“ എന്താ വേണൂ ഇത്? എപ്പോഴും എന്റെ കയ്യിൽ നിന്നും പുസ്തകം വാങ്ങി ഇങ്ങനെ വായിച്ചു കൊണ്ടിരിക്കുന്നത്? നിന്റെ പുസ്തകം എവിടെ ? വെറും കയ്യോടെ ആണല്ലോ നീ സ്കൂളിൽ വരുന്നത് !”
മുരളി തന്റെ എട്ടാം ക്ലാസിലെ സഹപാഠിയായ വേണുവിനോടു ചോദിച്ചു.
“ എന്റെ കയ്യിൽ പുസ്തകങ്ങൾ ഒന്നുമില്ല. വാങ്ങാൻ കാശില്ലായിരുന്നു. അതാണ് ഞാൻ നിന്റെ പുസ്തകം കടം വാങ്ങി കാണാപ്പാഠം പഠിക്കുന്നത്.” വേണു തറയിൽ നോക്കി പറഞ്ഞു.
“അപ്പോൽ നോട്ട് ബുക്കോ ?” മുരളി ചോദിച്ചു.
“ എന്റെ കയ്യിലൊരു സ്ലേറ്റുണ്ട്. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് അച്ഛൻ വാങ്ങി തന്നതാ. ഓർമ്മയിൽ വരുന്നതെല്ലാം ഞാൻ വീണ്ടും വീണ്ടും സ്ലേറ്റിൽ എഴുതി മനപ്പാഠമാക്കും. അങ്ങനെയാണ് പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസ്സാകുന്നത്”.
വേണു അഞ്ചാലുംമൂട്ടിലെ കുപ്പണ എന്ന സ്ഥലത്ത് താമസിക്കുന്ന ഒരു മണ്ണാൻ കുടുംബത്തിലെ കുട്ടിയാണ്. വേണുവിനെ പ്രസവിച്ചതിന് ഒരു വർഷം കഴിഞ്ഞ് അവന്റെ അമ്മ ശാരദ മരിച്ചു പോയി. അച്ഛൻ ബാലന് ക്ഷയരോഗം ബാധിച്ച് കഴിഞ്ഞ വർഷമാണ് മരിച്ചത്. പിന്നെ വീട്ടിൽ ആകെയുള്ളത് ഒരു ചേട്ടനാണ്. രാമു. എട്ട് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട് രണ്ടു പേരും തമ്മിൽ. അലക്കുപണിയാണ് ജോലി. അടുത്തുള്ള വീടുകളിൽ കയറിയിറങ്ങി അലക്കാനും തേയ്ക്കാനുമുള്ള തുണികൾ ശേഖരിച്ച്, കുപ്പണയിലെ മണ്ണാത്തിക്കടവിലെ കിണറിൽ നിന്നും വെള്ളം കോരി കഴുകി, തേച്ച് പിറ്റേന്ന് വീടുകളിൽ എത്തിച്ചു കൊടുക്കും . സ്കൂൾ സമയം കഴിഞ്ഞ് വേണു ചേട്ടനെ സഹായിക്കും. കണക്കുകൾ കൂട്ടുന്നതും പൈസ സൂക്ഷിക്കുന്നതുമൊക്കെ വേണു ആയിരുന്നു ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് രാമു ആയിരുന്നു അന്നത്തേക്കുള്ള ആഹാരം പാചകം ചെയ്തിരുന്നത്.
വർഷങ്ങൾ കടന്നു പോയി. വേണു നല്ല മാർക്കോടെ പത്താം ക്ലാസ് പരീക്ഷ പാസ്സായി. കോളേജിൽ ചേർന്ന് പഠിത്തം തുടരണമെന്നും ഒരു വലിയ നിലയിൽ എത്തണമെന്നും ഒരുപാട് ആഗ്രഹിച്ചു. പക്ഷേ സാമ്പത്തിക സ്ഥിതി അതിന് അനുവദിച്ചില്ല. ഫീസ് കൊടുക്കേണ്ട ആവശ്യമില്ല എന്നാലും മറ്റു ചെലവുകൾ വഹിക്കാൻ രാമുവിന് കഴിവില്ലായിരുന്നു. സഹായിക്കാൻ ആരുമില്ലാത്തതുകൊണ്ട് തുടർന്നുള്ള പഠനം വേണ്ടെന്നു വച്ചു.
ആയിടയ്ക്ക് രാമു, അവരുടെ ബന്ധത്തിലുള്ള സുമതി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. സുമതി വീട്ടുജോലികൾ നോക്കി. അലക്കിന്റെ പണി രാജുവും വേണുവും ചേർന്ന് ചെയ്തു.
ഒരുദിവസം രാമു മണ്ണാത്തിക്കടവിൽ പോയ നേരം വേണു ആഹാരം കഴിഞ്ഞ് ഒന്നു മയങ്ങുകയായിരുന്നു. എന്തോ ഒന്ന് തന്നെ വരിഞ്ഞു മുറുക്കുന്നതായി അവന് തോന്നി. പെട്ടെന്ന് കണ്ണു തുറന്നു നോക്കിയപ്പോൾ അർദ്ധനഗ്നയായ സുമതി വേണുവിനെ കെട്ടിപ്പിടിച്ചു ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി മാറി ചാടിയെഴുന്നേറ്റ് വേണു ചോദിച്ചു
“ എന്താ അക്കാ ഇത് ?”
“വാ , വേണൂ. നിന്റെ അണ്ണൻ വരാൻ വൈകും. നിന്നെ എനിക്ക് വലിയ ഇഷ്ടമാണ്. നീ വാ” സുമതി കെഞ്ചി.
വേണു മുറി വിട്ട് പുറത്തേക്കോടി. ഓടിയോടി വേലായുധ മംഗലം ക്ഷേത്രത്തിന്റെ അടുത്തുള്ള ഒരു കടയുടെ വരാന്തയിൽ ഇരുന്നു. രാമുവിനെ ഓർത്ത് ഒരുപാട് കരഞ്ഞു. ഇനി സുമതിയുടെ മുഖത്ത് എങ്ങനെ നോക്കും എന്ന ചിന്ത വേണുവിനെ ഒരുപാട് അലട്ടി. രാത്രി കുറെ ഇരുട്ടുന്നത് വരെ അവിടെ തന്നെ ഇരുന്നു.
അന്ന് രാത്രി തന്നെ വേണു വിട് വിട്ടിറങ്ങി. മാറിയുടുക്കാൻ ഒന്നു രണ്ട് ഡ്രെസ്സും കുറെ അത്യാവശ്യ സാധനങ്ങളും മാത്രം കയ്യിലെടുത്തു. ഓടുകയായിരുന്നു വേണു. അതിരാവിലെ കിട്ടിയ ഒരു ബസ്സിൽ കയറി കൊല്ലത്ത് എത്തി. എത്രയും വേഗം നാട് വിടണമെന്ന ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഒരു ട്രെയിൻ കിടക്കുന്നു. ഒരാളോട് ചോദിച്ചു
“ ഈ ട്രെയിൻ എങ്ങോട്ടേക്കാണ് ?”
“ എറണാകുളത്തേക്ക്” അയാൾ മറുപടി പറഞ്ഞു. ടിക്കറ്റ് കൗണ്ടർ ചോദിച്ചറിഞ്ഞു വേണു എറണാകുളത്തേക്കുള്ള ടിക്കറ്റ് എടുത്തു ട്രെയിനിൽ കയറി ഇരുന്നു. തലേന്ന് രാത്രി മുഴുവൻ ഉറങ്ങാഞ്ഞതു കൊണ്ടാകണം വേണു സീറ്റിൽ ഇരുന്നു ഉറങ്ങിപ്പോയി. ആരോ വന്ന് അടുത്തിരുന്നപ്പോൾ വേണു ഞെട്ടിയുണർന്നു. അയാൾ പറയുന്നത് കേട്ടു
“ മാവേലിക്കര കഴിഞ്ഞു”
പിന്നീട് വേണുവിന് ഉറങ്ങാൻ കഴിഞ്ഞില്ല. എങ്ങോട്ടാണ് പോകുന്നത്, എന്ത് ചെയ്യണം എന്നറിയാതെ വേണു വിഷമിച്ചു.
എറണാകുളം റെയിൽവേ സ്റ്റേഷനിൽ വേണു ഇറങ്ങി. പ്ളാറ്റ്ഫോമിലും സ്റ്റേഷന്റെ പരിസരത്തുമെല്ലാം ഒരു ലക്ഷ്യവും ഇല്ലാതെ കുറച്ചു നാൾ അലഞ്ഞു നടന്നു. കയ്യിൽ ഉണ്ടായിരുന്ന പൈസയും തീരാറായി..
ഒരുദിവസം വിശന്നു വലഞ്ഞ് അവിടെ അടുത്തുള്ള ഒരു കൃസ്തീയ പള്ളയിൽ വേണു കയറി. അൽത്താരയുടെ മുന്നിൽ മുട്ടു കുത്തി പ്രാർത്ഥിച്ചു. കുറെ നേരമായിട്ടും എഴുന്നേൽക്കാഞ്ഞ വേണുവിനെ അവിടത്തെ പുരോഹിതൻ ഫാദർ തോമസ് പിടിച്ചെഴുന്നേല്പ്പിച്ചു. വേണുവിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതു കണ്ട് ഫാദർ തോമസ് ചോദിച്ചു
“ എന്താ മോനേ, നിനക്കിത്ര സങ്കടം ?” നിനക്ക് ആരുമില്ലേ ?”
വേണു തന്റെ ജീവിതം ചരിത്രം മുഴുവൻ, സുമതിയുടെ പെരുമാറ്റം വരെ ഫാദർ തോമസിനോട് പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം ഫാദർ പറഞ്ഞു
“ നീ വാ, വന്ന് എന്തെങ്കിലും കഴിക്ക്”
എന്നിട്ട് വേണുവിനെ പള്ളിയുടെ കുശിനിയിലേക്ക് കൊണ്ടു പോയി. ആഹാരം കഴിഞ്ഞ് വേണുവിനോട് പറഞ്ഞു
“ വേണൂ , തൽക്കാലം ഞാൻ നിന്നെ ഞങ്ങളുടെ പള്ളിയുടെ അധീനതയിൽ ഉള്ള ഓർഫനേജിൽ ചേർക്കാം . എന്നിട്ട് എന്റെ പരിചയത്തിൽ ഉള്ള സെയിന്റ് സേവ്യർ കോളേജിൽ പ്രീഡിഗ്രിക്ക് ചേർത്ത് ഇനിയുള്ള പഠിത്തം തുടരാം. പോരേ ?”
തന്റെ മുന്നിൽ ഒരു മാലാഖ നിൽക്കുന്നത് പോലെ തോന്നി വേണുവിന്. വേണു ഫാദറിന്റെ കാലിൽ തൊട്ടു തൊഴുതു.
വളരെ വേഗം വേണു ഓർഫനേജിലെ അന്തേവാസികളുമായി ഇണങ്ങി. അതിനിടെ സെന്റ് സേവ്യർ കോളേജിൽ നിന്നും ഇൻറർവ്യൂ കോൾ വന്നു. പോകുന്നതിനു മുൻപ് വേണു ഫാദർ തോമസിനോട് ചോദിച്ചു
“ഫാദർ ഞാൻ ഏത് ഗ്രൂപ്പ് എടുക്കണം ?”
“വേണു , ആദ്യം നീ ഈ ഫാദർ വിളി നിർത്തൂ. അച്ഛൻ ഇല്ലാതെ വളർന്നതല്ലേ എന്നെ നീ ഒരു അച്ഛൻറെ സ്ഥാനത്ത് കണ്ടാൽ മതി . അച്ഛൻ എന്ന് വിളിക്കൂ. ഇനി നീ ചോദിച്ച കാര്യം. നീ എന്ത് ആകാനാണ് ആഗ്രഹിക്കുന്നത് ?"
വേണുവിന്റെ മറുപടി ട ഫാദറിനെ സന്തോഷിപ്പിച്ചു
“അച്ഛാ എനിക്ക് ഈ നാടിനും രാജ്യത്തിനും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിവുള്ള ഒരാൾ ആകണമെന്നാണ് എൻറെ ആഗ്രഹം “
കുറച്ചുനേരം രം ആലോചിച്ചിട്ടു ഫാദർ പറഞ്ഞു
“എന്നാൽ നീ ഐ എ എസിന് ശ്രമിക്കണം. അതിനുവേണ്ടി ഇപ്പോഴേ തയ്യാറെടുക്കണം. അതുകൊണ്ട് നീ സയൻസും മാത്തമാറ്റിക്സും ഉള്ള ഫസ്റ്റ് ഗ്രൂപ്പ് എടുത്തോളൂ”
“അതെന്തിനാണ് അച്ഛാ?” വേണു സംശയം ചോദിച്ചു.
“മോനേ , ഒരു ഒരു ഐഎഎസ് കാരന് പ്രശ്നങ്ങൾ അനലൈസ് ചെയ്യാനും അതിനു പരിഹാരം കാണാനും ഉള്ള കഴിവ് വേണം. ആ പരിശീലനം നിനക്ക് കണക്കിൽ നിന്നും കിട്ടും. പ്രപഞ്ച സത്യങ്ങളും നീ അറിഞ്ഞിരിക്കണം. സയൻസ് പഠനം അതിന് ഉപകരിക്കും.”
“ശരി അച്ഛാ” വേണു നന്ദി പറഞ്ഞു.
വളരെ ശ്രദ്ധയോടും ഉത്സാഹത്തോടും കൂടി വേണു അവൻറെ പഠിത്തം നടത്തി. പ്രീഡിഗ്രി ഉയർന്ന മാർക്കോടെ പാസായി. ആ കോളേജിൽ ഫസ്റ്റ് ഗ്രൂപ്പിൽ ഏറ്റവും കൂടുതൽ മാർക്ക് വേണുവിനായിരുന്നു.
പ്രീഡിഗ്രി യുടെ റിസൽട്ട് റിസൾട്ട് വന്നപ്പോൾ ഫാദർ തോമസ് വേണുവിനെ വിളിച്ചുപറഞ്ഞു
“വേണൂ, ഇപ്പോൾ നിനക്ക് പ്രായപൂർത്തിയായി. പൂർണ്ണമായും ഒരു അനാഥനല്ല. പിന്നെ നിൻറെ പഠിത്തം തുടരുകയും വേണം. അതുകൊണ്ട് ഞാൻ നിന്നെ ഇവിടുത്തെ ഓർഫനേജിൽ അസിസ്റ്റൻറ് മാനേജരായി നിയമിക്കുന്നു. പകൽ നീ ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കിക്കണ്ടു നടത്തണം. എന്നിട്ട് വൈകുന്നേരം ഈവനിംഗ് കോളേജിൽ ചേർന്ന് B A യ്ക്ക് പഠിക്കണം.”
“ശരി അച്ഛാ” വേണു സമ്മതിച്ചു. എന്നിട്ട് ഒരു സംശയം ചോദിച്ചു.
“എന്തിനാണ് അച്ഛാ BA ? BSc അല്ലേ നല്ലത് ?”
“ അതേ വേണൂ, ഈ ചെറിയ ജോലി നിനക്ക് അഡ്മിനിസ്ട്രേഷന്റെ ബാല്യ പാഠങ്ങൾ പഠിക്കാൻ സഹായിക്കും പിന്നെ BA യുടെ കാര്യം. ഇനി പഠിക്കേണ്ടത് ഒരു രാജ്യത്തിൻറെ സമ്പത്ത് വ്യവസ്ഥയെ പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും, സമൂഹത്തെ പറ്റിയും ആണ്. എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്ന മെയിൽ സബ്ജക്ട് ഉള്ള BA യ്ക്ക് ചേർന്ന് പഠിക്കണം. പിന്നെ ഒരു കാര്യം. ഇനിമുതൽ നിൻറെ ഈ മലയാളത്തിലുള്ള സംസാരം കുറയ്ക്കണം. ഇംഗ്ലീഷിൽ കഴിയുന്നതും സംസാരിക്കണം. ആദ്യം എന്നിൽ നിന്നും തുടങ്ങാം. ക്ലാസ്സിലെ മറ്റു വിദ്യാർഥികളുമായി ഇംഗ്ലീഷിൽ സംസാരിച്ചാൽ മതി. ആദ്യമൊക്കെ പലരും കളിയാക്കും. അത് നമ്മുടെ നാടിൻറെ ഒരു പ്രത്യേകതയാണ്. എല്ലാദിവസവും ഇംഗ്ലീഷ് ന്യൂസ് പേപ്പർ വായിക്കണം. ഹിന്ദു പത്രം നല്ലതാണ്. അതുപോലെതന്നെ ലൈബ്രറി നല്ല രീതിയിൽ ഉപയോഗിക്കണം.”
“ ശരി അച്ഛാ” വീണ്ടും വേണു ഫാദർ തോമസിന്റെ കാലിൽ തൊട്ടു വന്ദിച്ചു. ഫാദർ അവനെ അനുഗ്രഹിച്ച് കുരിശു വരച്ചു.
അങ്ങനെ വേണു ഓർഫനേജിലെ പണിയും, പഠിത്തവും പിന്നെ തൻറെ ലക്ഷ്യ സാധ്യതയ്ക്കായുള്ള തയ്യാറെടുപ്പും ആയി മുന്നോട്ടു പോയി. മൂന്നുവർഷം എങ്ങനെ കടന്നുപോയി എന്ന് അറിഞ്ഞതേയില്ല.
നല്ല മാർക്കോടെ വേണു ഡിഗ്രി പാസ്സായി. റാങ്ക് കിട്ടേണ്ടതായിരുന്നു എന്ന് കോളേജ് അധികൃതർ പറഞ്ഞു. ഫാദർ തോമസ് വളരെയധികം സന്തോഷിച്ചു. തന്റെ പുരോഗമനത്തിൽ വേണുവിനും അഭിമാനം തോന്നി. ഈ വാർത്ത എങ്ങനെ തന്റെ ജ്യേഷ്ഠനെ അറിയിക്കും എന്ന് വ്യാകുലപ്പെട്ടു. എന്തായാലും തൽക്കാലം ഇങ്ങനെ തുടരട്ടെ എന്ന് കരുതി.
ഒരു ദിവസം വേണു ഫാദർ തോമസിനോട് ചോദിച്ചു
“അച്ഛാ, ഞാൻ ഐ എ എസ് പരീക്ഷയുടെ ഫോറം നിറയ്ക്കട്ടെ ? ഇപ്പോൾ ഞാൻ ഗ്രാജുവേറ്റ് ആണല്ലോ ?”
ഫാദർ പറഞ്ഞു
“മോനേ, നിനക്ക് ഇപ്പോൾ വേണമെങ്കിലും പരീക്ഷ എഴുതാം. പക്ഷേ നിന്റെ തയാറെടുപ്പ് പൂർത്തിയായിട്ടില്ല.”
“അപ്പോൾ ഞാൻ ഇനി എന്ത് ചെയ്യണം ?” വേണു ചോദിച്ചു
“നീ എം എ ഇംഗ്ലീഷ് എടുത്ത് രണ്ടു വർഷം കൂടി പഠിക്കൂ”
“എന്തിനാണ് അച്ഛാ എം എ ഇംഗ്ലീഷ് ലിറ്ററേച്ചർ ?” വേണു സംശയം ചോദിച്ചു
" അത്, ഒരു ഐ എ എസ് ഉദ്യോഗസ്ഥന് നാടിൻറെ ഭാവിയെ പറ്റിയും വളർച്ചയെപ്പറ്റിയും ഒരുപാട് ചിന്തിക്കാനുണ്ട്. നല്ല ഭാവന വേണം. ഭാവന വളരാൻ ഏറ്റവും നല്ല വിഷയമാണ് ഇംഗ്ലീഷ് ലിറ്ററേച്ചർ. കവികളും കഥാകൃത്തുക്കളും ഒക്കെ എങ്ങനെ ചിന്തിച്ചിരുന്നു എന്ന് മനസ്സിലായാൽ ഭാവന വളരാൻ ഉപകരിക്കും"
വീണ്ടും വേണു ഫാദർ തോമസിൻറെ കാലിൽ തൊട്ടു വന്ദിച്ചു. ഫാദർ കുരിശു വരച്ചു.
എം എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടുണ്ടായില്ല. നല്ല രീതിയിൽ പഠനം നടന്നു. ഒന്നാം വർഷം അവസാനത്തോടെ ഫാദർ കുറച്ച് പുസ്തകങ്ങൾ വാങ്ങി വേണുവിന് കൊടുത്തു. സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കാൻ ഉള്ള പുസ്തകങ്ങളായിരുന്നു. വേണുവിന് വളരെ സന്തോഷമായി.
അങ്ങനെയിരിക്കെ ഒരു ദിവസം കോഴിക്കോട് അസിസ്റ്റൻറ് കളക്ടർ വേണുവിനെ കാണാൻ വന്നു. ഫാദർ തോമസിന്റെ ബന്ധത്തിലുള്ള ജേക്കബ് എന്ന ചെറുപ്പക്കാരൻ. ഫാദർ പറഞ്ഞിട്ടാണെന്ന് പറഞ്ഞു. സിവിൽ സർവീസ് പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കണം, എന്നതിനെപ്പറ്റി വിശദമായി ജേക്കബ് സംസാരിച്ചു. എന്ത് പഠിക്കണം, എങ്ങനെ പഠിക്കണം, എങ്ങനെ പരീക്ഷ എഴുതണം എന്നൊക്കെ വിശദമായി ആയി ജേക്കബ് വേണുവിനു പറഞ്ഞുകൊടുത്തു.
പിറ്റേന്ന് ഫാദർ തോമസിനെ കണ്ടപ്പോൾ വീണു അയാളെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.
“അച്ഛാ, നിങ്ങൾ ദൈവമാണ് “
ഫാദർ പറഞ്ഞു
“ ഒരാളെ നല്ല വഴിക്ക് നയിക്കുന്നതാണ് എന്റെ കർത്തവ്യം. ഞാൻ അത് മാത്രമേ ചെയ്യുന്നുള്ളൂ. നിനക്ക് നല്ലത് വരട്ടെ”
എം എ യുടെ ഫൈനൽ പരീക്ഷ കഴിഞ്ഞതിനുശേഷം ആയിരുന്നു. സിവിൽ സർവീസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ. വേണു സിവിൽ സർവീസ് പരീക്ഷയ്ക്ക് രജിസ്ട്രേഷൻ ചെയ്തു. ജൂൺ മാസത്തിൽ പരീക്ഷ നടന്നു. നല്ല മാർക്കോടെ വേണു പ്രിലിമിനറി പാസ്സായി, ഫൈനലിൽ പ്രവേശിച്ചു.
സിവിൽ സർവീസ് ഫൈനലിന് ഇംഗ്ലീഷ് എസ്സേ, ഇംഗ്ലീഷ് ലാംഗ്വേജ്, ഇന്ത്യൻ ലാംഗ്വേജ്( മലയാളം) ജനറൽ സ്റ്റഡീസ് I, II, III, IV, സോഷ്യോളജി, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിങ്ങനെ പേപ്പറുകൾ ആയിരുന്നു വേണുവിന്.
രാപകലില്ലാതെ വേണു പഠിത്തം നടത്തി. ഊണും ഉറക്കവുമില്ലാതെ പഠിച്ചു. അതിനോടൊപ്പം ജോലിയും ഒരു മുടക്കവും വരുത്താതെ നോക്കുമായിരുന്നു ഫാദർ തോമസ് വേണ്ട സഹായങ്ങളും നിർദേശങ്ങളും മുടങ്ങാതെ നൽകി.
സിവിൽ സർവീസ് പരീക്ഷയുടെ ഫൈനലിന്റെ റിസൾട്ട് വന്നു. വേണുവിന്റെ പേര് ഉണ്ടായിരുന്നു. താമസിയാതെ ഡൽഹിയിൽ വച്ച് നടക്കുന്ന ഇൻറർവ്യൂ കാൾ വന്നു . വേണുവിന്റെയും ഫാദർ തോമസിന്റെയും സന്തോഷത്തിന് അതിര് ഇല്ലായിരുന്നു. ആഘോഷങ്ങൾ ഒക്കെ സെലക്ഷൻ കഴിഞ്ഞു മതി എന്ന് ഫാദർ പറഞ്ഞു.
ഫാദർ തോമസ് തൻറെ പരിചയത്തിലുള്ള ഒരു റിട്ടയേഡ് സെക്രട്ടറിയുടെ അടുത്തേക്ക് ഒരു കത്തുമായി വേണുവിനെ പറഞ്ഞയച്ചു. ഇന്റർവ്യൂവിനെ പറ്റിയുള്ള ഒരു ഏകദേശ ധാരണ കിട്ടാൻ. അദ്ദേഹം ഇന്റർവ്യൂ എങ്ങനെ നേരിടാം എന്നുള്ള കാര്യം വിശദമായി പറഞ്ഞു കൊടുത്തു.
ഒറ്റയ്ക്കായിരുന്നു വേണു ഡൽഹിയിലേക്ക് പോയത്. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കുന്നത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇന്റർവ്യൂ നല്ല രീതിയിൽ കഴിഞ്ഞു.
സിവിൽ സർവീസ് പരീക്ഷയുടെ റിസൾട്ട് വന്നു. വേണുവിന് 283 റാങ്ക്. ഐ എ എസ് കാഡർ കിട്ടും എന്ന് ഉറപ്പായി ആയി.
വീണ്ടും ഒരിക്കൽ കൂടി ഫാദർ തോമസിന്റെ തൊട്ട് വന്ദിച്ചു. എന്നിട്ട് പറഞ്ഞു
“അച്ഛാ ഞാൻ പോയി എൻറെ ചേട്ടനെ ഒന്നു കാണട്ടെ. ഒരുപാട് നാളായി. ഈ വിവരങ്ങൾ ഒക്കെ അറിഞ്ഞാൽ ചേട്ടന് വളരെ സന്തോഷമായിരിക്കും.
അന്നുരാത്രി തന്നെ വേണു തന്റെ അഞ്ചാലുംമൂട്ടിലെ പഴയ വീട്ടിലേക്ക് യാത്ര പുറപ്പെട്ടു. രാവിലെ രാമുവിന്റെ വീട്ടിൽ എത്തി. വാതിൽ മുട്ടി വിളിച്ചപ്പോൾ സുമതിയാണ് വാതിൽ തുറന്നത്. വേണുവിനെ കണ്ടിട്ട് പെട്ടെന്ന് തിരിഞ്ഞോടി. അല്പസമയം കഴിഞ്ഞ് രാമു എഴുന്നേറ്റു വന്നു. വേണുവിനെ കണ്ടിട്ട് കെട്ടിപ്പിടിച്ചു. എന്താണെന്നറിയില്ല രണ്ടുപേരും ഒരുപാട് കരഞ്ഞു. ഇതിനിടയിൽ രാമുവിൻറെ മകൻ വന്നു വേണുവിന്റെ കയ്യിൽ പിടിച്ചു.
കുറെ നേരം കഴിഞ്ഞ് വേണു നാട് വിട്ടതിനു ശേഷം തൻറെ ജീവിതത്തിൽ നടന്നതെല്ലാം രാമുവിനോടും സുമതിയോടും പറഞ്ഞു. ഐ എ എസ് ന് സെലക്ഷൻ കിട്ടി എന്നറിഞ്ഞപ്പോൾ അവർക്ക് വിശ്വസിക്കാനായില്ല.
ആഹാരം കഴിച്ചു കഴിഞ്ഞു രാമുവിനോട് വേണു പറഞ്ഞു
“ അണ്ണാ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ എനിക്കറിയാം. ഞാൻ ജോലിക്ക് കയറട്ടെ. എൻറെ ശമ്പളത്തിന്റെ ഒരുഭാഗം എല്ലാമാസവും അണ്ണൻറെ പേർക്ക് അയച്ചുതരാം. ഈ കുഞ്ഞിന്റെ പഠിത്തം ഒരിക്കലും മുടങ്ങരുത്. നിങ്ങളുടെ ജീവിതത്തിൽ എന്ത് ബുദ്ധിമുട്ടു വന്നാലും എന്നെ അറിയിക്കണം. എന്റെ വിലാസമൊക്കെ പിന്നീട് അയച്ചു തരാം.
വേണു ഒറ്റയ്ക്ക് ഇരുന്നപ്പോൾ സുമതി വന്നു മാപ്പ് ചോദിച്ചു. വേണു പറഞ്ഞു
“ അക്കാ, നടന്നതെല്ലാം ഒരു നിമിത്തമായിട്ടേ ഞാൻ കണ്ടിട്ടുള്ളൂ. എല്ലാം മറന്നേക്കൂ”.
അന്ന് വൈകിട്ട് തന്നെ വേണു എറണാകുളത്തേക്ക് പുറപ്പെട്ടു. ഒരു മാസം കഴിഞ്ഞു മസൂരിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഐ എ എസ് അക്കാദമിയിലേക്ക് യാത്രതിരിച്ചു….
കേണൽ രമേശ് രാമകൃഷ്ണൻ
09 Apr 2022