“ സോമൻ സാറേ, സോമൻ സാറേ “
ഒരു സ്ത്രീയുടെ വിളി കേട്ട് അഞ്ചാലുംമൂട് സഹകരണ സംഘത്തിന്റെ സെക്രട്ടറി സോമൻ സാർ രണ്ടാമത്തെ നിലയിലെ ഓഫീസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. നോക്കിയപ്പോൾ അടുത്ത വീട്ടിലെ കരുവാക്കാരൻ കേശവപിള്ളയുടെ ഭാര്യ നാണിയമ്മ പടികയറി മുകളിലേക്ക് വരുന്നു. സോമൻ സാറ് മുന്നോട്ട് വന്നു പറഞ്ഞു
“ എന്ത് പറ്റി നാണിയമ്മേ ?”
“ ഞങ്ങളുടെ പുരയിടത്തിന്റെ പ്രമാണം സാറിന്റെ കയ്യിലുണ്ടോ. അത് കാണുന്നില്ല”
നാണിയമ്മ കിതച്ചു കൊണ്ട് പറഞ്ഞു. സോമൻ സാറിന് ദേഷ്യം വന്നു. അയാൾ ചോദിച്ചു
“പ്രമാണമോ ? നിങ്ങളുടെ പ്രമാണം എങ്ങനെയാണ് എന്റെ കയ്യിൽ കാണുക ? അതിന് കേശവപിള്ളയോട് ചോദിച്ചാൽ പോരേ? “
“ അങ്ങേര് മരിച്ചു പോയി”
പെട്ടെന്ന് ഓർത്തു കൊണ്ട് നാണിയമ്മ പറഞ്ഞു.
“ എപ്പോൾ ? ഇന്നലെ ഞാൻ കണ്ടായിരുന്നല്ലോ “ സോമൻ സാറ് തിരക്കി.
“ ഒന്ന് രണ്ട് മണിക്കൂറായി."
നാണിയമ്മയുടെ കണ്ണു നിറഞ്ഞു.
“ ആരെയും അറിയിച്ചില്ല. അല്ലേ ?”
സോമൻ സാറ് ചോദിച്ചു.
“ അയ്യോ അത് ഞാനങ്ങു മറന്നു പോയി. അതെങ്ങനാ, ഞാൻ വീടിന്റെ പ്രമാണം തിരക്കുകയായിരുന്നു. പ്രമാണം കയ്യിൽ കൊടുത്തില്ലെങ്കിൽ അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തില്ലെന്ന് ഞങ്ങളുടെ മോൻ, ആ താന്തോന്നി ഗോപാലകൃഷ്ണൻ പറഞ്ഞു. അതിനി നോക്കാൻ ഒരിടവും ബാക്കിയില്ല.” നാണിയമ്മ ഒരു സത്യം പറഞ്ഞു.
“ അതെന്തായാലും മോശമായിപ്പോയി. നിങ്ങള് പോയി നാട്ടുകാരെ വിവരമറിയിക്ക്”
സോമൻ സാറ് ദേഷ്യപ്പെട്ടു.
വേഗത്തിൽ പടിയിറങ്ങി, ഓടി മുറ്റത്തെത്തിയിട്ട് നാണിയമ്മ മൂന്നാല് പ്രാവശ്യം നെഞ്ചത്തടിച്ചു വലിയ വായിൽ വിളിച്ചു കരഞ്ഞു
“ അയ്യോ, എന്റെ പിള്ളേച്ചൻ എന്നെയിട്ടിട്ട് പോയേ “
കരച്ചിലിന്റെ ശബ്ദം കേട്ട് അടുത്ത വീട്ടുകാർ ഓടിയെത്തി. കേശവപിള്ളയുടെ ശരീരം കട്ടിലിൽ നിന്നും താഴെയിറക്കി ഉമ്മറത്ത് ഒരു വാഴയിലയിൽ കിടത്തി. തലഭാഗത്ത് ഒരു വിളക്കും കത്തിച്ചു വെച്ചു. ബന്ധുക്കളെ വിവരമറിയിക്കാൻ ആളുകൾ പല സ്ഥലത്തേക്കും പോയി.
പതിനാറാമത്തെ വയസ്സിൽ നാരായണി എന്ന കാഞ്ഞിരം കുഴിക്കാരി പെൺകുട്ടിയെ മുപ്പത്തി രണ്ടു വയസ്സുകാരൻ ഒരു പുടവ കൊടുത്തു കൊണ്ടുവന്നതാണ്. തന്റെ കൃഷിപ്പണിക്കിടയിൽ വിവാഹജീവിതത്തിന് സമയം കിട്ടില്ല എന്ന് കരുതി വിവാഹമേ വേണ്ടാ എന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. അത്രത്തോളം മുഴുകിയിരുന്നു കൃഷിപ്പണിയിൽ കേശവപിള്ള.
കരുവായിൽ നിന്നും അഞ്ചാലുംമൂട്ടിൽ വന്ന് താമസമാക്കിയ കൃഷ്ണപിള്ളയുടെയും നാരായണിയമ്മയുടെയും ഏക മകൻ ആയിരുന്നു കേശവപിള്ള. പാരമ്പര്യമായി കൃഷി ചെയ്യുന്നവർ. പാടത്തായാലും പറമ്പിലായിലും എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു രണ്ടു പേർക്കും.
കൃഷ്ണപിള്ളയുടെ മരണശേഷം നാരായണിയമ്മ തികച്ചും ഒറ്റപ്പെട്ടു. താൻ മരിക്കുന്നതിന് മുമ്പ് കേശവപിള്ളയെക്കൊണ്ട് വിവാഹം കഴിപ്പിക്കണമെന്നായിരുന്നു അവരുടെ ഏക ആഗ്രഹം. അങ്ങനെ പറഞ്ഞു പറഞ്ഞ് ശല്യപ്പെടുത്തിയപ്പോൾ ഒരു ദിവസം കേശവപിള്ള പറഞ്ഞു
“ ശരി. ഞാൻ പെണ്ണ് കെട്ടാം. പക്ഷേ നാട്ടുകാർക്കൊക്കെ സദ്യയൊരുക്കി സൽക്കരിക്കാൻ എന്നെ കിട്ടില്ല.”
അടുത്തയാഴ്ച തന്നെ കേശവപിള്ള കാഞ്ഞിരം കുഴിയിലുള്ള ഒരു ബന്ധുവിന്റെ അടുത്ത വീട്ടിലെ നാരായണിയമ്മയെ ഒരു പുടവ കൊടുത്തു വിളിച്ചു കൊണ്ടു വന്നു. ഒരു കാറിൽ പോയി, അതേ കാറിൽ തന്നെ തിരികെ വന്നു. വീട്ടിൽ എത്തിയപ്പോൾ അമ്മ നാരായണിയമ്മ ചോദിച്ചു
“ എന്താ പെണ്ണേ നിന്റെ പേര് ?”
പുതിയ പെണ്ണ് പറഞ്ഞു
“ നാരായണിയമ്മ”
എഴുന്നേറ്റ് അടുത്ത് ചെന്ന് അമ്മ പറഞ്ഞു
“ അങ്ങനെ രണ്ട് നാരായണിമാർ ഒരു വീട്ടിൽ വേണ്ടാ. മോൾക്ക് ഇന്നു മുതൽ നാണി എന്ന പേര് മതി. “
അങ്ങനെയാണ് കേശവപിള്ളയുടെ ഭാര്യ നാണിയമ്മ ആയത്.
പുതിയ പെണ്ണിനെ വിളിച്ചു കൊണ്ട് വന്നെങ്കിലും കേശവപിള്ളയുടെ ജീവിതത്തിൽ വലിയ മാറ്റമൊന്നും വന്നില്ല. പണ്ടേ അയാൾ ഒറ്റയ്ക്കായിരുന്നു കിടപ്പ്. ആരുടെയും വിയർപ്പിന്റെ ഗന്ധം അയാൾക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ നാണിയമ്മയോട് അമ്മയുടെ മുറിയിൽ കിടക്കാൻ പറഞ്ഞു. അത് നാരായണിയമ്മയ്ക്ക് നന്നേ ബോധിച്ചു. പഴയകാല ചരിത്രം പറയുമ്പോൾ കേൾക്കാൻ ഒരാളായല്ലോ. ഒപ്പം അടുക്കളയിൽ ആഹാരം വെച്ചു വിളമ്പാനും പൈക്കളെ നോക്കാനും ഒരു പെണ്ണ്.
കേശവപിള്ള രാവിലെ നേരത്തെ എഴുന്നേല്ക്കും. എന്നിട്ട് ഒരു കട്ടൻ ചായയും കുടിച്ച്, എന്തെങ്കിലും പഴങ്ങളും കഴിച്ചു കൊണ്ട് നേരേ പറമ്പിലേക്ക് പോകും. അവിടെ കിളയ്ക്കലും, നനയ്ക്കലും, വിത്തിടീലും, കളം പറിക്കലും എന്ന് വേണ്ടാ നൂറു കൂട്ടം പണികൾ. എല്ലാം അയാൾ സ്വന്തമായി ചെയ്യും. ഒരു പതിനൊന്നു മണിയോടെ വീട്ടിൽ വരും. എന്നിട്ട് കയ്യും കാലും മുഖവും കഴുകി കഞ്ഞിയും പുഴുക്കും വയറ് നിറയെ കഴിക്കും. കുറച്ച് വിശ്രമിച്ചിട്ട് കുറച്ചു നേരം പശുക്കളെ നോക്കും. ഉച്ച കഴിഞ്ഞു വീണ്ടും പറമ്പിലേക്ക്. തിരികെ വരുന്നത് സന്ധ്യക്കാണ്. നേരേ കിണറ്റിന്റ കരയിൽ പോയി തൊട്ടിയിൽ വെള്ളം കോരിയൊഴിച്ച് കുളിക്കും. കുളി കഴിഞ്ഞ് അത്താഴം. മീൻ കറി കൂട്ടിയുള്ള ഉണ് നിർബന്ധമായും വേണം. ഊണ് കഴിഞ്ഞാൽ ഉടനെ കട്ടില് പിടിക്കും. താമസിയാതെ അടുത്ത വീട്ടുകാർ കേൽക്കുന്നത്ര ഉച്ചത്തിൽ കൂർക്കം വലി. ഇതിനിടയിൽ പ്രണയത്തിന് അയാൾക്ക് സമയമില്ലായിരുന്നു. ദാമ്പത്യസുഖം എന്തെന്ന് നാണിയമ്മയും അറിഞ്ഞില്ല.
ഒരുദിവസം രാവിലെ, കേശവപിള്ള യുടെ ഒരു ബാല്യകാല സുഹൃത്ത് അയാളെ കാണാൻ വന്നു. കല്യാണം കഴിച്ചതിന്റെ ആഘോഷം വേണമെന്ന് വാശി പിടിച്ചു. കേശവപിള്ള അയാളുടെ കൂടെ നേരേ കള്ള് ഷാപ്പിലേക്ക് പോയി. രാത്രിയിൽ തിരികെ വരുമ്പോൾ ഒരു ലക്കും ലവലും ഇല്ലായിരുന്നു. മുന്നിൽ കണ്ട നാണിയമ്മയെ പൊക്കിയെടുത്ത് മുറിയിലേക്ക് കൊണ്ടുപോയി. പിന്നെ അവിടെ എന്ത് നടന്നു എന്ന് അയാൾക്ക് തന്നെ നിശ്ചയമില്ല. നേരം വെളുത്തു നാണിയമ്മ പുറത്ത് വന്നപ്പോൾ ആളാകെ മാറിയിരുന്നു.
അടുത്തമാസം നാണിയമ്മയുടെ കുളി തെറ്റി. നാണിയമ്മ ഗർഭിണിയായി. അങ്ങനെ ഉണ്ടായ സന്താനമാണ് ശ്രീമാൻ ഗോപാലകൃഷ്ണപിള്ള.
ഒമ്പത് മാസം കഴിഞ്ഞ് നാണിയമ്മ പ്രസവിച്ചു. അണ്ടിമുണ്ടൻ പോലൊരു കുഞ്ഞ്. അടുത്ത ദിവസം തന്നെ കറുമ്പിപ്പശുവും പ്രസവിച്ചു. ഒരു കരിമാടക്കുട്ടൻ. രണ്ടു കിടാങ്ങളും ഒരുമിച്ച് കളിച്ചു വളർന്നു.
ഗോപാലകൃഷ്ണപിള്ളയെ പ്രസവിച്ചതിന്റെ ഏഴു മാസം കഴിഞ്ഞ് നാരായണിയമ്മ അന്ത്യശ്വാസം വലിച്ചു. അതോടെ നാണിയമ്മയുടെ ജീവിതം ആകെ കഷ്ടത്തിലായി. കുഞ്ഞിനെ വളർത്താനും വീട്ടുകാര്യങ്ങൾ നേരാംവണ്ണം നോക്കാനും വളരെ ബുദ്ധിമുട്ടി.
കേശവപിള്ളയുടെ ജീവിതത്തിലും സ്വഭാവത്തിലും വലിയ മാറ്റമൊന്നും സംഭവിച്ചില്ല. ഒരിക്കൽ പോലും തന്റെ മകനെ അയാൾ ലാളിക്കുന്നതോ എടുത്തു കൊണ്ട് നടക്കുന്നതോ ആരും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ അച്ഛനോട് ഒരു സ്നേഹവും ബഹുമാനവും ഗോപാലകൃഷ്ണപിള്ളയ്ക്കും തോന്നിയിട്ടില്ല.
കാലം കടന്നു പോയി. അടുക്കളയും കുട്ടിയും പശുവുമായി നാണിയമ്മയും, പറമ്പും പള്ളിക്കുടവുമായി ഗോപാലകൃഷ്ണപിള്ളയും പറമ്പും വയലുമായി കേശവപിള്ളയും ജീവിതം കഴിച്ചു കൂട്ടി. ആർക്കും മറ്റൊന്നിനും സമയമില്ലായിരുന്നു.
പത്താം ക്ലാസ്സ് തോറ്റപ്പോൾ ഇനി മേലാൽ പുസ്തകം കൈകൊണ്ട് തൊടില്ല എന്ന് ഗോപാലകൃഷ്ണപിള്ള ശപഥം ചെയ്തു. അല്ലേലും പഠിച്ചിട്ട് എന്ത് നേടാനാണ് എന്നയാൾ വാദിച്ചു. കേശവപിള്ള അത് കേട്ട ഭാവം നടിച്ചില്ല.
കൃഷിയിടത്തിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സുഭിക്ഷമായ ഒരു ജീവിതമായിരുന്നു അവരുടേത്. പിശുക്കനായ കേശവപിള്ള മറ്റാർക്കും ഒന്നും കൊടുത്തില്ല. മിച്ചമുള്ള പണം ഉരുക്കു കൂട്ടി കുറെ പുരയിടങ്ങൾ വാങ്ങി. എല്ലാം തന്റെ പേരിൽ. എന്നാൽ പ്രമാണം പോലും നാണിയമ്മയെ അയാൾ കാണിച്ചിട്ടില്ല. എവിടെയാണ് പ്രമാണങ്ങൾ വച്ചിരിക്കുന്നത് എന്ന് പോലും അവരോട് പറഞ്ഞിട്ടില്ല.
കേശവപിള്ളയ്ക്ക് വയസ്സായി. എന്നിട്ടും അയാൾ കൃഷിപ്പണി തുടർന്നു. ഒരിക്കൽ പാടത്ത് കിളച്ചു കൊണ്ടിരിക്കെ തലകറക്കം തോന്നി. വീടിനകത്ത് കയറി കട്ടിലിൽ മെല്ലെ കിടന്നു. മരണത്തെ അയാൾ മുന്നിൽ കണ്ടു.
മരിക്കുന്നതിന് മുമ്പ് ദാഹജലത്തിനായി കേശവപിള്ള മകനോട് ആംഗ്യം കാണിച്ചു. എന്നിട്ട് വായ തുറന്നു കിടന്നു. ഗോപാലകൃഷ്ണപിള്ള ചോദിച്ചു
“ അച്ഛാ, വീടിന്റെ പ്രമാണം എവിടെയാ വച്ചിരിക്കുന്നത് ?”
വെള്ളം കിട്ടാതെ, വായ് തുറന്നു വെച്ചുകൊണ്ട് തന്നെ കേശവപിള്ള യുടെ ജീവൻ പോയി. കരഞ്ഞു കൊണ്ട് ഓടി വന്ന നാണിയമ്മയോട് മകൻ പറഞ്ഞു
“ ദേ, തള്ളേ, ഈ പുരയിടത്തിന്റെ പ്രമാണം എന്റെ കയ്യിൽ കിട്ടിയില്ലെങ്കിൽ ഞാൻ ഇങ്ങേരുടെ ചിതയ്ക്ക് തീ കൊളുത്തില്ല”.
നാണിയമ്മയും ഗോപാലകൃഷ്ണപിള്ളയും വീട് മുഴുവൻ അരിച്ചു പെറുക്കി. പ്രമാണം കിട്ടിയില്ല. അതിനിടയിൽ കേശവപിള്ള മരിച്ചു കിടക്കുന്ന കാര്യം രണ്ടു പേരും മറന്നു പോയി. ഇനി പ്രമാണം സോമൻ സാറിനെയെങ്ങാനും ഏല്പിച്ചിണ്ടോയെന്നറിയാനാണ് നാണിയമ്മ അങ്ങോട്ട് വന്നത്.
കേശവപിള്ളയുടെ മരണവിവരം അറിഞ്ഞ് പലരും ഓടിയെത്തി. നെഞ്ചത്തടിച്ചു കരച്ചിലും വാവിട്ടു കരച്ചിലും ഒക്കെ മുറപോലെ നടന്നു. ഗോപാലകൃഷ്ണപിള്ള മാത്രം ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയ്ക്ക് ഇരുന്നു. ഇടയ്ക്കിടെ ചെന്നു നാണിയമ്മയെ പ്രമാണത്തിന്റെ കാര്യം ഓർമ്മപ്പെടുത്തി. സമുദായക്കാരും ബന്ധപ്പെട്ടവരും ചേർന്ന് ദാഹക്രീയയ്ക്കുള്ള കാര്യങ്ങളിൽ മുഴുകി. എല്ലാവരുടെയും മുന്നിൽ വച്ച് ഗോപാലകൃഷ്ണപിള്ള പറഞ്ഞു.
“ അമ്മേ, വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പുരയിടത്തിന്റെ പ്രമാണം എന്റെ കയ്യിൽ കിട്ടിയില്ലെങ്കിൽ ഞാൻ ചിതയ്ക്ക് തീ കൊളുത്തില്ല. ഇത് സത്യം.”
ആളുകൾ അതിശയം പ്രകടിപ്പിച്ചു. എല്ലാവരും വീണ്ടും പ്രമാണം തിരിയാൻ തുടങ്ങി. ഒരു തുമ്പും കിട്ടിയില്ല. കൃത്യം അഞ്ചു മണിക്ക് ഗോപാലകൃഷ്ണപിള്ള തന്റെ അച്ഛന്റെ മൃതദേഹം ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ എങ്ങോട്ടോ ഇറങ്ങിപ്പോയി.
കേശവപിള്ളയുടെ അകന്ന ബന്ധത്തിലെ ഒരു സഹോദരന്റെ മകൻ ചിതയ്ക്ക് തീ കൊളുത്തി. മറ്റ് അന്ത്യകർമ്മങ്ങളും ചെയ്തു.
സഞ്ചയനവും കുളിയടിയന്തിരവും മുറപോലെ നടന്നു. മകൻ മാത്രം പങ്കെടുത്തില്ല.
നാണിയമ്മ ജീവിതത്തിൽ തികച്ചും ഒറ്റപ്പെട്ടു. പ്രായത്തിന് മുമ്പേ വയസ്സായി. ജീവിക്കാൻ വേണ്ടതൊക്കെ പറമ്പിൽ നിന്നും കിട്ടുമായിരുന്നു. പത്തായത്തിൽ കഴിഞ്ഞ വർഷത്തെ നെല്ലുണ്ടായിരുന്നത് കൊണ്ട് മാസങ്ങളോളം ബുദ്ധിമുട്ട് ഇല്ലാതെ കഴിച്ചു കൂട്ടി. വീടിന്റെ മുന്നിലൂടെ പോകുന്ന ആരെങ്കിലും ആൺകുട്ടികളെ വിളിച്ച് സഹായം തേടിയിരുന്നു.
അങ്ങനെ ഒരു ദിവസം പത്തായത്തിന്റെ അടിയിൽ നിന്നും നെല്ല് വാരുന്നതിനിടയിൽ ഒരു കുട്ടിക്ക് ഒരു പൊതി കിട്ടി. ഉടനെ തന്നെ നാണിയമ്മയെ വിളിച്ച് ആ പൊതി കൊടുത്തു. തുറന്നു നോക്കിയപ്പോൾ അതിനുള്ളിൽ ഉണ്ടായിരുന്നു കുറെ പ്രമാണങ്ങൾ.
പ്രമാണം കിട്ടിയ അപ്പോൾത്തന്നെ നാണിയമ്മ സോമൻ സാറിനെ വിവരമറിയിച്ചു.
“ ഇനി എന്ത് ചെയ്യും സാറേ?”
നിറഞ്ഞ കണ്ണുകളോടെ തിരക്കി നാണിയമ്മ.
സോമൻ സാറ് കുറെ നേരം ആലോചിച്ചു. എന്നിട്ട് പറഞ്ഞു.
“ നമുക്ക് പത്രത്തിൽ പരസ്യം കൊടുത്തു നോക്കാം”
“ശരി. എന്താണെന്ന് വെച്ചാൽ സാറ് തന്നെ ചെയ്യൂ”
പ്രമാണവുമായി വീട്ടിലേക്ക് നടന്നു നാണിയമ്മ.
മൂന്നു ദിവസം കഴിഞ്ഞുള്ള മലയാള മനോരമ, മാതൃഭൂമി, മംഗളം, കേരള കൗമുദി, ജനയുഗം എന്നീ പത്രങ്ങളിൽ ഒരു പരസ്യം വന്നു.
“അമ്മയോട് പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിപ്പോയ മകൻ ഗോപാലകൃഷ്ണപിള്ള അറിയുന്നതിന്.
കാണാതിരുന്ന വസ്തുക്കളുടെ പ്രമാണം കിട്ടി. നീ എത്രയും പെട്ടെന്ന് വീട്ടിൽ തിരികെ വരണം.
എന്ന് അമ്മ, നാണിയമ്മ”
പരസ്യം പത്രങ്ങളിൽ വന്നതിന്റെ നാലാം ദിവസം വെളുപ്പാൻ കാലത്ത് ഗോപാലകൃഷ്ണപിള്ള വീടിന്റെ വാതിലിൽ മുട്ടി വിളിച്ചു. ആകെ പ്രാകൃതമായ രൂപത്തിൽ. മകനെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു നാണിയമ്മ. അയാൾ ചോദിച്ചു
“ എവിടെയമ്മാ പ്രമാണം ?”
ഒന്നും മറുപടി പറയാതെ നാണിയമ്മ അകത്തു നിന്നും പ്രമാണത്തിന്റെ പൊതി കൊണ്ടു വന്ന് മകന്റെ കയ്യിൽ കൊടുത്തു.
ഗോപാലകൃഷ്ണപിള്ളയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അയാൾ നാണിയമ്മയെ പൊക്കിയെടുത്ത് കറക്കി. അമ്മയെ താഴെയിറക്കിയിട്ട് അയാൾ പറഞ്ഞു.
“ ഇനി അമ്മ നോക്കിക്കോ. ഇതിൽ നിന്നും കുറെ സ്ഥലം വിറ്റിട്ട് ഞാൻ ഒരു കച്ചവടം തുടങ്ങും. എന്നിട്ട് ഒരു പെണ്ണ് കെട്ടും. സുഖമായി ജീവിക്കും. അമ്മയെ ഞാൻ പൊന്നു പോലെ നോക്കും. നമുക്കും വേണ്ടേ അമ്മേ ഒരു സുഖജീവിതം ?”
നാണിയമ്മ ദേഷ്യത്തോടെ ചോദിച്ചു.
“ഈ പ്രമാണങ്ങൾക്ക് വേണ്ടി ആയിരുന്നല്ലോടാ നീ , നിനക്ക് ജന്മം നൽകിയ, ജീവിതകാലം മുഴുവനും കഷ്ടപ്പെട്ട് നിനക്കു വേണ്ടി ഈ സ്വത്തെല്ലാം സമ്പാദിച്ച നിന്റെ അച്ഛന്റെ ചിത്രയ്ക്ക് തീ കൊളുത്താതെ, അന്ത്യകർമ്മങ്ങളും ചെയ്യാതെ ഓടി പൊയ്ക്കളഞ്ഞത് ?”
നാണിയമ്മ തുടർന്നു
“നിനക്ക് തോന്നുന്നുണ്ടോ, ഈ സ്വത്തെല്ലാം ഉപയോഗിച്ച് സ്വസ്ഥമായി, സമാധാനത്തോടെ ജീവിക്കാൻ നിനക്ക് കഴിയുമെന്ന് ?
“പ്രമാണം മാത്രമല്ല, ജീവിതത്തിന്റെ ആധാരം. മറ്റു പലതുമുണ്ട്……”
കേണൽ രമേശ് രാമകൃഷ്ണൻ
22 Jan 2022