“എന്താടാ ?”
തുറിച്ചു നോക്കിക്കൊണ്ട് ഹേമ ചോദിച്ചു. ചിന്നക്കട ബസ്സ് സ്റ്റാൻഡിൽ കുറെ അധികം പേര് ഉണ്ടായിരുന്നിട്ടും ഒരാൾ മാത്രം തന്നെ ശ്രദ്ധിക്കുന്നു എന്ന് ഹേമയ്ക്ക് നേരത്തേ മനസ്സിലായി. ഇതിനിടയിൽ പല റൂട്ടിലേക്കുള്ള കുറെ ബസ്സുകൾ വന്നു പോയി. ഹേമയോ അയാളൊ നിന്നിരുന്ന സ്ഥലത്ത് നിന്നും അനങ്ങിയില്ല. എന്തോ പന്തികേട് ഉണ്ടെന്ന് ഹേമയുടെ മനസ്സ് പറഞ്ഞു.
“ഏയ്, ഒന്നുമില്ല”.
ആ ചോദ്യത്തിന്റെ ഷോക്ക് മാറിയപ്പോൾ അയാൾ പറഞ്ഞു.
“പിന്നെ എന്താണ് ഇങ്ങനെ നോക്കുന്നത് ? പെണ്ണുങ്ങളെ കണ്ടിട്ടില്ലേ ?”
ഹേമ നീരസത്തോടെ ചോദിച്ചു.
“ എന്തോ നിങ്ങളുടെ മനസ്സിനെ വല്ലാതെ അലട്ടുന്നതായി എനിക്ക് തോന്നി. ഒന്നു രണ്ടു തവണ കണ്ണ് നിറയുന്നതും കണ്ടു. അതുകൊണ്ടാണ് നോക്കിപ്പോയത് . സോറി”.
അല്പം അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് അയാൾ പറഞ്ഞു.
ഇത്രയും കൃത്യമായി തന്നെ മനസ്സിലാക്കിയതിൽ ഹേമ അതിശയിച്ചു. അടുത്തു നിന്ന ആൾക്കാരുടെ മുന്നിൽ വച്ച് എന്തെങ്കിലും പറയാൻ ഹേമ പരുങ്ങുന്നത് കണ്ട് അയാൾ പറഞ്ഞു
“ നമുക്ക് എവിടെയെങ്കിലും ഇരുന്ന് സംസാരിക്കാം. വരൂ”.
ആ വിളിയിൽ ഉള്ള ആത്മാർത്ഥത കണ്ട്, മറിച്ച് ഒന്നും പറയാതെ അയാളുടെ ഒപ്പം നടന്നു. ഹേമയെ തൊട്ടടുത്തുള്ള സുപ്രഭാതം റെസ്റ്റോറന്റിലേക്ക് അയാൾ കൂട്ടിക്കൊണ്ടു പോയി. റസ്റ്റോറന്റിൽ ഒരു ഒഴിഞ്ഞ സ്ഥലത്ത് രണ്ടു പേരും ഇരുന്നു. ഒരു വെയിറ്റർ രണ്ടു ഗ്ലാസ് വെള്ളം കൊണ്ട് വന്ന് മേശപ്പുറത്ത് വച്ചു. അയാൾ ചായയും വടയും ഓർഡർ ചെയ്തു.. താമസിയാതെ തന്നെ ചായയും വടയും എത്തി. ആർത്തിയോടെ ഹേമ അത് കഴിച്ചു. കുറെ മണിക്കൂറുകളായി വിശന്നിരുന്നതാണ് എന്ന് അത് കണ്ടപ്പോൾ മനസ്സിലായി. ഹേമ ചായ കുടിച്ചു കഴിഞ്ഞ് അയാൾ ചോദിച്ചു.
“ പറയൂ, എന്താണ് പ്രശ്നം ?”
“ എന്റെ പേര് ഹേമ. അഞ്ചാലുംമൂട്ടിലാണ് വീട്. ഇവിടെ രാധാസ് ടെക്സ്റ്റൈസിൽ ഒരു ചെറിയ ജോലി ചെയ്യുന്നു. മനസ്സ് അപ്സെറ്റ് ആയത് കൊണ്ടാണ് അപമര്യാദയായി സംസാരിച്ചത്. സോറി”
“ഏയ്, സാരമില്ല. പറയൂ, എന്താണ് പ്രശ്നം ?” ആകാംക്ഷയോടെ അയാൾ ചോദിച്ചു.
“ എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒരേയൊരു മകളാണ്. അവർക്ക് വയസ്സായി. അമ്മയ്ക്ക് നല്ല സുഖമില്ല. കൂലിപ്പണി ആയിരുന്നു അച്ഛന് . ഇപ്പോൽ ജോലി ഒന്നും ചെയ്യാൻ വയ്യ. ഇന്നലെ വൈകിട്ട് അച്ഛന് സഹിക്കാൻ ആകാത്ത നെഞ്ച് വേദന വന്നു.. പെട്ടെന്ന് തന്നെ ഞാൻ ഒരു ടാക്സിയിൽ അച്ഛനെ ബെൻസിഗർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ആഞ്ചിയോഗ്രാഫിയിൽ ഹൃദയത്തിൻ ബ്ളോക്ക് ഉണ്ടെന്ന് കണ്ടുപിടിച്ചു. എത്രയും വേഗം ഓപ്പറേഷൻ ചെയ്യണം. അതിനായി ഒരു ലക്ഷം അറുപതിനായിരം രൂപ ആദ്യം അടച്ചാലേ ഓപ്പറേഷൻ ചെയ്യാൻ തുടങ്ങൂ എന്ന് തീർത്തും കർശനമായി പറഞ്ഞു. എന്റെ കയ്യിൽ കൂടുതൽ കാശ് ഇല്ലായിരുന്നു. രാധാസിന്റെ മുതലാളി രണ്ടു മാസത്തെ ശമ്പളം എനിക്ക് അഡ്വാൻസ് ആയി തന്നു. കൂട്ടുകാരികളും അവരാൽ കഴിയുന്ന സഹായം ചെയ്തു. പിന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വർണം വിറ്റു. കുറച്ചു രുപ ഒന്ന് രണ്ട് ബന്ധുക്കളും തന്നു. എല്ലാം കൂടി തൊണ്ണൂറായിരം രൂപ ആയി. ഇനിയും വേണം എഴുപതിനായിരം രൂപ. സഹായിക്കാൻ ഇനി ആരും ബാക്കിയില്ല. ആരോട് ചോദിക്കും, എങ്ങോട്ട് പോകും എന്നറിയാതെ വിഷമിച്ചു നില്ക്കുകയായിരുന്നു. എന്റെ അച്ഛൻ….”
ഇത്രയും പറഞ്ഞപ്പോഴേക്കും ഹേമ ഗദ്ഗദകണ്ഠയായി.
തന്റെ കയ്യിൽ പിടിച്ചിരുന്ന ചായയുടെ ഗ്ളാസ് മേശപ്പുറത്ത് വെച്ചിട്ട് അയാൾ പറഞ്ഞു.
“ എന്റെ പേര് ദേവൻ. കൊട്ടിയത്താണ് വീട്. ഇവിടെ ഹെഡ് പോസ്റ്റാഫീസിൽ ക്ളാർക്കാണ്”.
ദേവൻ തുടർന്നു.
“ തന്റെ പ്രശ്നം എനിക്ക് മനസ്സിലായി. ഇപ്പോൽ എന്റെ കയ്യിൽ ഇത്രയും രൂപ ഇല്ല. പക്ഷേ, വിഷമിക്കണ്ട. നമുക്ക് വഴി ഉണ്ടാക്കാം. അച്ഛനെ രക്ഷിക്കണ്ടേ ? വരൂ “
ദേവൻ റെസ്റ്റോറന്റിലെ ബില്ല് കൊടുത്തു പുറത്തിറങ്ങി. കൂടെ ഹേമയും. ഒരു ആട്ടോ റിക്ഷയിൽ രണ്ട് പേരും ബെൻസിഗർ ആശുപത്രിയിൽ എത്തി. ഹേമയെയും കൂട്ടി നേരേ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററെ ചെന്നു കണ്ടു. കാര്യങ്ങൾ സംസാരിച്ചു. ഒരു നല്ല മനുഷ്യൻ ആയിരുന്നു ഫാദർ സേവ്യർ. അവസാനം ഹേമയുടെ അവസ്ഥയും രോഗിയുടെ അത്യാസന്ന നിലയും കണക്കിലെടുത്ത്, കയ്യിലുള്ള തൊണ്ണൂറായിരം രൂപ അടച്ച് ഓപ്പറേഷൻ തുടങ്ങാൻ സമ്മതിച്ചു. ബാക്കി എഴുപതിനായിരം രൂപ പിറ്റേന്ന് ഉച്ചയ്ക്ക് മുമ്പ് കൊടുത്തു കൊള്ളാം എന്ന പ്രോമിസറി നോട്ട് ദേവൻ ഒപ്പിട്ട് കൊടുത്തു.
ഹേമ ദേവനെ തന്റെ അച്ഛന് പരിചയപ്പെടുത്തി. വിവരങ്ങൾ അറിഞ്ഞ് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ദേവൻ പറഞ്ഞു
“അച്ഛൻ വിഷമിക്കണ്ടാ. എല്ലാം ശരിയാകും.”
താമസിയാതെ ഹേമയുടെ അച്ഛൻ ദാമോദരനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടുപോയി.
കുറച്ചു നേരം ദേവൻ ഹേമയോടൊപ്പം ഇരുന്നു, ഒന്നും മിണ്ടാതെ. പിന്നീട് ചോദിച്ചു
“ അമ്മ ?”
“അമ്മയ്ക്ക് നല്ല സുഖമില്ലാത്തതു കൊണ്ട് കൂടെ കൊണ്ടു വന്നില്ല” ഹേമ പറഞ്ഞു.
ദേവൻ എഴുന്നേറ്റു പുറത്ത് പോയി. ഒരു പൊതി ചോറും കുറെ പഴങ്ങളും, കുടിക്കാൻ ഒരു കുപ്പി വെള്ളവും വാങ്ങി വന്ന് ഹേമയെ ഏല്പിച്ചു.
“ താൻ വിഷമിക്കണ്ട. ഈശ്വരനിൽ വിശ്വസിക്കൂ, എല്ലാം ശരിയാകും. ഞാൻ നാളെ വരാം “
എന്ന് പറഞ്ഞു ഹോസ്റ്റലിൽ നിന്നും പുറത്തു വന്നു . വാതിൽ വരെ ഹേമയും കൂടെ നടന്നു. തിരിഞ്ഞ് നോക്കാതെ ദേവൻ പോയി. കാഴ്ചയിൽ നിന്നും മറയുന്നത് വരെ ഹേമയുടെ നോട്ടം അയാളെ പിൻതുടർന്നു.
ഓപ്പറേഷൻ കഴിഞ്ഞപ്പോഴേക്കും സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. ഉടനെ തന്നെ ദാമോദരനെ ഐ സി യൂവിലേക്ക് മാറ്റി.
വിവരം അറിഞ്ഞ് ഹേമ ഒരുപാട് സന്തോഷിച്ചു. ദൈവങ്ങൾക്ക് നന്ദി പറഞ്ഞു. ഒപ്പം ദേവനും. ദേവൻ വാങ്ങി കൊടുത്ത പൊതിച്ചോറ് കഴിച്ചു. രോഗികളുടെ ബന്ധുക്കൾക്കായുള്ള വിശ്രമ മുറിയിൽ ഒരു പുതപ്പ് തറയിൽ വിരിച്ച് അതിൽ കുറച്ചു നേരം കിടന്നുറങ്ങി.
നേരം വെളുത്തതോടെ ദാമോദരന്റെ ബോധം പൂർണമായും തെളിഞ്ഞു. മകളുടെ മുഖം കണ്ടപ്പോൾ കണ്ണു നിറഞ്ഞു. ദാമോദരൻ ചോദിച്ചു.
“അയാള് വന്നോ മോളേ ?”
“ ഇല്ലച്ഛാ, വരും” വിശ്വാസത്തോടെ ഹേമ പറഞ്ഞു. എന്നിട്ട് ഹോസ്പിറ്റലിന്റെ വാതിക്കൽ ദേവന്റെ വരവിനായി കാത്ത് നിന്നു.
സമയം കടന്നു പോയി. പതിനൊന്നു മണി ആയിട്ടും ദേവനെ കാണാഞ്ഞ് ആകെ വിഷമിച്ചു. പറഞ്ഞ സമയത്തിന് ബാക്കി രൂപ അടച്ചില്ലെങ്കിൽ ഉള്ള ഭവിഷ്യത്ത് ഓർത്തപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു.
ഏകദേശം പതിനൊന്നര മണി കഴിഞ്ഞ് ഒരു ആട്ടോ റിക്ഷയിൽ ദേവൻ എത്തി. ആ ചിരിക്കുന്ന മുഖം കണ്ടപ്പോൾ ഹേമയ്ക്ക് ആശ്വാസമായി.
“ ഹായ്, ഗുഡ് മോണിംഗ്. എങ്ങനെയുണ്ട് അച്ഛന് ?” ദേവൻ അന്വേഷിച്ചു.
“ ഓപ്പറേഷൻ വിജയിച്ചു. അച്ഛന് ഭേദമുണ്ട്. എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല “ ഹേമ ഒന്ന് വിതുമ്പി.
“ ഏയ്, അതൊന്നും വേണ്ടാ. വരൂ നമുക്ക് ബില്ല് അടക്കാം”. ദേവൻ ഹേമയുമൊത്ത് ബില്ലിങ്ങ് കൗണ്ടറിൽ പോയി ബാക്കി രൂപ അടച്ച് നേരത്തെ കൊടുത്തിരുന്ന പ്രോമിസറി നോട്ട് തിരികെ വാങ്ങി പോക്കറ്റിൽ ഇട്ടു.
"രൂപ എങ്ങനെ ഒപ്പിച്ചു ?" ജിജ്ഞാസയോടെ ഹേമ ചോദിച്ചു.
"അതൊന്നും താൻ ഇപ്പോൽ അറിയണ്ടാ"
ചിരിച്ചു കൊണ്ട് ദേവൻ മറുപടി നൽകി.
രണ്ട് പേരും കൂടി ദാമോദരനെ കാണാൻ പോയി. ദേവനെ കണ്ടപ്പോൾ ദാമോദരന്റെ കണ്ണ് നിറഞ്ഞു.
“ എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല മോനേ, നീ യഥാർത്ഥത്തിൽ ഒരു ദേവനാണ്” ദേവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ദാമോദരൻ പറഞ്ഞു.
“ ഏയ്, അങ്ങനെയൊന്നും ഇല്ലച്ഛാ. അസുഖം മാറിയതിൽ വളരെ സന്തോഷം. എനിക്ക് ഓഫീസിൽ പോകണം. ലീവെടുത്തില്ല. ഞാൻ വൈകിട്ട് വരാം”
ദേവൻ പറഞ്ഞു.
ഹേമയെ ഒരു വശത്തേക്ക് വിളിച്ച് ഒരു പൊതി കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
“ഇതിൽ കുറച്ച് രൂപയുണ്ട്. മരുന്നിനൊക്കെ ഇനിയും ആവശ്യം വരും ഞാൻ വൈകിട്ട് വരാം.”
ദേവൻ ഇറങ്ങുന്നതിന് മുമ്പ് ദാമോദരൻ ചോദിച്ചു
“ മോനേ, നിന്റെ കല്യാണം കഴിഞ്ഞതാണോ ?”
“ഇല്ലച്ഛാ, എന്താ ?” ദേവൻ
“ എന്റെ മോളുടെ കല്യാണവും കഴിഞ്ഞില്ല. ഇരുപത്തെട്ടു വയസ്സ് കഴിഞ്ഞു”.
ഒരു ഷോക്കേറ്റത് പോലെ തോന്നി ഹേമയ്ക്ക്.
ഒന്നു ചിരിച്ചു കൊണ്ട് ദേവൻ പറഞ്ഞു
“അതിനെന്താ , ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ? നമുക്ക് നോക്കാം.”
മൂന്നു പേരും പൊട്ടിച്ചിരിച്ചു….
കേണൽ രമേശ് രാമകൃഷ്ണൻ