പുനർജനി.
അഞ്ചാലുംമൂട് ജംഗ്ഷനിൽ ബസ്സ് വന്ന് നിന്നു. ഗോപാലപിള്ള ബസ്സിൽ നിന്ന് ഇറങ്ങി. തോളിൽ ഒരു എയർ ബാഗും കയ്യിൽ ഒരു കടലാസ് പൊതിയുമായി. പെട്ടെന്ന് ഒരു കാറ്റ് വന്നു മുഖത്തടിച്ചു. ആ നാട് ഒരു പുഞ്ചിരിയോടെ തന്നെ വരവേൽക്കുന്നതായി അയാൾക്ക് തോന്നി.
അന്ന് രാവിലെയാണ് ഗോപാലപിള്ള കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തു വന്നത്. ഇതിനിടയിൽ ഒരിക്കൽ പോലും ആ നാട്ടിൽ തിരിച്ച് വന്നില്ല. അതുകൊണ്ട് ആയിരിക്കും നാടാകെ മാറി എന്ന് അയാൾക്ക് തോന്നിയത്. താമസിയാതെ അയാൾ തന്റെ പുത്തൻ വീട് എന്ന തറവാടിനെ ലക്ഷ്യം വെച്ച് നടന്നു.
കരീമിന്റെ ചായക്കടയുടെ മുന്നിൽ എത്തിയപ്പോൾ ഒന്നു നിന്നു. ആ ചായക്കടയിൽ വെച്ചായിരുന്നല്ലോ പട്ടാപ്പകൽ എല്ലാവരെയും മുന്നിൽ വെച്ച് സതീശനെ കുത്തി കൊന്നത്. പതിനഞ്ച് കുത്ത്. അന്ന് ചായക്കട ഒരു ചോരക്കളമായി മാറിയിരുന്നു. സതീശൻ ചത്തു എന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഗോപാലപിള്ള ഓടിയില്ല. അവിടെ കിടന്ന ഒരു ബെഞ്ചിൽ ഇരുന്നു. ചോദിക്കാതെ തന്നെ കരീം ഒരു ചായ കൊണ്ടു വന്നു കൊടുത്തു. അത് കുടിച്ച് കഴിഞ്ഞപ്പോഴേക്കും ഏഡ്ഢ് കുട്ടൻ പിള്ള വിവരമറിഞ്ഞ് ഓടിയെത്തി കയ്യിൽ വിലങ്ങ് വെച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം ഇന്നാണ് ഗോപാലപിള്ള നാട്ടിൽ തിരിച്ച് എത്തുന്നത്.
ഗോപാലപിള്ള കടയിലേക്ക് ഒന്ന് നോക്കി. കരീം കൗണ്ടറിൽ ഇരിക്കുന്നു. അല്പം പ്രായം കൂടിയിട്ടുണ്ട്. കണ്ട് ഭാവം നടിച്ചില്ല. ചായ കുടിച്ച് കൊണ്ട് ഇരുന്നവരുടെ ഇടയിൽ നിന്നും രാമൻനായർ ഓടിവന്ന് കയ്യിൽ പിടിച്ചു. എന്നിട്ട് പിള്ളയോട് ചോദിച്ചു
“ അല്ല, ഇതാര് , പിള്ള ചേട്ടനോ? “
ഗോപാലപിള്ള എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് അടുത്ത് വന്ന് രഹസ്യം പറയുന്നത് പൊലെ ,തുടർന്നു.
“ജയിലിൽ സുഖമായിരുന്നോ ? ഇതെന്താ കയ്യിൽ ,തോക്കാണോ ? സാക്ഷി പറഞ്ഞവന്മാരെയൊക്കെ ഓരോന്നായി വെടി വെച്ച് കൊല്ലനായിരിക്കും !”
ഗോപാലപിള്ള തല കുലുക്കി. ആണെന്നും അല്ലെന്നും തീർത്തു പറയാൻ പറ്റാത്ത രീതിയിൽ. എന്നിട്ട് വീടിനെ ലക്ഷ്യം വെച്ച് നടന്നു.
രാമൻ നായർ ചായക്കടയിൽ തിരികെ ചെന്ന് വിളംബരം ചെയ്തു
“ സാക്ഷി പറഞ്ഞ ഓരോരുത്തരേയും വെടിവെച്ച് കൊല്ലാൻ തോക്കുമായിട്ടാണ് വന്നിരിക്കുന്നത് എന്ന് എന്നോട് പറഞ്ഞു. എല്ലാവരും സൂക്ഷിച്ചോ”.
കരീം പെട്ടെന്ന് എഴുന്നേറ്റ് കടയുടെ ഉള്ളിലേക്ക് പോയി.
ഗോപാലപിള്ള പതിയെ നടന്ന് വീട്ടിൽ എത്തി. വീടിന്റെ മുന്നിൽ ആരുമില്ലായിരുന്നു. അയാൾ വാതിലിൽ മുട്ടി. ഭാര്യ വിലാസിനിയാണ് കതക് തുറന്നത്. അവരുടെ രൂപം കണ്ട് അതിശയിച്ചു പോയി. സുന്ദരിയായിരുന്ന തന്റെ ഭാര്യ ഇന്നിതാ ക്ഷീണിച്ച്, നരച്ച് ഒരു കോലം കെട്ട രൂപത്തിൽ നിറകണ്ണുകളോടെ നില്ക്കുന്നു. മാതകസൗന്ദര്യം ആയിരുന്നല്ലോ വിലാസിനിയുടെ ശാപം. ആ സൗന്ദര്യം മുതലെടുക്കാൻ ആയിരുന്നല്ലോ ആ സതീശൻ അവിഹിതബന്ധം സ്ഥാപിച്ചതും ഗോപാലപിള്ള അത് കണ്ടുപിടിച്ചതും അവനെ കുത്തിക്കൊന്നതും.
മുന്നിൽ നിന്ന് കടന്ന് പോകൂ എന്ന അർത്ഥത്തിൽ ഗോപാലപിള്ള കൈ കൊണ്ട് ആംഗ്യം കാണിച്ചു. വിലാസിനി അകത്തേക്ക് പോയി. ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്ന് മേശപ്പുറത്ത് വച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ മുറിയിൽ കയറി കതകടച്ചു. ഗോപാലപിള്ള വെള്ളം കുടിച്ചു. പതിയെ ചാരുകസേരയിൽ കണ്ണടച്ച് അങ്ങനെ കിടന്നു. കഴിഞ്ഞ കാലത്തെ ജീവിതം അയാളുടെ മനസ്സിലൂടെ കടന്നു പോയി.
പുത്തൻ വീട് ആ നാട്ടിലെ ഒരു വലിയ തറവാട് ആയിരുന്നു. വളരെ അധികം പുരയിടങ്ങളും, വയലും, കൃഷി സ്ഥലങ്ങളും ഒക്കെയുള്ള ഒരു തറവാട്. ഗോപാലപിള്ള ഒരേയൊരു മകൻ. സമൃദ്ധിയുടെ അഹങ്കാരം കുട്ടിക്കാലത്തേ അയാൾക്ക് ഉണ്ടായിരുന്നു. ആരെയും അനുസരിക്കാത്ത സ്വഭാവം. ഒരുപാട് ദുശ്ശീലങ്ങളും ഉണ്ടായിരുന്നു. പക്ഷേ രണ്ടു കാര്യങ്ങൾ അയാൾക്ക് വെറുപ്പായിരുന്നു. ഒന്ന് കള്ളം പറയുന്നതും മറ്റൊന്ന് വ്യഭിചാരവും. കുടുതൽ വിദ്യാഭ്യാസം ഒന്നും നേടിയില്ല. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തന്നെ പഠിത്തം നിർത്തി, കൃഷിയും മറ്റ് കാര്യങ്ങളും നോക്കാൻ തുടങ്ങി. താമസിയാതെ എല്ലാ കാര്യങ്ങളും ഗോപാലപിള്ളയുടെ നിയന്ത്രണത്തിൽ ആയി.
ഇതിനിടെ അച്ഛനും അമ്മയും മരിച്ചു.
ഇരുപത്തി എട്ടാമത്തെ വയസ്സിൽ ഗോപാലപിള്ള വിവാഹം കഴിച്ചു. തിരുവനന്തപുരത്ത് നിന്നും ആയിരുന്നു വധു. അതീവ സുന്ദരി ആയിരുന്നു വിലാസിനി. നല്ല വിദ്യാഭ്യാസവും കുടുംബ മഹിമയും എല്ലാം തികഞ്ഞ ഒരു ബന്ധം. ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ ഗോപാലപിള്ള വളരെയധികം സംതൃപ്തനായിരുന്നു.
കാലം കടന്നു പോയി. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം വിലാസിനി ഒരു ആൺകുട്ടിയെ പ്രസവിച്ചു. കുഞ്ഞിന് മോഹനൻപിള്ള എന്ന പേരിട്ടു.
കൃഷിയും കച്ചവടവും ഒക്കെ വികസിച്ചതോടെ, ഒറ്റയ്ക്ക് കാര്യങ്ങൾ നോക്കി നടത്താൻ ഗോപാലപിള്ളയ്ക്ക് ബുദ്ധിമുട്ട് ആയി. അങ്ങനെയാണ് സതീശൻ എന്ന ചെറുപ്പക്കാരനെ ഒരു സഹായി ആയി വെച്ചത്. സതീശൻ വളരെ മിടുക്കൻ ആയിരുന്നു. വിശ്വസിക്കാൻ കൊള്ളാവുന്ന ചെറുപ്പക്കാരൻ. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും സതീശനെ ഇടപെടുത്തി, വീട്ടുകാര്യങ്ങളിൽ പോലും. പക്ഷെ ഒരു അവിഹിതബന്ധം വിലാസിനിയുടെയും സതീശന്റെയും ഇടയിൽ വളർന്നു വരുന്നത് ഗോപാലപിള്ള അറിഞ്ഞില്ല.
ഒരു ദിവസം ഏതോ ബിസിനസ് കാര്യത്തിനായി ഗോപാലപിള്ള തിരുവനന്തപുരത്തേക്ക് പോയി. വഴിയിൽ വെച്ച് വിവരം കിട്ടി, കാണാൻ പോകുന്ന ആൾ സ്ഥലത്ത് ഇല്ല എന്ന്. ഉടനെ തന്നെ ഗോപാലപിള്ള വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി, ഉമ്മറത്ത് ആരെയും കാണാത്തതിനാൽ കയ്യിൽ ഇരുന്ന താക്കോൽ ഉപയോഗിച്ച് വീട് തുറന്നു.
കിടപ്പറയിൽ കണ്ട് കാഴ്ച അയാൾക്ക് വിശ്വസിക്കാനായില്ല. അർധനഗ്നരായി വിലാസിനിയും സതീശനും കെട്ടിപ്പിടിച്ചു കിടക്കുന്നു.
ഗോപാലപിള്ള അലറി. സതീശൻ മുണ്ട് വാരി ഉടുത്തു കൊണ്ട് പുറത്തേക്ക് ഓടി. വിലാസിനി ഒരു ഷോക്കേറ്റ പോലെ കിടക്കയിൽ തന്നെ ഇരുന്നു. ഒന്നും മിണ്ടാതെ.
ഗോപാലപിള്ള മുറിയിൽ നിന്നും പുറത്തു വന്നു. എന്നിട്ട് പൂജാമുറിയിൽ കയറി കതകടച്ചു. കുറച്ചു നേരം തന്റെ അച്ഛൻ ദിവാകരൻ പിള്ളയുടെ പടത്തിൽ നോക്കിയിരുന്ന് കരഞ്ഞു. പെട്ടെന്ന് അച്ചൻ ഉപയോഗിക്കുന്ന ഒരു കഠാര ഉറയോട് കൂടി എടുത്തു മടിയിൽ തിരുകി. എന്തോ തീരുമാനിച്ചിട്ട് വേഗത്തിൽ പുറത്തേക്ക് പോയി.
ഗോപാലപിള്ള നേരേ പോയത് സതീശന്റെ വീട്ടിലേക്ക് ആയിരുന്നു. അയാളെ അവിടെ കണ്ടില്ല. കാണാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളിലും തിരഞ്ഞു. കണ്ടില്ല. അവസാനം ഒരു ചായ കുടിക്കാം എന്ന് തീരുമാനിച്ച് കരീമിന്റെ ചായക്കടയിൽ കയറി. മുന്നിൽ ഇതാ സതീശൻ. പിന്നെ നടന്നത് ശരിക്ക് ഓർമ്മയില്ല. കഠാര ഉറയിൽ നിന്നും ഊരിയെടുത്ത് ഒരുപാട് കുത്തി. ജീവൻ പോകുന്നത് വരെ കുത്തി. ഒരു ഭ്രാന്തനെപ്പോലെ.
ഒരലർച്ചയുടെ ശബ്ദം കേട്ട് ഗോപാലപിള്ള ഞെട്ടി കണ്ണ് തുറന്നു. അലർച്ച ഒരു ഞരങ്ങലായി മാറുകയായിരുന്നു. എന്തോ അപകടമാണെന്ന് മനസ്സിലായി.
“വിലാസിനീ…” എന്ന് വിളിച്ചു കൊണ്ട് അയാൾ കിടപ്പറയിലേക്ക് ഓടി. മുറി അകത്തു നിന്നും കുറ്റി ഇട്ടിരുന്നു. ഒരു നേരിയ ഞരങ്ങൽ കേൾക്കുന്നുണ്ടായിരുന്നു. എത്ര വിളിച്ചിട്ടും വാതിൽ തുറന്നില്ല. അവസാനം വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറി. വിലാസിനി ഫാനിൽ കെട്ടിയ ഒരു കയറിൽ തൂങ്ങി നിൽക്കുന്നു. കൈകളിൽ അല്പം ചലനം ബാക്കിയുണ്ട്.
ഗോപാലപിള്ള അടുക്കളയിലേക്ക് ഓടി. ഒരു കത്തി കൊണ്ട് വന്ന്, കയറ് മുറിച്ച് വിലാസിനിയെ താഴെ ഇറക്കി. മടിയിൽ കിടത്തി കഴുത്തിലെ കുരുക്ക് അഴിച്ചു. പെട്ടെന്ന് ഒരു ശ്വാസം വിലാസിനി എടുത്തു. കണ്ണുകൾ പതിയെ തുറന്നു. ഗോപാലപിള്ളയുടെ മുഖത്ത് നോക്കി. ഒരു ചെറിയ ശബ്ദം പുറത്തു വന്നു
“മാപ്പ്….”
ആ കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. എത്ര വിളിച്ചിട്ടും വിലാസിനി അനങ്ങിയില്ല.
“വിലാസിനീ…” എന്ന് അലറി വിളിച്ചു കൊണ്ട് ഗോപാലപിള്ള ആ ശരീരം തന്റെ നെഞ്ചോട് ചേർത്ത് വെച്ചു.
വൈകിട്ട് കോളേജിൽ നിന്നും തിരികെ എത്തിയ മകൻ മോഹനൻപിള്ള അമ്മയുടെ മൃതശരീരത്തെയും അച്ഛനെയും മാറി മാറി കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു.
ഗോപാലപിള്ളയുടെ ആഗ്രഹപ്രകാരം പോസ്റ്റ്മോർട്ടം നടത്തിയില്ല. ശവസംസ്കാരം കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ പിരിഞ്ഞു പോയി.
മാസങ്ങൾ കടന്നു പോയി. വിലാസിനിയുടെ ആത്മഹത്യ അച്ഛനെയും മകനെയും ഒരുപാട് ദുഃഖത്തിലാഴ്ത്തി. ക്രമേണ ഗോപാലപിള്ള തന്റെ കൃഷിയും മറ്റ് കാര്യങ്ങളും നോക്കാൻ തുടങ്ങി. അതുപോലെ മോഹനൻപിള്ളയും കോളേജിൽ പോകാൻ തുടങ്ങി.
ഗോപാലപിള്ള ജയിലിൽ ആയിരുന്ന സമയം ജീവിതമാർഗ്ഗത്തിനായി കുറെ അധികം പുരയിടങ്ങളും മറ്റും വിലാസിനി വിറ്റിരുന്നു. എന്നിട്ടും ജീവിക്കാനുള്ള സ്വത്തുക്കൾ ഇന്നും ബാക്കി ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു. ഇലക്ഷനിൽ മത്സരിക്കണം എന്ന ഒരു ആഗ്രഹം ഗോപാലപിള്ളയുടെ മനസ്സിൽ ഉദിച്ചു. താമസിയാതെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും സമീപിച്ചു. പക്ഷേ കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് വന്ന ഒരാൾക്ക് ടിക്കറ്റ് കൊടുക്കാൻ ആരും തയ്യാറായില്ല. അവസാനം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗോപാലപിള്ള തീരുമാനിച്ചു. അങ്ങനെ അഞ്ചാം വാർഡിൽ നിന്നും മത്സരിക്കാൻ പത്രിക സമർപ്പിച്ചു.
എല്ലാ പാർട്ടികളും അവരവരുടെ ഇലക്ഷൻ പ്രചാരണം തുടങ്ങി. ഗോപാലപിള്ളയ്ക്ക് വേണ്ടി പ്രചാരണം നടത്താൻ ആരും മുന്നോട്ടു വന്നില്ല.
ഗോപാലപിള്ള രാമൻ നായരെ വിളിച്ചു കാര്യം പറഞ്ഞു. രാമൻ നായർ പറഞ്ഞു
“ പിള്ളേച്ചൻ വിഷമിക്കേണ്ട. ഞാൻ ജയിപ്പിച്ചു തരാം”
പിറ്റേന്ന് മുതൽ രാമൻ നായർ കടകമ്പോളങ്ങിലും അഞ്ചാം വാർഡിലെ ഓരോ വീടുകളിലും കയറിയിറങ്ങി പറഞ്ഞു
“ കഠാരയും കൈത്തോക്കും ഒക്കെ ആയിട്ടാ പിള്ളേച്ചൻ വന്നിരിക്കുന്നത്. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാണേ. ഈ ഇലക്ഷനിൽ അയാൾ തോറ്റു പോയാൽ കുറഞ്ഞത് അഞ്ചെട്ടെണ്ണത്തിനെ എങ്കിലും തട്ടിയിട്ട് ജയിലിലേക്ക് തിരികെ പോകും.അത് ഉറപ്പാ. ഒരു വോട്ടിന് വേണ്ടി എന്തിനാ ചാവുന്നെ. ആരാണ് അങ്ങേർക്ക് വോട്ട് ചെയ്യാഞ്ഞത് എന്നൊക്കെ പിള്ളേച്ചൻ കണ്ടുപിടിക്കും. പിന്നെ നിങ്ങളുടെ ഇഷ്ടം”.
ഇലക്ഷൻ ദിവസം വന്നു. വോട്ടെണ്ണൽ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചു. ഗോപാലപിള്ള അഞ്ചാം വാർഡിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. രാമൻ നായർക്ക് പത്ത് സെന്റ് പുരയിടം ഇഷ്ടദാനമായി ലഭിച്ചു.
ഇലക്ഷൻ കഴിഞ്ഞ് പഞ്ചായത്ത് മീറ്റിംഗിൽ തനിക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിൽ വിരോധമില്ല എന്ന കാര്യം രാമൻ നായരിലൂടെ മറ്റ് മെമ്പറന്മാരെ തലേന്നേ അറിയിച്ചിരുന്നു. അങ്ങനെ സർവ്വ സമ്മതത്തോടെ ഗോപാലപിള്ള പഞ്ചായത്ത് പ്രസിഡന്റ് ആയി.
ഇലക്ഷൻ കഴിഞ്ഞ ആദ്യത്തെ മീറ്റിംഗിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റ് തന്റെ നയം വ്യക്തമാക്കി. പഞ്ചായത്ത് സെക്രട്ടറി കബീറിനെ മറ്റ് മെമ്പർമാരുടെ മുന്നിൽ നിർത്തിക്കൊണ്ട് പറഞ്ഞു.
“ ഈ പഞ്ചായത്തിൽ ഞാൻ അറിയാതെ ഒരു കാര്യവും നടക്കരുത്. ഒരു കൈക്കൂലിയോ അഴിമതിയോ ഈ പഞ്ചായത്തിൽ നടക്കരുത്. കരം പിടിക്കുന്ന കാശും സർക്കാരിന്റെ ഗ്രാന്റും വികസനത്തിന് മാത്രം ഉള്ളതാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. അങ്ങനെ തന്നെ സംഭവിക്കട്ടെ.”
ഒരു മെമ്പർ എന്തോ പറയാനായി മുന്നോട്ട് വന്നപ്പോൾ തടഞ്ഞു കൊണ്ട് ഗോപാലപിള്ള തുടർന്നു
“ ഞാൻ മദ്യപിക്കില്ല, പെണ്ണ് പിടിക്കില്ല. ജീവിക്കാനുള്ള പണം എന്റെ പക്കൽ ഉണ്ട്. അതുകൊണ്ട് എന്നെ പ്രലോഭിപ്പിക്കാൻ നോക്കരുത്. പിന്നെ പൂജപ്പുര സെൻട്രൽ ജയിലിൽ പോകാൻ എനിക്ക് ഒരു മടിയും ഇല്ല. മനസ്സിലായോ ?.”
എല്ലാവരും തല കുലുക്കി. ആരും ഒന്നും മിണ്ടിയില്ല.
പഞ്ചായത്തിന്റെ ഭരണം വളരെ ഭംഗിയായി നടന്നു. വികസനങ്ങളും. ഒരു അഴിമതിയും കൈക്കൂലിയും ഇല്ലാതെ തന്നെ.
മൂന്ന് വർഷങ്ങൾക്കകം മാതൃകാ പഞ്ചായത്തിനുള്ള അവാർഡ് അഞ്ചാലുംമൂട് പഞ്ചായത്തിന് ലഭിച്ചു.
അടുത്ത വർഷം പഞ്ചായത്ത് ആഭീസിനടുത്ത് പതിനാറ് മുറികളുള്ള ഒരു ഇരുനില കെട്ടിടം ഗോപാലപിള്ള സ്വന്തം ചെലവിൽ നിർമ്മിച്ചു. വൃദ്ധരും അഗതികളുമായ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി.
അഗതി മന്ദിരത്തിന് പേരിട്ടു
‘പുനർജനി’…..
കേണൽ രമേശ് രാമകൃഷ്ണൻ
09 Jan 2021.