കഥ : ഒരു കത്തി ചെയ്ത ഉപകാരം.
( മലപ്പുറം കത്തി എന്ന കഥയുടെ അവസാന ഭാഗം)
അനന്തൻപിള്ളയെ തന്റെ ഭാര്യയുടെ അച്ഛനെക്കാൾ സ്വന്തം അച്ഛനെ പോലെയാണ് സുകുമാരൻ കണ്ടിരുന്നത്. ഒരു കുത്തു കേസിൽ പ്രതിയായി അനന്തൻപിള്ള ജയിൽവാസം കഴിച്ചു കൂട്ടിയെങ്കിലും അയാൾ ഒരു കുറ്റവാളിയോ ഗുണ്ടയോ ആയിരുന്നില്ലെന്ന് സുകുമാരനും മനസ്സിലായി. ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിച്ച ഒരു കുറ്റകൃത്യം. കുറേശ്ശെ കുറേശ്ശെയായി ആ കുടുംബത്തിന്റെ ജീവിതചരിത്രം, ഭാര്യ സുനന്ദ പറഞ്ഞു കേൽപ്പിച്ചിരുന്നു.
അനന്തൻപിള്ള മരിക്കുന്നതിന്റെ തലേന്ന് തനിക്ക് നൽകിയ ആ മലപ്പുറം കത്തി ഒരു വിശിഷ്ട വസ്തുവായി തോന്നി സുകുമാരന്. സ്വന്തമായി കയ്യിൽ ഒരു കത്തി കിട്ടിയതിനുശേഷം ചില മാറ്റങ്ങൾ അയാളിൽ കണ്ടു തുടങ്ങി. നേരത്തെ പാൻറും ഷർട്ടും മാത്രം ധരിച്ചിരുന്ന സുകുമാരൻ ഇപ്പോൾ മുണ്ടും ഷർട്ടും മാത്രം ധരിക്കാൻ തുടങ്ങി. ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം കത്തിയെടുത്തു മേശയുടെ ഡ്രായിൽ സൂക്ഷിച്ചുവെക്കും. വെളിയിൽ പോകുമ്പോൾ എപ്പോഴും കത്തി അയാളുടെ മടിയിൽ സൂക്ഷിക്കുക ഒരു പതിവായി.
പലപ്പോഴും സുനന്ദ സുകുവിനെ ആ കത്തി കാരണമാണ് അനന്തൻപിള്ള ജയിൽവാസം അനുഭവിച്ചത് എന്നും അതുമൂലം എത്രമാത്രം കഷ്ടപ്പാടുകൾ ആ കുടുംബം അനുഭവിച്ചു എന്നും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. എന്നിട്ടും സുകുമാരനിൽ ഒരു മാറ്റവും വന്നില്ല.
കാലം കഴിഞ്ഞുപോയി. അനന്തൻപിള്ള മരിച്ചിട്ട് മൂന്നു വർഷമായി. കിടപ്പിലായ സുനന്ദയുടെ അമ്മ സൗദാമിനിക്ക് അസുഖം കൂടി. കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. വിദഗ്ധ ചികിത്സ നൽകി, പക്ഷേ പ്രയോജനമുണ്ടായില്ല. മൂന്നാമത്തെ ദിവസം സൗദാമിനി അന്തരിച്ചു.
സൗദാമിനി മരിച്ചതിനു ശേഷം പകൽസമയങ്ങളിൽ സുനന്ദ തികച്ചും ഒറ്റയ്ക്കായി. മകൾ സുമയെ നോക്കുന്നതിലും വീട്ടുജോലിയിലും മാത്രം മുഴുകി. അടുത്തവർഷം കുട്ടിയെ സ്കൂളിൽ ചേർത്താൽ പിന്നെ പകൽസമയങ്ങളിൽ കൂട്ടിനായി ആരുമില്ല എന്ന കാര്യം സുനന്ദയെ അലട്ടി.
ഈയിടെയായി സുകുമാരന് അല്പം സ്നേഹം കുറവാണോ എന്ന് സുനന്ദയ്ക്ക് തോന്നി. സുകുമാരൻ എന്തെങ്കിലും ആലോചിച്ചുകൊണ്ടിരിക്കുന്നത് പതിവായി. അനന്തൻ പിള്ള തുടങ്ങിവച്ച കൃഷിപ്പണിയിൽ മുഴുകി. ഇടയ്ക്കിടെ അവരുടെ പഴയകാല ജീവിതത്തെ പറ്റി സുനന്ദയോട് ചോദിക്കും.
അങ്ങനെയിരിക്കെ അഞ്ചാലുംമൂട് ചന്ദ്രാ ടാക്സിൽ ശിവന്തമൺ എന്ന ശിവാജിഗണേശൻ, ജയലളിത സിനിമ വന്നു. നാട്ടിലെ എല്ലാവരും സിനിമ കാണാൻ പോയി. വളരെ നല്ല ഹിറ്റ് പടം ആണെന്ന് അയൽക്കാരൊക്കെ പറഞ്ഞു. അങ്ങനെയെങ്കിലും ഒരുമിച്ച് പുറത്തു പോകാം എന്ന ഒരു ആഗ്രഹം സുനന്ദയ്ക്ക് തോന്നി. ആഗ്രഹം സുകുവിനെ അറിയിച്ചു.
“നോക്കട്ടെ”
എന്ന് സുകുമാരൻ മറുപടി പറഞ്ഞു. പിറ്റേന്ന് തന്നെ പോകാമെന്നും ഓഫീസിൽ നിന്നും വരുമ്പോൾ ടിക്കറ്റ് ബുക്ക് ചെയ്തിട്ട് വരാം എന്നും പറഞ്ഞു.
പിറ്റേന്ന് രാവിലെ മുതൽ സുനന്ദ സിനിമ കാണാൻ പോകാം എന്ന ഉത്സാഹത്തിലായിരുന്നു.
അടുത്തകാലത്ത് സുകുമാരൻ വാങ്ങിക്കൊടുത്ത ഒരു നല്ല സാരിയും ബ്ലൗസും അതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. സുകുവിന് വേണ്ടിയും ഒരു നല്ല ഷർട്ടും മുണ്ടും മാറ്റിവെച്ചു. കുട്ടിയ്ക്ക് നേരത്തെ ആഹാരം കൊടുത്തു. എന്നിട്ട് കുളിച്ചൊരുങ്ങി രണ്ടുപേരും സുകുമാരന്റെ വരവിനായി കാത്തിരുന്നു.
വളരെ ദുഃഖിതനായാണ് സുകുമാരൻ വീട്ടിലെത്തിയത്. എത്ര ശ്രമിച്ചിട്ടും അയാൾക്ക് ടിക്കറ്റ് കിട്ടിയില്ല. ടാക്കീസിന്റെ ഉടമ ശ്രീധരൻ നായരെ അയാൾ ചെന്നു കണ്ടു. ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അയാൾ തീർത്തും പറഞ്ഞു. അത്ര തിരക്കായിരുന്നു സിനിമയ്ക്ക്.
ടിക്കറ്റ് കിട്ടിയില്ല എന്ന് കേട്ടയുടൻ സുനന്ദയ്ക്ക് കരച്ചിൽ വന്നു. എത്ര ആശിച്ചതാണ്.കുട്ടിയെയും ഒരുക്കി നല്ല വസ്ത്രങ്ങളും അണിഞ്ഞ് കാത്തിരുന്നതാണ്. കൂടുതൽ സന്തോഷങ്ങൾ ഒന്നും സുനന്ദ ആഗ്രഹിച്ചിരുന്നില്ല. വല്ലപ്പോഴും ഒരു സിനിമ കാണണമെന്നേ ആഗ്രഹിച്ചുള്ളൂ. അതും നടക്കാത്തതിൽ അവൾ ദുഃഖിച്ചു.
പെട്ടെന്ന് കരച്ചിൽ നിർത്തി സുനന്ദ പറഞ്ഞു
“ നമുക്ക് സെക്കൻഡ് ഷോയ്ക്ക് പോകാം”
സെക്കൻഡ് ഷോയ്ക്ക് പോകുന്ന ഐഡിയ സുകുമാരന് ഇഷ്ടപ്പെട്ടില്ല.
“അത് ശരിയാകില്ല”
സുകുമാരൻ പറഞ്ഞു. പക്ഷേ സുനന്ദ വളരെയധികം നിർബന്ധിച്ചപ്പോൾ പോകാമെന്ന് സമ്മതിച്ചു. എല്ലാവരും തയ്യാറായി റോഡിൽ നിന്നും ബസ്സ് കയറി ചന്ദ്രാ ടാക്കീസിന്റെ മുന്നിൽ ഇറങ്ങി.
ശിവന്തമൺ ഒരു നീണ്ട സിനിമയായിരുന്നു. ഏകദേശം മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പടം. ഫസ്റ്റ് ഷോ തീരുന്നത് തന്നെ രാത്രി 9 30ന് ആണ്. അതുകൊണ്ട് സെക്കൻഡ് ഷോ തുടങ്ങാൻ പത്ത് മണിയാകും.
സമയത്ത് തന്നെ സുകുമാരനും കുടുംബവും തിയേറ്ററിലെത്തി. സെക്കൻഡ് ഷോയ്ക്ക് നല്ല തിരക്കുണ്ടായിരുന്നു. എന്നാലും സ്ത്രീകൾ വളരെ കുറവായിരുന്നു. സാധാരണ അങ്ങനെയാണ്. സ്ത്രീകൾ കൂടുതലും സെക്കൻഡ് ഷോയ്ക്ക് പോകാറില്ല. സുനന്ദയും നേരത്തെ ഒരിക്കലും സെക്കൻഡ് ഷോയ്ക്ക് പോയിട്ടില്ല. ഒരു ചെറിയ പേടി തോന്നി. വിവരം സുകുമാരനെ അറിയിച്ചു.
“സാരമില്ല. നീ എന്തിനാ പേടിക്കുന്നത്? ഞാൻ കൂടെയില്ലേ?”
സുകുമാരൻ ആശ്വസിപ്പിച്ചു.
കേട്ടതുപോലെ തന്നെ ശിവന്തമൺ ഒരു നല്ല പടം ആയിരുന്നു. എന്ത് രസമാണ് ശിവാജിഗണേശനെയും ജയലളിതയെയും കാണാൻ. നല്ല കുറെ പാട്ടുകളും ജയലളിതയുടെ ഡാൻസുമെല്ലാം ഇഷ്ടപ്പെട്ടു. വിസിലടിയും കയ്യടിയും ഒക്കെ ഇടയ്ക്കിടെ നടന്നു. സമയം പോയതറിഞ്ഞില്ല.
സിനിമ കഴിഞ്ഞു. ആളുകൾ അവരുടെ വീട്ടിലേക്ക് പിരിഞ്ഞുപോയി. അക്കാലത്ത് രാത്രിയിൽ ടാക്സി ഒന്നും കിട്ടാത്ത കാലമായിരുന്നു. ഇന്നത്തെ പോലെ ആട്ടോ റിക്ഷാ ഒന്നുമില്ല. നടന്നു തന്നെ വീട്ടിലേക്ക് പോകണം.
അഞ്ചാലുംമൂട് ജംഗ്ഷൻ വരെ കുറെ ആളുകൾ കൂടെയുണ്ടായിരുന്നു. അതുകഴിഞ്ഞ് വടക്കോട്ടുള്ള വഴിയിൽ ഒന്ന് രണ്ടുപേർ മാത്രം കൂടെയുണ്ടായിരുന്നു. അഞ്ചാലുംമൂട് ചന്ത കഴിഞ്ഞപ്പോൾ അവരും അവരുടെ വീടുകളിലേക്ക് പോയി. സുകുമാരനും കുടുംബവും ഒറ്റയ്ക്കായി. അവരുടെ വീട്ടിലെത്താൻ ഇനിയും നാലു ഫർലോങ്ങ് കൂടി നടക്കണം. ചുറ്റും നല്ല ഇരുട്ട്. ആ സ്ഥലത്ത് സ്ട്രീറ്റ്ലൈറ്റ് ഒന്നുമില്ലായിരുന്നു.
കള്ളുഷാപ്പ് കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്ന മൂന്നു പേർ അവരുടെ പിറകിൽ നടന്നുതുടങ്ങി, എന്തൊക്കെയോ അസഭ്യങ്ങൾ പറഞ്ഞുകൊണ്ട്. ഒന്നും ശ്രദ്ധിക്കേണ്ട എന്ന് സുനന്ദ സുകുമാരനോട് പറഞ്ഞു. സുകുമാരനും കുട്ടിയുടെ കയ്യിൽ പിടിച്ചു കൊണ്ട് വേഗത്തിൽ നടന്നു. പുറകിൽ വന്നവരും അവരുടെ നടത്തത്തിന് വേഗത കൂട്ടി. താമസിയാതെ അവരുടെ തൊട്ടുപുറകിൽ എത്തി. ഒരാൾ ചോദിച്ചു
“എന്തിനാ സാറേ ഇത്ര സ്പീഡ് ? നിങ്ങൾ എന്തിനാ ഓടുന്നത്? ഞങ്ങളും മനുഷ്യരാ. പിടിച്ചു തിന്നുകയൊന്നുമില്ല”.
ഒരു മറുപടിയും കൊടുക്കാൻ സുനന്ദയും സുകുമാരനും കൂട്ടാക്കിയില്ല. ആ സ്ഥലത്ത് നല്ല ഇരുട്ടായിരുന്നു. റോഡരികിലെ വീടുകളിൽ നിന്നും ഒരു വെളിച്ചം പോലും കാണാൻ ഇല്ലായിരുന്നു. ഒരു മനുഷ്യനും വീടിൻറെ പുറത്തോ, റോഡിലോ ഉണ്ടായിരുന്നില്ല. ഒരു ചെറിയ പേടി തോന്നി സുകുമാരനും.
അവർ വേഗത കൂട്ടി. ഏകദേശം ഓടുന്നതുപോലെ. കുഞ്ഞിനെ വലിച്ചു കൊണ്ട് ഓടാൻ അല്പം ബുദ്ധിമുട്ട് തോന്നി.
ആ മൂന്നുപേരിൽ ഒരാൾ ഓടി അവരുടെ മുന്നിലെത്തി. അവരെ തടഞ്ഞു നിർത്തി. എന്നിട്ട് പറഞ്ഞു
“ഞങ്ങൾ തിന്നില്ല എന്ന് പറഞ്ഞില്ലേ ? പിന്നെ എന്തിനാ ഓടുന്നത് ?”
ഇതിനിടയിൽ വേറൊരാൾ കൂടി സുകുമാരന്റെ അടുത്തുവന്നു. രണ്ടുപേരുംകൂടി സുകുമാരന്റെ വഴി തടഞ്ഞു. മൂന്നാമത്തവൻ സുനന്ദയുടെ കയ്യിൽ കടന്നു പിടിച്ചു.
“ വിടെടാ എന്റെ കയ്യ്”
സുനന്ദ അലറി.
പെട്ടെന്ന് ഒരു അശരീരി കേട്ടതായി തോന്നി സുകുമാരന്.
“മോനേ കത്തിയെടുക്കൂ !”
സുകുമാരൻ മടിയിൽ കരുതിയിരുന്ന കത്തിയെടുത്ത് അവരുടെ നേരെ ചൂണ്ടി.
സുകുമാരന്റെ കയ്യിലെ മലപ്പുറം കത്തി കണ്ട് മൂന്ന് പേരും പുറകിലേക്ക് മാറി. സുകുമാരൻ മുന്നോട്ട് അടുത്തപ്പോൾ അവർ പേടിച്ച് ഓടിപ്പോയി.
നടന്ന സംഭവത്തിന്റെ ഷോക്കിൽ സുകുമാരനും കുടുംബവും കുറച്ചുനേരം അവിടെ തന്നെ നിന്നു. എന്നിട്ട് വേഗത്തിൽ വീട്ടിലേക്ക് ഓടിപ്പോയി.
വീട്ടിലെത്തി കുറച്ചു നേരം കഴിഞ്ഞ് വസ്ത്രങ്ങൾ മാറുന്നതിനിടയിൽ സുനന്ദ ചോദിച്ചു
“അണ്ണാ, അഥവാ അവരെ അണ്ണൻ കുത്തിയിരുന്നെങ്കിൽ, അതിൽ ആരെങ്കിലും മരിച്ചിരുന്നെങ്കിൽ, എന്താകുമായിരുന്നു ? അച്ഛൻറെ കാര്യം ഓർമയുണ്ടല്ലോ ? ഇതുപോലെ ഒരു അവസരത്തിൽ ഒരാളെ ഈ കത്തികൊണ്ട് കുത്തിയതിനാണ് അച്ഛൻ ജയിൽശിക്ഷ അനുഭവിച്ചത്. ഈ കത്തി കൊണ്ടുള്ള നടപ്പ് ഇനി വേണ്ടാ. അത് അപകടമാണ്”
“ശരിയാണ് നീ പറഞ്ഞത്. ഇനി ഈ കത്തി കൊണ്ടുള്ള നടപ്പ് നിർത്തി. പക്ഷേ ഒന്ന് ആലോചിച്ചു നോക്കൂ. ആ സമയത്ത് എന്റെ കയ്യിൽ കത്തി ഇല്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു?
ജീവിതത്തിൽ പലതും സംഭവിക്കാം. പക്ഷേ അതിനുള്ള വഴി നമ്മൾ തന്നെ ഒരുക്കി കൊടുക്കരുത്. അപകടസാധ്യതയുള്ള സ്ഥലത്ത്, അതും അസമയത്ത് പോകരുത്. ജീവിതം വളരെ സൂക്ഷിച്ചു ജീവിക്കാനുള്ളതാണ്. കേട്ടിട്ടില്ലേ ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ”
“വളരെ ശരിയാണ്. നമ്മൾ സൂക്ഷിക്കണം” സുനന്ദ സമ്മതിച്ചു.
സുകുമാരൻ സുനന്ദയുടെ അടുത്ത് വന്നുകൊണ്ട് പറഞ്ഞു
“ഇനി മേലാൽ, സെക്കൻഡ് ഷോയ്ക്ക് പോണം എന്ന് നീ പറയരുത്. മനസ്സിലായോടീ ?”
“മനസ്സിലായി എന്റെ അണ്ണാ”
സുമതി സുകുവിനെ കെട്ടിപ്പിടിച്ചു.
കേണൽ രമേശ് രാമകൃഷ്ണൻ
24 Apr 2022