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. സുബൈറിന് ബിസിനസിൽ വലിയ തിരക്കാണ്. തീരെ സമയമില്ല. ഇന്ന് തീർച്ചയായും കുഞ്ഞിനെ കൊണ്ട് വന്ന് കാണിക്കണം എന്ന് ഉപ്പാ വിളിച്ചു പറഞ്ഞായിരുന്നു.” സബീന മറുപടി നൽകി.
“ അപ്പോൽ, ഒരിക്കൽ എങ്കിലും കുഞ്ഞിനെ എന്നെ കാണിക്കണം എന്ന് നിനക്ക് തോന്നിയില്ല. അല്ലേ മോളേ ?” മാധവൻ പിള്ള പരിഭവം പറഞ്ഞു.
“ എന്നെയോ, എന്റെ മകളെയോ ഒന്നു വന്ന് കാണാൻ അച്ഛനും തോന്നിയില്ലല്ലോ ?” സബീന തിരിച്ചു ചോദിച്ചു.
കുറച്ചു നേരത്തെ മൗനത്തിനു ശേഷം മാധവൻ പിള്ള പറഞ്ഞു
“ എന്തായാലും കഴിഞ്ഞതെല്ലാം കഴിഞ്ഞു. നിങ്ങൾ മൂന്നു പേരും വീട്ടിലേക്ക് വരണം. ഇനിയുള്ള കാലം നിങ്ങൾ നമ്മുടെ വീട്ടിൽ വന്നു താമസിക്ക്. അത് നിനക്ക് മാത്രം അവകാശം ഉള്ള വീടാണ്. വരൂ മോളേ. നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാൻ ആണ് ഞാൻ വന്നത്”.
ആദ്യം സബീനയുടെ മുഖം തെളിഞ്ഞു. പെട്ടെന്ന് തന്നെ ആ മുഖം വാടി. എന്തോ ആലോചിച്ചിട്ട് പറഞ്ഞു
“ഇല്ലച്ഛാ. ഒരിക്കലും ഞാൻ ആ വീട്ടിൽ വരില്ല”
“അതെന്താ?” അല്പം അതിശയത്തോടെ മാധവൻ പിള്ള
ചോദിച്ചു.
“ അച്ഛൻ മറന്നു പോയോ ? എന്നെ പടിയിറക്കി പിണ്ഡം വെച്ച വീടല്ലേ അത്. അതും അമ്മ മരിച്ചതിന്റെ പിറ്റേന്ന്. ജീവിച്ചിരിക്കുമ്പോൾ തന്നെ അച്ഛൻ എന്നെ കൊന്നില്ലേ ?
“ ആ വീട്ടിൽ എനിക്ക് ഒരു സ്ഥാനവും ഇല്ല, അവകാശവും ഇല്ല. ഇനി ഒരിക്കലും ആ വീട്ടിൽ ഞാനോ എന്റെ കുടുംബമോ കാല് കുത്തില്ല. അത് ഇനി അച്ഛൻ മരിച്ചു എന്ന് അറിഞ്ഞാൽ പോലും”.
ഒരു ഇടിവെട്ട് ഏറ്റത് പോലെ തോന്നി മാധവൻ പിള്ളയ്ക്ക്. തന്റെ സമനില തെറ്റി താഴെ വീഴുമോ എന്ന് അയാൾ സംശയിച്ചു. അറിയാതെ ഉള്ളിൽ നിന്നും ഒരു വിളി പുറത്ത് വന്നു
“ മോളേ…”
അല്പനേരം കഴിഞ്ഞ് സബീന അച്ഛന്റെ
കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
“ അച്ഛൻ ഇവിടെ വന്ന് ഞങ്ങളോടൊപ്പം നിൽക്ക്. ഒറ്റയ്ക്ക് താമസിക്കണ്ടാ. സുബൈർ നല്ലവനാണ് അച്ഛാ.”
മകളുടെ കയ്യിൽ നിന്നും കൈ വിടുവിച്ചു കൊണ്ട് അയാൾ പറഞ്ഞു
“ വേണ്ട മോളേ. ഞാൻ എങ്ങനെയെങ്കിലും കഴിഞ്ഞോളാം.”
പതിയെ മാധവൻ പിള്ള സബീന മൻസിലിന്റെ പടിയിറങ്ങി, റോഡിലേക്ക് നടന്നു.
നടന്നകലുന്ന അച്ഛനെ നോക്കി ഒരു കൽപ്രതിമ പോലെ സബീന വാതിക്കൽ നിന്നു. കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.
ആനയെ ചുട്ട മുക്കിൽ
എത്തിയപ്പോൾ മാധവൻ പിള്ളയ്ക്ക് ഒരു ആട്ടോ റിക്ഷ കിട്ടി. റിക്ഷയിൽ കയറി ഇരുന്നതിന് ശേഷം ഡ്രൈവറോട് പറഞ്ഞു
“ മോനേ, ഈ താന്നിക്ക മുക്കിൽ ഒരു വൃദ്ധ സദനം ഉണ്ടെന്ന് കേട്ടു. എനിക്ക് അവിടെ വരെ ഒന്ന് പോകണം.”
മാധവൻ പിള്ളയുടെ മുഖത്ത് മാറി മറിയുന്ന ഭാവങ്ങൾ കണ്ടിട്ട് ഡ്രൈവർ ചോദിച്ചു
“ സാറിന് ആൺമക്കൾ ആരും ഇല്ലേ ?”
“ ഇല്ല മോനെ. ഒരു മകൾ ഉണ്ടായിരുന്നു. അവളും പോയി.” പിള്ള പറഞ്ഞു. എന്നിട്ട് സീറ്റിൽ പുറകോട്ട് ചാരി ഇരുന്നു. താമസിയാതെ അയാൾ ഉറങ്ങി.
“ സാറേ, താന്നിക്ക മുക്ക് എത്തി “ ഡ്രൈവർ പിള്ളയെ കുലുക്കി
വിളിച്ചു.
ആട്ടോ കൂലിയും കൊടുത്തിട്ട് വൃദ്ധ സദനത്തിലേക്ക്
നടന്ന മാധവൻ പിള്ളയെ വിളിച്ച് ഡ്രൈവർ പറഞ്ഞു
“ സാറിന് മക്കൾ ഇല്ല എന്നൊന്നും കരുതണ്ട. വല്ലപ്പോഴും ഇത് വഴി പോകുമ്പോൾ , അച്ഛനെ ഞാൻ വന്ന് കാണാം.”
മാധവൻ പിള്ളയുടെ
കണ്ണ് നിറഞ്ഞു…
കേണൽ രമേശ്
രാമകൃഷ്ണൻ
22 Apr 2021.
“