“ സരിതേ, നീ ഇഡ്ഡലി വിളമ്പ്. ദേ അച്ഛൻ വന്നിരിക്കുന്നു”.
വീടിന്റെ മുറ്റത്തേക്ക് കയറിവന്ന ശങ്കരക്കുറുപ്പിനെ കണ്ടയുടനെ ഇളയമകൻ രാജസേനൻ അടുക്കളയിലേക്ക് നോക്കി ഭാര്യ സരിതയോട് പറഞ്ഞു.
“ എനിക്ക് ഇഡ്ഡലിയൊന്നും വേണ്ടാ”
മുറ്റത്ത് കാലിലെ ചെരുപ്പ് ഊരിയിട്ടിട്ട് വരാന്തയിലേക്ക് കയറുന്നതിനിടയിൽ കുറുപ്പ് പറഞ്ഞു.
“എന്നാപ്പിന്നെ നീ പഴങ്കഞ്ഞി വിളമ്പ്. ഒപ്പം ഇന്നലത്തെ വറുത്ത മീൻ കൂടി എടുത്തോളൂ. അച്ഛന് അതാണിഷ്ടം.”
രാജസേനൻ അച്ഛന്റെ കയ്യിൽ നിന്നും കുട വാങ്ങി മേശപ്പുറത്ത് വെച്ച ശേഷം പറഞ്ഞു.
“ പറഞ്ഞില്ലേ എനിക്ക് ഒന്നും വേണ്ടാ”
കുറുപ്പ് തന്റെ നീരസം പ്രകടിപ്പിച്ചു. മകനും ഭാര്യയും കുട്ടികളും താമസിക്കുന്ന ഈ വീട് കുറുപ്പ് തന്നെ ഉണ്ടാക്കി കൊടുത്തതാണ്. എങ്കിലും സാധാരണയായി ഇങ്ങോട്ട് വരാറില്ല. എന്തെങ്കിലും അത്യാവശ്യം വന്നാൽ മാത്രമേ മക്കളുടെ വീട്ടിൽ അയാൾ പോകാറുള്ളൂ. അതൊരു വാശി പോലെയാണ് കുറുപ്പിന്.
“ എന്താണ് അച്ഛാ വന്നത് ? വിശേഷിച്ച് എന്തെങ്കിലും ?”
വെറുതെയെങ്കിലും ഒരു ജിജ്ഞാസ രാജസേനൻ പ്രകടിപ്പിച്ചു.
സരിത കൊടുത്ത വെള്ളം വാങ്ങി കുടിച്ചതിന് ശേഷം ശങ്കരക്കുറുപ്പ് പറഞ്ഞു
“ മോനേ, ഒരത്ത്യാവശ്യമുണ്ട്. അല്ലെങ്കിൽ ഇത്രയും ദൂരം ബസ്സിൽ യാത്ര ചെയ്ത് ഞാൻ വരില്ലല്ലോ ?”
അയാൾ മുണ്ടിന്റെ തുമ്പ് കൊണ്ട് മുഖമൊന്നു തുടച്ചു. എന്നിട്ട് തുടർന്നു.
“ മോനേ, അതായത്, എന്റെ സ്വത്തുക്കളെല്ലാം നിനക്കും രാജേന്ദ്രനുമായി വീതിച്ചു തന്നല്ലോ. കുടുംബവീടും അത് നില്ക്കുന്ന പത്ത് സെന്റ് സ്ഥലവും സ്ത്രീധനമായി കൊടുത്തു കൊണ്ടാണല്ലോ നിന്റെ ഇളയ പെങ്ങൾ രാജിയെ കെട്ടിച്ചയച്ചത് ?. അന്ന് നിങ്ങൾ രണ്ടു പേരും ആളായി നിന്നെന്നല്ലാതെ പണമായോ, സ്വർണ്ണമായോ എന്നെ ഒന്നും സഹായിച്ചില്ല. അപ്പോൽ വിവാഹച്ചെലവിനും സ്വർണം വാങ്ങാനുമായി ഞാൻ ഒരു പത്തു ലക്ഷം രൂപ ചിട്ടിക്കാരൻ സുന്ദരേശന്റെ കയ്യിൽ നിന്നും വാങ്ങിയ കാര്യം പറഞ്ഞിരുന്നല്ലോ ? മാസഗഡുക്കളായി കൊടുത്തു തീർക്കാം എന്നാണ് ഞാൻ കരുതിയത്. പക്ഷേ അഞ്ചാറ് മാസമായി അതു മുടങ്ങി. സുന്ദരേശൻ എനിക്ക് ഇരിക്കപ്പൊറുതി തരുന്നില്ല. പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ കേസിന് പോകുമത്രേ. അതുകൊണ്ട് നീ എന്നെയൊന്നു സഹായിക്കണം”.
“ എന്താ അച്ഛാ ഈ പറയുന്നത് ? അന്നേ ഞാൻ പറഞ്ഞതാണ്, ഇത്രയും സ്ത്രീധനം കൊടുത്ത് രാജിയെ കെട്ടിക്കണ്ടാന്ന്”.
രാജസേനൻ എഴുന്നേറ്റു. എന്നിട്ട് തുടർന്നു.
“എന്റെ കയ്യിൽ കാശൊന്നും ഇല്ല. ഇവിടത്തെ കാര്യങ്ങൾ ഞാൻ എങ്ങനെയാണ് നടത്തിക്കൊണ്ട് പോകുന്നുവെന്ന് സരിതയോട് ചോദിക്ക്.”
“അപ്പോ രാജിയെ കല്യാണം കഴിച്ച് അയക്കണ്ടായിരുന്നു എന്നാണോ നീ പറയുന്നത് ?”
കുറുപ്പിന് ദേഷ്യം വന്നു.
“എന്നാലച്ഛൻ അവളോട് പറ, പത്തു ലക്ഷം കൊടുക്കാൻ. വീടും പരിസരവും പിന്നെ ഇത്രയും സ്വർണ്ണവും എല്ലാം അവൾക്കല്ലേ കൊടുത്തത് ?”
രാജസേനൻ തർക്കിച്ചു.
“ എന്താടാ പറഞ്ഞത് ? എന്റെ മോളോട് ഞാൻ കാശ് ചോദിക്കാനോ?”
കുറുപ്പ് ദേഷ്യത്തോടെ ചോദിച്ചു.
“ വേണ്ടാ, ചോദിക്കണ്ടാ. പക്ഷേ എന്റെ കയ്യിൽ നിന്നും ചില്ലിക്കാശ് അച്ഛൻ പ്രതീക്ഷിക്കണ്ട. എന്തേ, മൂത്ത മകനോട് ചോദിക്കാതെ ഇങ്ങോട്ട് വന്നത് ? അയാൾക്കല്ലേ മുന്തിയ ഓഹരി കൊടുത്തത് ?”
രാജസേനൻ കയർത്തു.
“അവന്റെ അടുത്തൂന്നാ ഞാൻ ഇങ്ങോട്ട് വന്നത്. വെളുപ്പിനെ ഞാൻ അവന്റെ വീട്ടിൽ പോയിരുന്നു. ഒരു സഹായവും ചെയ്യാൻ പറ്റില്ല എന്ന് അവനും തീർത്തും പറഞ്ഞു.”
കുറുപ്പ് കുറെ നേരം ഒന്നും മിണ്ടാതെ ഇരുന്നു. അല്പസമയം കഴിഞ്ഞ് രാജസേനൻ പറഞ്ഞു
“ എന്തായാലും അച്ഛൻ ഇവിടെ വന്ന സ്ഥിതിക്ക് ഊണ് കഴിഞ്ഞ് പോയാൽ മതി”
ഒന്നും മിണ്ടാതെ ശങ്കരക്കുറുപ്പ് എഴുന്നേറ്റ് മേശപ്പുറത്തിരുന്ന കുടയെടുത്തുകൊണ്ട് മുറ്റത്തേക്കിറങ്ങി. രാജസേനന്റെ നാലു വയസ്സുള്ള മകൻ ഓടിവന്ന് കയ്യിൽ പിടിച്ചു. കുട്ടിയെ ഒന്ന് തലോടിയിട്ട് കുറുപ്പ് റോഡിലേക്കിറങ്ങി.
“ ഇനിയിപ്പോ എന്താ ചെയ്ക ?”
അയാൾ ആരോടെന്നില്ലാതെ ചോദിച്ചു. തലയ്ക്ക് ഒരു പെരുപ്പ് പോലെ തോന്നി. ജംഗ്ഷനിൽ കണ്ട ഒരു ചായക്കടയിൽ നിന്ന് ഒരു ചായയ്ക്ക് ഓർഡർ ചെയ്തു.
ചായ കുടിക്കുന്നതിനിടയിൽ വയസ്സായ ഒരു ലോട്ടറി ടിക്കറ്റ് വില്പനക്കാരൻ അടുത്ത് വന്നു പറഞ്ഞു
“സാറേ, ഒരു ലോട്ടറി ടിക്കറ്റ് എടുക്കൂ. രാവിലെ മുതൽ ആരും ഒരു ടിക്കറ്റ് പോലും വാങ്ങിയില്ല. പ്ളീസ്”
“ ഏയ്, എനിക്ക് ലോട്ടറി ടിക്കറ്റ് വേണ്ടാ. വേണമെങ്കിൽ ഒരു ചായ വാങ്ങി കുടിച്ചോളൂ. പൈസ ഞാൻ കൊടുക്കാം”
കുറുപ്പ് ചായയുടെ ഗ്ളാസ് മേശപ്പുറത്ത് വച്ചു കൊണ്ട് പറഞ്ഞു.
“ എനിക്ക് ചായ വേണ്ട സാറേ. എന്തോ എന്റെ മനസ്സ് പറയുന്നു, സാറിന് ഈ ലോട്ടറി അടിക്കുമെന്ന്”
അയാൾ പിറകെ നടന്നു ശല്യപ്പെടുത്തിയപ്പോൾ കുറുപ്പ് ചോദിച്ചു
“ എന്താ ഒരു ടിക്കറ്റിന്റെ വില ?”
“ മുന്നൂറ് രൂപ” അയാൾ പറഞ്ഞു.
“ ഏ ? മുന്നൂറു രൂപയോ ?”
കുറുപ്പ് അതിശയം പ്രകടിപ്പിച്ചു.
“ സാറേ, ഇതൊരു ബംബർ ലോട്ടറി യാണ്. ഒന്നാം സമ്മാനം പത്തു കോടി രൂപ. വേറെയുമുണ്ട് സമ്മാനങ്ങൾ. ഇത് അടിച്ചു കഴിഞ്ഞാൽ സാറിന്റെ എല്ലാ പ്രശ്നങ്ങളും തീരും. വാങ്ങിക്കൂ സാറേ”
അയാൾ ഒരു ടിക്കറ്റ് കീറാൻ തുടങ്ങി.
“വാങ്ങിക്ക് കുറുപ്പേ”
ഒരു അശരീരി കേട്ടതു പോലെ തോന്നി ശങ്കരക്കുറുപ്പിന്. പിന്നീട് ഒന്നും മിണ്ടാതെ പേഴ്സിൽ നിന്നും മുന്നൂറ് രൂപ എടുത്തു കൊടുത്തു. ലോട്ടറി ടിക്കറ്റ് വാങ്ങി പേഴ്സിൽ വച്ചു.
താമസിയാതെ അഞ്ചാലുംമൂട്ടിലേക്കുള്ള ബസ്സ് വന്നു. ശങ്കരക്കുറുപ്പ് അതിൽ കയറി ഇരുന്നു. മനസ്സ് തന്റെ പഴയകാല ജീവിതത്തിലേക്ക് പോയി.
ദിവാകരക്കുറുപ്പ്, ശങ്കരക്കുറുപ്പിന്റെ അച്ഛൻ കൊല്ലം താലൂക്ക് ഓഫീസിൽ ഒരു ക്ളാർക്കായിരുന്നു. അങ്ങ് കായംകുളത്തായിരുന്നു വീട്. ഒരു വലിയ തറവാട്ടിലെ അംഗമായിരുന്നു. കൊല്ലത്ത് നിന്നും ദിവസവും കായങ്കുളത്ത് പോയിവരുന്നത് ബുദ്ധിമുട്ട് ആയതിനാൽ അഞ്ചാലുംമൂട്ടിൽ ഒരു പഴയ വീടും പുരയിടവും വാങ്ങി കുടുംബസമേതം താമസം തുടങ്ങി. ഭാര്യയും ഒറ്റ മകനായ ശങ്കരനുമൊത്ത്. ഒരു പിശുക്കനായിരുന്ന ദിവാകരക്കുറുപ്പ് കുറെ സ്വത്തുക്കൾ വാങ്ങിക്കൂട്ടി. അദ്ദേഹത്തിന്റെയും ഭാര്യയുടെയും കാലശേഷം അതെല്ലാം ശങ്കരക്കുറുപ്പിന് കിട്ടി. ഇതിനിടയിൽ ദിവാകരക്കുറുപ്പ് ജീവിച്ചിരിക്കുമ്പോൾ തന്നെ മകന്റെ വിവാഹം നടത്തിക്കൊടുത്തു. കായംകുളത്ത് നിന്നു തന്നെ. സുഭാഷിണി എന്ന ഒരു കൊച്ചു സുന്ദരിയുമായി.
പഠിത്തത്തിൽ ശങ്കരക്കുറുപ്പ് മോശമായിരുന്നു. കഷ്ടിച്ച് പാസാകും. അത്ര തന്നെ. അതുകൊണ്ട് സർക്കാർ ജോലിയൊന്നും ശങ്കരക്കുറുപ്പിന് കിട്ടിയില്ല. ഒരു പലചരക്ക് കട തുറന്നു ജീവിതമാർഗ്ഗം കണ്ടെത്തി. ഇതിനിടയിൽ രാജേന്ദ്രൻ, രാജസേനൻ എന്ന രണ്ട് ആൺകുട്ടികളും രാജി എന്ന മകളും ജനിച്ചു.
കാലം കടന്നു പോയി. മക്കളെല്ലാം വളർന്നു വലുതായി. അവർ പഠിക്കാൻ മിടുക്കരായിരുന്നു. രണ്ട് ആൺമക്കൾക്കും സർക്കാർ ജോലി കിട്ടുകയും ചെയ്തു. ആൺമക്കളുടെ വിവാഹം നല്ല രീതിയിൽ നടത്തിക്കൊടുത്തു.
വിവാഹം കഴിഞ്ഞ് ഒരു വർഷം കഴിയുന്നതിന് മുമ്പ് അവർക്ക് അവരുടെ ഓഹരി കിട്ടണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ശങ്കരക്കുറുപ്പിന് സമ്മതമല്ലായിരുന്നു. ഭാര്യക്കും. കാര്യങ്ങൾ വഷളാകും എന്ന് ബോധ്യം വന്നപ്പോൾ ഭാഗം വയ്ക്കാൻ തന്നെ തീരുമാനിച്ചു. സുഭാഷിണി മാത്രം ആ തീരുമാനത്തെ എതിർത്തു. അപ്പോൽ രാജിയുടെ വിവാഹപ്രായം കഴിഞ്ഞെങ്കിലും വിവാഹം നടക്കാതെ നിൽക്കുന്ന സമയമായിരുന്നു. രാജിക്ക് ചൊവ്വാദോഷം ഒരു ശാപമായി തോന്നിയ സമയം. അങ്ങനെ അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ തന്നെ ഭാഗം വയ്ക്കൽ നടന്നു. കുണ്ടറയിലെ വസ്തു മൂത്ത മകൻ രാജേന്ദ്രനും, ചെമ്മക്കാട്ടെ പുരയിടം ഇളയമകൻ രാജസേനനും താമസിക്കുന്ന അഞ്ചാലുംമൂട്ടിലെ വീടും പുരയിടവും കുറുപ്പിന്റെയും ഭാര്യയുടെയും മരണശേഷം മകൾ രാജിക്ക് പൂർണ്ണ അവകാശമായി രേഖപ്പെടുത്തി പ്രമാണം ചെയ്തു.
ഭാഗം വെപ്പ് കഴിഞ്ഞതിന് പിന്നാലെ ആൺമക്കൾ രണ്ടു പേരും അവരുടെ കുടുംബങ്ങളും അവരവരുടെ ഓഹരിയിലേക്ക് മാറി താമസം തുടങ്ങി. വീടിനായുള്ള സഹായം കുറുപ്പ് ചെയ്തുകൊടുത്തു. കുറുപ്പും ഭാര്യയും മകളും കുടുംബവീട്ടിൽ താമസമാക്കി.
ഏകദേശം രണ്ടു വർഷം അങ്ങനെ കടന്നുപോയി. ഇതിനിടെ പല ആലോചനകളും രാജിക്ക് വന്നു. ചൊവ്വാദോഷം മൂലം ഒന്നും ശരിയായില്ല. അങ്ങനെയിരിക്കെ ചെങ്ങന്നൂരിൽ നിന്നും ഒരു നല്ല ബന്ധം വന്നു. എല്ലാം യോജിച്ചത്. നല്ല രീതിയിൽ കല്യാണം നടത്തിത്തന്നാൽ മതി എന്ന് മാത്രം അവർ ആവശ്യപ്പെട്ടു. പയ്യന് നാട്ടിൽ കൃഷിപ്പണി.
കല്യാണച്ചെലവിനും സ്വർണം വാങ്ങാനുമായി ഒരു സഹായവും ആൺമക്കളിൽ നിന്നും കുറുപ്പിന് കിട്ടിയില്ല. അവസാനം പത്തു ലക്ഷം രൂപയുടെ ചിട്ടിക്ക് ചേർന്ന് ഉടനെ പണം കൈപ്പറ്റി. പലചരക്ക് കടയിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് ചിട്ടിയുടെ ഗഡുക്കൾ മാസം തോറും അടയ്ക്കാമെന്നുള്ള പ്രതീക്ഷയിൽ.
“ നല്ല ഒരു ബന്ധമാണച്ഛാ”
എന്ന് മാത്രം രാജി പറഞ്ഞു. അതോടെ അവളുടെ മനസ്സ് കുറുപ്പിന് മനസ്സിലായി. രാജിക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങൾ വാങ്ങി, നല്ല രീതിയിൽ വിവാഹം നടത്തിക്കൊടുത്തു.
ബസ്സ് അഞ്ചാലുംമൂട് ജംഗ്ഷനിലെത്തി. ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു വരുന്ന കുറുപ്പിനെ കണ്ടപ്പൊഴേ സുഭാഷിണിക്ക് കാര്യം മനസ്സിലായി. അവർ ചോദിച്ചു
“ആൺമക്കൾ കൈമലർത്തി കാണിച്ചു, അല്ലേ?. ഞാൻ പറഞ്ഞില്ലായിരുന്നോ പോകേണ്ടെന്ന്. എനിക്കറിയാം അവന്മാരെ. ഞാൻ പെറ്റു വളർത്തിയതല്ലേ! “
“ങ്ഹാ”
എന്ന് മാത്രം മൂളി ശങ്കരക്കുറുപ്പ്. വസ്ത്രം മാറിക്കഴിഞ്ഞ് പേഴ്സിൽ നിന്നും ലോട്ടറി ടിക്കറ്റെടുത്ത് സുഭാഷിണി യുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു
“എടേ, ഇത് സൂക്ഷിച്ചു വച്ചോണേ”
“ഇതെന്ന് തുടങ്ങി ലോട്ടറി ടിക്കറ്റെടുപ്പ്?”
സുഭാഷിണി അതിശയം പ്രകടിപ്പിച്ചു.
ഒരു നിശ്വാസത്തോടെ കുറുപ്പ് പറഞ്ഞു
“ ഒരാൾ അടിച്ചേൽപ്പിച്ചതാ. ഇരിക്കട്ടെ”
ദിവസങ്ങൾ കടന്നുപോയി. ഒരുദിവസം പത്രം വായിക്കുന്നതിനിടയിൽ ശങ്കരക്കുറുപ്പ് ലോട്ടറിയുടെ ഫലപ്രഖ്യാപനം കണ്ട് ഭാര്യയെ വിളിച്ചു പറഞ്ഞു
“എടേ, ആ ലോട്ടറി ടിക്കറ്റിങ്ങെടുത്തേ”
സുഭാഷിണി ടിക്കറ്റ് കൊണ്ടുവന്ന് കയ്യിൽ കൊടുത്തു. കുറുപ്പ് ടിക്കറ്റിന്റെ നമ്പർ ഫലവുമായി ഒത്തുനോക്കി. കണ്ണുകളിൽ ഇരുട്ടു പടർന്നു. ഒരു കറണ്ട് ശരീരത്തിലൂടെ കടന്നുപോയി. മുഖഭാവം കണ്ട് സുഭാഷിണി ചോദിച്ചു
“എന്തേ, എന്തുപറ്റി ?”
സംയമനം കിട്ടിയതിന് ശേഷം കുറുപ്പ് പറഞ്ഞു.
“എടേ, നമുക്ക് ബംബർ സമ്മാനം. പത്തു കോടി രൂപ.”
സുഭാഷിണി കസേരയിൽ ഇരുന്നു. കണ്ണടച്ച് കുറെ നേരം അങ്ങനെ ഇരുന്നു. ആരോടൊക്കെയോ നന്ദി പറയുന്നതുപോലെ. കുറുപ്പിന്റെ കണ്ണുകൾ നിറഞ്ഞു. മനസ്സാ ഈശ്വരന് നന്ദി പറഞ്ഞു.
കണ്ണ് തുറന്ന് സുഭാഷിണി പറഞ്ഞു
“ചേട്ടാ, നമ്മുടെ പ്രശ്നങ്ങൾ എല്ലാം തീരും. ഇനി കുടുംബസമേതം സുഖമായി ജീവിക്കാം”
കുറുപ്പ് ഒന്നും തന്നെ മറുപടി പറഞ്ഞില്ല. തലയൊന്ന് കുലുക്കി.
പിറ്റേന്ന് രാവിലെ തിരുവനന്തപുരത്ത് ലോട്ടറി ഡിപ്പാർട്ട്മെന്റ് ഓഫീസിലേക്ക് യാത്ര ഇറങ്ങുന്നതിന് മുമ്പ് ഭാര്യയെ വിളിച്ചു പറഞ്ഞു
“ലോട്ടറി അടിച്ചു എന്ന വിവരം താനിപ്പോൾ ആരോടും പറയണ്ടാ. ഞാൻ തിരിച്ചു വരാൻ ചിലപ്പോൾ മൂന്നാല് ദിവസം എടുത്തേക്കും. വിഷമിക്കരുത്. നമ്മുടെ റേഷൻ കാർഡ്, പാൻ കാർഡ്, ആധാർ കാർഡ്, ബാങ്കിന്റെ പാസ്ബുക്ക് അങ്ങനെയുള്ള രേഖകൾ എല്ലാം എടുത്തിട്ടുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഞാൻ തിരിച്ചു വരും. കാശ് കിട്ടിയാൽ ആദ്യം തന്നെ ചിട്ടിക്കാരൻ സുന്ദരേശന്റെ കടം തീർക്കണം. ബാക്കി ഞാൻ വന്നിട്ട് പറയാം”
ആറ് ദിവസം കഴിഞ്ഞ് ശങ്കരക്കുറുപ്പ് തിരികെയെത്തി. സുഭാഷിണി ഒരു ആലിംഗനത്തോടെ ഭർത്താവിനെ സ്വീകരിച്ച് സോഫയിൽ ഇരുത്തി.. വെള്ളവും ചായയും ഒക്കെ കൊടുത്തു കഴിഞ്ഞ് ചോദിച്ചു
“ എന്തായി? പത്തു കോടി രൂപ കിട്ടിയോ ? പണമെവിടെ ?”
“ കിട്ടി. ഏഴു കോടി രൂപ. 30 ശതമാനം വച്ച്, മൂന്നു കോടി രൂപ ടാക്സായി പിടിച്ചു. ബാക്കി എന്റെ അക്കൗണ്ടിൽ ഇട്ടു തന്നു. “
“ എന്നിട്ട് ?” സുഭാഷിണി യുടെ ജിജ്ഞാസ തീർന്നില്ല.
“ ഞാൻ സുന്ദരേശന്റെ കടം പലിശസഹിതം വീട്ടി. ഒരു കോടി രൂപ നിന്റെ പേരിൽ മാസപ്പലിശ കിട്ടുന്ന രീതിയിൽ നിക്ഷേപിച്ചു. മാസംതോറും 50,000/- രൂപ പലിശ കിട്ടുമെന്നാണ് പറഞ്ഞത്. നമുക്ക് സുഖമായി ജീവിക്കാൻ അത് പോരേ ?”
കുറുപ്പ് ഷർട്ടൂരി സൈഡിൽ വച്ചു.
“ അപ്പോൽ ബാക്കി പണം ?”
“ ബാക്കി പണം മുഴുവൻ ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ആർക്കെങ്കിലും പാവപ്പെട്ടവരുടെ പെൺകുട്ടികളുടെ കല്യാണത്തിനൊ, വീടില്ലാത്തവർക്ക് ചെറിയ ഭവനം കൊടുക്കാനോ, വിശക്കുന്നവർക്ക് ആഹാരം കൊടുക്കാനോ ഉപകരിക്കട്ടെ”
സോഫയിൽ നിന്നും എഴുന്നേറ്റു കൊണ്ട് കുറുപ്പ് പറഞ്ഞു.
സ്തംഭിച്ചു പോയി സുഭാഷിണി. അല്പസമയം കഴിഞ്ഞ് ചോദിച്ചു
“ അപ്പോൽ നമ്മുടെ മക്കൾക്ക് ഒന്നും കൊടുക്കണ്ടേ ?”
“ മക്കൾക്കോ ? അവർക്ക് കൊടുക്കാനുള്ളത് ഞാൻ നേരത്തേ കൊടുത്തു കഴിഞ്ഞു. നിനക്കറിയാമല്ലോ നമ്മുടെ ആവശ്യത്തിനു സഹായിക്കാൻ ഈ മക്കളുണ്ടായിരുന്നില്ല. ഈശ്വരനാണ് നമ്മളെ സഹായിച്ചത്. അത്യാഗ്രഹം പാടില്ല. നമ്മുടെ ആവശ്യം കഴിഞ്ഞുള്ള പണം ഞാൻ തിരികെ കൊടുത്തു. ഗതികെട്ട് നെട്ടോട്ടമോടുന്ന പലരുമുണ്ട് ഈ നാട്ടിൽ. അവർക്ക് ഉപകരിക്കട്ടെ. ഒരു പ്രശസ്തിയും നമുക്ക് വേണ്ടാ “
സുഭാഷിണിയുടെ കണ്ണു നിറഞ്ഞു. കുറുപ്പിന്റെ തോളിൽ കൈ വച്ചുകൊണ്ട് ചോദിച്ചു
“ അപ്പോൽ ബാങ്കിൽ നിക്ഷേപിച്ച ഒരു കോടി രൂപയോ ?”
“ നമ്മൾ രണ്ടു പേരും ജീവിച്ചിരിക്കുന്നതു വരെ പലിശ മാസംതോറും കിട്ടിക്കൊണ്ടിരിക്കും. നമ്മുടെ മരണശേഷം ആ പണം നമ്മുടെ പഞ്ചായത്തിലെ വികസന പദ്ധതികൾക്കായി പോകും. അതിനുള്ള സമ്മതിപത്രം ഞാൻ ബാങ്കിൽ എഴുതിക്കൊടുത്തു. നമ്മുടെ നാട്ടുകാർക്കും ഉപകരിക്കട്ടെ”
സന്തോഷത്തോടെ കുറുപ്പ് പറഞ്ഞു.
“ ചുരുക്കത്തിൽ, സർക്കാരിനടിച്ച ലോട്ടറി”
ചിരിച്ചുകൊണ്ട് ശങ്കരക്കുറുപ്പിനെ കെട്ടിപ്പിടിച്ചു സുഭാഷിണി….
കേണൽ രമേശ് രാമകൃഷ്ണൻ
29 Dec 2021