കഥ : സപ്രമഞ്ച കട്ടിൽ.
മുഹൂർത്ത ശങ്കു സ്ഥാപിച്ചു. സാമവേദ മന്ത്രം ജപിച്ച് ശങ്കു അഭിഷേകം ചെയ്തു. പുര വാസ്തു ബലിയും പഞ്ചശിരസ്ഥാപനവും കഴിഞ്ഞു. ഒപ്പം ഗൃഹപ്രവേശവും പാല് കാച്ചുന്ന ചടങ്ങും. ഗൃഹനാധനായ വിക്രമൻ കൈമളിനും കുടുംബത്തിനും വളരെ സന്തോഷമായി. അതുപോലെതന്നെ ആ വീട്ടിൽ തടിച്ചു കൂടിയ ബന്ധുമിത്രാദികൾക്കും. അത്രമാത്രം മനോഹരമായിരുന്നു ഒരു ചെറിയ കൊട്ടാരം പോലെയുള്ള ആ പുതിയ വീട്.
വിക്രമൻ കൈമൾ വളരെ അഭിമാനത്തോടെ വീട് പണിക്കു നേതൃത്വം നൽകിയ അച്ചുതനാശാരിയെ കൈ പിടിച്ചു കൊണ്ടു വന്ന് എല്ലാവരുടെയും മുന്നിൽ നിർത്തി. എന്നിട്ട് പറഞ്ഞു.
“എന്റെ കുട്ടിക്കാലം മുതലേയുള്ള ആഗ്രഹമായിരുന്നു കൊത്തുപണികളും കരകൗശലവും നിറഞ്ഞ തലയെടുപ്പുള്ള കൊട്ടാരം പോലെയുള്ള ഒരു വീട്. ആ സ്വപ്നം പൂർത്തീകരിച്ചു തന്നത് ഈ നില്ക്കുന്ന അച്ചുതനാശാരിയും മക്കളുമാണ്. ഒരു വലിയ തച്ചു ശാസ്ത്ര വിദഗ്ദ്ധൻ ആണിദ്ദേഹം. ഇദ്ദേഹത്തിന്റെ അപ്പനപ്പുപ്പന്മാർ വലിയ കൊട്ടാരം പണിക്കാർ ആയിരുന്നു. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്നിലുള്ള സ്വാതിതിരുനാൾ മഹാരാജാവിന്റെ കൊട്ടാരത്തിലും കിളിമാനൂർ കൊട്ടാരത്തിലുമൊക്കെ ഇദ്ദേഹത്തിന്റെ പൂർവ്വികരുടെ കര വിരുത് തെളിഞ്ഞു കാണാം. എനിക്ക് വേണ്ടിയും പല വീടുകളും ചാരുവടികളും, കടകളും കട്ടിലുകൾ, അലമാരകൾ, കസേരകൾ എന്നു വേണ്ടാ എന്തെല്ലാം തരത്തിലുള്ള ഫർണിച്ചർ പണിത് തന്നിട്ടുണ്ട്. ഇവരോട് എങ്ങനെ നന്ദി പറയണമെന്ന് എന്നിക്ക് അറിയില്ല. നമുക്ക് ഇവരെ ഒന്ന് ആദരിക്കാം."
അവിടെ നിന്നവരെല്ലാം കയ്യടിച്ച് തങ്ങളുടെ അനുമോദനം പ്രകടിപ്പിച്ചു.
അച്ചുതനാശാരിയുടെ കണ്ണു നിറഞ്ഞു. സാധാരണ നിലയിൽ ആരും അങ്ങനെ പുകഴ്ത്താറില്ല. അദ്ദേഹത്തിന്റെ മക്കളായ സഹദേവൻ മേശിരിക്കും സദാശിവൻ മേശിരിക്കും സന്തോഷമായി. അഭിമാനം തോന്നി.
കൈമൾ മകനെ വിളിച്ചു പറഞ്ഞു
“ അകത്തെ അലമാരയിൽ ഒരു പൊതി ഇരിപ്പുണ്ട്. അതിങ്ങെടുത്തോണ്ടു വാ “
മകൻ കൊണ്ടു വന്ന പൊതിയിൽ നിന്നും മൂന്നു കസവ് നേര്യത് എടുത്ത് മൂന്നു പേരെയും അണിയിച്ചു. ഒരു കസവുമുണ്ട് അച്ചുതനാശാരിക്ക് കൊടുത്തു. ഒപ്പം ബാക്കി പണിക്കൂലിയും കൊടുത്തു.
“ സന്തോഷമായില്ലേ?”
കൈമൾ തിരക്കി. അച്ചുതനാശാരി പറഞ്ഞു
“ വളരെ സന്തോഷം. എന്നാൽ എനിക്ക് ഒരു കാര്യം കൂടിത്തരണം. ഇത് ഞാൻ നേതൃത്വം കൊടുത്തു പണിയുന്ന അവസാനത്തെ വീടാണ്. എനിക്ക് വയസ്സായി. ഇനി മുതൽ എന്റെ മക്കൾ ഈ തൊഴിൽ തുടരും. എനിക്ക് ഒരാഗ്രഹമുണ്ട്. അത് കൈമൾ സാറ് സാധിച്ചു തരണം.”
“എന്ത് വേണം ? പണമായി എന്തെങ്കിലും ?”
കൈമൾ തിരക്കി.
“ഏയ്, പണമൊക്കെ ഇഷ്ടം പോലെ തന്നിട്ടുണ്ട്. എനിക്ക് ഒരു മരം വേണം. ആ തെക്കേ പറമ്പിലെ വലിയ ആഞ്ഞിലി മരം.” തെക്കോട്ട് കൈ ചുണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.
“ ആ വലിയ മരമോ ?”
അത്ഭുതം പ്രകടിപ്പിച്ചു കൊണ്ട് കൈമൾ ചോദിച്ചു
“ ആട്ടെ, എന്തിനാണ് ആ മരം ?"
" പൂർവ്വികരുണ്ടാക്കിയ ഒരു ചെറിയ വീടാണ് ഞങ്ങളുടേത്. എനിക്കൊരു പുതിയ വീട് പണിയണം. ആ വിടിന്റെ മേൽക്കൂര ആഞ്ഞിലിയുടെ തടിയിൽ പണിയണമെന്നാണ് എന്റെ ആഗ്രഹം.”
അച്ചുതനാശാരി അല്പം മുന്നോട്ടു നീങ്ങി നിന്നു പറഞ്ഞു.
“ നിങ്ങളുടെയൊക്കെ വീടുകൾ തെങ്ങിൻ തടിയിൽ അല്ലേ ഉണ്ടാക്കുന്നത് ? ഇതെന്താ ? ഇനി ഒരു കൊട്ടാരം സ്വന്തമായി പണിയണം എന്ന ആഗ്രഹം വല്ലതും ഉണ്ടോ മേശിരിക്ക് ?”
കൈമളുടെ സ്വരത്തിൽ വന്ന മാറ്റം എല്ലാവർക്കും മനസ്സിലായി. എല്ലാവരുടെയും മുന്നിൽ വച്ച് നടത്തിയ അഭ്യർത്ഥന നിരസിക്കാൻ അയാളുടെ അന്തസ്സ് അനുവദിച്ചില്ല. ചിരിച്ചു കൊണ്ട് പറഞ്ഞു
“ ദാനശീലരാണല്ലോ കൈമൾ കുടുംബം. എന്നും കൊടുത്തിട്ടേയുള്ളൂ ഞങ്ങൾ. അച്ഛുതനാശാരിയുടെ ആഗ്രഹം നടക്കട്ടെ. ആ തെക്കേ പറമ്പിലെ വലിയ ആഞ്ഞിലി മരം മുറിപ്പിച്ചോളൂ. പിന്നെ പുതിയ വീടിന്റെ പാല് കാച്ചുന്ന ചടങ്ങിന് ഞങ്ങളെ വിളിക്കണം”.
എല്ലാവരും ചിരിച്ചു. വളരെ സന്തോഷത്തോടെ അച്ചുതനാശാരിയും മക്കളും യാത്ര പറഞ്ഞു.
പിറ്റേന്ന് തന്നെ മൂപ്പരന്മാരെ കൊണ്ടുവന്നു ആ വലിയ ആഞ്ഞിലി മരം മുറിപ്പിച്ചു. അച്ചുതനാശാരി പറഞ്ഞ കണക്കനുസരിച്ച് പല സൈസിലുള്ള തടികളാക്കി ഒരു കാളവണ്ടിയിൽ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി.
മൂത്ത മകൻ സഹദേവൻ ചോദിച്ചു.
“ അപ്പാ, ഒരു പുതിയ വീട് പണിയുന്ന കാര്യം ഇതുവരെ ഞങ്ങളോട് പറഞ്ഞില്ലല്ലോ. ആട്ടെ, അതിന് നമ്മുടെ കയ്യിൽ സ്ഥലവും പണവും ഉണ്ടോ ?”
മകന്റെ തോളിൽ കൈ വച്ചുകൊണ്ട് അച്ചുതനാശാരി പറഞ്ഞു
“ മോനേ, നിന്റെ അമ്മയുടെ പേരിൽ ഞാൻ ഒരു ആറ് സെന്റ് ഭൂമി ആ പാവു വയലിന്റെ മേലേക്കരയിൽ പണ്ട് വാങ്ങിച്ചിട്ടിരുന്നു. ഇതുവരെ അവിടെ ഒരു വീടുണ്ടാക്കാൻ പറ്റിയില്ല. പിന്നെ ഞാൻ ജോലി ചെയ്തു കൊണ്ടു കൊടുത്തിരുന്ന പൈസയുടെ ഒരു ഭാഗം നിന്റെ അമ്മ ഒരു വീടിനായി മാറ്റി വയ്ക്കുമായിരുന്നു. സരോജിനീ”
അടുക്കളയിലേക്ക് നോക്കി അയാൾ വിളിച്ചു.
“ എന്താ ?”
അടുക്കളയിൽ നിന്നും പുറത്തേക്കു വന്ന് സരോജിനി അമ്മാൾ ചോദിച്ചു.
“നീ നിന്റെ സമ്പാദ്യം മക്കളെ ഒന്ന് കാണിച്ചേ”
അച്ചുതനാശാരി ചിരിച്ചു കൊണ്ട് പറഞ്ഞു.
സരോജിനി അമ്മാൾ അകത്തു നിന്നും ഒരു ചെറിയ തടിപ്പെട്ടി കൊണ്ടു വന്ന് അവരുടെ മുന്നിൽ തുറന്നുവെച്ചു. അത് നിറയെ പണമായിരുന്നു.
“ എന്നാലും എന്റെ അമ്മേ, എത്ര ബുദ്ധിമുട്ടിയിട്ടും നിങ്ങളീ കാശ് എടുത്ത് ചെലവാക്കിയില്ലല്ലോ ? "
ചിരിച്ചു കൊണ്ട് സദാശിവൻ ചോദിച്ചു.
“ മക്കളേ, നിസ്സാര കാര്യമല്ല നമുക്ക് സ്വന്തമായി ഒരു വീടുണ്ടാക്കുന്നത് “
സരോജിനി അമ്മാൾ പെട്ടിയുമെടുത്ത് അകത്തേക്ക് പോയി.
“ അപ്പോൽ എങ്ങനെയാണ് പുര പണിയുടെ കാര്യം ?”
സദാശിവൻ തിരക്കി. ഒരു മുറുക്കാൻ ശരിയാക്കി വായിലേക്ക് ഇട്ടിട്ട് അച്ചുതനാശാരി പറഞ്ഞു
“ഈ വരുന്ന ഏപ്രിൽ ഇരുപതാം തീയതിയാണ് മേട മാസത്തിലെ പത്താമുദയം. അന്നാണ് മുളങ്കാടകം ദേവീക്ഷേത്രിലെയും തിരുമുല്ലവാരം വിഷ്ണത്തുകാവിലെയും ഉത്സവം. അന്ന് നല്ല ദിവസമാണ്. രാവിലെ രാഹുകാലത്തിനു ശേഷം നമുക്ക് സ്ഥാനം കണ്ടു കുറ്റിയടിക്കാം. അത് കഴിഞ്ഞ് ബാക്കി പണി തുടങ്ങിയാൽ മതി.”
“ അപ്പോൽ അളവുകളൊക്കെയോ അപ്പാ ? “
സഹദേവൻ ഇടയ്ക്ക് കയറി ചോദിച്ചു.
“അളവുകളൊക്കെ വാസ്തുശാസ്ത്രം അനുസരിച്ച് ഞാൻ എഴുതിത്തരാം. നമുക്ക് കിഴക്ക് ദർശനമായി ഒരു പടിഞ്ഞാറ്റിനി നിർമ്മിക്കാം. ഏഴ് കോൽ അംഗണദീർഘമുള്ള വൃഷഭ യോനി സങ്കല്പത്തിൽ വീട് പണിയാം. 26 മാത്രാംഗുലമുള്ള ധനുർദൃഷ്ടി മുഴക്കോല് അതിനായി മാറ്റി വയ്ക്കുക.
പിന്നെ കൂടുതലൊന്നും ഇരുന്നു പണിയാനുള്ള ആരോഗ്യം എനിക്ക് ഇപ്പോഴില്ല. എല്ലാം ഞാൻ തുടങ്ങി വയ്ക്കാം. സ്ഥാന നിർണ്ണയത്തിന് ശേഷം ഉത്തരത്തിന്റെ പണിയും കഴുക്കോൽ, മൂല കഴുക്കോൽ എന്നിവയുടെ ഓരോന്ന് ഞാൻ തന്നെ പണിത് തരാം. അതിനെ ആധാരമാക്കി ബാക്കിയുള്ളവ സഹദേവൻ തന്നെ പണിയണം. പിന്നെ ഞാൻ ഇവിടെ തന്നെ കാണുമല്ലോ. “
ഒന്നു നിർത്തിയിട്ട് അച്ചുതനാശാരി തുടർന്നു.
“ സദാശിവാ, വാതിലുകളും, ജനലുകളും ഒക്കെ നീ തന്നെ പണിതാൽ മതി. വാതിലിൽ ലക്ഷ്മീ രൂപം തന്നെയാകട്ടെ ”.
അങ്ങനെ പത്താമുദയമെത്തി. നേരത്തെ തീരുമാനിച്ചതു പോലെ തന്റെ പുരയിടത്തിൽ അച്ചുതനാശാരി സ്വന്തം വീടിനു വേണ്ടി സ്ഥാനം കണ്ട് കുറ്റിയടിച്ചു. മേൽക്കൂരയുടെ. പണി സഹദേവനും മറ്റു പണികൾ സദാശിവനും ഏറ്റെടുത്ത് പണി ആരംഭിച്ചു. എല്ലാം ഭംഗിയായി നടന്നു. ഇതിനിടയിൽ മറ്റു പണികൾക്കൊന്നും അവർ പോയില്ല.
നാല് മാസമെടുത്തു നാല് മുറികളും ഒരു ചെറിയ വരാന്തയുമുള്ള ഒരു വീട് പണിയാൻ. ഒരു ഇടമുറി, രണ്ടു കിടപ്പ് മുറികൾ, പിന്നെ അടുക്കള. പാറകൊണ്ട് അടിസ്ഥാനവും ചെത്തിയ കല്ല് കൊണ്ട് ഭിത്തിയും പണിതു.
വീടിന്റെ വടക്കു മദ്ധ്യത്തായി ഒരു കിണർ കുഴിച്ചു. വടക്ക് കിഴക്ക് ഈശാന കോണിൽ കുലഗുരുവായ യോഗീശ്വരന് ഒരു കുര്യാല പണിതു. തെക്ക് കിഴക്ക് അഗ്നി കോണിൽ അടുക്കളയും വടക്ക് പടിഞ്ഞാറ് വായു കോണിൽ കക്കൂസും സ്ഥാപിച്ചു. നേരത്തെ തന്നെ ബ്രഹ്മസ്ഥാനത്ത് വിധിപ്രകാരം പഞ്ചശിരസ്സുകൾ പുജിച്ച് സ്ഥാപിച്ചിരുന്നു. മേൽക്കുരമേൾ നല്ലയിനം ഓട് തന്നെ പാകി. ഭിത്തിയിൽ സിമന്റ് പുശി വെള്ള കൊടുത്തു.
പണി കഴിഞ്ഞപ്പോൾ വീട്, മനോഹരമായ ഒരു സൗധമായി മാറി.
ഗൃഹപ്രവേശം നല്ല രീതിയിൽ നടന്നു. ബന്ധുക്കളെയും അയൽപക്കത്തെ എല്ലാവരെയും ക്ഷണിച്ചു. വിക്രമൻ കൈമളിന്റെ കുടുംബത്തിന് പ്രത്യേക ക്ഷണമുണ്ടായിരുന്നു.
കാലം കടന്നു പോയി. അച്ചുതനാശാരി അവശനായി. ഒരു ദിവസം വരാന്തയിലെ ചാരുകസേരയിൽ കിടന്നു കൊണ്ട് സഹദേവനെ വിളിച്ചു പറഞ്ഞു
“ മോനേ, നമ്മുടെ പഴയ വീടിന്റെ ചായിപ്പിൽ വിറകുകൾ വെച്ചിരിക്കുന്ന സ്ഥലത്ത് കുറെ കറുത്ത തടികൾ കിടപ്പുണ്ട്. അത് നീ ഇങ്ങ് എടുത്തു കൊണ്ടു വാ”
തടികൾ എത്തിയപ്പോൾ അച്ചുതനാശാരി മക്കളോട് പറഞ്ഞു
“ഇത് ഈട്ടിത്തടികളാണ്. എന്റെ അപ്പൻ പണ്ട് കിളിമാനൂർ കോട്ടാരത്തിൽ പണി കഴിഞ്ഞപ്പോൾ അവിടെ നിന്നും കൊണ്ടുവന്നതാണ്. ഇതുവരെ അത് അങ്ങനെ കിടക്കുവായിരുന്നു.”
അല്പസമയം കഴിഞ്ഞ് അച്ചുതനാശാരി തുടർന്നു.
“എനിക്ക് ഒരു ആഗ്രഹം കൂടിയുണ്ട്. അവസാനത്തെ ആഗ്രഹമാണെന്ന് കൂട്ടിക്കോളൂ”
“ അപ്പാ..’ രണ്ടു മക്കളും ഒരേ സ്വരത്തിൽ വിളിച്ചു.
“അതെ, ഈ ഈട്ടിത്തടി കൊണ്ട് നിങ്ങളൊരു സപ്രമഞ്ച കട്ടിലുണ്ടാക്കി എനിക്ക് തരണം. ജീവിതത്തിൽ ഒരുപാട് സപ്രമഞ്ച കട്ടിലുണ്ടാക്കി ഞാൻ പലർക്കും കൊടുത്തിട്ടുണ്ട്. പല രാജാക്കന്മാർക്കും ജന്മികൾക്കും. അപ്പോഴെല്ലാം തോന്നിയ ഒരു ആഗ്രഹമാണ്. ഞാൻ മരിക്കുമ്പോൾ ഒരു സപ്രമഞ്ച കട്ടിലിൽ കിടന്നു മരിക്കണമെന്ന്. സാധിച്ചു തരില്ലേ നിങ്ങൾ ?”
രണ്ടു മക്കളും മറുപടി ഒന്നും പറഞ്ഞില്ല. അപ്പന്റെ കാലിൽ പിടിച്ചു കൊണ്ട് അങ്ങനെ ഇരുന്നു. കണ്ണുനീർ ധാരയായി ഒഴുകി.
അടുത്ത ഇരുപതു ദിവസം രണ്ടു പേരും കട്ടിൽ പണിയിൽ മുഴുകി. കട്ടിലിന്റെ കാലുകൾ കടഞ്ഞെടുത്തു. അലങ്കാരത്തിനായി ചെറിയ ചെറിയ എഴികളും കടഞ്ഞെടുത്തു. പരസ്പരം മുഖത്തോട് മുഖം നോക്കിയിരിക്കുന്ന രണ്ടു മയിൽപക്ഷികളെ സദാശിവൻ കൊത്തിയെടുത്തു. ഒരുപക്ഷേ ഒരു രാജാവ് ഉപയോഗിക്കുന്ന കട്ടില് പൊലെ മനോഹരമായ ഒരു സപ്രമഞ്ച കട്ടിൽ അവരുണ്ടാക്കി. ആറരയടി നീളവും അഞ്ചടി വീതിയുമുള്ള ഒരു കട്ടിൽ.
മിനുസപ്പെടുത്തലും പോളീഷിംഗും എല്ലാം കഴിഞ്ഞപ്പോൾ സഹദേവൻ കൊല്ലത്ത് കമ്പോളത്തിൽ പോയി ഒരു പഞ്ഞിമെത്തയും പുതിയ തലയിണയും വിരിപ്പും എല്ലാം വാങ്ങി കൊണ്ടുവന്നു.
സപ്രമഞ്ച കട്ടിൽ തയാറാക്കി അപ്പനെ താങ്ങി അതിൽ കിടത്തി. രംഗം കണ്ട് സരോജിനി അമ്മാളുടെ കണ്ണ് നിറഞ്ഞു.
അച്ചുതനാശാരിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. രണ്ടു മക്കളേയും നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു
“ധന്യനാണ് ഞാൻ മക്കളേ. ഇത്രയും നല്ല രണ്ടു മക്കളെ തന്നതിന് ദൈവത്തിന് സ്തുതി. നിങ്ങൾക്ക് നല്ലതേ വരൂ”
ഏകദേശം ഒരാഴ്ചയോളം അച്ചുതനാശാരി ആ സപ്രമഞ്ച കട്ടിലിൽ കിടന്നു. തന്റെ ജീവിതത്തിലെ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഓർത്തു കൊണ്ട്. അങ്ങനെ ഒരു ദിവസം ഉറക്കത്തിൽ തന്നെ ആ ആത്മാവ് ഈ ലോകത്തോട് വിട പറഞ്ഞു.
സപ്രമഞ്ച കട്ടിലിനോടും….
കേണൽ രമേശ് രാമകൃഷ്ണൻ
01 Feb 2022