ചോദയുടെ മരണം നടന്നിട്ട് ഏകദേശം മൂന്നാല് മാസം കഴിഞ്ഞു. ഇതിനിടയിൽ ഒന്നുരണ്ട് പ്രാവശ്യം ഏഡ് കുട്ടൻ പിള്ള ക്ഷീര വ്യവസായ സൊസൈറ്റിയിൽ വന്ന് ഉടമസ്ഥനായ ശ്രീധരൻ പിള്ളയെ കണ്ടിരുന്നു. ആരെങ്കിലും ചോദയെപ്പറ്റി അന്വേഷിച്ചു വന്നോ എന്നറിയാൻ. വരുമ്പോഴെല്ലാം ശ്രീധരൻ പിള്ള ഒന്നു വിരളും. എന്നിട്ട് ആവർത്തിച്ചു പറയും
“ ചോദ വെറുതെ ചത്തതാ ഏമാനേ. എനിക്കൊന്നും അറിയില്ല.”
കുട്ടൻ പിള്ളയുടെ സംശയനിവാരണം ശ്രീധരൻ പിള്ള മുറപോലെ നടത്തിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരുദിവസം കറുത്ത് ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരൻ ക്ഷീര സൊസൈറ്റിയിൽ വന്ന് ചോദയെപ്പറ്റി അന്വേഷിച്ചു.
“ ചോദയമ്മായിയുണ്ടോ ?”
ശ്രീധരൻ പിള്ള ഞെട്ടിപ്പോയി. ആദ്യമായാണ് ഒരാൾ ചോദയെ അന്വേഷിച്ചു വരുന്നത്. അയാൾ തിരിച്ചു ചോദിച്ചു.
“ നീയാരാ ? “
“ഞാനേ, ചോദമ്മായിയുടെ ബന്ധുവാ. ഒരിക്കൽ എന്നെ ഇവിടെക്കൊണ്ട് വന്നാരുന്നു. ഒത്തിരി നാളായി”
“ ആ, ചോദ ചത്തിട്ട് മൂന്നാല് മാസമായി. നീയൊക്കെ എവിടെയായിരുന്നു ?.”
മറുപടി പറയുന്നതിനിടയിൽ വേറൊരു ബുദ്ധി അയാളുടെ മനസ്സിലുദിച്ചു. ചോദയെന്ന പ്രേതത്തെ തന്റെ തലയിൽ നിന്നും ഇറക്കി വെക്കാൻ പറ്റിയ ഒരു വിദ്യ. അയാൾ പറഞ്ഞു
“ ചോദയുടെ സമ്പാദ്യം മുഴുവനും പോലീസിന്റെ കയ്യിലാണ്. നീ വാ “
ശ്രീധരൻ പിള്ള ഉടനെ തന്നെ ചെറുപ്പക്കാരനെ ഏഡ് കുട്ടൻ പിള്ളയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് പറഞ്ഞു
“ഏമാനേ, ഇതാ ചോദയുടെ അടുത്ത ബന്ധു. ഇവനെല്ലാം അറിയാം “.
കുട്ടൻ പിള്ള തന്റെ കസേരയിൽ നിന്നും എഴുന്നേറ്റു. ആ രൂപവും, ഭാവവും പോലീസ് സ്റ്റേഷനിലെ അന്തരീക്ഷവും എല്ലാം കണ്ടപ്പോൾ അയാൾ പേടിച്ചു വിയർത്തു.
“ എന്താടാ നിന്റെ പേര് ?”
ഇടിവെട്ടുന്നപോലുള്ള ആ ചോദ്യം കേട്ട് അയാളുടെ മൂത്രം അല്പം പോയി. കാര്യം മനസ്സിലായ കുട്ടൻ പിള്ള അയാളോട് ഇരിക്കാൻ പറഞ്ഞു. അയാൾ ആ തറയിൽ കുത്തിയിരുന്നു. കുട്ടൻ പിള്ള പറഞ്ഞു
“നീ പറ ചോദയെ പറ്റി. എല്ലാം പറയണം. എന്തെങ്കിലും മറച്ചു വെച്ചാൽ, നായിന്റെ മോനേ, നിന്റെ എല്ല് ഞാനൂരും”.
അയാൾ സംസാരിക്കാൻ തുടങ്ങി. കുട്ടൻ പിള്ള ശ്രീധരൻ പിള്ളയോട് പോയ്ക്കോളാൻ ആംഗ്യം കാണിച്ചു. ശ്രീധരൻ പിള്ള സോസൈറ്റിയിലേക്ക് പോയി.
“ഞാൻ കോവി ( ഗോപി). വേടനാ. കൊട്ടാരക്കരേലെ നെല്ലിക്കുന്നത്താ കൂര. ചോദയമ്മായീടെ സ്വന്തക്കാരനാ”
കോവി പറഞ്ഞു തുടങ്ങി ചോദയുടെ കഥ.
കൊട്ടാരക്കരയ്ക്കടുത്ത് നെല്ലിക്കുന്ന് എന്ന ഗ്രാമത്തിൽ ആയിരുന്നു ചോദയുടെ ജനനം. ഒരു വേടൻ കുടുംബത്തിൽ. കുടുംബമെന്ന് പറഞ്ഞാൽ അച്ഛൻ കോരൻ, അമ്മ കാളി പിന്നെ ഒരേയൊരു മകൾ ചോദ.
ആ നാട്ടിലെ വളരെ പ്രശസ്തമായ ഒരു തറവാടായിരുന്നു കുന്നത്ത് വീട്. അവിടത്തെ പ്രഭാകരൻ നായർ പണവും പ്രശസ്തിയും പ്രതാപവും ഒക്കെയുള്ള ഒരു പ്രമാണിയായിരുന്നു. ഭാര്യ കല്യാണിയമ്മ, മക്കൾ രാജേശ്വരി, രാധിക എന്ന് രണ്ട് പെൺകുട്ടികൾ പിന്നെ ഏറ്റവും ഇളയമകൻ രാധാകൃഷ്ണൻ നായർ.
കുന്നത്ത് തറവാട്ടിലെ പറമ്പിലും, വീട്ടിലും, പുരയിടത്തിലും പണിയായിരുന്നു കോരനും കാളിയ്ക്കും ജോലി. പ്രതിഫലമായി എന്തെങ്കിലും ഒക്കെ കൊടുക്കുമായിരുന്നു പ്രഭാകരൻ നായർ.
ചോദയുടെ പേര് യശോദയെന്നായിരുന്നു. ഒരു വേടപ്പെണ്ണിനെ യശോദയെന്നു വിളിക്കാൻ ആർക്കും ഇഷ്ടമല്ലായിരുന്നു. വേടർക്കാണെങ്കിൽ അതിനുള്ള ധൈര്യവും ഇല്ലായിരുന്നു. അങ്ങനെ ആ കുട്ടിയുടെ പേര് ചുരുങ്ങി ചോദ എന്നായി. ചോദ നല്ല കറുപ്പായിരുന്നെങ്കിലും അംഗലാവണ്യമുള്ള കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാവർക്കും ചോദയെ ഇഷ്ടമായിരുന്നു.
കോരനും കാളിയും വീടിന്റെ അകത്തും പുറത്തും ജോലി ചെയ്യുന്ന സമയം ചോദ ആ പറമ്പിലും മുറ്റത്തും ഒക്കെ ഓടിനടന്നു കളിക്കും. രാധാകൃഷ്ണൻ ചോദയേക്കാൾ മൂന്നു വയസ്സിന് മൂത്തതായിരുന്നു. ഒരു വലിയ പുരയിടത്തിന്റെ മദ്ധ്യത്തിൽ ആയിരുന്നു കുന്നത്ത് വീട്. പരിസരത്തെങ്ങും സമപ്രായക്കാരായ കുട്ടികളുള്ള വീടില്ല. അതുകൊണ്ടുതന്നെ രാധാകൃഷ്ണന്റെ കൂടെക്കളിക്കിൻ മറ്റ് കുട്ടികൾ ആരുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് രാധാകൃഷ്ണൻ ചോദയോടൊപ്പം ഓടിനടന്നു കളിക്കുന്നതിൽ പ്രഭാകരൻ നായരും കല്യാണിയമ്മയും എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ അവർ രണ്ടുപേരും നല്ല കൂട്ടുകാരായി.
കാലം കടന്നുപോയി. ചോദയെ അന്നത്തെ നാട്ടുനടപ്പ് അനുസരിച്ച് സ്കൂളിലയച്ചു പഠിപ്പിച്ചില്ല. രാധാകൃഷ്ണൻ സ്കൂൾ വിട്ട് വരുന്നതും കാത്ത് ചോദയിരിക്കും കളിക്കാൻ. അങ്ങനെ കളിയും ചിരിയുമായി അവരുടെ ജീവിതം മുന്നോട്ടുപോയി. ഇതിനിടയിൽ എപ്പോഴോ ഒരു പ്രണയം അവർക്കിടയിൽ ജനിച്ചുവളർന്നു. ഒരു ദിവസം പോലും പരസ്പരം കാണാതെ പറ്റില്ല എന്നൊരവസ്ഥയായി.
പത്താം ക്ലാസ് പരീക്ഷ ജയിച്ച രാധാകൃഷ്ണൻ നായർ കൊല്ലത്ത് എസ് എൻ കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്ന് പഠിത്തം തുടർന്നു. ഇതിനിടയിൽ ചോദ ഋതുമതിയായി. അതനുസരിച്ച് ശാരീരികമായ വളർച്ചയും സൗന്ദര്യവും വർദ്ധിച്ചു. ചോദ ഒരു കറുത്ത സുന്ദരിയായി. കോളേജ് കഴിഞ്ഞാൽ ഒരു നിമിഷം പോലും കളയാതെ രാധാകൃഷ്ണൻ തറവാട്ടിലേക്ക് ഓടിയെത്തുമായിരുന്നു. അവരുടെ പ്രണയം അഗാധമായി വളർന്നു. ജാതി, നിറം, സാമ്പത്തിക സ്ഥിതി അങ്ങനെയൊന്നും അവർക്കൊരു പ്രശ്നമായിരുന്നില്ല. എന്നാലും മറ്റുള്ളവരുടെ മുന്നിൽ അവർ സാധാരണയായി പെരുമാറി.
വർഷങ്ങൾ കടന്നുപോയി. ഒരുദിവസം അടുക്കളയുടെ പുറകുവശത്തെ വിറക് പുരയിൽ രാധാകൃഷ്ണനും ചോദയും ആലിംഗനബദ്ധരായി നില്ക്കുന്നത് കല്യാണിയമ്മ കണ്ടു. വിവരം പ്രഭാകരൻ നായരെ അറിയിച്ചു. രണ്ടുപേരും രാധാകൃഷ്ണനോട് ഒന്നും ചോദിച്ചില്ല. പകരം ഒരാളെക്കൊണ്ട് കോരനെ ഒരുപാട് തല്ലിച്ചു. എന്നിട്ട് ഇനി മേലാൽ ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ എല്ലാറ്റിനെയും കൊന്നു കളയും എന്ന ഭീഷണിയും കൊടുത്തു. തന്റെ മകളോട് എങ്ങനെ ഈ വിവരം ചോദിക്കും എന്നറിയാതെ കോരൻ വിഷമിച്ചു.
മാസങ്ങൾ വീണ്ടും കടന്നുപോയി. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉത്സവമെത്തി. ഒരുദിവസം രാത്രിയിൽ കഥകളി കാണാനായി പ്രഭാകരൻ നായരും കുടുംബവും ക്ഷേത്രത്തിൽ പോയി. പരിപാടി നടക്കുന്നതിനിടയിൽ രാധാകൃഷ്ണൻ നായരെ കാണാതായി. സംശയം തോന്നിയ പ്രഭാകരൻ നായർ ആരെയും അറിയിക്കാതെ വീട്ടിലേക്ക് തിരിച്ചു പോയി. പതിയെ രാധാകൃഷ്ണന്റെ മുറിയിൽ എത്തി നോക്കി. അരണ്ട വെളിച്ചത്തിൽ രാധാകൃഷ്ണനും ചോദയും പൂർണ്ണ നഗ്നരായി കട്ടിലിൽ കെട്ടി മറിയുന്ന രംഗം കണ്ട് അയാൾ ഞെട്ടി. ഒരു ശബ്ദവും ഉണ്ടാക്കാതെ ക്ഷേത്രത്തിലേക്ക് തിരിച്ചു പോയി. അവിടെയെത്തി തന്റെ ഭാര്യയെയും പെൺമക്കളെയും വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു. അവരോട് താൻ കണ്ട കാഴ്ചയെപ്പറ്റി ഒന്നും പറഞ്ഞില്ല.
ഏകദേശം രാത്രി മൂന്നു മണിയോടെ കോരന്റെ കുടിലിന് അഞ്ചാറ് ആളുകൾ ചേർന്ന് തീ കൊളുത്തി. കൂരയ്ക്ക് ചുറ്റും കുറെ വിറകും ഉണങ്ങിയ ഓലയും കൂട്ടിയിട്ടതിന് ശേഷമാണ് തീ കൊളുത്തിയത്. അതുകൊണ്ടുതന്നെ തീ പെട്ടെന്ന് ആളിക്കത്തി. നല്ല ഉറക്കത്തിൽ കിടന്ന കോരനും കുടുംബവും ഇതൊന്നും അറിഞ്ഞില്ല. തീ ആളിക്കത്തിയതോടെ കൂരയിൽ നിന്നും നിലവിളി കേട്ടു. ആരും അവരുടെ സഹായത്തിനെത്തിയില്ല.
നേരം വെളുത്തപ്പോൾ തീയണഞ്ഞു. കുടിൽ നിന്നിടത്ത് കോരന്റെയും കാളിയുടെയും കത്തിയെരിഞ്ഞ് ചാമ്പലായ ശരീരാവശിഷ്ടങ്ങൾ കണ്ടു. ചോദയുടെ പൊടിപോലും അവിടെയെങ്ങും കണ്ടില്ല. ചോദ എങ്ങനെയോ ഓടി രക്ഷപ്പെട്ടിരുന്നു.
പണക്കാരനായ പ്രഭാകരൻ നായർക്ക് കോരന്റെ കുടിലിൽ രാത്രി മണ്ണെണ്ണ വിളക്ക് ചരിഞ്ഞു വീണ് കൂരയ്ക്ക് തീപിടിച്ചതാണെന്നും ആ തീയിൽ മൂന്നു പേരും വെന്തു മരിച്ചു എന്നും സ്ഥാപിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. അതുകൊണ്ടുതന്നെ ചോദയെപ്പറ്റി ആരും അന്വേഷിച്ചതുമില്ല.
ചോദയുടെ കൂരയ്ക്ക് രാത്രിയിൽ തീ പിടിച്ചു എന്നും ആ തീയിൽ ചോദയും കുടുംബവും വെന്തുമരിച്ചു എന്നുമറിഞ്ഞ രാധാകൃഷ്ണൻ ബോധം കെട്ടുവീണു. ബോധം തെളിഞ്ഞപ്പോൾ അയാളുടെ സമനില തെറ്റിയിരുന്നു. പിന്നീടൊരിക്കലും രാധാകൃഷ്ണന്റെ സമനില തിരികെ കിട്ടിയില്ല. ഒരുപാട് ചികിത്സ നടത്തി. ഒരു പ്രയോജനവുമുണ്ടായില്ല . രാധാകൃഷ്ണൻ മൗനത്തിലേക്ക് നീങ്ങി. ഒരു വിഷാദരോഗിയായി മാറി.
പ്രഭാകരൻ നായർ തന്റെ പെൺമക്കളുടെ വിവാഹം കഴിപ്പിച്ചയച്ചു
കോരന്റെയും കുടുംബത്തിന്റെയും മരണത്തിനും സ്വന്തം മകന്റെ അവസ്ഥയ്ക്കും താനാണ് കാരണം എന്ന കുറ്റബോധം അയാളെ കാർന്നുതിന്നാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഹൃദയാഘാതം മൂലം അയാൾ മരിച്ചു.
കല്യാണിയമ്മ വളരെ ദുഃഖിതയായി മകന്റെ ശുശ്രൂഷയിലേർപ്പെട്ടു.
കത്തിക്കൊണ്ടിരുന്ന കുടിലിൽ നിന്നും രക്ഷപ്പെട്ട ചോദ ഒരു ലക്ഷ്യവുമില്ലാതെ ഓടി. ഉടുത്തിരുന്ന വസ്ത്രം കൂടാതെ കയ്യിൽ അവളുടെ പ്രീയപ്പെട്ട ഒരു സഞ്ചി ഉണ്ടായിരുന്നു. അതിൽ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൊച്ചു കൊച്ചു സാധനങ്ങൾ. അതിലൊന്നായിരുന്നു രാധാകൃഷ്ണൻ അടുത്ത കാലത്ത് നല്കിയ അയാളുടെ ഒരു ഫോട്ടോ. ആ സഞ്ചിയും മാറോട് ചേർത്ത് ലക്ഷ്യമില്ലാതെ അവൾ നടന്നു. ഒരു ഭ്രാന്തിയെപ്പോലെ, ഒരു ഭിക്ഷക്കാരിയെപ്പോലെ തെണ്ടി നടന്നു. ആരെങ്കിലുമൊക്കെ എന്തെങ്കിലും ആഹാരം കൊടുത്തു. പല ദിവസങ്ങളിലും ആഹാരം കിട്ടാതെ പട്ടിണി കിടന്നു. രാത്രിയിൽ പലരും അവളെ പീഡിപ്പിച്ചു. വളരെ കഷ്ടപ്പെട്ട് ചോദ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് അലഞ്ഞ് നടന്നു. പക്ഷേ ജീവനിൽ കൊതിയുള്ളതുകൊണ്ട് തിരികെപ്പോയില്ല.
രാത്രിയിൽ ആരും കാണാതെ കോരനേയും, കാളിയേയും രാധാകൃഷ്ണനേയും ഒക്കെ ഓർത്ത് വിങ്ങി വിങ്ങി കരയും. പക്ഷേ അവളുടെ കരച്ചിൽ ആരും കണ്ടില്ല. താൻ ആരാണെന്നും തന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചുവെന്നും മാത്രം ആരോടും ചോദ പറഞ്ഞില്ല.
ഇങ്ങനെ കാലം കുറെ കടന്നുപോയി. മാസങ്ങൾ, വർഷങ്ങൾ എത്ര കഴിഞ്ഞു എന്ന് ബോധം ചോദയ്ക്ക് നഷ്ടപ്പെട്ടു. അങ്ങനെ പല നാടുകളിൽ കറങ്ങി ഒരുദിവസം ചോദ അഞ്ചാലുംമൂട്ടിൽ എത്തി. ക്ഷീര വ്യവസായ സൊസൈറ്റിയുടെ പടിയിൽ കിടന്നുറങ്ങിയിരുന്ന ചോദയെ അതിരാവിലെ സൊസൈറ്റിയിൽ എത്തിയ ശ്രീധരൻ പിള്ള വിളിച്ചുണർത്തി. തന്റെ മുന്നിൽ ഒരു നല്ല മനുഷ്യനാണ് നില്ക്കുന്നതെന്ന് ചോദയ്ക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ അവളൊരു അനാധയാണെന്നും ഒരു ജീവിതമാർഗ്ഗത്തിനായി അലയുകയാണെന്നും പറഞ്ഞു.
സൊസൈറ്റിയും പരിസരവും അടിച്ചുവാരാനും അവിടത്തെ പാത്രങ്ങൾ കഴുകി വൃത്തിയാക്കാനും ആരെയെങ്കിലും കിട്ടാനായി കാത്തിരിക്കുകയായിരുന്നു ശ്രീധരൻ പിള്ള. അവസരം മുതലെടുത്ത് അയാൾ ചോദയ്ക്ക് ഒരു ചെറിയ ശമ്പളത്തിൽ അവിടെ ജോലി കൊടുത്തു. കൂടാതെ രാത്രിയിൽ കിടന്നുറങ്ങാൻ പുറകുവശത്ത് ഒരു ചായിപ്പും. തന്റെ സഞ്ചിയുമായി ചോദ ചായിപ്പിൽ താമസം തുടങ്ങി.
മൂന്നു വർഷങ്ങൾക്കു മുൻപ് ഒരുദിവസം എനിക്ക് ഒരു സ്ഥലം വരെ പോകണം എന്നും പറഞ്ഞ് ചോദ കൊട്ടാരക്കരയിൽ പോയി. പഴയ കാലത്തെ ഓർമ്മകൾ ചെകഞ്ഞെടുത്ത് , വളരെ ബുദ്ധിമുട്ടി ഒരു ബന്ധുവിന്റെ വീട്ടിൽ എത്തി. അത് കോവിയുടെ വീടായിരുന്നു. താൻ മരിച്ചിട്ടില്ല എന്ന് വിവരം അവരെ അറിയിച്ചു. പക്ഷേ ഈ വിവരം മറ്റാരും അറിയരുതെന്ന് പ്രത്യേകിച്ച് പറഞ്ഞു. തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അവരോട് പറഞ്ഞു. ഒപ്പം രാധാകൃഷ്ണൻ നായരെപ്പറ്റിയും. അന്ന് ചോദ ഒരുപാട് കരഞ്ഞു. പക്ഷേ രാധാകൃഷ്ണൻ നായരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് ചോദയ്ക്ക് അറിയില്ലായിരുന്നു.
തിരികെപ്പോരുമ്പോൾ കോവിയെക്കൂടി അഞ്ചാലുംമൂടിലേക്ക് കൊണ്ടുവന്നു. എന്നിട്ട് താൻ ജോലി ചെയ്യുന്ന ഇടം കാണിച്ചു കൊടുത്തു. പക്ഷേ ആരെയും പരിചയപ്പെടുത്തിയില്ല.
കുറച്ചു ദിവസം മുൻപ്, രാധാകൃഷ്ണൻ നായരുടെ വിവരം ഒന്നറിയണം എന്ന് ഒരു ജിജ്ഞാസ തോന്നി കോവിയ്ക്ക്. അങ്ങനെ കുന്നത്ത് തറവാട്ടിന്റെ പരിസരത്ത് ചെന്നന്വേഷിച്ചു. അപ്പോഴാണറിഞ്ഞത്
രണ്ട് മാസം മുമ്പ് കല്യാണിയമ്മ വാർദ്ധക്യം മൂലം മരണപ്പെട്ടുവെന്നും അമ്മ മരിച്ചതിന്റെ നാലാം ദിവസം രാധാകൃഷ്ണൻ നായരും ഈ ലോകത്തോട് യാത്ര പറഞ്ഞുവെന്നും. തന്റെ പ്രിയപ്പെട്ട ചോദ ജീവിച്ചിരിപ്പുണ്ട് എന്ന വിവരം പോലുമറിയാതെ.
രാധാകൃഷ്ണൻ നായരുടെ മരണവിവരം അറിയിക്കാനാണ് കോവി ഇപ്പോൽ ചോദയെ അന്വേഷിച്ചു വന്നത്.
കാര്യങ്ങൾ കേട്ടിരുന്ന ഏഡ് കുട്ടൻ പിള്ളയുടെ കണ്ണുകൾ നിറഞ്ഞു. അയാൾ എഴുന്നേറ്റ് ഒരു പോലീസുകാരനെ പറഞ്ഞയച്ചു ചായ വരുത്തി കോവിയക്ക് കൊടുത്തു. എന്നിട്ട് അകത്തു സൂക്ഷിച്ചിരുന്ന ചോദയുടെ സഞ്ചി കൊണ്ടുവന്ന് കോവിയുടെ മുന്നിൽ വച്ചു.
സഞ്ചിയ്ക്കുള്ളിൽ നിന്നും കിട്ടിയ ഫോട്ടോ കണ്ട് കോവി വിളിച്ചുപറഞ്ഞു.
“ ഇതാണ് രാധാകൃഷ്ണൻ നായർ. ആ വീടിന്റെ വരാന്തയിൽ ഇതു പോലെ ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് തൂക്കിയിട്ടിരിക്കുന്നത് ഞാൻ കണ്ടതാ.”
മറ്റൊന്നും പറയാതെ ഏഡ് കുട്ടൻ പിള്ള കോവിയെ ചോദയുടെ സഞ്ചിയുമായി യാത്രയാക്കി…..
കേണൽ രമേശ് രാമകൃഷ്ണൻ
10 May 2021